ഗാന്ധിജിയും ഗാന്ധിയനായ നാസ്തികനും

    എൻ.പി.രാജേന്ദ്രൻ
     ‘നാസ്തികത ആത്മത്തിന്റെ നിഷേധമാണ്. അതു പ്രചരിപ്പിക്കുന്നതില്‍ ലോകത്താരും വിജയിച്ചിട്ടില്ല. താങ്കളെപ്പോലുള്ളവര്‍ക്കു കുറച്ചു വിജയം നേടാന്‍ കഴിഞ്ഞത് ജനങ്ങള്‍ക്കിടയില്‍ അത്ര ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടു മാത്രമാണ്. താങ്കളെ ഇവിടേക്കു ക്ഷണിക്കാന്‍ നിവൃത്തിയില്ലാത്തതില്‍ ഖേദമുണ്ട്. വെറുതെ ചര്‍ച്ചകള്‍ക്കു വേണ്ടി ചെലവാക്കാന്‍ എനിക്കു സമയമില്ല’.
       നേരില്‍ക്കാണാനും ദൈവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനും സമയം ചോദിച്ചുകൊണ്ടു കത്തയച്ച തികഞ്ഞ നാസ്തികനായ ഗോപരാജു രാമചന്ദ്ര റാവുവിന് ഗാന്ധിജി നല്‍കിയ മറുപടിയാണ് ഇത്. ഗോപരാജു രാമചന്ദ്ര റാവുവിന്റെ ആദ്യത്തെ കത്തായിരുന്നില്ല അത്. 1930 തുടക്കത്തിലെപ്പോഴോ അദ്ദേഹം ഗാന്ധിജിക്കു കത്തയക്കുകയുണ്ടായി. വെറും രണ്ടു വാചകമുള്ളതായിരുന്നു ആ കത്ത്. ‘അങ്ങ് ദൈവം എന്ന വാക്ക് ഉപയോഗിക്കുന്നു. എന്താണ് ആ വാക്കിന്റെ അര്‍ത്ഥം, മനുഷ്യജീവിതവുമായി അത് എത്രത്തോളം പൊരുത്തപ്പെടും?’
    ‘മനുഷ്യന് ഉള്‍ക്കൊള്ളാവുതിനും അപ്പുറമാണ് അതിന്റെ അര്‍ത്ഥം’ എന്ന ഒറ്റ വാചകമാണ് ഗാന്ധിജി ആ കത്തിന് മറുപടി നല്‍കിയത്. രാമചന്ദ്രറാവുവിനെ ഒട്ടും തൃുപ്തിപ്പെടുത്തിയില്ല ആ മറുപടി എന്നു പറയേണ്ടതില്ലല്ലോ. മനുഷ്യര്‍ സദാ മനസ്സില്‍ കൊണ്ടുനടക്കുകയും സംസാരിക്കുകയും ചെയ്യുന്ന ഒരു വിഷയം എങ്ങനെയാണ് മനുഷ്യന് ഉള്‍ക്കൊള്ളാന്‍ പറ്റാത്തതാവുക? അദ്ദേഹം സ്വയം ചോദിച്ചു. ഗാന്ധിജിക്കു അദ്ദേഹം കൂടുതല്‍ കത്തുകള്‍ അയച്ചില്ല. കാരണം, അപ്പോഴേക്കും ഉപ്പുസത്യാഗ്രഹം തുടങ്ങിക്കഴിഞ്ഞിരുന്നു.
      ഗോപരാജു രാമചന്ദ്ര റാവു അറിയപ്പെട്ടത് ഗോറ എന്ന പേരിലാണ്. പേരിലെ ആദ്യാക്ഷരങ്ങളാണ് ഗോറ. ഗോറ ആന്ധ്രപ്രദേശുകാരനായ ഒരു സാമൂഹ്യപ്രവര്‍ത്തകനാണ്. ദലിതര്‍ക്കൊപ്പം ജീവിക്കുകയും അവരുടെ  പ്രശ്‌നങ്ങള്‍ പൂര്‍ണമനസ്സോടെ ഏറ്റെടുക്കുകയും ചെയ്തുവരികയായിരുന്നു ബ്രാഹ്മണനായ ഗോറ. ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ത്തന്നെ അദ്ദേഹം ദൈവവിശ്വാസത്തെയും മതവിശ്വാസത്തെയും നിരന്തരം ചോദ്യം ചെയ്തു. ഹരിജനങ്ങളോട് അടുപ്പവും മതത്തോട്് എതിര്‍പ്പും പുലര്‍ത്തിയതിന് അദ്ദേഹത്തിന് വലിയ വില കൊടുക്കേണ്ടി വന്നിരുന്നു. മതവിശ്വാസം ചോദ്യം ചെയ്തതുകൊണ്ട് അദ്ദേഹത്തിന് കോളേജ് അധ്യാപകന്റെ ജോലി നഷ്ടമായി. മകളെ ഒരു ദലിതനു വിവഹം ചെയ്തു കൊടുക്കുന്നത് സഹിക്കാന്‍ പറ്റുന്ന കാര്യമായിരുന്നില്ല നാട്ടിലെ സവര്‍ണവിഭാഗത്തിന്. അവര്‍ അദ്ദേഹത്തെ ബഹിഷ്‌കരിച്ചു; കുടുംബത്തിന് ഊരുവിലക്ക് കല്പിച്ചു. ദൈവവിശ്വാസമൊഴിച്ചുള്ള കാര്യങ്ങളിലെല്ലാം പൂര്‍ണ ഗാന്ധിയനായിരുന്നു ഗോറ. അതുകൊണ്ടുതന്നെ തന്നെ ബഹിഷ്‌കരിച്ചവരോടൊന്നും അദ്ദേഹം വിരോധം കാട്ടിയില്ലെന്നു മാത്രമല്ല അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും അവര്‍ക്കു വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്തുപോന്നു.

