കൂലി നല്‍കേണ്ടത് ജോലി ചെയ്യുന്നവനാണെന്നും നോക്കി നില്ക്കുന്നവനാവരുതെന്നും സഖാവ് പിണറായി വിജയന് പറഞ്ഞതായി പത്രങ്ങളില്‍ വലിയ തലക്കെട്ട് കാണുകയുണ്ടായി. സത്യമായും അത് വായിച്ച് അമ്പരന്നുപോയി ദന്തഗോപുരവാസികളായ ഭൂരിപക്ഷം കേരളീയരും. എന്ത് അസംബന്ധവും എട്ട് കോളം തലക്കെട്ടാക്കുന്നവരാണ് പത്രക്കാര്. ഒരു ക്രിക്കറ്റ് കളിക്കാരന് മറ്റൊരുത്തന്റെ മോന്തയ്ക്കടിച്ചു എന്ന് കേട്ടാലും എട്ട് കോളമാണ് വാര്‍ത്ത. അതുകൊണ്ട് നോക്കുകൂലിവാര്ത്തയുടെ വലിപ്പമല്ല വായനക്കാരനെ അത്ഭുതപ്പെടുത്തിയത്. എന്തും വലുതാക്കാം, എന്തും ചെറുതാക്കാം.
സൂര്യന് കിഴക്കാണ് ഉദിക്കുന്നത്, ദിവസത്തിന് മണിക്കൂര്‍ ഇരുപത്തിനാലാണ്, കമ്യൂണിസമാണ് ലോകത്തിലെ ഏക ശരി, ജീവിതത്തില്‍ നിശ്ചിതമായത് മരണംമാത്രം തുടങ്ങിയ ആരും എതിരില്ലാത്ത കാര്യങ്ങളല്ല സഖാവ് പിണറായി സാധാരണയായി പ്രസംഗിക്കാറുള്ളത്. രണ്ടുവാചകം പറഞ്ഞാല്‍ നാല് എതിര്പ്രസ്താവനയെങ്കിലും ഉണ്ടാകണം. അല്ലെങ്കില്‍ പിന്നെ പ്രസംഗിക്കാന്‍ പിണറായി വേണ്ടല്ലോ. പള്ളിയച്ചന് പോരേ? ഇക്കാലത്ത് പള്ളിയച്ചന്മാര്പോലും നല്ല എരിവുള്ള പ്രസംഗമേ നടത്താറുള്ളൂ. അല്ലാത്ത പ്രസംഗങ്ങള്‍, ഇന്നലത്തെ ഏതെങ്കിലും വാര്‍ത്ത ഇന്ന് രാവും പകലും ബ്രെയ്ക്കിങ് ന്യൂസ് ആക്കുന്ന വാര്ത്താചാനലുകാര് പോലും കേട്ടതായി ഭാവിക്കാറുതന്നെയില്ല.
എനിക്ക്് അധ്വാനം വളരെ ഇഷ്ടമാണ്, എത്രമണിക്കൂര്‍ വേണമെങ്കിലും ഞാനത് നോക്കിനില്ക്കാം എന്നാരോ പറഞ്ഞതായി കേട്ടിട്ടുണ്ട്. നോക്കിനില്‍ക്കുന്നതിന് കൂലിയും കിട്ടുമെങ്കില്‍ അതിലും ഭേദപ്പെട്ട സമ്പ്രദായം ലോകത്തില്ല എന്ന് ഉറപ്പ്. തൊഴിലാളിവര്ഗനേതാവായ പിണറായി വിജയന് നട്ടാല്‍മുളയ്ക്കാത്ത നുണ ഏതായാലും തൊഴിലാളിവര്‍ഗത്തെപ്പറ്റി പറയുകയില്ല. അപ്പോള്‍ കാര്യമിതാണ്- കേരളത്തില്‍ എവിടെയെല്ലാമോ ഇത് നടക്കുന്നുണ്ട്. അരനൂറ്റാണ്ടായി നടക്കുന്ന സംഗതിയും ചിലപ്പോള്‍ വൈകിയാവും അറിയുന്നത്. അറിഞ്ഞാല്‍ അപ്പോള്‍ പ്രതികരിക്കണം. അത് വൈകരുതെന്നേയുള്ളൂ.
