ഭരണവിരുദ്ധ വികാരമോ വി.എസ്.തരംഗമോ ?

എൻ.പി.രാജേന്ദ്രൻ

ഈ തിരഞ്ഞെടുപ്പില്‍ ഏത് മുന്നണിക്കാണ് ഭൂരിപക്ഷം ലഭിക്കുക ? സാധാരണ ഗതിയില്‍ അത്രയധികം ആലോചിക്കാനൊന്നുമില്ല. കുറെ കാലമായി കേരളം കൃത്യതയോടെ പിന്തുടരുന്ന ഒരു രീതിയുണ്ട്. ഒരു ചാന്‍സ് എല്‍.ഡി.എഫിന്, അടുത്തത് യു.ഡി.എഫിന്. 1980 ല്‍ തുടങ്ങിയ ഈ രീതിയ്ക്ക് മുപ്പത് വര്‍ഷമായി മാറ്റമുണ്ടായിട്ടില്ല. അതനുസരിച്ച് ഇത്തവണ യു.ഡി.എഫ് അധികാരത്തില്‍ വരും.

എന്താണ് ഇക്കാര്യത്തില്‍ വല്ല സംശയവുണ്ടോ ? ഒട്ടും സംശയമില്ല എന്ന് പറഞ്ഞുകൂടാ. 2009 ല്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെയും 2010 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെയും ഫലങ്ങള്‍ പരിശോധിക്കുന്ന ഒരാള്‍ക്കും സംശയത്തിന് ഇടമില്ല. 20 പാര്‍ലമെന്റ് സീറ്റുകളില്‍ 16 ഉം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയാണ് നല്ല ഭൂരിപക്ഷത്തിന് നേടിയത്. 140 അസംബ്ലി മണ്ഡലങ്ങളുള്ളതില്‍ നൂറിലും യു.ഡി.എഫ് പക്ഷമാണ് ലീഡ് നേടിയത്. പിന്നീട് നടന്ന പഞ്ചായത്ത്- മുന്‍സിപ്പാല്‍ തിരഞ്ഞെടുപ്പും ഇതേ രീതിയാണ് ആവര്‍ത്തിച്ചത്. അതനുസരിച്ച് യു.ഡി.എഫ് വലിയ ആത്മവിശ്വാസത്തിലായിരുന്നു. മറിച്ചൊന്നും പറയാന്‍ ഇടതുപക്ഷത്തിന് ഒരു പഴുതുമുണ്ടായിരുന്നില്ല.

പിന്നീട് എന്തെങ്കിലും സംഭവിച്ചുവോ ? ചിലതെല്ലാം സംഭവിച്ചു. 2009 ലെ തിരഞ്ഞെടുപ്പില്‍ രണ്ടുഘടകങ്ങള്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്നു. ഒന്ന്, പതിവുപോലെ ഭരണവിരുദ്ധവികാരം. ആര് അഞ്ചുവര്‍ഷം ഭരിച്ചാലും അതില്‍ അസംതൃപ്തരാകാനേ മൂന്നുപതിറ്റാണ്ടായി കേരളീയര്‍ക്ക് കഴിയൂ. അതനുസരിച്ച,് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായുള്ള കേരളഭരണത്തില്‍ ജനങ്ങള്‍ അസംതൃപ്തരായിരുന്നു. യഥാര്‍ത്ഥത്തില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതുതന്നെ ജനങ്ങളുടെ വളരെ പ്രകടമായ ഭരണവിരുദ്ധ വികാരത്തെ മറികടക്കാനുള്ള കോണ്‍ഗ്രസ് തന്ത്രത്തിന്റെ ഭാഗമായിട്ടായിരുന്നു. അതിനുമുമ്പും കോണ്‍ഗ്രസ് പയറ്റിനോക്കിയിട്ടുള്ള ഒരുവിദ്യയായിരുന്നു അത്. 1996ല്‍ സ്ഥാനമേറ്റ കെ.കരുണാകരന്റെ ഭരണം ഏറെ അസംതൃപ്തി ഉണ്ടാക്കിയപ്പോഴാണ് അദ്ദേഹത്തെ താഴെയിറക്കി കോണ്‍ഗ്രസ്സുകാര്‍ എ.കെ.ആന്റണിയെ മുഖ്യമന്ത്രിയാക്കിയത്. ജനങ്ങള്‍ പക്ഷേ അതത്ര കാര്യമാക്കിയില്ല. ആന്റണിയുടെ ഭരണത്തോട് അന്ന് അത്ര പ്രകടമായ അസംതൃപ്തിയൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ജനങ്ങള്‍ ഇടതുപക്ഷത്തെയാണ് ഭരണത്തിലേറ്റിയത്. ഇത് 2006 ലും ആവര്‍ത്തിക്കപ്പെട്ടു. ആന്റണിയുടെ നേതൃത്വത്തില്‍ ഭരണം നടക്കുമ്പോഴാണ് ലോക് സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് എട്ടുനിലയില്‍ പൊട്ടിയത്. കരുണാകരനെ ഇറക്കിയതിന്റെ ഗുണഭോക്താവായി അധികാരത്തില്‍ വന്നതിന്റെ കുറ്റബോധം തികട്ടി വന്നിട്ടാവുമോ എന്ന് വ്യക്തമല്ല, പാര്‍ട്ടിക്കുള്ളില്‍നിന്ന് രാജിക്കുവേണ്ടിയുള്ള മുറവിളി ഉയരുന്നതിന് മുമ്പ് ആന്റണി രാജിവെച്ചൊഴിഞ്ഞു. തുടര്‍ന്ന് അധികാരത്തില്‍ വന്ന ഉമ്മന്‍ചാണ്ടി അദ്ദേഹത്തിനാവുംവിധമുള്ള വിദ്യകളൊക്കെ പയറ്റിയെങ്കിലും അഞ്ചുകൊല്ലമെന്ന കാലാവധിയില്‍ വോട്ടര്‍മാര്‍ ഉറച്ചുതന്നെ നിന്നു.

വി.എസ് ഘടകം ചെലുത്തിയ സ്വാധീനം

യഥാര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ കുറച്ചുനാളത്തെ ഭരണത്തെ കുറിച്ച് വലിയ അസംതൃപ്തിയൊന്നും ജനങ്ങള്‍ക്കുണ്ടായിരുന്നില്ലെന്നതാണ് സത്യം. ആന്റണിയുടെ ഭരണാവസാനം ഉണ്ടായിരുന്ന അസംതൃപ്തി കുറക്കുന്നതില്‍ ഉമ്മന്‍ ചാണ്ടി കുറെയേറെ വിജയിച്ചിരുന്നു എന്നാണ് ഹിന്ദു-സി.എന്‍.എന്‍-ഐ.ബി.എന്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പ് കണ്ടെത്തിയത് 2004 ല്‍ 41 ശതമാനമാളുകള്‍ക്കുണ്ടായിരുന്ന അതൃപ്തി 35 ശതമാനത്തിലേക്ക് കുറക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അതുപക്ഷേ ജയിക്കാന്‍ ഒട്ടും പോരായിരുന്നു. മറ്റൊരു ശ്രദ്ധേയമായ കണ്ടെത്തലും ഈ സര്‍വെയില്‍ ഉണ്ടായി. റോഡ്, വൈദ്യുതിവിതരണം, കുടിവെള്ള ലഭ്യത, വിദ്യാഭ്യാസം, വൈദ്യസഹായം എന്നീ മേഖലകളില്‍ അഞ്ചുവര്‍ഷക്കാലത്തെ ഭരണം കൊണ്ടുണ്ടായ നേട്ടങ്ങളില്‍ ഭൂരിപക്ഷം ജനങ്ങള്‍ തൃപ്തരായിരുന്നു എന്ന് സര്‍വെ വ്യക്തമാക്കി. ജയിക്കാന്‍ അതും പോര. എല്ലാം വിലയിരുത്തിയാവണമല്ലോ ജനങ്ങള്‍ യു.ഡി.എഫ് സര്‍ക്കാറിന് പാസ്മാര്‍ക്ക് കൊടുക്കേണ്ട എന്ന് തീരുമാനിച്ചത്.

