ചത്തകുഞ്ഞിന്റെ ജാതകം നോക്കേണ്ട എന്ന് പണ്ടേ പറയാറുണ്ട്. ശരിയാണ്. പക്ഷേ, ആ തിയറി പോസ്റ്റ്‌മോര്‍ട്ടത്തിന് ബാധകമല്ല. ചത്തത് കുഞ്ഞാകട്ടെ, പടുവൃദ്ധനാകട്ടെ മരണം അസ്വാഭാവികമാണെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം വേണം. ഇടതുമുന്നണി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്താന്‍ തുനിഞ്ഞത് അത്യസാധാരണ അതിസാഹസമാണ്.
മഹത്തായ സസ്‌പെന്‍സ് ത്രില്ലര്‍ രാഷ്ട്രീയനാടകത്തിന് ടിക്കറ്റെടുത്തു വന്നവരോട് ചെയ്തത് വന്‍ ചതിയായിപ്പോയി. ആദ്യരംഗത്തിലെ നാല് ഡയലോഗ് കഴിഞ്ഞപ്പോഴേക്കും ജനഗണമന പാടുകയാണ് ചെയ്തത്. ത്രില്ലുമില്ല, സ്റ്റണ്ടുമില്ല. അമ്പലപ്പറമ്പിലോ മറ്റോ ആയിരുന്നെങ്കില്‍ സ്റ്റേജ് കത്തിച്ചുകളയുമായിരുന്നു ജനം. ഇവിടെ ഉണ്ടായ ദി എന്‍ഡ് അത്ര ശുഭമല്ല. സംഗതി അസാധാരണവും അസ്വാഭാവികവുമാണ്. കേസെടുക്കണം, പോസ്റ്റ്‌മോര്‍ട്ടവും വേണം.
സമരങ്ങളുടെ സ്വാഭാവിക അന്ത്യം വ്യത്യസ്തമാണ്. ഡിമാന്‍ഡ് ഉന്നയിക്കുക, സമരം ചെയ്യുക, ചര്‍ച്ചനടത്തുക, പിന്നെയും ചര്‍ച്ചനടത്തുക… ക്രമേണ സമരം തളരും, വീറും വാശിയും കെട്ടടങ്ങും. ഇനി വയ്യ എന്ന ഘട്ടം എത്തുമ്പോള്‍ കിട്ടിയത് വാങ്ങി പിന്‍വാങ്ങും. വിജയാഹ്ലാദപ്രകടനം നടത്തുന്നതില്‍ വിരോധമില്ല. ഇതാണ് സാധാരണ സമരങ്ങളുടെ സ്വാഭാവിക പരിണാമം. ചോദിച്ചത് മുഴുവന്‍ കിട്ടിയാലേ സമരം നിര്‍ത്തൂ എന്ന് വാശിപിടിച്ചാല്‍ തരാമെന്ന് സമ്മതിച്ചതുപോലും ഒടുവില്‍ കിട്ടാതാവുമെന്ന് അറിയാത്തവരില്ല. തൊഴില്‍ശാലയിലെ പണിമുടക്കുപോലല്ല, ഇവിടെ സമരം ചെയ്യുന്നവര്‍ക്കേ കാശുപോവൂ.
സോളാര്‍ സമരത്തില്‍ രണ്ട് ഡിമാന്‍ഡുകള്‍ ഉണ്ട്. മുഖ്യമന്ത്രി രാജിവെക്കണം, ജുഡീഷ്യല്‍ അന്വേഷണം നടത്തണം. രണ്ട് ഡിമാന്‍ഡിന്റെയും പ്രാധാന്യം തുല്യമാണോ? അല്ല. മുഖ്യമന്ത്രി രാജിവെക്കണം എന്നതാണ് മുഖ്യഡിമാന്‍ഡ്. അതിന് 75 മാര്‍ക്കെങ്കിലും കൊടുക്കണം. ജുഡീഷ്യല്‍ അന്വേഷണത്തിന് 25 മാര്‍ക്കിനേ സ്‌കോപ്പുള്ളൂ. അനിശ്ചിതകാല ഉപരോധം എന്ന അഗ്‌നിപരീക്ഷയില്‍ കിട്ടിയത് 25 മാര്‍ക്ക്. മുഖ്യമന്ത്രിയുടെ പങ്കുകൂടി ഉള്‍പ്പെടുത്തിയല്ല അന്വേഷണമെങ്കില്‍ മാര്‍ക്ക് പത്തായി ചുരുങ്ങും. ചുരുക്കിപ്പറഞ്ഞാല്‍ നൂറില്‍ പത്തുമാര്‍ക്ക് കിട്ടിയ കുട്ടികളാണ് പരീക്ഷ പാസായെന്നും പറഞ്ഞ് ചമ്മി ചമ്മി വീടുകളിലേക്ക് മടങ്ങിയത്. ചമ്മല്‍ ഉണ്ടായിക്കാണണം. സാരമില്ല, ഇത് ആദ്യമായല്ലല്ലോ…
