സ്വയംകൃതാനര്‍ഥം

ഇന്ദ്രൻ

ഏത് യുദ്ധം കഴിഞ്ഞാലും ശോണിതവുമണിഞ്ഞ് ധരണിയില്‍ കിടക്കുന്നവര്‍ ധാരാളമുണ്ടാകും. തിരഞ്ഞെടുപ്പുയുദ്ധം കഴിഞ്ഞാല്‍ കിടക്കുന്നത് ശോണിതവുമണിഞ്ഞായിരിക്കില്ല എന്നുമാത്രം. ഇത്തവണയും പ്രത്യേകതകളൊന്നുമില്ല. ധാരാളം പേര്‍ തലയില്ലാതെ കിടപ്പുണ്ട്. വീണുകിടക്കുന്നവരുടെ നെഞ്ചത്ത് കേറിയിരുന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തി പരാജയത്തിന്റെ കുറ്റം അവരുടെ നഷ്ടപ്പെട്ട തലയില്‍ വെച്ചുകെട്ടുകയാണ് എളുപ്പത്തില്‍ ചെയ്യാവുന്നത്. അതാണ് ബുദ്ധിയും. അവര്‍ തത്കാലം തിരിഞ്ഞുകുത്തുകയൊന്നുമില്ലല്ലോ. ഇത്തവണ വീണുകിടക്കുന്നവരില്‍ ഏറെയും അഹിംസാപാര്‍ട്ടിക്കാരായതുകൊണ്ട് ഒട്ടുംപേടിക്കാനില്ല. അവര്‍ പരസ്​പരം കുത്തുന്നതിനിടയില്‍ പുറത്തുനിന്ന് കുത്തുന്നവരെ ശ്രദ്ധിക്കുകയേയില്ല.

വീണുകിടക്കുന്നവരെ പ്രതിനിധീകരിച്ച് സോണിയാമാഡവും പുത്രനും വോട്ടെണ്ണിത്തീരുന്നതിനുമുമ്പുതന്നെ, മാധ്യമങ്ങളെ അഭിമുഖീകരിച്ച് വമ്പന്‍ വീഴ്ചയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയുണ്ടായി. പത്തുവര്‍ഷം എല്ലാപണിയും മന്‍മോഹന്‍ജിയെക്കൊണ്ടാണ് ചെയ്യിക്കാറുള്ളതെങ്കിലും, തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അദ്ദേഹത്തോട് പറഞ്ഞതായി തോന്നുന്നില്ല. ഏറ്റെടുക്കാന്‍ പറഞ്ഞിരുന്നുവെങ്കില്‍ അദ്ദേഹം വയ്യ എന്ന് പറയുന്ന പ്രശ്‌നമില്ല. പത്തുകൊല്ലവും അദ്ദേഹം ഏറ്റെടുത്തതാണ് എല്ലാം. ഈ പോകുന്ന പോക്കില്‍ എന്തിന് അതിനുമാത്രം വയ്യ എന്നുപറയണം. മന്‍മോഹന്‍ജി പിറ്റേന്ന് രാഷ്ട്രത്തെ അഭിസംബോധനചെയ്തു. അതും പതിവില്ലാത്തതാണ്. വിടപറയാനാണ് അദ്ദേഹം ഇത്തവണ രാഷ്ട്രത്തെ അഭിസംബോധനചെയ്തത്. മുമ്പൊരിക്കല്‍ ലൈവ് ആയി അഭിസംബോധനചെയ്തപ്പോള്‍ പ്രസംഗം തീര്‍ന്നപ്പോള്‍ തിരിഞ്ഞ് ടെക്‌നീഷ്യനോട് ‘ഠീക് ഹൈ?’ എന്ന് ചോദിച്ചത് രാഷ്ട്രം കേട്ടതാണ്. ഇത്തവണ അതുണ്ടായില്ല. അന്ന് എല്ലാം ഠീക് ആയിരുന്നു. ഇന്ന് അതല്ലല്ലോ അവസ്ഥ. ഇത്തവണ അദ്ദേഹം ജനങ്ങളോട് നന്ദിപറഞ്ഞു. രാഷ്ട്രത്തോട് അദ്ദേഹം തിരഞ്ഞെടുപ്പിനെക്കുറിച്ചും പറഞ്ഞു. പക്ഷേ, തോല്‍വിയെക്കുറിച്ച് മിണ്ടിയില്ല. അത് പറയത്തക്ക ഒരു സംഗതിയായി അദ്ദേഹം കരുതിയതേ ഇല്ല. അദ്ദേഹം മത്സരിച്ചിട്ടില്ല, തോറ്റിട്ടുമില്ല. പാര്‍ട്ടി തോറ്റതിന്റെ ഉത്തരവാദിത്വം അദ്ദേഹവും ഏറ്റെടുത്തേക്കുമോ എന്നൊരു ആശങ്കയുണ്ടായിരുന്നു. അതേതായാലും ഉണ്ടായില്ല.

വിജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അനേകംപേര്‍ വരും. പരാജയത്തിന്റെ സ്ഥിതിയതല്ല. പരാജയം അനാഥനാണ്. ചാനല്‍മൈക്കിന് മുന്നില്‍ വന്ന് ഏറ്റെടുത്തവരും അത് ശരിക്കും ഏറ്റെടുത്തോ എന്ന് സംശയമുണ്ട്. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നവര്‍ ഒപ്പം രാജികൂടി പ്രഖ്യാപിക്കുക എന്നൊരു സമ്പ്രദായമുണ്ട് നാട്ടില്‍. കോണ്‍ഗ്രസ്സിന്റെ സംസ്ഥാനതല തലകളേ ഈവിധം തിരഞ്ഞെടുപ്പ് പരാജയത്തില്‍ ഛേദിക്കപ്പെടുകയും ഉരുണ്ടുപോവുകയും ചെയ്യാറുള്ളൂ. കേന്ദ്രത്തിന് അത് ബാധകമല്ല. ലോക്‌സഭയിലേക്കുള്ള പാര്‍ട്ടിയുടെ സീറ്റ് കുറഞ്ഞാല്‍ സംസ്ഥാന മുഖ്യമന്ത്രിമാരും പ്രസിഡന്റുമാരും അനുഭവിക്കേണ്ടിവരുമെന്ന് നേരത്തേതന്നെ മുന്നറിയിപ്പ് നല്‍കിയത് പാര്‍ട്ടി പ്രസിഡന്റും വൈസ് പ്രസിഡന്റുമാണ്. സീറ്റുപോയാല്‍ അവരുടെ കാറ്റുപോവും. പാര്‍ട്ടിക്കുണ്ടായിരുന്ന 206 സീറ്റ് നാലിലൊന്നുപോലും തികയാതെപോയതിന് ഹൈക്കമാന്‍ഡില്‍ ആരെയാണ് ബലിയാടാക്കേണ്ടത് എന്ന് തീരുമാനമായിട്ടില്ല.

സോണിയയും രാഹുലും തോല്‍വിയുടെ ഉത്തരവാദിത്വമേറ്റ് പ്രവര്‍ത്തകസമിതിയില്‍ രാജിസന്നദ്ധത പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അവര്‍ക്ക് അങ്ങനെ ഒരു ഐഡിയ മനസ്സില്‍ ഉദിച്ചിട്ടില്ലെങ്കില്‍ ഉദിപ്പിക്കാന്‍ ഈ റിപ്പോര്‍ട്ടുകള്‍ തീര്‍ച്ചയായും സഹായിക്കും. രണ്ടാളും രാജിവെക്കുമെന്ന് പ്രഖ്യാപിക്കുകയാവും പ്രവര്‍ത്തകസമിതി യോഗത്തിലെ ആദ്യനടപടി. ഉടനെ അംഗങ്ങള്‍ ഒന്നടങ്കം എഴുന്നേറ്റുനിന്ന് , ഗദ്ഗദത്തോടെയും കണ്ണീരണിഞ്ഞും ‘പാടില്ല പാടില്ല നമ്മെനമ്മള്‍ പാടേ മറന്നൊന്നും ചെയ്തുകൂടാ’ എന്നുതുടങ്ങിയ ശോകഗാനങ്ങള്‍ ആലപിക്കും. ഇത് എത്രസമയം തുടരേണ്ടിവരും എന്ന് അപ്പോഴേ പറയാനൊക്കൂ. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും മാനസാന്തരം സംഭവിക്കാന്‍ എത്രനേരമെടുക്കും എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഇക്കാര്യം. മാനസാന്തരംവരെ വിലാപഗാനം തുടരും. എങ്ങനെ മാനസാന്തരം വരാതിരിക്കും? പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെച്ചാല്‍ യോഗം പിരിച്ചുവിടാന്‍പോലും ആളില്ലാതാവും പാര്‍ട്ടിയില്‍. ഒരു പൊളിറ്റിക്കല്‍ സെക്രട്ടറിയും 12 ജനറല്‍ സെക്രട്ടറിയുമുണ്ട്, പത്തുനാല്‍പ്പത്തേഴ് സെക്രട്ടറിമാരുണ്ട്. പക്ഷേ, പ്രസിഡന്റ് ഒന്നേ ഉള്ളൂ. വൈസ് പ്രസിഡന്റും ഒന്നേ ഉള്ളൂ. അതുകൊണ്ട് അംഗങ്ങളുടെ വികാരത്തിന് വഴങ്ങി ഇരുവരും തീരുമാനം മാറ്റുകയും പൂര്‍വസ്ഥിതി തുടരുകയുംചെയ്യും. ഇതിനൊന്നും ഒരു പ്രയാസവും ഉണ്ടാവില്ല. കാരണം ഇങ്ങനെ മുമ്പും ചെയ്ത് തഴക്കവും പഴക്കവും ആര്‍ജിച്ച പാര്‍ട്ടിയാണിത്.

