രണ്ടു കക്ഷികള്‍ മതിയോ ?

എൻ.പി.രാജേന്ദ്രൻ

രാഷ്ട്രത്തിന്റെ ഉത്തമതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാവശ്യമായ മാറ്റങ്ങള്‍ രാജ്യത്തിന്റെ വ്യവസ്ഥയിലും രീതികളിലും വരുത്തണമെന്ന്‌ നിര്‍ദ്ദേശിക്കാനുളള അവകാശം, അല്ലെങ്കില്‍ ബാധ്യത രാഷ്ട്രപതിക്കുണ്ട്‌. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ ദ്വികക്ഷിസമ്പ്രദായം വേണം എന്ന രാഷ്ട്രപതിയുടെ നിര്‍ദ്ദേശം നാം മുഖവിലക്കെടുക്കേണ്ടതുണ്ട്‌.

അഞ്ചുവര്‍ഷക്കാലമായി രാഷ്ടത്തിന്റെ വിവിധമേഖലകളെ അത്യുന്നതത്തിലിരുന്നു നിരീക്ഷിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്‌ അദ്ദേഹത്തിന്‌. അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുകയുമാണ്‌. ഒരു ശാസ്‌ത്രജ്ഞനായിരുന്ന കാലത്ത്‌ അദ്ദേഹത്തിന്‌ വളരെയൊന്നും സമയം രാഷ്ട്രീയകാര്യങ്ങളെ കുറിച്ച്‌ ചിന്തിക്കാന്‍ ലഭിച്ചിരിക്കാനിടയില്ല. രാഷ്ട്രപതിയായപ്പോഴാകട്ടെ വളരെയധികം സമയം അതിന്‌ ലഭിച്ചിട്ടുമുണ്ടാകും. ഇതെല്ലാം കൊണ്ട്‌ രാഷ്ട്രത്തിന്റെ രാഷ്ട്രീയഘടനയെകുറിച്ച്‌ അദ്ദേഹം ചെയ്‌ത പ്രസംഗത്തിലെ നിരീക്ഷണങ്ങള്‍ക്ക്‌ പിന്നില്‍ അഞ്ചുവര്‍ഷത്തെ അനുഭവങ്ങളുടെ വെളിച്ചവും തെളിച്ചവും ഉണ്ടാവും എന്ന്‌ കരുതാം.

ഇന്ത്യയ്‌ക്ക്‌ ദ്വികക്ഷി രാഷ്ട്രീയസമ്പ്രദായമാണ്‌ ഉത്തമം എന്ന്‌്‌ രാഷ്ട്രപതി നിര്‍ദ്ദേശിച്ചത്‌ രാഷ്ട്രീയവൃത്തങ്ങളില്‍ ചില്ലറ വിവാദങ്ങള്‍ സൃഷ്ടിച്ചതായി കാണാം. രാഷ്ട്രപതിയാണ്‌ നിര്‍ദ്ദേശിച്ചത്‌ എന്നതു കൊണ്ടുതന്നെ ആ പദവിയുടെ ഔന്നത്യം കണക്കിലെടുത്ത്‌ സാധാരണയായി ആരും അതിനെ ചോദ്യം ചെയ്യാനൊന്നും ഇറങ്ങിപ്പുറപ്പെടാറില്ല. സ്വീകാര്യമല്ല നിര്‍ദ്ദേശമെങ്കില്‍ താനൊന്നും കേട്ടില്ലെന്ന്‌ നടിക്കാനാണ്‌ പൊതുവെ നേതാക്കള്‍ ഇഷ്ടപ്പെടുക. ഇത്തവണ പക്ഷേ, ഇടതുപക്ഷപ്പാര്‍ട്ടികളെങ്കിലും രാഷ്ട്രപതിയുടെ നിര്‍ദ്ദേശത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി രംഗത്തുവന്നു.

