മാധ്യമ തൊഴിലാളികള്‍ വറചട്ടിയില്‍നിന്ന് എരിതീയിലേക്ക്

എൻ.പി.രാജേന്ദ്രൻ

ഡെഡ്എന്‍ഡ്
എന്‍.പി രാജേന്ദ്രന്‍

മാധ്യമ തൊഴിലാളികള്‍ വറചട്ടിയില്‍നിന്ന് എരിതീയിലേക്ക്

മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാരുടെ അവശേഷിക്കുന്ന ആശ്രയമായ വേജ് ബോര്‍ഡും ഇല്ലാതാവുകയാണ്. അതാണ് തൊഴില്‍നയം എന്നു കേന്ദ്രതൊഴില്‍മന്ത്രി പറയാതെ പറഞ്ഞു കഴിഞ്ഞു. പുതിയ വേതനവ്യവസ്ഥ സംബന്ധിച്ച നിയമനിര്‍മാണം വരുന്നതോടെ വേജ് ബോര്‍ഡ് ഇല്ലാതാവും എന്ന് ബിസിനസ് സ്റ്റാന്‍ഡേഡ് ആഗസ്ത് 12നു പ്രസിദ്ധപ്പെടുത്തിയ വിശദമായ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ, ഇന്ത്യന്‍ മാധ്യമ ഉടമസ്ഥവര്‍ഗം പതിറ്റാണ്ടുകളായി കൊണ്ടുനടക്കുന്ന മോഹം യാഥാര്‍ത്ഥ്യമാവുകയാണ്.

1950-60 കാലത്ത് കൂട്ടായ വിലപേശല്‍ സംവിധാനങ്ങള്‍ വേണ്ടത്ര കാര്യക്ഷമമല്ലാതിരുന്ന കാലത്താണ് വേതനവിഷയം ചര്‍ച്ച ചെയ്യാന്‍ നിരവധി വ്യവസായങ്ങളില്‍ കേന്ദ്രം വേജ് ബോര്‍ഡുകള്‍ക്ക് രൂപം നല്‍കിയത്.  തൊഴിലാളി-തൊഴിലുടമ-തൊഴില്‍വകുപ്പ് പ്രതിനിധികള്‍ വിഷയം ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തുക, സമരങ്ങള്‍ പരമാവധി ഒഴിവാക്കുക എന്നതായിരുന്നു ഉദ്ദേശ്യം. ഇക്കൂട്ടത്തില്‍, ഒരു പ്രത്യേക നിയമത്തിലൂടെ വേജ്‌ബോര്‍ഡ് നിലവില്‍ വന്നത് പത്രവ്യവസായത്തില്‍ മാത്രമാണ്. ജനാധിപത്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പ്രാധാന്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് അന്നത്തെ ഭരണാധികാരില്‍ ഈ സമീപനം സ്വീകരിച്ചത്.

നിയമപ്രകാരമുള്ള വേജ്‌ബോര്‍ഡ് ആയതുകൊണ്ട് അതിന്റെ നിയമനം നീട്ടികൊണ്ടുപോകാനല്ലാതെ ഉപേക്ഷിക്കാന്‍ സര്‍ക്കാറുകള്‍ക്കു കഴിയുമായിരുന്നില്ല. തുടക്കംമുതലേ തൊഴിലുടമകള്‍ ഈ സംവിധാനത്തോടുള്ള അമര്‍ഷവും വെറുപ്പും പരസ്യമായി പ്രകടിപ്പിച്ചു പോന്നിട്ടുണ്ട്. വര്‍ക്കിങ് ജേണലിസ്റ്റ്‌സ് ആന്റ്് അതര്‍ ന്യൂസ്‌പേപ്പര്‍  എംപ്ലോയീസ് ആക്റ്റ് (Working Journalists and other Newspaper Employees] (Conditions of Service) and Miscellaneous Provisions Act, 1955) പ്രകാരമായതിനാല്‍ നിയമം ഭേദഗതി ചെയ്യാതെ വേജ് ബോര്‍ഡ് ഉപേക്ഷിക്കാന്‍ പറ്റുമായിരുന്നില്ല. അതുകൊണ്ടു നിയമം തന്നെ ഇല്ലാതാക്കാനായിരുന്നു അവരുടെ ശ്രമം. പത്രപ്രവര്‍ത്തകര്‍ക്ക് അക്കാലത്ത് നല്ല സംഘടിതശക്തി ഉണ്ടായിരുന്നു. പാര്‍ലമെന്റ് ബഹിഷ്‌കരണം ഉള്‍പ്പെടെയുള്ള ശക്തമായ സമരമാര്‍ഗങ്ങള്‍ അവര്‍ സ്വീകരിക്കുമെന്നതു കൊണ്ട് 2011 വരെ പത്ര ഉടമകളുടെ സമ്മര്‍ദ്ദം വിലപ്പോയിരുന്നില്ല.

