കേസ് അന്വേഷണ വാര്‍ത്തകള്‍ കോടതിയലക്ഷ്യമോ ?

എൻ.പി.രാജേന്ദ്രൻ

ചന്ദ്രശേഖരന്‍ വധം മാധ്യമശ്രദ്ധ ആകര്‍ഷിച്ചപ്പോള്‍ സി.പി.എം. നേതാക്കള്‍ ചോദിച്ച ഒരു ചോദ്യമുണ്ട്. ഇതാദ്യമായാണോ കേരളത്തില്‍ ഒരു രാഷ്ട്രീയകൊലപാതകം നടക്കുന്നത് എന്നായിരുന്നു ചോദ്യം. ഈ കേസ് ഒരു പ്രത്യേക ഘട്ടത്തിലെത്തിനില്‍ക്കെ സി.പി.എം. നേതാക്കള്‍ കോടതിയെ സമീചിപ്പിച്ചിക്കുന്നത് കേസ്സന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത് തടയണം എന്നാവശ്യപ്പെടാനാണ്. തിരിച്ചൊരു ചോദ്യം ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയോട് ചോദിക്കാവുന്നതാണ്- ഇതാദ്യമായാണോ മാധ്യമങ്ങള്‍ കേസ് അന്വേഷണവിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത് ?

ജനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ അറിയിക്കുക എന്നത് എന്നത് മാധ്യമങ്ങളുടെ ചുമതല തന്നെയാണ്. ജനശ്രദ്ധയാകര്‍ഷിച്ച ഒരു സംഭവം ഉണ്ടായാല്‍ അത് സംബന്ധിച്ച പരമാവധി വിവരങ്ങള്‍ ജനങ്ങളെ മാധ്യമങ്ങള്‍ അറിയിക്കും. കോടതിയില്‍ കുറ്റപത്രം കൊടുക്കുന്നതുവരെ എല്ലാ രഹസ്യമാക്കി വെക്കണം എന്ന് പറയുന്നത് മൗഡ്യമാണ്. ഏതുതരം കൊലക്കേസ്സിലും പോലീസും മാധ്യമങ്ങളും അനുവര്‍ത്തിക്കുന്നത് ഒരേ നയമാണ്. പരമാവധി കുറച്ചുവിവരങ്ങള്‍ പുറത്തുകൊടുക്കാനാണ് പോലീസ് നോക്കുക, പരമാവധി പുറത്തുകൊണ്ടുവരാനാണ് മാധ്യമങ്ങള്‍ നോക്കുക. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തില്‍ എന്തെങ്കിലും വ്യത്യസ്തമായിട്ടുണ്ടോ ? ഉണ്ട്. പതിവില്‍ നിന്ന് വ്യത്യസ്തമായി പരമാവധി വിവരങ്ങള്‍ പുറത്തുകൊടുക്കാനാവണം ഈ കേസ്സില്‍ പോലീസ് ശ്രമിക്കുന്നത്. അതില്‍ രാഷ്ട്രീയ താല്പര്യമുണ്ടാവുമെന്ന് ഉറപ്പ്. പക്ഷേ അതുകൊണ്ട് മാത്രം അത് നിയമവിരുദ്ധമോ കോടതി ഇടപെടേണ്ട സംഗതിയോ ആകുന്നില്ല. സി.പി.എം. ഭരിക്കുകയും കൊല കോണ്‍ഗ്രസ്സുകാര്‍ നടത്തുകയും ചെയ്തിരുന്നുവെങ്കിലും ഇതുതന്നെയാവും സംഭവിക്കുക.

