മാധ്യമവ്യവസായത്തിലെ അനിശ്ചിതത്ത്വങ്ങള്‍

എൻ.പി.രാജേന്ദ്രൻ

ഒരു മലയാള പത്രം വലിയ ആര്‍ഭാടത്തോടെയാണ് തുടക്കമിട്ടത്. വലിയ പത്രങ്ങളിലെ സീനിയര്‍ ജേണലിസ്റ്റുകളെപ്പോലും രാജിവെച്ച് സ്ഥാപനത്തില്‍ ചേരാന്‍ അവര്‍ പ്രേരിപ്പിക്കുന്നുണ്ടായിരുന്നു. ചോദിക്കുന്ന ശമ്പളം തരാം എന്നും അവര്‍ ഓഫര്‍ ചെയ്തു. അഞ്ച് വര്‍ഷം ലാഭം കിട്ടിയില്ലെങ്കിലും പ്രവര്‍ത്തിക്കാന്‍ കഴിയും എന്നവര്‍ ധൈര്യമായി പറയുന്നുണ്ടായിരുന്നു. പക്ഷേ, സ്ഥാപനം രണ്ടുവര്‍ഷം കഴിഞ്ഞപ്പൊള്‍തന്നെ ദുര്‍ബലമായി. ആദ്യം ശമ്പളം വൈകി, പിന്നെ മുടങ്ങി. പലരും ഇട്ടെറിഞ്ഞുപോയി. തൊഴില്‍കുഴപ്പവും പ്രശ്‌നങ്ങളും രൂക്ഷമായ ഘട്ടത്തില്‍ സ്ഥാപനത്തെകുറിച്ച് ജീവനക്കാര്‍ ഒരു തമാശ പറഞ്ഞിരുന്നു. അഞ്ച് വര്‍ഷം പ്രവര്‍ത്തിക്കാനുള്ള പണം  ഉണ്ട് എന്ന് പറഞ്ഞിട്ട് എന്താണ് പണമില്ലാതാകാന്‍ കാരണം ?  മറുപടിയാണ് രസം. കണക്കില്‍ ഒരു പിശക് പറ്റി, ന്യൂസ് പ്രിന്റ്  വാങ്ങേണ്ട കാര്യം ഓര്‍ത്തില്ല ! അതാണ് പ്രതിസന്ധിക്ക് കാരണം !

