പോത്തന്‍ ജോസഫിന്റെ ജീവിതം പഠിപ്പിക്കുന്നത്‌

എൻ.പി.രാജേന്ദ്രൻ

പോത്തന്‍ ജോസഫ്‌ എന്ന പേരിനോട്‌ ചേര്‍ന്ന്‌ ആര്‍ക്കുമോര്‍മ്മ വരുക”Over a cup of tea”- കപ്പ്‌ ചായപ്പുറത്ത്‌- എന്ന കോളമാണ്‌. പംക്തിയായി അത്‌ വായിച്ചിട്ടുള്ളവര്‍ ഇന്ന്‌ കേരളത്തില്‍ അധികം പേരുണ്ടാവില്ല. അതുകൊണ്ട്‌ കൂടിയായിരിക്കാം ചെങ്ങന്നൂരുകാരന്‍ പോത്തന്‍ ജോസഫ്‌ എന്ന കോളമിസ്റ്റായ പത്രാധിപര്‍ക്ക്‌ സ്വന്തം നാട്ടുകാര്‍ക്കിടയില്‍ വലിയ പേരും പ്രശസ്‌തിയുമൊന്നുമില്ല.

രാവിലെയൊരു കപ്പ്‌ ചായപ്പുറത്ത്‌ കോളം വായിക്കുന്നതില് ഒരപകടമുണ്ട്‌. കപ്പ്‌ ചായ ആഴ്‌ചയിലൊന്നു കുടിച്ചാല്‍ പോരാ. ദിവസും കാലത്തെഴുന്നേല്‍ക്കുമ്പോഴെങ്കിലും കുടിക്കണം. കോളവും ദിവസേന വേണമെന്നര്‍ത്ഥം. ദിവസവും കോളമെഴുതുന്ന കോളമിസ്റ്റ്‌ ഇന്ത്യയിലിന്നില്ല. ആഴ്‌ചയിലൊന്ന്‌ എഴുതുന്നത്‌ തന്നെ പ്രയാസം. പോത്തന്‍ ജോസഫ്‌ എല്ലാ ദിവസവും കോളമെഴുതി- ജനങ്ങള്‍ രാവിലത്തെ ചായയേക്കാളേറെ ആര്‍ത്തിയോടെ കോളംവായിച്ചു. രണ്ടും മൂന്നും വര്‍ഷമൊന്നുമല്ല. നാല്‌പതു വര്‍ഷം. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ രണ്ട്‌ ദശകങ്ങള്‍. സ്വതന്ത്ര ഭാരതത്തില്‍ രണ്ടു ദശകങ്ങള്‍. ഈ പംക്തി ഇടയ്‌ക്കിടെ വല്ലപ്പോഴും അപ്രത്യക്ഷമായെങ്കില്‍ അത്‌ അധികാരത്തിനുമുന്‍പില്‍ മുട്ടുമടക്കുന്നതിലും ഭേദം എഴുതാതിരിക്കുന്നതാണെന്ന്‌ രചയിതാവിന്‌ തോന്നിയത്‌ കൊണ്ടുമാത്രമായിരുന്നു- പോത്തന്‍ ജോസഫിന്റെ ജീവചരിത്രകൃതിയില്‍ ടി.ജെ.എസ്‌.ജോര്‍ജ്ജ്‌ എഴുതുന്നു.

