സംസ്ഥാന കണക്കപ്പിള്ളപ്പോര്

എൻ.പി.രാജേന്ദ്രൻ

എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പിഴച്ച ധനനയം കാരണം കേരളം പാപ്പരായെന്ന അഭിപ്രായമാണ് യു.ഡി.എഫിനുള്ളത്. മൂന്നു വര്‍ഷം മുന്‍പു വരെ സ്ഥിതി തിരിച്ചായിരുന്നു. യു.ഡി.എഫ് സര്‍ക്കാറിന്റെ പിഴച്ച ധനനയം മൂലം കേരളം അമ്പേ പാപ്പരായെന്നായിരുന്നു അഭിപ്രായം. പക്ഷേ, അത് എല്‍.ഡി.എഫിന്റേതാണെന്നു മാത്രം. ഈ വകയില്‍ ജില്ല തോറും പ്രസ് കോണ്‍ഫറന്‍സ്, പ്രതിഷേധജാഥകള്‍, കരിദിനാചരണം, പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ സിക്രട്ടേറിയറ്റ് മാര്‍ച്ച് ആദിയായ പതിവ് പരിപാടികളെല്ലാം അന്ന് ഉണ്ടായിരുന്നു, ഇന്നും ഉണ്ട്.

ഇത്തവണത്തെ സാമ്പത്തികപ്രതിസന്ധി കുറച്ചേറെതന്നെ ഉണ്ട് എന്നു വ്യക്തം. പക്ഷേ, ഒരു ഗുണമുണ്ട്്. യു.ഡി.എഫിനും എല്‍.ഡി.എഫിനും ഒരു പോലെ എടുത്തുകാട്ടാനും മുഷ്ടിചുരുട്ടി കുത്താനും ഒരു പൊതുശത്രു ഉണ്ട്. അതു വളരെ ആശ്വാസകരമാണ്. കേന്ദ്രസര്‍ക്കാറാണു ആ പൊതുശത്രു. ശത്രുവിന്റെ ശത്രു മിത്രമെന്ന തത്ത്വം സ്വീകരിച്ച് ഇടതുവലതു കക്ഷികള്‍ യോജിച്ച് പാര്‍ലമെന്റ് മാര്‍ച്ച്തന്നെ നടത്തിക്കുടെന്നില്ല. എങ്കിലും, കീഴ്‌വഴക്കമനുസരിച്ച് സംസ്ഥാനസര്‍ക്കാറാണ് സംസ്ഥാന ധനപ്രതിസന്ധിക്ക് ഉത്തരം പറയേണ്ടത്. അതു പാലിച്ച് ധനകാര്യവിദഗ്ദ്ധന്മാര്‍ എന്ന് അവകാശപ്പെട്ട് പ്രതിപക്ഷത്തെ ഏതാനും കണക്കപ്പിള്ളമാരും ഭരണപക്ഷത്ത് പ്രഖ്യാപിത-അംഗീകൃത കണക്കപ്പിള്ളയായ ഡോ തോമസ് ഐസക്കും തമ്മില്‍ പതിവു മട്ടിലുള്ള വാക്‌പോരു നടന്നുകൊണ്ടിരിക്കുകയാണ്.

