സെല്‍ഫ് ഗോള്‍ അടിക്കാനുള്ള എല്‍.ഡി.എഫിന്റെ കഴിവ് പണ്ടേ തെളിയിക്കപ്പെട്ടതാണ്. തിരഞ്ഞെടുപ്പ് അടുക്കുന്തോറും, സെല്‍ഫിയെടുക്കുമ്പോലൊരു വെപ്രാളമായി അതുംമാറും. ഇതാ ഇത്തവണത്തേത് തുടങ്ങിക്കഴിഞ്ഞു. ബാര്‍ എന്നുകേട്ടാല്‍ കേരളീയര്‍ക്ക് ബാര്‍കോഴ എന്നു മാത്രമായിരുന്നു ഇതുവരെ ഓര്‍മ വരിക. സി.പി.എം. അതുമാറ്റിയിട്ടുണ്ട്. മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് നയം എന്നൊരു വെടിപൊട്ടിച്ചു. മനോഹരമായിരുന്നു ആ സെല്‍ഫ് ഗോള്‍.
പൂട്ടിയ ബാറുകള്‍ തുറക്കുമോ ഇല്ലയോ എന്നു മാത്രമേ ജനത്തിന് അറിയേണ്ടിയിരുന്നുള്ളൂ. അക്കാര്യം മാത്രം മിണ്ടിയില്ല. മദ്യവര്‍ജനമാണ് നിരോധനമല്ല നയം എന്ന പ്രഖ്യാപനം രണ്ടൂ പക്ഷത്തിനും അസഹ്യമായി. എന്തെങ്കിലും ഒന്ന് ഉറപ്പിച്ചു പറയണ്ടേ മനുഷര്‍? എല്‍.ഡി.എഫ് വരും, എല്ലാം ശരിയാകും എന്നു പറഞ്ഞാല്‍ പാവപ്പെട്ട മദ്യഉപഭോക്താക്കള്‍ എന്താണ് പ്രതീക്ഷിക്കേണ്ടത്? ബാറുകള്‍ തുറക്കും. ഒറ്റയടിക്കു വേണ്ട. തുടക്കത്തില്‍ ഫോര്‍ സ്റ്റാര്‍ വരും. ചുവട്ടില്‍, മുമ്പത്തെപ്പോലെ അതിന്റെ ഒരു ലോ സ്റ്റാര്‍ ബ്രാഞ്ച്. തല്‍ക്കാലം അതുമതി. പിന്നെ ഓരോ വര്‍ഷവും സ്റ്റാറിന്റെ എണ്ണം കുറയ്ക്കുന്നു. വര്‍ഷംതോറും പത്തുശതമാനം ബെവ്‌റേജസ് ശാഖ പൂട്ടും എന്ന നയത്തില്‍ ചെറിയ ഒരു മാറ്റം. ഒരക്ഷരം മാത്രം- പൂട്ടും എന്നത് കൂട്ടും എന്നാക്കാം. എന്തു കാരണം പറയുമെന്നോ? സാമ്പത്തികശാസ്ത്രത്തിന്റെ അടിസ്ഥാനതത്ത്വംതന്നെ ഡിമാന്‍ഡിനനുസരിച്ച് സപ്ലൈ വര്‍ദ്ധിപ്പിക്കണം എന്നല്ലേ? അത് മുതലാളിത്തത്തിലും കമ്യൂണിസത്തിലും ഒരു പോലെ ബാധകമാണ്. പോരാത്തതിന് ബെവ്‌റേജസ് തൊഴിലാളികളുടെ തൊഴില്‍ പ്രശ്‌നം പറയാം. നിലവിലുള്ള ബ്രാഞ്ചുകള്‍ക്ക് മുന്നിലെ ക്രമസമാധാനപ്രശ്‌നം പറയാം. ഡസന്‍ കാരണങ്ങള്‍ വേറെ കണ്ടെത്താം.
