പ്രതിയുടെ ഛായ

ഇന്ദ്രൻ

പ്രതിച്ഛായയാണ് ഇപ്പോഴത്തെ പ്രശ്‌നം. യു.ഡി.എഫിന് ഇപ്പോഴത്തെ മാത്രമല്ല എന്നത്തെയും പ്രശ്‌നമാണ് പ്രതിച്ഛായ. മറ്റെന്ത് സംഭവിച്ചാലും പൊറുക്കും. പ്രതിച്ഛായയ്ക്ക് കോട്ടംസംഭവിച്ചാല്‍ പൊറുക്കില്ല, കെ.പി.സി.സി. തൊട്ട് മേല്‍പ്പോട്ട് ഹൈക്കമാന്‍ഡ് തന്നെയും ഇടപെടും. ചെയ്തത് ശരിയോ തെറ്റോ എന്നത് പ്രശ്‌നമല്ല. പ്രതിച്ഛായ പോകരുത്. പോയാല്‍ അടുത്തതിരഞ്ഞെടുപ്പില്‍ തോറ്റ് കഞ്ഞികുടിമുട്ടും.
പ്രതിച്ഛായയുടെ ഗ്രാഫ് സദാ നിരീക്ഷിക്കാനും അത് താഴേക്കുവരുന്നത് അപ്പോഴപ്പോള്‍ അറിയിക്കാനും കെ.പി.സി.സി. ഓഫീസില്‍ സംവിധാനമുണ്ട് എന്ന് വേണം മനസ്സിലാക്കാന്‍. കാലാവസ്ഥാ റിപ്പോര്‍ട്ടുപോലെ അത് എല്ലാദിവസവും പ്രത്യേക ബുള്ളറ്റിനായി അറിയിക്കേണ്ടവരെയെല്ലാം അറിയിക്കുന്നുണ്ട്. ലേറ്റസ്റ്റ് റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് രമേശ് ചെന്നിത്തല ഡല്‍ഹിക്ക് വിട്ടത്. കെ.പി.സി.സി.യുടെ ഡസന്‍ കണക്കിന് സെക്രട്ടറിമാരില്‍ ഒരാളുടെ ഡസിഗേ്‌നഷന്‍, സെക്രട്ടറി (പ്രതിച്ഛായാ നിരീക്ഷണം) എന്നായിരിക്കാനിടയുണ്ട്. പ്രതിച്ഛായ വീഴുമ്പോള്‍ താങ്ങിനിര്‍ത്താനുള്ള സ്ഥിരം സംവിധാനങ്ങളൊന്നും ഫലിക്കാതെ വരുമ്പോഴാണ് കേന്ദ്രത്തില്‍ വിവരമറിയിക്കുന്നതും അടിയന്തര ഇടപെടലിന് അവിടെനിന്ന് വിദഗ്ധരെ അയയ്ക്കുന്നതും. സംസ്ഥാനങ്ങളില്‍ പ്രതിച്ഛായ ഇല്ലാതാക്കിയതിന്റെ പേരില്‍ ‘കിക്ക്ഡ് അപ്‌വേഡ്‌സ്’ ആയവരാണ് ഈ വിദഗ്ധന്മാരില്‍ ബഹുഭൂരിഭാഗവും. വി.ഡി.സതീശനെ പ്പോലെ ചിലര്‍ അബദ്ധത്തില്‍ എത്തിപ്പെടാറുണ്ടെന്നത് വേറെക്കാര്യം.

പ്രതിച്ഛായാദോഷത്തിന് എന്താണ് പ്രതിവിധി? നമുക്ക് കീഴ്‌വഴക്കങ്ങള്‍ നോക്കാം. സര്‍ക്കാര്‍ ഓഫീസുകളില്‍ നോക്കുന്നതുപോലെ ബാക്ക് ഫയല്‍സും പ്രീസിഡന്‍സും നോക്കണം. പത്തിരുപത് വര്‍ഷംമുമ്പാണ് യു.ഡി.എഫില്‍ ലക്ഷണമൊത്ത ഒരു പ്രതിച്ഛായാ പ്രതിസന്ധി ഉണ്ടായത്. അന്ന് ചാരക്കേസിന്റെ പേരിലാണ് മുഖ്യമന്ത്രിക്ക് പ്രതിയുടെ ഛായ വന്നത്. മാലിയില്‍നിന്ന് വന്ന അക്ഷരാഭ്യാസം നേരാംവണ്ണമില്ലാത്ത ഒരു പെണ്ണ് റോക്കറ്റ് വിക്ഷേപണത്തിന്റെ സാങ്കേതികവിദ്യ ചോര്‍ത്തി എന്ന നട്ടാല്‍ മുളയ്ക്കാത്തവിത്താണ് ചാരക്കേസ് എന്നത്. അത് കത്തിപ്പടര്‍ന്ന് കുറെ പേരുടെ ജീവിതം നാശമാക്കി.