    ഗോറ-ഗാന്ധി സമാഗമം

    ക്ഷമാശാലിയായിരുന്നു ഗോറ. അദ്ദേഹം ഒരേ ആവേശത്തോടെ ഗാന്ധിസവും നിരീശ്വരത്വവും കൊണ്ടുനടന്നു. ആഗ്രഹം പ്രകടിപ്പിച്ച് പതിനാലു വര്‍ഷത്തിനു ശേഷമാണ് ഗോറയെ കാണാന്‍ ഗാന്ധിജി തയ്യാറാകുന്നത്. തികഞ്ഞ ഗാന്ധിയനായ ഒരു സാമൂഹിക പ്രവര്‍ത്തകന്റെ അപേക്ഷ എങ്ങനെ ഗാന്ധിജിക്ക് അധികകാലം അവഗണിക്കാന്‍ കഴിയും? ഗോറയ്ക്ക് ആശ്രമത്തില്‍ താമസിക്കാനും ദീര്‍ഘ നേരം തന്നോട് സംസാരിക്കാനും ഗാന്ധിജി സമയം നല്‍കി.

      ആ സമാഗമവും അവര്‍ തമ്മിലുള്ള ആശയവിനിമയവും ഗാന്ധിസം, നാസ്തികത, ഇന്ത്യന്‍ രാഷ്ട്രീയ ചിന്ത, ചരിത്രം തുടങ്ങിയ വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കുന്നവര്‍ക്ക് അവഗണിക്കാനാവത്ത വിഷയമായി  ഇന്നും തുടരുന്നു. മതവും വര്‍ഗീയതയും ബഹുസ്വരതയും ചര്‍ച്ച ചെയ്യപ്പെടുന്ന ഇക്കാലത്ത് ഗാന്ധി-ഗോറ സംവാദത്തിന്റെ ആ നാലു വര്‍ഷങ്ങളിലേക്കു പലവട്ടം തിരിഞ്ഞുനോക്കിപ്പോകുന്നു.