ഈ സാധ്യതകളെക്കുറിച്ചൊന്നും പാര്‍ട്ടിയും മുണണിയും ചിന്തിക്കാത്തതില്‍, ഇന്ത്യന്‍നിര്‍മിത വിദേശമദ്യം എന്ന അതിവിചിത്ര പേരുള്ള ഉല്‍പ്പന്നത്തിന്റെ ഉപഭോക്താക്കള്‍ക്ക് ഖേദമുണ്ട്. മദ്യഉപഭോക്താക്കളും വലിയ വോട്ട് ബാങ്കല്ലേ? പതിനഞ്ചിനും ഇരുപതിനും ഇടയില്‍ വരുമത്രെ മദ്യപന്മാരുടെ ശതമാനം. മദ്യപക്ഷത്ത് നിന്നാല്‍ കിട്ടുന്നു വോട്ടു പാലും മദ്യവിരുദ്ധപക്ഷത്തുനിന്നാല്‍ കിട്ടില്ല എന്ന് ചാരായം നിരോധിച്ച എ.കെ.ആന്റണിക്ക് അനുഭവമാണ്. പോകട്ടെ, സി.പി.എമ്മുകാര്‍ പതിവുപോലെ അങ്ങും ഇങ്ങും തൊടാത്ത ഡയലോഗ് വിട്ടിരുന്നുവെങ്കിലും സി.പി.ഐ. ഉറച്ച് നിന്നതുകൊണ്ട് മദ്യപക്ഷത്തുള്ളവര്‍ക്ക് പ്രതീക്ഷ ഉണ്ടായിരുന്നു. അപ്പോഴതാ വരുന്ന രണ്ടാമത്തെ സെല്‍ഫ് ഗോളുമായി സാക്ഷാല്‍ സീതാറാം യച്ചൂരി. മദ്യനയം മാറ്റില്ലത്രെ, ബാര്‍ തുറക്കില്ലത്രെ. ഇതുപാര്‍ട്ടി പൊളിറ്റ് ബ്യൂറോ എടുത്ത നയതീരുമാനമാണ് എന്നാണ് കേട്ടാല്‍തോന്നുക. ഒരു തീരുമാനവുമില്ല. സീതാറാം യച്ചൂരിക്ക് പെട്ടെന്നുണ്ടായതാണ് ബോധോദയം. സംസ്ഥാനക്കമ്മിറ്റിയോ എല്‍.ഡി.എഫ് സമിതിയോ എല്‍.ഡി.എഫ് മാനിഫെസ്റ്റോയോ പറയാത്ത കാര്യം തട്ടിവിടാന്‍ ഇദ്ദേഹമാരാണ് ഇന്ത്യന്‍ സ്റ്റാലിനോ എന്ന് അന്തംവിട്ടിരിക്കുകയാവും കേരള സ്റ്റാലിന്മാരും അണികളും.
സി.പി.എം അംഗങ്ങള്‍ മദ്യപിക്കരുത് എന്നല്ലാതെ ജനം മദ്യപിക്കരുത് എന്നൊരു തീരുമാനമോ നയമോ ഇല്ല സി.പി.എമ്മിന്. ഹര്‍കിഷന്‍ സിങ്ങ് സുര്‍ജിത്തിനോ പ്രകാശ് കാരാട്ടിനോ ഇല്ലാത്ത മദ്യവിരോധമൊന്നും ഇല്ല സീതാറാം യച്ചൂരിക്കെന്ന് ആര്‍ക്കാണ് അറിയാത്തത്? പാര്‍ട്ടിക്ക് മദ്യനിരോധനത്തോട് എന്തെങ്കിലും ആഭിമുഖ്യം ഉണ്ടായിരുന്നെങ്കില്‍ 34 വര്‍ഷം ഭരിച്ച പ.ബംഗാളില്‍ ഏര്‍പ്പെടുത്തുമായിരുന്നല്ലോ മദ്യനിരോധനം. അതുണ്ടായിട്ടില്ല. കൊല്‍ക്കത്ത നഗരത്തില്‍ ഉണ്ട് ഇഷ്ടംപോലെ മദ്യക്കട. സര്‍ക്കാര്‍ വകയല്ല, സ്വകാര്യംതന്നെ. ഒരു തിരക്കുമില്ല, ക്യൂവുമില്ല. കമ്യൂണിസ്റ്റുകാര്‍ ഭരിച്ച ഒരു രാജ്യത്തും മദ്യനിരോധനം ഉണ്ടായിട്ടില്ല. വോഡ്ക വര്‍ജിച്ച് വര്‍ജിച്ച് സോവിയറ്റ് യൂനിയന്‍ ഇന്നത്തെ കേരളത്തിലേതിനേക്കാള്‍ മോശം അവസ്ഥയിലെത്തിയിരുന്നു.