നിര്‍ഭാഗ്യമെന്ന്‌ പറയട്ടെ, എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നിര്‍ദ്ദേശം അദ്ദേഹത്തില്‍ ഉള്‍ക്കാഴ്‌ചയുള്ള ഒരു ചിന്തകനോ രാഷ്ടതന്ത്രജ്ഞനോ ഇല്ല എന്നാണ്‌ വെളിവാക്കിയത്‌. അനേകമനേകം പാര്‍ട്ടികളും അവ തമ്മിലുള്ള കൂട്ടുകെട്ടുകളും മുന്നണികളും അവയിലെ പിളര്‍പ്പുകളും എല്ലാം ചേര്‍ന്നുണ്ടാക്കുന്ന രാഷ്ട്രീയാസ്ഥിരതയും ആശയക്കുഴപ്പങ്ങളും എല്ലാകാലത്തും രാഷ്ട്രീയചിന്തകരില്‍ നിന്ന്‌ പലതരം പ്രതികരണങ്ങള്‍ക്ക്‌ പ്രേരണയായിട്ടുണ്ട്‌. ബ്രിട്ടനിലെപ്പോലെ രണ്ടുവലിയ പാര്‍ട്ടികള്‍ ഉണ്ടാകുന്നതാണ്‌ നല്ലത്‌ എന്ന്‌ ഒരാഗ്രഹം പോലെ പലരും പറയാറുണ്ട്‌. ആഗ്രഹത്തിനപ്പുറം അതിന്‌ പ്രാധാന്യമൊന്നുമില്ല എന്ന്‌ ആ അഭിപ്രായം പറഞ്ഞവര്‍ക്ക്‌ തന്നെ ബോധ്യവുമുണ്ടായിരുന്നു. രാഷ്ട്രപതിയുടെ അഭിപ്രായം ഈ ആശയപ്രകടനത്തിന്റെ കാലം തെറ്റിയുള്ള ആവര്‍ത്തനം മാത്രമായിരുന്നുവെന്നും അതില്‍ മൗലികതയുടെ അംശം പോലും കുറവായിരുന്നുവെന്നും പറയാതിരിക്കാന്‍ പറ്റില്ല.

സ്വാതന്ത്ര്യം കിട്ടി ആറു പതിറ്റാണ്ട്‌ പിന്നിട്ടിട്ടും ബ്രിട്ടനെയാണ്‌ നാമിപ്പോഴും നമ്മുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരത്തിന്‌ എത്തിനോക്കുന്നതെന്നത്‌ അത്ര ആശാസ്യമായി തോന്നുന്നില്ല. ബ്രിട്ടനില്‍ രണ്ടുപാര്‍ട്ടികള്‍ മാറിമാറി അധികാരത്തില്‍ വരുന്നു എന്നത്‌ വളരെ സുഖകരമായ ഒരു ജനാധിപത്യാനുഭവമാണ്‌ എന്ന്‌ പറയുന്നവര്‍ ഇന്ത്യയും ബ്രിട്ടനും തമ്മില്‍ രാഷ്ട്രീയമായുള്ള അജഗജാന്തരം പാടെ വിസ്‌മരിക്കുകയാണ്‌ ചെയ്യുന്നത്‌. ഒരേ ഭാഷയും ഏതാണ്ട്‌്‌ ഒരേ മതവും ഒരേ സംസ്‌കാരവും ഉള്ള ജനതയാണ്‌ ബ്രിട്ടനിലേത്‌. അയര്‍ലണ്ടിനേയും സ്‌കോട്ട്‌ലന്റിനേയും വിസ്‌മരിക്കുകയല്ല. എന്നാല്‍ ഇന്ത്യയുടെ വൈവിദ്ധ്യങ്ങളേയും വൈരുദ്ധ്യങ്ങളേയും ഇതുമായി താരതമ്യപ്പെടുത്തുവാന്‍ പോലും സാധിക്കുകയില്ല. അതുകൊണ്ടുതന്നെയാണ്‌ രണ്ട്‌ പാര്‍ട്ടികളെക്കൊണ്ട്‌ തൃപ്‌തിപ്പെടാന്‍ ബ്രിട്ടീഷുകാര്‍ക്ക്‌ കഴിയുന്നത്‌. കണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടിയും ലേബര്‍ പാര്‍ട്ടിയും തമ്മില്‍ എന്ത്‌ വ്യത്യാസമാണ്‌ ഉള്ളതെന്ന്‌ ബ്രിട്ടീഷുകാര്‍ക്കെങ്കിലും മനസ്സിലായിട്ടുണ്ടോ എന്തോ. രാഷ്ട്രീയാധികാരത്തിന്‌ വേണ്ടി മത്സരിക്കുന്ന രണ്ടു ടീമുകള്‍ എന്നതിനപ്പുറം എന്തുവ്യത്യാസമാണ്‌ ഈ കക്ഷികല്‍ തമ്മിലുളളത്‌ ?

