കൊലയുടെ രാഷ്ട്രീയവും സംസ്‌കാരവും

എൻ.പി.രാജേന്ദ്രൻ

കേരളം കൊലകളെ കുറിച്ചാണിപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. വെറും കൊലകള്‍ നാട്ടില്‍ അനേകം നടക്കുന്നു. അവയല്ല,  രാഷ്ട്രീയകൊലകളാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. അസാധാരണമായി എന്താണ് സംഭവിച്ചത് എന്ന് സംശയം തോന്നാം. ആദ്യമായാണോ കേരളത്തില്‍ ഒരു രാഷ്ട്രീയകൊലപാതകം നടക്കുന്നത് എന്നാണ് ഒരു നേതാവ് അത്ഭുതം പ്രകടിപ്പിച്ചത്. ആദ്യമായി നടക്കുന്ന സംഭവം പോലെയാണ് മാധ്യമങ്ങളും ജനങ്ങളും ബുദ്ധിജീവികളുമെല്ലാം വിപ്ലവകാരികളുടെ നാടായ ഒഞ്ചിയത്ത് നടന്ന ഒരു കൊലപാതകത്തോട് പ്രതികരിച്ചത് എന്നാവും അദ്ദേഹം ഉദ്ദേശിച്ചത്. എന്താണ് ഒഞ്ചിയത്ത് നടന്ന കൊലയുടെ പ്രത്യേകത ?

സി.പി.എം. വിട്ടുമാറി വേറെ പാര്‍ട്ടി രൂപവല്‍ക്കരിച്ച് സി.പി.എമ്മിന് ധാര്‍മികമായും ആശയപരമായും ശാക്തികമായും വെല്ലുവിളി ഉയര്‍ത്തിയ ഒരുനേതാവ് ആരെയും നടുക്കുന്ന ക്രൂരതയോടെ കൊലചെയ്യപ്പെടുന്നത് ആദ്യമായാണ്. ആസൂത്രിതവുംസംഘടിതവുമായി, പ്രൊഫഷനല്‍ കൊലയാളി സംഘങ്ങളെ ഉപയോഗപ്പെടുത്തിയാണ് കൊല നടത്തിയതെന്ന് വ്യക്തം. ആദ്യമായല്ല കൊല നടക്കുന്നത് എന്ന് പറഞ്ഞല്ലോ. ആദ്യമായല്ല. പക്ഷേ, കൊലകളുമായോ സംഘട്ടനങ്ങളുമായോ യാതൊരു ബന്ധവുമില്ലാത്ത ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍ ഒരു പ്രകോപനവുമില്ലാതെ കൊല്ലപ്പെടുന്നത് സമീപകാലത്തൊന്നും നടന്നിട്ടില്ലാത്ത സംഭവമാണ്. ഒഞ്ചിയത്ത് കൊല്ലപ്പെട്ട ചന്ദ്രശേഖരന് ഒരു ശത്രുവേ ഉണ്ടായിരുന്നുള്ളൂ. ആ ശത്രുവിന് ചന്ദ്രശേഖരനോട് ഒരു ശത്രുതയേ ഉണ്ടായിരുന്നുള്ളൂ. അത് നൂറുശതമാനം രാഷ്ട്രീയമാണ്. ആ ശത്രുത കൊണ്ടുമാത്രമാണ് അയാളെ കൊന്നത് എന്ന സത്യം ഇന്നാരും നിഷേധിക്കുകയില്ല. രാഷ്ട്രീയമായോ മതപരമായോ അഭിപ്രായവ്യത്യാസം ഉണ്ട് എന്ന ഒറ്റക്കാരണത്തിന് മനുഷ്യനെ കൊല്ലുക എന്നത് എല്ലാ രാഷ്ട്രീയ മത തത്ത്വങ്ങള്‍ക്കും എതിരാണ്. ജനാധിപത്യത്തിന്റെയും മനുഷ്യത്വത്തിന്റെയും അടിസ്ഥാനസങ്കല്‍പ്പങ്ങള്‍ക്കുതന്നെ വിരുദ്ധമാണ് അത്.  കണ്ണൂരിലും തലശ്ശേരിയിലും നടന്ന പല കൊലകളിന്‍നിന്ന് ഒഞ്ചിയം കൊലയെ വ്യത്യസ്തമാക്കുന്നത് ഇതാണ്. തീര്‍ച്ചയായും ഒഞ്ചിയം മോഡല്‍ കൊലകള്‍ തലശ്ശേരിയില്‍ നടന്നിട്ടുണ്ട്.് രാഷ്ട്രീയവുമായി ബന്ധമില്ലാത്തവരെ പോലും രാഷ്ട്രീയകൊലയുടെ കണക്ക് തികക്കാന്‍ കൊന്നിട്ടുണ്ട്.