മദ്യപന്മാര്‍ പറയുന്ന തരം അഴകൊഴമ്പന്‍ വര്‍ത്തമാനം മദ്യത്തെക്കുറിച്ച് പറയുക എന്നതാണ് എല്‍.ഡി.എഫ്്-യു.ഡി.എഫ് മുന്നണികളുടെ പൊതുവായ മദ്യനയം. 1967 ല്‍ മദ്യനിരോധനം അവസാനിപ്പിച്ച കാലം മുതല്‍ അതാണ് ലൈന്‍. നിരോധനം നീക്കുമെന്ന് തിരഞ്ഞെടുപ്പിന് മുമ്പെ പറഞ്ഞല്ല അത് നീക്കിയത്. നിരോധനം പിന്‍വലിച്ചതിനെ എതിര്‍ത്ത കോണ്‍ഗ്രസ്സുകാര്‍ പിന്നെ ഭരണത്തില്‍ എത്തിയപ്പോഴൊന്നും മദ്യനിരോധനം തിരിച്ചുവന്നില്ല. ഇരുമുന്നണികളും മാറിമാറി ഭരിച്ച് കുടി കൊടുമുടിയിലെത്തിച്ചു. വര്‍ജനം പറഞ്ഞ മാര്‍ക്്‌സിയ•ാരും നിരോധനം പറഞ്ഞ ഗാന്ധിയന്മാരും ജീവിച്ചത് ബാറുകാരുടെ സൗജന്യത്തിലാണ്. ഒടുവില്‍ ചാരായം നിരോധിച്ച എ.കെ.ആന്റണിയുടെ ഭരണകാലവും ബാറുകാരുടെ സുവര്‍ണകാലമായിരുന്നു. വി.എം.സുധീരനെ തോല്‍പ്പിക്കാന്‍വേണ്ടി നടപ്പാക്കിയതാണ്, സുധീരന്‍ പോലും ആവശ്യപ്പെടാത്ത ബാര്‍ പൂട്ടല്‍. അതിന്റെ പുറത്ത് തല്‍ക്കാലം ഗാന്ധിയന്മാര്‍ പിടിച്ചുനില്‍ക്കുണ്ട്്. മദ്യവര്‍ജന സമിതിയുടെയും നിരോധനക്കാരുടെയും പിന്തുണയുണ്ട്. വോട്ടുണ്ടോയെന്ന് അറിയില്ല. മതമേധാവികളുടെ പിന്തുണയുണ്ട്. വോട്ടില്ല. മദ്യപിക്കരുതെന്ന് കുഞ്ഞാടുകളോട് പറഞ്ഞാല്‍ കേള്‍ക്കില്ല. അതാണ് അവരെ നിയന്ത്രിക്കാന്‍ ഉമ്മന്‍ചാണ്ടിയോട് പറയുന്നത്. കുടിക്കരുതെന്ന് പറഞ്ഞാല്‍ അനുസരിക്കാത്തവര്‍ വോട്ടുചെയ്യാന്‍ പറഞ്ഞാല്‍ അനുസരിക്കുമായിരിക്കും.
എന്തൊക്കെയായാലും, മഹാഗാന്ധിയന്‍ മദ്യനയം കൊണ്ടൊന്നും ഖജാനയ്ക്ക് ഒരു കേടും സംഭവിച്ചിട്ടില്ലെന്നാണ് സ്ഥിതിവിവരക്കണക്ക് പറയുന്നത്. ബാര്‍ പൂട്ടുന്നതിന് മുമ്പ് കിട്ടിയതിനേക്കാള്‍ മദ്യനികുതി ഇപ്പോള്‍ കിട്ടുന്നുണ്ടത്രെ. വില്‍ക്കുന്ന കെയ്സ്സിന്റെ എണ്ണവും പെരുകുന്നത്രെ. ഒട്ടും ഇല്ല നഷ്ടം. ക്യൂ നില്‍ക്കാന്‍ സൗകര്യമില്ലാത്തവരുടെ സൗകര്യത്തിന് വല്ല ഇ കോമേഴ്‌സ് കൊറിയര്‍ സംവിധാനം ഏര്‍പ്പെടുത്താം. അതിനും സൗകര്യമില്ലാത്തവര്‍ക്കും വഴിയുണ്ട്. ഇപ്പോള്‍ത്തന്നെ നിരോധനമുള്ളതുകൊണ്ട്് കഞ്ചാവ് തുടങ്ങിയ മാരകങ്ങള്‍ സുലഭം. ക്യൂ പോലും വേണ്ട.