        അതെ. നാലു വര്‍ഷമാണ് ഗോറ ഗാന്ധിജിക്കൊപ്പം കഴിഞ്ഞത്. 1944 മുതല്‍ 48 വരെ. ഒന്നുകാണാന്‍പോലും ആദ്യം  കൂട്ടാക്കാതിരുന്ന ഗാന്ധിക്കു പതിനാലു വര്‍ഷം കൊണ്ട് ഗോറ സ്വീകാര്യനായത് ഗോറയുടെ അവിശ്രമസേവനവും ആത്മാര്‍ത്ഥതയും ബോധ്യമായതു കൊണ്ടുതന്നെ. നാലു വര്‍ഷത്തെ സഹവാസത്തിനിടയില്‍ അവര്‍ കൈമാറിയത് ഏറെ അനുഭവങ്ങളും ആശയങ്ങളുമായിരുന്നു. അവര്‍ ഉറ്റ മിത്രങ്ങളായി. 1948 ജനവരിയില്‍ ഗാന്ധിജി കൊല്ലപ്പെട്ടപ്പോള്‍ ഗോറയ്ക്ക് പിന്നെയൊന്നും ആശ്രമത്തില്‍ ചെയ്യാനുണ്ടായിരുന്നില്ല.

       അവസരം കിട്ടിയപ്പോഴൊക്കെ ഗാന്ധിജിയുമായി ഗോറ ദൈവത്തെക്കുറിച്ച്ു സംസാരിച്ചു. ഗാന്ധിജി അതു ക്ഷമാപൂര്‍വം കേട്ടിരിക്കുകയും തനിക്കു പറയാനുള്ളതു പറയുകയും ചെയ്തു. ഗാന്ധിജിയെ നാസ്തികനാക്കാം എന്നു ഗോറ ആഗ്രഹിച്ചിരിക്കുമോ? അറിയില്ല. തീര്‍ച്ചയായും, നാസ്തികതയില്‍നിന്ന് ഗോറയെ മാറ്റണം എന്നു ഗാന്ധിജി ആഗ്രഹിച്ചിരിക്കണം. രണ്ടും സംഭവിച്ചില്ല. പക്ഷേ, അത് രണ്ടുപേരെയും നിരാശരാക്കിയിരിക്കില്ല. കാരണം, രണ്ടുപേര്‍ക്കും പലതും പുതുതായി അറിയാന്‍ ഈ സംവാദം പ്രയോജനപ്പെട്ടു.4

      ഗാന്ധിജിയുമായുള്ള സംവാദം എഴുതിവെച്ചിരുന്നുവെങ്കില്‍ വിലപ്പെട്ട ചരിത്രരേഖയാവുമായിരുന്നു. പക്ഷേ. എഴുതിവെക്കാന്‍ ഗോറ കുറിപ്പുകള്‍ ഒന്നും തയ്യാറാക്കിയിരുന്നില്ല. ഗാന്ധിജിയുടെ മരണശേഷമാണ് ഗോറ അതിനെക്കുറിച്ച് ആലോചിച്ചത്. പറഞ്ഞതും കേട്ടതും എല്ലാം ഓര്‍മയുണ്ടായിരുന്നതുകൊണ്ട്് ഗോറയ്ക്ക എഴുതാന്‍ പ്രയാസമുണ്ടായില്ല. പക്ഷേ, പ്രസിദ്ധീകരിക്കാന്‍ പുറപ്പെടുമ്പോള്‍ ഒരു കുറവ് ബോധ്യപ്പെട്ടു. പുസ്തകത്തിന്റെ ആദ്യ ഖണ്ഡികയില്‍ അത് അദ്ദേഹം വിശദീകരിക്കുന്നുണ്ട്.’ ഈ പുസ്തകത്തിന് ഗൗരവമായൊരു കുഴപ്പമുണ്ട്്. നാസ്തികത സംബന്ധിച്ച്്്  ഞാന്‍ ഗാന്ധിജിയോട് ചോദിച്ചതും ഗാന്ധിജി പറഞ്ഞതും അതേപടി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും സംഭാഷണത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായങ്ങള്‍ ഇതിലുണ്ട്്, പക്ഷേ ഗാന്ധിജിയുടേതില്ല.’ 

