കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നതിനു മുമ്പത്തെ ബി.ജെ.പി.യുടെ പരസ്യവാചകം വ്യത്യസ്തമായ പാര്‍ട്ടി-പാര്‍ട്ടി വിത് എ ഡിഫറന്‍സ്-എന്നായിരുന്നു. അഞ്ചുകൊല്ലം ഭരിച്ചുകഴിഞ്ഞപ്പോഴേക്ക് ഡിഫറന്‍സൊന്നും കാര്യമായി ബാക്കിയുണ്ടായിരുന്നില്ല. വെയിലത്ത് വെച്ച വെണ്ണപോലെ അധികാരത്തിന്റെ ചൂടില്‍ ഉരുകിപ്പോയി. പിന്നീട് ആ ലേബല്‍ ഉപയോഗിച്ചിട്ടില്ല. ഇപ്പോഴൊരു സംശയം തോന്നുന്നുണ്ട്. വ്യത്യസ്തം തന്നെയല്ലേ ആ പാര്‍ട്ടി? ദേശീയനേതൃത്വം സംസ്ഥാനനേതൃത്വത്തിനു മുന്നില്‍ സാഷ്ടാംഗനമസ്‌കാരം നടത്തുന്ന വിദ്യ വേറെ ഏതു പാര്‍ട്ടിയിലാണ് കാണാന്‍ കഴിയുക. മുസ്‌ലിംലീഗിലല്ലാതെ വേറെ പാര്‍ട്ടിയിലൊന്നും ഇത് മുമ്പ് കണ്ടിട്ടില്ല. ആ പാര്‍ട്ടിക്ക് അതത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. കാരണം, ഒരു സംസ്ഥാനനേതൃത്വവും ഒരഖിലേന്ത്യാനേതൃത്വവുമേ ഉള്ളൂ. അനായാസം നമസ്‌കരിക്കാം. അതല്ല ബി.ജെ.പി.യുടെ സ്ഥിതി. കുനിഞ്ഞുതുടങ്ങിയാല്‍ ഒരു ഡസന്‍ സംസ്ഥാനനേതൃത്വങ്ങളെയെങ്കിലും കുനിഞ്ഞുനമസ്‌കരിക്കേണ്ടിവരും. നടുവൊടിഞ്ഞതുതന്നെ.
ആര്‍ഷഭാരതസംസ്‌കാരത്തിനൊത്ത് ആട്ടിന്‍പാല്‍ മാത്രം കുടിച്ച് ഒ.പി. ത്യാഗികളായി ജീവിക്കുന്നവരും ആദര്‍ശത്തിന്റെ ആള്‍രൂപങ്ങളുമാണ് ബി.ജെ.പി. നേതാക്കള്‍ എന്നാണ് പണ്ട് കേട്ടിരുന്നത്. ജനസംഘമെന്ന ഒറിജിനല്‍ അവതാരത്തില്‍ ദേവപരിവേഷമായിരുന്നു നേതാക്കള്‍ക്ക്. സ്ഥാനത്തിനും അധികാരത്തിനുമൊക്കെ അവര്‍ പുല്ലുവിലയേ കല്പിച്ചിരുന്നുള്ളൂ. കിട്ടില്ലെന്ന് ഉറപ്പുള്ള കാലത്ത് ആ സാധനത്തിന് പുല്ലുവിലയല്ലാതെ എന്ത് കല്പിക്കാനാണ്. ഒരു സംസ്ഥാനത്തെങ്കിലും മന്ത്രിസ്ഥാനം കിട്ടുന്ന കാര്യം ആദ്യകാലത്തൊന്നും ആലോചിക്കാനേ പറ്റുമായിരുന്നില്ല. അതുകൊണ്ട് ആദര്‍ശം കൊണ്ടുനടക്കാന്‍ ഒട്ടും ചെലവുണ്ടായിരുന്നില്ല. മുന്തിരങ്ങയ്ക്ക് അക്കാലത്ത് വലിയ പുളിപ്പായിരുന്നതുകൊണ്ട് ചാടിനോക്കാറേ ഇല്ല. കാര്‍സേവയോടെയാണ് സ്ഥിതി ആകെ മാറിയത്. പിന്നെ വെച്ചടി കേറ്റമായിരുന്നു. വ്യാജമതേതരക്കാരെയും കപടസോഷ്യലിസ്റ്റുകളെയും മാത്രമല്ല ചെറുകിട ദേശവിരുദ്ധരെ വരെ മന്ത്രിസഭയിലെടുത്താണ് ഭൂരിപക്ഷം ഒപ്പിച്ചതെങ്കിലും അഞ്ചുകൊല്ലം രാജ്യഭരണംതന്നെ തരായി. ഒപ്പം സംസ്ഥാനങ്ങളിലും പരക്കെ കളിച്ചു.