നിയമയുദ്ധത്തിലൂടെയും രാഷ്ട്രീയ സമ്മര്‍ദ്ദത്തിലൂടെയും വേജ്‌ബോര്‍ഡ് പ്രവര്‍ത്തനം മുടക്കാന്‍ പത്രഉടമസ്ഥ സംഘടന ചെയ്യാവുന്നതെല്ലാം ചെയ്തുപോന്നു. പല തടസ്സങ്ങള്‍ വിലങ്ങനെ ഇട്ട് അവര്‍ ഓരോതവണയും നിയമനം നീട്ടിച്ചു. അഞ്ചു വര്‍ഷത്തില്‍ ഒരു  ശമ്പളപരിഷ്‌കരണം എന്നാണ് നിയമത്തിലുണ്ടായിരുന്ന വ്യവസ്ഥ. ഒരു ഭേദഗതിയിലൂടെ അത് ഇല്ലാതാക്കുന്നതില്‍ അവര്‍ നേരത്തെതന്നെ വിജയിച്ചിരുന്നു. സര്‍ക്കാറിന് ആവശ്യമെന്നു തോന്നുമ്പോഴെല്ലാം വേജ് ബോര്‍ഡ് നിയമിക്കാം എന്ന വളരെ ‘ഉദാരമായ’ ഭേദഗതി നടപ്പായതുകൊണ്ട് നിയമനം നീട്ടിക്കൊണ്ടുപോകാന്‍ സര്‍ക്കാറിന് ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല.  പക്ഷേ, നിയമനം തടയാനാവുമായിരുന്നില്ല. ഏറ്റവും ഒടുവില്‍ 2007-ല്‍ ആണ് ജസ്റ്റിസ് മാനിസാന സിങ്ങിന്റെ അദ്ധ്യക്ഷതയില്‍ അവസാനത്തെ വേജ്‌ബോര്‍ഡ് രൂപം കൊണ്ടത്.

് ഈ ബോര്‍ഡ് 2011-ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പല നിയമപ്രശ്‌നങ്ങള്‍ ഉന്നയിച്ച് തടഞ്ഞുവെക്കുന്നതില്‍ മാനേജ്‌മെന്റുകള്‍ കുറെക്കാലം വിജയിച്ചു. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഒരു ഹരജിയിലൂടെ, അതിന്മേല്‍ സ്‌റ്റേ ഒന്നും ഇല്ലാതിരുന്നിട്ടും, വേജ്‌ബോര്‍ഡ് നടപ്പാക്കുന്നതിന് നിയമതടസ്സം ഉണ്ട് എന്നു വരുത്തിത്തീര്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. എല്ലാ തടസ്സങ്ങളും തട്ടിമാറ്റി, വേജ്‌ബോര്‍ഡ് റിപ്പോര്‍ട്ട് അതേപടി നടപ്പാക്കണമെന്ന് സുപ്രിം കോടതി അന്തിമവിധി പറഞ്ഞത് 2014 ഫിബ്രുവരി ഏഴിനാണ്.

