മാധ്യമസ്ഥാപനങ്ങളെല്ലെങ്കിലും വാര്‍ത്തയുടെ ആഗോളവില്പനക്കാരാണ് ഗൂഗ്‌ളും ഫെയ്‌സ്ബുക്കും ഉള്‍പ്പെടുന്ന ടെക് ഭീമന്മാര്‍. അവര്‍ക്ക് ലേഖകരില്ല, ന്യൂസ്‌റൂമില്ല, എഡിറ്ററില്ല. പക്ഷേ, അവര്‍ വാര്‍ത്ത വില്‍ക്കുന്നു, പണമുണ്ടാക്കുന്നു. അച്ചടി മാധ്യമങ്ങളില്‍ നിന്നെടുക്കുന്ന വാര്‍ത്തയ്ക്ക് വില നല്‍കിക്കൂടേ എന്ന ചോദ്യത്തിന്, കൊടുക്കുന്ന പ്രശ്‌നമേയില്ല എന്ന ധിക്കാരം നിറഞ്ഞ മറുപടിയാണ് ഫെയ്‌സ്ബുക്കില്‍ നിന്ന് എപ്പോഴും ലഭിക്കാറുള്ളത്. ഇപ്പോള്‍ സ്വരം കടുത്തിട്ടേയൂള്ളൂ.
ഗൂഗ്ള്‍ ഫെയ്‌സ്ബുക്കിനോളം വാശി കാട്ടുന്നില്ല. ആഗോളതലത്തില്‍ ഒരേ നയം എന്ന നിലപാട് അവര്‍ക്കില്ല. ഏറ്റവും വലിയ സെര്‍ച്ച് സംവിധാനം കൂടിയാണ് ഗൂഗ്ള്‍ എന്നതിനാല്‍ കുറെക്കുടി കരുതല്‍ ആവശ്യമാണെന്ന തോന്നല്‍ അവര്‍ക്കുണ്ട്. തര്‍ക്കങ്ങള്‍ ഓരോരോ രാജ്യങ്ങളുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് അവര്‍ ചെയ്യുന്നത്.
വാര്‍ത്തകള്‍ ഉണ്ടാക്കുന്ന മാധ്യമസ്ഥാപനങ്ങളില്‍ നിന്ന് ടെക് കമ്പനികള്‍ അതു കട്ടെടുക്കുകയൊന്നുമല്ല ചെയ്യുന്നത്. മാധ്യമസ്ഥാപനങ്ങള്‍തന്നെയാണ് ഫെയ്‌സ്ബുക്കിലും ഗൂഗ്‌ളിനും വാര്‍ത്ത നല്‍കുന്നത്. വില കൊടുത്ത് പത്രം വാങ്ങാത്ത ജനവിഭാഗത്തിനും പത്രവും വാര്‍ത്തയും കിട്ടാന്‍ ഇത് സഹായിക്കുമെന്നതുകൊണ്ടാണ് എല്ലാവരും അങ്ങനെ ചെയ്യുന്നത്. ആ പത്രങ്ങളും വാര്‍ത്തയുമൊന്നും ടെക് കമ്പനികള്‍ ആര്‍ക്കും വില്‍ക്കുന്നില്ല. പക്ഷേ, വില്‍ക്കാതെതന്നെ അവര്‍ പണമുണ്ടാക്കുന്നുണ്ട്. വാര്‍ത്തകള്‍ക്കൊപ്പം ചേര്‍ക്കാന്‍ ഈ കമ്പനികള്‍ വന്‍തോതില്‍ പരസ്യം സംഘടിപ്പിക്കുന്നുണ്ട്. ഇതാണ് അവരുടെ അദൃശ്യനിധി ശേഖരം.
ഓസ്‌ട്രേലിയയില്‍ ഇതിനെക്കുറിച്ചുള്ള ഔദ്യോഗികമായ പഠനങ്ങള്‍ നടന്നിട്ടുണ്ട്. 2018-ല്‍ ഓസ്‌ട്രേലിയയിലെ വിപണി നിയന്ത്രണ സ്ഥാപനം (മാര്‍ക്കറ്റ് റഗൂലേറ്റര്‍) ആയ എ.സി.സി.സി ( Australian competition and consumer commission) നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് മാധ്യമങ്ങളില്‍ വരുന്ന ഡിജിറ്റല്‍ പരസ്യങ്ങളിലൂടെ ഉണ്ടാകുന്ന ഓരോ നൂറു ഡോളറിലെ 81 ഡോളറും ഗൂഗ്‌ളും ഫെയ്‌സ്ബുക്കും കൈവശപ്പെടുത്തുന്നു എന്നാണ്. ഇതിലൊരു പങ്ക് മാധ്യമസ്ഥാപനങ്ങള്‍ക്കും നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമം ഓസ്‌ട്രേലിയ നടപ്പാക്കാന്‍ ശ്രമിച്ചത് ഫെയ്‌സ്ബുക്കിനെ ചൊടിപ്പിച്ചു. കടുത്ത അഹന്തയോടെ അവര്‍ തിരിച്ചടിച്ചു. 2021 ഫെബ്രുവരി 18 മുതല്‍ ഓസ്‌ട്രേലിയയില്‍ ആര്‍ക്കും ഫെയ്‌സ്ബുക്കില്‍ വാര്‍ത്താസംബന്ധമായ യാതൊന്നും പോസ്റ്റ് ചെയ്യാന്‍ പറ്റില്ല എന്നു പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയന്‍ വാര്‍ത്തകള്‍ക്ക് സമ്പൂര്‍ണ നിരോധനം! പക്ഷേ, ഒരു ദിവസം കഴിഞ്ഞപ്പോള്‍ ഒന്ന്് തണുത്തു. തത്കാലം നിരോധനം നിര്‍ത്തി. പക്ഷേ, യുദ്ധം തുടരുന്നു.