ക്ലാസ് മുറിയില്‍ കുട്ടികളുടെ കണ്‍മുന്നില്‍ വെച്ച്  അധ്യാപകനെ പച്ചക്ക് വെട്ടിക്കൊന്നതാണ് പാനൂരിലെ ജയകൃഷ്ണന്‍ സംഭവം. ലോകത്തെവിടെയെങ്കിലും ഇത്രയും അചിന്ത്യമായ ഹീനതതോടെ മനുഷ്യന്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ മറുപടി പറയുക പ്രയാസമാണ്. രാഷ്ട്രീയ ഭ്രാന്ത് തലയില്‍ കയറിയാല്‍ മനുഷ്യന്‍ എന്തും ചെയ്യും. മതഭ്രാന്ത് തലയില്‍ കയറിയാല്‍ ഇതിലപ്പുറവും ചെയ്യും. ആര് ആരെ കൊന്നു എന്നുനോക്കാതെ ഇത്തരം മനുഷ്യത്വവിരുദ്ധമായ ഹീനതകളെ നമുക്ക് അപലപിക്കാന്‍ കഴിയാറുണ്ടോ ? ഇല്ല എന്നതാണ് സത്യം. കൊല്ലപ്പെട്ടത് ക്ലാസ് മുറിയില്‍ വെച്ചാണെന്നോ അധ്യാപകനാണ് മരിച്ചത് എന്നോ കൊച്ചുകുട്ടികളെ ഈ കൊടുംക്രൂരതയ്ക്ക് സാക്ഷികളാക്കി എന്നതോ പരിഗണിച്ചായിരുന്നില്ല ആരുടെയും പ്രതികരണം. കേട്ടമാത്രയില്‍ നടുങ്ങിയവര്‍ പോലും പ്രതികരണത്തില്‍ രാഷ്ട്രീയമേ പരിഗണിച്ചുള്ളൂ. ഇന്ന് ബുദ്ധിജീവികള്‍ വേണ്ട മട്ടില്‍ പ്രതികരിച്ചില്ല എന്ന് പരിഭവപ്പെടുന്ന ഒരു ബുദ്ധിജീവി പോലും ജയകൃഷ്ണന്‍ മാസ്റ്ററെ കൊന്നതിനെ കുറിച്ച് അന്ന് പ്രതികരിക്കുകയുണ്ടായില്ല. അവര്‍ക്ക് ജയകൃഷ്ണന്‍ അധ്യാപകന്‍ ആയിരുന്നില്ല, ജയകൃഷ്ണന്‍ അവര്‍ക്ക് ബി.ജെ.പി.നേതാവ് മാത്രമായിരുന്നു. കൊല്ലപ്പെടേണ്ടവന്‍ തന്നെ എന്നവര്‍ പറഞ്ഞില്ലെന്നത് ശരിയാണ്. പക്ഷേ അവരുടെ മൗനത്തില്‍ അതുണ്ടായിരുന്നു.