****
ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് സീറ്റ് നിര്‍ണയ ഫൈനല്‍ മത്സരത്തില്‍ ആരാണ് ജയിച്ചത് എന്ന കാര്യത്തില്‍ സംശയം ഉണ്ടാകാം. എതിരില്ലാത്ത നാല് ഗോളിന് ജയിച്ചു മടങ്ങിയ ഉമ്മന്‍ചാണ്ടി പിറ്റേന്നാണ് അറിഞ്ഞത് സുധീരന്‍ ഗോളൊന്ന് മടക്കിയിരുന്നു എന്ന്്. ഉമ്മന്‍ചാണ്ടിയുടെ അതിവിനയം കണ്ട് സഹിക്കാതെ ഹൈക്കമാന്‍ഡ്് റഫറിതന്നെയാണത്രെ കളത്തിലിറങ്ങി ഗോളടിച്ചത്്്.
അതൊരു ആശ്വാസഗോള്‍ മാത്രമായിരുന്നില്ല എന്നാണ്് കളിറിപ്പോര്‍ട്ടര്‍മാര്‍ പറയുന്നത്. ഫുട്‌ബോള്‍ കളിയല്ല രാഷ്ട്രീയക്കളി. നാലിലൊന്നല്ല യഥാര്‍ത്ഥ ഗോള്‍നില. ഒന്നേ ഒന്ന് ഡ്രോ ആണ്. ബാബുവും പ്രകാശും മന്ത്രിമാര്‍ മാത്രമാണ്്. ഉമ്മന്‍ചാണ്ടിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരല്ല. ആ പോസ്റ്റ്് കെ.സി.ജോസഫിനും ബെന്നി ബഹനാനും മാത്രമുള്ളതാണ്. അതിലൊരാളാണ് വീണത്. ബാര്‍ കോഴയുടെയും സോളാര്‍ കേസ്സിന്റെയുമെല്ലാം എണ്ണമറ്റ പ്രതികള്‍ സ്ഥാനാര്‍ത്ഥികളായി യു.ഡി.എഫ് ലിസ്റ്റില്‍ സ്ഥാനം പിടിക്കുമ്പോള്‍ ബെന്നിയുടെ പേര് വെട്ടിയതിലെന്ത് കാര്യം എന്ന് ചോദിച്ചേക്കാം.
പരിസ്ഥിതി സംരക്ഷണപ്രശ്‌നത്തില്‍ ചാവേറായതാണ് പി.ടി.തോമസ്. പാര്‍ട്ടിയുടെ നയ ത്തെ എതിര്‍ത്താലും മത്സരിക്കാന്‍ ടിക്കറ്റ് കിട്ടുന്ന പാര്‍ട്ടിയാണിത്. നയത്തിനുവേണ്ടി നിന്നതുകൊണ്ട് തോമസിന് ടിക്കറ്റില്ലാതായി. നിയമസഭാ സീറ്റിന് പരക്കം പാഞ്ഞവരെല്ലാം സ്വന്തം കാര്യംമാത്രം നോക്കി. സ്വന്തം ഗ്രൂപ്പുപോലും തോമസ്സിനെ കണ്ടില്ല. സുധീരന്‍ കണ്ടു. സ്വന്തം പേര് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ എവിടെയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ വിരല്‍ ഉയര്‍ത്താന്‍ കെ.പി.സി.സി. പ്രസിഡന്റിന് കഴിയുമായിരുന്നില്ല. കിട്ടുന്ന സീറ്റിനേക്കാള്‍ പത്തിരട്ടി വിലയുണ്ട് വേണ്ടെന്നുവെക്കുന്ന സീറ്റിന്. ബെന്നി ബഹനാനും ഇതുതിരിഞ്ഞറിഞ്ഞു. ഇക്കാലത്ത് ഇതൊന്നും അത്ര പതിവുള്ളതല്ല, കോണ്‍ഗ്രസ്സില്‍ പ്രത്യേകിച്ചും.
