വിരോധാഭാസങ്ങളുടെ തിരഞ്ഞെടുപ്പുകാലം

എൻ.പി.രാജേന്ദ്രൻ

ഫുട്‌ബോള്‍ ഗ്രൗണ്ടിലെ ആവേശത്തിനും വികാരത്തിനും വലിയ യുക്തിയും ന്യായവുമൊന്നുമില്ല. പല രാജ്യങ്ങളിലും കളിക്കിടയില്‍ പൊട്ടിപ്പുറപ്പെടുന്ന അക്രമങ്ങളില്‍ അനേകര്‍ മരിക്കാറുണ്ട്‌. അതിനുമില്ല രര്‍ഥവും യുക്തിയും. വര്‍ദ്ധിച്ച താത്‌പര്യത്തോടെ, ആവേശത്തോടെ കേരളീയര്‍ തിരഞ്ഞെടുപ്പിന്റെ കളിക്കളത്തിലേക്ക്‌ നീങ്ങുമ്പോള്‍ അവരില്‍ ബഹുഭൂരിപക്ഷത്തിന്റെയും ചിന്ത ഒന്നുമാത്രം. എന്റെ ടീം ജയിക്കണം. എന്തിന്‌ ജയിക്കണം എന്നാരും ചോദിക്കാറില്ല. അതുസ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിട്ടിന്‌ എതിരാണ്‌.

രണ്ടുസ്ഥാനാര്‍ഥികള്‍ ജീവന്മരണപോരാട്ടം നടത്തുന്നത്‌ ഒരേ കക്ഷിയില്‍നിന്നുകൊണ്ടാണെങ്കില്‍പോലും ജനങ്ങളുടെ താത്‌പര്യത്തിന്‌ കുറവൊന്നുമുണ്ടാകാറില്ല. കോണ്‍ഗ്രസ്സുകാരുടെ ഗ്രൂപ്പ്‌പോര്‌ അങ്ങനെയായിരുന്നുവല്ലോ. ജനങ്ങള്‍ ആവേശപൂര്‍വം ആ മത്സരത്തിന്റെ ഓരോ നീക്കവും കണ്ടുനിന്നു. 2004 ലെ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ വോട്ടര്‍മാര്‍ മറ്റൊരു വിചിത്രകാഴ്‌ച കണ്ടു. കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള ഒരു മുന്നണിയെ ഭരണത്തിലേറ്റുന്നതിന്‌ വേണ്ടി രണ്ടുമുന്നണികള്‍ കേരളത്തില്‍ പോരടിക്കുന്ന കാഴ്‌ച. ജയിക്കുന്നവരും തോല്‌ക്കുന്നവരും കേന്ദ്രത്തില്‍ ഒരേ പക്ഷത്തുണ്ടാകുമെന്ന ബോധ്യത്തോടെതന്നെയാണ്‌ ജനങ്ങള്‍ വോട്ട്‌ ചെയ്‌തത്‌.

ഇടതുമുന്നണി കേരളത്തിലും കോണ്‍ഗ്രസ്‌ മുന്നണി മറ്റുസംസ്ഥാനങ്ങളിലും വിജയം നേടിയ ആ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പ്രസിദ്ധീകരിച്ച പത്രങ്ങളില്‍ വിചിത്രമായ ചില പ്രവചനങ്ങളുമുണ്ടായിരുന്നു. അത്‌ ഇന്നോര്‍ക്കുമ്പോള്‍ രസകരമാണ്‌. കോണ്‍ഗ്രസ്സുകാര്‍ക്കും അവരുടെ ഭരണത്തിനുമെതിരെ ഘോരമായി പ്രസംഗിച്ച്‌ ജയിച്ച രണ്ടു നേതാക്കള്‍ സോണിയാഗാന്ധി നയിക്കുന്ന മന്ത്രിസഭയില്‍ കാബിനറ്റ്‌ റാങ്കോടെ വന്നേക്കുമെന്നായിരുന്നു ഒരു പ്രവചനം. ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ ആ രണ്ടുനേതാക്കളുടെ പാര്‍ട്ടികള്‍ – സി.പി.ഐ.യും ജനതാദള്‍ എസ്സും – മന്ത്രിസഭയില്‍ ചേരേണ്ട എന്നുതീരുമാനിച്ചതുകൊണ്ടാണ്‌ ആ പ്രവചനം ഫലിക്കാതെ പോയത്‌. വയലാര്‍ രവിയ്‌ക്കും പി.കെ.വാസുദേവന്‍നായര്‍ക്കും എം.പി.വീരേന്ദ്രകുമാറിനും തിരുവനന്തപുരത്ത്‌ സംയുക്ത പൗരസ്വീകരണം നല്‍കാന്‍ കഴിയാതെ പോയത്‌ നമ്മുടെ നിര്‍ഭാഗ്യം തന്നെയാവണം.