ഇരുകൂട്ടര്‍ക്കും ഇതു നഷ്ടക്കച്ചവടമാണ്. പകുതിയോടടുത്ത് ഓസ്‌ട്രേലിയക്കാര്‍ വാര്‍ത്ത വായിക്കുന്നത് സാമൂഹിക മാധ്യമങ്ങളിലൂടെയാണ്. അത്രയും വായനക്കാരെ പത്രങ്ങള്‍ക്ക് നഷ്ടമാകും. വായനക്കാര്‍ എന്തെങ്കിലും പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തും, അല്ലെങ്കില്‍ മാധ്യമങ്ങളുടെ സൈറ്റുകളിലേക്ക് ക്രമേണ നേരിട്ടു പോയിത്തുടങ്ങിയേക്കാം- മാധ്യമങ്ങള്‍ പ്രതീക്ഷ വിട്ടിട്ടില്ല. ഫെയ്‌സ്ബുക്ക് വിട്ടുകൊടുക്കില്ല. രാഷ്ട്രങ്ങളേക്കാള്‍ വലിയ സ്ഥാപനമാണ് തങ്ങളുടേതെന്ന് അഭിമാനവും ധാര്‍ഷ്ട്യവും പുലര്‍ത്തുന്ന ടെക് ഭീമന്മാര്‍ രാഷ്ട്രങ്ങളുടെ പരമാധികാരത്തെത്തന്നെ ചോദ്യംചെയ്തുതുടങ്ങിയിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഓസ്‌ട്രേലിയന്‍ അനുഭവം ഇതിലേക്കു വിരല്‍ ചൂണ്ടുന്നു. ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും എല്ലാം നിലനില്‍പ്പിനെ ബാധിക്കുന്ന ഈ പോര് എവിടെ ചെന്നവസാനിക്കുമെന്ന് കണ്ടറിയുകയേ നിവൃത്തിയുള്ളൂ.
ആഗോള ടെക് ഭീമന്മാര്‍ ഒന്നടങ്കം യോജിച്ചുനില്‍ക്കുയല്ല ഈ പ്രശ്‌നത്തില്‍. ഗൂഗ്ള്‍ പോലും മുഴുവനായി ഫെയ്‌സ്ബുക്കിനൊപ്പമില്ല. അതിലേറെ കൗതുകകരമായത് മൈക്രോസോഫ്റ്റിന്റെ നിലപാടാണ്. ഓസ്‌ട്രേലിയന്‍ നിലപാടിനോട് തങ്ങള്‍ യോജിക്കുന്നു എന്നും ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളില്‍നിന്നു തങ്ങള്‍ക്കു കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് അവര്‍ക്ക് നല്‍കാന്‍ സന്നദ്ധമാണെന്നും അവര്‍ വ്യക്തമാക്കി. ഓസ്‌ട്രേലിയയില്‍ മാത്രമല്ല ബ്രിട്ടനിലും യു.എസ്സിലുമെല്ലാം ഇതേ നയംതന്നെ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. അതുപോലെ, ഓസ്‌ട്രേലിയ മാത്രമാണ് ഈ നിലപാട് സ്വീകരിക്കുക എന്നും പറയാനാവില്ല. കനഡ ഉടന്‍ ഈ ആവശ്യമായി രംഗത്തു വരും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. പണം ചോദിക്കുന്ന രാജ്യങ്ങളോടെല്ലാം കോപിച്ച് എല്ലാവരെയും ബഹിഷ്‌കരിച്ചാല്‍ ഫെയ്‌സ്ബുക്കിന്റെ കച്ചവടം പൂട്ടിപ്പോകും.
വീട്ടിലിരുന്ന് എഴുതാം, പക്ഷേ എന്തു നോക്കി പഠിക്കും?