യു.ഡി.എഫിന്റെ അഞ്ചുവര്‍ഷത്തെ ഭരണത്തെകുറിച്ച് എന്ത് അഭിപ്രായവ്യത്യാസമുണ്ടായാലും ശരി, ജനങ്ങള്‍ക്ക് ഒരു കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നില്ല. അഞ്ചു വര്‍ഷത്തെ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്റെ പ്രവര്‍ത്തനം അതുല്യമായിരുന്നു. അഞ്ചുവര്‍ഷക്കാലം അദ്ദേഹം സംസ്ഥാനത്തുടനീളം മലയും മേടും കയറിയിറങ്ങി രാപ്പകല്‍ വ്യത്യാസമില്ലാതെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു. അഴിമതിക്കും സ്ത്രീപീഡനത്തിനും മറ്റനേകം അതിക്രമങ്ങള്‍ക്കുമെതിരായ ഗര്‍ജനമായി അതുമാറിയത് ജനങ്ങള്‍ക്ക് ശ്രദ്ധിക്കാതെ പറ്റുമായിരുന്നില്ല. പാര്‍ട്ടി മടിച്ചുനിന്ന പോരാട്ടങ്ങളില്‍പോലും അദ്ദേഹം നേതൃത്വം വഹിച്ചു. സി.പി.എമ്മിനകത്തെ ഗ്രൂപ്പ് പോര് വി.എസ്സിന് സീറ്റ് നിഷേധിക്കുന്നതിലേക്ക് നയിച്ചെങ്കിലും അതുണ്ടാക്കിയ വിവാദവും പ്രതികരണവും എല്‍.ഡി.എഫിന് അനുകൂലമായാണ് മാറിയത്. പാര്‍ട്ടിക്ക് പുറത്ത് ഉണ്ടായ പ്രതികരണം പാര്‍ട്ടി നേതൃത്വത്തെ സ്വാധീനിക്കുന്ന അവസ്ഥ ആദ്യമായി സി.പി.എമ്മിലുണ്ടായി. കേന്ദ്ര നേതൃത്വം ഇടപെട്ട് അദ്ദേഹത്തിന് മത്സരിക്കാന്‍ അവസരം നല്‍കിയത് സംസ്ഥാനത്തുണ്ടാക്കിയത് വന്‍ തരംഗംതന്നെയായിരുന്നു. 2006 ലെ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് 140ല്‍ 98 സീറ്റില്‍ വന്‍ജയം നേടിക്കൊടുക്കുന്നതിലേക്ക് ഇത് നയിച്ചു.

കോണ്‍ഗ്രസ് ഭരണത്തിനെതിരായ വികാരമാണോ അതല്ല വി.എസ് അനുകൂല തരംഗമാണോ എല്‍.ഡി.എഫിന് വിജയം നേടിക്കൊടുത്തതെന്ന് ആരും ചോദിക്കാറില്ല. രണ്ടും ഏതാണ് സമാനമായാണല്ലോ മുന്നേറിയിരിക്കുക. വി.എസ്സിന് സീറ്റ് കൊടുത്തില്ലായിരുന്നെങ്കില്‍ ഇടതുപക്ഷം തോറ്റുപോകുമായിരുന്നോ? ഉറപ്പായിട്ടൊന്നും പറയാനാവില്ല. വി.എസ് ഘടകം എന്നതൊരു ചര്‍ച്ചാവിഷയം പോലും ആയിട്ടില്ലാത്ത 2004 ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നേടിയത് വന്‍വിജയമായിരുന്നല്ലോ. തുടര്‍ന്ന് പഞ്ചായത്ത്-മുന്‍സിപ്പാല്‍ തിരഞ്ഞെടുപ്പിലും ഇടതുപക്ഷമാണ് ജയിച്ചത്. വി.എസ് രംഗതത്തില്ലായിരുന്നുവെങ്കിലും 2006 ല്‍ ഇടതുമുന്നണി തന്നെ അധികാരത്തില്‍ വരുമായിരുന്നു എന്ന് സി.പി.എം നേതൃത്വം കണക്കുകൂട്ടിയത് അബദ്ധമാണെന്ന് പറയാന്‍ പറ്റില്ല. അങ്ങനെ ചിന്തിച്ചതിന്റെ രാഷ്ട്രീയ ധാര്‍മികത വേറെ വിഷയം.
വി.എസ് വീണ്ടും

2011 ഏപ്രിലില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഈ വിവരങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. 2006 ല്‍ നിര്‍ണായകമായ രണ്ടുഘടകങ്ങള്‍ ആരും പ്രതീക്ഷിക്കാതെ ഇത്തവണയും നിര്‍ണായക ഘടകങ്ങളായി മാറിയിരിക്കുന്നു. അഞ്ചുവര്‍ഷം ഭരണം കൈയാളിയ ആള്‍ക്കെതിരെ ഉയര്‍ന്നുവരേണ്ടത് ഭരണവിരുദ്ധവികാരമാണ്. ആന്റണിയെയും ഉമ്മന്‍ചാണ്ടിയെയും പോലുള്ള പ്രഗത്ഭന്മാര്‍ ആ വികാരത്തിന്റെ തിരയിലാണ് തലയടിച്ച് വീണത്. അച്യുതാനന്ദനെതിരെയും ഇതാ അത് ആഞ്ഞടിക്കാന്‍ പോവുകയാണ് എന്ന് യു.ഡി.എഫ് പ്രതീക്ഷിച്ചുകൊണ്ടിരിക്കേ…… എന്താണ് സംഭവിച്ചത് ? ഭരണവിരുദ്ധതരംഗമല്ല, തരംഗം വി.എസ്സിന് അനുകൂലമായി ഉണ്ടാകുന്നു എന്നതാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. -അത് ഉണ്ടോ ഇല്ലയോ എന്നത് മറ്റൊരു കാര്യം.