കുറെ ചില്ലറ ഏറുപടക്കങ്ങള്‍ക്കു ശേഷം പ്രതിപക്ഷം ശക്തിയുള്ള ഒരു ധവളപത്ര മിസ്സൈല്‍ തൊടുത്തുവിട്ടിട്ടുണ്ട്. പേരു കേമമെങ്കിലും സാധനത്തിനു പഴയ വീര്യമൊന്നുമില്ല. ധവളപത്രം എന്നു പറഞ്ഞാല്‍ വെള്ളക്കടലാസ് എന്നേ അര്‍ത്ഥമുള്ളൂ എങ്കിലും പണ്ട് ധവളപത്രമെന്നു കേട്ടാല്‍ ഞെട്ടുമായിരുന്നു എതിരാളികള്‍. വലിയ രാജ്യഭരണാധികാരികള്‍ വിദഗ്ദ്ധന്മാരെക്കൊണ്ട് എഴുതിക്കുന്ന, ആഗോള പ്രാധാന്യമുള്ള കിടിലന്‍ രേഖകള്‍ക്കാണ് ധവളപത്രം എന്നു വിളിച്ചിരുന്നത്. ഇപ്പോള്‍ ആരെങ്കിലും വെറും ന്യൂസ്പ്രിന്റില്‍ എഴുതി ഫോട്ടോസ്റ്റാറ്റ് എടുത്ത പ്രസ് ക്ലബ്ബിലെ പെട്ടികളില്‍ കൊണ്ടിടുന്ന കടലാസ്സിനും ധവളപത്രം എന്നാണ് പേര്. യു.ഡി.എഫ് ഈയിടെ പുറത്തിറക്കിയതും ഏതാണ്ട് ഈ ഗണത്തില്‍ പെട്ടതുതന്നെ എന്ന്്    അവര്‍ക്കുമറിയാം.
കെ.എം. മാണി ഇല്ലാത്ത യു.ഡി.എഫിന് ഈ വിഷയത്തില്‍ ചില്ലറ ദൗര്‍ബല്യമുണ്ട് എന്ന് എല്ലാവര്‍ക്കുമറിയാം. എത്ര വി.ഡി.സതീശന്മാര്‍ ചേര്‍ന്നാലാണ് ഒരു കെ.എം. മാണി ഉണ്ടാവുക എന്നു പറയാറായിട്ടില്ല. സമയമെടുക്കും. ഡോതോമസ് ഐസക് വലിയ ധനകാര്യവിദഗ്ദ്ധനൊക്കെതന്നെ. പക്ഷേ, ബജറ്റ് കുതന്ത്രങ്ങളില്‍  കെ.എം.മാണിയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോഴും അക്കാര്യത്തില്‍ മാണിസാറിന്റെ റെക്കോര്‍ഡ് ആരും തകര്‍ത്തിട്ടില്ല.

രണ്ടു ദശകം മുമ്പുവരെ സംസ്ഥാന-കേന്ദ്ര ബജറ്റുകള്‍ അവതരിപ്പിച്ചാല്‍ പിറ്റേന്നത്തെ പത്രങ്ങളിലെ മുഖ്യതലക്കെട്ട് ഇത്ര രൂപ കമ്മി എന്നാകാറുണ്ടായിരുന്നു. മിച്ചമായ ഒരു ബജറ്റ് ഇന്ത്യാചരിത്രത്തില്‍ ഉണ്ടെന്നു തോന്നുന്നില്ല. കമ്മി കുറെ കൂടുതലാണെങ്കില്‍ ചെറിയൊരു ഞെട്ടല്‍ വായനക്കാരനും ചെറിയൊരു ചമ്മല്‍ ധനമന്ത്രിക്കും ഉണ്ടാകാറുണ്ട്.  ക്രമേണ അതൊരു നിത്യാഭ്യാസമായി, ആനയേയും എടുക്കാം എന്നായി. എത്ര കമ്മി വന്നാലും റിസര്‍വ് ബാങ്ക് അത്രയും നോട്ട് അച്ചടിച്ചു കൊടുക്കുമെന്നതു കൊണ്ടോ എന്തോ ലോക്‌സഭയിലെ ചര്‍ച്ചയില്‍പ്പോലും കമ്മി ഒരു വിഷയമേ അല്ല.മിച്ചബജറ്റ് അവതരിപ്പിക്കുന്ന മന്ത്രി മണ്ടനാണ് എന്ന നില ഇപ്പോഴുണ്ട്. ബജറ്റ് കമ്മിയാക്കുന്നതും മിച്ചമാക്കുന്നതുമെല്ലാം കണക്കപ്പിള്ളമാരുടെ കരവിരുതല്ലാതെ മറ്റൊന്നുമല്ലെന്ന് ഇപ്പോള്‍ ധനവകുപ്പിലെ സെക്ക്യൂറിറ്റി ജീവനക്കാര്‍ക്കുപോലും അറിയാം.

