ജനാധിപത്യരാജ്യങ്ങളെല്ലാം പൗരന്മാര്‍ക്ക് അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നുണ്ട്. ഇത്രയും കാലം ആ സ്വാതന്ത്ര്യം പൗരന്മാരും മാധ്യമങ്ങളുമെല്ലാം ഉപയോഗപ്പെടുത്തിയതുകൊണ്ട് ഒരു ദോഷവും ലോകത്ത് ആര്‍ക്കും ഉണ്ടായിട്ടില്ല. അപ്പോള്‍ സാമൂഹ്യമാധ്യമ സ്വാതന്ത്ര്യമോ? എന്തുകൊണ്ടാണ് അതിനെക്കുറിച്ച് പല പല മുറവിളികള്‍ ഉയരുന്നത്? അതു നിയന്ത്രിക്കുമെന്ന മുന്നറിയിപ്പ്്് ഉയര്‍ന്നുവരുന്നത്?
പൊതുവായ അഭിപ്രായസ്വാതന്ത്ര്യവും സാമൂഹ്യമാധ്യമത്തിലെ അഭിപ്രായസ്വാനന്ത്ര്യവും തമ്മിലുള്ള വലിയ അന്തരമുണ്ട്്. മുന്‍പ് അഭിപ്രായസ്വാതന്ത്ര്യം എല്ലാ മനുഷ്യര്‍ക്കും ഉണ്ട് എന്നാണ് തത്ത്വവും നിയമവും എങ്കിലും അത് ഉപയോഗപ്പെടുത്തിയിരുന്നത് ചെറിയ ശതമാനമാളുകള്‍ മാത്രമായിരുന്നു. മറ്റുള്ളവര്‍ക്ക് അഭിപ്രായം പറയാന്‍ ഒരു സംവിധാനവും കൈവശമുണ്ടായിരുന്നില്ല. മൈക്കിനു മുന്നില്‍ നിന്നു പ്രസംഗിക്കാനോ പത്രത്തില്‍ ലേഖനമെഴുതാനോ പുസ്തകം അച്ചടിച്ചിറക്കാനോ കഴിവുന്നവര്‍ കുറച്ചുപേര്‍ മാത്രം. മാധ്യമങ്ങളിലെ അഭിപ്രായപംക്തിയില്‍ ഒരു പാരഗ്രാഫ് എഴുതാന്‍ അവസരം ലഭിക്കുന്നതു പോലും അത്യപൂര്‍വം ആളുകള്‍ക്കാണ്.
ഇംഗ്‌ളണ്ടില്‍ പണ്ട് പത്രങ്ങളുടെ മേല്‍ സെന്‍സറിങ്ങ് അവസാനിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ പല പത്രങ്ങളും അതിനെതിരെ മുഖപ്രസംഗമെഴുതിയതായി മാധ്യമചരിത്രത്തില്‍ പറയുന്നുണ്ട്. ആര്‍ക്കും എന്തും എപ്പോഴും പറയാം എഴുതാനും അച്ചടിക്കാനും പ്രചരിപ്പിക്കാനും ്വാതന്ത്ര്യം നല്‍കിയാല്‍ രാജ്യത്തിന്റെ സ്ഥിതി അപകടകരമാകുമെന്ന് പലരും കാര്യമായിത്തന്നെ ഭയപ്പെട്ടിരുന്നു. പക്ഷേ, കാര്യമായൊന്നും സംഭവിച്ചില്ല എന്നു മാത്രമല്ല അത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ചെയ്തു. അഭിപ്രായസ്വാതന്ത്ര്യം അതിന്റെ ഏറ്റവും വിശാലമായ അര്‍ത്ഥത്തില്‍ ജനങ്ങളിലെത്തുകയായിരുന്നു.