ആദര്‍ശത്തിന്റെ ലേബലൊക്കെ അതിനും കുറെ മുമ്പുതന്നെ കീറിക്കളഞ്ഞതാണ്. അദ്വാനി, വാജ്‌പേയി എന്നീ രണ്ടുവിഗ്രഹങ്ങളെ തൊഴുത് കയറണമെന്നേ ഉണ്ടായിരുന്നുള്ളൂ. ബാക്കി ക്രിയകള്‍ അതിവേഗം കോണ്‍ഗ്രസ് നിലവാരത്തിലും താഴെയായി. അധികാരത്തിനുവേണ്ടി ഏതറ്റംവരെ പോകാമെന്ന് കണ്ടെത്തുന്നതിന് ഒരഖിലേന്ത്യാതല ചാമ്പ്യന്‍ഷിപ്പ് ഏര്‍പ്പെടുത്തിയതില്‍ ഉത്തരദേശത്തെ കല്യാണ സിംഹത്തിനായിരുന്നു ദേശീയകിരീടം. ആദ്യം വാജ്‌പേയി 13 ദിവസം രാജ്യഭരണം നടത്തിയപ്പോള്‍ പത്തുപേരെ കാലുമാറ്റാന്‍ ചില്ലറ കോടികള്‍ ഇറക്കാന്‍ മെനക്കെടാത്തതുകൊണ്ടാണ് രാജിവെച്ചൊഴിയേണ്ടിവന്നത്. അന്നേ കല്യാണസിംഹത്തെ പോലെ ദീര്‍ഘവീക്ഷണമുള്ളവര്‍ പറഞ്ഞതാണ് ഈ തരത്തില്‍ അധികകാലം പോകാന്‍ കഴിയില്ലെന്ന്. ഉത്തരദേശത്ത് തരം കിട്ടിയപ്പോള്‍ സിംഹം കാട്ടിക്കൊടുത്തു പ്രായോഗികബുദ്ധി എന്ന വാക്കിന്റെ അര്‍ഥം. ആദര്‍ശം പറഞ്ഞിരുന്നാല്‍ അടുപ്പ് പുകയില്ല. ആദര്‍ശവും പ്രായോഗികബുദ്ധിയും ഒപ്പംപോകില്ല. കീരിയും പാമ്പും പോലെയാണ്. ഒന്നിനെ കൈവിട്ടേ പറ്റൂ. ഉത്തരപ്രദേശത്തെ ഓപ്പണ്‍ ടു ഓള്‍ കോമ്പറ്റീഷന്‍ ആദ്യം കാലുമാറുന്നവര്‍ക്കെല്ലാം മന്ത്രിസ്ഥാനം എന്നായിരുന്നു ഓഫര്‍. 1997 ഒക്ടോബറിലായിരുന്നു ചരിത്രസംഭവം. 93 യോഗ്യന്മാരെയാണ് മന്ത്രിമാരാക്കിയത്. ദേശീയ റെക്കോഡ് ആയിരുന്നു അത്. സത്യപ്രതിജ്ഞ കഴിഞ്ഞ ഉടന്‍ ഓഫീസ്, മേശ, കസേര, മുന്തിയ കാര്‍ തുടങ്ങിയവ കൈവശപ്പെടുത്താന്‍ മന്ത്രിക്കൂട്ടം നടത്തിയ കുതിപ്പില്‍ തട്ടിയും തടഞ്ഞും വീണും പരിക്കേറ്റ നിരവധി സെക്യൂരിറ്റി ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ ജീവനക്കാരെയും ആസ്പത്രിയിലാക്കേണ്ടിവന്നതായാണ് അന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നത്.