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജീവന്മരണസമരം നടത്തുക അത്ര സുഖമുള്ള ഏര്‍പ്പാടല്ല. പ്രതിപക്ഷത്തിന്റെ സമരം പേടിച്ച് ഏതെങ്കിലും മുഖ്യമന്ത്രി രാജിവെച്ച ചരിത്രമില്ല. അഴിമതി ആരോപിച്ചാണ് രാജിയാവശ്യമെങ്കില്‍ പറയാനുമില്ല: പഴയ ഉമ്മന്‍ചാണ്ടി ഭരണത്തില്‍ റെജീനക്കേസും പത്രക്കാര്‍ക്കെതിരെ അക്രമവും എല്ലാം ചേര്‍ന്ന് രംഗം വഷളായിട്ടും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് ഉപരോധമല്ല, പഞ്ചായത്ത് ഓഫീസ് ഉപരോധംപോലും ഉണ്ടായില്ല. കാര്യമായ സമരമൊന്നും ഇല്ലാഞ്ഞതുകൊണ്ട് ഗുണമുണ്ടായി. മന്ത്രി രാജിവെച്ചു – രണ്ട് രണ്ടര മാസം കഴിഞ്ഞാണെങ്കിലും. സമരം നടത്തി മന്ത്രിയെ രാജിവെപ്പിക്കാനാവുമെന്ന് തോന്നുന്നില്ല. സമരങ്ങള്‍കൊണ്ട് നില്‍ക്കക്കള്ളി ഇല്ലാതാവുക ജനത്തിനാണ്. മന്ത്രിമാര്‍ക്ക് ഒരു രാത്രിയിലെ ഉറക്കംപോലും നഷ്ടപ്പെടില്ല.
ഒന്നരനാള്‍ സമരംകൊണ്ട് കെ.എസ്.ആര്‍.ടി.സി.ക്കും റെയില്‍വേക്കും മാത്രമേ നേട്ടമുണ്ടായുള്ളൂ എന്ന് ശത്രുക്കള്‍ പരിഹസിക്കുമായിരിക്കും. സത്യമല്ല. അമൂല്യമായ പാഠങ്ങളാണ് പാര്‍ട്ടി പഠിച്ചത്. പാര്‍ട്ടി ഗവേഷകര്‍ പ്രബന്ധം തയ്യാറാക്കുന്നുണ്ട്. വൈകാതെ ചോര്‍ത്തിക്കിട്ടും. ഒരു ജാഥപോയാല്‍ സ്തംഭിക്കുന്ന സെക്രട്ടേറിയറ്റ് പരിസരത്ത് ഒരു ലക്ഷം ആളുകള്‍ക്ക് വിപ്ലവഗാനം കൊണ്ടുമാത്രം അധികനാള്‍ കഴിച്ചുകൂട്ടാനാവില്ല എന്നതുതന്നെ വലിയ സമരപാഠം. ലക്ഷം പേര്‍ക്ക് തിന്നാനും കുടിക്കാനും കൊടുത്താല്‍ മതി എന്നേ സമരതന്ത്രവിദഗ്ധര്‍ കരുതിയുള്ളൂ. ഇതുരണ്ടും കിട്ടിയാല്‍ ശരീരത്തിന് അനിവാര്യമായ മൂന്നാമത്തെ പ്രക്രിയയ്ക്ക് സ്ഥലവും സൗകര്യവും കിട്ടണം. ഇല്ലെങ്കില്‍ സംഗതി അറുവഷളാകും. അതിനെ നേരിടാന്‍ വിപ്ലവഗാനം പോര. ഡല്‍ഹിയിലെ രാംലീല മൈതാനമല്ല സെക്രട്ടേറിയറ്റ് പരിസരം. നമുക്ക് അണ്ണ ഹസാരെയില്ല. കഷ്ടിച്ച് ഒപ്പിച്ചെടുത്തത് ഒരു ദേവഗൗഡയെ മാത്രം. അഴിമതിവിരുദ്ധ അപ്പോസ്തലനാണ്. രാംലീലയില്‍ പാട്ടും ഡാന്‍സുമായി തമ്പടിച്ച ആയിരങ്ങള്‍ക്ക് കക്കൂസ് പണിതുകൊടുത്തത് ഏതെല്ലാമോ വന്‍കിടക്കാരാണെന്ന് അന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്തുചെയ്യാം, നമുക്കത് തലയില്‍പോയില്ല. ഇവന്റ് മാനേജ്‌മെന്റുകാരൊന്നും പറഞ്ഞുമില്ല. വെടിമരുന്ന് തീര്‍ന്നുപോയതുകൊണ്ടും മഞ്ഞുമഴ പെയ്തതുകൊണ്ടുമൊക്കെ യുദ്ധം തോറ്റ ചരിത്രമുണ്ട്. ലോകചരിത്രത്തില്‍ ആദ്യമായാവണം നടേ പറഞ്ഞ കാരണംകൊണ്ട് സമരം തോറ്റത് – സോറി, തോറ്റത് എന്ന് പറഞ്ഞുകൂടാ – ജയിച്ചത്.