കേരളം പാപ്പരായി, വരുമാനം കുറഞ്ഞു, കടം പ്രളയംപോലെ ഉയര്‍ന്നൊഴുകുന്നു, കേന്ദ്രം തരാനുള്ളതും തരുന്നില്ല എന്നും മറ്റുമുള്ള കാര്യത്തില്‍ ഇരുപക്ഷക്കാര്‍ തമ്മില്‍ ഭിന്നതയില്ല. ധനമന്ത്രിക്ക് ഒരു കാര്യത്തില്‍ പ്രകടമായ അഭിമാനമുണ്ട്. കണക്കു നോക്കിയാല്‍ കഞ്ഞികുടിക്കാന്‍ വകയില്ല എന്നറിയുമെങ്കിലും എല്ലാ ദിവസവും ബിരിയാണിക്ക് ഓര്‍ഡര്‍ കൊടുക്കുന്നുണ്ട്. മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാകുന്ന എന്ത് ഏര്‍പ്പാടിനും വേണ്ടി എത്ര കോടി പൊടിപൊടിക്കാനും ഒട്ടും മടിച്ചിട്ടില്ല സര്‍ക്കാര്‍. പ്രളയത്തില്‍ പെട്ടവര്‍ക്ക് വീടില്ലെങ്കിലെന്ത് മന്ത്രിസഭയുടെ നൂറു, ഇരുനൂറ്, അഞ്ഞൂറു, ആയിരം ദിനങ്ങളാകുന്ന അത്യത്ഭുത സംഭവങ്ങള്‍ ആഘോഷിക്കാന്‍ കോടികള്‍ പൊടിപൊടിച്ചില്ലേ? അഭിമാനിക്കാന്‍ അതു പോരേ? മന്ത്രിമാര്‍ മാത്രം വിദേശത്തു പോയി സുഖിക്കുന്നു എന്ന ആക്ഷേപം ഇനിയുണ്ടാകില്ല. അതു താഴെത്തട്ടിലേക്കു കൊണ്ടുവരുന്നുണ്ട്. മന്ത്രിയാകാത്തവര്‍ക്ക് മന്ത്രിപദവി, അതിനും പറ്റാത്തവര്‍ക്ക്  ഉപദേശകപദവി, അതിനും ഒക്കാത്തവര്‍ക്ക് ചീഫ് സിക്രട്ടറി പദവി…. അങ്ങനെ എന്തെല്ലാം ഇനിയും കാണാനിരിക്കുന്നു. പണമില്ലെന്നു മാത്രം പറയരുതാരും.

ശുദ്ധമനസ്‌കര്‍
മുന്നു ദശകം മുമ്പു വരെ കേരളത്തിലെ കമ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ ബി.എ പരീക്ഷ കഴിയുംമുമ്പ് പാസ്‌പോര്‍ട്ട് വാങ്ങിവെക്കാറുണ്ട്. ഗള്‍ഫില്‍ ജോലി നോക്കാനല്ല. എപ്പോഴാണ് സോവിയറ്റ് യൂണിയനോ അതിന്റെ ഡസനിലേറെ ഉപഗ്രഹ രാഷ്ട്രങ്ങളിലേതെങ്കിലുമോ സന്ദര്‍ശിക്കാന്‍ ക്ഷണം വരിക എന്നറിയില്ലല്ലോ. ആ സുവര്‍ണകാലം പോയി. 90′ ശേഷം ഒരു പ്രതീക്ഷയുമില്ല, ഗള്‍ഫില്‍ പോയാലായി. അതു സ്വന്തം ചെലവില്‍ ഒരുതരം പട്ടിണിയാത്ര.

