പ.ബംഗാളില്‍ ഇടതുപക്ഷം നിലനില്‍ക്കേണ്ടതുണ്ട്

എൻ.പി.രാജേന്ദ്രൻ

തിരഞ്ഞെടുപ്പില്‍ തോറ്റിട്ടില്ലാത്ത കക്ഷിയോ മുന്നണിയോ ഒരു സംസ്ഥാനത്തുമില്ല. എവിടെയും ആരും അവിരാമം ഭരിക്കാനും പോകുന്നില്ല. പിന്നെയെന്തുകൊണ്ടാണ് ബംഗാളില്‍ ഇടതുമുന്നണി തോറ്റത് വലിയ ചര്‍ച്ചാവിഷയമാകുന്നത് ? ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും തോറ്റ് പ്രതിപക്ഷത്തിരിക്കുക പതിവാക്കിയവര്‍പോലും ഏഴുവട്ടം തോല്‍ക്കാതിരുന്നവരെ എട്ടാം വട്ടം തോറ്റതിന് പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നു. എന്ത് തമാശയാണിത് !

ബംഗാളിലെ കമ്യൂണിസ്റ്റ് പക്ഷം കേരളത്തിലെ കമ്യൂണിസ്റ്റ് പക്ഷത്തേക്കാള്‍ ശക്തമൊന്നുമായിരുന്നില്ല. 1957 ല്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്നണിയൊന്നും ഇല്ലാതെ തനിച്ച് അധികാരത്തില്‍ വന്നു. അന്ന് ബംഗാളില്‍ 152 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരം പിടിച്ചപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കിട്ടിയത് 46 സീറ്റ് മാത്രമാണ്. 1957 ല്‍ ഒറ്റക്ക് അധികാരത്തില്‍ വന്ന പാര്‍ട്ടിക്ക്, ജനാധിപത്യവിരുദ്ധമായ പിരിച്ചുവിടപ്പെട്ടു എന്ന സഹതാപഘടകം ഉണ്ടായിട്ടുപോലും അധികാരത്തില്‍ തിരിച്ചുവരാനായില്ല. പത്ത് വര്‍ഷത്തിന് ശേഷം ഏഴ് കക്ഷികളുടെ മുന്നണിയെ നയിച്ചാണ് സി.പി.എമ്മിന് അധികാരത്തില്‍ തിരിച്ചുവരാനായത്. പ.ബംഗാളില്‍ പിന്നെയും പത്തുവര്‍ഷത്തിന് ശേഷം മാത്രമേ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇടതുമുന്നണി അധികാരത്തില്‍ വന്നുളളൂ ( 1967 ല്‍ കോണ്‍ഗ്രസ് വിഘടിത ഗ്രൂപ്പായ ബംഗഌ കോണ്‍ഗ്രസ് നയിച്ച മുന്നണിയിലായിരുന്നു സി.പി.എം) പക്ഷേ ആ സര്‍ക്കാറിന് 34 വര്‍ഷം അധികാരത്തിലിരിക്കാനായി.

നീണ്ട കാലം ജനവിശ്വാസം നിലനിര്‍ത്താനായി എന്നതിനേക്കാള്‍ ഓരോ തവണയും ജനപിന്തുണ വര്‍ദ്ധിപ്പിക്കാനായി എന്നതാണ് ശ്രദ്ധേയം. ഇത്തവണ ദയനീയമായി പരാജയപ്പെടുകയും സ്വന്തം സീറ്റില്‍തോല്‍ക്കുകയും ചെയ്ത ബുദ്ധദേവ് ബംഗാള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് വെറും അഞ്ചുവര്‍ഷംമുമ്പ് ജയിച്ച ആളാണ് എന്നോര്‍ക്കണം. 34 വര്‍ഷത്തെ ഭരണത്തില്‍ ഒടുവിലത്തെ അഞ്ചുവര്‍ഷം കൊണ്ടാണോ ജനങ്ങള്‍ അസംതൃപ്തരായതും മുന്നണിയെ അധികാരത്തില്‍ നിന്നിറക്കിവിട്ടതും ? അഞ്ചുവര്‍ഷത്തെ അസംതൃപ്തിയല്ല, 34 വര്‍ഷത്തെ ഭരണത്തിനെതിരായ അസംതൃപ്തിയാണ് ജനങ്ങള്‍ ഒന്നിച്ച് ഒരൊറ്റ പ്രതീകത്തിലേക്ക് കേന്ദ്രീകരിച്ചതെന്നുവേണം കരുതാന്‍.