തിരഞ്ഞെടുപ്പ്‌ മത്സരത്തെ ഫുട്‌ബോളിനോട്‌ താരതമ്യപ്പെടുത്തുന്നത്‌ ഫുട്‌ബോളിനെ അപമാനിക്കലാണെന്ന്‌ ആര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റപ്പെടുത്താനാവില്ല. ഫുട്‌ബോളില്‍ ഫൗള്‍ കളിച്ചാല്‍ വിസിലുയരും, കാര്‍ഡുയരും. മാന്യമായ മത്സരമാണ്‌ അവിടെ നടക്കാറുള്ളത്‌. കണ്ണുവെട്ടിച്ച്‌ ഒരു ഫൗളൊക്കെ കളിക്കാനായേക്കാം, വീണ്ടും വീണ്ടും ഫൗള്‍കളിക്കാന്‍ പറ്റില്ല. തിരഞ്ഞെടുപ്പില്‍ ഏറ്റവും നന്നായി ഫൗള്‍കളിക്കുന്നവരാണ്‌ വിജയിക്കുക. ഇന്തു ഫൗളും ആവാം. ഏറ്റവും ഒറിജിനല്‍ ആയ ഫൗളുകള്‍ കണ്ടെത്തി കളിക്കുന്നവര്‍ക്കുള്ളതാണ്‌ ജയം. എതിര്‍മുന്നണിയിലെ സ്ഥാനാര്‍ഥിയുടെ പേരിനോട്‌ സാമ്യമുള്ള പേരുള്ളവരെ തിരഞ്ഞുകണ്ടെത്തി അയാള്‍ ചോദിക്കുന്ന വില നല്‍കി സ്ഥാനാര്‍ഥിയാക്കുന്ന സംസ്‌കാരം നമ്മുടെ നാട്ടിലല്ലാതെ മറ്റെവിടെയെങ്കിലും കാണുമോ എന്നറിയില്ല. വിദ്യാഭ്യാസംകുറഞ്ഞ പാവപ്പെട്ട വോട്ടറെ തെറ്റിദ്ധരിപ്പിക്കലാണ്‌ ഈ ഫൗളിന്റെ ഉദ്ദേശ്യം. ഏതെങ്കിലും പാര്‍ട്ടിപ്രവര്‍ത്തകന്‌ അതുമോശമാണ്‌ എന്ന്‌ അഭിപ്രായമുണ്ടായാലും മിണ്ടാതിരിക്കുകയേ നിവൃത്തിയുള്ളൂ. കോഴിക്കോട്ട്‌ മത്സരിച്ച വീരേന്ദ്രകുമാറിന്‌ പോലും അപരനെ കണ്ടെത്തി. ആ പേരുള്ള മറ്റൊരാളെ കണ്ടെത്താനുള്ള വിഷമമോര്‍ത്തുമാത്രമാണ്‌ വീരേന്ദ്രകുമാറിന്‌ പോലും എന്നെഴുതിയത്‌. പിന്നെയാണോ വി.എം.സുധീരന്റെ കാര്യം ! ഒരു വി.എസ്‌ സുധീരനെ സ്ഥാനാര്‍ഥിയാക്കാന്‍ കഴിഞ്ഞതുകൊണ്ട്‌ വി.എം.സുധീരന്റെ എണ്ണായിരം വോട്ട്‌ നഷ്ടപ്പെടുത്താനായി. അങ്ങനെ ആയിരം വോട്ടിന്‌ വി.എം.സുധീരന്‍ തോറ്റു. ഇത്‌ മഹത്തായ ജനവിധിയായി എല്ലാവരും അംഗീകരിച്ചു. ഇതൊരു അധാര്‍മികവിജയമാണെന്ന്‌ മതപ്രചാരകനായ വിജയിക്കുപോലും തോന്നുന്നില്ലെങ്കില്‍ എന്തിന്‌ സാധാരണ രാഷ്‌ട്രീയപ്രവര്‍ത്തകരെ കുറ്റപ്പെടുത്തണം. ഫുട്‌ബോളില്‍ ഇതിലേറെ ധാര്‍മികത ഉണ്ടാവുമെന്നുറപ്പാണ്‌.

