ലൗ ജിഹാദ് ?

എൻ.പി.രാജേന്ദ്രൻ

പ്രേമംനടിച്ച് ഹിന്ദുപെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി മതംമാറ്റിക്കാനും ഭീകരപ്രവര്‍ത്തനത്തി്‌ന് ഉപയോഗിക്കാനും സംഘടിതമായ ഒരു പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണല്ലോ ആരോപിക്കപ്പെടുന്നത്. ആരോപണത്തില്‍ ലവലേശമെങ്കിലും കഴമ്പുള്ളതായി എനിക്ക് തോന്നുന്നില്ല. അങ്ങിനെയൊരു സാങ്കല്പിക പ്രസ്ഥാനത്തിന് ലൗ ജിഹാദ് എന്ന് പേരിട്ടത് അതിലേറെ വലിയ അസംബന്ധമായിതോന്നുന്നു. ലൗവും ജിഹാദുമറിയാത്ത ഏതോ ഹിന്ദുത്വ മതഭ്രാന്തന്റെ തലയില്‍ ഉദിച്ചതാണ് ആ പ്രയോഗമെന്ന കാര്യത്തിലും സംശയമില്ല.

എന്നാല്‍ ഒരു സത്യം അവശേഷിക്കുന്നു. ലൗ ജിഹാദ് പരിഭ്രാന്തി കാട്ടുതീ പോലെ ഹിന്ദു മനസ്സുകളില്‍ കത്തിപ്പടരുന്നുണ്ട്. വീട്ടില്‍ വളരുന്ന പെണ്‍മക്കളുള്ള അച്ഛനമ്മമാരുടെ മനസ്സറിയാന്‍ ചിലയിനം ബുദ്ധിജീവികള്‍ക്ക് കഴിയില്ല. ഇത്രയേറെ വിനാശകരമായ ഒരു വര്‍ഗീയ പ്രചാരണം കഴിഞ്ഞ  അരനൂറ്റാണ്ടിനിടയില്‍ കേരളത്തിലുണ്ടായിട്ടില്ല എന്നുറപ്പിച്ച് പറയാനാകും. അത്യപകടകരമാവും ഇതിന്റെ പ്രത്യാഘാതങ്ങള്‍ എന്നുമാത്രം ഇപ്പോള്‍ പറഞ്ഞുവെക്കട്ടെ.
അതിവേഗം ആധുനീകരിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ പ്രണയവിവാഹങ്ങളുടെ എണ്ണം പെരുകുമെന്നതില്‍ അത്ഭുതകരമായി യാതൊന്നുമില്ല. അതുകൊണ്ടുതന്നെ ഹിന്ദു-മുസ്ലിം പ്രണയങ്ങളും പെരുകും.

ഹിന്ദു പെണ്‍കുട്ടി മുസ്ലിം ആണിനെ കെട്ടിയാലും മറിച്ച് സംഭവിച്ചാലും നൂറില്‍ 99 മതംമാറ്റവും ദമ്പതികള്‍ മുസ്ലിം ആകുക എന്നതിലാണ് കലാശിക്കാറുള്ളതെന്ന സത്യം തെളിയിക്കാന്‍ രഹസ്യപോലീസ് അന്വേഷണമൊന്നും വേണ്ട. സദാചാര നിഷ്ഠയോടെയും ആവശ്യത്തിലേറെ നിയന്ത്രിച്ചും കിന്‍ഡര്‍ഗാര്‍ട്ടനില്‍ ചേര്‍ക്കുമ്പോള്‍പോലും തലമറച്ചുമൊക്കെയാണ് മുസ്ലിം പെണ്‍കുട്ടികള്‍ വളരുന്നത്. അവര്‍ക്ക് സ്വതന്ത്രമായ പെരുമാറ്റത്തിനും ഇടപഴകലുകള്‍ക്കും ഒരു പാട് പരിമിതികളുണ്ട്.അതുകൊണ്ടുതന്നെ അന്യമതസ്ഥരുമായി പ്രേമത്തില്‍ ചെന്നുപെടുന്ന മുസ്ലിം പെണ്‍കുട്ടികളുടെ എണ്ണം കുറവും ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ എണ്ണം വളരെ കൂടുതലുമായിരിക്കുമെന്ന് തീര്‍ച്ച. വസ്തുതാവിരുദ്ധമായ പുത്തന്‍ ലൗജിഹാദ് പ്രചാരണത്തിന് ഇടയാക്കിയ വസ്തുതാപരമായ സാഹചര്യം ഇതായിരിക്കും. സംഘപരിവാറുമായി ഒരു ബന്ധവുമില്ലാത്ത ഹിന്ദുസംഘടനകള്‍പോലും ലൗ ജിഹാദിനെതിരെ രംഗത്തിറങ്ങിയിട്ടുണ്ടെന്നുകൂടി കാണേണ്ടതുണ്ട്.