പുതുതായി രംഗത്തെത്തുന്ന ഒരു പത്രപ്രവര്‍ത്തക/ന്‍ എവിടെ നിന്നാണ് പത്രപ്രവര്‍ത്തനം പഠിക്കുക? അധികം ചിന്തിക്കാതെ തന്നെ അനുഭവസ്ഥര്‍ക്കു പറയാനാവും- ന്യൂസ് റൂമില്‍നിന്ന്, റിപ്പോര്‍ട്ടിങ്ങ് ബ്യൂറോവില്‍നിന്ന്….
കോവിദ് കാലത്ത് പുതു തലമുറ പത്രപ്രവര്‍ത്തകര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നത് ഈ വിലപ്പെട്ട വിദ്യാഭ്യാസമാണ്. അടുത്തിരിക്കുന്ന മറ്റു റിപ്പോര്‍ട്ടര്‍മാര്‍ ഒരു സോഴ്‌സില്‍ നിന്നു വിവരം ശേഖരിക്കുന്നത് നിരന്തരം കേട്ടുതന്നെയാണ് പുതിയ തലമുറ ഓരോന്നിന്റെയും ശരിയും തെറ്റും പഠിക്കുന്നത്. എഡിറ്റിങ്ങും റിപ്പോര്‍ട്ടിങ്ങും പേജ് മെയ്ക്കിങ്ങുമെല്ലാം വീട്ടിലിരുന്നും സുഖമായി ചെയ്യാം എന്നു പറയുമ്പോള്‍ വിസ്മരിക്കപ്പെടുന്നത് ഈ സുപ്രധാനമാണ് മാധ്യമവിദ്യാഭ്യസത്തിന്റെ പ്രാധാന്യമാണ്.
കോവിഡ് നിന്നാലും ശരി പോയാലും ശരി എന്ന ലാഘവത്തോടെ ലോകത്തിന്റെ നാനാഭാഗത്തും നിരവധി മാധ്യമസ്ഥാപനങ്ങള്‍ തങ്ങളുടെ ന്യൂസ് റൂമുകളും ബ്യൂറോകളും എന്നന്നേക്കുമായി അടച്ചുപൂട്ടാന്‍ തീരുമാനിക്കുന്നതു കണ്ടാണ് മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ ഇതില്‍ ആശങ്ക പ്രകടിപ്പിക്കുന്നത്. പലേടത്തും മാധ്യമസ്ഥാപനങ്ങളുടെ ഭൂമിയും ഓഫീസ് സൗകര്യങ്ങളും മറ്റു മേഖലയിലെ വ്യവസായികള്‍ക്കും വ്യാപാരികള്‍ക്കും വിട്ടുകൊടുക്കുകയാണ്. അതാണ് കൂടുതല്‍ ലാഭകരം എന്നവര്‍ക്ക് ബോധ്യമായിരിക്കുന്നു. ഊഹക്കച്ചവടക്കാരും റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരും മാധ്യമം തുടങ്ങിയാല്‍ ഇങ്ങനെയാവും ഫലമെന്നു പലരും മുഖത്തുനോക്കിത്തന്നെ പറയുന്നുണ്ട്.
പുതിയവരുടെ മാത്രം പ്രശ്‌നമല്ല ഇതെന്ന് മുതിര്‍ന്നുവര്‍ക്കും പറയാനുണ്ട്. ന്യൂസ് റൂമിലും ബ്യൂറോകളിലും ആരാണ് ആരോടും ഒന്നും ചോദിക്കാതെ ജോലി ചെയ്യാറുള്ളത്? അസാധ്യം മാത്രമല്ല, അനുവദനീയം പോലുമല്ല ഈ നിശ്ശബ്ദ പത്രപ്രവര്‍ത്തനം. പലതും പറഞ്ഞും കേട്ടും പഠിച്ചാണ് ഒരാള്‍ നല്ല പത്രപ്രവര്‍ത്തകയാകുന്നത്. വല്ലപ്പോഴും നടക്കുന്ന സൂം/ ഗൂഗ്ള്‍ കൂട്ടായ്മകള്‍ ആശ്വാസകരം തന്നെ. പക്ഷേ, ഇതൊരു പരിഹാരമേ അല്ല എന്ന് ആരും സമ്മതിക്കും.
വാര്‍ത്തകള്‍ ശേഖരിക്കുന്നവര്‍ക്ക് അവരുടെ പഴയ സോഴ്‌സുകളെ ചെന്നു കാണുകയോ പുതിയ സോഴ്‌സുകളെ കണ്ടെത്തുകയോ പോലും പറ്റാത്ത അവസ്ഥയും സൃഷ്ടിക്കപ്പെടുന്നു.
