ആരാന്റെ അമ്മയ്ക്ക് പ്രാന്ത് പിടിച്ചാലുള്ളതിനേക്കാള്‍ ആസ്വാദ്യമാണ് ആരാന്റെ വീട്ടില്‍ ഭാര്യയും ഭര്‍ത്താവും ശത്രുക്കളായി പോരാടുന്ന കാഴ്ച. ഭര്‍ത്താവ് മന്ത്രിയും സിനിമാനടനും സുന്ദരനും ഭര്‍ത്താവിന്റെ അച്ഛന്‍ വലിയ നേതാവും ഭാര്യ വിദ്യാസമ്പന്നയായ ഉദ്യോഗസ്ഥയുമെല്ലാമാകുമ്പോള്‍ അത്യപൂര്‍വമായ കിടിലന്‍ പ്ലോട്ടാണ് രൂപപ്പെടുക. 24 ത 7 ലൈവ് കവറേജിന് വേറെ വിഷയം വേണ്ട. ഊണും ഉറക്കവും ഉപേക്ഷിച്ച് ചാനലിന് മുന്നിലിരുന്ന് ആര്‍ത്തുല്ലസിച്ച് എഴുന്നേറ്റുപോകും നാം. പോകുന്നപോക്കിന് ഈ ചാനലുകാര്‍ക്ക് വേറെ പണിയൊന്നുമില്ലേ എന്ന് പുച്ഛിക്കുകയും ചെയ്യും. രാഷ്ട്രീയം ഈ നിലയില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ വാര്‍ത്തയില്ലാത്ത എന്റര്‍ടെയ്ന്‍മെന്റ് ചാനലുകളെല്ലാം കുത്തുപാളയെടുത്തുപോകത്തേയുള്ളൂ.
മുഖ്യകഥാപാത്രം നിലംപതിച്ചതോടെ കുടുംബസീരിയലിന്റെ റേറ്റിങ് കുറയാനാണ് സാധ്യത. പക്ഷേ, കെ.ബി.ഗണേഷ്‌കുമാര്‍ എന്ന കഥാപാത്രത്തെ വിസ്മരിക്കാന്‍ സമയമായില്ല കേട്ടോ. സഹതാപാര്‍ഹമായ അവസ്ഥയിലാണ് അദ്ദേഹം. സിനിമയില്‍പോലും ഇങ്ങനെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചാല്‍ വിശ്വസനീയത കുറയും. പടമോടില്ല. ‘ഡോ. ജെകില്‍ ആന്‍ഡ് ഹൈഡിന്റെ വിചിത്രകേസ്’ എന്നൊരു നോവലുണ്ട്. ഒരാളില്‍ത്തന്നെ അതിക്രൂരനും നന്മയുള്ളവനും ഒളിഞ്ഞിരിക്കുന്ന കഥയാണിത്. ഏതാണ്ട് അടുത്തുവരും പുതിയ രാഷ്ട്രീയ-കുടുംബസീരിയലിലെ മുഖ്യകഥാപാത്രത്തിന്റെ അവസ്ഥ. പാര്‍ട്ടിയില്‍ താനും മോനും അല്ലാതെ മേല്‍വിലാസമുള്ള വേറെയാരും ഉണ്ടാവാതിരിക്കുകയാണ് ബുദ്ധി എന്ന് ധരിക്കാനുള്ള ബുദ്ധിമോശം അച്ഛന് ഉണ്ടായതുകൊണ്ടുമാത്രം മന്ത്രിയാകാന്‍ അവസരംകിട്ടിയ ആളായിരുന്നു ഗണേശന്‍. ഒറ്റ ബോളിന് ഗണേശന്റെ വിക്കറ്റ് തെറിക്കും എന്നായിരുന്നു പൊതുധാരണ. പക്ഷേ, പുള്ളിക്കാരന്‍ അടിച്ചുതകര്‍ത്തു. അധികം വൈകിയില്ല. സ്‌നേഹസമ്പന്നനായ പിതാവ് കളത്തിലിറങ്ങി പുത്രനെ പവലിയനിലേക്ക് ഓടിച്ചു. റിട്ടയേഡ് ഹര്‍ട്ട്. അങ്ങനെ ആരും അച്ഛനേക്കാള്‍ വലുതാകേണ്ട.