സമരം പെട്ടെന്ന് തീര്‍ന്നതില്‍ മാധ്യമങ്ങള്‍ക്കേ അതൃപ്തികാണൂ എന്ന് പിണറായി വിജയന്‍ പറഞ്ഞതില്‍ കാര്യമില്ലാതില്ല. പക്ഷേ, മറ്റൊരു കൂട്ടര്‍ക്കും അതൃപ്തിയുണ്ട്. സമരം തീര്‍ന്നതിലല്ല, തീരുന്ന കാര്യത്തെപ്പറ്റി ഒരു സൂചനപോലും സഖാവ് തരാതിരുന്നതില്‍. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചല്ലോ, ഉപരോധം നിര്‍ത്തുമോ എന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകരെ ചാടിക്കടിക്കുകയാണ് പാര്‍ട്ടിയിലെയും മുന്നണിയിലെയും കുറേ നേതാക്കള്‍ ചെയ്തത്. അരമണിക്കൂറിനകം സമരം നില്‍ക്കാന്‍പോകുന്ന കാര്യം അവരോട് ആരും പറഞ്ഞില്ല. മോശമായിപ്പോയി. അവര്‍ പിന്നെ 48 മണിക്കൂര്‍ മൗനവ്രതം അനുഷ്ഠിച്ചതായാണ് റിപ്പോര്‍ട്ട്.
* * *
ജുഡീഷ്യല്‍ അന്വേഷണത്തില്‍ കുറ്റം കണ്ടെത്തിയിട്ട് ഒരാള്‍പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. കുറ്റാന്വേഷണമല്ല ജുഡീഷ്യല്‍ അന്വേഷണം. ശിക്ഷിക്കലല്ല കമ്മീഷന്റെ ചുമതല.
തത്കാലത്തെ ജനരോഷം തണുപ്പിക്കാനുള്ള ചെറിയൊരു വിദ്യയാണ് സര്‍ക്കാറുകള്‍ക്ക് ജുഡീഷ്യല്‍ അന്വേഷണം. കമ്മീഷന് ഇരിക്കാന്‍ കസേര കൊടുക്കാന്‍തന്നെ മാസങ്ങളെടുക്കാം. റിപ്പോര്‍ട്ടുണ്ടാകാന്‍ വര്‍ഷങ്ങളെടുക്കാം. സമര്‍പ്പിച്ച റിപ്പോര്‍ട്ട് വായിക്കാന്‍ മാസങ്ങളെടുക്കാം. വായിച്ചത് മാസങ്ങള്‍ ചര്‍ച്ചചെയ്യാം. റിപ്പോര്‍ട്ട് സ്വീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുമെടുക്കാം ഇഷ്ടംപോലെ സമയം. ഇതിനിടയില്‍ ഒരു മന്ത്രിസഭയുടെ കാലാവധി കഴിയുകയും അടുത്തത് വരികയും ചെയ്യും. അവര്‍ക്കും ധൃതികാണില്ല. സമര്‍പ്പിച്ച് ഒന്നരവര്‍ഷം കഴിഞ്ഞിട്ടും നിയമസഭയില്‍ വെച്ചിട്ടില്ലാത്ത റിപ്പോര്‍ട്ടുപോലുമുണ്ട്.