രണ്ടു പ്രബലകക്ഷികള്‍ എന്ന അവസ്ഥ ബ്രിട്ടനില്‍ കാലാന്തരത്തിലൂടെ സ്വാഭാവികമായി രൂപപ്പെട്ടുവന്നതാണ്‌, ആരെങ്കിലും നിയമമുണ്ടാക്കി അടിച്ചേല്‍പ്പിച്ചതല്ല. അത്തരമൊരു സമ്പ്രദായം ഒരു ജനാധിപത്യരാജ്യത്തിലും നിയമമുണ്ടാക്കി അടിച്ചേല്‍പ്പിക്കാവുന്നതുമല്ല. രാഷ്ട്രപതി നിയമനിര്‍മാണത്തിലൂടെ അത്തരമൊരു സമ്പ്രദായം ഉണ്ടാക്കാന്‍ നിര്‍ദ്ദേശിച്ചു എന്ന്‌ ആരോപിക്കുകയല്ല. രണ്ടു പ്രബലപാര്‍ട്ടികള്‍ മാത്രമേ പാടൂള്ളൂ എന്ന്‌്‌ നിര്‍ബന്ധിക്കുന്നത്‌ ജനാധിപത്യവിരുദ്ധം തന്നെയാണ്‌. ജനങ്ങള്‍ക്ക്‌ അവരുടെ ആശയങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഒത്ത്‌ പാര്‍ട്ടികള്‍ ഉണ്ടാക്കാനും അതിന്‌ പിന്തുണ തേടാനും ഉള്ള അവകാശം ജനാധിപത്യത്തിന്റെ ഭാഗമാണ്‌. ഇന്ന്‌ ജനപിന്തുണയില്ലാത്ത പാര്‍ട്ടി നാളെ രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയായി മാറിക്കൂടെന്നുമില്ല. നിശ്ചിതശതമാനത്തില്‍ കുറവുവോട്ട്‌ കിട്ടിയ പാര്‍ട്ടികളെ സമ്പൂര്‍ണമായി ഉണ്മൂലനം ചെയ്‌ത്‌ വേണമെങ്കില്‍ വലിയ പാര്‍ട്ടികളെ മാത്രം നിലനിര്‍ത്താം. പക്ഷേ അതെങ്ങനെ ജനാധിപത്യമാകും ?

അറുപതുകളുടെ അവസാനത്തില്‍ കോണ്‍ഗ്രസ്സ്‌ ദുര്‍ബലമാവുകയും പലതരം മുന്നണികള്‍ സംസ്ഥാനങ്ങളില്‍ ഭരണമേല്‍ക്കുകയും ചെയ്‌തപ്പോഴാണ്‌ ബഹുകക്ഷിജനാധിപത്യം ദ്വികക്ഷിജനാധിപത്യമാക്കണമെന്ന്‌ ആദ്യമായി ഗൗരവപൂര്‍വം നിര്‍ദ്ദേശിക്കപ്പെട്ടത്‌. കക്ഷികളുടെ ബാഹുല്യം ജനാധിപത്യസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്‌ എന്ന ധാരണയായിരുന്നു അതിന്‌ പിന്നില്‍. പക്ഷേ, ഇന്ത്യന്‍ ജനാധിപത്യത്തില്‍ വന്നുകൊണ്ടിരുന്ന മാറ്റങ്ങളെ വേണ്ട ഗൗരവത്തില്‍ കാണാതെയാണ്‌ ഇക്കാര്യം ചര്‍ച്ച ചെയ്യപ്പെട്ടത്‌. സംസ്ഥാനങ്ങളില്‍ ഉദയം കൊണ്ട്‌ ശക്തിപ്രാപിച്ച ഉപദേശീയതകളെയും മുഖ്യധാരയിലേക്ക്‌ ഉയര്‍ന്നുവന്ന പുതിയ ജനവിഭാഗങ്ങളേയും പ്രതിനിധാനം ചെയ്യുന്ന പുതിയ കക്ഷികളുടെ ആവിര്‍ഭാവം തീര്‍ത്തും ജനാധിപത്യപരമായ കാര്യമായിരുന്നു. ഇത്‌ കക്ഷികളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിരിക്കാം. കുറെ സംസ്ഥാനങ്ങളില്‍ താത്‌ക്കാലിക അസ്ഥിരത ഉണ്ടാക്കിയിരിക്കാം. എന്നാല്‍ മൊത്തത്തില്‍ എടുത്താല്‍ ഇത്‌ ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തിയിട്ടേ ഉള്ളൂ.