രണ്ടാംവട്ടം ചാന്‍സ് കിട്ടിയപ്പോഴും കളി മോശമായില്ല. നല്ല മന്ത്രി, അഴിമതിയില്ല, ഭൂമാഫിയയ്ക്കും വനംമാഫിയയ്ക്കും പേടിസ്വപ്നം, പരിസ്ഥിതിവാദികള്‍ക്കുപോലും പ്രിയങ്കരന്‍, ആള് തരക്കേടില്ലല്ലോ എന്നിങ്ങനെ നാട്ടില്‍ സംസാരമുണ്ടായി. പുത്രന്‍ പാര്‍ട്ടിക്ക് വഴങ്ങുന്നില്ല എന്ന് അച്ഛന്‍ പറഞ്ഞതുകേട്ടപ്പോള്‍ത്തന്നെ ജനത്തിന് മനസ്സിലായി, മന്ത്രി കൊള്ളാമെന്ന്. പാര്‍ട്ടിക്ക് വഴങ്ങുക എന്ന പ്രക്രിയയുടെ അര്‍ഥമെന്തെന്ന് ജനത്തിന് അറിയാം. മന്ത്രി പാര്‍ട്ടിക്ക് വഴങ്ങണം എന്നൊന്നും ഭരണഘടനയിലില്ല. പാര്‍ട്ടിനയങ്ങള്‍ക്കെതിരെ മന്ത്രി പ്രവര്‍ത്തിച്ചുകൂടെന്നത് ശരിയാണ്. അതിന് പാര്‍ട്ടിക്ക് നയംവേണ്ടേ? കേരളാ കോണ്‍ഗ്രസ് ബ്രാക്കറ്റില്‍ ബി പാര്‍ട്ടിക്ക് നയമോ? ഭൂതക്കണ്ണാടി വെച്ചുനോക്കിയാല്‍ കാണില്ല നയം എന്നൊരു സാധനം. പാര്‍ട്ടിയിലെ നേതാക്കള്‍ വിളിച്ചുപറയുന്ന നിയമനം, സ്ഥലംമാറ്റം തുടങ്ങിയതെല്ലാം ചെയ്തുകൊടുക്കണം.
മാസംതോറും പാര്‍ട്ടിക്ക് ചെലവിന് പണം എത്തിച്ചുകൊടുക്കുകയും വേണം. എങ്ങനെ എന്ന് ചോദിക്കരുത്, അത് മന്ത്രി കണ്ടെത്തണം. ഇതാണ് പാര്‍ട്ടിക്കുവഴങ്ങുക എന്ന ഏര്‍പ്പാടിന്റെ അര്‍ഥം. കാശും ഫീസുമെല്ലാം ചെല്ലേണ്ടിടത്ത് ചെന്നുകൊള്ളും. മന്ത്രി യാതൊന്നും അറിയേണ്ട. ഇടയ്ക്കിടെ ഓരോ വിജിലന്‍സ് കേസ് വരും. മന്ത്രിസ്ഥാനമൊഴിഞ്ഞാല്‍ കോടതി, പോലീസ്‌സ്റ്റേഷന്‍, പിന്നെ വേണ്ടിവന്നാല്‍ ജയില്‍ എന്നിവിടങ്ങളില്‍ കേറിയിറങ്ങേണ്ടി വരും എന്നേയുള്ളൂ.
ബ്രാക്കറ്റില്‍ ജെ. ഉള്ള വേറൊരു കേരളാ കോണ്‍ഗ്രസ്സില്‍ വേറൊരു മോന്‍ മന്ത്രിയായിട്ടുണ്ട്. നല്ല അനുസരണയുള്ള മോനാണ്, പാര്‍ട്ടിക്ക് വഴങ്ങും. അതുകൊണ്ടെന്ത് നേട്ടമെന്നോ? ഉണ്ടുണ്ട്. ഏറ്റവും ചുരുങ്ങിയ കാലംകൊണ്ട് ഏറ്റവുമേറെ വിജിലന്‍സ് അന്വേഷണം നേരിടുന്ന മന്ത്രി എന്ന റെക്കോഡ് നേടി. അത് ചില്ലറക്കാര്യമാണോ? മൂന്നുകൊല്ലംകൂടി ഇരുന്നാല്‍ ലോകറെക്കോഡ് നേടാനാവും. അടുത്തചാന്‍സ് വരുമ്പോള്‍ മോന്‍ മന്ത്രിയാകാന്‍ കൊള്ളില്ല കേട്ടോ എന്നുപറഞ്ഞ്, ഇതുവരെ മോനെ വഴങ്ങിപ്പിച്ച നേതാവ് കേറി മന്ത്രിയാകും. ഒറ്റയാന്‍പാര്‍ട്ടികളാകുമ്പോള്‍ അതാണ് ഗുണം.നയവും വേണ്ട, പരിപാടിയും വേണ്ട, തത്ത്വവും വേണ്ട, ജനത്തോട് കണക്കുപറയുകയും വേണ്ട. ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ കാലം ഇത്തരം കക്ഷികളുടെ സുവര്‍ണകാലമാണ്. ഒരു എം.എല്‍.എ. കക്ഷിയിലുണ്ടായാല്‍മതി. മുന്നണിയെ വരച്ചവരയില്‍ നിര്‍ത്താം. ഒന്നുമില്ലാത്തതിന്റെ കഷ്ടപ്പാട് അനുഭവിക്കുകയാണ് ജെ.എസ്.എസ്., സി.എം.പി., ബാലകൃഷ്ണപ്പിള്ള ലേബലുകള്‍. എല്ലുംതോലുമായി രണ്ട് മുന്നണി ഓഫീസുകള്‍ക്കും മുന്നില്‍ചെന്നുനിന്ന് നോട്ടമിരക്കുകയാണ് പാവങ്ങള്‍.
