അധികാരം ദുഷിപ്പിക്കും, അമിതാധികാരം…

എൻ.പി.രാജേന്ദ്രൻ

ഇടതുപക്ഷത്തിന്റെ ബദല്‍ ആകാനുള്ള ആശയവ്യക്തതയോ നയപരിപാടികളോ തൃണമൂല്‍ കോണ്‍ഗ്രസ്സിന് ഉള്ളതായി ആരും അവകാശപ്പെടുന്നില്ല. എങ്കിലും ആ പക്ഷത്തേക്ക് പ്രകടമായ ചായ്‌വ് ഉണ്ടായിട്ടുണ്ട്. റൈറ്റേഴ്‌സ് ബില്‍ഡിങ്ങിലെ മന്ത്രിമാര്‍ മാറിയാലും രാഷ്ട്രീയ സംസ്‌കാരത്തില്‍ വലിയ മാറ്റമൊന്നും പ്രതീക്ഷിച്ചുകൂടാ

എങ്ങനെയാണ് സി.പി.എം. മുന്നണിക്ക് ബംഗാളില്‍-ബംഗാളില്‍ മാത്രം- തുടര്‍ച്ചയായി ഏഴുവട്ടം തിരഞ്ഞെടുപ്പു ജയിച്ച് അധികാരത്തില്‍ തുടരാനായത്? ബംഗാളിലെ രാഷ്ട്രീയ പ്രവര്‍ത്തകരോട് ചോദിച്ചാല്‍ തൃപ്തികരമായ മറുപടി ലഭിച്ചെന്നുവരില്ല. ഓരോതവണയും ഇടതുസര്‍ക്കാറിന്റെ പ്രവര്‍ത്തനം വിലയിരുത്തി പൂര്‍ണ തൃപ്തി വന്നതുകൊണ്ടാണ് ജനങ്ങള്‍ വോട്ടുചെയ്യുന്നതെന്നേ ഇടതുപക്ഷാനുകൂലികള്‍ പറയൂ. തീര്‍ച്ചയായും അതാണ് തിരഞ്ഞെടുപ്പ് ജയത്തിന്റെ അര്‍ഥം. പക്ഷേ, ബംഗാളിലൂടെ ഒരു തവണയെങ്കിലും കടന്നുപോകുന്ന ഒരാള്‍ക്കും അതത്ര ബോധിക്കുന്ന ന്യായമല്ല. തുടക്കത്തില്‍ ഒന്നോ രണ്ടോ തവണ അത് ശരിതന്നെയായിരിക്കും. പക്ഷേ, ഏഴുതവണ? കൃത്യമായി പറഞ്ഞാല്‍ ഏഴല്ല പതിനേഴു തവണയാണ് ഇടതുപക്ഷം ഭൂരിപക്ഷം നേടിയത്. പാര്‍ലമെന്റിലേക്ക് പത്തും നിയമസഭയിലേക്ക് ഏഴും തിരഞ്ഞെടുപ്പുകള്‍ നടന്നിട്ടുണ്ട് 1977-നു ശേഷം. 2009 -ലെ ലോക്‌സഭാതിരഞ്ഞെടുപ്പിലൊഴികെ എല്ലാറ്റിലും ജയിച്ചത് ഇടതുമുന്നണിയാണ്.