അന്നത്തെ ചീഫ് ജസ്റ്റിസ് പി.സദാശിവം പിന്നീട് കേരളത്തിന്റെ ഗവര്‍ണറായല്ലോ. കൊച്ചിയില്‍ തത്സമയം പത്രത്തിന്റെ യൂനിറ്റ് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ ആ വിധിയെക്കുറിച്ച് ചില ‘സ്വകാര്യ’ങ്ങള്‍ പറയുകയുണ്ടായി. പത്രമുടമസ്ഥസംഘം ഫയല്‍ ചെയ്ത കേസ്സില്‍ കുടുങ്ങി വേജ്‌ബോര്‍ഡ് അനിശ്ചിതമായി നീണ്ടു പോകുന്ന കാര്യം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍ പെടുത്തിയത് കേരളത്തില്‍നിന്നുള്ള ഒരു അഭിഭാഷകനായിരുന്നു എന്ന് അദ്ദേഹം അന്നു വെളിപ്പെടുത്തി. രാവിലെ ചീഫ് ജസ്റ്റിസ് മുമ്പാകെ ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കാന്‍ രാവിലെ കൊടുക്കുന്ന അവസരം ഉപയോഗപ്പെടുത്തിയാണ് അഭിഭാഷകന്‍ അതു പറഞ്ഞത്. താന്‍ കേസ് വിചാരണക്കെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയപ്പോള്‍, രാജ്യത്തെ അതിശക്തരായ മാധ്യമഉടമകളെ പിണക്കുന്ന നടപടി വേണമോ എന്നു ഓഫീസിലെ മുഖ്യ ഉദ്യോഗസ്ഥന്‍  തനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന് ജസ്റ്റിസ് സദാശിവം പ്രസംഗത്തില്‍ വെളിപ്പെടുത്തി.

കേസ് വിചാരണ നടന്നപ്പോള്‍, ഒന്നു തല കാണിക്കാന്‍ ലക്ഷങ്ങള്‍ വാങ്ങിക്കുന്ന അതിപ്രഗത്ഭരായ ഒരു ഡസനിലേറെ അഭിഭാഷകര്‍ അണിനിരന്നപ്പോള്‍ പത്രജീവനക്കാര്‍ക്കു വേണ്ടി വാദിക്കാന്‍ അവരുടെ സംഘടനാ നേതാക്കളായ ചില അഭിഭാഷകര്‍ മാത്രമാണ് എത്തിയത്. ദേശീയ തലത്തില്‍ തൊഴിലാളി സംഘടനാനേതൃത്വം വഹിക്കുന്ന അഡ്വ. തമ്പാന്‍ തോമസ് ആണ് കേരള പത്രപത്രപ്രവര്‍ത്തകയൂണിയനു വേണ്ടി കേസ് വാദിച്ചത്. വിചാരണ അനിശ്ചിതമായി വൈകുന്ന കാര്യം നേരത്തെ ചീഫ് .ജസ്റ്റിസിന്റെ ശ്രദ്ധയില്‍ പെടുത്തിയതും അദ്ദേഹമായിരുന്നു. ഉടമസ്ഥര്‍ ഉന്നയിച്ച ഒരു വാദം പോലും അംഗീകരിക്കാതെയാണ് ആ ബഞ്ച് കേസ്സില്‍ പത്രജീവനക്കാര്‍ക്ക് അനുകൂലമായി വിധി പറഞ്ഞത്.