ജനങ്ങള്‍ എന്തിനാണ് ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയെ അധികാരത്തില്‍ കൊണ്ടുവരുന്നത് ? തൊഴിലാളിക്ക് കൂടുതല്‍ കൂലി, കൂടിയാന്മാര്‍ക്ക് പത്ത് സെന്റ് ഭൂമി, കൃഷിക്കാര്‍ക്ക് കൂടുതല്‍ ലാഭം, ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ശമ്പളം- ഇത്രയും ഉറപ്പുവരുത്തിയാല്‍ എല്ലാ പ്രശ്‌നവും പരിഹരിച്ചതായി ജനങ്ങള്‍ കരുതുമോ ? ഇത്രയും ചെയ്തുകഴിഞ്ഞാല്‍ പിന്നെ ഭരണാധികാരികള്‍ എന്താണ് ചെയ്യേണ്ടത് ? കമ്യൂണിസം വിഭാവനം ചെയ്യുന്ന സമത്വസുന്ദര സമൂഹമുണ്ടാക്കാന്‍ ആറുപതിറ്റാണ്ടിലേറെ ഭരിച്ച ചൈനയില്‍ കഴിഞ്ഞിട്ടില്ല. 34 വര്‍ഷം ബൂര്‍ഷ്വാഭരണഘടനയ്ക്കും കേന്ദ്ര സര്‍ക്കാറിന്റെ കേന്ദ്രീകൃതാധികാരത്തിന്‍ കീഴിലും ഭരിക്കുന്ന ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എങ്ങനെയാണ് സാമൂഹ്യ സാമ്പത്തിക ഘടനയില്‍ അടിസ്ഥാന മാറ്റങ്ങളുണ്ടാക്കി ജനങ്ങളുടെ വിശ്വാസവും തൃപ്തിയും നേടാനാവുക ? അഞ്ചുവര്‍ഷം ഭരിക്കാന്‍ അവസരം കിട്ടിയാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ പട്ടികയാക്കി മാനിഫെസ്റ്റോവില്‍ പെടുത്താം. 25 കൊല്ലംകൊണ്ട് നേടേണ്ട ലക്ഷ്യമെന്ത് എന്ന് എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടാകുമോ ? ഭൂപരിഷ്‌കരണവും പഞ്ചായത്ത് രാജും കുറെ പെന്‍ഷന്‍ പദ്ധതികളും നടപ്പാക്കിയാല്‍ പിന്നെയൊന്നും ചെയ്യാനില്ലെന്ന് വരുമോ ?