കക്ഷികള്‍ തമ്മിലുള്ള വൈരാഗ്യത്തിന്റെ പല മടങ്ങായിരുന്നു കക്ഷിക്കകത്തെ ഗ്രൂപ്പുകള്‍ തമ്മിലുള്ള വൈരാഗ്യത്തിന്റെ കാഠിന്യം. ഒരേ പാര്‍ട്ടി, ഒരേ കൊടി, ഒ ഖദര്‍, ഒരേ മഹാത്മാഗാന്ധി, ഒരേ സോണിയാഗാന്ധി….എന്നിട്ടുമവര്‍ ചേരിതിരിഞ്ഞുപോരടിച്ചു. കമ്യൂണിസ്റ്റുകാര്‍ക്ക്‌ ആഭ്യന്തരയുദ്ധത്തിനുള്ള ന്യായമായി പറയാന്‍ ആശയസമരമെങ്കിലുമുണ്ട്‌. കോണ്‍ഗ്രസ്സുകാരുടെ പോരിനുപിന്നില്‍ ആമാശയമല്ലാതെ മറ്റൊന്നുമില്ല. നീണ്ട കാലത്തെ തൊഴുത്തില്‍കുത്ത്‌ കോണ്‍ഗ്രസ്സിലെ മാന്യന്മാര്‍ക്ക്‌ റോഡിലിറങ്ങാനോ വീട്ടുകാരുടെ മുഖത്തുനോക്കാനോ പോലും പറ്റാത്ത വിധം നാണക്കേടുണ്ടാക്കി. അധികം മാന്യന്മാരൊന്നും ആ പാര്‍ട്ടിയില്‍ അവശേഷിച്ചിട്ടില്ലാത്തതുകൊണ്ട്‌ വലിയ പ്രശ്‌നമുണ്ടായില്ല. തിരഞ്ഞെടുപ്പില്‍ ജനം അച്ഛനെയും മകളെയും മകനെയും നിലത്തിട്ട്‌ ചവുട്ടിയപ്പോളാണ്‌ ജനത്തിനുതന്നെ ജനാധിപത്യത്തില്‍ ചില്ലറ കാര്യമൊക്കെയുണ്ടെന്ന വിശ്വാസം വന്നത്‌. എന്നിട്ടെന്ത്‌ ? അവര്‍ വല്ല പാഠവും പഠിച്ചുവോ ? ഇല്ല. അഞ്ചുകൊല്ലം ഒളിവിലിരുന്ന മകള്‍ തിരഞ്ഞെടുപ്പടുത്തപ്പോള്‍ രംഗപ്രവേശനം ചെയ്‌തിരിക്കുന്നു. അച്ഛന്‌ സ്ഥാനാര്‍ഥിത്വം കിട്ടാനോ അല്ല തനിക്ക്‌ സ്ഥാനാര്‍ഥിത്വം കിട്ടാനോ എന്നറിയില്ല സോണിയാഗാന്ധിയെ സന്ദര്‍ശിക്കുകയും എന്തോ നിവേദനം നല്‍കുകയുമൊക്കെ ചെയ്‌തെന്ന്‌ പത്രവാര്‍ത്തകളുണ്ടായിരുന്നു. ഫുട്‌ബോളില്‍ ഒന്നോ രണ്ടോ ഫൗള്‍ കഴിഞ്ഞാല്‍ പിന്നെ കളിക്കളത്തിന്‌ പുറത്തിരിക്കേണ്ടിവരും. രാഷ്‌ട്രീയത്തില്‍ നിയമങ്ങളില്ല.