കര്‍ണാടകത്തിലേക്ക് മടങ്ങാം. ദക്ഷിണദേശത്തെ ആദ്യത്തെ ഹിന്ദുത്വ മന്ത്രിസഭയാണ്. കാലെടുത്തുവെച്ചതു മുതല്‍ വാര്‍ത്ത സൃഷ്ടിക്കാത്ത ഒറ്റ ദിവസവുമുണ്ടായിരുന്നില്ല. ആദര്‍ശത്തിന്റെ മുഖംമൂടിയും വേഷവുമെല്ലാം അഴിച്ചുവെച്ചായിരുന്നു കളി. ഗ്രൂപ്പിസം, കാലുവാരല്‍, പിളര്‍പ്പ്, മറിച്ചിടല്‍, പരക്കംപാച്ചില്‍ തുടങ്ങിയവ ദേവഗൗഡയെപ്പോലും നാണിപ്പിച്ചു. കോടിയില്‍ കുറഞ്ഞ തുകയൊന്നും അവിടെ ആര്‍ക്കും വേണ്ട. മക്കള്‍ക്കും മരുമക്കള്‍ക്കും അപ്പന്‍ ഭൂമിയോ മറ്റെന്തെല്ലാമോ എടുത്തുകൊടുത്തത് കുറച്ചേറിപ്പോയത് പൊല്ലാപ്പായി. പുറത്തറിഞ്ഞ് നാണക്കേടായാല്‍ ആരെയെങ്കിലും ബലിയാടാക്കി മാനംരക്ഷിക്കുന്ന വഷളന്‍ കീഴ്‌വഴക്കം നാട്ടിലുണ്ട്. കോണ്‍ഗ്രസ്സുകാര്‍ തുടങ്ങിവെച്ചതാണ്. ആ ലൈനില്‍ ചിന്തിച്ചാണ് യെദ്യൂരപ്പയെ ഉപേക്ഷിക്കാന്‍ കേന്ദ്രന്‍ തീരുമാനിച്ചതെങ്കിലും സംഗതി നടന്നില്ല. പോയി വേറെ പണിനോക്കിക്കൊള്ളാനാണ് യെദ്യു നേതൃത്വത്തോട് പറഞ്ഞത്. അത്ര വാശിയാണെങ്കില്‍ പിന്നെ യെദ്യു തന്നെ ഭരിച്ചോട്ടെ എന്നു ധീരമായി തീരുമാനിക്കുകയും ചെയ്തു. അതോടെ പ്രശ്‌നംതീര്‍ന്നു.
സംഭവത്തിന്റെ ടൈമിങ് കുറച്ചുമോശമായിപ്പോയോ എന്നൊരു ചെറിയ സംശയമേ ഉണ്ടായിരുന്നുള്ളൂ. കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സുകാരുടെ കൂട്ടുകക്ഷി അഴിമതി എടുത്താല്‍ പൊങ്ങാത്ത വിധത്തിലായതുകൊണ്ട് നാല് അലക്ക് അലക്കി നേട്ടമുണ്ടാക്കാന്‍ പറ്റിയ സമയമായിരുന്നു. കരുണാനിധി അണ്ണന്‍ പിണങ്ങിയാല്‍ മന്ത്രിസഭ താഴെ പോകും എന്നായിട്ടും കുംഭകോണം രാജയെ ഒരുവിധം ഇറക്കി വിടാനായി. ഇവിടെ അതുപോലും കഴിയുന്നില്ല. ആരുടെ കാലിലെ മന്താണ് വലുത് എന്നതുസംബന്ധിച്ച മത്സരമാണ് യു.പി.എ-എന്‍.ഡി.എ. കക്ഷികള്‍ തമ്മില്‍ പാര്‍ലമെന്റില്‍ നടക്കുന്നത്.