ഇതൊരു പരിഹാസം മാത്രമായിരുന്നെങ്കിലും വര്‍ഷം തോറും മുളച്ചുപൊങ്ങുന്ന എണ്ണമറ്റ മാധ്യമസ്ഥാപനങ്ങളുടെ പോക്ക് കാണുമ്പോള്‍ ഇത് തമാശയല്ല എന്ന് തോന്നിപ്പോകുന്നു. മാധ്യമരംഗം വേണ്ടത്ര സമഗ്രമായി പഠിച്ചല്ല പല സ്ഥാപനങ്ങളും  തുടങ്ങിയിട്ടുണ്ടാവുക എന്ന് ബോധ്യമാകുന്നു. ഏത് വ്യവസായത്തിലും അനിശ്ചിതത്ത്വങ്ങള്‍ ഉണ്ട്. മൂലധനലഭ്യത, അസംസ്‌കൃതവസ്തുക്കളുടെ ക്ഷാമം, വിലവര്‍ദ്ധന, ഉദ്പാദനച്ചെലവ്, അപ്രതീക്ഷിതമായി ഉണ്ടാകാവുന്ന മറ്റ് തടസ്സങ്ങള്‍, വിപണിയിലെ മാറ്റങ്ങള്‍, രാഷ്ട്രീയമായ വൈതരണികള്‍ എന്നിവ പലപ്പോഴും സ്ഥാപനത്തെ കഠിനമായി ബാധിക്കും. ടയര്‍കമ്പനിയോ സിമെന്റ് കമ്പനിയോ പോലെ ഏത് സാധാരണ വ്യവസായം സ്ഥാപിക്കുമ്പോഴും കണക്കുകൂട്ടലുകള്‍ തീര്‍ത്തും പ്രൊഫഷനല്‍ ആയാണ് നടത്തുക. മൂലധനം മുടക്കുന്നവര്‍ക്ക് അത് ലാഭകരമാകണം എന്ന ഏറ്റവും ന്യായമായ ഉദ്ദേശ്യമേ മനസ്സിലുണ്ടാകൂ, ഉണ്ടാകാന്‍ പാടുള്ളൂ. നാട്ടില്‍ എത്ര  ചെറുപ്പക്കാര്‍ക്കാണ് പണിയില്ലാത്തത്, ഞാനൊരു വ്യവസായം നടത്തി ആളുകള്‍ക്ക് പണിയുണ്ടാക്കാം എന്നൊരാള്‍ കരുതുന്നെങ്കില്‍ അത് വിഡ്ഡിത്തത്തില്‍ കുറഞ്ഞ യാതൊന്നുമല്ല. മാധ്യമവ്യവസായ രംഗത്ത് ഇത്തരം വിഡ്ഡിത്തങ്ങള്‍ ധാരാളമായി കാണപ്പെടുന്നു. കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുക എന്ന മണ്ടന്‍ ആശയം അല്ല അവരുടെ തലയില്‍ ഉദിക്കാറുള്ളത്. പത്രമോ ടെലിവിഷനോ തുടങ്ങി നാട്ടിലെ കാര്യങ്ങളില്‍ തങ്ങളുടേതായ ഇടപെടല്‍ നടത്താം എന്നതാണ് പലരുടെയും പ്രേരണ. ഇതൊരു മോശം കാര്യമാണ്  എന്ന് പറയുന്നില്ല. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മുതല്‍ ഇക്കാലം വരെ പത്രം തുടങ്ങിയവരില്‍ നല്ലൊരു പങ്ക് ആളുകള്‍ വലിയ ലക്ഷ്യങ്ങളോടെ അതിന് ഒരുമ്പെട്ടത്  എന്ന് നമുക്കറിയാം. ഇക്കാലത്ത് പക്ഷേ, രാഷ്ട്രീയ, മത, സംഘടനാ ലക്ഷ്യങ്ങളേക്കാള്‍ ഏറെപ്പേര്‍ക്ക് രംഗത്തിറങ്ങാന്‍ പ്രേരകമാകുന്നത് തീര്‍ത്തും സ്വാര്‍ത്ഥപരമായ ഉദ്ദേശ്യങ്ങളാണ്. മാധ്യമം കൈയില്‍ വെച്ച് വേറെ ലക്ഷ്യങ്ങള്‍ നേടാം എന്ന ചിന്ത. ഇവര്‍ക്ക് വിപണിയെക്കുറിച്ചോ വ്യാവസായത്തെകുറിച്ചുതന്നെയോ ഒരു ധാരണയുമില്ല എന്ന് വേഗം മനസ്സിലാകും.

മാധ്യമം വന്‍ലാഭം എളുപ്പം കിട്ടുന്ന വ്യവസായമാണെന്ന വലിയ അബദ്ധത്തില്‍ പെട്ടുപോയവരും ധാരാളമാണ്. എന്താണ് സ്ഥിതി ? ഉല്പ്പന്നം വാങ്ങാന്‍ വിപണിയില്‍ ധാരാളം ഉപഭോക്താക്കളെ കിട്ടിയതുകൊണ്ടുമാത്രം നില നില്‍ക്കാന്‍ കഴിയുന്ന ഒരു വ്യവസായം അല്ല മാധ്യമം. ഉല്പ്പാദനച്ചെലവിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഉല്‍പ്പന്നം വില്‍ക്കുന്ന ഏക രംഗം ഒരു പക്ഷേ മാധ്യമം മാത്രമാകും. വിറ്റുവരവല്ല, പരസ്യമാണ് പത്രങ്ങളുടെയും ചാനലുകളുടെയും പ്രധാന വരുമാന മാര്‍ഗം. ഞങ്ങള്‍ വാര്‍ത്താവ്യാവസായത്തിലല്ല, പരസ്യവ്യവസായത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ടൈംസ് ഓഫ് ഇന്ത്യ ഉടമസ്ഥന്മാര്‍ ഒരിക്കല്‍ തുറന്നുപറഞ്ഞത് ഭാഗികമായെങ്കിലും ശരിയാണ്. പരസ്യം തനിയെ അങ്ങിനെ വന്നുചേരില്ല എന്ന വസ്തുത അവര്‍ മറച്ചുവെക്കുന്നുണ്ടെന്നതും സത്യം. വാര്‍ത്താരംഗത്ത് വിജയിച്ച ഒരു പ്രസിദ്ധീകരണത്തിനേ പരസ്യരംഗത്തും വിജയിക്കാനാവൂ. ഉള്ളടക്കം മോശമായ ഒരു മാധ്യമം ആരും വാങ്ങാന്‍ പോകുന്നില്ല, അധികം ആരും വാങ്ങാത്ത മാധ്യമത്തില്‍ ആരും പരസ്യം  കൊടുക്കാനും പോകുന്നില്ല. . എന്തെല്ലാം വളഞ്ഞ വഴികള്‍ പരീക്ഷിച്ചാലും അത്തരമൊരു മാധ്യമസ്ഥാപനം  തകര്‍ച്ചയിലേക്ക് നീങ്ങും.