ബംഗാളിലെ പാര്‍ട്ടി ഈ ചോദ്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടാകുമോ എന്നറിയില്ല. എന്തായാലും എഴുപത്തേഴില്‍ അധികാരത്തില്‍ വന്ന പാര്‍ട്ടി ആദ്യത്തെ അഞ്ചുവര്‍ഷത്തിന് ശേഷം ബംഗാളില്‍ എന്തുചെയ്യുകയായിരുന്നു എന്ന ചോദ്യത്തിന് തൃപ്തികരമായ മറുപടി കിട്ടിയിട്ടില്ല. ഭൂപരിഷ്‌കാരം നടപ്പാക്കുകയും ഫ്യൂഡലിസത്തെ തകര്‍ക്കുകയും ചെയ്തുകഴിഞ്ഞ ശേഷം പിന്നെ പാര്‍ട്ടി നിരന്തരം ചെയ്തത് ഒരേയൊരു കാര്യമാണ്. എക്കാലത്തേക്കും അധികാരം നിലനിര്‍ത്താനാവശ്യമായ കാര്യങ്ങള്‍ ചെയ്യുക. പാര്‍ട്ടിയുടെ അധികാരം സ്റ്റേറ്റ് അധികാരത്തിന്റെ അവിഭാജ്യഘടകമായി മാറ്റുക. ഗ്രാമഗ്രാമാന്തരങ്ങളില്‍ ഈ പ്രക്രിയ അതീവ കാര്യക്ഷമതയോടെ നിര്‍വഹിക്കപ്പെട്ടു. പാര്‍ട്ടിക്ക് പുറത്ത് ഒരു പൊതു സമൂഹമുണ്ടാകരുത് എന്ന ലക്ഷ്യം സംസ്ഥാനത്തെ മിക്ക പ്രദേശങ്ങളില്‍ും നടപ്പാക്കപ്പെട്ടു. തിരഞ്ഞെടുപ്പുകള്‍ പോലും നാടകങ്ങളായി. നൂറുശതമാനം പോളിങ് നടക്കുകയും ആ നൂറുശതമാനവും സി.പി.എമ്മിനുള്ള വോട്ട് മാത്രമാകുകയും ചെയ്ത നൂറുകണക്കിന് ബൂത്തുകളുടെ കണക്ക് ചില പത്രപ്രവര്‍ത്തകര്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. 1990ന് മുമ്പത്തെ സോവിയറ്റ് യൂണിയനിലെയും മറ്റ് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെയും തിരഞ്ഞെടുപ്പുഫലങ്ങള്‍ അക്കാലത്ത് പത്രങ്ങളില്‍ വായിച്ചതോര്‍ക്കുന്നു. 99 ശതമാനം വോട്ടര്‍മാരുടെ പിന്‍ബലത്തോടെയാണ് അവിടെ ഭരണാധികാരികളെ വീണ്ടും തിരഞ്ഞെടുക്കാറുള്ളത്. പുറത്തുള്ളവര്‍ എന്തുവിചാരിക്കും എന്നോര്‍ത്തുമാത്രമാവും ബംഗാളില്‍ അത് ചെയ്യാതിരുന്നത്.

1977 ല്‍ സി.പി.എം മുന്നണി യഥാര്‍ത്ഥമായ ജനപിന്തുണയോടെ അധികാരത്തില്‍ വന്നതാണ്. മുഖ്യ പ്രതിപക്ഷമായിരുന്ന ജനതാ പാര്‍ട്ടിയും കോണ്‍ഗ്രസ്സും അതോടെ ദുര്‍ബലമായി. തിരഞ്ഞെടുപ്പുകൃത്രിമങ്ങളും അഴിമതിയും കൊടിയ ഭരണകൂട അതിക്രമങ്ങളും പതിവാക്കിയ ഭരണമായിരുന്നു സിദ്ധാര്‍ഥ ശങ്കര്‍ റേയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരണം. അതിനെതിരായ ജനവികാരവും സി.പി.എം മുന്നണിക്ക് വലിയ ജനപിന്തുണ നേടിക്കൊടുത്തു. ജനപിന്തുണയില്‍ പിന്നീടുണ്ടായ കുറവുകള്‍ ഓരോ തവണയും ഭരണ സ്വാധീനവും അക്രമവും ഉപയോഗിച്ച് നികത്തുകയായിരുന്നു. പ്രതിപക്ഷം അതിദുര്‍ബലമായി. തുടര്‍ച്ചയായി നേടിയ വിജയങ്ങള്‍ ജനപിന്തുണയെ അല്ല വെളിവാക്കിയത്. ഒരു ജനാധിപത്യഭരണക്രമത്തെയും എങ്ങനെ ഏകാധിപത്യഭരണത്തിലെന്ന പോലെ കൈപ്പിടിയിലൊതുക്കാം എന്നതിനെയാണ്. ഇതിനെതിരായ ഒറ്റയാള്‍ പോരാട്ടമാണ് മമത ബാനര്‍ജി നടത്തിയത്. എന്തെല്ലാം കുറ്റങ്ങളും കുറവുകളും അവര്‍ക്കുണ്ടെങ്കിലും അവര്‍ നടത്തിയ വിപ്ലവത്തിന്റെ (പ്രതിവിപ്ലവത്തിന്റെ ? ) പ്രാധാന്യം കുറച്ചുകണ്ടുകൂടാ.