നടക്കാന്‍പോകുന്ന തിരഞ്ഞെടുപ്പില്‍ കേരളീയര്‍ക്ക്‌ ഒരു സമാധാനമുണ്ടാകും. കോണ്‍ഗ്രസ്സിനെ വീണ്ടും അധികാരത്തിലേറ്റാന്‍ വേണ്ടിയല്ലല്ലോ കേരളത്തില്‍ ഇടതുമുന്നണി കോണ്‍ഗ്രസ്സിനെ തോല്‌പ്പിക്കാന്‍ ആവശ്യപ്പെടുന്നത്‌ എന്ന സമാധാനം. ആണവക്കരാര്‍ പ്രശ്‌നത്തില്‍ അവര്‍ പിണങ്ങിപ്പിരിഞ്ഞത്‌ അങ്ങനെ നോക്കിയാല്‍ ഭാഗ്യമായി. അഞ്ചുവര്‍ഷത്തില്‍ നാലുവര്‍ഷവും തങ്ങള്‍ പിന്തുണച്ച്‌ നിലനിര്‍ത്തിയ യു.പി.എ ഭരണത്തെ തള്ളിപ്പറഞ്ഞുകൊണ്ട്‌ വോട്ടുപിടിക്കാന്‍ ഇത്തവണ ഇടതുകക്ഷികള്‍ക്ക്‌ കഴിയുമെന്നത്‌ ആശ്വാസമാണ്‌. ഇല്ലായിരുന്നെങ്കില്‍ അവരെങ്ങനെയാവും വോട്ടുപിടിക്കുക!

പാര്‍ട്ടികളില്‍ നിന്നും കക്ഷിരാഷ്‌ട്രീയത്തില്‍നിന്നും അകന്നുനില്‍ക്കുന്നതുമാത്രമാണ്‌ അരാഷ്‌ട്രീയവാദമാകുക എന്നില്ല. പാര്‍ട്ടികള്‍ തമ്മില്‍ വ്യത്യാസമൊന്നുമില്ലാതായാലും അത്‌ അരാഷ്‌ട്രീയതയാകും. അരാഷ്‌ട്രീയരാഷ്‌ട്രീയപാര്‍ട്ടികള്‍ എന്ന അത്യപൂര്‍വപ്രതിഭാസമാണ്‌ ഇപ്പോള്‍ കേരളത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്‌. യു.ഡി.എഫ്‌ ഘടകകക്ഷികള്‍ക്ക്‌ രാഷ്‌ട്രീയത്തില്‍ താല്‌പര്യമില്ലാതായിട്ട്‌ കാലം കുറച്ചായി. അവര്‍ക്ക്‌ അധികാരത്തില്‍ മാത്രമേ താല്‌പര്യമുണ്ടായിരുന്നുള്ളൂ. അധികാരത്തിന്‌ കക്ഷിരാഷ്‌ട്രീയം ആവശ്യമായതുകൊണ്ട്‌ അതില്‍ ഇറങ്ങുന്നുവെന്നുമാത്രം. ഇടതുപക്ഷം വ്യത്യസ്‌തമാണെന്നും വ്യത്യസ്‌തമായ ഒരു രാഷ്‌ട്രീയം അവര്‍ക്കുണ്ടെന്നുമുള്ള വിശ്വാസത്തോടെ തന്നെയാണ്‌‌ മിക്ക നിരീക്ഷകരും ഇടതുപക്ഷത്തെ വിമര്‍ശിച്ചിരുന്നത്‌. മനുഷ്യരെ മുന്നോട്ടുനയിക്കുന്നത്‌ ഇത്തരം പല പല വിശ്വാസങ്ങളാണ്‌. അതില്ലാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകുക പ്രയാസമാണ്‌. ഇടതുപക്ഷത്തെക്കുറിച്ചുള്ളതും അത്തരമൊരുവിശ്വാസമാണ്‌. ചിലരിതിനെയെല്ലാം അന്ധവിശ്വാസങ്ങള്‍ എന്നുവിളിക്കും.