അഞ്ചുവര്‍ഷത്തെ ഭരണം കൊണ്ട് വി.എസ് എന്തെങ്കിലും വലിയ നേട്ടമുണ്ടാക്കിയതായി വി.എസ് ആരാധകര്‍ പോലും അവകാശപ്പെടില്ല. വി.എസ്സിനെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ല എന്ന പരാതിയൊക്കെ കാണുമായിരിക്കും. പക്ഷേ അത് എല്‍.ഡി.എഫിന് അനൂകൂലമായി ഉയര്‍ത്തേണ്ട വിഷയമേ അല്ലല്ലോ. വി.എസ് ഇല്ലായിരുന്നെങ്കില്‍ നടക്കുമായിരുന്ന ഒരു പാട് അതിക്രമങ്ങളും അക്രമങ്ങളും തടയാന്‍ വി.എസ്സിന് കഴിഞ്ഞു എന്നുപറയുന്നവരും ഉണ്ട്. സത്യമാവാം, പക്ഷേ ഇതും ഇടതുപക്ഷത്തിന് വോട്ട് ചെയ്യാനല്ല, ചെയ്യാതിരിക്കാനാണ് ഒരാളെ പ്രേരിപ്പിക്കേണ്ടത്. വലിയ ചീത്തപ്പേരുകളൊന്നും ഉണ്ടാക്കിയിട്ടില്ലെങ്കിലും ശരാശരിയില്‍ കൂടുതല്‍ ഉയരാത്തതാണ് ഭരണമെന്നേ ആരും പറയൂ. ആ നേട്ടങ്ങള്‍ പോലും ജനങ്ങളിലെത്താതിരിക്കാന്‍ സി.പി.എമ്മും കുറെയൊക്കെ മറ്റുഘടകകക്ഷികളും കൂട്ടായി പരിശ്രമിച്ചു എന്നുവേണം പറയാന്‍. ആഭ്യന്തരവഴക്കുകള്‍ ഒരിക്കലും അവസാനിച്ചിരുന്നില്ല. ഇതെല്ലാമായിട്ടും എന്തിനാണ് ജനങ്ങള്‍ വീണ്ടും വി.എസ് എന്ന വിഗ്രഹത്തിനുചുറ്റും അലമുറയിട്ട് തടിച്ചുകൂടുന്നത്?

അഞ്ചുവര്‍ഷക്കാലും പാര്‍ട്ടിക്കകത്തെ പോരുകളുടെ പേരില്‍ മാത്രമാണ് വി.എസ്സിന്റെ പേര് ജനങ്ങള്‍ കേട്ടിരുന്നത്. ഭരണത്തില്‍ വരുന്നതിന് മുമ്പ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച പ്രശ്‌നങ്ങളിലൊന്നും പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പ് യോഗങ്ങളിലെല്ലാം നല്ല ഇഫക്റ്റ് ഉണ്ടാകുംവിധം ആവര്‍ത്തിച്ച്് ആളുകളെ, പ്രത്യേകിച്ച് സ്ത്രീവോട്ടര്‍മാരആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചതാണ് ‘ സ്ത്രീപീഡനക്കാരെ കൈയാമം വെച്ച് തെരുവിലൂടെ നടത്തിക്കും’ എന്ന വാഗ്ദാനം. ഒരു സ്ത്രീപീഡകനെയും നടത്തിക്കാനായില്ല. പക്ഷേ, സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പുവെച്ചതും കുഞ്ഞാലിക്കുട്ടിയുടെ പഴയ അപവാദകഥയ്ക്ക് പുതിയ ട്വിസ്റ്റ് ഉണ്ടായതും ബാലകൃഷ്ണപ്പിള്ളയെ ജയിലിലടച്ചതും ഉള്‍പ്പെടെ അവസാനത്തെ കാല്‍ വര്‍ഷത്തിനിടയില്‍ ഉണ്ടായ ചില യാദൃച്ഛിക സംഭവങ്ങള്‍ വി.എസ്സിന്റെ പ്രതിച്ഛായയുടെ ഗ്രാഫ് ഉയര്‍ത്തി. തോറ്റ് തുന്നം പാടും എന്ന് പേടിച്ചരണ്ട് ഇരിപ്പായിരുന്ന ഇടതുമുന്നണി അണികളിലും നേതൃത്വത്തിലും പ്രതീക്ഷയുടെ തിരി കൊളുത്താന്‍ ആ സംഭവങ്ങളിലൂടെ വി.എസ്സിനായി. നാലേ മുക്കാല്‍ വര്‍ഷത്തെ നിഷ്‌ക്രിയത്വവും അലംഭാവവും മറക്കാനും മറയ്ക്കാനും ഇത് മതിയാകുമെന്ന പ്രതീക്ഷയും പാര്‍ട്ടിയിലുണ്ടായി. തിരഞ്ഞെടുപ്പോടെ വി.എസ്സിന്റെ രാഷ്ട്രീയ അധ്യായം അവസാനിക്കും എന്ന കരുതിയവര്‍പോലും വി.എസ് വീണ്ടും മത്സരിക്കുമോ എന്നുചോദിച്ചുതുടങ്ങി. കിട്ടുന്ന ആദ്യത്തെ അവസരം വി.എസ്സിനെ പാര്‍ട്ടി കരുവേപ്പില പോലെ വലിച്ചെറിയണമെന്ന് മോഹിച്ച ഔദ്യോഗികവിഭാഗം നേതാക്കള്‍ പോലും വി.എസ്സിന്റെ ജനപ്രീതി വോട്ടുനേടാന്‍ ഉപയോഗിക്കുന്നതല്ലേ ബുദ്ധി എന്നുചിന്തിച്ചുതുടങ്ങിയിരുന്നു. അങ്ങനെ വി.എസ് തന്നെ വീണ്ടും മുന്നണിയെ നയിക്കുമെന്ന് പൊതുധാരണ ഉണ്ടായതുകൊണ്ടാണ് യു.ഡി.എഫുകാര്‍ പിണറായിയെയും ലാവ്‌ലിനെപ്പോലും കൈവിട്ട്് വി.എസ്സിനുനേരെ തോക്ക് തിരിച്ചത്. വി.എസ്സിന് സീറ്റ് കൊടുക്കേണ്ട എന്ന തീരുമാനം എല്ലാകണക്കുകൂട്ടലുകള്‍ക്കും എതിരും അപക്വവും വേണ്ടത്ര ആലോചിക്കാതെയുള്ളതുമാണെന്ന് തുടര്‍ന്നുള്ള സംഭവങ്ങള്‍ തെളിയിച്ചു. ഒരിക്കല്‍ കൂടി ജനമധ്യത്തില്‍ പാര്‍ട്ടി വഷളായി, വി.എസ് പുണ്യവാളനായി.
കളി തുടങ്ങുന്നത് സമനിലയില്‍

