മാര്‍ക്‌സും വേണം വോട്ടും വേണം

ഇന്ദ്രൻ

ആലപ്പുഴയിലെ തുമ്പോളി പ്രദേശത്തെ സി.പി.എം. ലോക്കല്‍ കമ്മിറ്റിയിലെ ഒരംഗം പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചത് ബൂര്‍ഷ്വാമാധ്യമങ്ങള്‍ എട്ടുകോളം വെണ്ടക്കയാക്കിയത് കണ്ടിരിക്കുമല്ലോ. മുതലാളിത്ത മാധ്യമങ്ങളുടെ അധാര്‍മികതയെന്നല്ലാതെന്ത് പറയാന്‍. ഡോ. കെ.എസ്. മനോജ് എന്ന വിദ്വാന്റെ രാജിവാര്‍ത്ത പാര്‍ട്ടിപത്രത്തില്‍ കാണുകതന്നെ ഉണ്ടായില്ല. ഒരുപക്ഷേ, തുമ്പോളി എഡിഷനില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കാം. അതിന്റെ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ കെ.എസ്. മനോജ് കാട്ടിയത് രാഷ്ട്രീയവഞ്ചനയാണെന്ന് വിവരിക്കുന്ന ചെറിയാന്‍ ഫിലിപ്പിന്റെ പ്രസ്താവന അദ്ദേഹം അര്‍ഹിക്കുന്ന ഒറ്റക്കോളം പ്രാധാന്യത്തോടെ പാര്‍ട്ടിപത്രം പ്രസിദ്ധപ്പെടുത്തിയിരുന്നു. പത്രധര്‍മം പിന്തുടരുന്ന ഏകപത്രം പാര്‍ട്ടിപത്രമാണെന്ന് പാര്‍ട്ടി സെക്രട്ടറി ആവര്‍ത്തിച്ചുപറഞ്ഞത് മാന്യവായനക്കാര്‍ ഓര്‍ക്കുമല്ലോ. ചെറിയാന്‍ ഫിലിപ്പിന്റെ പ്രസ്താവന പാര്‍ട്ടിപത്രം പ്രസിദ്ധപ്പെടുത്തി എന്നതുതന്നെ വലിയ ഓദാര്യമാണെന്ന കാര്യം ഒരുപക്ഷേ, ചെറിയാന്‍ ഫിലിപ്പിന് മനസ്സിലായിക്കാണില്ല. കോണ്‍ഗ്രസ്സില്‍ ജനിച്ചുവളര്‍ന്ന ചെറിയാനും ടി.കെ. ഹംസയ്ക്കും അതു മനസ്സിലാകില്ല. ആ പാര്‍ട്ടിയില്‍ ആര്‍ക്കും ചേരാം, എപ്പോള്‍ വേണമെങ്കിലും രാജിവെക്കാം. അതുപോലൊരു കൊഞ്ഞാണന്‍ പാര്‍ട്ടിയല്ല സി.പി.എം. ആ പാര്‍ട്ടിയില്‍ ആരെയും അങ്ങനെയങ്ങ് ചേര്‍ക്കില്ല. ചേരുന്ന ആളും ചേര്‍ക്കുന്ന ആളും പലവട്ടം ആലോചിച്ചേ അതിന് ഒരുമ്പെടൂ.

ചിത്രകഥയിലെ വേതാളന്‍കോട്ട പോലെയാണ്, അങ്ങോട്ടുകേറിയാല്‍ തിരിച്ചിറങ്ങാന്‍ പറ്റില്ല. ഡോ. മനോജ് രാജി വെച്ചതുപോലെ രാജിവെക്കാന്‍ പറ്റില്ല, രാജിവെക്കാന്‍ പാടില്ല. രാജിയെപ്പറ്റി ചിന്തിക്കുന്നതുതന്നെ പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനമാണ്. പാര്‍ട്ടിയില്‍ ചേരുംമുമ്പ് മനസ്സിലാക്കേണ്ട ഇത്തരം മിനിമം കാര്യങ്ങള്‍ മനസ്സിലാക്കിയില്ലെങ്കില്‍ ഡോ. മനോജിന് പറ്റിയ അബദ്ധം വേറെ രൂപത്തില്‍ ചെറിയാന്‍ ഫിലിപ്പിനും പറ്റിയേക്കും. രാജിവെക്കുന്ന ആളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഭരണഘടനയില്‍ത്തന്നെ വ്യവസ്ഥ ചെയ്തിട്ടുള്ള പാര്‍ട്ടി വേറെ അധികം കാണില്ല.

