പെരുമാറ്റച്ചട്ടത്തിലെ ഇനങ്ങള്‍ 32 ആയാലും 101 ആയാലും പൊതുജനം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. അഭിപ്രായത്തിന്റെ കാര്യത്തില്‍ സി.വി. കുഞ്ഞുരാമന്‍ പറഞ്ഞതുപോലെ പെരുമാറ്റച്ചട്ടവും ഇരുമ്പുലക്കയല്ല. ചട്ടത്തിന് പുറത്തേക്കുള്ള ചാട്ടത്തിനും പഴുതുണ്ട്. ആര്‍ക്ക് എപ്പോള്‍ ചാടാം എന്ന് ചട്ടത്തില്‍ വ്യവസ്ഥചെയ്യാന്‍ കഴിയില്ല. എന്നാല്‍, ചാട്ടം അനിവാര്യമാണ്. വളയമിട്ട് ചാടിപ്പഠിക്കുന്നത് വളയമില്ലാതെ ചാടുന്നതിന് സഹായകമാകും.
ജാതി, മത സംഘടനകളുമായി പാര്‍ട്ടിപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടുകൂടാ. എന്നുവെച്ച് ജാതി, മത സംഘടനകളെ ശത്രുപക്ഷത്ത് പ്രതിഷ്ഠിക്കുക പാര്‍ട്ടിനയമല്ല. എന്നാല്‍, വോട്ടുകിട്ടാന്‍ ഇവരുടെ പിറകേ നടക്കുന്നത് പാര്‍ട്ടിവിരുദ്ധമല്ല. ബ്ലേഡ്, റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ പാര്‍ട്ടിപ്രവര്‍ത്തകന് ആശാസ്യമല്ല. എന്നാല്‍, ഭൂമുഖത്തുനിന്ന് ബ്ലേഡ്, റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങള്‍ ഉന്മൂലനംചെയ്യാനൊന്നും പാര്‍ട്ടി കരാറെടുത്തിട്ടില്ല. അത്യാവശ്യംവന്നാല്‍ അവരുടെ അടുത്തുചെന്ന് സംഭാവന പിരിക്കുകയും ചെയ്യാം. അത് അനാശാസ്യപ്രവര്‍ത്തനമല്ല. വീടുകയറിയും പീടികകയറിയും പിരിവെടുക്കുമ്പോള്‍ അക്കൂട്ടത്തില്‍ അഴിമതിക്കാരുണ്ടോ ക്രിമിനല്‍ക്കേസിലെ പ്രതികളുണ്ടോ സ്വര്‍ണം കള്ളക്കടത്തുകാരുണ്ടോ മദ്യരാജാവുണ്ടോ ബ്ലേഡ്, റിയല്‍ എസ്റ്റേറ്റുകാരുണ്ടോ എന്നെല്ലാം എങ്ങനെ നോക്കാനാണ്?
ഇത്രയുമെല്ലാം ആമുഖം പരത്തിപ്പറയേണ്ടിവന്നത് സി.പി.എം. പ്ലീനത്തിന്റെ സമാപനവെടിക്കെട്ടായി ഒരു വിവാദവ്യവസായിയുടെ അഭിവാദ്യപരസ്യം പാര്‍ട്ടിപ്പത്രത്തിന്റെ ഒന്നാംപേജില്‍ രക്തവര്‍ണത്തില്‍ പ്രസിദ്ധപ്പെടുത്തിയതുകൊണ്ടാണ്. ബില്‍ഡേഴ്‌സ് റിയാല്‍ട്ടേഴ്‌സ് ഹോട്ടലിയേഴ്‌സ് കോണ്‍ട്രാക്ടേഴ്‌സ് എന്ന് പരസ്യത്തില്‍ പറയുന്ന കമ്പനിയുടേതാണ് പരസ്യം. ഉടമസ്ഥന്റെ ഫോട്ടോയുമുണ്ട് പരസ്യത്തില്‍. പൊതുവേ പരസ്യത്തില്‍ തലകാണിക്കുന്നവരല്ല കമ്പനി ഉടമസ്ഥന്മാര്‍. ബില്‍ഡേഴ്‌സ് റിയാല്‍ട്ടേഴ്‌സ് എന്നൊക്കെ പരസ്യത്തില്‍ നല്ലഭാഷയില്‍ പറയുന്നത് റിയല്‍ എസ്റ്റേറ്റ് മാഫിയ എന്ന് പത്രവാര്‍ത്തയില്‍ പറയുന്ന സംഭവംതന്നെയാണ്. അപ്പോള്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍നിന്ന് മാറിനില്‍ക്കണമെന്ന് പെരുമാറ്റച്ചട്ടത്തില്‍ പറയുകയും അത്തരക്കാരില്‍നിന്ന് പാര്‍ട്ടിപ്പത്രം പരസ്യം സ്വീകരിക്കുകയും ചെയ്യുന്നത് ശരിയോ എന്ന ചോദ്യം വിവരദോഷികള്‍ ഉയര്‍ത്തിയേക്കും. ഇതിനുള്ള മറുപടി പാര്‍ട്ടിപ്പത്രം മാനേജര്‍ ഇ.പി.ജയരാജന്‍ വിനയാന്വിതനായി മാധ്യമലേഖകരോട് പറയുന്നത് ചാനലുകളില്‍ കണ്ടല്ലോ?- ”ഞങ്ങള്‍ക്ക് തോന്നുന്നവരില്‍നിന്ന് ഞങ്ങള്‍ വാങ്ങും.” വിശദീകരണം തൃപ്തികരമാണെന്ന് കരുതുന്നു.