അതു അവസാനത്തെ വേജ് ബോര്‍ഡ് ആകും എന്ന് അന്നുതന്നെ എല്ലാവര്‍ക്കും ബോധ്യമായിരുന്നു. വേജ് ബോര്‍ഡ് വിധി നടപ്പാക്കി എന്നു സാങ്കേതികമായി അവകാശപ്പെട്ട മാനേജ്‌മെന്റുകള്‍ മിക്ക ആനുകൂല്യങ്ങളും വെട്ടിക്കുറച്ചാണ് നടപ്പാക്കിയെന്നു വരുത്തിത്തീര്‍ത്തത്. ഇക്കാര്യത്തില്‍ കേരളത്തില്‍ ഏറ്റവും മോശം അനുഭവം ഉണ്ടായത് മാതൃഭൂമിയിലെ പത്രപ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കുമാണ്. മുമ്പെല്ലാം ഇന്ത്യയിലാദ്യമായി റിപ്പോര്‍ട്ട് നടപ്പാക്കുന്ന സ്ഥാപനം എന്നു അഭിമാനിക്കാറുള്ള സ്ഥാപനം ആ സന്മനസ് വലിച്ചെറിഞ്ഞ്, വേജ് ബോര്‍ഡ് റിപ്പോര്‍ട്ട് ഏറ്റവും മോശമായി നടപ്പാക്കിയ സ്ഥാപനം എന്ന ദുഷ്‌പേര് പിടിച്ചുപറ്റി. മുപ്പതിലേറെ വര്‍ഷങ്ങളായി എന്തെങ്കിലും ഡിമാന്‍ഡ് ഉന്നയിച്ച് ഒരു ദിവസംപോലും സമരം നടത്തിയിട്ടില്ലാത്ത മാതൃഭൂമി പത്രപ്രവര്‍ത്തകര്‍, കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന തീരുമാനത്തിന്റെ ഭാഗമായി കോഴിക്കോട്ട് നടത്തിയ സത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അനുഭവിക്കേണ്ടി വന്നതു കൊടിയ പ്രതികാര നടപടികളാണ്.

ഒരു ഡസനോളം പത്രപ്രവര്‍ത്തകരെ രാജ്യത്തിന്റെ നാനാഭാഗങ്ങളിലേക്ക് സ്ഥലംമാറ്റിയാണ് മാനേജ്‌മെന്റ് പക തീര്‍ത്തത്. പട്ടണത്തിനു പുറത്തുള്ള ഒരു പത്രലേഖകന്‍ പോലുമില്ലാത്ത ഇംഫാലിലേക്കു മാറ്റപ്പെട്ട മാതൃഭൂമി പത്രപ്രവര്‍ത്തകന്‍ ഒരേ സമയം പൊലീസിന്റെയും ഭീകരസംഘടനകളുടെയും നോട്ടപ്പുള്ളിയായി. രണ്ടു വര്‍ഷത്തിലേറെ അദ്ദേഹം അവിടെ ഒരുവിധം പിടിച്ചുനിന്നു. പട്‌നയിലേക്കും കൊഹിമയിലേക്കും ഗുവാഹാട്ടിയിലേക്കും അഹമ്മദാബാദിലേക്കും ബല്ലാരിയിലേക്കും കൊല്‍ക്കൊത്തയിലേക്കും മാറ്റപ്പെട്ടവരില്‍ പലരും രാജിവെച്ചു.  അവശേഷിക്കുന്നത് അഞ്ചു പേര്‍ മാത്രമാണ്. ജേണലിസ്റ്റ് യൂണിയന്‍ സിക്രട്ടറിയെ പിരിച്ചുവിട്ടു. പെന്‍ഷന്‍ ആനുകൂല്യം റദ്ദാക്കി. കാന്റീന്‍ സൗജന്യം ഉപേക്ഷിച്ചു. ഗ്ര്വാറ്റ്വിറ്റി, പ്രോവിഡന്റ് ഫണ്ട് തുടങ്ങി ജീവനക്കാരുടെ എല്ലാ ആനുകൂല്യങ്ങളിലും പിടിച്ചുപറി നടത്തി. തീര്‍ത്തും നിയമാനുസൃതമായ വേജ്‌ബോര്‍ഡ് ചട്ടം നടപ്പാക്കണമെന്നാവശ്യപ്പെടുക എന്ന ‘കുറ്റകൃത്യ’ത്തെ ഇത്രയും ക്രൂരമായി നേരിട്ട മറ്റൊരു പത്രമാനേജ്‌മെന്റിനെ ചൂണ്ടിക്കാട്ടാന്‍ കഴിയില്ല.