രണ്ടുകക്ഷികള്‍ മതി എന്ന്‌ പറയാന്‍ എന്താണ്‌ രാഷ്ട്രപതിയെ പ്രകോപിപ്പിച്ചത്‌ ? സമീപകാലത്ത്‌ ഇന്ത്യയില്‍ കക്ഷിബാഹുല്യം കാര്യമായ രാഷ്ട്രീയപ്രശ്‌നങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല. എഴുപതുകളില്‍ മുന്നണിസംവിധാനം ഗുണത്തേക്കാളേറെ ദോഷമാണ്‌ ചെയ്യുന്നത്‌ എന്ന ധാരണ സൃഷ്ടിക്കുകയുണ്ടായി . എന്നാല്‍ അത്‌ ക്രമേണ സ്ഥിരതയുള്ള സംവിധാനമായി മാറി. കോണ്‍ഗ്രസ്‌ കേന്ദ്രം ഭരിച്ചിരുന്ന ആദ്യകാലത്തെ ഏകകക്ഷിഭരണസംവിധാനം എന്‍ ഡി എ ഭരണകാലത്ത്‌ 24 കക്ഷികളുടെ ഭരണമായി മാറിയിരുന്നു. എന്നാല്‍, അക്കാരണം കൊണ്ടുമാത്രം കോണ്‍ഗ്രസ്‌ ഭരണം നല്ലതായിരുന്നു എന്നും എന്‍ ഡി എ യുടേത്‌ മോശമായിരുന്നു എന്നും പറയാനാവുമോ ? അടുത്ത ദിവസം ഉത്തരപ്രദേശ്‌ തിരഞ്ഞെടുപ്പിന്റെ ഫലം പല പുതിയ സൂചനകളും നല്‍കുന്നു. മായാവതിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്നത്‌ ഒറ്റക്കക്ഷിയാണ്‌ , മുന്നണിയല്ല. അസ്ഥിരമായ യു.പി. രാഷ്ട്രീയത്തില്‍ പോലും പുതിയ മാറ്റത്തിന്റെ കൊടുങ്കാറ്റടിച്ചുകഴിഞ്ഞു.

ദ്വികക്ഷിസംവിധാനത്തിലേക്ക്‌ പോകാന്‍ കഴിയാത്ത വിധം ഇന്ത്യയില്‍ ബഹുകക്ഷി ജനാധിപത്യം ഉറച്ചുകഴിഞ്ഞു. ഇതില്‍ പിഴവുകളും തെറ്റുകളും ഇല്ലെന്നല്ല. അഞ്ചുവര്‍ഷക്കാലത്തെ അനുഭവങ്ങളില്‍ നിന്നും അറിവുകളില്‍ നിന്നും ഈ തെറ്റുകളും കുറ്റങ്ങളും മാറ്റാനുള്ള നിര്‍ദ്ദേശങ്ങളാണ്‌ രാഷ്ട്രപതി മുന്നോട്ടുവെച്ചിരുന്നതെങ്കില്‍ കുറെക്കൂടി പ്രയോജനപ്പെടുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Go Top