ഇന്ത്യയിലെന്നല്ല, ലോകത്തൊരിടത്തും ഒരു പാര്‍ട്ടിക്ക് 17 തവണ തുടര്‍ച്ചയായി ജയിക്കാനായിട്ടില്ല. ഒരു ജനാധിപത്യഭരണത്തിന് ലോകത്തൊരിടത്തും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത നേട്ടങ്ങള്‍ ബംഗാളിനുവേണ്ടി ഇടതുഭരണം ഉണ്ടാക്കിയിരിക്കണം അത്തരമൊരു അപൂര്‍വ വിജയപരമ്പര നേടിയെടുക്കാന്‍. ബംഗാളിലെ ഏറ്റവും കടുത്ത പാര്‍ട്ടി വിശ്വാസി പോലും ഇങ്ങനെയൊരവകാശവാദം ഉന്നയിക്കുകയില്ല. പിന്നെയോ? ഫ്യൂഡല്‍ ദുഷ്പ്രഭുത്വവും നാടുവാഴിത്തവും തിരിച്ചുവരുമെന്ന് ഭയന്നാണ് പഴയ തലമുറയും പുതിയ തലമുറയുമെല്ലാം ഇടതുപക്ഷത്തിനു വോട്ടുചെയ്യുന്നതെന്ന വാദത്തിനും വിശ്വാസ്യത പോരാ. എഴുപത്തേഴിനുമുമ്പ് ഫ്യൂഡലിസ്റ്റ് ചൂഷണവും ഭൂവുടമകളുടെ അതിക്രമങ്ങളും പട്ടിണിയും കൊടി കുത്തി വാഴുകയായിരുന്നുവെന്ന് വാദത്തിന് സമ്മതിച്ചാല്‍ത്തന്നെ ഇന്ന് അന്‍പതു വയസ്സെങ്കിലുമുള്ളവര്‍ക്കേ അതിനെക്കുറിച്ച് കേട്ടറിവെങ്കിലും ഉണ്ടാവൂ. ബഹുഭൂരിപക്ഷം വരുന്ന പുതിയ തലമുറയെ കൈയിലെടുക്കാന്‍ മാത്രം എന്തെങ്കിലും ഇവിടെ ചെയ്തതായി കാണാനുമില്ല.

സര്‍ക്കാര്‍ സംവിധാനവും പോലീസ് ശക്തിയും പാര്‍ട്ടിയുടെ തിണ്ണബലവും ഉപയോഗപ്പെടുത്തി ബംഗാള്‍ മുഴുക്കെ ബൂത്തുപിടിത്തവും അക്രമവും കൃത്രിമവും നടത്തിയാണ് ഇടതുപക്ഷം ആധിപത്യം നിലനിര്‍ത്തുന്നതെന്ന് പ്രതിപക്ഷത്തുള്ളവര്‍ പറയും. ഇതും അത്ര എളുപ്പം വിഴുങ്ങാന്‍ കഴിയില്ല. സംസ്ഥാനഭരണവും പോലീസുമൊക്കെ ഇടതുപക്ഷത്തിന്റെ കൈയിലാണെന്നതുശരി. പക്ഷേ, എത്രയോ സംസ്ഥാനങ്ങളില്‍ ഭരണകക്ഷികള്‍ക്കെതിരായ ജനവിധി ഉണ്ടായിട്ടുണ്ട്. അടിയന്തരാവസ്ഥയില്‍ നടത്തിയ തിരഞ്ഞെടുപ്പിലല്ലേ 1977-ല്‍ ആദ്യം ഇടതുപക്ഷം ജയിച്ചത്? ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തെ ബാലറ്റിലൂടെ താഴെയിറക്കിയില്ലേ? അതിലും വലുതാണോ ജ്യോതിബസുവിന്റെ ഏകാധിപത്യം?

ഇടതുഭരണം മുപ്പതിലേറെ വര്‍ഷമായി നിലനില്‍ക്കുന്നതിനെക്കുറിച്ച് പഠനം നടത്തുകയും അതിനായി വര്‍ഷങ്ങള്‍ ബംഗാള്‍ ഗ്രാമത്തില്‍ അലയുകയും ചെയ്തിട്ടുള്ള ഒരു പത്രപ്രവര്‍ത്തകന്‍ ഉണ്ടെന്നും അതൊരു മലയാളിയാണെന്നും അധികം പേര്‍ക്കറിയില്ല. കൊല്‍ക്കത്തയില്‍ പഠിക്കുകയും അവിടെ കുറെ വര്‍ഷങ്ങള്‍ പ്രമുഖ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളില്‍ പത്രപ്രവര്‍ത്തനം നടത്തുകയും ചെയ്ത ഉദയന്‍ നമ്പൂതിരിയോട് ഇടതുഭരണം എങ്ങനെ 34 വര്‍ഷം തുടര്‍ന്നു എന്നുചോദിച്ചാല്‍ അദ്ദേഹം നിര്‍ത്താതെ സംസാരിക്കും. കാല്‍നൂറ്റാണ്ട് മുമ്പ് സ്റ്റേറ്റ്‌സ്മാന്‍ കൊല്‍ക്കത്ത ലേഖകനായി തൊഴില്‍ ആരംഭിച്ച അദ്ദേഹം ഡല്‍ഹിയിലേക്ക് മാറിയപ്പോഴും വിദേശകാര്യലേഖകനായി പത്തൊന്‍പത് രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോഴുമൊന്നും ബംഗാളിനെ മറന്നില്ല. നാലുവര്‍ഷം ഗ്രാമങ്ങളിലൂടെ ചുറ്റിക്കറങ്ങി. അതിന്റെ ഫലം ഒരു പുസ്തകമാണ് -ബംഗാള്‍സ് നൈറ്റ് വിത്തൗട്ട് എന്‍ഡ്- ബംഗാളിന്റെ അവസാനിക്കാത്ത രാത്രി.