ഇങ്ങനെയെല്ലാമുള്ള കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സിനെ ചൊല്ലിയാണിപ്പോള്‍ തര്‍ക്കം. കേട്ടാല്‍തോന്നുക ഇതൊരു തലതെറിക്കുന്ന പ്രശ്‌നമാണ് എന്നാണ്. ടേംസ് ഓഫ് റഫറന്‍സില്‍ ഒരു കാര്യം പെടുത്തിയില്ലെങ്കില്‍ കമ്മീഷന് അത് അന്വേഷിക്കാനേ പറ്റില്ല എന്നതബദ്ധം. മുഖ്യമന്ത്രിയുടെ ഓഫീസിനെ സംഭവവുമായി ബന്ധിപ്പിക്കുന്ന തെളിവ് കൊണ്ടുവന്നാല്‍ കമ്മീഷന്‍ അത് വലിച്ച് ദൂരെയെറിയില്ല. പിന്നെ എന്തിനാണാവോ തര്‍ക്കം.
ഇവിടെ ജസ്റ്റിസുമാര്‍ക്കൊക്കെ വേറെ പണിത്തിരക്കുണ്ട്.
‘സൗകര്യമുള്ള’ വേറെ ആരെയെങ്കിലും നിയമിച്ചാല്‍ മതി എന്ന് ഹൈക്കോടതി പറയും എന്ന ധൈര്യത്തിലാണ് സര്‍ക്കാര്‍. ഹൈക്കോടതി സിറ്റിങ് ജഡ്ജിമാരെ നിയോഗിക്കാന്‍ സമ്മതിച്ചാല്‍ സംഗതി പൊല്ലാപ്പാകും. ഹൈക്കോടതിക്ക് നല്ല ബുദ്ധിയുണ്ടാകാന്‍ പ്രാര്‍ഥിക്കാം.
* * *
ഉപരോധത്തിനിടെ പാര്‍ട്ടി സെക്രട്ടറിയെ ആഭ്യന്തരമന്ത്രി വിളിച്ചതായി പാര്‍ട്ടി നേതാവ് എം.വി. ഗോവിന്ദന് ഒരു തെറ്റിധാരണയുണ്ടായി. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത ചിന്താക്കുറ്റംതന്നെ. ഉപരോധം ആര്‍ത്തിരമ്പിമുന്നേറുമ്പോള്‍ ആഭ്യന്തരമന്ത്രിയോട് സംസാരിക്കുമോ പാര്‍ട്ടി സെക്രട്ടറി? സര്‍ക്കാറുമായി ചര്‍ച്ചയില്ല എന്ന് നേരത്തേ പറഞ്ഞതല്ലേ? പിന്നെയെന്ത് വിളി?
സമരം തീര്‍ന്നശേഷം മന്ത്രി വിളിച്ചതും സംസാരിച്ചതും സത്യംതന്നെ. പക്ഷേ, സംസാരിച്ചത് എന്തിനെക്കുറിച്ചാണ് എന്ന് റിപ്പോര്‍ട്ടര്‍മാരോട് പറയില്ല. വാര്‍ത്തയാകുന്ന കാര്യം പത്രക്കാരോട് പറയാന്‍ പറ്റില്ല. വാര്‍ത്തയല്ലെങ്കില്‍ പറയേണ്ട കാര്യവുമില്ല. ബി.പി. കുറയാന്‍ ഒറ്റമൂലി വല്ലതുമുണ്ടോ എന്നോ മറ്റോ ആവും ചര്‍ച്ചചെയ്തത്.
സർ, വളരെ പ്രസക്തമായ കുറിപ്പാണിത്.‘ഗ്ലാമറസ് ‘ആയ സമരമുഖങ്ങളുടെ എണ്ണം ഏറിവരികയും സമരങ്ങളെല്ലാം അതിന്റെ ബാഹ്യസൌകുമാര്യങ്ങങ്ങളിൽ അഭിരമിക്കുകയും ചെയ്യുന്ന ഇക്കാലത്ത്, എതെങ്കിലും ഒരു കുട്ടി, ‘’നമ്മുടെ രാജാക്കന്മാരെല്ലാം നഗ്നരും, അതിൽ ലജ്ജിക്കാത്തത്ര തൊലിക്കട്ടിയുള്ളവരുമാണെ‘’ന്ന് വിളിച്ചുപറയേണ്ടത് അനിവാര്യം തന്നെ!‘ ആത്മരതി‘ മാത്രമാണ് ഇന്നത്തെ രാജാധിരാജന്മാരുടെയും മറ്റ് അമാത്യന്മാരുടെയും പ്രധാന വിനോദം.വോട്ടെണ്ണലിൽ ബലി കൊടുക്കപ്പെടേണ്ട തലകളായി മാത്രം നമ്മൾ സ്വയം താഴ്ന്നിരിക്കുന്നു! വാക്കുകളുടെ മൂർച്ച ഇനിയുമേറട്ടെ! എളിയ അഭിവാദനങ്ങളോടെ താങ്കളുടെ ഹരി ചാരുത.