      അധികമാളുകള്‍ ഇങ്ങനെ ചിന്തിക്കുകയില്ല. തന്റെ അഭിപ്രായങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി തന്റെ പക്ഷം ശരിയാണ് എന്നു സ്ഥാപിക്കാനും മറുപക്ഷം തെറ്റു സമ്മതിച്ചു എന്നു വരുത്തിത്തീര്‍ക്കാനും ആണ് അധികപേരും ശ്രമിക്കുക. ഗാന്ധിജിക്കോ തികഞ്ഞ ഗാന്ധിയനായ ഗോറയ്‌ക്കോ അങ്ങനെ ചെയ്യാന്‍ പറ്റില്ലല്ലോ. തന്റെ പുസ്തകവുമായി ഗോറ സമീപിച്ചത് ഗാന്ധിജിക്കു ശേഷം ഹരിജന്‍ പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായ കെ.ജി.മസ്രുവാലയെ ആണ്. ഗാന്ധിജിയുടെ മനസ്സറിയുന്നൊരു പണ്ഡിതനായ മസ്രുവാലയുടെ അവതാരിക ഗോറ അഭ്യര്‍ത്ഥിച്ചു. അദ്ദേഹം സമയമെടുത്ത് എഴുതിയ ദീര്‍ഘമായ ഈ അവതാരികയില്‍, ഗോറയോടു പറഞ്ഞതിനപ്പുറം ഗാന്ധിജി എന്തുകൂടി ചിന്തിച്ചിരിക്കാം എന്നു വിലയിരുത്തുന്നുണ്ട്  മസ്രുവാല.

      ദൈവവിശ്വാസിയാണ് എന്നത് അതുകൊണ്ടുമാത്രം ഒരു യോഗ്യതയാവുന്നില്ല എന്ന് മസ്രുവാല വ്യക്തമാക്കുന്നു. പലതരം അനാചാരങ്ങളും സാമൂഹ്യതിന്മകളും പുലര്‍ത്തുകയും വളര്‍ത്തുകയും ചെയ്യുന്ന മതവിശ്വാസികള്‍ കുറച്ചൊന്നുമല്ല ഉള്ളത്. മദ്യപാനം, അടിമപ്പണി, ചൂതാട്ടം തുടങ്ങി നരഹത്യ വരെ എന്തും ദൈവത്തെച്ചൊല്ലി ചെയതുകൂട്ടാന്‍ പലര്‍ക്കും മടിയില്ല. യുദ്ധമുണ്ടാക്കാന്‍പോലും ചിലര്‍ ഒരുമ്പെടുന്നു. ഒരു ദുഷ്‌കര്‍മവും ചെയ്യാന്‍ മടിക്കാത്ത ദൈവവിശ്വാസികള്‍ ധാരാളമുണ്ട്.

        അതേ സമയം, ദൈവനിഷേധികളായ പലരും (ജൈനര്‍, ബുദ്ധമതക്കാര്‍ തുടങ്ങിയ വിഭാഗക്കാരെയും മസ്രുവാല ദൈവവിശ്വാസമില്ലാത്തവരുടെ കൂട്ടത്തില്‍ പെടുത്തുന്നു) അങ്ങേയറ്റം ധാര്‍മികവും സത്യത്തില്‍ ഉറച്ചതും സേവനത്തിന് മാറ്റിവെച്ചതുമായ ജീവിതം നയിക്കുന്നുണ്ട്്്. അവര്‍ ജനങ്ങള്‍ക്കൊപ്പം ജനങ്ങള്‍ക്കു വേണ്ടി ജീവിക്കുമ്പോള്‍ ആരും അവര്‍ നാസ്തികരാണോ എന്നൊന്നും അന്വേഷിക്കുകയേ ഇല്ല. ജവഹര്‍ലാല്‍ നെഹ്‌റു ആസ്തികനാണെന്നു പറയാനാവുമോ? മസ്രുവാല ചോദിക്കുന്നു.