ഈ പത്രപ്രവര്‍ത്തകന്റെ നിഗമനങ്ങള്‍ ദേശീയ തലസ്ഥാനത്തും ഏറെ പുരികങ്ങള്‍ ഉയര്‍ത്തി. പ്രത്യക്ഷമായ സമ്മതിദാന സ്ഥിതിവിവരക്കണക്കുകള്‍ക്കപ്പുറം ഒട്ടും പ്രകടമല്ലാത്ത അനേകമനേകം കൃത്രിമങ്ങളും അക്രമങ്ങളും തുടര്‍ച്ചയായ ഇടതുവിജയത്തിന്റെ കാരണങ്ങളായെന്ന് അദ്ദേഹം സ്ഥാപിക്കുന്നു. എഴുപത്തിരണ്ടില്‍ സിദ്ധാര്‍ഥ ശങ്കര്‍ റേയുടെ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടിയത് വന്‍തോതിലുള്ള അക്രമത്തിലൂടെയായിരുന്നു. വോട്ടുകൃത്രിമമെന്നത് ബംഗാളില്‍ ആരുടെയും കുത്തകയൊന്നുമല്ല. കൃത്രിമം നടത്തുന്നതില്‍ പുതുപുത്തന്‍ ആശയങ്ങള്‍ കണ്ടെത്താന്‍ കഴിയുന്ന ഗവേഷണ വിഭാഗംതന്നെ വേണം പാര്‍ട്ടിക്ക്; സര്‍ക്കാര്‍ സംവിധാനത്തിന്മേലുള്ള പൂര്‍ണനിയന്ത്രണം. പറഞ്ഞ് അനുസരിപ്പിക്കേണ്ടാത്ത, അറിഞ്ഞുപ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ വേണം ബൂത്തു മുതല്‍ ചീഫ് സെക്രട്ടറി സ്ഥാനത്തു വരെ. എന്തിനും മതിയായ പാര്‍ട്ടി സംവിധാനം സംസ്ഥാനത്ത് മൊത്തം വേണം. ബംഗാളില്‍ ഇപ്പോഴും ഇതെല്ലാം കൈവശമുള്ളത് സി.പി.എമ്മിനു മാത്രമാണ്. അത് സി.പി.എമ്മിന്റെ കുറ്റമല്ലല്ലോ!