ഗണേശ് ജെകിലിന്റെ കാര്യമാണല്ലോ പറഞ്ഞുവന്നത്. ഗണേശ് ഹൈഡിന്റെ കാര്യം അധികം പറയാന്‍ പറ്റില്ല, കൊള്ളുകയും ഇല്ല. രണ്ടാണ് കാരണം. ഒന്ന് അത് മുഴുവന്‍ സബ്ജുഡീസ് ആണ്. ഗണേശ് സദാചാരിയായിരുന്നുവോ അതോ സദാ ഡാഷ് ഡാഷ് ആയിരുന്നുവോ, ഗണേശ് യാമിനിയെ ആണോ മര്‍ദിച്ചത് അതോ തിരിച്ചോ തുടങ്ങിയ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ കോടതി തീരുമാനിക്കാനിരിക്കുന്നതേയുള്ളൂ. അതിനിടയില്‍ക്കേറി നാം അഭിപ്രായം പറയാന്‍ പാടില്ല. ചാനല്‍ ചര്‍ച്ചയായിരുന്നെങ്കില്‍ എന്തും പറയാം. അതുപോലെയല്ല പത്രത്തിലെഴുതുന്നത്. രണ്ടാമത്, ഗണേശ് യാമിനി പ്രശ്‌നം കുടുംബകാര്യംതന്നെയാണ്. അതില്‍ ഓരോ സംഗതിയും അവരുടെ സ്വകാര്യതയാണ്.
മാന്യന്മാര്‍ അതൊന്നും പരസ്യമായി പറയില്ല, ചര്‍ച്ച ചെയ്യില്ല. അഴിമതിയാരോപണം പോലെയല്ല പീഡനക്കേസുകള്‍. അഴിമതിയാരോപണം തെളിയുന്നതുവരെ ആള്‍ ആദര്‍ശവാനും സത്യസന്ധനുമൊക്കെത്തന്നെ. ആരോപണം ഉന്നയിക്കുന്നവന്റെ ബാധ്യതയാണ് തെളിയിക്കല്‍. സ്ത്രീവിഷയക്കേസുകള്‍ അങ്ങനെയല്ല. ആരോപണം സത്യമായാലും ഇല്ലെങ്കിലും അത് നേരിടേണ്ടി വന്നാല്‍ ജീവിതം കുളമാവും. ഭാര്യക്കും മക്കള്‍ക്കും റോഡിലിറങ്ങി തലയുയര്‍ത്തി നടക്കാന്‍ പറ്റില്ല. കേന്ദ്രകഥാപാത്രത്തിന് തൊലിക്കട്ടി കടുകട്ടിയായി ഉണ്ടെങ്കില്‍ പ്രശ്‌നമില്ല. സ്ത്രീലമ്പടന്‍, സ്ത്രീപീഡകന്‍ എന്നിങ്ങനെ നിരവധി ലേബലുകള്‍ ഇവരുടെ നെറ്റിയിലുള്ളത് ജനം കാണുമെങ്കിലും ഇവര്‍ കാണില്ല.
എന്തായാലും കുടുംബത്തിലെത്തിയാല്‍ ഗണേശന്‍ മിസ്റ്റര്‍ ഹൈഡ് ആണെന്നാണ് ആക്ഷേപം. പോരാത്തതിന് വേറെ ചില വീക്‌നസ്സുകളും ഉണ്ടെന്ന് അങ്ങാടിപ്പാട്ടായ കഥകള്‍ സൂചിപ്പിക്കുന്നു. പാര്‍ട്ടിക്ക് വഴങ്ങാതിരിക്കാന്‍ കാട്ടിയ ആര്‍ജവം വീക്‌നസ്സുകള്‍ക്ക് വഴങ്ങാതിരിക്കാനും കാട്ടിയില്ല. ആക്ഷേപങ്ങളൊന്നും സത്യമല്ലെന്ന് തെളിയിക്കേണ്ടത് ഗണേശന്റെ ബാധ്യതയാണ്, അങ്ങനെ തെളിയിക്കുന്നതുവരെ ആള്‍ കുറ്റവാളിതന്നെ. അഴിമതിയും പീഡനവും തമ്മിലുള്ള വ്യത്യാസം അതാണ്.