കൊലയേക്കാള്‍ ഞെട്ടിച്ച ഒരു സംഭവം അക്കാലത്തുതന്നെ ഉണ്ടായി. മനുഷ്യത്വത്തിന്റെയും ധാര്‍മികതയുടെയും മറ്റെല്ലാ നന്മകളുടെയും നിറകുടമെന്ന് ഇന്നും അന്നും നമ്മള്‍ ആദരിക്കുന്ന ചിന്തകനായ എം.എന്‍.വിജയന്‍ പോലും ജയകൃഷ്ണന്‍ കൊലയെ പരസ്യമായി വിമര്‍ശിച്ചില്ല. വിമര്‍ശിച്ചില്ല എന്നല്ല അതത്ര വലിയ സംഭവമൊന്നുമല്ല, ആര്‍.എസ്.എസ്സുകാര്‍ ഇതിനേക്കാള്‍ ക്രൂരമായ കൊലകള്‍ നടത്തിയിട്ടുണ്ട് എന്ന്  പരോക്ഷമായി ന്യായീകരിക്കുക പോലും ചെയ്തു. ചന്ദ്രശേഖരന്‍ കൊല നടന്ന ശേഷം അതിനെതിരെ പ്രതികരിക്കാന്‍ ധൈര്യം കാട്ടിയ കുറെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളുമുണ്ട്. പാര്‍ട്ടിയാണ് കൊലക്ക് പിന്നില്‍ എന്നറിഞ്ഞുകൊണ്ടുതന്നെ അതിന് തയ്യാറായ  ഈ പ്രവര്‍ത്തകരോളമെങ്കിലും ചിന്താപരമായി, ധാര്‍മികമായി ഉയരാന്‍ എം.എന്‍.വിജയന് കഴിഞ്ഞിരുന്നില്ല. ഇന്ന് ചന്ദ്രശേഖരന്‍വധത്തെ പരോക്ഷമായി ന്യായീകരിച്ചു എന്ന കുറ്റമാരോപിച്ച് പ്രഭാവര്‍മ എന്ന കവിക്ക് ഊരുവിലക്ക് പ്രഖ്യാപിച്ചവരാരും എം. എന്‍.വിജയനെ തള്ളിപ്പറയാന്‍ അന്ന് തയ്യാറായിരുന്നില്ല.  മനുഷ്യമനസ്സിന്റെ വൈരുദ്ധ്യങ്ങള്‍ എളുപ്പം മനസ്സിലാക്കാനോ വിശദീകരിക്കാനോ കഴിയില്ല. മന:ശാസ്ത്രത്തില്‍ അഭിരമിച്ച വിജയന്‍ മാസ്റ്റരുടെ കാര്യത്തില്‍ അത് ഒട്ടും കഴിഞ്ഞില്ല.