അപ്പോള്‍ എന്താണ് ഈ നോക്കുകൂലി എന്നല്ലേ. ലോറിയില്‍ കൊണ്ടുവന്ന സാധനമിറക്കാനുള്ള തൊഴിലാളി നിങ്ങളുടെ പക്കലുണ്ടോ? എങ്കില്‍ അവരെത്തന്നെ നിയോഗിച്ചോളൂ, വിരോധമില്ല. പക്ഷേ, സ്ഥലത്തെ റജിസ്ട്രേഡ് ചുമട്ട് തൊഴിലാളികള്‍ക്ക് അതിനുള്ള കൂലി കൊടുത്തേക്കണം. ഇതിന് നോക്കുകൂലിയെന്ന് പേരിട്ടത് തൊഴിലാളികളല്ല കേട്ടോ, വര്‍ഗശത്രുക്കളാണ്. തൊഴിലാളികള്‍ നോക്കിനില്ക്കാറുണ്ടെന്ന് പറയുന്നത് പച്ചക്കള്ളവുമാണ്, അവര്‍ ദൂരെ ചായക്കടയിലിരിക്കുകയോ വേറെ പണിയെടുത്ത് കൂലി വാങ്ങുകയോ ആണ് ചെയ്യാറുള്ളത്. കമ്യൂണിസ്റ്റ് തൊഴിലാളികളേ ഇത് ചെയ്യാറുള്ളൂ എന്നും ധരിക്കേണ്ട. ഇക്കാര്യത്തിലൊന്നും രാഷ്ട്രീയമില്ല. പണത്തിന് മീതെ ഒരു പരുന്തും പറക്കുകേല.
സഖാവ് പിണറായി കേരളത്തില്‍ തലങ്ങും വിലങ്ങും സഞ്ചരിക്കാനും നാലാള്കൂടുന്നേടത്തെല്ലാം പ്രസംഗിക്കാനും തുടങ്ങിയിട്ട്് വര്‍ഷം നാല്പതെങ്കിലും പിന്നിട്ടിരിക്കണം. പക്ഷേ, എന്തുകൊണ്ടെന്നറിയില്ല നോക്കുകൂലി എന്ന ലോകോത്തര സമ്പ്രദായത്തെക്കുറിച്ച് കഴിഞ്ഞ ദിവസമേ അറിഞ്ഞുള്ളൂ. വിവരം കിട്ടിയാല്‍ പ്രതികരണം വൈകിക്കുന്ന ആളല്ല അദ്ദേഹം. എത്രയെത്ര പാര്‍ട്ടിസമ്മേളനങ്ങള്‍ നടന്നിരിക്കുന്നു മുപ്പത് കൊല്ലത്തിനിടയ്ക്ക്…എത്ര കോണ്‍ഗ്രസ്സുകള്‍ …പ്ലീനങ്ങള്‍…സി.ഐ.ടി.യു. സമ്മേളനങ്ങള്‍ …പ്രമേയങ്ങള്‍…..അവകാശപത്രികകള്‍…സെമിനാറുകള്‍…ഒരിടത്ത് പോലും നോക്കുകൂലി സമ്പ്രദായത്തെക്കുറിച്ച് ചര്‍ച്ച നടന്നിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ എ.കെ.ജി. സെന്ററില്‍ നിന്നുള്ള ഒരു ഇണ്ടാസ് മതിയാകുമായിരുന്നു സംഗതിനിര്ത്താന്. കേരളത്തിലെ മിക്കവാറും വ്യാപാര-വാണിജ്യമേഖലകളും സി.ഐ.ടി.യു. വിന്റെ സ്പെഷല്‍ ഇക്ണോമിക് സോണുകളാണ്. സി.ഐ.ടി.യു. തന്നെയാണല്ലോ അവിടെ നിയമം ഉണ്ടാക്കേണ്ടത്.