വിവാദവ്യവസായി പ്ലീനത്തിന് ആശംസകള്‍ നേരുകയല്ല ചെയ്തത്. അത് ഏത് കോണ്‍ഗ്രസ്സുകാരനും നേരാം. അഭിവാദ്യംചെയ്യുകയാണ് ചെയ്തത്. ഇതിന്റെ അര്‍ഥവും വ്യാകരണവും നോക്കിയിട്ട് കാര്യമില്ല. സമാനമനസ്‌കരാണ് അഭിവാദ്യംചെയ്യുക. അങ്ങനെ പെരുമാറ്റച്ചട്ടത്തിലോ ഭരണഘടനയിലോ പറഞ്ഞിട്ടുണ്ടോ എന്ന് ചോദിക്കരുത്. അതാണ് നാട്ടുനടപ്പ്. സമ്മേളനം നടക്കുമ്പോള്‍ റോഡരികില്‍ ഫ്‌ളക്‌സില്‍ ആരെങ്കിലും അഭിവാദ്യം എഴുതിവെച്ചാല്‍ അതിന് പാര്‍ട്ടി ഉത്തരവാദിയല്ല. പക്ഷേ, അഭിവാദ്യം പാര്‍ട്ടിപ്പത്രത്തിലാവുമ്പോള്‍ കളിമാറി. കൊലക്കേസിലും മറ്റുപലയിനം പ്രതിയായ ആള്‍ക്ക് ഇതിലേറെ ലാഭമുള്ള കച്ചവടം വേറേതുണ്ട്. ഇത് സിമ്പിള്‍ കച്ചവടമാണ് സഖാവേ… വിവാദവ്യവസായിയില്‍നിന്ന് പരസ്യംവക കിട്ടിയത്- ലക്ഷം രൂപ. പരസ്യം ഉണ്ടാക്കിയ വിവാദംവഴി പാര്‍ട്ടിക്കുണ്ടായ മാനനഷ്ടം- ഒരു കോടി രൂപ. വിവാദംവഴി പരസ്യക്കാരന് കിട്ടിയ (കു)പ്രസിദ്ധി- പത്തുകോടിരൂപ. പത്രത്തിന് കച്ചവടം ലാഭം. പരസ്യക്കാരന് ‘പൈസ വസൂല്‍’. ഇങ്ങനെ കച്ചവടം നടത്തിയാല്‍ പാര്‍ട്ടി പാളീസാകും.
പത്രം മാനേജര്‍ ഇ.പി. ജയരാജന്‍ മാധ്യമങ്ങളോട് തട്ടിക്കയറി അധിക്ഷേപിച്ചു എന്നുകേട്ടു. ജയരാജന്‍ അത്രയല്ലേ ചെയ്തുള്ളൂവെന്ന് ആശ്വസിക്കുകയാണ് വേണ്ടത്. എവിടെനിന്നെങ്കിലും പത്തുരൂപ സമ്പാദിച്ച് പത്രം നടത്താന്‍ സമ്മതിക്കില്ല എന്നുവെച്ചാല്‍ എന്താണ് ചെയ്യുക! ബൂര്‍ഷ്വാപാതയിലൂടെ പത്രം വഴിമാറി സഞ്ചരിച്ചതുകൊണ്ട് ഇപ്പോള്‍ പണ്ടത്തെപ്പോലെ ബക്കറ്റ് പിരിവൊന്നും വേണ്ടിവരാറില്ല. മുമ്പൊരിക്കല്‍ ലോട്ടറി രാജാവ് മാര്‍ട്ടിന്റെ കൈയില്‍നിന്ന് കടംവാങ്ങിയെന്നുപറഞ്ഞ് വിവാദമുണ്ടാക്കിയാണ് ജയരാജന്റെ പണികളഞ്ഞത്. ഇപ്പോഴിതാ വന്നിരിക്കുന്നൂ വിവാദവ്യവസായിയെയുംകൊണ്ട്. വീണ്ടും പണി കളയിക്കാനുള്ള നീക്കമാണ്. സഹിക്കില്ല ആരും.