വീണ്ടും വി.എസ്സിന് അനുകൂലമായി വികാരതരംഗമുണ്ടാക്കാന്‍ ഈ സംഭവങ്ങള്‍ പ്രയോജനപ്പെടുമോ എന്നതാണ് ചോദ്യം. ഒരു കാര്യം മാത്രമേ ഈ ഘട്ടത്തില്‍ ഉറപ്പിച്ചുപറയാനാവൂ. തോറ്റ് തുന്നം പാടാന്‍ പോകുന്ന ഇടതുമുന്നണിയും ഭൂരിപക്ഷം എത്ര എന്നുമാത്രം അറിയാന്‍ കാത്തുനില്‍ക്കുന്ന യു.ഡി.എഫും എന്ന അവസ്ഥ ഈ ഘട്ടത്തില്‍ ഇല്ലേയില്ല. രാഷ്്ട്രീയത്തിലെ അവസാന സംഭവം അതിനുമുമ്പത്തെ അഞ്ചുവര്‍ഷത്തെയും ചിലപ്പോള്‍ വിസ്മൃതിയിലാഴ്ത്തും. അഞ്ചുവര്‍ഷത്തെ ഭരണം ഇപ്പോള്‍ ആളുകളുടെ മനസ്സിലില്ല. പ്രചാരണം മുന്നോട്ടുപോകുമ്പോള്‍, വോട്ടെടുപ്പ് മുന്നിലെത്തുമ്പോള്‍ ഈ നില മാറാം, മാറാതിരിക്കാം. ഇപ്പോള്‍ എന്തായാലും സമനിലയിലാണ് കളി നടക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി സംസ്ഥാനത്തുടനീളം പ്രകടനങ്ങള്‍ നടന്നത് തുടക്കത്തില്‍ തലവേദനയുണ്ടാക്കിയത് എല്‍.ഡി.എഫിനെയാണ്. പക്ഷേ, യു.ഡി.എഫ് സ്ഥാനാര്‍ഥി നിര്‍ണയത്തെചൊല്ലിയും സംസ്ഥാനത്ത് ഉടനീളമാണ് പ്രതിഷേധ പ്രകടനം നടന്നത്. വിരോധാഭാസമായി തോന്നാം, യു.ഡി.എഫിലെ അസ്വാരസ്യം എല്‍.ഡി.എഫിനാണ് ഗുണം ചെയ്യുക. എല്‍.ഡി.എഫിലെ അസ്വാരസ്യവും( വി.എസ് സീറ്റിനെ ചൊല്ലിയുള്ളത് ) അവര്‍ക്ക് തന്നെയാണ് ഗുണം ചെയ്തത് !

വി.എസ്സിനെ ചൊല്ലി അവസാനം പൊട്ടിയ പടക്കങ്ങള്‍ വോട്ടര്‍മാരുടെ തീരുമാനങ്ങളെ സ്വാധീനിക്കുമോ ? സ്വാധീനിക്കുമെങ്കില്‍തന്നെ എത്ര ശതമാനമാളുകള്‍ അവരുടെ തീരുമാനം മാറ്റും ? കേരളത്തില്‍ രണ്ടുപക്ഷത്തിനും ഒരിക്കലും കൈവെടിയാതെ ഒപ്പം നില്‍ക്കുന്ന നല്ലൊരു വിഭാഗം വോട്ടര്‍മാരുണ്ട്. 90ശതമാനം വോട്ടുകള്‍ മുന്നണികള്‍ക്കും കക്ഷികള്‍ക്കും സ്ഥിരമായി പോകുന്നവയാണ്. പത്തുശതമാനത്തില്‍ താഴെ വോട്ടുകളാണ് മാറിയും മറിഞ്ഞും പോകാറുള്ളത്. അതില്‍ തന്നെ രണ്ടോ മൂന്നോ ശതമാനം മതി ഭരണമാര്‍ക്ക് എന്ന് നിശ്ചയിക്കാന്‍. എത്ര ശതമാനത്തിന്റെ വ്യത്യാസമാണ് ഒരോ തിരഞ്ഞെടുപ്പിലുമുണ്ടാകാറുള്ളത് ? 1.3 ശതമാനം മുതല്‍ ആറുശതമാനം വരെയുള്ള വോട്ട് വ്യത്യാസമാണ് കേരളത്തില്‍ ഭരണമാര്‍ക്ക് എന്ന് തീരുമാനിക്കുന്നത്. 1980 ശേഷമുള്ള കണക്കുകള്‍ നോക്കാം.

വര്‍ഷം ജയിച്ച മുന്നണി, സീറ്റ് നില വോട്ട് വ്യത്യാസം എന്ന ക്രമത്തില്‍
1980 എല്‍.ഡി.എഫ് 93-46 6.0 %
1982 യു.ഡി.എഫ് 78-62 1.8 %
1987 എല്‍.ഡി.എഫ് 79-61 2.3 %
1991 യു.ഡി.എഫ് 90-50 2.6 %
1996 എല്‍.ഡി.എഫ് 80-59 1.3 %
2001 യു.ഡി.എഫ് 99-40 5.4 %
2006 എല്‍.ഡി.എഫ് 98-42 6.0 %

ഈ കണക്കുകളിലൊന്നും പെടാത്ത 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് എടുക്കുക. 2004 ല്‍ 18 സീറ്റുകളിലാണ് ഇടതുപക്ഷം ജയിച്ചിരുന്നതെങ്കില്‍ 2009ല്‍ യു.ഡി.എഫ് 16 സീറ്റിലാണ് ജയിച്ചത്. മൂന്നുശതമാനം വോട്ടിന്റെ വ്യത്യാസം കൊണ്ടാണ് ഇത് സംഭവിച്ചത്. ്രഗൂപ്പിസം, അഴിമതി എന്നിവയൊന്നും പോരെന്ന മട്ടില്‍ ജയില്‍ വിമോചിതനായ പി.ഡി.പി.നേതാവ് മഅദനിയുമായി പരസ്യമായി കൂട്ടുകെട്ടുണ്ടാക്കിയാണ് സി.പി.എം നേതൃത്വം ഇടതുമുന്നണിയെ കുഴപ്പത്തിലാക്കിയത്. ഇവിടെയും വലിയ ഒരു വൈരുദ്ധ്യം കാണാം. തിരഞ്ഞെടുപ്പ് കാലത്ത് വളരെ ആധികാരികതയുള്ള ഏജന്‍സി നടത്തിയ സര്‍വെ കണ്ടെത്തിയത് 60 ശതമാനമാളുകള്‍ക്ക് ഇടതുപക്ഷ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ വലിയ അതൃപ്തിയെന്നും ഇല്ല എന്നായിരുന്നു.