****
പെയ്ഡ് ന്യൂസ് എന്നൊരു സംഗതിയുണ്ട്. എല്ലാ സമയത്തുമുണ്ട്, എല്ലായിടത്തുമുണ്ട്. പക്ഷേ, ഇലക്ഷന്‍ കാലത്തുമാത്രം അത് കുറ്റമാണ്. കലക്റ്റര്‍ക്കാണത്രെ അതുപിടിക്കാനുള്ള ചുമതല. പുതുപ്പള്ളിയില്‍ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയെക്കുറിച്ച് ഒരു പത്രത്തില്‍ വന്ന വിവരണം കലക്റ്റര്‍ ചെയര്‍മാനായുള്ള കമ്മിറ്റിക്ക് പിടിച്ചില്ല. അവര്‍ക്കത് വായിച്ചിട്ട് പെയ്ഡ് ന്യൂസായി തോന്നിയത്രെ. കുറ്റപ്പെടുത്തിക്കൂടാ. കൂരിരുട്ടുള്ള മുറിയില്‍ കരിംപൂച്ചയെ തപ്പുന്നവര്‍ക്ക് ഇങ്ങനെ പറ്റാം. ജീവിതത്തിലിതുവരെ പൂച്ചയെ കണ്ടിട്ടുകൂടി ഇല്ലാത്തവരാണെങ്കില്‍ പറയുകയേ വേണ്ട.
പെയ്ഡ് ന്യൂസാണോ പെയ്‌മെന്റ് സീറ്റാണോ തിരഞ്ഞെടുപ്പിലെ വലിയ പ്രശ്‌നം എന്നറിയില്ല. ഇവിടെ പരക്കെ പെയ്‌മെന്റ് സീറ്റാണത്രെ. ചിലരെ കണ്ടാലും ബോധ്യപ്പെടും ഇത് പെയ്‌മെന്റ് കക്ഷിതന്നെ എന്ന്. അഞ്ചു വര്‍ഷമായി സംസ്ഥാനസര്‍ക്കാറിന്റെ കീഴിലുള്ള ഒരു സ്ഥാപനത്തിന്റെ തലപ്പത്തിരുന്ന ഒരാള്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. നിയമസഭയിലേക്ക് മത്സരിക്കാന്‍ ടിക്കറ്റ് കിട്ടാഞ്ഞതാണ് കാരണം. ആ മഹാന്റെ ഡയലോഗ് ഇങ്ങനെയാണ് പത്രത്തില്‍ വന്നത്-‘ ……സീറ്റ് ചോദിച്ചു. കിട്ടിയില്ല. അതുകൊണ്ടു പാര്‍ട്ടി വിടുന്നു. താന്‍ പാര്‍ട്ടിക്കു വേണ്ടി വലിയ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. ആ പണം എനിക്ക് തിരികെ ലഭിക്കണം’.
പേയ്‌മെന്റ് സീറ്റാണോ വലിയ കുറ്റം അതല്ല പേയ്‌മെന്റ് വാങ്ങിയിട്ടും സീറ്റ് കൊടുക്കാതിരിക്കുന്നതോ ? കേസ് സിവിലോ ക്രിമിനലോ?
==================================================================================
കഴിഞ്ഞ ലക്കം വിശേഷാല്‍പ്രതി ലേഖനത്തില്‍ 1957ല്‍ ഇ.എം.എസ് മന്ത്രിസഭയില്‍ അംഗമായ ജോസഫ് മുണ്ടശ്ശേരി സ്വതന്ത്രനായി മത്സരിച്ച് ജയിച്ചതാണ് എന്ന് എഴുതിയത് ശരിയല്ല. ജോസഫ് മുണ്ടശ്ശേരി സി.പി.ഐ.സ്ഥാനാര്‍ത്ഥി ആയാണ് മത്സരിച്ചത്.