കേരളത്തിലെ രാഷ്ട്രീയക്കാരുടെ വൈരുദ്ധ്യങ്ങള്‍ ഇതില്‍മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. വധശിക്ഷ എടുത്തുകളയണം എന്ന ആവശ്യമുന്നയിച്ച് പ്രക്ഷോഭം നടത്താനും സെമിനാറുകള്‍ സംഘടിപ്പിക്കാനും ഇവിടെ ഇഷ്ടം പോലെ ആളെ കിട്ടും. കേരളത്തില്‍ കാല്‍ നൂറ്റാണ്ടിനിടയില്‍ എത്രപേരെ വധശിക്ഷയ്ക്ക് വിധേയമാക്കിയിട്ടുണ്ട് ? ഏറ്റവും ഒടുവില്‍ വധശിക്ഷ കേരളത്തില്‍ നടപ്പാക്കിയത് 1979 ലാണ്- 33 വര്‍ഷം മുമ്പ്. ഇപ്പോള്‍ വധശിക്ഷ കാത്തിരിക്കുന്ന പത്തുപേരുണ്ടെന്നത് ശരിതന്നെ. 33 വര്‍ഷത്തിനിടയില്‍ രാഷ്ട്രീയക്കാര്‍ എത്ര വധശിക്ഷ കേരളത്തില്‍ നടപ്പാക്കിയിട്ടുണ്ട് എന്നതിന് വല്ല കണക്കും അവരുടെ കൈവശമുണ്ടോ ? കൃത്യം കണക്കുകള്‍ പോലീസ് റിക്കോഡുകളില്‍ കാണുമായിരിക്കും. എന്തായാലും നൂറുകണക്കിനാളുകളെ കമ്യൂണിസ്റ്റുകാരും വിരുദ്ധരും കൊന്നൊടുക്കിയിട്ടുണ്ട്. അതവസാനിപ്പിക്കാന്‍ ചെറുവിരലനക്കാത്തവരാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കൊടിയ കുറ്റകൃത്യങ്ങള്‍ നടത്തിയവരെന്ന് കോടതികള്‍ കണ്ടെത്തിയവരെ വധശിക്ഷയ്ക്ക് വിധേയരാക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തുന്നത്. തത്ത്വത്തില്‍ ശരിയാണ്, ഭരണകൂടത്തിനും മനുഷ്യജീവനെടുക്കാന്‍ അവകാശമില്ല. വധശിക്ഷ പ്രാകൃതം തന്നെ. പക്ഷെ, ക്ലാസ് മുറിയില്‍ കയറിയും അച്ഛനമ്മമാര്‍ നോക്കി നില്‍ക്കെയും മനുഷ്യരെ രാഷ്ട്രീയത്തിന്റെ പേരില്‍ വെട്ടിക്കൊല്ലുന്നതാണോ ആദ്യം അവസാനിപ്പിക്കേണ്ടത് അതോ പതിറ്റാണ്ടില്‍ ഒന്നുപോലും ഇല്ലാത്ത വധശിക്ഷകളോ ?

നിയമങ്ങള്‍ നിര്‍മിക്കേണ്ട ജനപ്രതിനിധികളാകാന്‍ നമ്മുടെ സമ്മതി തേടി വരുന്നവരാണ് രാഷ്ട്രീയക്കാര്‍. വലിയ തത്ത്വങ്ങള്‍ക്കും ആശയങ്ങള്‍ക്കും വേണ്ടി പൊരുതുമെന്ന് നമ്മെ എപ്പോഴും ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നവരാണ് അവര്‍. മനുഷ്യാവകാശങ്ങള്‍ക്ക വേണ്ടി, അക്രമങ്ങള്‍ക്കും അനീതികള്‍ക്കും എതിരെ പൊരുതുന്നവരാണ് അവര്‍….അവരാണ് നീതിയുടെ കണിക പോലുമില്ലാതെ, പ്രാകൃത ഗോത്രസമൂഹങ്ങളില്‍ നടന്നതുപോലുള്ള കൊലകള്‍ ഒരു പരിഷ്‌കൃത സമൂഹത്തില്‍ ഇപ്പോളും നടത്തുന്നത്. അവരുടെ നേതാക്കളാണ് ഞങ്ങള്‍ ഒരുത്തനെ വെട്ടിക്കൊന്നു, ഒരുത്തനെ കുത്തിക്കൊന്നു,ഒരുത്തനെ വെടിവെച്ചുകൊന്നു എന്ന് മൈക്കിനുമുന്നില്‍ നിന്ന് എണ്ണിപ്പറയുന്നത്.