അഞ്ചാറുവര്‍ഷമായി കേന്ദ്രത്തില്‍ അധികാരമില്ലാത്തതുകൊണ്ട് ആര്‍ഷഭാരത പാര്‍ട്ടി വിഷമിച്ചാണ് കഴിഞ്ഞുകൂടുന്നത്. യെദ്യുവിന്റെയൊക്കെ ചെലവിലായിരിക്കും കേന്ദ്രഓഫീസിന്റെ കറന്റ് ബില്‍ അടയ്ക്കുന്നതുപോലും. യെദ്യുവിനെ വേണമെങ്കില്‍ അനുസരണക്കേടിന് പാര്‍ട്ടിയില്‍നിന്നുപുറത്താക്കാം. പക്ഷേ, മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ഇറക്കാന്‍ കഴിയുമെന്ന് ഒരുറപ്പുമില്ല. യെദ്യുവിന്റെ ചേട്ടന്മാരാവും അവിടത്തെ പാര്‍ട്ടി എം.എല്‍.എ.മാര്‍. കോടി കിട്ടുന്ന ഭാഗത്തേക്ക് മാറാനല്ലാതെ കൊടിയും താമരയും പിടിച്ചിരിക്കാന്‍ ഇക്കാലത്ത് അധികം പേരെയൊന്നും കിട്ടില്ലെന്നേ. ഭൂരിപക്ഷമുണ്ടാക്കാന്‍ പ്രയാസവുമുണ്ടാകില്ല. പിന്നെ ബി.ജെ.പി. എന്നും പറഞ്ഞ് ആ വഴിക്ക് പോകേണ്ടിവരില്ല. ആദര്‍ശമൊക്കെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍മാത്രം മതി. കണ്ടില്ല, കേട്ടില്ല എന്ന് നടിച്ച് നീചജന്മങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുക തന്നെയാണ് ബുദ്ധി.
* * *
തീര്‍ച്ചയായും ജനാധിപത്യത്തിന്റെ നെടുംതൂണുകള്‍ എക്‌സിക്യൂട്ടീവും ലജിസ്ലേറ്റീവും ജുഡീഷ്യറിയും മാത്രമല്ല മാധ്യമങ്ങളുമാണ്. മൂന്നുതൂണില്‍ താങ്ങിനിര്‍ത്തുക മഹാപ്രയാസമാണ്. നാലെണ്ണം വേണം. ആദ്യത്തെ രണ്ടെണ്ണത്തിലെ അഴിമതിയുടെ ലെവല്‍ എത്രയെന്ന് നാട്ടുകാരോട് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. മാധ്യമങ്ങള്‍തന്നെ നിരന്തരം കാട്ടിക്കൊടുക്കുന്നുണ്ട്. ജുഡീഷ്യറിയിലെ തോത് അങ്ങനെയങ്ങ് കാട്ടാന്‍ പറ്റില്ല. കോടതിയലക്ഷ്യം എന്നൊക്കെ പറഞ്ഞ് പേടിപ്പിച്ചുകളയും. പക്ഷേ, സഹിക്കാന്‍ പറ്റാതാകുമ്പോള്‍ ജുഡീഷ്യറിയിലുള്ളവര്‍ തന്നെ വിളിച്ചുപറയും. ഈയിടെയായി കുറച്ചേറെ കേള്‍ക്കുന്നുണ്ട്.