രാജി വെക്കണമെന്നുള്ളവര്‍ അവര്‍ അംഗമായിട്ടുള്ള ബ്രാഞ്ചിനോ ഘടകത്തിനോ വേണം അത് സമര്‍പ്പിക്കാന്‍ (ചാനല്‍ ഓഫീസിലേക്ക് ഫാക്‌സ് ചെയ്യുകയല്ല വേണ്ടത്). രാജിക്കത്തു നല്‍കി എന്നതുകൊണ്ടുമാത്രം അത് സ്വീകരിക്കും എന്നാരും പ്രതീക്ഷിക്കേണ്ട. സര്‍ക്കാറുദ്യോഗം കിട്ടിയെന്നോ ഗള്‍ഫിലേക്ക് പോകുന്നുവെന്നോ ഉള്ള, അരാഷ്ട്രീയ നിരുപദ്രവകാരണങ്ങളാലുള്ള രാജി സ്വീകരിക്കുന്നതായിരിക്കും. ഒഒരാഷ്ട്രീയ കാരണങ്ങളാലാണ് രാജിയെങ്കില്‍ യൂണിറ്റിന് അത് നിരസിക്കുകയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയും ചെയ്യാം.ഒ’ തൂങ്ങിച്ചാകാന്‍ പോകുന്നവനെ തടഞ്ഞുനിര്‍ത്തി തല്ലിക്കൊല്ലുന്നതുപോലെയാണ് ആകപ്പാടെ സംഗതി. സാധാരണഗതിയില്‍ പുറത്താക്കപ്പെടുന്നതരം കുറ്റമൊന്നും ചെയ്തിട്ടില്ലാത്തവരുടെ കാര്യമാണ് ഈ പറഞ്ഞത്. പുറത്താക്കപ്പെടാന്‍ മാത്രം വലിയ കുറ്റംചെയ്ത ആള്‍ രാജി നല്‍കിയാലും ഇതില്‍കൂടിയ ശിക്ഷയെക്കുറിച്ചൊന്നും ഭരണഘടനയില്‍ പറയുന്നില്ല. രാജി പാര്‍ട്ടിരേഖയില്‍ പുറത്താക്കലാകുമെന്നുമാത്രം.

ഭരണഘടനാതീതമായ ശിക്ഷകള്‍ കരി ഓയില്‍, നായ്ക്കുരണ, വടി, കുന്തം, കത്തി, ബോംബ് തുടങ്ങിയ രൂപങ്ങളില്‍ ഉണ്ടാകാം. കാത്തലിക് അസോസിയേഷനില്‍ ചേരും പോലൊരു എളുപ്പപ്പണിയാണ് സി.പി.എമ്മില്‍ ചേരുന്നതെന്ന് ധരിച്ച് വഴിതെറ്റി മേഞ്ഞ ഒരു കുഞ്ഞാടാണ് നമ്മുടെ എക്‌സ് എം.പി. ഡോ. മനോജ്. രണ്ടായിരത്തിനാലിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് നോമിനേഷന്‍ കൊടുക്കാനും വോട്ടുപിടിക്കാനുമുള്ള ബേജാറിനിടയില്‍ പാര്‍ട്ടി ഭരണഘടനയും പാര്‍ട്ടി പരിപാടിയും ഒരു ലോറിയില്‍ നിറയ്ക്കാന്‍ മാത്രമുള്ള വൈരുധ്യാധിഷ്ഠിത ഭൗതികവാദ സാഹിത്യവും ഒന്നും വായിക്കാന്‍ സമയം കിട്ടിക്കാണില്ലെന്നത് ന്യായംതന്നെ.

എന്നാല്‍ പാര്‍ലമെന്റില്‍ ഇരുന്നകാലത്ത് ഇതുമുഴുവന്‍ വായിച്ചുതീര്‍ക്കാന്‍ ധാരാളം സമയമുണ്ടായിരുന്നുവല്ലോ. ഓ….ചിലപ്പോള്‍ വായിച്ചുകാണും. ഇനി ഈ പാര്‍ട്ടിയില്‍ നിന്നുകൂടാ എന്നു തീരുമാനിച്ചത് അതിനുശേഷമാവും, കര്‍ത്താവിനറിയാം. മാര്‍ക്‌സിസം ലെനിനിസത്തിലൂടെ സഞ്ചരിച്ച് തൊഴിലാളിവര്‍ഗ സര്‍വാധിപത്യം നടപ്പാക്കി കമ്യൂണിസമുണ്ടാക്കുകയാണ് പാര്‍ട്ടിയുടെ പരിപാടിയെന്ന് പാര്‍ട്ടി ഭരണഘടനയില്‍ത്തന്നെ പറഞ്ഞത് വായിക്കാതെയാണോ അബ്ദുല്ലക്കുട്ടി-കെ.എസ്. മനോജ് ആദിയായവര്‍ അംഗത്വമെടുത്തത് എന്നറിയില്ല. പാര്‍ട്ടിയുടെ ഗീതയും ബൈബിളും ഖുറാനുമെല്ലാം മാര്‍ക്‌സിസം ലെനിനിസമാണ്.