സോളാര്‍ വിവാദത്തെ ചാരക്കേസുമായി താരതമ്യം ചെയ്യുന്നതിന് പിന്നിലെ ഗൂഢോദ്ദേശ്യം കോണ്‍ഗ്രസ്സിലെ അവശിഷ്ട എ ഗ്രൂപ്പുകാര്‍ക്ക് മനസ്സിലാകും. ചാരക്കേസിലും സോളാര്‍ കേസി ലും വനിതാപ്രാതിനിധ്യം ഉണ്ട് എന്നതുമാത്രമല്ല രണ്ടിലെയും പൊതുഘടകം. അന്ന് പ്രതിച്ഛായാനഷ്ടക്കച്ചവടത്തില്‍ നിന്ന് കരകേറാന്‍ നിര്‍ദേശിക്കപ്പെട്ട ഒറ്റമൂലി നേതൃമാറ്റമായിരുന്നു. ഇന്ന് സോളാര്‍ കേസിന്റെ ഫലമായും യു.ഡി.എഫ്. സര്‍ക്കാറിന്റെ പ്രതിച്ഛായ അറബിക്കടലില്‍. ഇന്ന് നേതൃമാറ്റം സംഭവിച്ചാല്‍ ഉള്ള പ്രതിച്ഛായയുംപോകും. മുഖ്യമന്ത്രിയുടെ പ്രതിച്ഛായതന്നെ ഇപ്പോഴും കൈമുതല്‍.
തലേലെഴുത്ത് രൂപപ്പെടുത്തുന്നതില്‍ പടച്ചതമ്പുരാന് പോലും പങ്കില്ലെന്നാണ് തോന്നുന്നത്. അല്ലെങ്കില്‍ മറിയം റഷീദയുടെയോ മറ്റ് മാലിക്കാരികളുടെയോ ഐ.എസ്.ആര്‍.ഒ. വിന്റെയോ ഒന്നും നാലയലത്ത് പോയിട്ടില്ലാത്ത മുഖ്യമന്ത്രി കെ. കരുണാകരന്‍ അതില്‍ ബലിയാടാവുന്നത് തടയാന്‍ എന്തേ കഴിഞ്ഞില്ലാര്‍ക്കും ? മറിയം റഷീദ കെ. കരുണാകരന്റെ ഓഫീസില്‍ വന്നെന്നോ അവര്‍ക്ക് സഹായം ചെയ്തതിന് ഓഫീസിലെ ജീവനക്കാരന്‍ അറസ്റ്റിലായെന്നോ ഗണ്‍മാനെ സസ്‌പെന്‍ഡ് ചെയ്‌തെന്നോ ഒന്നും ആരും സ്വപ്നത്തില്‍ പ്പോലും കണ്ടില്ല. ആരില്‍ നിന്നെങ്കിലും പണം പറ്റിയിട്ടില്ല. ആരെയും ആയിരംവട്ടം ഫോണില്‍ വിളിച്ചിട്ടില്ല. ലക്ഷം ലക്ഷം പാര്‍ട്ടിക്ക് സംഭാവന ചെയ്തിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെന്നല്ല, സെക്രട്ടേറിയറ്റിനുമുന്നിലെ റോഡ് വഴി പോലും പ്രതികള്‍ നടന്നതായി പരാതിയില്ലാര്‍ക്കും. എന്നിട്ടും പ്രതിച്ഛായ രക്ഷിക്കാന്‍ മുഖ്യമന്ത്രിയെ താഴെയിറക്കി. അയ്യോ പാവം…