സര്‍വസ്വാതന്ത്ര്യം നല്‍കുന്ന സാമൂഹ്യമാധ്യമം
കൂടുതല്‍ ആളുകള്‍ക്ക്, കൃത്യമായി പറഞ്ഞാല്‍, എഴുത്തറിയുന്ന ആര്‍ക്കും അഭിപ്രായമെഴുതാന്‍ അവസരവും മാധ്യമവും നല്‍കുകയാണ് സാമൂഹ്യമാധ്യമം. (എഴുതാന്‍ അറിയാത്തവര്‍ക്ക് യുട്യൂബില്‍ പ്രസംഗിക്കാം!) ആര്‍ക്കും വാര്‍ത്തയെഴുതാം, അഭിപ്രായമെഴുതാം, ലേഖനമെഴുതാം, ആത്മകഥയെഴുതാം, കവിതയെഴുതാം, നോവലെഴുതാം…..തെറിയെഴുതാം, അന്ധവിശ്വാസമാണ് മഹത്തരം എന്നു വാദിക്കാം, കോവിദ് 19 എന്നൊരു രോഗമില്ല എന്നു സ്ഥാപിക്കാം..അഭിപ്രായപ്രകടന സ്വാതന്ത്ര്യം ഇതിലേറെ ഉയരത്തിലെത്തിയ കാലമുണ്ടായിട്ടില്ല എന്നതാണ് സത്യം. സമൂഹ്യമാധ്യമം കൊണ്ട് ഇങ്ങനെ ഒരുപാട് പ്രയോജനമുണ്ട്. പക്ഷേ, കാലം മുന്നോട്ട് പോകുന്തോറും പ്രയോജനമാണോ ദോഷങ്ങളാണോ കുടുതല്‍ എന്നതാണ് ചര്‍ച്ചയാകുന്നത്. സമൂഹത്തിന് വമ്പന്‍ വിപത്തുകള്‍ ഉണ്ടാക്കാനും ഈ മാധ്യമത്തിനു കഴിയുമെന്ന തിരിച്ചറിവ് ഇപ്പോഴുണ്ട്്. ഈ നിഗമനങ്ങളിലേക്ക്് നയിക്കുന്ന വ്യത്യസ്ത പഠന റിപ്പോര്‍ട്ടുകള്‍ ഇറങ്ങിക്കഴിഞ്ഞു. ആളുകള്‍ സ്വാതന്ത്ര്യം ഉപയോഗിക്കുന്നു എന്നതല്ല പ്രശ്‌നം. ആള്‍ക്കൂട്ടങ്ങള്‍ അതു ദുരുപയോഗം ചെയ്യുന്നു എന്നതാണ്. ഇതെങ്ങനെ പരിഹരിക്കാം എന്ന ചോദ്യത്തിനു ഉത്തരം കണ്ടെത്താനായിട്ടില്ല.
പുതിയ നിയമം ഉണ്ടാക്കുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാറിന്റെ മുന്നറിയിപ്പ് വന്നു കഴിഞ്ഞു. സാമൂഹ്യമാധ്യമവിപത്ത് ഉണ്ടാക്കുന്നതിലേറെ ഭയപ്പാടാണ് ഈ നിയമനിര്‍മാണം എന്ന ഭീഷണി ഉയര്‍ത്തുന്നത്. മുന്‍കാലത്ത് സദുദ്ദേശ്യത്തോടെ നിര്‍മിച്ചതെന്നു കരുതപ്പെട്ട നിയമനിര്‍മ്മാണങ്ങള്‍ പലതും ജനാധിപത്യവിരുദ്ധ ഭരണഘടനാലംഘനങ്ങള്‍ ആയിരുന്നുവെന്ന് വൈകാതെ തെളിഞ്ഞു. യു.പി.എ ഭരണകാലത്ത് പാസ്സാക്കിയ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെ 66 എ വകുപ്പ് ഇത്തരം ദുരുപയോഗങ്ങളില്‍ അവസാനത്തേതല്ല. അതുയര്‍ത്തിയ വിവാദങ്ങളും ഒടുവിലുണ്ടായ സുപ്രിം കോടതി വിധിയും ഇപ്പോള്‍ കൂടുതല്‍ പ്രസക്തമായി വരുന്നു. സാമൂഹ്യമാധ്യമത്തിന്റെ വന്‍തോതിലുള്ള ദുരുപയോഗം തടയുക എന്ന സദുദ്ദേശ്യമേ ആ നിയമത്തിന് ഉണ്ടായിരുന്നുള്ളൂ. പക്ഷേ, അതിനേക്കാള്‍ അപകടകരമായി ആ നിയമത്തിന്റെ ദുരപയോഗം.