    ധാര്‍മികതയാണ് പ്രധാനം

     ഭാവിയിലെങ്കിലും ഗോറ ദൈവവിശ്വാസിയാകണമെന്ന ആഗ്രഹം 

    മസ്രുവാല പ്രകടിപ്പിക്കുന്നില്ല. ‘അദ്ദേഹം ഒരു പക്ഷേ നാസ്തികത ഉപേക്ഷിച്ചേക്കാം. അല്ലെങ്കില്‍ നാസ്തികതയില്‍ കൂടുതല്‍ ഉറച്ചുനിന്നേക്കാം. രണ്ടായിരുന്നാലും സ്‌നേഹംനിറഞ്ഞ ഹൃദയത്തോടെ, ധാര്‍മികത മുറുകെപ്പിടിച്ചുള്ള പൊതുപ്രവര്‍ത്തനവും സേവനവ്യഗ്രതയും ത്യാഗസന്നദ്ധതയും പുലര്‍ത്തുന്ന കാലത്തോളം അവരെയും ദൈവം വിശ്വാസികളുടെ പട്ടികയില്‍തന്നെ പെടുത്തും’ എന്നു മസ്രുവാല ഉറച്ചുവിശ്വസിക്കുന്നത്.
      യഥാര്‍ത്ഥത്തില്‍ സേവാഗ്രാം ആശ്രമത്തിലേക്ക് ഗോറ ഇടിച്ചുകയറുകയായിരുന്നില്ല. ഗോറയുടെ നിസ്വാര്‍ത്ഥമായ സാമൂഹികസേവനത്തെക്കുറിച്ചു കേട്ടറിഞ്ഞ ഗാന്ധിജി അദ്ദേഹത്തെ ആശ്രമത്തിലേക്കു ക്ഷണിച്ചുവരുത്തി തന്റെ പഴയ തെറ്റു തിരുത്തുകയായിരുന്നു. 1944-ലാണ് ഗോറ ആശ്രമത്തിലെത്തുന്നത്. ‘ഒരു ദൈവനിഷേധിയോട് ഞാനെന്തു പറയാനാണ്’ എന്നു വലിയ ചിരിയോടെ ചോദിച്ചുകൊണ്ടാണ് ഗാന്ധിജി ഗോറയെ സ്വാഗതം ചെയ്തത്. ഇരുവരും ചിരിച്ചു. ‘ബാബുജീ ഞാന്‍ ദൈവനിഷേധിയല്ല, ഞാനൊരു നാസ്തികന്‍ മാത്രമാണ്.’എന്നായി ഗോറ. അതുതമ്മിലെന്തു വ്യത്യാസം എന്നു ഗാന്ധിജി സ്വാഭാവികമായി ചോദിച്ചു. ദൈവമില്ല എന്നു പറയുന്നത് നിഷേധാത്മകമാണ്. നാസ്തികത നിഷേധാത്മകമല്ല…ഗോറ വിശദീകരിക്കാന്‍ ശ്രമിച്ചു. അഹിംസ, നിസ്സഹകരണം, അക്രമരാഹിത്യം തുടങ്ങിയവയും നിഷേധാത്മകമായി തോന്നിയേക്കാം. പക്ഷേ, അവയെല്ലാം പോസിറ്റീവ് അല്ലേ-ഗോറ ചോദിച്ചു. അവര്‍ തമ്മിലുള്ള നാലു വര്‍ഷം നീണ്ട സംവാദത്തിന്റെ ഉദ്ഘാടനം മാത്രമായിരുന്നു അത്.
       