രാജിവെച്ച പ്രധാനമന്ത്രി പാര്‍ട്ടിയുടെ സമിതികളിലൊന്നും അംഗമല്ലാത്തതുകൊണ്ട് അങ്ങോട്ടുചെന്ന് തോല്‍വിയെക്കുറിച്ച് വിശദീകരിക്കേണ്ട കാര്യമില്ല. പാര്‍ട്ടിയുടെ മുന്‍പ്രധാനമന്ത്രിമാരെല്ലാം ഒപ്പം പാര്‍ട്ടി പ്രസിഡന്റ് സ്ഥാനവും വഹിച്ചവരാണ്. മന്‍മോഹന്‍ജിക്ക് പാര്‍ട്ടിയില്‍ സ്ഥാനമൊന്നുമില്ല. പ്രവര്‍ത്തകസമിതി അംഗംപോലുമല്ല. പാര്‍ട്ടി മെമ്പര്‍ഷിപ്പ് ഉണ്ടോ എന്നറിയാന്‍ അദ്ദേഹത്തോടുതന്നെ ചോദിക്കണം. എന്നുവെച്ച് പാര്‍ട്ടിയില്‍ അദ്ദേഹത്തിന് സ്ഥാനമില്ല എന്നൊന്നും ധരിക്കരുതേ ആരും. പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം പാര്‍ട്ടിക്ക് മൂന്ന് നേതാക്കള്‍ മാത്രമേ ഉള്ളൂ. അതില്‍ മഹാന്മാരായ സോണിയാജി, രാഹുല്‍ജി എന്നിവര്‍ക്കുശേഷം ചേര്‍ത്തിരിക്കുന്നത് വിനീതനായ ഡോ. മന്‍മോഹന്‍ജിയുടെ പേരാണ്. പ്രധാനമന്ത്രിയെ കൊച്ചാക്കി എന്നൊന്നും ആരും തെറ്റിദ്ധരിക്കേണ്ട. മൂന്നാംസ്ഥാനം അദ്ദേഹത്തിനുണ്ട്.