പ്രകാശ് കാരാട്ട് എഴുതിയതുപോലെയല്ല സംഗതി. മെമ്പര്‍മാര്‍ക്ക് പള്ളിയില്‍ പോകാം, നേതാക്കള്‍ പുറത്തുനില്‍ക്കണം എന്നൊന്നും പാര്‍ട്ടി ഭരണഘടനയിലില്ല. മതത്തെ പാര്‍ട്ടി നേതാക്കള്‍മാത്രം വര്‍ജിച്ചാല്‍ മതിയെന്നും കിത്താബിലില്ല. ജനങ്ങളുടെ മിഥ്യാസുഖമായ മതത്തെ ഇല്ലാതാക്കേണ്ടത് അവരുടെ യഥാര്‍ഥസുഖത്തിന് ആവശ്യമാണ് എന്നാണ് മാര്‍ക്‌സ് പറഞ്ഞത്. പൂര്‍ണമായും നിരീശ്വരവാദപരവും മതങ്ങള്‍ക്ക് തികച്ചും വിരുദ്ധവുമായ വൈരുധ്യാധിഷ്ഠിത ഭൗതികവാദമാണ് നമ്മുടേത് എന്നും നാം എല്ലാ മതത്തോടും പോരാടണം എന്നുമാണ് ലെനിന്‍ മൂപ്പര് എഴുതിയിരിക്കുന്നത്. അതിലൊന്നും വെറും മെമ്പര്‍ക്ക് ഒരു തത്ത്വവും പാര്‍ലമെന്റ് മെമ്പര്‍ക്ക് വേറെ തത്ത്വവും പറഞ്ഞിട്ടില്ല. അതു മനസ്സിലാക്കാന്‍ തെറ്റുതിരുത്തല്‍രേഖ വരുന്നതുവരെയൊന്നും ഡോ. മനോജ് കാത്തിരിക്കേണ്ട കാര്യമേ ഉണ്ടായിരുന്നില്ല. കിത്താബുകളില്‍ പറഞ്ഞതനുസരിച്ചാണെങ്കില്‍ ഡോ. മനോജ് സ്ഥാനാര്‍ഥിയും ആകില്ല, പാര്‍ലമെന്റംഗവും ആകില്ല. തോക്കും കുന്തവുമായി വിപ്ലവത്തിനുപോകുന്നവരുടെ കാര്യമാണ് സഖാവ് മാര്‍ക്‌സ് ലെനിന്‍ ഏംഗല്‍സാദികള്‍ പറഞ്ഞത്. മതപ്രചാരകനെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി നിര്‍ത്തി, കഷ്ടപ്പെട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തോല്പിച്ച ശേഷം ലോക്‌സഭയില്‍ച്ചെന്ന് കോണ്‍ഗ്രസ് ഭരണത്തെ പിന്തുണയ്ക്കുന്ന മറിമായമൊന്നും മാര്‍കേ്‌സംഗല്‍സ് കാലത്ത് സങ്കല്പിക്കാന്‍ പറ്റുന്നതായിരുന്നില്ലല്ലോ. അവര്‍ക്കെന്തും എഴുതാം.

വോട്ട് പിടിക്കാന്‍ കാരന്തൂര്‍ സുന്നി മര്‍ക്കസ്സില്‍ പാടുകിടക്കേണ്ട കഷ്ടപ്പാടൊന്നും മാര്‍കേ്‌സംഗല്‍സിനുണ്ടായിരുന്നില്ല. അതുകൊണ്ട് അസാരം വെള്ളംചേര്‍ത്ത് നേര്‍പ്പിച്ചാണ് മാര്‍ക്‌സിസം ലെനിനിസം ഇവിടെ തിരഞ്ഞെടുപ്പുകാലത്ത് പാവപ്പെട്ട ജനങ്ങള്‍ക്ക് ടീസ്​പൂണുകളില്‍ നല്‍കാറുള്ളത്. അല്ലെങ്കിലവര്‍ക്ക് ദഹനക്കേടുണ്ടാകും. കടുപ്പത്തിലുള്ളത് എം.പി.മാര്‍, പാര്‍ട്ടി കമ്മിറ്റിയംഗങ്ങള്‍, നേതാക്കള്‍ തുടങ്ങിയവര്‍ക്ക് നല്‍കും. എന്തും ദഹിപ്പിക്കാന്‍ ശേഷിയുള്ളവരെയാണല്ലോ അത്തരം സ്ഥാനങ്ങളില്‍ കയറ്റാറുള്ളത്. ചില പ്രത്യേക സാഹചര്യത്തില്‍ ശേഷി കുറഞ്ഞവരെ കയറ്റിയിട്ടുണ്ട്. അവരെക്കൊണ്ടെല്ലാം ദഹനക്കേടിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിയും വന്നിട്ടുമുണ്ട്. എന്തുചെയ്യാം വിപ്ലവം നടത്തി തൊഴിലാളിവര്‍ഗസര്‍വാധിപത്യം നടപ്പിലാക്കുന്നതുവരെ ഇത്തരം സര്‍വതരം ജീവികളെയും സഹിച്ചല്ലേ പറ്റൂ.

Leave a Reply

Your email address will not be published. Required fields are marked *

Go Top