കോണ്‍ഗ്രസ് ഭരണത്തിനെതിരായ വിധിയെഴുത്തിലൂടെ അധികാരത്തില്‍ വന്ന ജ്യോതിബസുസര്‍ക്കാര്‍ ബംഗാള്‍ ഗ്രാമങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഭൂപരിഷ്‌കരണവും പഞ്ചായത്ത് രാജും അതില്‍ പ്രധാനങ്ങളാണ്. ഭൂപ്രഭുക്കളുടെ പത്തി താഴ്ത്തിച്ചു. പാവങ്ങള്‍ക്ക് അധികാരത്തില്‍ പങ്കാളിത്തം നല്‍കുന്ന നയങ്ങള്‍ നടപ്പാക്കുന്നതിലൂടെ ഉറച്ച അടിത്തറ പാര്‍ട്ടിക്കുണ്ടാക്കാനായി. ഭരണത്തിന്റെ സമ്പൂര്‍ണമായ പാര്‍ട്ടിവത്കരണവും ഇതോടൊപ്പം നടപ്പാക്കി. ഭരണവും പാര്‍ട്ടിയും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ലാത്ത വിധത്തില്‍ ഭരണകൂടത്തിന്റെ എല്ലാ അവയവങ്ങളും പാര്‍ട്ടിയുടെ നിയന്ത്രണത്തിലായി. ഗ്രാമപ്പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും സംസ്ഥാനഭരണവുമെല്ലാം നീണ്ട കാലം ഒരു കക്ഷിയുടെ നിയന്ത്രണത്തിലാകുമ്പോള്‍ പാര്‍ട്ടിഗ്രാമം വലുതായി പാര്‍ട്ടിബ്ലോക്കും പാര്‍ട്ടിമണ്ഡലവും പാര്‍ട്ടിജില്ലയും ഉണ്ടാകുന്നതില്‍ അദ്ഭുതമില്ല. പഞ്ചായത്ത് കിണര്‍ കുഴിക്കലും വീടിന് പെര്‍മിറ്റ് നല്‍കലും സ്‌കൂളില്‍ അധ്യാപകനെ നിയമിക്കലുമെല്ലാം പാര്‍ട്ടി അംഗീകാരത്തോടെയേ നടക്കൂ എന്നുവരുമ്പോള്‍ വോട്ടര്‍മാര്‍ക്ക് വേറെ വഴിയില്ല. എതിര്‍പ്പും അമര്‍ഷവും ഉള്ളവരും അത് പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ഒതുക്കി നിര്‍ത്തുകയായിരുന്നു.

പ്രത്യക്ഷത്തില്‍ ശാന്തരും സ്‌നേഹമുള്ളവരുമൊക്കെയാണെങ്കിലും ബംഗാളില്‍ കൊലകളും കൂട്ടക്കൊലകളും അസാധാരണമല്ല. കേരളത്തിലിരുന്ന് സങ്കല്പിക്കാന്‍ കഴിയാത്ത വിധത്തില്‍ ക്രൂരങ്ങളാണ് അവ പലതും. 1982 ഏപ്രിലില്‍ ആനന്ദമാര്‍ഗികളായ 16 സംന്യാസിമാരെയും സംന്യാസിനിമാരെയും വലിയ ഒരു ജനക്കൂട്ടം അടിച്ചുകൊന്നത് അത്തരത്തില്‍പ്പെട്ട ഒന്നാണ്. ആയിരങ്ങള്‍ നോക്കിനില്‍ക്കെ കൊലയാളികള്‍ തലയുയര്‍ത്തി നടന്നുപോവുകയും ചെയ്തു. മദര്‍ തെരേസ ജീവിച്ചിരുന്ന കൊല്‍ക്കത്തയാണിത്. പ്രമുഖനായ ഒരു എം.എല്‍.എ.യാണ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയത്. തുടര്‍ന്നുള്ള തിരഞ്ഞെടുപ്പില്‍ എം.എല്‍.എ.യുടെ ഭൂരിപക്ഷം കൂടിയതേ ഉള്ളൂ. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണ് സംന്യാസിമാരെന്ന് ധരിച്ച് ജനങ്ങള്‍ രോഷം പ്രകടിപ്പിച്ചതാണ് കൂട്ടക്കൊലയ്ക്ക് കാരണമെന്ന് മുഖ്യമന്ത്രി ജ്യോതിബസു സംഭവത്തെ നിസ്സാരമാക്കി.