പോലീസ് പുറത്തുനല്‍കുന്ന വിവരങ്ങള്‍ സത്യമാണ് എന്നതിന് എന്തുറപ്പാണ് ഉള്ളത് എന്ന ന്യായമായും ചോദിക്കാം. പ്രതികളെ ചോദ്യം ചെയ്യുന്നേടത്തൊന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ല. ചോദ്യം ചെയ്യലിന്റെ വീഡിയോ ചിത്രം മാധ്യമപ്രവര്‍ത്തകരെ കാണിക്കില്ല, പ്രതികള്‍ ഒപ്പുവെച്ച മൊഴിരേഖയും കാണാറില്ല. ഇന്നയാള്‍ ഇന്നത്  പറഞ്ഞു എന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നതാണ് പത്രങ്ങൡ വരുന്നത്. ചാനലുകള്‍ക്ക് മുന്നില്‍ വന്നല്ല അവര്‍ ഇത്തരം കാര്യങ്ങള്‍ പറയാറുള്ളത്.  അതുകൊണ്ടുതന്നെ അവര്‍ രഹസ്യമായി പറഞ്ഞതെല്ലാം സത്യമാണ് എന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും ഉറപ്പിച്ചുപറയാനാവില്ല. ഏത് പോലീസ് ഉദ്യോഗസ്ഥനാണ് പറഞ്ഞത് എന്ന് വെളിപ്പെടുത്താന്‍ പോലും മാധ്യമപ്രവര്‍ത്തകര്‍ക്ക് അവകാശമില്ല. വാര്‍ത്താേ്രസാതസ് ആയ പോലീസ് ഓഫീസറെ വിശ്വസിക്കുകയല്ലാതെ മാധ്യമപ്രവര്‍ത്തര്‍ക്ക് വേറൊരു നിവൃത്തിയുമില്ല.

ചന്ദ്രശേഖരന്‍ വധക്കേസ്സില്‍ മാത്രമല്ല, ഇന്നുവരെ ഉണ്ടായ എല്ലാ കേസ്സുകളിലും ഇതാണ് സ്ഥിതി. തീവ്രവാദക്കേസ് എന്നും മറ്റും പറഞ്ഞ് എത്ര കേസ്സുകളില്‍ എത്ര നിരപരാധികള്‍ ജീവിതത്തിലൊരിക്കലും രക്ഷപ്പെടാനാവാത്ത വിധത്തില്‍ മുദ്രയടിക്കപ്പെട്ടിട്ടുണ്ട്. ഒരു ഉദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ ആരെയും ഇങ്ങനെ മുദ്രയടിക്കാനാവും, ഏത് അസത്യവും ഏത് പത്രത്തിലും വരുത്താനാവും എന്നതാണ് യാഥാര്‍ത്ഥ്യം. ഇതുതടയുക സാധ്യമാണെന്ന് തോന്നുന്നില്ല.

സി.പി.എം നേതാവ് കോടതിയെ സമീപിച്ചിരിക്കുന്നത് തെറ്റായ വിവരങ്ങള്‍ പുറത്ത് കൊടുക്കുന്നതില്‍ നിന്ന് പോലീസ്സിനെ വിലക്കണം എന്ന് ആവശ്യപ്പെടാനല്ല. കേസ് അന്വേഷണവിവരങ്ങള്‍ അസമയത്ത് പോലീസ് പുറത്ത് കൊടുക്കുന്നത് തടയണം എന്നാവശ്യപ്പെടാനുമല്ല. കേസ് അന്വേഷണവിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയ മാധ്യമങ്ങള്‍ക്കെതിരെ കോടതിയലക്ഷ്യനിയമപ്രകാരം കേസ് എടുക്കണം എന്നാവശ്യപ്പെടാനാണ്. ഇത് മാധ്യമസ്വാതന്ത്ര്യം പരിമിതപ്പെടുത്താനുള്ള ശ്രമമായേ കാണാനാവൂ. അന്വേഷണ വിവരങ്ങള്‍ എല്ലാ കേസ്സിലും മാധ്യമങ്ങളില്‍ നിന്ന് മറച്ചുവെക്കുന്നത് നീതിയുടെ നടത്തിപ്പിന് തീര്‍ത്തും ഹാനികരമാണ്. എന്തെല്ലാം വിവരങ്ങള്‍ പരസ്യപ്പെടുത്താം, ഏത് ഘട്ടത്തില്‍ പരസ്യപ്പെടുത്താം എന്ന് തീരുമാനിക്കുന്നതിനുള്ള ഉത്തരവാദിത്തം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വേണം. കുറെ കാര്യങ്ങള്‍ മറച്ചുവെക്കേണ്ടിവരാം. പക്ഷേ അതൊന്നും തീരുമാനിക്കുന്നത് കേസ്സിലെ പ്രതികളായിക്കൂടാ, പ്രതിഭാഗം വക്കീലന്മാരുമായിക്കൂടാ.

(Published in Madhyamam Daily dated 1 June 2012)

Leave a Reply

Your email address will not be published. Required fields are marked *

Go Top