എന്തുകൊണ്ടോ, എടത്തട്ട നാരായണനോളമോ സി.പി. രാമചന്ദ്രനോളമോ പോലും മലയാളിയുടെ മനസ്സില്‍ പോത്തന്‍ ജോസഫിന്‌ ഇടം ലഭിക്കാതെ പോയി. പോത്തന്‍ ജോസഫിന്റെ ജീവിതത്തില്‍ നമ്മെ അമ്പരപ്പിക്കുന്ന ഏറെ അപൂര്‍വതകളും അത്ഭുതങ്ങളും ഉണ്ട്‌. അവയില്‍ ചിലവ, നാല്‌പതു വര്‍ഷം ദിവസവും കോളമെഴുതിയെന്ന ്‌പോലുള്ള റിക്കാര്‍ഡുകള്‍ തന്നെയാണ്‌. നാല്‌പതുവര്‍ഷം പോത്തന്‍ ജോസഫിന്റെ പേരില്ലാതെതന്നെയാണ്‌ കോളം അടിച്ച്‌ വന്നത്‌. വായനക്കാര്‍ക്കാര്‍ക്കും പോത്തന്‍ ജോസഫ്‌ എഴുതിയതാണ്‌ താന്‍ വായിക്കുന്നതെന്നു അറിയാതിരുന്നിട്ടില്ല.

മുപ്പത്തിയഞ്ചു വര്‍ഷം പത്രാധിപരായിരുന്നു പോത്തന്‍ ജോസഫ്‌. ഇത്രയും കാലത്തിനിടയ്‌ക്ക്‌ 26 പത്രങ്ങളില്‍ പത്രാധിപരായിരുന്ന വേറെ ആരുണ്ട്‌ ഈലോകത്ത്‌ ? പത്രത്തില്‍ നിന്ന്‌ പത്രത്തിലേക്കുള്ള ചാട്ടം പോത്തന്‍ ജോസഫിന്റെ എന്തെങ്കിലും ചാപല്യം കൊണ്ടോ അതിസാഹസികതകൊണ്ടോ സംഭവിക്കുകയായിരുന്നില്ല. നട്ടെല്ലു വളയ്‌ക്കാനും ആദര്‍ശങ്ങളില്‍ അവസരത്തിനൊത്ത്‌ വിട്ടുവീഴിച ചെയ്യാനും സന്നദ്ധനായിരുന്നെങ്കില്‍ പോത്തന്‍ ജോസഫിന്‌ മരിക്കുവോളമൊരേ പത്രത്തിന്റെ പത്രാധിപരായിരിക്കാന്‍ കഴിയുമായിരുന്നു. അതല്ല സംഭവിച്ചത്‌. ഇന്ത്യയിലെ ഇന്നത്തെ ഏറ്റവും വലിയ ഇംഗ്ലീഷ്‌ പത്രങ്ങളായ ഹിന്ദുസ്ഥാന്‍ ടൈംസിലും ഇന്ത്യന്‍ എക്‌സ്‌പ്രസിലും ടൈംസ്‌ ഢഫ്‌ ഇന്ത്യയിലും ഡെക്കാന്‍ ഹെറാള്‍ഡിലും പോത്തന്‍ ജോസഫ്‌ പത്രാധിപരായിരുന്നിട്ടുണ്ട്‌. കൊച്ചു പത്രങ്ങായിരുന്ന ഇവയെ വലിയ ജനപ്രിയ പത്രങ്ങളാക്കി വളര്‍ത്തുകയായിരുന്നു പോത്തന്‍. താന്‍ പടുത്തുയര്‍ത്തിയ പത്രങ്ങളില്‍ നിന്നെല്ലാം പോത്തന്‍ ജോസഫ്‌ പുറത്തേയ്‌ക്കെറിയപ്പെട്ടു. സ്വഭാവദാര്‍ഢ്യവും ആത്മാഭിമാനവും തത്ത്വദീക്ഷയും ഉണ്ടായിരുന്നതാണ്‌ പോത്തന്‍ ജോസഫിന്റെ ദൗര്‍ബല്യം. ഏകനായി, നിസ്സംഗനായി അദ്ദേഹം പത്രങ്ങളുടെ പടികള്‍ ചവിട്ടിക്കയറുകയും ഇറങ്ങുകയും ചെയ്‌തുകൊണ്ടിരുന്നു.