2000 ജൂലായില്‍ നന്നൂര്‍ എന്ന പ്രദേശത്ത് ഒരു വലിയ കൊലയാളിസംഘം പത്തുചെറുപ്പക്കാരെ കൊലപ്പെടുത്തിയ രീതി കേട്ടാല്‍ നമ്മുടെ നാട്ടിലെ ക്വട്ടേഷന്‍ കൊലയാളികള്‍പോലും ഞെട്ടിവിറയ്ക്കും. തടഞ്ഞുവെച്ച കെട്ടിടത്തില്‍നിന്ന് ഓരോരുത്തരെയായി ഇറക്കിക്കൊണ്ടുവന്ന് അടിച്ചും വെട്ടിയും കൊന്നത്, കൊല്ലപ്പെടാന്‍ പോകുന്നവരെ സാക്ഷി നിര്‍ത്തിക്കൊണ്ടായിരുന്നു. ഭൂമി കൈയേറാന്‍ വന്നവര്‍ സംഘട്ടനത്തില്‍ മരിച്ചു എന്നായിരുന്നു പോലീസ് കേസ്. പത്തു വര്‍ഷത്തിനു ശേഷം 2010 നവംബര്‍ പതിനൊന്നിന് നന്നൂര്‍ കൂട്ടക്കൊലയില്‍ പ്രതികളായ 44 സി.പി.എം.കാര്‍ക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കൊല്ലപ്പെട്ടവര്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ കര്‍ഷകവിഭാഗത്തില്‍പ്പെട്ടവരായിരുന്നെന്നും വാര്‍ത്തയിലുണ്ട്. ദുര്‍മന്ത്രവാദിനിയാണ് എന്നാരോപിച്ച് ഗ്രാമങ്ങളില്‍ വൃദ്ധകളെ തല്ലിക്കൊല്ലുന്നത് ഇപ്പോഴും അവസാനിച്ചിട്ടില്ലാത്ത നാട്ടില്‍ ഇതൊന്നും അദ്ഭുതമല്ല. 2000-ത്തില്‍ സി.പി.ഐ. നേതാവ് ഗീതാ മുഖര്‍ജിയുടെ മരണത്തെത്തുടര്‍ന്ന് പാന്‍സ്‌കുരയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മരിച്ചത് 57 പേരാണ്. 30 കൊല്ലത്തിനിടയില്‍ അരലക്ഷം രാഷ്ട്രീയ കൊലകള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇപ്പോള്‍ മാവോവാദികളും തൃണമൂല്‍കാരും നടത്തുന്ന കൊലകള്‍ ഇതേ സ്വഭാവത്തിലുള്ളതുതന്നെ.

മരിക്കാന്‍ മടിയില്ലാത്തവനേ എതിര്‍ക്കാന്‍ പറ്റൂ എന്നുവന്നാല്‍ എതിര്‍ക്കാന്‍ അധികം പേരെ കിട്ടില്ല. ബൂത്തുപിടിത്തമൊക്കെ സര്‍വസാധാരണമാകും. തോക്കു ചൂണ്ടിയുള്ള ബൂത്ത് പിടിത്തം തന്നെ വേണമെന്നില്ല. ശാസ്ത്രീയമായ രീതികള്‍ വേറെ നിരവധിയുണ്ട്. 2004-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പു കാലത്ത് ബംഗാളില്‍ നിരീക്ഷകനായിരുന്ന ബിഹാര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ അഫ്‌സല്‍ അമാനുള്ള ഇലക്ഷന്‍ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ബംഗാളില്‍ നടപ്പുള്ള ബൂത്തുപിടിത്ത രീതികള്‍ വിവരിച്ചിരുന്നു. വളരെ വിചിത്രങ്ങളും അസാധാരണങ്ങളുമായ ഒരുപാട് ആശയങ്ങളാണ് ഭാവനാസമ്പന്നരായ പാര്‍ട്ടി പ്രവര്‍ത്തകന്മാര്‍ നടപ്പാക്കിയിരുന്നത്. വോട്ടര്‍പ്പട്ടികയില്‍ വോട്ട് ചേര്‍പ്പിക്കലും വെട്ടിക്കലും തൊട്ട് തുടങ്ങും കൃത്രിമത്തിന്റെ പരമ്പര. ബൂത്തില്‍ എതിര്‍കക്ഷിക്ക് ഏജന്റില്ല എന്നുറപ്പുവരുത്തുക, ക്യൂ ജാം ചെയ്ത് വോട്ടിങ് തടസ്സപ്പെടുത്തുക, ബൂത്തുകള്‍ക്ക് വളരെ അകലെ അക്രമമുണ്ടാക്കി ആളുകളെ അകറ്റുക തുടങ്ങി ഒരുപാട് കാര്യങ്ങളിലൂടെ ഒരു മണ്ഡലത്തില്‍ ആയിരം മുതല്‍ ഇരുപതിനായിരം വോട്ടുവരെ ‘ശാസ്ത്രീയമായി’ സ്വന്തമാക്കാം. സി.പി.എം. ഒഴികെയുള്ള പാര്‍ട്ടികള്‍ സാത്വികരായി മാറി നില്‍ക്കുകയാണ് എന്ന് ധരിക്കേണ്ട. അവര്‍ക്കതിനു കഴിയാറില്ല എന്നേ അര്‍ഥമാക്കേണ്ടൂ. 2006 തിരഞ്ഞെടുപ്പു കാലത്ത് ബംഗാള്‍ പ്ലാനിങ് കമ്മീഷന്‍ ഭൂപരിഷ്‌കരണ സമിതി ചെയര്‍മാന്‍ ദേബ്രത ബന്ദോപാധ്യായ പരസ്യമായി പറഞ്ഞത് ബംഗാളില്‍ ചുരുങ്ങിയത് ഒരു കോടി വ്യാജവോട്ടര്‍മാരുണ്ടെന്നാണ്.