** **
ഗണേശ്കുമാറിന്റെ ഭാര്യ യാമിനി തങ്കച്ചി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പോയി കണ്ടതെന്തിനാണ്? വീടിനടുത്തെ പോലീസ്‌സ്റ്റേഷനിലേക്കുള്ള വഴി നിശ്ചയമില്ലാത്തതുകൊണ്ടാവുമോ ഭര്‍ത്താവ് ഗാര്‍ഹികപീഡനം നടത്തുന്നുണ്ടെന്ന പരാതിയുമായി അവര്‍ മുഖ്യമന്ത്രിയെ സമീപിച്ചത്? പരാതി എഴുതിവാങ്ങി അപ്പോള്‍ത്തന്നെ അത് പോലീസിലേക്ക് അയച്ചുകൊടുക്കേണ്ടതായിരുന്നു മുഖ്യമന്ത്രി എന്നാണ് പ്രതിപക്ഷകക്ഷികളുടെയെല്ലാം ഉറച്ച അഭിപ്രായം. എങ്കില്‍ ഗണേശനെ അന്നേ ജയിലിലയച്ച് അവരുടെ വിവാഹബന്ധം എന്നെന്നേക്കുമായി തകര്‍ത്തെറിയാമായിരുന്നു.
അച്ഛനെപ്പോലെ കരുതുന്ന ഒരാള്‍ അങ്ങനെയാണോ ചെയ്യേണ്ടത്? അതോ മക്കളെപ്പോലെയുള്ള ദമ്പതിമാരുടെ ബന്ധം നേരേയാക്കാന്‍ ഒരുവട്ടംകൂടി ശ്രമിക്കുകയോ? മറ്റെല്ലാറ്റിലുമെന്നപോലെ ഏത് ശരി എന്നത് നിങ്ങള്‍ ഏത് പാര്‍ട്ടിയില്‍, മുന്നണിയില്‍ നില്‍ക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഭാര്യാഭര്‍ത്താക്കളെ ഒന്നിപ്പിക്കാന്‍ വീണ്ടുമൊരുവട്ടംകൂടി ശ്രമിക്കുകയോ ഇനി അഥവാ അവര്‍ക്ക് യോജിക്കാന്‍ പറ്റില്ലെങ്കില്‍ നാണക്കേടുണ്ടാക്കാതെ പിരിയാന്‍ സംവിധാനം ഒരുക്കുകയോ ചെയ്യുന്നത് കുറ്റകൃത്യമാണെങ്കില്‍ ശിക്ഷ മുഖ്യമന്ത്രിക്ക് കിട്ടട്ടെ. നിയമവും വകുപ്പും അറിയാത്ത അരാഷ്ട്രീയവാദികള്‍ക്കും കിട്ടട്ടെ ശിക്ഷ.
16 വര്‍ഷമായി ഗാര്‍ഹികപീഡനം നടക്കുന്ന വിവരം മുഖ്യമന്ത്രിയോട് പറയുന്നതിനുമുമ്പ് യാമിനി, അച്ഛനെന്നുതന്നെ കരുതാവുന്ന ഭര്‍ത്തൃപിതാവിനോട് എന്തായാലും പറഞ്ഞുകാണും. പോലീസിനെ വിവരമറിയിക്കാതിരുന്നതിന് ഇനി അദ്ദേഹത്തിന്റെ പേരില്‍ കേസെടുക്കുമോ?
കുടുംബത്തിലും ബന്ധത്തിലും അയല്‍പ്പക്കത്തും ഉള്ളവരും പീഡനവിവരം അറിഞ്ഞുകാണും. അവരെയുമെല്ലാം ഗാര്‍ഹികപീഡനവിവരം മറച്ചുവെച്ചതിന് ജയിലിലടയ്‌ക്കേണ്ടി വരുമോ? പീഡനക്കേസ് മധ്യസ്ഥരെവെച്ച് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചതിന് ഇനി മജിസ്‌ട്രേട്ടിനെതിരെയും മുറവിളി ഉയരുമോ?