കരുണാകരനും മകനും മകളും മറ്റനേകം കോണ്‍ഗ്രസ്സുകാരും കാട്ടിക്കൂട്ടിയതിനേക്കാള്‍ വ്യത്യസ്‌തവും വളരെ ഉന്നതവുമാണ്‌്‌ സി.പി.എമ്മില്‍ നടക്കുന്ന ഗ്രൂപ്പുപോരെന്ന്‌ വേണമെങ്കില്‍ വാദിച്ചുസ്ഥാപിക്കാന്‍ കഴിയും. കരുണാകരന്റെ നിലവാരത്തില്‍ ആര്‍ക്കും ശ്രമിച്ചാല്‍പോലും എത്താന്‍ കഴിയില്ലല്ലോ. പക്ഷേ, തോല്‍ക്കുമെന്നുറപ്പുള്ള ഒരു പാര്‍ലമെന്റ്‌ സീറ്റിലെ പൊതുസമ്മത സ്വതന്ത്രസ്ഥാനാര്‍ഥിയെചൊല്ലി രണ്ടുകമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ നടത്തിയ തൊഴുത്തില്‍കുത്തിന്‌ എവിടെയാണ്‌ സ്ഥാനം നല്‍കേണ്ടത്‌ ? ആന്റണീ-കരുണാകരണീയത്തിന്‌ മുകളിലോ താഴെയോ ?

നേതാക്കളുടെ അരാഷ്‌ട്രീയവും വ്യക്തിഗതവുമായ സ്വാര്‍ഥതകള്‍ നിറവേറ്റുന്നതിനുള്ള ഉപകരണങ്ങള്‍ മാത്രമായി രാഷ്‌ട്രീയപാര്‍ട്ടികള്‍ രൂപാന്തരപ്പെടുമ്പോഴാണ്‌ തിരഞ്ഞെടുപ്പുകളും അരാഷ്‌ട്രീയ ഫുട്‌ബോള്‍ മത്സരങ്ങളാവുന്നത്‌. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്‌ ജയിക്കുന്നതിന്‌ വേണ്ടിമാത്രമാകുമ്പോള്‍ അതിന്‌ ഇന്നതേ ചെയ്‌തുകൂടൂ എന്നില്ല. ഒരേ പാര്‍ട്ടിതന്നെ രണ്ടുസംസ്ഥാനങ്ങളില്‍ രണ്ടു വ്യത്യസ്‌തരാഷ്‌ട്രീയ സംസ്‌കാരങ്ങളില്‍ വീണുകിടക്കാം എന്ന്‌ സി.പി.എമ്മിന്റെ കേരള – പ.ബംഗാള്‍ ഘടകങ്ങള്‍ തെളിയിക്കുന്നു. ഭരണത്തില്‍ വന്നിട്ട്‌ 32 വര്‍ഷം പിന്നിട്ടിട്ടും കേരളത്തിലുള്ള അത്ര സ്വത്തോ സമ്പാദ്യമോ മൂല്യത്തകര്‍ച്ചയോ പ.ബംഗാളിലുണ്ടാകാത്തത്‌ എന്തുകൊണ്ടാണ്‌ ? പ.ബംഗാള്‍ പാര്‍ട്ടിയെക്കുറിച്ച്‌ വായ്‌നിറയെ ആക്ഷേപമുള്ളവരും കേരളത്തിലെ കാര്യം കേള്‍ക്കുമ്പോള്‍ അവിടെയുള്ളവരില്‍ മിക്കവരും തികഞ്ഞ സാത്വികരാണ്‌ എന്ന്‌ സമ്മതിക്കും. മൂന്നുപതിറ്റാണ്ട്‌ പിന്നിട്ടിട്ടും അധികാരക്കസേരയുടെ അടുത്തൊന്നും ചെന്നിട്ടില്ലാത്ത പ്രമോദ്‌ ദാസ്‌ ഗുപ്‌തയും സരോജ്‌ മുഖര്‍ജിയും സൈലന്‍ദാസ്‌ ഗുപ്‌തയും ബിമന്‍ ബോസും പ.ബംഗാളിലേ ഉണ്ടാകൂ. പാര്‍ട്ടി സെക്രട്ടേറിയറ്റ്‌ യോഗം ചേര്‍ന്ന്‌ സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചപ്പോള്‍ ആ പട്ടികയില്‍ പാര്‍ട്ടി സെക്രട്ടേറിയറ്റ്‌ അംഗങ്ങള്‍ മുഴുവന്‍ കടന്നുകൂടി എന്നാണ്‌ കേരളത്തില്‍ ഒരിക്കല്‍ കേട്ട കഥ.