മാധ്യമങ്ങളിലെ അഴിമതിയുടെ കഥ പറയാന്‍ മാധ്യമങ്ങള്‍തന്നെ വേണം. അതുകൊണ്ട് മുമ്പൊന്നും അതാരും അധികം കേള്‍ക്കാറില്ല. അധികാരത്തിന്റെ ഇടനാഴികളിലും അന്തഃപുരങ്ങളിലും രാഷ്ട്രീയക്കാര്‍ക്ക് ഒപ്പമാണ് മാധ്യമതാരങ്ങളുടെയും നടപ്പും കിടപ്പും എന്ന് പുതിയ കഥകളിലൂടെ ജനം അറിയുന്നു. മാധ്യമലോകത്തിലെ താരങ്ങളും അഴിമതിവാര്‍ത്തകളിലെ കഥാപാത്രങ്ങളാകുന്ന സുവര്‍ണകാലം. എല്ലാം ലക്ഷംകോടിയുടെ കളിയാണ്. അഴിമതിയുടെ ഊക്കന്‍ ഗോപുരത്തെ താങ്ങിനിര്‍ത്തുന്നതും ആ നാലുതൂണുകള്‍ തന്നെ.
* * *
എല്‍.ഡി.എഫില്‍ കൂടുതല്‍ ജനാധിപത്യപാര്‍ട്ടികള്‍ വേണമെന്ന് സി.പി.ഐ.യുടെ പുതിയ സെക്രട്ടറി സി.കെ. ചന്ദ്രപ്പന് തോന്നിത്തുടങ്ങിയിരിക്കുന്നു. ആകപ്പാടെ അത്ര സുഖമുള്ളതൊന്നുമല്ല ഈ തോന്നല്‍. രണ്ടു പാര്‍ട്ടികളാണ് ഇപ്പോള്‍ മുന്നണിയില്‍ കാര്യമായി അവശേഷിക്കുന്നത്. രണ്ടും കമ്യൂണിസ്റ്റ് പാര്‍ട്ടികളാണ്. ഇവയില്‍ ജനാധിപത്യത്തിന് എന്താണ് ഒരു കുറവ് ?
പണ്ട് ബൂര്‍ഷ്വാകള്‍ കമ്യൂണിസ്റ്റ് ഇതര പാര്‍ട്ടികളെ ജനാധിപത്യപാര്‍ട്ടികള്‍ എന്നാണ് വിളിച്ചുകൊണ്ടിരുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ജനാധിപത്യപാര്‍ട്ടികളല്ല എന്ന ദുസ്സൂചന നല്‍കാന്‍തന്നെയാണ് അവര്‍ അങ്ങനെ ചെയ്തിരുന്നത്. ചന്ദ്രപ്പനും അതുതുടരുന്നത് അത്ര നന്നല്ല. എന്തായാലും ഏതെല്ലാം ജനാധിപത്യ പാര്‍ട്ടികളെയാണ് ഇടതുമുന്നണിയിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടത് എന്നൊന്നും ചന്ദ്രപ്പന്‍ പറയാഞ്ഞത് ഭാഗ്യം. പറഞ്ഞിരുന്നെങ്കില്‍ ജനാധിപത്യത്തിന്റെ തനി സ്വഭാവം അപ്പോള്‍ അറിയുമായിരുന്നു. ആരോ പോയതുകൊണ്ട് എന്തോ പ്രശ്‌നമുണ്ടായെന്നോ മറ്റോ തിരഞ്ഞെടുപ്പുകാലത്ത് സൂചിപ്പിച്ചതിന്റെ ഭവിഷ്യത്ത് ഇസ്മയില്‍ സഖാവ് അറിഞ്ഞതാണ്. വലതുസഖാക്കളും കുറേശ്ശെ പാഠം പഠിക്കുന്നത് ജനാധിപത്യത്തിന് നല്ലതാണ്.