പാര്‍ട്ടിയോടും പാര്‍ട്ടിപ്പത്രത്തോടുമുള്ള വിരോധം തീര്‍ക്കാനാണ് ബൂര്‍ഷ്വാപത്രങ്ങളും ചാനലുകളും ഈ വിധത്തില്‍ പരസ്യക്കാര്യമൊക്കെ ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് തെറ്റിദ്ധരിക്കരുത് ജയരാജനും സഖാക്കളും. ബൂര്‍ഷ്വാപത്രങ്ങള്‍ മുതലാളിത്തത്തിന്റെ ജീര്‍ണതയില്‍ പുഴുക്കളെപ്പോലെ നുരയ്ക്കുകയാണ്. പരസ്യം സ്വീകരിക്കുമ്പോള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയാണോ വിവാഹത്തട്ടിപ്പാണോ മായാമോഹിനി വശ്യമാന്ത്രിക ഏലസ്സാണോ ചാത്തന്‍മഠമാണോ എന്നൊന്നും നോക്കാന്‍ പാവപ്പെട്ട ബൂര്‍ഷ്വാപത്രങ്ങള്‍ക്ക് കഴിയില്ലല്ലോ. വല്ല വിധേനയും ജീവിച്ചുപോകണ്ടേ? പാര്‍ട്ടിപ്പത്രം ഈ നിലവാരത്തിലേക്ക് താഴ്ന്നുവരുന്നത് അവര്‍പോലും സഹിക്കില്ല. അതുകൊണ്ടാണ് വിമര്‍ശിക്കുന്നതും ചാനല്‍ ചര്‍ച്ച നടത്തുന്നതുമെല്ലാം. പരിഭവിക്കരുത് സഖാക്കളേ…
* * * *
ഒരു വര്‍ഷംകൊണ്ട് പാര്‍ട്ടിയെ ശുദ്ധീകരിച്ച് വെടിപ്പാക്കാനാണ് പ്ലീനം പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശ്ശി ബുദ്ധിമുട്ടാവും. പാര്‍ട്ടി മന്ദിരമോ രക്തസാക്ഷിസ്മാരകമോ പണിയാന്‍ പണംപിരിച്ചാല്‍ മതി. സമയബന്ധിതമായി പണി തീര്‍ക്കാം. പാര്‍ട്ടി മെമ്പര്‍ഷിപ്പ് രണ്ടുലക്ഷം കൂട്ടണമെന്ന് തീരുമാനിച്ചാലും സാധിക്കും. പക്ഷേ, മനുഷ്യന്റെ മനസ്സ് നന്നാക്കാന്‍ ഒരുവര്‍ഷം!
മദ്യപാനശീലംതന്നെയെടുക്കാം. സാധാരണ പാര്‍ട്ടിസമ്മേളനം കഴിഞ്ഞ് രണ്ടുപെഗ്ഗ് വീശി വീട്ടിലെത്തുന്ന പലരും വെള്ളിയാഴ്ച പ്ലീനം കഴിഞ്ഞ് ഡീസന്റായി ചെന്നെന്നാണ് പ്ലീനം സംഘാടകസമിതി ചെയര്‍മാന്‍ എ.കെ. ബാലന്‍ അവകാശപ്പെട്ടത്. ബാലന്‍ സഖാവിന് ദ്രാവകത്തിന്റെ ആകര്‍ഷണശക്തിയെക്കുറിച്ച് ഒരു പിടിയുമില്ലെന്നുവേണം കരുതാന്‍. പ്ലീനാഹ്വാനത്തിന്റെ ആവേശത്തില്‍ ഒരു ദിവസം… രണ്ടുദിവസം ക്ലീനായി വീട്ടില്‍പ്പോയെന്നുവരും. അതുകഴിഞ്ഞാല്‍ ശങ്കരന്‍ പിന്നേം തെങ്ങിലാവും. വര്‍ഷങ്ങളായി ഭാര്യയും മക്കളും പറഞ്ഞത് കേള്‍ക്കാത്ത ആളുടെ മദ്യാസക്തിമാറ്റാന്‍ പ്ലീനം സഹായിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞുകേട്ടിട്ടില്ല.
എന്നാല്‍, മറ്റ് ജീര്‍ണതകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മദ്യാസക്തിയാണ് ഭേദം. ചികിത്സകൊണ്ടെങ്കിലും അത് മാറ്റാം. ധനമോഹവും മതവികാരവും ജാതിബോധവും ഇല്ലായ്മചെയ്യാന്‍ ഇതുവരെ മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ല. ജാതിയും മതവും ധനാസക്തിയും മോശമാണെന്ന് പ്രമേയത്തില്‍ പറയാനേ പറ്റൂ. അവയൊന്നും വേണ്ടെന്നുപറയാന്‍ ഒരു പാര്‍ട്ടിക്കും കഴിയില്ല. പാര്‍ട്ടിനടത്താന്‍ പണംവേണം, വോട്ടുകിട്ടാന്‍ ജാതിയും മതവും വേണം.