ഉല്‍പ്പന്നങ്ങളും ബ്രാന്‍ഡ് നാമങ്ങളും പരമ്പരാഗതമായി നേടിയെടുത്ത വിശ്വാസ്യത വിപണിയെ സ്വാധീനിക്കാറുണ്ട്. പ്രചാരണ കൊടുങ്കാറ്റഴിച്ച് വിട്ടും മറ്റ് പല തരത്തില്‍ ഉപയോക്താവിനെ സ്വാധീനിച്ചും പഴയ ഉല്‍പ്പന്നങ്ങളെ തോല്പ്പിച്ച് വിപണി പിടിക്കാന്‍ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ നിര്‍മാതാക്കള്‍ക്ക് കഴിയാറുണ്ട്. ബ്രാന്‍ഡുകള്‍ വരികയും പോവുകയും ചെയ്യുവാന്‍ അധിക സമയമൊന്നും വേണ്ട. ഒരു സോപ്പ് കമ്പനിതന്നെ, കാര്‍ നിര്‍മാതാവുതന്നെ  തങ്ങളുടെ സോപ്പിന്റെയും കാറിന്റെയും വ്യത്യസ്ത  രൂപങ്ങള്‍ അങ്ങാടിയിലിറക്കുന്നത് സാധാരണമാണ്. ഒരു പേര് പരാജയപ്പെടുമ്പോഴേക്ക്, വിപണി മടുക്കുമ്പോഴേക്ക് പുതിയ ഒരെണ്ണം വരും. ഉല്‍പ്പന്നങ്ങളുടെ വൈവിദ്ധ്യവല്‍ക്കരണവും ഇത്തരം വ്യവസായങ്ങള്‍ക്ക് ആവശ്യമാണ്. വിപണിയിലെ വ്യതിയാനങ്ങളില്‍ ചില ഉല്പ്പന്നങ്ങള്‍ തകരാം, അപ്പോള്‍ മറ്റൊന്ന് വിജയിക്കാം. ഇതൊന്നും കമ്പനിയെ ബാധിക്കാത്ത വിധത്തില്‍ വ്യവസായം മുന്നോട്ട് പോവുക തന്നെ ചെയ്യും. ഈ സൗകര്യങ്ങള്‍ ഒട്ടുംതന്നെ ഇല്ലാത്ത സ്ഥാപനങ്ങളാണ് മാധ്യമവ്യവസായ രംഗത്തുള്ളതെന്ന് പറയേണ്ടിയിരിക്കുന്നു.

പുതുതായി രംഗത്ത് വരുന്ന ഒരു മാധ്യമത്തിന് പഴയവയെ തുരത്തുക എളുപ്പമല്ല. വിശ്വാസ്യതയുള്ള സ്ഥാപനങ്ങളെ പത്രവായനക്കാര്‍ അത്ര എളുപ്പം കൈവെടിയുകയില്ല എന്നതുകൊണ്ടുതന്നെ. ദിനപത്രം മറ്റ് ഉല്‍പ്പന്നങ്ങളില്‍ നിന്ന് ഇക്കാര്യത്തില്‍ ഏറെ വ്യത്യസ്തമാണ്. പുതിയ  പത്രങ്ങള്‍ വേഗത്തില്‍ വിപണി പിടിക്കുകയില്ല. വമ്പിച്ച മുതല്‍മുടക്കോടെ രംഗത്തുവന്നാലേ പഴയവയോട് സാങ്കേതികമായെങ്കിലും പിടിച്ചുനില്‍ക്കാന്‍ കഴിയൂ. പക്ഷേ, മൂലധനനിക്ഷേപത്തിന് ഒത്ത വിജയം വിപണിയില്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. സാങ്കേതിക രംഗത്തെ കുതിച്ചുചാട്ടം കാരണം, വമ്പിച്ച മൂലധനം നിക്ഷേപിക്കേണ്ടതായും വരുന്നു. ഇതെല്ലാം മാധ്യമ മേഖലയില്‍ കടുത്ത അനിശ്ചിതത്ത്വത്തിന് കാരണമാവുന്നു. അതുകൊണ്ടുതന്നെ പഴയ സ്ഥാപനങ്ങളല്ല, പുതിയവയാണ് കൂടുതല്‍ പ്രതിസന്ധികളില്‍ ചെന്നുചാടുന്നത് എന്നും കാണാം.