23-ാം വയസ്സില്‍ ഹൈദരാബാദില്‍ വെസ്ലി ഹൈസ്‌കൂളിലെ അദ്ധ്യാപക ജോലി ഉപേക്ഷിച്ച്‌ അവിടെത്തന്നെയുള്ള ഹൈദരാബാദ്‌ ബുള്ളറ്റിന്‍ എന്ന കൊച്ചു പത്രത്തില്‍ ചേര്‍ന്നപ്പോള്‍ തന്നെ പോത്തന്‍ ജോസഫിന്റെയും ഭാര്യ അന്നയുടെയും മാതാപിതാക്കള്‍ ഞെട്ടിയിരുന്നു. മദ്ധ്യ തിരുവിതാംകൂറിലെ സുറിയാനി ക്രിസ്‌ത്യാനികള്‍ അക്കാലത്ത്‌ പത്രപ്രവര്‍ത്തനം എന്ന തൊഴിലിനെക്കുറിച്ച്‌ കേട്ടിട്ട്‌ പോലുമുണ്ടാകില്ല. 17 വയസ്സുള്ളപ്പോള്‍ 12 കാരി അന്നയെ കെട്ടിച്ച്‌ കൊടുത്തത്‌ ചെങ്ങന്നൂര്‍കാര്‍ അക്കാലം വരെ കണ്ടിട്ടില്ലാത്ത ആര്‍ഭാടത്തോടെയായിരുന്നു. രണ്ട്‌ വെള്ളക്കുതിരകള്‍ വലിക്കുകയും 35 കുതിരകള്‍ അകമ്പടി സേവിക്കുകയും ചെയ്‌ത വണ്ടിയിലാണ്‌ നവദമ്പതികള്‍ ചെങ്ങന്നൂരില്‍നിന്ന്‌ തിരുവല്ലയിലേക്ക്‌ സഞ്ചരിച്ചിരുന്നത്‌. പോത്തനെ എന്‍ജിനീയറാക്കാനാണ്‌ ഭാര്യടെ കുടുംബം ആഗ്രഹിച്ചത്‌. ഒന്നും നടക്കില്ലെന്നുവന്നപ്പോള്‍ ഒരു വക്കീലെങ്കിലുമാകാന്‍ അച്ഛന്‍ ആഗ്രഹിച്ചു. ആ പണിയും വലിച്ചെറിഞ്ഞ്‌ പോത്തന്‍ മടങ്ങിയപ്പോള്‍ ക്ഷുഭിതനായ അച്ഛന്‍ മകനെ വീട്ടില്‍ നിന്ന്‌ ഇറക്കിവിടുകയായിരുന്നു. നേരെ ബോംബെയ്‌ക്ക്‌ വണ്ടികയറി. ബോംബെ ക്രോണിക്കിളില്‍ 1919-ല്‍ തുടങ്ങിയ ഇതിഹാസം 1970-ല്‍ സി. രാജഗോപാലാചാരിയുടെ സ്വരാജ്യയിലാണ്‌ അവസാനിച്ചത്‌.