മുന്നണികള്‍ തമ്മില്‍ വ്യത്യാസമുണ്ടായാലും ഇല്ലെങ്കിലും ഭൂരിപക്ഷം വോട്ടര്‍മാര്‍ക്കും കേരളത്തില്‍ വലിയ ധര്‍മസങ്കടമൊന്നുമില്ല. ആര്‍ക്ക്‌ വോട്ട്‌ ചെയ്യണമെന്നാലോചിച്ച്‌ തല പുകയ്‌ക്കേണ്ട കാര്യമില്ല. അവര്‍ക്ക്‌ വേണ്ടി ചിന്തിക്കാന്‍ അവരുടെ പാര്‍ട്ടികളുണ്ടാകും, ജാതി- മത സംഘടനകളുണ്ടാകും. ജാതി – മത- രാഷ്‌ട്രീയ – ട്രേഡ്‌ യൂണിയന്‍ സംഘടനാബന്ധമോ ആഭിമുഖ്യമോ ഇല്ലാത്തവരുടെ എണ്ണം ചുരുങ്ങിവരികയാണ്‌. വിഭവങ്ങളുടെ വീതംവെപ്പില്‍ നല്‍കുന്ന പങ്കിനുള്ള പ്രതിഫലമായാണ്‌ മിക്ക സമ്മര്‍ദ്ദഗ്രൂപ്പുകളും വോട്ടുനല്‍കുന്നതും.

സ്ഥാനാര്‍ഥികളുടെ ജാതിയും മതവും നോക്കി വോട്ട്‌ ചെയ്യുന്ന സമ്പ്രദായം മുമ്പെ ഉള്ളതാണ്‌. പക്ഷേ, പാര്‍ട്ടികളോട്‌ ഇന്നയാളെ നിര്‍ത്തണമെന്ന്‌ ജാതി മതസംഘടനകള്‍ പരസ്യമായി ആവശ്യപ്പെടുന്ന സമ്പ്രദായം തുടങ്ങിയിട്ട്‌ അധികകാലം ആയിട്ടില്ല. വ്യക്തികള്‍ക്ക്‌ വേണ്ടി സഭാതലവനോ സംഘടനാനേതാവോ സ്വകാര്യമായി ലോബിയിങ്‌ നടത്തുന്നതും അസാധാരണമായിരുന്നില്ല. ഇപ്പോഴതല്ല സ്ഥിതി. സാമൂദായികനേതാക്കള്‍ പരസ്യവേദിയില്‍തന്നെ ആവശ്യമുന്നയിക്കുന്നു. ഇന്ന ആളെ നിര്‍ത്തണമെന്ന്‌ ആവശ്യപ്പെടാന്‍ ഡല്‍ഹിക്കുപറക്കുന്നു. ആ ആളെ നിര്‍ത്തിയില്ലെങ്കില്‍ ഇത്രലക്ഷം സമുദായക്കാര്‍ വോട്ട്‌ ചെയ്യില്ലെന്ന്‌ ഭീഷണിപ്പെടുത്തുന്നു. പാര്‍ട്ടികള്‍ക്കോ മാധ്യമങ്ങള്‍ക്കോ പൊതുപ്രവര്‍ത്തകന്മാര്‍ക്കോ ഒന്നും ഇതില്‍ ജനാധിപത്യവിരുദ്ധമോ അനാശാസ്യമോ ആയി എന്തെങ്കിലും ഉള്ളതായി തോന്നുന്നില്ല. അതായിരിക്കുന്നു ജനാധിപത്യം.