കേരളത്തില്‍ കാല്‍നൂറ്റാണ്ടോ അര നൂറ്റാണ്ടോ പ്രവര്‍ത്തനപാരമ്പര്യമുള്ള പത്രങ്ങള്‍, ചാനലുകള്‍ എന്നിവയുടെ കൂട്ടത്തില്‍ സാമ്പത്തികമായി തകര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്ന വലിയ സ്ഥാപനങ്ങള്‍ ഇല്ല എന്നുതന്നെ പറയാം. പത്രങ്ങളുടെ കൂട്ടത്തില്‍ പഴക്കമുള്ള ഒരു പത്രം തകര്‍ന്നത് തൃശ്ശൂരില്‍ നിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന  എക്‌സ്പ്രസ് ആണ്. എഴുപതുകളിലൊക്കെ കക്ഷിരഹിത പത്രങ്ങളുടെ കൂട്ടത്തില്‍ ഏതാനും ജില്ലകളിലെങ്കിലും വളരെ ശ്രദ്ധിക്കപ്പെട്ടിരുന്ന ഒരു പത്രമായിരുന്നു അത്. മാതൃഭൂമിയും മനോരമയും കേരള കൗമുദിയും കഴിഞ്ഞാല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത് എക്‌സ്പ്രസ്സ് ആണ്. തൃശ്ശൂര്‍ ജില്ലയിലെ വലിയ പത്രം അതാണെന്ന് കരുതപ്പെട്ടിരുന്ന കാലവും ഉണ്ടായിരുന്നു. മാനേജ്‌മെന്റിന്റെ അപ്രാപ്തി കൊണ്ടും കെടുകാര്യസ്ഥതകൊണ്ടും ആണ് ആ സ്ഥാപനം മെല്ലെ മെല്ലെ അന്ത്യശ്വാസം വലിച്ചത്. വി.കരുണാകരന്‍ നമ്പ്യാരെപ്പോലുള്ള നല്ല പത്രാധിപരെയും ടി.വി.ഈച്ചരവാര്യരെയും എ.പി.നമ്പ്യാരെയും പോലെ നല്ല നിരവധി പത്രപ്രവര്‍ത്തകരെയും സംഭാവന ചെയ്ത ആ പത്രം കൗതുകത്തിന് ഒന്ന് കാണാന്‍ ഒരു കോപ്പി പോലും അവശേഷിക്കാതെ അസ്തമിച്ചത് കേരളത്തിന്റെ വലിയ  നഷ്ടം തന്നെയാണ്. വ്യവസായങ്ങളാണ് മാധ്യമങ്ങളെ കൊണ്ടുനടക്കുന്നത് എന്നും മറ്റും വിമര്‍ശിക്കപ്പെടാറുണ്ടെങ്കിലും കേരളത്തില്‍ ഒരു പത്രത്തിനുപോലും അങ്ങനെ ഏതെങ്കിലും  വന്‍ വ്യവസായകമ്പനിയുടെ പിന്‍ബലമില്ല.  ചില സ്ഥാപനങ്ങളുടെ നേതൃത്വങ്ങളിലുള്ളവര്‍ക്ക്് വ്യവസായങ്ങള്‍ ഉണ്ടാകാമെങ്കിലും അവയില്‍നിന്ന്് ഒരു സഹായവും മാധ്യമസ്ഥാപനത്തിന് ലഭിക്കാറുമില്ല. മാധ്യമസ്വാധീനം ഉപയോഗിച്ച് അവര്‍ തങ്ങളുടെ വ്യവസായം വളര്‍ത്താന്‍ ശ്രമിക്കാറേ ഉണ്ടാവൂ.