അബദ്ധത്തില്‍ പ്രധാനമന്ത്രിയായതാണ് അദ്ദേഹമെന്ന് എല്ലാവരും പറയാറുണ്ട്. അദ്ദേഹത്തിന്റെ പഴയ പ്രസ്സെക്രട്ടറി എഴുതിയ പുസ്തകത്തിന്റെ പേരുതന്നെ അതാണ്. എന്നാല്‍, ഇന്ത്യയിലെയോ ലോകത്തിലെയോ ആദ്യ അബദ്ധ പ്രധാനമന്ത്രിയൊന്നുമല്ല അദ്ദേഹം. അങ്ങനെയായ പലരുമുണ്ട്. പക്ഷേ, ആയിക്കഴിഞ്ഞാല്‍ അവരത് വേഗം മറക്കും. പിന്നെ താന്‍തന്നെയാണ് പ്രധാനമന്ത്രിയെന്നും താന്‍ മാത്രമാണ് അധികാരിയെന്നും ഉറച്ച് വിശ്വസിക്കുകയും അങ്ങനെ പ്രവര്‍ത്തിക്കുകയുമാണ് പതിവ്. മന്‍മോഹന്‍ജി അത്തരക്കാരനല്ല. സത്യപ്രതിജ്ഞചെയ്ത ദിവസം മുതല്‍ പത്തുവര്‍ഷവും അദ്ദേഹം ‘താന്‍ അബദ്ധവശാല്‍ പ്രധാനമന്ത്രിയായതാണ്’ എന്ന് നെറ്റിയില്‍ ഒട്ടിച്ചുെവച്ചാണ് നടന്നിരുന്നത്. മേലേനിന്നുള്ള ഉത്തരവ് നടപ്പാക്കി ശീലിച്ച ഉദ്യോഗസ്ഥനായിരുന്നതുകൊണ്ട് പ്രധാനമന്ത്രിസ്ഥാനത്തും അതിന് പ്രയാസമുണ്ടായില്ല. പാര്‍ട്ടി തീരുമാനിക്കും, സോണിയാജിയുടെ ഓഫീസ് സെക്രട്ടറി വിളിച്ചറിയിക്കും. പ്രധാനമന്ത്രിയുെട ഓഫീസ് ഉത്തരവുകള്‍ ഇറക്കാന്‍ ഏര്‍പ്പാട് ചെയ്യും. ഖനി ലൈസന്‍സ് കൊടുത്തത് ആരാണ്, 2ജി കൊടുത്തത് ആരാണ്, അംബാനിക്കുവേണ്ടി വിലകൂട്ടിയത് ആരാണ്, വിലക്കയറ്റം തടയുന്ന വകുപ്പിന്റെ മന്ത്രിയാരാണ് തുടങ്ങിയ ചോദ്യങ്ങളൊന്നും പാര്‍ട്ടിയില്‍ ആരും ചോദിക്കാത്തതുകൊണ്ട് എല്ലാം ഭദ്രമായി നടന്നുപോന്നു പത്തുവര്‍ഷവും. പെട്ടെന്നാണ് ഗുജറാത്ത് കേന്ദ്രമായി ന്യൂനമര്‍ദം രൂപപ്പെട്ടതും കൊടുങ്കാറ്റടിച്ചതും അത് വടക്കുപടിഞ്ഞറേക്ക് നീങ്ങി എല്ലാം തവിടുപൊടിയാക്കിയതും. അതിനെങ്ങനെയാണ് മന്‍മോഹന്‍ജി ഉത്തരവാദിയാകുന്നത് ?

പ്രധാനമന്ത്രി ഒട്ടും സംസാരിക്കുന്നില്ല എന്നത് ഒരു പ്രശ്‌നംതന്നെയായിരുന്നു. 15 വയസ്സില്‍ത്താഴെ പ്രായമുള്ള പല കുട്ടികളും ധരിച്ചിരിക്കുന്നത് ഏറ്റവും കുറച്ച് സംസാരിക്കുന്ന ആളെയാണ് ഇന്ത്യയില്‍ പ്രധാനമന്ത്രിയാക്കുക എന്നാണ്. എന്തായാലും ഇനി ആ പ്രശ്‌നമില്ല. ഡോ. മന്‍മോഹന്‍സിങ് പത്തുവര്‍ഷം പ്രധാനമന്ത്രിയായിരുന്ന് സംസാരിച്ചതിലേറെ വരാന്‍പോകുന്ന പ്രധാനമന്ത്രി രണ്ട് മാസത്തിനിടയില്‍ സംസാരിച്ചുകഴിഞ്ഞു. സംസാരം കുറയ്ക്കാന്‍ തീരുമാനിച്ചിട്ടില്ല. ഒടുക്കം അതുമാത്രമായിപ്പോകുമോ എന്ന് ആശങ്ക അല്‍പ്പം ഇല്ലാതില്ല.

***

സോണിയാജിയും രാഹുല്‍ജിയും രാജിവെച്ചാലും ഇല്ലെങ്കിലും പാര്‍ട്ടിയെ നയിക്കാന്‍ ഇനി വേറെയാളെ നോക്കണമെന്ന ചിന്ത കോണ്‍ഗ്രസ്സില്‍ മാത്രമല്ല പുറത്തും ശക്തിയായുണ്ട്. അത് വളരെ അത്യാവശ്യമാണ് എന്ന കാര്യത്തില്‍ സംശയമില്ല. കാരണം, കോണ്‍ഗ്രസ് നിലനില്‍ക്കുകയും ശക്തിപ്പെടുകയും ചെയ്തില്ലെങ്കില്‍ ഇന്ത്യയില്‍ ഭരണകക്ഷിയുടെ കാര്യം പോകട്ടെ, പ്രതിപക്ഷത്തിന്റ സ്ഥിതിപോലും ദയനീയമാകും. ഒന്നാംസ്ഥാനത്ത് മോദിയും പിന്നെ ജയലളിതയും പിന്നെ മമതയും എന്ന അതിഗുരുതരമായ സ്ഥിതിയാണ് ഉണ്ടാകാന്‍ പോകുന്നത്. അതുകൊണ്ട് കോണ്‍ഗ്രസ്സിനെ വംശനാശം സംഭവിക്കാതെ സംരക്ഷിക്കേണ്ടത് രാജ്യസ്‌നേഹികളുടെ മുഴുവന്‍ കര്‍ത്തവ്യമായിരിക്കുന്നു.