അന്ന് എ ഗ്രൂപ്പുകാരാണ് കരുണാകരനെ ഇറക്കാന്‍ ഗൂഢാലോചന നടത്തിയതെന്ന് കോണ്‍ഗ്രസ് ഗൂഢാലോചനാ ചരിത്രകാരനായ ചെറിയാന്‍ ഫിലിപ്പ് പ്രസ്താവിച്ചത് സമീപകാലത്താണ്. കെ.മുരളീധരന്‍ കുറച്ച് ശ്രമിച്ചുനോക്കിയതാണ് ആരെങ്കിലും അതൊന്ന് ഏറ്റുപിടിക്കുമോ എന്നറിയാന്‍. എല്ലാമറിയുന്ന രമേശ് ചെന്നിത്തല എന്താണ് ഒന്നും മിണ്ടാത്തതെന്ന് ചോദിച്ചുനോക്കി മുരളി. എന്നിട്ടും മിണ്ടിയില്ല രമേശ്. ഐ ഗ്രൂപ്പില്‍ പ്രാഥമികാംഗത്വം കിട്ടിയശേഷം മുരളീധരനിപ്പോള്‍ രമേശിന്റെ കൂട്ടാളിയാണ്. ഉമ്മന്‍ ചാണ്ടിയെ ഇറക്കിയാല്‍ കേറാന്‍ ചാന്‍സുണ്ട്. പക്ഷേ, രമേശ് ആള് മാന്യനാ… തോക്ക് ഉമ്മന്‍ ചാണ്ടിക്കെതിരെ തിരിക്കുന്നില്ല. പ്രതിപക്ഷത്തിനും അതത്ര സഹിക്കുന്നില്ല കേട്ടോ. വി.എസ്.- കോടിയേരി പെര്‍ഫോമന്‍സ് മത്സരത്തില്‍ ഇത്തവണ ബഹുദൂരം മുന്നിട്ടുനില്‍ക്കുന്നത് കോടിയേരിയാണ്. ഗ്രനേഡുപൊട്ടി ആസ്​പത്രിയില്‍ കിടന്നിട്ടും വി.എസ്സിന് മുന്നോട്ടുകടക്കാനായിട്ടില്ല. എ.കെ.ആന്റണി പറഞ്ഞത് ഭരണമാറ്റം ഇല്ല എന്നുമാത്രമാണ്, നേതൃമാറ്റം ഇല്ലെന്ന് പറയാതിരുന്നത് ബോധപൂര്‍വമാണെന്ന തിയറിയുമായി വന്നു കോടിയേരി. കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കിക്കൂടേ എന്നൊരു നമ്പറും ഇറക്കിനോക്കി. നല്ല വിറകായിട്ടും പരിപ്പ് വേവുന്നില്ല.
ഗട്ടറില്‍ കിടക്കുന്ന പ്രതിച്ഛായ എങ്ങനെയാണു പോലും ഉയര്‍ത്തിക്കൊണ്ടുവരിക? അറിയില്ല. എന്തുകൊണ്ടാണുപോലും പ്രതിച്ഛായ ഗട്ടറിലെത്തിയത് ?
അന്വേഷണമില്ല.

മൂന്നുവര്‍ഷംമുമ്പ് തട്ടിപ്പുകേസില്‍ പ്രതിയായ, കൊലക്കേസില്‍ പ്രതിയാകേണ്ട ആള്‍ സെക്രട്ടേറിയറ്റില്‍ കയറിയിറങ്ങുകയും മന്ത്രിമാരുടെ സ്വന്തക്കാരാവുകയും സര്‍ക്കാര്‍ വാഹനങ്ങളില്‍ കറങ്ങുകയുമെല്ലാം ചെയ്ത സാഹചര്യം പരിശോധിക്കേണ്ടത് എ.ഡി.ജി.പി. ഹേമചന്ദ്രന്‍ മാത്രമാണോ ?
ഓ അറിയില്ല.

സുതാര്യതയുടെ മറവില്‍ ആര്‍ക്കും കയറിവന്ന് എന്തുംചെയ്യാം എന്ന അവസ്ഥ സദ്ഭരണരീതിയാണോ ?
സുതാര്യതയെക്കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത്.
സ്ഥാനങ്ങള്‍ ഓഹരിവെച്ചുകൊടുക്കുകയല്ലാതെ വേറെ ഉത്തരവാദിത്വമൊന്നും പാര്‍ട്ടിക്കും മുന്നണിക്കുമില്ലേ ? പാര്‍ട്ടി ഇതിനെക്കുറിച്ച് എന്തെങ്കിലും ആലോചിച്ചോ അന്വേഷിച്ചോ ?
ഇല്ല, തിരക്കായിരുന്നു. അലക്ക് തീര്‍ന്നിട്ടുവേണം കാശിക്ക് പോകാന്‍. സോളാര്‍ കേസില്‍ ഇനിയൊന്നും ചെയ്യാനില്ല. സര്‍ക്കാറിന് വീഴ്ചയില്ല, മുഖ്യമന്ത്രിക്ക് വീഴ്ചയില്ല, ആഭ്യന്തരമന്ത്രിക്ക് വീഴ്ചയില്ല. എല്ലാം പോലീസിന്റെയും കോടതിയുടെയും കൈയില്‍. കോടതി പറഞ്ഞാല്‍ രാജിവെക്കാം. രാജിവെച്ചാല്‍ തീരും പ്രശ്‌നമെന്ന് പ്രതിപക്ഷവും. ജയിലില്‍കിടന്ന് സരിത-ബിജുമാര്‍ ഒരു അബദ്ധംപറ്റിയതില്‍ സങ്കടപ്പെടുന്നുണ്ടാവും. 20,000 തവണ ഭരണത്തിലുള്ളവരെ ഫോണ്‍ വിളിക്കുന്നകൂട്ടത്തില്‍ ആയിരംവിളി പ്രതിപക്ഷനേതാക്കളെയും വിളിക്കാനുള്ള ബുദ്ധി അന്നുണ്ടായില്ല. എങ്കില്‍ പ്രതിപക്ഷത്തെയും പ്രതിയുടെ പക്ഷത്താക്കാമായിരുന്നു. അതുംകൂടി ഉണ്ടായിരുന്നെങ്കില്‍ എല്ലാം ശുഭമായി കലാശിക്കുമായിരുന്നു.
അത്രയും കേരളത്തിന്റെ ഭാഗ്യം.