ഇത്തരം നിരവധി ഘടകങ്ങള്‍ മാധ്യമത്തെ ഒരു ഉറപ്പുള്ള വ്യവസായം അല്ലാതാക്കുന്നു. മലയാള പത്രങ്ങളില്‍ സാമാന്യം ഉറച്ച സാമ്പത്തിക അടിത്തറയുള്ളവയാണ് മനോരമയും മാതൃഭൂമിയും. പഴക്കമുണ്ടെങ്കിലും കേരള കൗമുദിയും ദീപികയും പല കാരണങ്ങളാല്‍ അത്ര ബലമായ ഒരു നിലയിലെത്തിയിട്ടില്ല. 1987 ല്‍ ആരംഭിച്ച മാധ്യമം ഒഴികെ വേറെ പത്രങ്ങള്‍ക്കൊന്നും ബലവത്തായ അടിത്തറ ഉണ്ട് എന്ന് അവകാശപ്പെടാനാവില്ല. ജനസംഖ്യയുടെ നാലിലൊന്നിലേറെ വരുന്ന മുസ്ലിം വായനക്കാരെ ലക്ഷ്യമിട്ടാണ് മാധ്യമം വന്നത്. കേരളത്തില്‍ ഏഴും ഇന്ത്യക്ക് പുറത്ത് ഒമ്പതും യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ ഈ പത്രത്തിന് കഴിഞ്ഞു. സാമാന്യം സ്വതന്ത്രവും നിഷ്പക്ഷവുമായ പത്രമെന്ന പേരുണ്ടാക്കാന്‍ കഴിഞ്ഞതു കൊണ്ടാണ് അവര്‍ക്ക് അത് സാധിച്ചത്. ഈ നേട്ടം പക്ഷേ, ഇതേ മുസ്ലിം ജനസാമാന്യത്തെ ലക്ഷ്യമിട്ട് പ്രസിദ്ധീകരണമാരംഭിച്ച മറ്റ് അഞ്ചുപത്രങ്ങള്‍ക്കം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. .

ഭൗതികവും ഘടനാപരവും ആയ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും പിറകോട്ട് പോയ ചാനല്‍ ആണ് ഇന്ത്യാവിഷന്‍. 2004 ല്‍ മുഴുവന്‍ സമയ ന്യൂസ് ചാനല്‍ എന്ന സാഹസികമായി സംരംഭത്തിന് തുടക്കം കുറിക്കുമ്പോള്‍ ആ നിലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ചാനലും മലയാളത്തില്‍ ഉണ്ടായിരുന്നില്ല. 1993 ല്‍ ആരംഭിച്ച ഏഷ്യാനെറ്റ് അപ്പോഴും മുഴുവന്‍ സമയ ന്യൂസ് ചാനല്‍ ആരംഭിച്ചിരുന്നില്ല. അങ്ങനെ പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി വളര്‍ന്നിരുന്നു ഇന്ത്യാവിഷന്‍. ഇന്ത്യാവിഷന്റെ എഡിറ്റോറിയല്‍ നയങ്ങള്‍ അങ്ങേയറ്റം സ്വതന്ത്ര്യമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ട പല ഘട്ടങ്ങള്‍ ഉണ്ടായി. സ്വദേശാഭിമാനി- വക്കം മൗലവി കാലത്തിന് ശേഷം ഉണ്ടായ അത്തരമൊരു ഉടമ-എഡിറ്റര്‍ കൂട്ടുകെട്ടാണ് എം.കെ.മുനീര്‍- നികേഷ് കുമാര്‍ കൂട്ടുകെട്ട് എന്ന് പ്രകീര്‍ത്തിക്കപ്പെട്ടു. ഒന്നാം കിടയായി വളരുമെന്ന മലയാളിയുടെ വലിയ പ്രതീക്ഷ ആരെല്ലാമോ തകര്‍ത്തു എന്നുമാത്രമേ ഇതിനെ കുറിച്ച് ഇവിടെ പറയാനൊക്കു.