നീണ്ട രണ്ട് അഭിമുഖസംഭാഷണങ്ങള്‍ക്കു ശേഷം വീട്ടിലേക്കു മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ച ഗോറയോട് ആശ്രമത്തില്‍ തുടരാനാണ് ഗാന്ധിജി ആവശ്യപ്പെട്ടത്. തയ്യാറെടുത്തിട്ടില്ലാത്തതുകൊണ്ട് വീട്ടിലേക്കു മടങ്ങിയ ഗോറ മാസങ്ങള്‍ു ശേഷം തിരിച്ചെത്തുകയും പിന്നെ ഗാന്ധിജിയുടെ മരണം വരെ അവിടെ തുടരുകയും ചെയ്തു. പ്രാര്‍ത്ഥനായോഗങ്ങളിലൊന്നും പങ്കെടുക്കാത്ത ഗോറയോട് ആരും അസഹിഷ്ണുതയൊന്നും പ്രകടിപ്പിച്ചില്ല. ഗാന്ധിജി അദ്ദേഹത്തിന്റെ ദൈവവിശ്വാസത്തില്‍നിന്നും ഗോറ അദ്ദേഹത്തിന്റെ നാസ്തികതയില്‍നിന്നും ഒരിഞ്ചു പിന്നോട്ടുപോയില്ലെന്നു മാത്രം.
      രണ്ടാം വട്ടം ആശ്രമത്തിലെത്തിയ ഗോറയോട് സംഭാഷണത്തിന് തുടക്കമിട്ടുകൊണ്ട് ഗാന്ധിജി വ്യത്യസ്തമായ രീതിയിലാണ് നാസ്തികതയെക്കുറിച്ചുള്ള ചോദ്യം ഉന്നയിച്ചത്. താങ്കള്‍ക്കെന്തിനാണ് നാസ്തികത എന്നായിരുന്നു ചോദ്യം. (വൈ ഡു യു വാണ്ട് എത്തിയിസം?). തന്നോട് ആരും ചോദിച്ചിട്ടില്ലാത്ത ഒരു ചോദ്യമായിരുന്നു അതെന്ന് ഗോറ ഓര്‍ക്കുന്നു. ഗോറ ആ ചോദ്യത്തിന് ദീര്‍ഘമായ മറുപടിയാണ് നല്‍കിയത്. അതിന്റെ അവസാനം ഇങ്ങനെ പറഞ്ഞുനിര്‍ത്തി- “മനുഷ്യനെ ആത്മവിശ്വാസമുള്ളവനാക്കാനും സമാധാനത്തിലൂടെ സാമൂഹ്യ-സാമ്പത്തിക സമത്വമുണ്ടാക്കുവാനുമാണ് എനിക്ക് നാസ്തികത ആവശ്യമായിട്ടുള്ളത്.”
      ഗോറയുടെ നീണ്ട വിശദീകരണം ക്ഷമാപൂര്‍വം കേട്ട ഗാന്ധിജി പറഞ്ഞു- ‘നീ ശരിയും സത്യവും അന്വേഷിക്കുന്നനാണ്. തെറ്റു തിരുത്താനുള്ള മനസ്സുള്ള ആളാണ്. ഞാനും അങ്ങനെയാണ്. എന്റെ ദൈവവിശ്വാസം ശരിയാണെന്നോ നിന്റെ നാസ്തികത തെറ്റാണെന്നോ ഞാന്‍ പറയുന്നില്ല. നമുക്ക് സത്യം അന്വേഷിക്കാം. നാം അഭിപ്രായഭ്രാന്തന്മാര്‍ ( ഫനറ്റിക് എന്ന വാക്കാണ് ഗാന്ധിജി ഉപയോഗിച്ചത്) ആകരുത്. സത്യം കാണാന്‍ നമുക്ക് തുടര്‍ന്നും ശ്രമിക്കാം. ഞാന്‍ നിങ്ങളുടെ വഴിക്കോ നിങ്ങള്‍ എന്റെ വഴിക്കോ വന്നേക്കാം, നമുക്കറിയില്ല. എന്തായാലും നമുക്ക് നമ്മുടെ പ്രവര്‍ത്തനം തുടരാം. നിങ്ങളുടെ വഴി എന്റെ വഴിയല്ലെങ്കിലും ഞാന്‍ നിങ്ങളെ സഹായിക്കാം….’ ഇങ്ങനെ പറഞ്ഞു കൊണ്ടാണ് ആ സംഭാഷണം ഗാന്ധിജി അവസാനിക്കുന്നത്. ഗോറ ആശ്രമത്തില്‍തന്നെ തുടര്‍ന്നു.