പത്രപ്രവര്‍ത്തകരും പത്രാധിപന്മാരും ഗ്ലാമര്‍താരങ്ങളായി പരിണമിച്ചുകഴിഞ്ഞ വിചിത്രമായ ഇന്നത്തെ ലോകത്ത്‌ പോത്തന്‍ ജോസഫിനെ പോലുള്ളവര്‍ തിരസ്‌കരിക്കപ്പെടുകയോ ചെയ്യുക സ്വാഭാവികമാണെന്ന്‌ ജീവചരിത്രകൃതിയുടെ ആമുഖ കുറിപ്പില്‍ എസ്‌. ജയചന്ദ്രന്‍നായര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്‌. ഇന്ത്യയിലെ ഏറ്റവും വലിയ അരഡസന്‍ പത്രങ്ങളുടെ പത്രാധിപരാകാന്‍ ക്ഷണിക്കപ്പെടുന്ന ഒരാളുടെ ഗ്ലാമര്‍ ഇന്ന്‌ നമുക്ക്‌ സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറത്താണ.്‌ വൈസ്രോയിമാരുള്‍പ്പെടെയുള്ള ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ മാത്രമല്ല, മഹാത്മാഗാന്ധിയും പണ്‌ഡിറ്റ്‌ നെഹറുവും മുഹമ്മദലി ജിന്നയും സരോജിനി നായിഡുവും സര്‍ദാര്‍ പണിക്കരും മദന്‍മോഹന്‍ മാളവ്യയുമെല്ലാം പോത്തന്‍ ജോസഫിന്റെ അടുത്ത പരിചയക്കാരായിരുന്നു. ഹരിജന്‍ നടത്തിപ്പിനെക്കുറിച്ച്‌ സംസാരിക്കാന്‍ പലവട്ടം മഹാത്മാഗാന്ധി പോത്തനെ വിളിച്ച്‌ വരുത്തിയിട്ടുണ്ട്‌. മഹാന്മാരുമായും രാജ്യം ഭരിക്കുന്നവരുമായും ഉള്ള ബന്ധം പോത്തന്‍ ജോസഫ്‌ അലങ്കാരമായി കൊണ്ടു നടന്നിട്ടില്ല. ഗാന്ധിജില്‍ നിന്നു കിട്ടുന്ന കത്തുകള്‍പോലും ഒന്നുരണ്ട്‌ ദിവസം പോക്കറ്റില്‍ കൊണ്ടുനടക്കും. പിന്നെ ചുരുട്ടിക്കൂട്ടിക്കളയും. ഏറ്റവും സാധാരണക്കാരനായി ജീവിക്കാനും അതേസമയം ഭാരതംകണ്ട ഏറ്റവും മഹാന്‍മാരായ നേതാക്കളെപ്പോലും തനിക്ക്‌ തുല്യരായി കാണാനുമുള്ള അസാധാരണമായ കഴിവ്‌ പോത്തന്‍ ജോസഫിനുണ്ടായിരുന്നു.

പോത്തന്‍ ജോസഫിനേക്കാള്‍ പ്രസിദ്ധി നേടിയ ചിലരെങ്കിലും അദ്ദേഹത്തിന്‌ ശിഷ്യന്മാരായിരുന്നു. കാര്‍ട്ടൂണിസ്റ്റ്‌ ശങ്കര്‍ അതിലൊരാളാണ്‌. ബോംബെയില്‍ ഒരു ഷിപ്പിങ്‌ കമ്പനിയില്‍ ജോലിക്കാരനായിരുന്നു ശങ്കരപ്പിള്ള. സുഹൃത്തുക്കളുടെ നര്‍മ്മം കലര്‍ന്ന സ്‌കെച്ചുകള്‍ അദ്ദേഹം വരയ്‌ക്കുമായിരുന്നു. അതില്‍ ചിലവ എങ്ങനെയോ ബോംബെ ക്രോണിക്കിളിന്റെ ഔഫീസിലെത്തി. പോത്തന്‍ ജോസഫിന്റെ കണ്ണില്‍പ്പെട്ടു. ഷിപ്പിങ്‌ കമ്പനിയിലെ ജോലി ഉപേക്ഷിച്ച്‌ തന്നോടൊപ്പം ചേരാന്‍-അപ്പോഴേക്കും പോത്തന്‍ `ഹിന്ദുസ്ഥാന്‍ ടൈംസി’ല്‍ എത്തിയിരുന്നു-വലിയ സമ്മര്‍ദ്ദവും നിര്‍ബന്ധവും വേണ്ടിവന്നു. ബോംബെയിലെവിടെയോ ആരാലുമറിയപ്പെടാതെ അവസാനിക്കുമായിരുന്ന ഈ ജീവിതത്തെ പോത്തന്‍ ജോസഫ്‌ എങ്ങനെ മാറ്റിമറിച്ചു എന്നതൊരു അത്ഭുതകഥയാണ്‌. പോത്തന്‍ ജോസഫ്‌ ഒരു കാര്‍ട്ടൂണിസ്‌റ്റ്‌ കൂടിയാണ്‌ എന്ന്‌ അധികംപേര്‍ക്കറിയില്ല. താന്‍ കണ്ടതില്‍ വെച്ചേറ്റവും മികച്ച കാര്‍ട്ടൂണിസ്റ്റ്‌ ആണ്‌ പോത്തന്‍ ജോസഫ്‌ എന്നുപറഞ്ഞത്‌ രാംനാഥ്‌ ഗോയങ്കയാണ്‌. ആ ജോസഫ്‌ ആണ്‌ മദ്ധ്യതിരുവിതാംകൂറുകാരന്‍ ശങ്കരപ്പിള്ളയെ ഇന്ത്യയിലെ കാര്‍ട്ടൂണിസ്റ്റുകളുടെ കുലഗുരുവായ കാര്‍ട്ടൂണിസ്റ്റ്‌ ശങ്കര്‍ ആയി മാറ്റിയെടുത്തത്‌.