കൂടെനിന്ന കാലത്ത്‌ മതവിരുദ്ധനടപടികള്‍ക്കുപോലും ഇടതുപക്ഷകക്ഷികളോട്‌ സമ്മതംമൂളിയ മര്യാദക്കാരായ സെക്കുലറിസ്റ്റുകളായിരുന്നു മുസ്ലിംലീഗുകാര്‍. 1967 ലെ സപ്‌തകക്ഷി മുന്നണിയുടെ ഭരണകാലത്താണ്‌ കേരളത്തില്‍ മദ്യനിരോധനം എടുത്തുകളഞ്ഞത്‌. അധികാരത്തോടുള്ള ആര്‍ത്തികൊണ്ടുമാത്രമാണ്‌ അന്ന്‌ മുസ്ലിംലീഗ്‌ അതിനെ എതിര്‍ത്തുകൊണ്ടിറങ്ങിപ്പോരാതിരുന്നത്‌ എന്ന്‌ പറയാനാവില്ല. മുന്നണിയിലെ എല്ലാ കക്ഷികളും ചേര്‍ന്നെടുക്കുന്ന ഭരണനടപടിയെ മതവിശ്വാസത്തിന്റെ പേരില്‍മാത്രം എതിര്‍ക്കേണ്ട എന്നവര്‍ തീരുമാനിച്ചതുതന്നെയാവണം. ഒ മതപാര്‍ട്ടിക്ക്‌ ആകാവുന്നത്ര മതേതരം ആയിരുന്നു ലീഗ്‌. പിളര്‍ന്ന്‌ രണ്ടായതിന്‌ ശേഷം ഒരു വിഭാഗം ഇടതുപക്ഷത്തായിരുന്നു. ഇടതുപക്ഷം വലതുപക്ഷം എന്നൊന്നും പറയുന്നതില്‍ കാര്യമില്ല. രണ്ടു മുന്നണിയിലും ഉണ്ടായിരുന്നു കമ്യുണിസ്റ്റ്‌ പാര്‍ട്ടി, രണ്ടിലും ഉണ്ട്‌ കോണ്‍ഗ്രസ്‌ കഷണങ്ങള്‍, രണ്ടിലും ഉണ്ട്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയിടെ അംശങ്ങള്‍, രണ്ടിലുമുണ്ട്‌ ഓരോ ലീഗ്‌‌, ഓരോ കേരളകോണ്‍ഗ്രസ്‌ – അപ്പോള്‍പിന്നെ ഏതാണ്‌ ഇടതുമുന്നണി, ഏതാണ്‌ വലതുമുന്നണി ? അടിയന്തരാവസ്ഥക്കാലത്ത്‌ സി.പി.എംകാര്‍ക്കും സോഷ്യലിസ്റ്റുകള്‍ക്കും ജനസംഘക്കാര്‍ക്കും ഒപ്പം ജയിലില്‍കഴിഞ്ഞിട്ടുണ്ട്‌ അഖിലേന്ത്യാ മുസ്ലിംലീഗുകാര്‍. ശരീഅത്‌ വിവാദത്തിന്റെ തുടര്‍ച്ചയായി ഇ.എം എസ്‌ നമ്പൂതിരിപ്പാടിന്‌‌ വര്‍ഗീയവിരോധം കലശലായപ്പോള്‍ ലീഗിനെ പുറത്തിറക്കിവിട്ടു. അത്‌ തിരഞ്ഞെടുപ്പില്‍ ഗുണംചെയ്യുമെന്ന്‌ അറിയാനുള്ള ചാണക്യബുദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. ഇന്ന്‌ കാലമെത്ര മാറിയിരിക്കുന്നു. മുസ്ലീം ലീഗ്‌ വിഷമില്ലാത്ത ചേരപ്പാമ്പാണെങ്കില്‍ മുന്തിയ മൂര്‍ഖന്‍ പാമ്പുകളായവയെ ഒപ്പം കൂട്ടാനാണ്‌ സി.പി.എം ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. ഭീകരരെ പിന്തുണക്കുന്ന എന്‍.ഡി.എഫുകാരുടെ വോട്ടുവേണ്ട എന്ന പറഞ്ഞ എം.കെ.മുനീറിന്‌ ഭീകരരെ എതിര്‍ക്കുന്ന മുസ്ലിംലീഗിന്റെ സ്ഥാനാര്‍ഥിത്വം കിട്ടുക പ്രയാസമാണ്‌ എന്നുവ്യക്തമായിരിക്കുന്നു. മതേതരത്വത്തിന്‌ ഇരുമുന്നണികളിലും ഇന്ന്‌ അത്രയേ ഉള്ളൂ ഡിമാന്‍ഡ്‌.