കക്ഷികളുടെ മാറ്റങ്ങള്‍

കക്ഷികളുടെ മുന്നണി മാറ്റങ്ങള്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ കാര്യമായ സ്വാധീനം ചെലുത്താറില്ലെന്നത് മിക്കപ്പോഴും മറച്ചുവെക്കപ്പെടുന്ന വസ്തുതയാണ്. മുസ്ലിം ലീഗിനെയോ കേരളാ കോണ്‍ഗ്രസ്സിനെയോ പോലെ ശക്തമായ വോട്ട് ബാങ്കുള്ള പാര്‍ട്ടികള്‍ക്ക് മാത്രമേ ഒരു തരംഗത്തെ മറികടക്കും വിധമുള്ള സ്വാധീനം വോട്ടെടുപ്പില്‍ ചെലുത്താന്‍ കഴിയാറുള്ളൂ. അതുകൊണ്ടുതന്നെ കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിന് ശേഷം ചില ദുര്‍ബലകക്ഷികള്‍ മുന്നണി മാറിയത് സംസ്ഥാനത്തിന്റെ മൊത്തം രാഷ്ട്രീയ നിലയില്‍ കാര്യമായ സ്വാധീനം ചെലുത്താനിടയില്ല. കേരളാ കോണ്‍ഗ്രസ്സിലെ ചില ചീളുകള്‍ ഇടതുമുന്നണിയിലേക്കും തിരിച്ചും പോയിട്ടുണ്ട്. ചില കൊച്ച് മുസ്ലിം പാര്‍ട്ടികളും ഈ വിധം മുന്നണി മാറിയിട്ടുണ്ട്. ഇടത്തോട്ട് കാറ്റടിച്ച തിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് പക്ഷത്തിന് എന്തെങ്കിലും വിധത്തില്‍ സഹായകമാകാന്‍ ഈ കക്ഷികള്‍ക്കൊന്നും കഴിയാറില്ല. യു.ഡി.എഫ് പക്ഷത്തേക്ക് കാറ്റടിച്ചപ്പോള്‍ എല്‍.ഡി.എഫിനും സഹായമായിട്ടില്ല ഇവരുടെ സാന്നിദ്ധ്യം. ഇവരുടെ നിലപാടുകള്‍ കൊണ്ടൊരിക്കലും കാറ്റടിക്കാറില്ല, കാറ്റടിക്കുമ്പോള്‍ ഇവരുടെ നിലപാടുകള്‍ക്ക് ഒരു വിലയും ഉണ്ടാകാറുമില്ല.

വിവിധയിനം ജാതിസംഘടനകളുടെയും സ്ഥിതിയിതുതന്നെയാണ്. എന്‍.എന്‍.എസ്, എസ്.എന്‍.ഡി.പി. തുടങ്ങിയ സംഘടനകള്‍ക്ക് സംഘടനാ പരമായ ശക്തിയുണ്ടെങ്കിലും ഈ ജാതിയില്‍ പെട്ടവര്‍ പരമ്പരാഗതമായി സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകളെ മാറ്റിമറിക്കാനൊന്നും ഈ സംഘടനകളുടെ നേതൃത്വങ്ങള്‍ക്ക് കഴിയാറില്ലെന്നതാണ് സത്യം. അമ്പത് അമ്പത്തഞ്ച് ശതമാനം നായര്‍-മറ്റുമുന്നോക്ക ജാതിക്കാര്‍ എല്ലായ്‌പ്പോഴും യു.ഡി.എഫ് അനുകൂലമായാണ് വോട്ട് ചെയ്യാറുള്ളത്. അറുപത്തഞ്ചുശതമാനത്തോളം ഈഴവ വോട്ടുകള്‍ എല്‍.ഡി.എഫ് പക്ഷത്തും ഏതാണ്ട് ഇത്രത്തോളം മുസ്ലിം വോട്ടുകളും എഴുപത് ശതമാനത്തിലേറെ ക്രിസ്ത്യന്‍ വോട്ടുകളും യു.ഡി.എഫ് പക്ഷത്തുമാണ് വീഴാറുള്ളത്. മുപ്പതോ നാല്പതോ വര്‍ഷത്തെ തിരഞ്ഞെടുപ്പ് കണക്കുകള്‍ വിശകലനം ചെയ്തവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ വിഭാഗങ്ങളുടെയെല്ലാം വോട്ടുകള്‍ കൈവശത്തിലാണെന്ന ഗമയില്‍ വിലപേശാന്‍ നടക്കുന്നവര്‍ക്ക് ഈ ശതമാനക്കണക്കുകളില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്താന്‍ പോലും കഴിയാറില്ല. ഈഴവ-പിന്നാക്ക ജാതി വോട്ടുകളില്‍ സി.പി.എമ്മിനും ക്രിസ്ത്യന്‍- മുസ്ലിം- മുന്നോക്കജാതി വോട്ടുകളില്‍ യു.ഡി.എഫിനുമാണ് മേല്‍ക്കൈ. സി.പി.എം അരനൂറ്റാണ്ടെങ്കിലുമായി മുസ്ലിം-ക്രിസ്ത്യന്‍ വോട്ടുബാങ്കില്‍ കടന്നുകയറ്റം നടത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല. 2006 ല്‍ കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ള നിരവധി ലീഗ് നേതാക്കള്‍ തോറ്റപ്പോള്‍ ഇടതുപക്ഷത്തിന് മുസ്ലിം കോട്ടക്കകത്ത് കയറാന്‍ കഴിഞ്ഞു എന്ന അവകാശവാദമുയര്‍ന്നെങ്കിലും അടുത്ത തിരഞ്ഞെടുപ്പോടെ അതിന്റെ പൊള്ളത്തരം വെളിവായി.

2006 ലെ തിരഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷത്ത് നിന്ന് യു.ഡി.എഫ് പക്ഷത്തേക്കാണ് ചെറിയ കക്ഷികളുടെ മാറ്റമുണ്ടായത്. ജനതാദളിലെ ഒരു പ്രധാനവിഭാഗം യു.ഡി.എഫില്‍ ചേര്‍ന്നത് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മലബാറിലെ മുന്നുസീറ്റുകള്‍ യു.ഡി.എഫിന് നേടിക്കൊടുക്കുന്നതില്‍ നല്ല പങ്ക് വഹിച്ചിട്ടുണ്ടെന്നത് സത്യമാണ്. പക്ഷേ, എതിരായ ഒരു തരംഗത്തെ പ്രതിരോധിക്കാന്‍ കരുത്തുള്ള വലിയ കക്ഷികള്‍ പോലും കേരളത്തില്‍ ഇല്ലെന്നിരിക്കേ ജനതാദളിനെയോ കേരളാ കോണ്‍ഗ്രസ് ജോസഫിനെയോ ഐ.എന്‍.എല്‍ ഗ്രൂപ്പിനെയോ വിശ്വസിച്ച് യു.ഡി.എഫിന് നിയമസഭാതിരഞ്ഞെടുപ്പില്‍ ജയം പ്രതീക്ഷിക്കാനാവില്ല. വലിയ പ്രതീക്ഷകളോടെയും അവകാശവാദങ്ങളോടെയും യു.ഡി.എഫില്‍ വന്ന കക്ഷികള്‍ക്കൊന്നും സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും സംതൃപ്തി പകര്‍ന്നിട്ടില്ല എന്നതും പ്രാധാന്യമുള്ള കാര്യമാണ്. മൂന്നോ നാലോ ശതമാനം വോട്ടുകള്‍ മതി ഭരണമാറ്റത്തിനെന്ന ഒറ്റ കാരണം കൊണ്ടാണ് കേരളത്തിലെ മുഖ്യധാരാ കക്ഷികള്‍ ചെറുകക്ഷികളെ ഒപ്പം കൂട്ടുന്നതും അവരെ കഷ്ടപ്പെട്ട് പ്രീണിപ്പിക്കുന്നതും.