എഡിറ്റര്‍ ആന്‍ഡ് പബ്ലിഷര്‍ പ്രസിദ്ധീകരണം ഈ വിഷയത്തെക്കുറിച്ച് സമഗ്രമായ പഠനം നടത്തിയിട്ടുണ്ട്. വായിക്കാം..-https://www.editorandpublisher.com/stories/with-the-loss-of-physical-newsrooms-how-are-young-journalists-faring,186584
ഫോട്ടോ ക്യാപ്ഷന്‍: ഏതാണ്ട് ശൂന്യമായ ഹാര്‍ട്‌ഫോഡ് കൗറന്റ് ന്യൂസ്‌റൂം. 2020 മാര്‍ച്ചിലേതാണ് ചിത്രം. ഇപ്പോഴും ഈ സ്ഥിതി മാറിയിട്ടില്ല.
മൂന്നില്‍ ഒന്നിലേറെ എഡിറ്റര്‍മാര്‍ വനിതകള്‍
ലണ്ടന്‍ പത്രങ്ങളുടെ ആസ്ഥാനമായ ഫ്‌ളീറ്റ് സ്ട്രീറ്റില്‍ ഇപ്പോള്‍ വനിതകളുടെ കാലമാണ്. മൂന്നിലൊന്ന് പത്രങ്ങളുടെ എഡിറ്റര്‍പദവി വഹിക്കുന്നത് വനിതകളാണ്. സ്വാഭാവികമായും ഇത് ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട ഒരു അപൂര്‍വതയായി.
ഗാര്‍ഡിയന്‍ പത്രമാണ് ഇക്കൂട്ടതില്‍ പ്രമുഖമായ ഒന്ന്. 2015 മുതല്‍ ഈ പത്രത്തിന് വനിത എഡിറ്ററായുണ്ട്- കാത് വിനര്‍. സ്‌കോട്‌ലണ്ട് ഒഴികെയുള്ള യു.കെയിലെ 22 ഓഡിറ്റഡ് പത്രങ്ങളില്‍ എട്ടു വനിത എഡിറ്റര്‍മാരാണ് ഇപ്പോഴുള്ളത്- 36 ശതമാനം വരുന്നു ഇത്. എന്നാല്‍ ചെറുകിട പത്രങ്ങളില്‍ വനിതാസാന്നിദ്ധ്യം ഇതിലും കൂടുതലാണ്. 42 ശതമാനം വരുമിത്.
പത്രങ്ങളിലെ സ്ത്രീസ്വാതന്ത്ര്യത്തിനും സാന്നിദ്ധ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സംഘടന തന്നെയുണ്ട് ബ്രിട്ടനില്‍-വിമന്‍ ഇന്‍ ജേണലിസം. പത്രങ്ങളുടെ ഉയര്‍ന്ന എഡിറ്റര്‍ പദവികള്‍ കൂടുതല്‍ വനിതകള്‍ ഉണ്ടാകണമെന്ന് കാല്‍നൂറ്റാണ്ടായി ആവശ്യപ്പെട്ടുവരികയാണ് ഈ സംഘടന.
ബഹുഭൂരിപക്ഷം വനിതകളും വെള്ളക്കാരാണെന്ന അസമത്വം നിലനില്‍ക്കുന്നു. കറുത്തവരും മറ്റു ജനവിഭാഗങ്ങളില്‍ പെട്ടവരും വരാനിരിക്കുന്നതേ ഉള്ളൂ.
വായനക്കാരുടെ കമന്റ്, എഡിറ്റര്‍ക്കു വന്‍പിഴ
അസ്വാഭാവികമായി ഒന്നുമില്ല. മാധ്യമങ്ങളിലെ ഉള്ളടക്കത്തിന് ഉത്തരവാദി എഡിറ്റര്‍ തന്നെയാണ്. പക്ഷേ, മലേഷ്യന്‍ വെബ് പത്രമായ മലയാസിയാകിനിക്ക് കിട്ടിയത് പോക്കറ്റ് കീറുന്ന ശിക്ഷയാണ്. ഒന്നര ലക്ഷം പൗണ്ട് പിഴ.
വെറുമൊരു വിമര്‍ശനമായിരുന്നില്ല. ജുഡീഷ്യറി അപമാനിക്കുംവിധമുള്ള പരിഹാസമാണ് അഞ്ച് വായനക്കാരുടെ കത്തായി പ്രസിദ്ധപ്പെടുത്തിയതെന്നു ജഡ്ജുമാര്‍ വിധിയില്‍ ചൂണ്ടിക്കാട്ടി. നീതിപീഠത്തിന്റെ ക്ഷോഭം പ്രകടമായിരുന്നു- പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടതിന്റെ ഇരട്ടിയാണ് പിഴ കല്പിച്ചത്.
(MEDIABITES column in Media Magazine March 2021)