* * * *

ഭാര്യയ്ക്ക് പ്രസവവേദന തുടങ്ങിയിരിക്കുന്നു, പയ്യന്‍ കിണറ്റില്‍ വീണിരിക്കുന്നു, പെണ്ണിനെ പട്ടി കടിച്ചിരിക്കുന്നു……അയ്യയ്യോ ഞാന്‍ എന്താ ചെയ്യുക ഭഗവാനേ….. നീ ആ ചെല്ലം ഇങ്ങോട്ടെടുക്ക് ഞാന്‍ ഒന്ന് മുറുക്കട്ടെ ….. എന്നൊരു വിദ്വാന്‍ പണ്ടെന്നോ ബുദ്ധിപൂര്‍വം പ്രതികരിച്ചതായി കഥയുണ്ട്. പ്രതിസന്ധി മൂര്‍ച്ഛിച്ചാല്‍ ചിലര്‍ ഇങ്ങനെയാണ്. വിസ്തരിച്ചൊന്ന് മുറുക്കും. കൂടുതല്‍ ദോഷമില്ല എന്നൊരുഗുണമെങ്കിലും അതിനുണ്ട്.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഏതാണ്ട് തത്തുല്യമായ അവസ്ഥയിലാണ്. സോളാര്‍ വിവാദം കത്തിപ്പടരുന്നു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടഞ്ഞതായി പത്രവാര്‍ത്തയുണ്ട്. ഫോണ്‍വിളി ലിസ്റ്റുകള്‍ പത്രത്തില്‍ കൊടുത്തത് ആഭ്യന്തരമന്ത്രി തന്നെയാണ് എന്ന് പരാതിയുയരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസാണ് അത് ചെയ്തതതെന്ന് പറയാന്‍തന്നെ ഉന്നതന്‍ പ്രേരിപ്പിക്കുന്നതായി ക്രൈം റെക്കോഡ്‌സ് ഐ.ജി. വെളിപ്പെടുത്തുന്നു. ഫോണ്‍ലിസ്റ്റ് ചോര്‍ന്നതിനുപുറമേ ഫോണ്‍ലിസ്റ്റ് ഉള്‍ക്കൊള്ളുന്ന സി.ഡി. നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. ശിവ ശിവ…

ചെല്ലമിങ്ങെടുക്ക് ഒന്ന് മുറുക്കട്ടെ എന്നാണ് തിരുവഞ്ചൂര്‍ പറഞ്ഞിരുന്നതെങ്കില്‍ പൊറുക്കുമായിരുന്നു. അതല്ലചെയ്തത്. ഇത്രയുമായ സ്ഥിതിക്ക് ഞാന്‍ പുരയ്ക്ക് തീ വെക്കുകകൂടി ചെയ്യട്ടെ, അതുമൊരു രസം തന്നെയല്ലേ എന്നാണ് പ്രതികരണം. സംസ്ഥാന ആഭ്യന്തരന്‍ കേന്ദ്ര ആഭ്യന്തരന്റെ കോളറിനുപിടിച്ചു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികളുടെ ലിസ്റ്റ് തന്നെന്നോ മറ്റോ…പോരേ പൂരം..
മുല്ലപ്പള്ളിയും തിരുവഞ്ചൂരും സംഗതി മധ്യസ്ഥത്തില്‍ തീര്‍ത്തു. ഇനി പരാമര്‍ശം നിയമസഭയിലെ രേഖയില്‍നിന്ന് നീക്കണമത്രെ. അതവിടെ കിടന്നോട്ടെ. ഭാവി ഗവേഷകര്‍ക്കെങ്കിലും പ്രയോജനപ്പെടട്ടെ…..

Leave a Reply

Your email address will not be published. Required fields are marked *

Go Top