അത്യപകടകരമായി മാറിയ അധികാരകേന്ദ്രീകരണത്തിന്റെ കാര്യം അവിടെ നില്‍ക്കട്ടെ. സാമ്പത്തിക സാമൂഹ്യമേഖലകളില്‍ ഒരു ഇടതുപക്ഷ ഭരണകൂടം നീണ്ട കാലം അധികാരം കൈയാളുമ്പോള്‍ എന്ത് മാറ്റമാണ് വരുത്തേണ്ടത് ? ഭൂപരിഷ്‌കരണത്തിന് ശേഷം അനുവദിച്ചുകിട്ടുന്ന കൃഷിഭൂമിയില്‍ അധ്വാനിച്ച് ഒരു കുടുംബത്തിന് എത്ര കാലം ജീവിക്കാനാകും ? അവന്റെ അടുത്ത തലമുറയും അതേ കൃഷി ഭൂമിയെ ആശ്രയിക്കാന്‍ തീരുമാനിച്ചാല്‍ ഒരാള്‍ക്ക് എത്ര സെന്റ് ഭൂമിയാണുണ്ടാവുക ? അത്രയും ഭൂമിയില്‍ കൃഷി ചെയ്ത് ജീവിക്കാന്‍ കഴിയുമോ ? കൃഷിയുടെ കൂട്ടായ്മയോ യന്ത്രവല്‍ക്കരണമോ വ്യവസായവല്‍ക്കരണമോ തുടര്‍ന്നുണ്ടാവേണ്ടേ ? സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള തൊഴിലുപകരണങ്ങള്‍ ഉപയോഗിച്ച് അതേ ഇനം വിത്തുകള്‍ കൊണ്ട് കൃഷിയിറക്കി ജീവിച്ചാല്‍ ആ ജീവിതം എത്രമാത്രം അപരിഷ്‌കൃതവും അസഹ്യവുമായിരിക്കും ? വിദ്യാഭ്യാസം നേടി അവന്റെ അനന്തര തലമുറ മറ്റുമേഖലകളിലേക്ക് പോകേണ്ടേ ? സംസ്ഥാനത്ത് കാല്‍നൂറ്റാണ്ടിനിടയില്‍ വ്യവസായവല്‍ക്കരണത്തിനുള്ള ശ്രമങ്ങള്‍ നടക്കുകയുണ്ടായോ ? 2000 വരെ ഈ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുകയുണ്ടായില്ല. ഫ്യുഡലിസത്തിനും മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനും എതിരായ മുദ്രാവാക്യങ്ങള്‍ മതിയായിരുന്നു ആളുകളെ അടക്കിനിര്‍ത്താന്‍. പിന്നെയത് പോരാതെ വന്നു. ജ്യോതിബസുവിന്റെ പിന്മാറ്റവും ബുദ്ധദേവിന്റെ ആഗമനവും ഇക്കാലത്താണുണ്ടായത്. കൂരിരുട്ടിലൊരു പ്രകാശനാളമായാണ് ജനങ്ങള്‍ ബുദ്ധദേവിനെ കണ്ടത്. 2006 ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ അദ്ദേഹം നേടിയ വന്‍ഭൂരിപക്ഷം ജനങ്ങളുടെ വലിയ പ്രതീക്ഷകളെ പ്രതിഫലിക്കുന്നതായിരുന്നു.