പാര്‍ട്ടിയിലോ സി.ഐ.ടി.യു. വിലോ ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത് അവസാനിപ്പിക്കേണ്ട സമ്പ്രദായത്തെക്കുറിച്ച് മൈക്ക് കെട്ടിപ്രസംഗിച്ച് വര്‍ഗത്തിന്റെ പേരുനാറ്റിക്കുകയാണ് പിണറായി ചെയ്തത് എന്ന് പരാതിയുള്ളവര്‍ കാണും. അങ്ങേയറ്റം സുതാര്യമാണ് അദ്ദേഹത്തിന്റെ രീതി. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി തോ’ും. കോട്ടയം സമ്മേളനത്തില്‍ പാര്ട്ടിക്കാര് കള്ളുകുടിച്ചുവന്നാണ്് ബഹളമുണ്ടാക്കിയത് എന്ന് ഡസന്‍ ചാനലിലൂടെ ലോകത്തെ അറിയിച്ച അപൂര്വനേതാവാണദ്ദേഹം. ഗാന്ധിജിക്ക് പോലും പറ്റുകയില്ല ഇത്രയും സുതാര്യത. അതിലപ്പുറം വരുമോ നോക്കുകൂലി.
പോരെങ്കില്‍ അതിലൊരു കുമ്പസാരവും കുറ്റസമ്മതവും ഉണ്ട്്. ഇത്തരം അനീതികള്‍ നോക്കിനില്ക്കുന്നതിനുള്ള കൂലിയാണ് ഓരോരുത്തരും വഹിക്കുന്ന പദവികളും നേതൃസ്ഥാനങ്ങളും ആനുകൂല്യങ്ങള്‍ പോലും. അനീതികളെ തുറന്നുകാട്ടുന്നതിനും ചെറുക്കുന്നതിനും കിട്ടുന്ന കൂലി, വേറെ ചില അനീതികള്‍ കണ്ടില്ലെന്ന് നടിക്കുന്നതിന് കൂടിയുള്ളതാണ്. നോക്കുകൂലിയെ ഇപ്പോളെതിര്ക്കുന്ന ഉമ്മന്‍ചാണ്ടിയുടെ യൂണിയനുകള്‍ നോക്കുകൂലി വാങ്ങില്ലെന്ന് പ്രഖ്യാപിച്ചവരല്ല. പ്രഖ്യാപിച്ചാല്‍ പിന്നെ യൂണിയനില്‍ ആളുണ്ടാവില്ല. ഉമ്മന്‍ചാണ്ടിയുടെ നേതൃപദവിയും അപ്പോള്‍ അതിനുള്ള നോക്കുകൂലിയാണ്. എന്തേ പിന്നെയിപ്പോള്‍ ഈ വെളിപാട് ? ചുമട്ടുതൊഴിലാളിയുടെ അനീതി നോക്കിനി’ുന്നതിന് കിട്ടുന്ന നോക്കുകൂലിയേക്കാള്‍ വലുത് മറ്റേ വര്‍ഗത്തില്‍ നിന്ന് കിട്ടുമ്പോള്‍ അത് പ്രധാനമാവും. അത്രയേ ഉള്ളൂ.
കരിമ്പ് കൃഷിയും പരുത്തിക്കൃഷിയും ക്രിക്കറ്റും പോലുള്ള വിനോദങ്ങള്‍ക്കിടയില്‍ ആളുകള്‍ നിസ്സാരമായ അരിയുടെയും മറ്റും കാര്യം പറഞ്ഞു ശല്യപ്പെടുത്തുന്നത് ശരത്ചന്ദ്ര ഗോവിന്ദറാവു പവാറിന് ഒട്ടും പിടിക്കുന്നില്ല കേട്ടോ. പത്തായത്തില് സാധനമുണ്ടോ എന്നതല്ല പ്രശ്നം. കേരളത്തിലെ കുടിയാന്മാര് ചോദിക്കുമ്പോളെല്ലാം അരികൊടുക്കാന് യശ്മാന് നിവൃത്തിയില്ല. ഇവിടെ വേറെ പണിയുണ്ട്.