എണ്‍പതുകള്‍ക്കു ശേഷം ഇടതുമുന്നണിക്ക് കരുത്തുള്ള ബദല്‍ ഉണ്ടായിരുന്നില്ലെന്നതാണ് സത്യം. 2006-ല്‍ ഒഴികെ മറ്റ് എല്ലായ്‌പ്പോഴും ഇടതുവിരുദ്ധ വോട്ടുകള്‍ 50 ശതമാനത്തിലേറെ ഉണ്ടായിരുന്നു. എങ്കിലും മുഖ്യപ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് ഗ്രാമങ്ങളില്‍ പേരിനു മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളൂ. സി.പി.എമ്മിന്റെ സംഘടിത ശക്തിയോട് ഏറ്റുമുട്ടാനുള്ള പിന്‍ബലമോ നിശ്ചയദാര്‍ഢ്യമോ കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ടായിരുന്നില്ല. അവര്‍ക്ക് എല്ലാ ബൂത്തുകളിലും ഏജന്റുമാരെ നിയോഗിക്കാന്‍ കഴിയുന്ന മണ്ഡലങ്ങള്‍ പോലും അപൂര്‍വമായി. ചുണയുള്ള നേതൃത്വമോ ചുണയുള്ള പ്രവര്‍ത്തകരോ ഇല്ലാത്ത പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ എന്തിന് ജനങ്ങള്‍ കഷ്ടപ്പെടണം? ബൂത്ത് പിടിത്തത്തില്‍നിന്ന് തങ്ങളുടെ മണ്ഡലത്തെ ഒഴിവാക്കാന്‍ ചില കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ സി.പി.എമ്മുമായി ധാരണയിലെത്താറുണ്ടെന്നുപോലും ബംഗാളില്‍ കഥ പ്രചരിക്കാറുണ്ട്. കുറച്ച് മണ്ഡലങ്ങളിലെങ്കിലും പ്രതിപക്ഷവും ജയിക്കണമല്ലോ.