പുറത്ത് നിന്നുള്ള പിന്‍ബലമില്ലാത്ത അധികം സ്റ്റാന്‍ഡ് എലോണ്‍ ചാനലുകള്‍ക്കൊന്നും മലയാളത്തില്‍ ഇനി വലിയ  സാധ്യതയില്ല. മലയാളത്തില്‍ ചെറുതും വലുതുമായ, കേബിളും സാറ്റലൈറ്റുമായ നാല്പതിലേറെ ചാനലുകള്‍ ഉണ്ട്. കാണികള്‍ക്ക് ഒരു ക്ലിക്കിന്റെ ഞെടിയിട കൊണ്ട് നൂറും ഇരുനൂറും ചാനലുകളിലേക്ക്് ചാടിക്കൊണ്ടിരിക്കാം. ഈ ചാടുന്ന ജനത്തില്‍നിന്നും ഒരു രൂപയും ചാനലുകള്‍ക്ക് ലഭിക്കുന്നില്ല. മുഴുവന്‍ ആശ്രയം പരസ്യക്കാരാണ്. പരസ്യങ്ങള്‍ക്ക് വേണ്ടിയുള്ള കഴുത്തറപ്പന്‍ മത്സരമാണ് ഈ മേഖലയില്‍ നടക്കുന്നത്. വ്യവസായ വളര്‍ച്ചയൊന്നും കാര്യമായി ഇല്ലാത്ത കേരളത്തില്‍ വിദേശപ്പണം കൊണ്ടുംമറ്റും വളരുന്ന ഉപഭോക്തൃ വാങ്ങല്‍ശേഷിയെ മാത്രം ആശ്രയിച്ചാണ് പരസ്യവ്യവസായം നിലനില്‍ക്കുന്നത്. പരസ്യക്കാരെ ആശ്രയിക്കാതെ ഒരു മാധ്യമസ്ഥാപനത്തിനും നില നില്‍ക്കാനാവില്ല എന്ന അപകടകരമായ അവസ്ഥയും വളരുകയാണ്. ഭരണാധികാരികളെ മൂക്ക് കൊണ്ട്് നിലത്ത് എഴുതിപ്പിക്കാന്‍ കഴിയുന്നവര്‍ എന്ന് അഭിമാനിക്കുന്ന ചാനല്‍ സിംഹങ്ങള്‍ക്കും വന്‍കിട പരസ്യക്കാര്‍ക്ക് മുന്നില്‍ കുഞ്ഞാടുകളായി നില്‍ക്കേണ്ടി വരുന്നു. മാധ്യമപ്രവര്‍ത്തനത്തിന്റെ അതിജീവനത്തിന്റെയും വിശ്വാസ്യതയുടെയും സ്വാതന്ത്ര്യത്തിന്റെയും ധാര്‍മികതയുടെയുമെല്ലാം നിയമങ്ങള്‍ മാറ്റിയെഴുതപ്പെടുകയാണ് ഇവിടെ.

ഇതുകൊണ്ട്, മാധ്യമങ്ങള്‍ മുഴുവന്‍ സാമ്പത്തിക തകര്‍ച്ചയിലാണെന്ന് തെറ്റിദ്ധരിക്കരുതാരും. പുതിയ ചാനലുകളും എഫ്.എം സ്റ്റേഷനുകളും മറ്റും തുടങ്ങാനും വേജ് ബോര്‍ഡ് ശുപാര്‍ശപ്രകാരമുള്ള ശമ്പളവര്‍ദ്ധന നടപ്പാക്കാനും കോടികള്‍ ചെലവഴിച്ച മിക്ക മാധ്യമസ്ഥാപനങ്ങള്‍ക്കും വന്‍ലാഭം ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു. ന്യൂസ്പ്രിന്റ് വിലവര്‍ദ്ധന ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നേ ഇല്ല. പല ഘട്ടങ്ങളിലും വില കുറയുന്നതിനെ കുറിച്ചായിരുന്നു ചര്‍ച്ച. ഇന്ധനവില അന്താരാഷ്ട്ര വിപണിയില്‍ കുറഞ്ഞതിന്റെ പ്രയോജനവും വ്യവസായത്തിന് ലഭിച്ചു. വേജ് ബോര്‍ഡ് ശുപാര്‍ശ പ്രകാരമുള്ള ശമ്പള വര്‍ദ്ധന ഭാഗികമായി മാത്രം നടപ്പാക്കുകയും ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ക്രൂരമായി വെട്ടിക്കുറക്കുകയും ചെയ്തുകൊണ്ട് വന്‍ ലാഭമുണ്ടാക്കിയ സ്ഥപനങ്ങളുമുണ്ട്. അതുകൊണ്ട്, മാധ്യമ രംഗം ആകമാനം തകര്‍ച്ചയെ അഭിമുഖീകരിക്കുന്നില്ല എന്ന് വ്യക്തം.