മറ്റുള്ളവര്‍ക്ക്‌ വിശദീകരിക്കാനോ മനസ്സിലാക്കാന്‍പോലുമോ കഴിയാത്തതായിരുന്നു പോത്തന്‍ ജോസഫിന്റെ ചില നടപടികള്‍. മുഹമ്മദാലിജിന്നയുടെ `ഡോണ്‍’ പത്രത്തിന്റെ എഡിറ്ററായത്‌ അതിലൊന്നാണ്‌. ജിന്നയെക്കുറിച്ച്‌ അദ്ദേഹത്തിന്‌ വലിയ മതിപ്പായിരുന്നു. സഹപത്രപ്രവര്‍ത്തകരുടെ ശമ്പളവര്‍ദ്ധനയ്‌ക്കും മറ്റുംവേണ്ടി പത്രമുടമകളോട്‌ പൊരുതുന്ന പത്രാധിപരായിരുന്നു പോത്തന്‍. താന്‍ തുടര്‍ന്ന്‌ കോളമെഴുതില്ല എന്ന്‌ ഭീഷണിപ്പെടുത്തിപോലും പോത്തന്‍ ജോസഫ്‌ സഹപ്രവര്‍ത്തകര്‍ക്ക്‌ ശമ്പളം വാങ്ങിക്കൊടുത്തിട്ടുണ്ട്‌. പത്രപ്രവര്‍ത്തകരുടെ ആവശ്യങ്ങളോട്‌ ജിന്ന എക്കാലത്തും ന്യായമായി പ്രതികരിച്ചുപോന്നു. പത്രമുടമകളെ ഒരു വര്‍ഗമെന്ന നിലയ്‌ക്കുതന്നെ വെറുത്തുതുടങ്ങിയിരുന്നു പോത്തന്‍. തനിക്ക്‌ പൂര്‍ണ്ണസംതൃപ്‌തി നല്‍കിയ ഏകപത്രമുടമ ജിന്നയായിരുന്നു എന്ന്‌ പലവട്ടം അദ്ദേഹം എടുത്തുപറഞ്ഞിട്ടുണ്ട്‌. മുസ്ലീലീഗ്‌ പത്രത്തിന്റെ പത്രാധിപരായിരുന്ന പോത്തന്‌ പിന്നീടൊരിക്കല്‍ ഭാരതീയ ജനസംഘം തുടങ്ങാന്‍ പോകുന്ന പത്രത്തിന്റെ എഡിറ്ററാകാനും ക്ഷണം ലഭിച്ചിരുന്നുവെന്നത്‌ അദ്ദേഹത്തിന്റെ മഹത്വത്തിന്‌ മാറ്റുകൂട്ടുന്നു. ഇന്ത്യാഗവണ്‍മെന്റിന്റെ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഔഫീസറായതാണ്‌ പോത്തന്റെ അമ്പരിപ്പിക്കുന്ന മറ്റൊരു നടപടി. ലോര്‍ഡ്‌ വേവലായിരുന്നു അന്ന്‌ വൈസ്രോയി. ബ്യൂറോക്രസി പോത്തനെ വേഗം മടുപ്പിച്ചു. അതിന്റെ രീതികള്‍ അസഹനീയമായ ഒരു ഘട്ടത്തില്‍, വേവലിന്റെ രാഷ്‌ട്രീയ ഉപദേശകസ്ഥാനത്തിരുന്ന്‌ ബോസ്‌ ചമഞ്ഞ അല്‌പനായ ഒരു ഇംഗ്ലീഷുകാരന്റെ ചെകിട്ടത്ത്‌ ഔദ്യോഗിക സല്‍ക്കാരത്തിനിടയില്‍ നല്ല ഒരടി അടിച്ചുകൊണ്ടാണ്‌ പോത്തന്‍ സര്‍ക്കാരുദ്യോഗത്തോട്‌ വിടപറഞ്ഞത്‌.