എങ്ങിനെയാണ് ഇതിനോട് മുസ്ലിം സംഘടനകളും സാമാന്യബോധമുള്ളവരും പ്രതികരിക്കേണ്ടത്. എങ്ങിനെ മുസ്ലിം സംഘടനകള്‍ പ്രതികരിക്കണമെന്ന് സംഘപരിവാര്‍ സംഘടനകള്‍ ആഗ്രഹിക്കുന്നുവോ അതുപോലെതന്നെ അവര്‍ പ്രതികരിക്കുന്നുണ്ട് എന്നാണ് രിസാല ലേഖനങ്ങളും വ്യക്തമാക്കുന്നത്. ഈ ആരോപണം നേരെ തിരിച്ചായിരുന്നു എന്നു സങ്കല്പിക്കുക. ഹിന്ദുതീവ്രവാദികള്‍ ഇന്ത്യയില്‍ ഇസ്ലാം മതം ഇല്ലാതാക്കാന്‍ വേണ്ടി മുസ്ലിം പെണ്‍കുട്ടികളെ പ്രേമിച്ച് മതംമാറ്റുന്നു എന്നായിരുന്നു ആക്ഷേപമെങ്കില്‍ ഈ ഹിന്ദു- മുസ്ലിം സംഘടനകള്‍ എങ്ങിനെയാകുമായിരുന്നു പ്രതികരിക്കുക. ആണും പെണ്ണും സംസാരിക്കുന്നതുകണ്ടാല്‍ കണ്ണുതുറിക്കുന്ന ിചില മുസ്ലിം സംഘടനാനേതാക്കള്‍വരെയിപ്പോള്‍ ക്യാമ്പസ് പ്രണയങ്ങളെ ന്യായീകരിക്കുന്നത് കാണുമ്പോള്‍ തമാശയല്ല തോന്നുന്നത്.

പ്രണയം കുറ്റകൃത്യമല്ല, മതംമാറ്റംകുറ്റകൃത്യമല്ല എന്ന് മുദ്രാവാക്യം വിളിക്കുന്നവര്‍ എന്താണ് ചെയ്യുന്നത് എന്നവര്‍ക്ക് മനസ്സിലായിട്ടില്ലെന്ന്‌തോന്നുന്നു. ഹിന്ദുസമൂഹത്തെ ഒന്നടങ്കം പ്രകോപിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്. അതാണ് സംഘപരിവാറിന് വേണ്ടതും.
മതംനോക്കാതെ പ്രേമിക്കുകയും മതംനോക്കാതെ ഒരു കുടുംബമായി ജീവിക്കുകയും ചെയ്യണം പുതിയ തലമുറ എന്ന് ആഗ്രഹിക്കുന്ന ആളാണ് ഈ ലേഖകന്‍. ഹിന്ദുവാകട്ടെ മുസ്ലിം ആകട്ടെ ഏതെങ്കിലും മതപ്രവര്‍ത്തകര്‍ക്ക് ഇങ്ങനെ ആഗ്രഹിക്കാന്‍ കഴിയുമോ ? അതുകഴിയാത്തവര്‍ പ്രണയത്തെ ന്യായീകരിക്കാന്‍ മുന്ന്ിട്ടിറങ്ങുന്നത് മതംമാറ്റത്തെ ന്യായീകരിക്കാന്‍ വേണ്ടിമാത്രമാണെന്ന കാര്യത്തില്‍ സംശയം വേണ്ട. അവര്‍ മതം മാറാനുള്ള മനുഷ്യാവകാശത്തെ ഉയര്‍ത്തിപ്പിടിക്കുക മതംമാറ്റം ഒരു വണ്‍വെ ട്രാഫിക്കാകുമ്പോള്‍ മാത്രമാണെന്ന കാര്യത്തിലും സംശയം വേണ്ട. ഇതിലൊട്ടും ദൈവികതയുമില്ല, സത്യസന്ധതയുമില്ല.

(Written for RISALA Magazine -2010)

Leave a Reply

Your email address will not be published. Required fields are marked *

Go Top