ന്യൂനപക്ഷം നിര്‍ണായകം

കേരളത്തില്‍ രണ്ടു മതന്യൂനപക്ഷകക്ഷികള്‍ക്കുള്ള നിര്‍ണായക സ്വാധീനത്തെ ചെറുക്കാന്‍ ഇടതുപക്ഷ കക്ഷികള്‍ അരനൂറ്റാണ്ടെങ്കിലുമായി നടത്തിവരുന്ന ശ്രമം ഇപ്പോഴും കര പിടിച്ചിട്ടില്ല. 19 ശതമാനം വരുന്ന ക്രിസ്ത്യന്‍ വോട്ടുകളും 23 ശതമാനത്തോളം വരുന്ന മുസ്ലിം വോട്ടുകളും കേന്ദ്രീകരിച്ചിട്ടുള്ള ജില്ലകളിലും മണ്ഡലങ്ങളിലും യു.ഡി.എഫ് ഏതാണ്ട് എല്ലായ്‌പ്പോഴും മുന്‍കൈ നേടാറുണ്ട്. മുസ്ലിം, ക്രിസ്ത്യന്‍ വോട്ടുകളില്‍ മൂന്നില്‍ രണ്ടോ നാലില്‍ മൂന്നോ ഭാഗം യു.ഡി.എഫിനൊപ്പമാണ്. വി.എസ് അനുകൂലതരംഗമുണ്ടായാലും ഈ വിഭാഗത്തില്‍ അതൊട്ടും സ്വാധീനം ചെലുത്താനിടയില്ല. 22 ശതമാനം വരുന്ന ഈഴവ വോട്ടാണ് എല്‍.ഡി.എഫിന്റെ കരുത്ത്. ജാതീയ സംഘടനകളുടെ നിലപാടുകള്‍ കാരണമല്ല രാഷ്ട്രീയമായ ഉറച്ച നിലപാട് കാരണമാണ് ഈഴവര്‍ക്കിടയില്‍ ഇടതുപക്ഷം സ്വാധീനം നില നിര്‍ത്തുന്നത്. ഇതിന് വര്‍ഗപരമായ കാരണവുമുണ്ട്. കേരളത്തിലെ ജനങ്ങളെ പാവങ്ങള്‍, താഴെ മധ്യവര്‍ഗം, മേലെ മധ്യവര്‍ഗം, ധനികര്‍ എന്നിങ്ങനെ നാലായി തരം തരിച്ചാല്‍ ഏറ്റവും താഴെയുള്ള രണ്ടുവിഭാഗങ്ങളില്‍ ഇടതുപക്ഷത്തിനാണ് എല്ലായ്‌പ്പോഴും പിന്‍ബലം ഏറെ എന്നുകാണാന്‍ കഴിയും. ധനികരില്‍ 56 ശതമാനം യു.ഡി.എഫിനും 35 ശതമാനം എല്‍.ഡി.എഫിനും ഒപ്പമാണ് ഉള്ളതെന്ന്് സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡവലപ്പിങ് സൊസൈറ്റീസ് നടത്തിയ പഠനത്തില്‍ കണ്ടിട്ടുണ്ട്. ഈഴവരും ദലിത് വിഭാഗങ്ങളുമാണ് ഈ ദരിദ്രവിഭാഗങ്ങളില്‍ ഏറെയും എന്ന് പറയേണ്ടതില്ല. ഈഴവര്‍ കൂടുതല്‍ ഇടതുപക്ഷക്കാരായത് അവര്‍ ഈഴവരായതുകൊണ്ടല്ല, ദരിദ്രരായതുകൊണ്ടാണ് എന്നര്‍ഥം. ദരിദ്രര്‍ എന്ന് പറയുന്നതില്‍ വിരോധമുണ്ടെങ്കില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ എന്നോ ബി.പി.എല്‍ എന്നോ പറയാം.

തിരഞ്ഞെടുപ്പകളില്‍ മുന്നണികള്‍ക്ക് മാറിമാറി വോട്ടുചെയ്യുന്ന സ്ഥിരം അതൃപ്തര്‍ പാവപ്പെട്ടവരല്ല. മേലെ മധ്യവര്‍ഗത്തിലും സമ്പന്നവര്‍ഗത്തിലും പെട്ടവരാണ് അവര്‍. കമ്യുണിസ്റ്റ് പാര്‍ട്ടികളെയും സഹിക്കാവുന്ന വിധം സമ്പന്നരേ കേരളത്തിലുള്ളൂ, അല്ലെങ്കിലും സമ്പന്നരെയും ഉള്‍ക്കൊള്ളാവുന്ന തരം കമ്യൂണിസ്റ്റ് പാര്‍ട്ടികളേ കേരളത്തിലുള്ളൂ എന്നും പറയാം. മുന്നോക്കക്കാര്‍ ഇരുമുന്നണികള്‍ക്കുമൊപ്പം മാറിമാറി നില്‍ക്കും. അവര്‍ നിരന്തരം ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കും. മിക്കപ്പോഴും സമൂഹത്തിന്റെ പൊതുതാല്പര്യം മനസ്സില്‍ വെച്ചുകൊണ്ടാവില്ല അവര്‍ അതൃപ്തരാവാറുള്ളത്. സ്വന്തം വര്‍ഗത്തിന്റെ സാമ്പത്തികാവശ്യങ്ങളോ മതത്തിന്റെയോ ജാതിയുടെയോ ആവശ്യങ്ങളോ പരിഗണിക്കപ്പെട്ടില്ലെന്നതുമാവാറുണ്ട് അവരുടെ അസംതൃപ്തിക്ക് കാരണം.

ഏറുന്ന അസംതൃപ്തി

വളരെ ചെറിയ വിഭാഗം ജനങ്ങള്‍ പക്ഷം മാറുമ്പോള്‍ ഭരണവും മാറുന്ന അവസ്ഥയാണ് പൊതുവെ കേരളത്തിന്റേത് എന്നുകണ്ടല്ലോ. എന്നാല്‍ കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളിലായി അസംതൃപ്തി കൊണ്ട് കൂറുമാറുന്ന വോട്ടര്‍മാരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി കാണാം. 1980 ല്‍ രണ്ടുമുന്നണികള്‍ തമ്മിലുള്ള വ്യത്യാസം ആറുശതമാനമായിരുന്നു. അത്രയും വലിയ വ്യത്യാസത്തിന് കാരണം കോണ്‍ഗ്രസ് രണ്ടായി പിളരുകയും അതില്‍തന്നെ ശക്തമായ ആന്റണി വിഭാഗം ഇടതുപാര്‍ട്ടികള്‍ക്കൊപ്പം ചേരുകയും ചെയ്തതുകൊണ്ടാണ്. ആന്റണിപക്ഷം കോണ്‍ഗ്രസ്സിനൊപ്പം തിരിച്ചുപോയതോടെ ഈ അവസ്ഥ അവസാനിച്ചിരുന്നു. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളില്‍ ഒന്നും രണ്ടും ശതമാനം വോട്ടുകളുടെ വ്യത്യാസമേ മുന്നണികള്‍ തമ്മിലുണ്ടായിട്ടുള്ളൂ. 1996 ലെ 1.3 ശതമാനം ഏറ്റവും കുറഞ്ഞ വ്യത്യാസമാണ്. ഇത് 2001 ല്‍ 5.4 ഉം 2006 ല്‍ ആറും ശതമാനമായി ഉയര്‍ന്നു. ജയിക്കുമ്പോള്‍ ഇരുമുന്നണികളും നൂറിനടുത്ത് സീറ്റ് നിയമസഭയില്‍ നേടിയതായി കാണാം.