രണ്ടര ലക്ഷത്തോളം മുഴുവന്‍ സമയ പ്രവര്‍ത്തകരും വിപുലമായ സംഘടനാസംവിധാനവുമുള്ള വലിയൊരു സ്ഥാപനമാണ് ബംഗാളിലെ സി.പി.എം. മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക് മാസത്തില്‍ 1500 രൂപ മുതല്‍ 3000 രൂപ വരെ അലവന്‍സുണ്ട്. ബോണസ്, ലീവ്, യാത്രാനുകൂല്യം തുടങ്ങിയവ വേറെയും ഉണ്ട്. പാര്‍ട്ടി ഓഫീസുകള്‍ എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലുമുണ്ട്. പാര്‍ട്ടിയാണ് ബംഗാളിലെ വലിയ ഭൂവുടമ. കേരളത്തിലുള്ളത്ര മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിട്ടില്ല എന്നേയുള്ളൂ. അലവന്‍സിനു പുറമേ ഓഫീസുകളില്‍ എല്ലാ ദിവസവും നല്‍കുന്ന ഭക്ഷണം, യാത്ര-പ്രചാരണച്ചെലവുകള്‍ എല്ലാം ചേര്‍ന്നാല്‍ എത്ര കോടി രൂപവേണ്ടിവരും പാര്‍ട്ടി നടന്നുപോകാന്‍? ഒരു പാര്‍ട്ടിയും ഒരിക്കലും വെളിപ്പെടുത്താറില്ല ഈ കണക്കുകളൊന്നും. ലെവി പിരിച്ചും ബക്കറ്റ് പിരിച്ചും മാത്രം ഇത്രയും പണം സ്വരൂപിക്കാനാവില്ലതന്നെ. സി.പി.എമ്മിന്റെയോ മറ്റിടതുപക്ഷ പാര്‍ട്ടികളുടെയോ മന്ത്രിമാര്‍ക്കെതിരെ വലിയ അഴിമതി ആരോപണങ്ങളൊന്നും ഉയര്‍ന്നുവരാറില്ല. 34 കൊല്ലത്തിനിടയില്‍ മന്ത്രിസ്ഥാനം വഹിച്ച 250-ല്‍ ഏറെ പേരില്‍ അഴിമതിയുടെ പേരില്‍ പുറത്താക്കപ്പെട്ടവരില്ല എന്നുതന്നെ പറയാം. സംസ്ഥാനനേതാക്കള്‍ ആര്‍ഭാടജീവിതം നയിക്കുന്നവരുമല്ല. അവരുടെ ലളിതശൈലി കാരണം പാര്‍ട്ടിയില്‍ അഴിമതിയുണ്ട് എന്ന് പുറത്തുള്ളവര്‍ക്ക് തോന്നാറുമില്ല. രണ്ടാംനിരയിലും അതിനുതാഴെയുമുള്ളവരെക്കുറിച്ച് നല്ല അഭിപ്രായമില്ല.

ഭരണത്തിന്റെ ആനുകൂല്യവിതരണം, തൊഴില്‍ നിയമനങ്ങള്‍, റോഡ് കരാര്‍ ഉള്‍പ്പെടെയുള്ള ഭരണതീരുമാനങ്ങള്‍ തുടങ്ങിയ എല്ലാറ്റിലുമുള്ള പാര്‍ട്ടി ഇടപെടല്‍ വന്‍ അഴിമതിയായി. പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഒരു സമ്പന്നവര്‍ഗമാണ് എല്ലായിടത്തും കാര്യങ്ങള്‍ നിര്‍വഹിക്കുന്നതെന്ന തോന്നല്‍ പാര്‍ട്ടിക്കാരിലും ഉണ്ട്. സര്‍ക്കാര്‍ പണം പറ്റുന്ന കരാറുകാര്‍ ഉള്‍പ്പെടെ എല്ലാവരില്‍നിന്നും പാര്‍ട്ടിയുടെ പേരില്‍ ഇടത്തട്ടുകാര്‍ പണം ഈടാക്കുന്നു, ഭൂവില്പനകളിലെ ഏജന്റുമാര്‍ പോലും പാര്‍ട്ടിയുടെ പേര് പറഞ്ഞ് മീശ പിരിക്കുന്നു, താഴേക്കിട നേതാക്കള്‍ പോലും കാറില്‍നിന്നിറങ്ങുന്നില്ല തുടങ്ങിയ പരാതികള്‍ ഉച്ചത്തില്‍ ഉന്നയിക്കപ്പെട്ടു. ഇവര്‍ ഒരു പുതിയ വര്‍ഗമായി ജനങ്ങളുടെ കണ്ണിലെ കരടായി വളര്‍ന്നു. മുഖ്യമന്ത്രി ബുദ്ധ തന്നെ ഇതോരോന്നും എടുത്തുപറഞ്ഞ് ഇപ്പോള്‍ വോട്ടര്‍മാരോട് ക്ഷമ ചോദിക്കുന്നുണ്ട്. ലാല്‍ഗഢില്‍ സി.പി.എം. നേതാക്കള്‍ക്കു നേരേ മാവോവാദി ആക്രമണം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമലേഖകരെല്ലാം ശ്രദ്ധിച്ച ഒരു കാര്യമുണ്ടായിരുന്നു. അക്രമം നടന്ന പ്രദേശത്ത് ഏറ്റവും വലിയ കെട്ടിടം പ്രാദേശിക സി.പി.എം. നേതാവിന്റെ വീടായിരുന്നു, മറ്റെല്ലാം ചെറിയ കുടിലുകള്‍.