കേരളത്തിലെ അധ്യാപകരെക്കുറിച്ചും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കുറിച്ചും പണ്ടേ പറയാറുള്ള ഒരു പരിഹാസം, അവര്‍ രണ്ട് പേര്‍ കണ്ടുമുട്ടിയാല്‍ ശമ്പളക്കാര്യമേ സംസാരിക്കൂ എന്നതാണ്. ഇതു ശരിയല്ലായിരിക്കാം. എന്നാല്‍, എത്ര മണിക്കൂര്‍ ഒന്നിച്ചിരുന്നാലും രണ്ട് പത്രപ്രവര്‍ത്തകര്‍ പരസ്പരം സംസാരിക്കാന്‍ ഇടയില്ലാത്ത ഒരു വിഷയം ശമ്പളവിഷയമാണ്. ഒരേ പത്രസമ്മേളനത്തില്‍ അടുത്തടുത്തിരുന്ന് ചോദ്യം ചോദിക്കുന്ന പത്രപ്രവര്‍ത്തകര്‍, ഒരേ യൂണിയനില്‍ അംഗങ്ങളായവര്‍, ചിലപ്പോള്‍ ഒന്നിലും അംഗങ്ങളല്ലാത്തവര്‍, അടുത്തിരിക്കുന്നവരോട് തനിക്ക് മൂന്ന് മാസമായി ശമ്പളമേ കിട്ടിയിട്ടില്ല എന്ന വിവരം പറയാറേയില്ല. പത്രങ്ങളുടെ പിന്‍ബലമുള്ള ഏതാനും ചാനലുകളിലും ഏഷ്യാനെറ്റ് പോലുള്ള അപൂര്‍വം സ്ഥാപനങ്ങള്‍ക്കും മാത്രമേ ശമ്പളകാര്യത്തില്‍ ഉറപ്പും വ്യവസ്ഥയുമുള്ളൂ. പുതുതായി തുടങ്ങിയ ഒരു ടെലിവിഷന്‍ ചാനലില്‍ എഡിറ്ററുടെ ഉത്തരവാദിത്തം ഉറക്കമിളച്ച് നിര്‍വഹിച്ച ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന് ഏഴെട്ടുമാസം പിന്നിട്ടിട്ടും ഒരു പൈസ പോലും ശമ്പളം കിട്ടാതെ ഇറങ്ങിപ്പോകേണ്ടി വന്ന അനുഭവം ഉണ്ടായിട്ടുണ്ട്.

പീടികത്തൊഴിലാളികള്‍ക്ക് ഉള്ള തൊഴില്‍സുരക്ഷയോ മിനിമം വേജ് വ്യവസ്ഥയോ സര്‍ക്കാര്‍ സംരക്ഷണമോ ചാനല്‍ പത്രപ്രവര്‍ത്തകര്‍ക്കില്ല. നാണക്കേട് ഓര്‍ത്ത് പലപ്പോഴും പല പ്രശ്‌നങ്ങളും പുറത്ത് പറയാറില്ല. അച്ചടി മേഖലയില്‍ കുറച്ച് പത്രപ്രവര്‍ത്തകര്‍ക്കെങ്കിലും വേജ് ബോര്‍ഡിന്റെ സംരക്ഷണം ലഭിക്കുന്നുണ്ട്. ഇതിന് പോലും പ്രസക്തി ഇല്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കു കയാണ്. ഇങ്ങനെ പോയാല്‍ സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തിന് തന്നെ വൈകാതെ നാശം സംഭവിച്ചേക്കുമോ എന്ന ഭീതിയും വളരുകയാണ്.

(രിസാല വാരികയുടെ 2015 ഡിസംബര്‍ 16 ലക്കത്തില്‍ പ്രസിദ്ധപ്പെടുത്തിയത്)

Leave a Reply

Your email address will not be published. Required fields are marked *

Go Top