കേരളം ഇന്നലെ ചെയ്‌തത്‌ രാജ്യം നാളെ ചെയ്യും എന്നൊരു തത്ത്വം അഭിനന്ദനമായി നാം അംഗീകരിച്ചുപോന്നിട്ടുണ്ടെങ്കിലും ഇപ്പോഴിത്‌ പല രാഷ്‌ട്രീയ അനാശാസ്യതകള്‍ക്കുമാണ്‌ ബാധകമായിട്ടുള്ളത്‌. അരനൂറ്റാണ്ടുമുമ്പ്‌ കേരളം കൂട്ടുകക്ഷി ഭരണസമ്പ്രദായത്തിനു തുടക്കമിട്ടപ്പോള്‍ അധാര്‍മികവും ജനാധിപത്യവിരുദ്ധവുമാണ്‌ അതെന്ന്‌ വിമര്‍ശിച്ചവര്‍ ധാരാളമുണ്ടായിരുന്നു. ഇന്നത്‌ സാധാരണമായിരിക്കുന്നു. ഇന്ത്യയെപ്പോലെ വൈവിദ്ധ്യവും വൈരുദ്ധ്യവും നിറഞ്ഞ വിശാലമായ രാജ്യത്ത്‌ കൂട്ടുകക്ഷി ഭരണത്തില്‍ ഒട്ടും അസ്വാഭാവികത ഇല്ലതാനും. എന്നാല്‍ ഒന്നോ രണ്ടോ എം.പി.മാര്‍ മാത്രമുള്ള പാര്‍ട്ടി രാജ്യത്തിന്റെ വിദേശനയമോ ആരോഗ്യനയമോ കൈകാര്യം ചെയ്യുന്നതില്‍ ജനാധിപത്യവിരുദ്ധമായി യാതൊന്നുമില്ലേ ? ഒരു എം.എല്‍.എ മാത്രമുള്ള പാര്‍ട്ടി മുന്നണിയിലെ ഘടകകക്ഷിയാണെന്നതുകൊണ്ട്‌ കക്ഷിക്ക്‌ മന്ത്രിസ്ഥാനം അനുവദിക്കുന്ന രീതി ഒരുപക്ഷേ ആദ്യമായി കണ്ടത്‌ 1967ല്‍ കേരളത്തിലാവണം. കെ.ടി.പി.ക്കും കെ.എസ്‌.പി.ക്കും മന്ത്രിസ്ഥാനം നല്‌കിയില്ല.

Leave a Reply

Your email address will not be published. Required fields are marked *

Go Top