പവാര്സാര് ക്ഷോഭിക്കുന്നതിന് കുറ്റംപറഞ്ഞുകൂടാ. ഇരുപത്തേഴാം വയസ്സില്‍ എം.എല്‍.എ.യും മുപ്പെത്തെട്ടാംവയസ്സില് ഗുരു വൈ.ബി. ചവാന്റെ കാലുവാരി മുഖ്യമന്ത്രിയുമായ ആള് ഒരു പത്തുവര്‍ഷം മുമ്പെങ്കിലും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകേണ്ടിയിരുന്നതാണ്. ആയില്ല. ആയില്ലെന്ന് മാത്രമല്ല, ആകാന്‍ കൊള്ളാത്ത പലരും ആകുന്നത് കാണേണ്ടിയും വന്നു. രാജീവ്ജി മരിച്ചതിന് ശേഷം, യോഗ്യനായ താനുണ്ടായിട്ടും കരുണാകരനും കൂട്ടാളികളും ചേര്‍ന്ന് കയറ്റിയിരുത്തിയത് വിരമിച്ച് വീട്ടിലേക്ക് വിമാനം കയറിയിരുന്ന നരസിംഹറാവുവിനെയാണ്. ആകരുതെന്ന് താന്‍ പറഞ്ഞ വിദേശിമദാമ്മ സൂപ്പര്പ്രധാനമന്ത്രിയാകുന്നതും പിന്നീട് കാണേണ്ടിവന്നു. ഇപ്പോളെല്ലാവരും കോപ്പുകൂട്ടുന്നത് അര്ദ്ധവിദേശിയായ രാഹുലിനെ പ്രധാനമന്ത്രിയാക്കാനാണ്. നടക്കട്ടെ, ഇതിനെല്ലാമിടയിലാണ് ഓരോരുത്തര് അരിപ്പാത്രവുമായി വന്ന് കോളിങ് ബെല്‍ അടിച്ച് ശല്യം ചെയ്യുന്നത്.
പവാര്‍ ധരിച്ചത് അദ്ദേഹത്തിന്റെയും കൂട്ടുകാരുടെയും ഇത്രയും കാലത്തെ ഭരണംകൊണ്ട് കേരളത്തില്‍ ഇനി റേഷന്‍ വാങ്ങാനൊന്നും ആരുമുണ്ടാകില്ല എന്നാണ്. റേഷന്‍ കാര്‍ഡ് വേണ്ട, ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് മതി എന്നായിരുന്നല്ലോ നമ്മുടെയും ഭാവം. റേഷന്‍ഷോപ്പിലേക്ക് വഴിചോദിച്ച് വെക്കുകയാണിപ്പോള്‍ കേരളീയര്‍, കുറെക്കാലമായി ആ വഴിക്ക് പോയിരുന്നില്ല. പേടിക്കാനൊന്നുമില്ല. മക്രോണി , കോഴിറേഷന്‍, കപ്പയും മത്തിയും, ഗോതമ്പ്കഞ്ഞി, സ്്കൂളില്‍ ഉപ്പ്മാവ്, ഹോട്ടലില്‍ സ്റ്റാന്‍ഡേഡ് ഊണ്, ജോലിക്ക് കൂലി ഭക്ഷണം, അരിഭക്ഷണം ഒരു നേരം മാത്രം, ഓണത്തിന് ഒരു പറനെല്ല്്, ഗ്രോമോര്‍ ഫുഡ് തുടങ്ങി എന്തെല്ലാം ജാലവിദ്യകള്‍ പുറത്തെടുക്കാനിരിക്കുന്നു. പവാറിനെയൊന്നും നമ്മള് വകവെക്കേണ്ട.
യേശുക്രിസ്തു ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോവില് അംഗമായിരുന്നേനെ എന്ന് സഖാവ് എം.എ.ബേബി പറഞ്ഞതിനെ പലരും വിമര്‍ശിച്ചതായി പത്രങ്ങളില്‍ കണ്ടു. ആളുകള്‍ക്ക് ക്ഷോഭമുണ്ടായതില് കുറ്റപ്പെടുത്തേണ്ട. ബാക്കിയെല്ലാം പോകട്ടെ, കാറല്‍ മാര്ക്സിന് ഭൂമിയിലുണ്ടായതിന്റെ അനേകായിരം മടങ്ങ് അനുയായികളെ രണ്ടായിരം വര്‍ഷമായി നിലനിര്‍ത്തുന്ന പ്രവാചകനാണ് ക്രിസ്തു. ആ ക്രിസ്്തുവിന് ബേബിസഖാവ് ഓഫര്‍ ചെയ്തത് പൊളിറ്റ് ബ്യൂറോ അംഗത്വം മാത്രം.