പത്രം നടത്താന്‍ പത്രാധിപരൊന്നും വേണ്ടെന്നും പത്രം വെറും ഒരു വ്യവസായ ഉല്‌പന്നം മാത്രമാണെന്നും പത്രമുടമകള്‍ കരുതുന്ന ഇക്കാലത്ത്‌ പോത്തന്‍ ജോസഫിന്റെ ജീവിതം എന്തു പാഠമാണ്‌ നമ്മെ പഠിപ്പിക്കുന്നതെന്ന്‌ ഗ്രന്ഥകാരനായ ടി.ജെ.എസ്‌. ജോര്‍ജ്‌ ചോദിക്കുന്നുണ്ട്‌. ഒരു വീടുപോലും ഇല്ലാതെ, രാജഗോപാലാചാരിയുടെ `സ്വരാജ്യ’ അനുവദിച്ച 750 രൂപ പെന്‍ഷന്‍കൊണ്ടാണ്‌ അദ്ദേഹം അവസാനനാളുകള്‍ ദൈന്യതയിലും ഏകാന്തയിലും കഴിച്ചുകൂട്ടിയത്‌.

പരാജയമല്ലേ ആ ജീവിതം? ഗാന്ധിജിയുടെ ജീവിതമോ? സോക്രട്ടീസിന്റെ ജീവിതമോ? ലാഭചേതങ്ങള്‍കൊണ്ടോ സുഖസൗകര്യങ്ങള്‍കൊണ്ടോ നിര്‍ണ്ണയിക്കപ്പെടുന്നതാണോ ജീവിതത്തിന്റെ വിജയപരാജയങ്ങള്‍ ? പത്രപ്രവര്‍ത്തനത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ജീവിതമായിരുന്നു പോത്തന്‍ ജോസഫിന്റേത്‌. പത്രം ഉല്‌പന്നം മാത്രമാണെന്നത്‌ അവികസിത സമൂഹത്തില്‍ ജനിക്കുന്ന ആശയമാണ്‌. വളര്‍ച്ചയും പാകതയുമുള്ള വരുംകാലത്തിന്റെ മാതൃക പോത്തന്‍ ജോസഫിന്റെതുപോലുള്ള, മൂല്യങ്ങള്‍ വെട്ടിത്തിളങ്ങുന്ന ജീവിതമാണ്‌. ഈ പ്രചോദനമാണ്‌ പുതിയ തലമുറയ്‌ക്കുള്ള പാഠമെന്ന്‌ മൂല്യവത്തായ ഈ കൃതിയില്‍ ടി.ജെ.എസ്‌.ജോര്‍ജ്ജ്‌ ചുണ്ടിക്കാട്ടുന്നു.

(ഫിബ്രുവരി 2004)

One thought on “പോത്തന്‍ ജോസഫിന്റെ ജീവിതം പഠിപ്പിക്കുന്നത്‌

Leave a Reply

Your email address will not be published. Required fields are marked *

Go Top