കേരളത്തില്‍ സി.പി.എം. ആണ് കൊലയാളി രാഷ്ട്രീയത്തില്‍ എപ്പോഴും ഒന്നാം റാങ്കില്‍ നില്‍ക്കുന്നത്. ഇടുക്കി ജില്ലാ സിക്രട്ടറി പച്ചക്ക് പറഞ്ഞപ്പോള്‍ കേട്ടവര്‍ ഞെട്ടിയെങ്കിലും കണ്ണൂരിലും മറ്റുപലേടങ്ങളിലും ഇത് അധികംപേരെ ഞെട്ടിക്കുകയില്ല. 1968 ന് ശേഷം അവിടെ നടന്ന കൊലപാതകങ്ങള്‍ക്ക് ഏറെയും സമാന സ്വഭാവങ്ങളാണ് ഉള്ളത്. യാദൃഛികമായ ഏറ്റുമുട്ടലുളില്‍ അവിടെ അധികം പേരൊന്നും മരിച്ചിട്ടില്ല.  നിരായുധനായ മനുഷ്യരെ കൂട്ടമായി ചെന്ന് വെട്ടിക്കൊല്ലുക എന്നതാണ് അവിടത്തെ രീതി. 99 ശതമാനം കൊലകളും അത്തരത്തിലാണ് നടക്കാറുള്ളത്. വല്ലപ്പോഴും നടക്കാറുള്ള ഒറ്റപ്പെട്ട കൊലകളും പ്രതികാര കൊലകളും പാര്‍ട്ടികള്‍ ഔദ്യോഗികമായി ഏറ്റെടുത്തപ്പോഴാണ് അവയുടെ ഭീകരത അസഹ്യമായ തലത്തിലേക്ക് ഉയര്‍ന്നത്. എല്ലാ പാര്‍ട്ടികള്‍ക്കും അതിനുള്ള സംവിധാനം ഒരുക്കുക സാധ്യമല്ല. സി.പി.എമ്മിന് കഴിഞ്ഞേടത്തോളം മറ്റൊരു പാര്‍ട്ടിക്കും അത് കഴിയുകയില്ല. മഹാത്മാക്കളായതുകൊണ്ടൊന്നുമല്ല അവരതിന് പുറപ്പെടാത്തത്. ഭീരുത്വവും സുഖലോലുപതയും വേണ്ടതിലേറെ ഉണ്ട്, അക്രമവാസന വേണ്ടത്ര ഇല്ല എന്നതാണ് അവരുടെ പൊതുസ്വഭാവം. രഹസ്യമായ പണസംഭരണം, ഗൂഡമായ ആസൂത്രണം, കൊലപാതകങ്ങളുടെ വിജയകരമായ നിര്‍വഹണം, അതിന്റെ വമ്പിച്ച പണച്ചെലവുള്ള കേസ് നടത്തിപ്പ് തുടങ്ങിയവ  അയഞ്ഞ സംവിധാനങ്ങളുള്ള പാര്‍ട്ടികള്‍ക്ക് മിക്കവാറും അസാധ്യമാണ്. കാഡര്‍ സംവിധാനമൊക്കെ ഉണ്ടെങ്കിലും ബി.ജെ.പി.ക്ക് അത് തുടരാന്‍ കഴിയാത്ത നില എത്തിയിട്ടുണ്ട്. സി.പി.എമ്മിന് അത് ഇപ്പോഴും തുടരാന്‍ കഴിയുന്നത്  ഘടനാപരമായ അര്‍ദ്ധസൈനിക സ്വഭാവവും രഹസ്യാത്മകതയും നിലനിര്‍ത്താന്‍ ആ പാ്ര്‍ട്ടിക്ക് സാധിച്ചത് കൊണ്ടാണ്.