ഐ.ടി നിയമവ്യവസ്ഥകള്‍ ചര്‍ച്ച ചെയ്യുന്ന പാര്‍ലമെന്ററി കമ്മിറ്റിയോഗത്തിലാണ് അന്ന് ആ നിയമം ജനിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ച് ആരെങ്കിലും പരാതിപ്പെട്ടാല്‍ പ്രതിയെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യാം എന്ന് നിയമത്തില്‍ എഴുതിച്ചേര്‍ക്കപ്പെട്ടു. കൊലപാതകം, രാഷ്ട്രത്തിനെതിരായി യുദ്ധം നടത്തല്‍, ബലാത്സംഗം തുടങ്ങിയ ഗുരുതരകുറ്റങ്ങള്‍ക്കൊപ്പം ഐ.ടി കുറ്റം കൂടി ഉള്‍പ്പെടുത്തിയപ്പോള്‍ ആദ്യമൊന്നും അധികം പേര്‍ക്ക് ഇതിന്റെ ഗൗരവം ബോധ്യപ്പെട്ടിരുന്നില്ല. ബാല്‍ താക്കറെയുടെ മരണത്തില്‍ അനുശോചിക്കാന്‍ ഹര്‍ത്താല്‍ നടത്തുന്നതിന്റെ ഔചിത്യം ചോദ്യം ചെയ്യുന്ന ഒരു കുറിപ്പ് സാമൂഹ്യമാധ്യമത്തിലെഴുതിയ വനിതകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോഴേ പൗരന്റെ അഭിപ്രായസ്വാതന്ത്ര്യം എവിടെ എത്തി നില്‍ക്കുന്നു എന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടുള്ളൂ. എന്നിട്ടും സുപ്രിം കോടതി വേണ്ടിവന്നു ആ നിയമം റദ്ദാക്കാന്‍.
ഐ.ടി നിയമത്തില്‍ മാറ്റം വേണ്ടേ?
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമം നിലവില്‍ വന്നത് 2008-ലാണ്. കാര്യമായ ഭേദഗതികളൊന്നും ഉണ്ടായിട്ടില്ല. അഭിപ്രായസ്വാതന്ത്ര്യത്തിന് ഒട്ടും പരിക്കു ഏല്‍പ്പിക്കാതെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ട കാലമെത്തിയെന്ന് ഇപ്പോള്‍ മിക്കവര്‍ക്കും ബോധ്യമായിട്ടുണ്ട്. ഭരണഘടനയില്‍ അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ആര്‍ട്ടിക്ക്ള്‍ 19(2) ന്റെ പരിധി ലംഘിക്കാത്ത നിയമനിര്‍മാണം സാധ്യമാണോ എന്നതാണ് കാതലായ പ്രശ്‌നം
66 എ വകുപ്പിലേക്ക് ഒന്നു കൂടി തിരിച്ചുവരികയാണ്. ആ വകുപ്പ് റദ്ദാക്കിക്കൊണ്ട് സുപ്രിം കോടതി നല്‍കിയ നിര്‍ദ്ദേശങ്ങളും അഭിപ്രായപ്രകടനങ്ങളും വിസ്മരിച്ചോ അവഗണിച്ചോ പുതിയ നിയമമുണ്ടാക്കാന്‍ എന്തെങ്കിലും ബോധമുള്ള ആരും മുതിരുമെന്നു തോന്നുന്നില്ല. സുപ്രിം കോടതി വിധിയില്‍ ഉയര്‍ത്തിപ്പിടിച്ച തത്ത്വങ്ങള്‍ എക്കാലത്തേക്കും പ്രസക്തമാണ്. ജസ്റ്റിസുമാര്‍ അതിന്റെ നാനാവശങ്ങളെ കുറിച്ച് ആഴത്തിലുള്ള പഠനം നടത്തിയതായി നിയമനിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോടതി അഭിപ്രായസ്വാതന്ത്ര്യത്തെ മൂന്നായി വിഭജിച്ച് വിലയിരുത്തി. ചര്‍ച്ച, പ്രചാരണം, പ്രേരണ അല്ലെങ്കില്‍ പ്രകോപനം( Discussion, Advocacy, Incitement) എന്നിങ്ങനെ മൂന്നു തരത്തിലാവും അഭിപ്രായപ്രകടനം. ഒരു വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ എന്ത് അഭിപ്രായവും ആര്‍ക്കും പറയാം എന്നാണ് ഭരണഘടന ഉദ്ദേശിച്ചിട്ടുള്ളത്. എത്ര അരുചികരമാണെങ്കിലും ഒരു കാര്യത്തിന് വേണ്ടി വാദിക്കുന്നത് ( Advocacy ) അനുവദനീയമായ സ്വാതന്ത്ര്യം തന്നെയാണ്. അത് പ്രകോപനമോ അക്രമത്തിനുള്ള പ്രേരണയോ ആകുമ്പോഴാണ് യുക്തിപൂര്‍വമായ നിയന്ത്രണത്തിനുള്ള (Reasonable restraint) ഭരണഘടനയിലെ 19(2) വകുപ്പ് പുറത്തെടുക്കേണ്ടതുള്ളൂ. നിയമമേ ഇല്ലാതിരിക്കുകയല്ല, ഭരണഘടനാപരമായ കരുതലോടെ നിയമമുണ്ടാക്കുകയാണ് ഭരണകൂടം ചെയ്യേണ്ടത്. സാമൂഹ്യമാധ്യമം സാമൂഹ്യവിരുദ്ധമാധ്യമമാകാതിരിക്കാനുള്ള നിയമനിര്‍മാണത്തിന്റെ വഴിയും ഇതുതന്നെയാണ്. കൊടിയ മതവൈരത്തിന്റെയും വിദ്വേഷത്തിന്റെയും വ്യാജവാര്‍ത്തകളുടെയും വര്‍ഗീയവിപത്തിന്റെയും സ്ത്രീവിരുദ്ധതയുടെയും എല്ലാം എല്ലാം പ്രജനന-വളര്‍ത്തുകേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു സാമൂഹ്യമാധ്യമം.