തീര്‍ച്ചയായും, ഒരുപാട് ആനുകൂല്യങ്ങള്‍ അനുഭവിച്ചവര്‍തന്നെയായിരുന്നു മാതൃഭൂമി, മനോരമ, മാധ്യമം, ദേശാഭിമാനി തുടങ്ങിയ പത്രങ്ങളിലെ ജീവനക്കാര്‍. മറ്റ് നിരവധി ഇടത്തരം, ചെറുകിട പത്രങ്ങളില്‍ വേജ്‌ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കുന്നതു കഷ്ടിച്ചാണ്. പലേടത്തും ശമ്പളം പോലും കൃത്യമായി എല്ലാ മാസവും നല്‍കാറില്ല. മറ്റ് ആനുകൂല്യങ്ങളുടെ കാര്യം പറയാനില്ല. മാസങ്ങളോളം ശമ്പളം കിട്ടിയില്ലെങ്കില്‍പോലും പുറത്തിറങ്ങി മുദ്രാവാക്യം വിളിക്കുകയെങ്കിലും ചെയ്യാനുള്ള സംഘടിതശക്തി മിക്കയിടത്തും ജീവനക്കാര്‍ക്കില്ല. പ്രസ് ക്ലബ്ബ് അംഗത്വത്തിലും ഭാരവാഹിത്വത്തിലും അതിന്റെ ആനുകൂല്യങ്ങളിലും ഒതുങ്ങും മിക്കയിടത്തേയും പത്രപ്രവര്‍ത്തകരുടെ സംഘടനാപ്രവര്‍ത്തനം. നോണ്‍-ജേണലിസ്റ്റ് ജീവനക്കാരുടെ സ്ഥിതി ഇതിലും പരിതാപകരമാണ്. വേജ് ബോര്‍ഡ് നിര്‍ദ്ദേശിച്ച ആനുകൂല്യങ്ങള്‍ മിക്കയിടത്തും നിഷേധിക്കപ്പെട്ടിട്ടും നോണ്‍ ജേണലിസ്റ്റ് ജീവനക്കാരുടെ സംഘടന ഒരു പരാതിയെങ്കിലും ലേബര്‍ കോടതിയില്‍ ഉന്നയിച്ചിട്ടില്ല. ലേബര്‍ സിക്രട്ടറി വിളിച്ചുകൂട്ടിയ യോഗത്തില്‍ ചിലപ്പോഴെല്ലാം ജേണലിസ്റ്റ് യൂണിയന്റെ പ്രതിനിധികള്‍ വേണം നോണ്‍ ജേണലിസ്റ്റ് വിഭാഗക്കാരുടെ പ്രശ്‌നം ഉന്നയിക്കാന്‍ എന്ന നിലപോലും ഉണ്ടായി.

വേജ് ബോര്‍ഡ് വ്യവസ്ഥ കരാര്‍ ജീവനക്കാര്‍ക്ക് ബാധകമല്ല എന്നതിനാല്‍, മാനേജ്‌മെന്ററുകള്‍ ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തിലേ നിയമിക്കുള്ളൂ. മറ്റു സംസ്ഥാനങ്ങളില്‍ കരാര്‍ നിയമനമേ നേരത്തെയും ഉള്ളൂ. കേരളത്തില്‍ ആദ്യമായി കരാര്‍ നിയമനം തുടങ്ങിവച്ച ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ ഇപ്പോള്‍ കരാര്‍ തൊഴിലാളികളേ ഉള്ളൂ. ആനുകൂല്യങ്ങളുടെ കാര്യത്തില്‍ ഒരു പിശുക്കും കാണിക്കാതിരുന്ന ദ് ഹിന്ദുവിലും ഇപ്പോള്‍ സ്ഥിതി ഇതുതന്നെ. വര്‍ക്കിങ് ജേണലിസ്റ്റ് നിയമം പോലും ബാധകമല്ല ടെലിവിഷന്‍ പ്രവര്‍ത്തകര്‍ക്ക്. ഷോപ്‌സ് ഏന്റ് എസ്റ്റാബ്‌ളിഷ്‌മെന്റ് ആക്റ്റ് അനുസരിച്ചാണ് ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്കും വര്‍ക്കിങ് ജേണലിസ്റ്റ് നിയമം ബാധകമാക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല എന്നു മാത്രമല്ല, ഇപ്പോള്‍ ആ നിയമം തന്നെ ഇല്ലാതാവുകയാണ്..