പൊതുവെ രാഷ്ട്രീയകക്ഷികളിലുള്ള വിശ്വാസം കുറയുകയും കക്ഷികള്‍ തമ്മില്‍ കാര്യമായ വ്യത്യാസമൊന്നുമില്ല എന്ന നില വരികയും ചെയ്തതോടെയാണ് അസംതൃപ്തിയുടെ തോത് വര്‍ദ്ധിച്ചത് എന്ന് കാണാവുന്നതാണ്. കക്ഷിരാഷ്ട്രീയാഭിമുഖ്യമില്ലെങ്കിലും രാഷ്ട്രീയനിലപാടുകളുള്ള വലിയ വിഭാഗം അഭ്യസ്തവിദ്യരായ യുവാക്കള്‍ വോട്ടര്‍മാര്‍ക്കിടയിലുണ്ട്. അവര്‍ക്ക് മാറിമാറിവരുന്ന നേതൃത്വങ്ങളില്‍ അസംതൃപ്തി പ്രകടിപ്പിക്കാന്‍ വേറൊരു മാര്‍ഗവുമില്ല. സീറ്റിനുവേണ്ടി നേതാക്കളുടെ പിറകെ നടക്കുക, സീറ്റ് കിട്ടിയില്ലെങ്കില്‍ ഉടനെ മറുകണ്ടം ചാടുക, അങ്ങനെ ചാടുന്നവരെ ഒരു ഉളുപ്പുമില്ലാതെ മറുപക്ഷത്തുള്ളവര്‍ കെട്ടിപ്പിടിച്ച് സ്ഥാനാര്‍ഥിത്വം നല്‍കുക തുടങ്ങിയ മുന്‍കാലങ്ങളില്‍ അധികമൊന്നും കണ്ടിട്ടില്ലാത്ത ദുഷ്പ്രവണതകള്‍ വര്‍ദ്ധിച്ചുവരുമ്പോള്‍ പുതിയ തലമുറ കൂടുതല്‍ രോഷത്തോടെ അവരുടെ സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തുന്നത്. ഏത് പക്ഷത്തിനെതിരായാവും ഇത്തവണത്തെ രോഷപ്രകടനം എന്നേ നോക്കാനുള്ളൂ.

ഇരുപക്ഷവും ജീര്‍ണതകളുടെ പടുകുഴിയില്‍

അസാധാരണമായി, തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ യു.ഡി.എഫ് ഒന്നിനുപിറകെ ഒന്നായി തിരിച്ചടികള്‍ നേരിടേണ്ടിവന്നു എന്നത് തിരഞ്ഞെടുപ്പ് രംഗത്ത് അവരുടെ ആത്മവിശ്വാസം ഏറെ കുറച്ചിട്ടുണ്ട്. സീറ്റ് വിഭജന-സ്ഥാനാര്‍ഥി നിര്‍ണയ പ്രാരബ്ധങ്ങള്‍ക്ക് പുറമെയായിരുന്നു ഇവ. മുസ്ലിം ലീഗ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികളെ മറികടന്ന് പഴയ പ്രതാപത്തിലേക്ക് വന്നുകൊണ്ടിരിക്കെ ആണ് പാര്‍ട്ടി സിക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ലൈംഗികാരോപണങ്ങള്‍, കേള്‍ക്കുന്നവരെതന്നെ നാണിപ്പിക്കുന്ന തരത്തില്‍ വീണ്ടും പൊങ്ങി വന്നത്്. അത്യന്തം ഭീകരമായ ഭരണകൂട ഇടപെടല്‍, മാഫിയ തരത്തിലുള്ള കേസ്സൊതുക്കല്‍, അധികാരത്തിന്റെ ദുരുപയോഗം, അഴിമതി തുടങ്ങിയ നൂറുകൂട്ടം കുറ്റങ്ങള്‍ ആരോപിക്കുന്നതായിരുന്നു പുതിയ വെളിപ്പെടുത്തലുകള്‍. മുസ്ലിം ലീഗ് അണികളെ അതൊട്ടും തളര്‍ത്തിയില്ല എന്നത് ആ പാര്‍ട്ടിയുടെ സദാചാര-ധാര്‍മിക ബോധത്തെ വെളിവാക്കുന്നതാവാം. എന്നാല്‍, ജനങ്ങളെ അതൊട്ടും സ്വാധീനിച്ചിട്ടില്ലെന്ന് സമാധാനിച്ചിരിക്കുകയാണ് യു.ഡി.എഫ് നേതാക്കള്‍. ഇതിനെ ജനങ്ങള്‍ എങ്ങനെ കാണുന്നു എന്ന് കണ്ടുതന്നെയറിയണം.

ഇത്രയും മോശമായ ലൈംഗിക കുറ്റങ്ങളില്‍ ഏര്‍പ്പെട്ടവരെ സ്ഥാനാര്‍ഥികളാക്കി ചുമന്നുനടക്കുന്നവര്‍ക്ക് എങ്ങനെ പി.ശശിയെ പാര്‍ട്ടി ജയിലിലാക്കിയില്ല എന്ന് കുറ്റപ്പെടുത്താന്‍ കഴിയും ?

ആര്‍.ബാലകൃഷ്ണപ്പിള്ള കേരളത്തിലും എ.രാജ ഡല്‍ഹിയിലും ജയിലില്‍കിടക്കുകയാണ്. ബാലകൃഷ്ണപിള്ളയെ മുന്നണി തള്ളിപ്പറഞ്ഞില്ല എന്നുമാത്രമല്ല സ്വാതന്ത്ര്യ സമരം പോലെ എന്തോ മഹത്തായ ത്യാഗത്തിനാണ് ജയിലില്‍ കിടക്കുന്നതെന്ന മട്ടില്‍ സ്വീകരണം നല്‍കാനും പുകഴ്ത്താനും മടിച്ചില്ല യു.ഡി.എഫ് പാര്‍ട്ടികള്‍. ബാലകൃഷ്ണപ്പിള്ള ജയിലിലിരുന്ന മത്സരിക്കാന്‍ പോലും തുനിഞ്ഞു. യു.ഡി.എഫ് നേതാക്കള്‍ കാല് പിടിച്ചതുകൊണ്ട് കേരളീയര്‍ രക്ഷപ്പെട്ടുവെന്ന് പറഞ്ഞാല്‍ മതിയല്ലോ. ജയിച്ചിരുന്നെങ്കില്‍ ജനകീയ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയെന്നും ഇനി മന്ത്രിയാകാന്‍ തടസ്സമില്ലെന്നുമുള്ള വാദം പോലും ഉയരുമായിരുന്നു.

ഇവര്‍ക്കെങ്ങനെ ലാവ്‌ലിന്‍ കേസ്സില്‍ പിണറായി വിജയനെ സംരക്ഷിക്കുന്നതിന് സി.പി.എമ്മിനെ കുറ്റപ്പെടുത്താനാവും ?