ഇപ്പോള്‍ പിണറായി വിജയന്‍ സഖാവ് വന്നതോടെ ആ കാലവും മാറിയിരിക്കുന്നു. വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് കൂട്ടത്തോടെ ഇംഗ്ലണ്ടിലെ കാര്‍ഡിഫ് സര്‍വകലാശാലയില്‍ പോകാന്‍ പദ്ധതി തയ്യാറായിരിക്കുന്നു. ഓര്‍ക്കണേ, ക്യൂബ, വിയറ്റ്‌നാം, ഉത്തര കൊറിയ, ചൈന, ലാവോസ് എന്നീ കമ്യൂണിസ്റ്റ് രാജ്യങ്ങളിലേക്കല്ല പോകുന്നത്. കൊടിയ മുതലാളിത്ത സാമ്രാജ്യത്വ രാജ്യമായ ബ്രിട്ടനിലേക്കു തന്നെയാണ് നമ്മള് പറക്കുന്നത്.

ഇതിന്റെ ചെലവ് ആര്‍ വഹിക്കുമെന്നതു വിഷയമല്ല. കേരളത്തിന്റെ ഭാവി നേതാക്കളെ നന്നാക്കി പൊന്നാക്കിക്കളയാം എന്ന ദുരുദ്ദേശത്തോടെ മുതലാളിത്ത ഭീകരന്മാര്‍ ആസൂത്രണം ചെയ്ത പദ്ധതിയായിക്കൂടെന്നില്ലല്ലോ. മുതലാളിത്തത്തിന്റെ മഹത്വം കാട്ടിക്കൊടുക്കാനാണ് അങ്ങോട്ടു കൊണ്ടുപോകുന്നതെന്നു കരുതുന്നവരുണ്ട്. അത്തരം വല്ല ഉദ്ദേശ്യവും ഉണ്ടായിരുന്നുവെങ്കില്‍ യുവാക്കളെ അയക്കേണ്ടിയിരുന്നത് ചൈനയിലേക്കാണ്. കമ്യൂണിസ്റ്റ് ചൈനയിലേക്ക്്. എന്തുകൊണ്ടെന്നോ? കമ്യൂണിസത്തില്‍ ഉറച്ചുനിന്നു കൊണ്ട് എങ്ങനെ അസ്സല്‍ മുതലാളിത്തരാജ്യം കെട്ടിപ്പടുക്കാം എന്നതിന്റെ മാതൃക ചൈനയാണ്, ബ്രിട്ടനല്ല.

ലോകത്തിന്റെ മാറ്റങ്ങള്‍ മനസ്സിലാക്കാന്‍, നമ്മുടെ ഭാവിനേതാക്കള്‍ക്ക് ഒരവസരം നല്‍കിയാല്‍ അതിന്റെ ഗുണം കേരളത്തിന് കിട്ടുമെന്ന അഭിപ്രായം ചില ശുദ്ധമനസ്‌കര്‍ക്കുണ്ട്്. പാവങ്ങള്‍. ഇന്റര്‍നെറ്റിന്റെയും ടെലിവിഷന്റെയും  ഈ കാലത്ത് ഇതറിയാന്‍  ഫ്‌ളൈറ്റ് കൂലി ചെലവാക്കി അങ്ങോട്ടു പോകേണ്ട കാര്യമില്ലെന്നു ആര്‍ക്കാണറിയാത്തത്. നല്ല മനസ്സുണ്ടെങ്കില്‍ ഇവിടെയിരുന്ന്് എല്ലാം അറിയാം. എത്ര പാര്‍ട്ടി നേതാക്കള്‍ പോകുന്നു. അവര്‍ വല്ലതും പഠിക്കുന്നുണ്ടോ?  അവര്‍ തിരിച്ചുവന്ന് എന്താണ് പറയാറുള്ളത്? ബ്രിട്ടനില്‍ കൊടുംപട്ടിണിയാണെന്നോ?  ഈ പച്ചമരുന്നു കൊണ്ടൊന്നും ആ രോഗം മാറില്ല. രാ.

മുനയമ്പ്
പൗരത്വനിയമത്തെ എതിര്‍ക്കുന്നവര്‍ ഉത്തര കൊറിയയിലേക്കു് പോകട്ടെ എന്നു മേഘാലയ ഗവര്‍ണര്‍

എന്തേ..പാകിസ്താന്‍ ഫുള്‍ ആയോ?

Leave a Reply

Your email address will not be published. Required fields are marked *

Go Top