നിസ്സാരമാണ് ശിക്ഷ എങ്കിലും വേജ് ബോര്‍ഡ് ശുപാര്‍ശ നടപ്പാക്കാത്തത് ശിക്ഷാര്‍ഹമായ കുറ്റം തന്നെയാണ്. വേജ്‌ബോര്‍ഡ് പോലുമില്ലാത്ത അവസ്ഥയിലേക്ക് എത്തുമ്പോള്‍ വറചട്ടിയില്‍നിന്ന് എരിതീയിലേക്ക് എത്തുകയാണ് മാധ്യമപ്രവര്‍ത്തനരംഗം. മുന്‍കാല വേജ് ബോര്‍ഡുകള്‍ കോളേജ് അധ്യാപകര്‍ക്കു തുല്യമായ പദവിയാണ് ശമ്പളകാര്യത്തില്‍ ജേണലിസ്റ്റുകള്‍ക്ക് നല്‍കിയിരുന്നത്. അന്നു അധ്യപകജോലി ഉപേക്ഷിച്ച് ജേണലിസ്റ്റാകാന്‍ ആര്‍ക്കും ഒട്ടും മടിയുണ്ടായിരുന്നില്ല. ഇന്നാകട്ടെ, ഏറ്റവും ഉയര്‍ന്ന ക്ലാസ്സിലുള്ള പത്രസ്ഥാപനത്തിലെ, അഞ്ചോ പത്തോ വര്‍ഷത്തെ സര്‍വീസ് ഉള്ള ജേണലിസ്റ്റ് പോലും അതുപേക്ഷിച്ച്  സര്‍ക്കാര്‍ സര്‍വ്വീസില്‍ ക്ലാര്‍ക്ക്/അസിസ്റ്റന്റ് തസ്തിക സ്വീകരിക്കാന്‍ മടിക്കുന്നില്ല.

നാടൊട്ടുക്ക് പൊട്ടിമുളയ്ക്കുന്ന എണ്ണമറ്റ മാധ്യമപഠനസ്ഥാപനങ്ങളില്‍ നിന്ന് ഡിപ്ലോമയും വന്‍ പ്രതീക്ഷയുമായി പത്രങ്ങളിലും ചാനലുകളിലും എത്തുന്ന യുവതീയുവാക്കളില്‍ നല്ലൊരു പങ്കിന് മാസത്തില്‍ അയ്യായിരും- എണ്ണായിരം രൂപയാണ് വേതനമായി ലഭിക്കുന്നത്. ജോലിസ്ഥിരതയുമില്ല, ഒരു തരം സംഘടനാ ശക്തിയും അവര്‍ക്കില്ല. ഇപ്പോഴും നല്ല ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട് മിക്ക മാധ്യമസ്ഥാപനങ്ങളും. വന്‍തോതില്‍ റിയല്‍ എസ്‌റ്റേറ്റുകള്‍ വാങ്ങിക്കൂട്ടുകയും ഉടമസ്ഥ സന്തതികള്‍ക്ക് ലക്ഷങ്ങള്‍ ശമ്പളം നല്‍കുകയും ചെയ്യുന്നവര്‍തന്നെയാണ് വിദ്യാസമ്പന്നരായ ജേണലിസ്റ്റ് പുതുമുഖങ്ങള്‍ക്ക് പതിനായിരം രൂപ പോലും കൊടുക്കാന്‍ കൂട്ടാക്കാത്തത്. ഫോര്‍ത്ത് എസ്റ്റേറ്റിലുള്ള ജനവിശ്വാസ്യതയ്ക്കും ധാര്‍മികതയ്ക്കും അതിന്റെ തകര്‍ച്ചയ്ക്കും എല്ലാ ആഘാതമേല്‍പ്പിക്കുന്നുണ്ട് ഈ അവസ്ഥ. സമൂഹത്തെ വൈകാതെ ഇതിന്റെ ദൂഷ്യഫലങ്ങള്‍ ബാധിച്ചുതുടങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല.


(പാഠഭേദം 2019 ഡിസംബര്‍ ലക്കത്തില്‍ പ്രസിദ്ധപ്പെടുത്തിയത്.)

Leave a Reply

Your email address will not be published. Required fields are marked *

Go Top