കോണ്‍ഗ്രസ്സിനെ നയിക്കാന്‍ ഇനി പ്രിയങ്ക ഗാന്ധിയെ കിട്ടുമോ എന്ന് അന്വേഷിച്ചുതുടങ്ങിയിട്ടുണ്ട് കോണ്‍ഗ്രസ്സുകാര്‍. വേറെ നെഹ്രു രക്തബന്ധമുള്ള ആളുകളാരും ഉള്ളതായി സെന്‍സസില്‍ കണ്ടെത്താനായിട്ടില്ല. പ്രിയങ്ക പ്രചാരണരംഗത്ത് സജീവമായുണ്ടായിരുന്നു.
സഹോദരനും അമ്മയും നാല് വോട്ടുപിടിക്കാന്‍ പെടുന്ന പാട് കണ്ടതുകൊണ്ടുമാത്രമാവില്ല പ്രിയങ്ക രംഗത്തിറങ്ങിയത്. കോണ്‍ഗ്രസ് ഭരണത്തിലില്ലാതായാലുള്ള മറ്റ് നഷ്ടങ്ങളും ഓര്‍ത്തുകാണും. അല്ലെങ്കിലും, അഞ്ചുവര്‍ഷം കൂടുമ്പോള്‍ മാത്രം പറന്നുവരുന്ന ഒരു ദേശാടനപ്പക്ഷിയാണ് പ്രിയങ്ക. ആദ്യകാലത്ത് അങ്ങനെയായിരുന്നില്ല. രാഹുല്‍ അല്ല പ്രിയങ്കയായിരുന്നു മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്നത്. കുടുംബത്തിലെ സമാധാനത്തിനുവേണ്ടിയാണ് പിന്‍വാങ്ങിയതെന്ന് കേള്‍ക്കുന്നു. ഇത്തവണ മത്സരിക്കാതിരുന്നത് ഭാഗ്യം. ജയിക്കുമെന്ന് ഒരു ഉറപ്പുമില്ല. നെഹ്രു കുടുംബത്തോടുള്ള വിധേയത്വം ഇപ്പോള്‍ അവശേഷിക്കുന്നത് അമേഠിയിലും റായ്ബറേലിയിലും മാത്രമാണെന്ന് തിരഞ്ഞെടുപ്പുഫലം വിളിച്ചുപറയുന്നുണ്ട്. പ്രിയങ്കയെ കാണാന്‍ ആളുകൂടുമായിരിക്കും. വോട്ട് കൂടുമെന്നുറപ്പില്ല.

ലോക്‌സഭയില്‍ രണ്ടുസീറ്റ് മാത്രമായി ബി.ജെ.പി. ചുരുങ്ങിപ്പോയത് രാജീവ് ഗാന്ധി കോണ്‍ഗ്രസ്സിനെ നയിച്ച ആദ്യതിരഞ്ഞെടുപ്പിലാണ്. മുപ്പതുകൊല്ലംകൊണ്ടിതാ ആ പാര്‍ട്ടി തനിച്ച് ഭൂരിപക്ഷം നേടിയിരിക്കുന്നു പാര്‍ലമെന്റില്‍. രാജീവ് അന്ന് നല്‍കിയത് വലിയ പ്രതീക്ഷകളായിരുന്നു. അതുകൊണ്ടുതന്നെ മോദി നേടിയതിനേക്കാള്‍, പണ്ട് രാജീവിന്റെ മുത്തച്ഛന്‍ ജവാഹര്‍ലാല്‍ നെഹ്രു നേടിയതിനേക്കാള്‍ വലിയ വിജയമാണ് രാജീവ് നേടിയത്. പ്രതീക്ഷയുടെ കച്ചവടം അപകടമുള്ള ഇടപടാണ്. രാജീവിന് അഞ്ചുവര്‍ഷംപോലും ഒന്നാംസ്ഥാനത്ത് പിടിച്ചുനില്‍ക്കാനായില്ല. ഒരു പ്രതീക്ഷയും നല്‍കാതെ ഭരണത്തില്‍വന്ന ഡോ. മന്‍മോഹന്‍സിങ്ങിന് രണ്ടാംവട്ടം കൂടിയ ഭൂരിപക്ഷത്തോടമെ തിരിച്ചുവരാനായി. എന്താണ് ഇതിന് അര്‍ഥം ? എത്രയും കുറച്ച് പ്രതീക്ഷ നല്‍കുന്നുവോ അത്രയും കുറച്ചായിരിക്കും ജനത്തിന്റെ നിരാശ.
പ്രതീക്ഷ കൊടുത്തത് കുറച്ച് ഏറിപ്പോയി എന്ന് ബി.ജെ.പി.ക്ക് നാളെ തോന്നാതിരിക്കട്ടെ..