നിയമമില്ലായ്മയും ദോഷം
നിലവില്‍ അച്ചടി മാധ്യമങ്ങള്‍ തുടങ്ങുന്നതും നടത്തിക്കൊണ്ടുപോകുന്നതും കുറെ ചട്ടങ്ങള്‍ക്ക് വിധേയമായിക്കൊണ്ടുതന്നെയാണ് എന്നു മറക്കരുത്. ആര്‍ക്കും എപ്പോഴും പാഞ്ഞുചെന്ന് പത്രം തുടങ്ങാന്‍ പറ്റില്ല. നൂറ്റാണ്ടിലേറെ പഴക്കമുള്ള നിയമാവലിയുണ്ട്. പേര് രജിസ്‌ട്രേഷന്‍ തുടങ്ങിയ പല ചട്ടങ്ങള്‍ പാലിക്കണം. പ്രിന്ററും പബ്ലിഷറും ജില്ലാ മജിസ്‌ട്രേട്ട് മുമ്പാകെ ഒപ്പിടണം. എഡിറ്ററുടെ പേര് ഓരോ ലക്കത്തില്‍ പ്രസിദ്ധപ്പെടുത്തണം. ടെലിവിഷന്‍ രജിസ്റ്റ്രേഷന് ഇതിലേറെ സങ്കീര്‍ണമായ അനുമതിച്ചട്ടങ്ങളുണ്ട്. എഫ്.എം റേഡിയോ ആകട്ടെ ഏത് പട്ടണത്തില്‍ എത്രയെണ്ണം അനുവദിക്കണം എന്നു സര്‍ക്കാറാണ് തീരുമാനിക്കുന്നത്. വന്‍തുകക്ക് ലേലം വിളിച്ചാണ് ഇത് വില്‍ക്കുന്നത്. ഓണ്‍ലൈന്‍ മാധ്യമമാകട്ടെ, ആര്‍ക്കും എപ്പോഴും എവിടെയും തുടങ്ങാം. നടത്തിപ്പുകാരുടെ പേരു പോലും സര്‍ക്കാര്‍ അറിയണമെന്നില്ല. യൂടൂബ് കമ്പനിയില്‍ ചാനല്‍ എടുത്താല്‍ അവരുടെ ചിട്ട പാലിക്കണമെന്നേ ഉള്ളൂ. പ്രിന്ററും പബ്ലിഷറും ഒന്നും വേണ്ട. അഭിപ്രായസ്വാതന്ത്ര്യം ഏറ്റവും വിനാശകരമായി എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിന്റെ ഉദാഹരണങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലെ പല പോസ്റ്റുകളും. ഉത്തരവാദപ്പെട്ട പ്രസിദ്ധീകരണങ്ങള്‍ക്കു ബാധകമായ വ്യവസ്ഥകള്‍ സാമൂഹ്യ-ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ബാധകമാക്കുന്നത് സ്വാതന്ത്ര്യനിഷേധമാകുന്നില്ല.
രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഒരു കൊടിയ സ്ത്രീപീഡനവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകനെ രാജ്യദ്രോഹക്കുറ്റവും യു.എ.പി.എ കുറ്റവും ചുമത്തി ജയിലിടക്കുന്ന നാട്ടില്‍ ഒരു ഗവണ്മെന്റിനെയും വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്നത് ശരിയാണ്. അവര്‍ക്ക് എതിരാളികളെ നിലംപരിശാക്കാന്‍ നിയമവും വകുപ്പും ഒന്നും വേണ്ട. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ജാഗ്രത പുലര്‍ത്തുകയല്ലാതെ ഇതിനെ ചെറുക്കാന്‍ വേറെ എളുപ്പവഴികളിലില്ല.
(Published in MEDIA magazine Nov-Dec 2020)