യു.ഡി.എഫ് സ്ഥാനാര്‍ഥി നിര്‍ണയവും സീറ്റ് വിഭജനവും എക്കാലവും കുറെ വൃത്തികെട്ട രംഗങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഇക്കൊല്ലം പക്ഷേ അത് പാരമ്യത്തിലെത്തിയിരിക്കുന്നു. 87 വയസ്സുള്ള അച്യുതാനന്ദന്‍ മത്സരിക്കുന്നത് പ്രായത്തിന്റെ പ്രശ്‌നങ്ങള്‍ ഒന്നും പ്രകടിപ്പിക്കാതെ, യുവാക്കളേക്കാള്‍ ചടുലമായ ചലനങ്ങളോടെയാണ്. അതാണോ 90 പിന്നിട്ട ഗൗരിയമ്മയുടെ സ്ഥിതി ? അവര്‍ക്കും സി.എം.പി നേതാവ് എം.വി.രാഘവനും സീറ്റ് ആവശ്യപ്പെടാന്‍ ഒട്ടും വൈമുഖ്യം ഉണ്ടായില്ലെന്നത് രാഷ്ട്രീയത്തിന്റെ വീഴ്ച എത് ആഴത്തിലാണെന്ന് തെളിയിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി അതിന്റെ സകല സിറ്റിങ് എം.എല്‍.മാര്‍ക്കും സീറ്റ് അനുവദിച്ചുകൊണ്ടാണ് തുടങ്ങിയതുതന്നെ. ഏഴും എട്ടും തവണ മത്സരിച്ച് പൂതി മാറാതെ വയോവൃദ്ധന്മാര്‍ വീണ്ടും വീണ്ടും മത്സരിക്കാനൊരുങ്ങുന്നു. തനിക്ക് ജന്മനാ അവകാശപ്പെട്ടതാണ് ഈ സ്ഥാനമെന്നും താന്‍ ജീവിച്ചിരിക്കുവോളം മറ്റാര്‍ക്കും അതിന് അവകാശമില്ലെന്നും പറയാന്‍ മടിക്കുന്നില്ല ഇവര്‍ പലരും. മൂന്നും നാലുംതവണ മത്സരിച്ചവര്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ മറുകണ്ടം ചാടാനോ റിബലായി നില്‍ക്കാനോ മടിക്കുന്നില്ല. മുമ്പ് ഈ പെരുമാറ്റം അപവാദങ്ങളായിരുന്നു. ഇന്ന് അതാണ് സ്വാഭാവികം എന്നുവന്നിരിക്കുന്നു. പാര്‍ട്ടികളിലെ സ്ഥാനാര്‍ഥി നിര്‍ണയം തന്നെ എന്തോ തരം അധോലോക പ്രവര്‍ത്തനമായി മാറിയിരിക്കുന്നു.

കോണ്‍ഗ്രസ് ലിസ്റ്റില്‍ പേരില്ലെന്ന് കണ്ടപ്പോള്‍ പത്രസമ്മേളനം വിളിച്ചുകൂട്ടി കദനകഥ പറഞ്ഞ് റിബല്‍ സ്ഥാനാര്‍ഥിയാകുന്ന ആള്‍ക്ക് സ്ഥാനാര്‍ഥിത്വം നല്‍കാന്‍ മടിക്കുന്നില്ല സി.പി.എം പോലൊരു തത്ത്വാധിഷ്ഠിത പാര്‍ട്ടി. പാര്‍ട്ടിയുടെ തീപ്പൊരി നേതാക്കളായി ജനമധ്യത്തില്‍ ആനയിക്കപ്പെട്ടവര്‍, പാര്‍ട്ടി തന്നെ അവഗണിക്കുന്നു എന്ന് കുറ്റപ്പെടുത്തി കോണ്‍ഗ്രസ് പ്രചാരണയോഗത്തില്‍ ചാടിക്കയറി അംഗത്വക്കടലാസ് ഏറ്റുവാങ്ങുന്നു. അഞ്ചുവര്‍ഷമായി പാര്‍ട്ടി എം.എല്‍.എ. ആയി കൊണ്ടുനടന്ന ആള്‍ നിയമസഭാംഗത്വകാലാവധി തീരാന്‍പോലും കാത്തുനില്‍ക്കാതെ ഡല്‍ഹിക്ക് പറന്ന് ബി.ജെ.പി.പോലൊരു പാര്‍ട്ടിയില്‍ അംഗത്വം നേടുന്നു.

കയ്യൂര്‍ സമരനായകനായിരുന്ന, പാര്‍ട്ടിയുടെ കണ്ണിലുണ്ണിയായിരുന്ന ഇ.കെ.നായനാരുടെ സഹധര്‍മിണി തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പാര്‍ട്ടി സിക്രട്ടറിയെ വിളിച്ച് തന്റെ പൊന്നുമോനെ എം.എല്‍.എ ആക്കണമെന്ന് അപേക്ഷിക്കുന്നു. പാര്‍ട്ടി അത്രത്തോളം ചെയ്യാതിരുന്നപ്പോള്‍ ബുര്‍ഷ്വാപത്രക്കാരെ വിളിച്ച് അവര്‍ പരിഭവം പ്രകടിപ്പിക്കുന്നു. നായനാരുടെ ഓര്‍മയെ ആര്‍ക്കെങ്കിലും ഇതിലപ്പുറം അപമാനിക്കാന്‍ കഴിയുമോ ? ഇതിലപ്പുറം ഇനി രാഷ്ട്രീയത്തിന് ജീര്‍ണിക്കാനാവുമോ ?

ഇന്ത്യയിലേറ്റവും വികസിതമെന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുതുല്യമായ ജീവിത നിലവാര സൂചികയുള്ള സംസ്ഥാനമെന്നും പേരുള്ള കേരളത്തെ ഇന്ത്യയിലെ ഏറ്റവും ദരിദ്രസംസ്ഥാനമെന്ന മട്ടില്‍ കൈകാര്യം ചെയ്യുകയാണ് ഇരുമുന്നണികളും. അഞ്ചുകൊല്ലത്തെ ഭരണം പൂര്‍ത്തിയാക്കാന്‍ പോകുമ്പോഴാണ് ഇടതുമുന്നണി ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവര്‍ക്കും രണ്ടുരൂപ അരി നല്‍കാന്‍ തീരുമാനമെടുത്ത്ത്. ഇതിന് വോട്ടുമായി ഒരു ബന്ധമില്ലെന്നും കേരളത്തിലെ ജനങ്ങളുടെ ദയനീയാവസ്ഥ കണ്ട് കരളലിഞ്ഞാണ് ഇങ്ങനെ ചെയ്യുന്നതെന്ന് നമ്മളെ വിശ്വസിക്കാന്‍ ഇടതുപക്ഷം കിണഞ്ഞുശ്രമിക്കുകയാണ്. ഒട്ടും പിറകിലാകരുതല്ലോ, യു.ഡി.എഫും രംഗത്തിറങ്ങിയിട്ടുണ്ട്. ഒരു രൂപയ്ക്കാണ് അവര്‍ അരി നല്‍കാന്‍ പോകുന്നത്.

One thought on “ഭരണവിരുദ്ധ വികാരമോ വി.എസ്.തരംഗമോ ?

Leave a Reply

Your email address will not be published. Required fields are marked *

Go Top