വിപ്ലവം നടത്താന്‍വേണ്ടി ഉണ്ടാക്കിയതാണ് രഹസ്യാത്മക അര്‍ദ്ധസൈനിക പാര്‍ട്ടി സംവിധാനങ്ങള്‍. വിപ്ലവം ഇനി നമ്മുടെയൊന്നും ജന്മകാലത്ത് നടക്കാന്‍ പോകുന്നില്ല എന്നുറപ്പായ ശേഷവും തുടരുന്നു അര്‍ദ്ധസൈനിക രഹസ്യാത്മകത. അത് മറ്റുപല കാര്യങ്ങള്‍ക്കും സൗകര്യപ്രദമാണ്. കൊലപാതകങ്ങള്‍ പ്ലാന്‍ ചെയ്യാനും അതിന്റെ തുടര്‍നടപടികള്‍  നടത്താനുമുള്ള സംവിധാനം നിലനില്‍ക്കുന്നതുകൊണ്ടാണ് ഒഞ്ചിയത്തെ ചന്ദ്രശേഖരനെ നീണ്ട കാലത്തെ ആസൂത്രണത്തിലൂടെ കൊല്ലാന്‍ ആ പാര്‍ട്ടിക്ക് കഴിഞ്ഞത്. ഏതെങ്കിലും പ്രാദേശികനേതാക്കള്‍ക്ക് സ്വന്തം മുന്‍കൈയില്‍ നടത്താനാവുന്ന സംഗതിയല്ല അത്, നടത്താന്‍ അനുവദിക്കുന്ന സംവിധാനവുമല്ല ആ പാര്‍ട്ടിയുടേത്. വിപ്ലവ പാര്‍ട്ടിയുടെ സംവിധാനങ്ങളുമായി പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പല ഭവിഷ്യത്തുകളില്‍ ഒന്നാണ് പാര്‍ട്ടി ഇപ്പോള്‍ കേരളത്തില്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധി.

വിപ്ലവത്തിന്റെ വ്യാജമുഖംമുടികള്‍ വലിച്ചെറിയുകയും സുതാര്യമായ ജനാധിപത്യഘടന ഉള്‍ക്കൊള്ളുകയും ചെയ്യുക എന്നത് പ്രധാനമാണ്. എന്നാല്‍ അതുകൊണ്ടുമാത്രമായില്ല. സാമ്പത്തികാനുകൂല്യങ്ങള്‍ക്ക് വേണ്ടിമാത്രമുള്ള പോരാട്ടമായിക്കൂടാ രാഷ്ട്രീയം. പണവും ജീവിതസൗകര്യങ്ങളും മാത്രമാണ് ജീവിതലക്ഷ്യംഎന്ന തെറ്റായ ആശയമാണ് മുതലാളിത്തവാദികള്‍ മുന്നോട്ട് വെക്കുന്നത്. അത് അത്യാര്‍ത്തിയുടെ ലോകമാണ്. പണവും ജീവിതസൗകര്യങ്ങളും തന്നെയാണ് തങ്ങളുടെയും ലക്ഷ്യമെന്ന് മട്ടിലാണ്  ഇപ്പോള്‍ കമ്യൂണിസ്റ്റുകാര്‍ പോലും പ്രവര്‍ത്തിക്കുന്നത്. തൊഴിലാളി സംഘടനകളെ സംഘടിപ്പിക്കുന്നതുപോലും ഈ മുദ്രാവാക്യത്തെ മാത്രം ചുറ്റിപ്പറ്റിയാണെന്ന് വരുമ്പോള്‍ മൂല്യങ്ങള്‍ക്കോ വ്യക്തിജീവിതത്തിലെ എളിമയ്‌ക്കോ ലാളിത്വത്തിനോ സ്ഥാനമില്ലാതാവുന്നു. ലക്ഷ്യം സാമ്പത്തികമാവുകയും അത് നേടാന്‍ എന്തും ചെയ്യാമെന്ന് വരികയും ചെയ്തിരിക്കുന്നു. ലളിതജീവിതത്തിന്റെയും ഗാന്ധിയന്‍ അക്രമരാഹിത്യത്തിന്റെയും മൂല്യങ്ങള്‍ എല്ലാ രാഷ്ട്രീയപ്രവര്‍ത്തകരും ഉള്‍ക്കൊള്ളണം. വ്യക്തിജീവിതത്തില്‍ എല്ലാവരും പാലിക്കണം എന്ന് നാം ആഗ്രഹിക്കുന്ന അഹിംസാത്മകത രാഷ്ട്രീയത്തിലും അനിവാര്യമാണ്. രാഷ്ട്രീയം എന്നത് സമൂഹത്തെ കൂടുതല്‍ സംസ്‌കാരസമ്പന്നമാക്കാനുള്ളതുകൂടിയാണ്.
(Blog written in May 2012)

Leave a Reply

Your email address will not be published. Required fields are marked *

Go Top