    മരുമകന്‍ ദലിത് യുവാവ്
    ഗോറയുടെ മകളെ ദലിത് യുവാവായ അര്‍ജുന്‍ റാവുവിന് വിവാഹം ചെയ്തുകൊടുക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത ഗാന്ധിജി വിവാഹം ആ ആശ്രമത്തില്‍ത്തന്നെ നടത്താന്‍ നിര്‍ദ്ദേശിച്ചു. പെണ്‍കുട്ടിക്ക് പത്തൊമ്പത് വയസ്സുതികയാന്‍ രണ്ടു വര്‍ഷം കൂടി ആശ്രമത്തില്‍ താമസിക്കാന്‍ ഗാന്ധിജി നിര്‍ദ്ദേശിച്ചത് അവര്‍ സ്വീകരിച്ചു. അര്‍ജുന്‍ റാവുവും ആശ്രമത്തില്‍ താമസക്കാരനായി. അപ്പോള്‍ ഗാന്ധിജിക്കു മുമ്പില്‍ ഒരു അച്ചടക്കപ്രശ്‌നം ഉന്നയിക്കപ്പെട്ടു. ആശ്രമത്തില്‍ അച്ചടക്കം കര്‍ശനമാണ്. അന്തേവാസികളെല്ലാം പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുക്കണം. നാസ്തികനായ അര്‍ജുന്‍ റാവു എങ്ങനെ പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുക്കും? ഗാന്ധിജി എളുപ്പം വഴി കണ്ടെത്തി- അര്‍ജുന്‍ യോഗത്തില്‍ പങ്കെടുക്കണം. പക്ഷേ, പ്രാര്‍ത്ഥിക്കേണ്ടതില്ല! 1948 മാര്‍ച്ച് 13ന് ആ വിവാഹം നടക്കുമ്പോള്‍ ഗാന്ധിജി ഇല്ലായിരുന്നു. ജനവരിയില്‍ അദ്ദേഹം വധിക്കപ്പെട്ടിരുന്നല്ലോ. ഗാന്ധിജി ഗോറയ്ക്കു നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടു. പ്രാര്‍ത്ഥനയും ദൈവവും ഇല്ലാതെയായിരുന്നു ആ വിവാഹം.
      ആദര്‍ശങ്ങളിലും തത്ത്വദീക്ഷയിലും ഊന്നുമ്പോള്‍തന്നെ പ്രായോഗികതയ്ക്കും സഹിഷ്ണുതയ്ക്കും ഗാന്ധിജി എത്രത്തോളം പ്രാധാന്യം നല്‍കിയിരുന്നു എന്നു തെളിയിക്കുന്ന അനേകം അനുഭവങ്ങള്‍ ‘ഏന്‍ എത്തിസ്റ്റ് വിത് ഗാന്ധി’ എന്ന തന്റെ പുസ്തകത്തില്‍ ഗോറ വിവരിക്കുന്നുണ്ട്്. മനുഷ്യരാശിയുടെ നന്മക്കു പ്രയോജനപ്പെടുമെങ്കില്‍ നാസ്തികതയെപ്പോലും അംഗീകരിക്കാന്‍ അദ്ദേഹം സന്നദ്ധനായിരുന്നു. അന്ധമായ ഒരു വിശ്വാസവും അദ്ദേഹത്തിനു ഉണ്ടായിരുന്നില്ല. മുന്‍വിധികളിലൂടെ ഏതെങ്കിലും ചിന്താപദ്ധതിയെ കണ്ണുമടച്ച് എതിര്‍ക്കാനും അദ്ദേഹം കൂട്ടാക്കിയിട്ടില്ല. ദൈവം സത്യമാണ് എന്ന തത്ത്വം അദ്ദേഹം,  സത്യമാണ് ദൈവം എന്നു മാറ്റിയുടെ തികഞ്ഞ അര്‍ത്ഥബോധത്തോടെയാണ്്.
      നാസ്തികതയാണോ ആസ്തികതയാണോ ശരി എന്ന ചോദ്യത്തില്‍ ഒരു തീരൂമാനം പ്രഖ്യാപിച്ച് അവസാനവാക്ക് ആകാന്‍ ഗാന്ധിജി ശ്രമിച്ചില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. മതത്തെയോ ദൈവത്തെയോ തള്ളിപ്പറയുന്നത് കൊടുംപാപവും വധശിക്ഷ അര്‍ഹിക്കുന്ന കുറ്റവുമായി കാണുന്ന മതാന്ധരുടെ എണ്ണം പെരുകുന്ന ഈ കാലത്ത്, എന്തു മാത്രം സഹിഷ്ണുതയും പരബഹുമാനവും ആണ് ഈ മഹാമനുഷ്യന്‍ പുലര്‍ത്തിപ്പോന്നത് എന്ന് അറിയാനായെങ്കിലും ഗാന്ധി-ഗോറ സംവാദത്തിലേക്ക് നാം വീണ്ടും വീണ്ടും ഇറങ്ങിച്ചെല്ലേണ്ടതുണ്ട്.

    (2018  മാര്‍ച്ചില്‍ കേരള സര്‍വോദയ മണ്ഡലം സോവനീറില്‍ എഴുതിയത്)

    Leave a Reply

    Your email address will not be published. Required fields are marked *

    Go Top