ജ്യോതിബസുവിന്റെ കാലശേഷം പാര്‍ട്ടി ഇടത്തരക്കാരുടെ കൂടി പാര്‍ട്ടിയായി മാറുന്നുണ്ടായിരുന്നു. പഴയ പിടിവാശികള്‍ പലതും ഉപേക്ഷിക്കപ്പെട്ടു. സോഷ്യലിസമുണ്ടാക്കലല്ല പാര്‍ട്ടിയുടെ ലക്ഷ്യമെന്നും സമ്പന്നരാകുന്നത് പാപമല്ലെന്നും നേതാക്കള്‍ പരസ്യമായി പറയുന്നുണ്ടായിരുന്നു. 2006 -ലെ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി അന്‍പതു ശതമാനത്തിലേറെ വോട്ട് നേടിയത് പുതിയ പ്രതിച്ഛായയുടെ ബലത്തിലാണ്. പലതായി പിളര്‍ന്ന പ്രതിപക്ഷത്തിന്റെ നിഷ്ഫലത വേറെയും. കുറെയേറെ വ്യവസായങ്ങള്‍, ഷോപ്പിങ് മാളുകള്‍, ഐ.ടി.കേന്ദ്രങ്ങള്‍, ടൗണ്‍ഷിപ്പുകള്‍ എന്നിവ രൂപം കൊണ്ടു. ഒപ്പം മറ്റൊന്നുകൂടി സംഭവിച്ചു… ഗ്രാമങ്ങളിലെ പാര്‍ട്ടി സര്‍വാധിപത്യങ്ങള്‍ ദുര്‍ബലമായി. 2009-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും തുടര്‍ന്നു നടന്ന തദ്ദേശ സ്ഥാപനതിരഞ്ഞെടുപ്പിലും തൃണമൂല്‍ സഖ്യം ജയം നേടിയത് ഒരാധിപത്യത്തിന്റെ അന്ത്യത്തെക്കുറിച്ചുള്ള വ്യക്തമായ സന്ദേശമായി.

‘ബംഗാളിലെ അവസാനിക്കാത്ത രാത്രി’ അവസാനിക്കാന്‍ പോവുകയാണെന്നാണ് ‘മാര്‍ക്‌സിസ്റ്റ് വിരുദ്ധന്മാര്‍’ ഉറച്ചുവിശ്വസിക്കുന്നത്. തെറ്റുകള്‍ തിരുത്താന്‍ ഇടതുപക്ഷം ശ്രമിക്കുന്നുണ്ടെങ്കിലും ജനങ്ങളില്‍ അത് വലുതായ പ്രതികരണം സൃഷ്ടിക്കുന്നില്ല. ഇടതുപക്ഷത്തിന്റെ ബദല്‍ ആകാനുള്ള ആശയവ്യക്തതയോ നയപരിപാടികളോ തൃണമൂല്‍ കോണ്‍ഗ്രസ്സിന് ഉള്ളതായി ആരും അവകാശപ്പെടുന്നില്ല. എങ്കിലും ആ പക്ഷത്തേക്ക് പ്രകടമായ ചായ്‌വ് ഉണ്ടായിട്ടുണ്ട്. റൈറ്റേഴ്‌സ് ബില്‍ഡിങ്ങിലെ മന്ത്രിമാര്‍ മാറിയാലും രാഷ്ട്രീയ സംസ്‌കാരത്തില്‍ വലിയ മാറ്റമൊന്നും പ്രതീക്ഷിച്ചുകൂടാ. അസഹിഷ്ണുതയും അക്രമവും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് മമതാപാര്‍ട്ടി ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്. ഇത്തവണയില്ലെങ്കില്‍ ഒരിക്കലുമില്ല എന്ന മുദ്രാവാക്യം മമത കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പു കാലത്താണ് ഉയര്‍ത്തിയിരുന്നതെങ്കിലും ഇത്തവണയാണ് അവരതില്‍ ഉറച്ചുവിശ്വസിക്കുന്നതായി തോന്നുന്നത്. ഇനിയെന്ത് എന്ന് നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ് ബംഗാള്‍ ജനത.

Leave a Reply

Your email address will not be published. Required fields are marked *

Go Top