കോയമ്പത്തൂരിലെ മോഹഭംഗത്തിന് ശേഷം, ബേബിസഖാവ് ഏറ്റവും വില കല്പിക്കുന്നത്് പൊളിറ്റ്ബ്യൂറോ അംഗത്വത്തിനാവാം. ബേബി ഇരിക്കേണ്ടിയിരുന്ന സ്ഥാനത്ത് കോടിയേരിയാണ് ഇരിക്കുന്നത്്. കോടിയേരിക്കും എസ്.ആര്.പി.ക്കും പിണറായിക്കും വി.എസ്സിനുമൊപ്പം ക്രിസ്തുദേവന്….!! മെച്ചപ്പെട്ട വേറെ ഒരു കമ്പനി കിട്ടാനിടയില്ല. എങ്കിലും, ഇത്രയും ചെറിയ ഒരു തസ്തികയില്‍ ഒതുക്കിക്കളയരുത് സഖാവേ. ചുരുങ്ങിയത് കമ്യൂണിസ്റ്റ് ഇന്റര്‍നാഷനലിന്റെ സെക്രട്ടറി സ്ഥാനമെങ്കിലും കനിഞ്ഞുനല്കുമാറാകണം എന്ന് മുട്ടിപ്പായി പ്രാര്‍ഥിക്കട്ടെ.
സിനിമാനടനായിപ്പോയെന്നതുകൊണ്ട് ഒരു മനുഷ്യനെ മാജിക് കളിക്കാനനുവദിക്കില്ലെന്ന് പറയുന്നത് കുറച്ച് കടന്നകൈയാണ്. അവനവന്റെ തടികേടാവാതെ കാര്യങ്ങള്‍ ചെയ്യാനുള്ള ബുദ്ധിയും വിവേകവും സൂപ്പര്സ്റ്റാറിനുമുണ്ടാകും. അതില്ലെന്നാണോ ആരാധകര്‍ പറയുന്നത് ? ഫയര്എസ്കേപ്പിനേക്കാള് കൂടിയ പല പല അഭ്യാസങ്ങളും കളിച്ചാണല്ലോ അവര്‍ സൂപ്പര്‍സ്റ്റാര്‍ ആകുന്നത് തന്നെ.
ഫയര്‍എസ്കേപ്പ് തട്ടിപ്പാണെന്ന് പറയുന്നത് കേട്ടാല്‍ തോന്നുക മറ്റ് മാജിക്കുകളൊന്നും തട്ടിപ്പല്ല എന്നാണ്. ഏറ്റവും സമര്‍ഥമായ തട്ടിപ്പിനാണ് മാജിക് എന്ന് പറയുന്നത്. കണ്കെട്ട് എന്നാല്‍ എന്താണ് അര്‍ഥം ആവോ. എന്തായാലും ഒന്ന് വ്യക്തം. മാജിക്കുകാര്ക്കിടയില് അതിഭയങ്കരമായ തൊഴില്‍സൗഹൃദവും പരസ്പരസഹകരണവുമാണ് ഉള്ളത്. ഒരുത്തന് വലുതാകുന്നത് വേറെ ഒരുത്തനും സഹിക്കില്ല. സിനിമക്കാരും സാഹിത്യകാരന്മാരും രാഷ്ട്രീയക്കാര്‍പോലും ഇക്കാര്യത്തില്‍ മാജിക്കുകാരുടെ നാലയലത്ത് വരാന്‍ യോഗ്യരല്ല.
എന്തായാലും, ഗോപിനാഥ് മുതുകാട് പ്രതിഭാശാലിയാണ്. മാജിക്കില്‍ അല്ല, മാര്‍ക്കറ്റിങ്ങില്‍. മോഹന്‍ലാല്‍ ഫയര്‍എസ്കേപ്പ് നടത്തിയാലും നേട്ടം, നടത്തിയില്ലെങ്കിലും നേട്ടം. വിവാദമുണ്ടായാല്‍ അതിലേറെ നേട്ടം. അവസാനം കണക്കുപുസ്തകം നോക്കുമ്പോള്‍ ആര്‍ക്കും അഞ്ചുപൈസയുടെ നഷ്ടമില്ല. വന്‍നേട്ടം ഉണ്ടുതാനും. അടുത്തത് വേറെയേതെങ്കിലുമൊരു സൂപ്പര്‍സ്റ്റാറിനെ കഴുത്തില്‍ കയര്‍കെട്ടി തെങ്ങില്തൂക്കുന്നതായ്ക്കോട്ടെ. വമ്പിച്ച വിവാദമുണ്ടാക്കുന്ന ചുമതല രസികര്മണ്ട്രം ഏറ്റു.