വലിയ പ്രതീക്ഷകള്‍ നല്‍കുന്നതുതന്നെ ജനാധിപത്യതിരഞ്ഞെടുപ്പ് വ്യവസ്ഥയില്‍ ആത്മഹത്യാപരമാണ്. പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളും പ്രതീക്ഷകളും ബൂമറാങ്ങായി തിരിച്ചടിക്കും. പുതിയ തലമുറയ്ക്ക് തൊഴിലും വിദ്യാഭ്യാസ സൗകര്യങ്ങളും പുതിയ കാലത്തിന്റെ സാങ്കേതിക സൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ ബുദ്ധദേവ് ഭരണകൂടം ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നു. പക്ഷേ, അത് കാര്‍ഷിക മേഖലയെ അവഗണിച്ചുകൊണ്ടായി. സിംഗൂരും നന്ദി്ഗ്രാമും ആവുമ്പോഴേക്ക് പാര്‍ട്ടിക്ക് ജനങ്ങളുമായുള്ളബന്ധം ഏതാണ്ട് വിഛേദിച്ചുകഴിഞ്ഞിരുന്നു. സിംഗൂരില്‍ ഏറ്റെടുത്ത ഭൂമിയുടെ ഉടമസ്ഥന്മാര്‍ എല്ലാവരും സമ്മതിപത്രത്തില്‍ ഒപ്പുവെച്ചതാണല്ലോ പിന്നെയെന്തിനാണ് മമത സമരം നടത്തുന്നത് എന്ന ചോദ്യം ഉയര്‍ന്നത് അത്തരമൊരു അവസ്ഥയുടെ ഫലമായിരുന്നു. ഭൂമിയുടമസ്ഥര്‍ ബഹുഭൂരിപക്ഷവും ഭൂമി ടാറ്റയ്ക്ക് നല്‍കാന്‍ സമ്മതം നല്‍കിയിരുന്നുവെന്നത് സത്യമായിരുന്നു. പക്ഷേ, ഭൂമിയെ ആശ്രയിച്ച് ജീവിക്കുന്നത് അമേരിക്കയിലേക്കും മറ്റും മുമ്പെന്നോ പോയിക്കഴിഞ്ഞ, ഭൂമി വിറ്റ് കാശാക്കാന്‍ വഴിയുണ്ടോ എന്ന തിരക്കിയിരുന്ന ഭൂ ഉടമസ്ഥന്മാരായിരുന്നില്ല. ഭൂമിയെ ആശ്രയിച്ച് ജീവിതം മുന്നോട്ട് നീക്കിയിരുന്ന ഓഹരി കൃഷിക്കാരും ( ഷേര്‍ ക്രോപ്പേഴ്‌സ് ) കര്‍ഷകതൊഴിലാളികളും മറ്റും ആയിരുന്നു. അവരെ സംഘടിപ്പിക്കാനും അവര്‍ക്ക് വേണ്ടി പ്രക്ഷോഭം നടത്താനും മമത മുന്നോട്ടുവന്നപ്പോഴാണ് അവിടെ പ്രതിപക്ഷത്തുണ്ടായിരുന്ന നേതൃശൂന്യത പരിഹരിക്കപ്പെട്ടത്. കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാറിനുള്ള പിന്തുണ സി.പി.എം പിന്‍വലിച്ചതോടെ കേന്ദ്ര അധികാരം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തിപ്പിലെ സകല കള്ളത്തരങ്ങള്‍ക്കും മറുമരുന്ന് പ്രയോഗിക്കാന്‍ മമതയ്ക്ക എളുപ്പമായി. 2009ലെയും 11ലെയും തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഈ യജ്ഞങ്ങളുടെ സ്വാഭാവികമായ പരിസമാപ്തിയായി.