***

ലോക്‌സഭയില്‍ ഏറ്റവും കൂടുതല്‍ കോണ്‍ഗ്രസ്സുകാര്‍ വരിക കര്‍ണാടകയില്‍നിന്നാണ്. രണ്ടാമത്തെ വലിയ സംഘം കേരളത്തില്‍നിന്ന്. ഇവിടത്തെ കോണ്‍ഗ്രസ്സുകാര്‍ക്ക് ഇതോര്‍ക്കുമ്പോള്‍ ചിരിയാണോ കരച്ചിലാണോ വരിക എന്നറിയില്ല. ഇന്ത്യയിലെങ്ങും കാബിനറ്റ് മന്ത്രിമാര്‍ എട്ടുനിലയില്‍ പൊട്ടിക്കൊണ്ടിരുന്നപ്പോള്‍ കേരളത്തില്‍ മത്സരിച്ച ആറ് കേന്ദ്രമന്ത്രിമാരും ജയിച്ചു. ഒരാള്‍ റെക്കോഡോടെ! ‘എന്തതിശയമേ… ദൈവത്തിന്‍ നാമം, എത്ര മനോഹരമേ’ എന്ന് പാടിപ്പോകുന്നു കോണ്‍ഗ്രസ്സുകാര്‍. കേരളത്തിലെ കോണ്‍ഗ്രസ്സിനെ ഇവിടത്തെ ഇടതുപക്ഷം ഒന്നുകൂടി സഹായിച്ചിരുന്നെങ്കില്‍ ലോക്‌സഭയിലെ ഏറ്റവും വലിയ കോണ്‍ഗ്രസ്സംഘം കേരളത്തില്‍നിന്നുള്ളതാവുമായിരുന്നു.
യു.ഡി.എഫ്. ഇടതുപക്ഷത്തെയാണോ ഇടതുപക്ഷം യു.ഡി.എഫിനെയാണോ കൂടുതല്‍ തുണച്ചത് എന്ന് കണക്ക് നോക്കിയാലൊന്നും മനസ്സിലാവില്ല. തങ്ങള്‍ നിര്‍ത്തിയ സ്ഥാനാര്‍ഥികളുടെ ഗുണനിലവാരംകൊണ്ടുമാത്രം ചില സീറ്റുകള്‍ ഇടതുപക്ഷം മറുപക്ഷത്തിന് നല്‍കിയിട്ടുണ്ട്. പക്ഷേ, കേരളത്തില്‍നിന്നുള്ള ഒരു കേന്ദ്രനേതാവ് തന്റെ സീറ്റ് ഉറപ്പിക്കാന്‍ നടത്തിയ വെച്ചുമാറ്റത്തിന്റെ ഫലമായി കോണ്‍ഗ്രസ് ഇടതുപക്ഷത്തിന് സംഭാവനചെയ്തത് മൂന്ന് സീറ്റുകളായിരുന്നു. ഇത്രയും വലിയ സേവനം വേറെ ആരും ഇടതുപക്ഷത്തിന് ചെയ്തിട്ടില്ലെന്ന് ഉറപ്പ്. ഇതൊക്കെയായിട്ടും മെയ് പതിനാറിന് ഉമ്മന്‍ചാണ്ടിയുടെ പതിനാറടിയന്തിരത്തിന്റെ സദ്യയുണ്ണാന്‍ കുളിച്ചുകുപ്പായമിട്ട് നിന്നവര്‍ക്കുണ്ടായ നിരാശ പറയാവതല്ല മമ…

Leave a Reply

Your email address will not be published. Required fields are marked *

Go Top