സായുധവിപ്ലവത്തിലൂടെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും ജനാധിപത്യേതര മാറ്റത്തിലൂടെയോ അധികാരത്തില്‍ വരുന്ന പാര്‍ട്ടി, തൊഴിലാളിവര്‍ഗസര്‍വാധിപത്യവും ഉല്‍പ്പാദനോപകരണങ്ങളുടെ സാമൂഹ്യഉടമസ്ഥതയും ഉള്ള വ്യവസ്ഥിതിയുടെ സൃഷ്ടിയിലൂടെ വര്‍ഗരാഹിത്യത്തിലേക്ക് സമൂഹത്തെ നയിക്കുമെന്ന മനോഹര സ്വപ്‌നങ്ങള്‍ ഇന്ന് ലോകത്തൊരു കമ്യൂണിസ്റ്റ് വിശ്വാസിയുടെയും മനസ്സിലില്ല. എങ്ങും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പേര് മാറ്റിയിട്ടോ അല്ലാതെയോ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടികളായി മാറിയിട്ടുണ്ട്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളും സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടികളായി രൂപാന്തരപ്പെടേണ്ടതുണ്ട്. അതിനൊത്ത നയങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട്. അതിനര്‍ഥം അവര്‍ ശുദ്ധമുതലാളിത്ത വാദികളാകണം എന്നല്ല. സാമൂഹ്യനീതിയുടെ മൂല്യങ്ങള്‍ മുറുകെ പിടിച്ചുകൊണ്ടുതന്നെ വികസനത്തിന്റെയും പുരോഗതിയുടെയും പാതയിലൂടെ സമൂഹത്തെ മുന്നോട്ട് നയിക്കാനുള്ള നയങ്ങള്‍ക്ക് രൂപം നല്‍കുകയെന്നതാണ് ഇടതു-വലതു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അടിയന്തരമായി ചെയ്യേണ്ടതെന്ന് ബംഗാള്‍ വിളിച്ചുപറയുന്നു.

ഇത്രയുമെല്ലാം ചെയ്താല്‍ പിന്നെ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയില്ല എന്ന് ഇതിന് അര്‍ഥമില്ല. ഒരു പാര്‍ട്ടിയും എപ്പോഴും ജയിച്ചുകൊണ്ടിരിക്കില്ല. എത്ര നന്നായി ഭരിച്ചാലും തോല്‍ക്കാം. അത് ജനാധിപത്യത്തിലെ ഒരു അനിവാര്യതയാണ്. അതൊഴിവാക്കുന്നത് കൂടുതല്‍ ജനാധിപത്യവും കൂടുതല്‍ ഭരണ കാര്യക്ഷമതയും നേടിക്കൊണ്ടാവണം. ബംഗാളില്‍ ചെയ്തത് അതല്ല, ഒരു കമ്യൂണിസ്റ്റ് അടിമ സമൂഹം സൃഷ്ടിക്കാനാണ് ശ്രമിച്ചത്. അത് അനിവാര്യമായും പരാജയപ്പെട്ടു. അതിന് കുറച്ചേറെ സമയമെടുത്തു എന്നത് മാത്രമാണ് സംഭവിച്ചത്.

ഇതോടെ ബംഗാളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്ത്യം സംഭവിച്ചുഎന്നും ആരും ധരിക്കേണ്ടതില്ല. 1972 ല്‍ ഇതിനേക്കാള്‍ ദയനീയമായി ഇടതുപക്ഷം അവിടെ പരാജയപ്പെട്ടിരുന്നു. അഞ്ചുകൊല്ലം കൊണ്ട് അതിനെയും അടിയന്തരാവസ്ഥയെയും മറികടന്ന് ഇടതുപക്ഷത്തിന് തിരിച്ചുവരാനായി. ഇടതുപക്ഷം ശക്തമായ പ്രതിപക്ഷമായും ഭരണപക്ഷമായുമെല്ലാം ഇന്ത്യന്‍ ജനാധിപത്യത്തില്‍ നിലനില്‍ക്കേണ്ടത് അത്യാവശ്യമാണ്. ബംഗാളില്‍ നില നില്‍ക്കുന്ന മതസൗഹാര്‍ദ്ദമുള്‍പ്പെടെയുള്ള ഒരു പാട് നന്മകള്‍ രാജ്യത്ത് മൊത്തം ഉണ്ടാകാന്‍ ഇടതു-മതേതര പാര്‍ട്ടികള്‍ നില നിന്നേ തീരൂ.
എന്‍.പി.രാജേന്ദ്രന്‍

Leave a Reply

Your email address will not be published. Required fields are marked *

Go Top