പിണറായി പരിധിക്ക്‌ പുറത്താണ്‌…

ഇന്ദ്രൻ

ആര്‌ പരിധിവിട്ടാലും നമ്മള്‍ സഹിക്കും, പക്ഷേ കോടതി പരിധിവിട്ടാല്‍ സഹിക്കില്ല. രാജ്യത്ത്‌ ഇപ്പോള്‍ കുറച്ചെങ്കിലും പരിധിയില്‍ നില്‍ക്കുന്ന സ്ഥാപനം കോടതി മാത്രമാണ്‌. അവരും പരിധി വിട്ടാല്‍ എന്ത്‌ ചെയ്യും. കോടതിക്ക്‌ മാത്രമേ ഭരണഘടന പരിധിയും പരിമിതിയുമെല്ലാം നിശ്ചയിച്ചിട്ടുള്ളു. നമ്മളൊക്കെ ജനാധിപത്യത്തിലെ സ്വതന്ത്രപൗരന്മാരാണ്‌. നമ്മുടെ സ്വാതന്ത്ര്യത്തിന്‌ ഒരു പരിധിയുമില്ല. ആകാശമാണ്‌ അതിര്‌, വീണിടം വിഷ്‌ണുലോകം.

തലശ്ശേരിയിലും പരിസരപ്രദേശത്തും പത്തുനാല്‌പ്പതുവര്‍ഷമായി നമ്മള്‍ എതിര്‍കക്ഷിക്കാരന്‍ എന്ന്‌ സംശയിക്കുന്ന ആളുകളെ പരിധിവിടാതെ വെട്ടിക്കൊലപ്പെടുത്തിവരികയായിരുന്നു. അഞ്ചോ പത്തോ പാര്‍ട്ടിക്കാര്‍ മുഖംമൂടി ധരിച്ചോ ധരിക്കാതെയോ എതിര്‍കക്ഷിക്കാരനെ വീട്ടില്‍കയറിയോ ബസ്സില്‍കയറിയോ ക്ലാസ്‌ മുറിയില്‍ കയറിയോ വെട്ടിക്കൊല്ലുക എന്നതാണ്‌ സമ്പ്രദായം. പരിധി വിടാതെ എന്ന്‌ ഒരലങ്കാരത്തിന്‌ പറഞ്ഞതല്ല. ഞങ്ങള്‍ ഒരിക്കലും തോക്കെടുത്ത്‌ വെടിവെച്ചിട്ടില്ല. കോണ്‍ഗ്രസ്സുകാര്‍ അതും ചെയ്യും. ഞങ്ങളുടെ കൈവശം ആ സാധനം ഇല്ലാഞ്ഞിട്ടാണ്‌ എന്ന്‌ ധരിക്കരുത്‌, ഉണ്ടയുണ്ട്‌ എന്ന്‌ എന്തായാലും തെളിഞ്ഞതാണല്ലോ. ഞങ്ങള്‍ വെടിവെക്കില്ല. കത്തി, വടി, കുന്തം, പന്നിപ്പടക്കം തുടങ്ങിയ പ്രാകൃതകാല ആയുധങ്ങളേ ഉപയോഗിക്കാറുള്ളു. മനസ്സും ആയുധവും തമ്മില്‍ ഇണങ്ങിപ്പോകേണ്ടതുണ്ടല്ലോ. പിന്നെ മറ്റൊന്നുമുണ്ട്‌. ഞങ്ങള്‍ ഒരിക്കലും എതിരാളികളുടെ സായുധസംഘങ്ങളുമായി ഏറ്റുമുട്ടാറില്ല. എതിര്‍കക്ഷിക്കാരും കത്തി, കുന്തം തുടങ്ങിയ ആയുധങ്ങളുമായാണ്‌ വരവെങ്കില്‍ എ കക്ഷി ഒരു വഴിക്കും ബി കക്ഷി വേറൊരു വഴിക്കും പോകും. നേരിട്ട്‌ ഏറ്റുമുട്ടില്ല. ഇത്‌ ഭീരുത്വം മൂലമാണെന്ന്‌ ചിലര്‍ പറയുന്നുണ്ട്‌. അതല്ല കാരണം, പരിധി വിടേണ്ട എന്ന്‌ വിചാരിച്ചുമാത്രമാണ്‌. കയ്യിലൊരു മുറുക്കാന്‍കത്തി പോലും ഇല്ലാത്തവനെയേ ആക്രമിക്കാറുള്ളൂ.

ചെകുത്താന്‌ ചെകുത്താന്റെ വക നല്‍കണം എന്ന്‌ പറയാറുണ്ടല്ലോ, ഞങ്ങള്‍ രണ്ടുകൂട്ടരും കൊല്ലിന്റെയും കൊലയുടെയും കാര്യത്തില്‍ ഒരേ പോളിസിക്കാരാണ്‌. ഞങ്ങള്‍ ക്ലാസ്‌ മുറിയില്‍ കയറി മാഷെക്കൊല്ലും, അവര്‍ സ്‌കൂള്‍ ബസ്‌ നിര്‍ത്തി ഡ്രൈവറെക്കൊല്ലും. എപ്പോഴും ഒപ്പത്തിനൊപ്പമാണ്‌ പോക്ക്‌. പറയുന്ന അത്ര എളുപ്പമല്ല അത്‌. എണ്ണം തികയ്‌ക്കാന്‍ ഞങ്ങള്‍പെടുന്ന പാട്‌ ഞങ്ങള്‍ക്കേ അറിയൂ. നമ്മുടെ എതിര്‍കക്ഷി നമുക്കൊപ്പം തുല്യത നേടിയിട്ടുള്ളത്‌ കൊലയായുധങ്ങളുടെ എണ്ണത്തില്‍ മാത്രമാണ്‌, ആളുകളുടെ എണ്ണത്തിലല്ല. കൊല്ലാന്‍ തുടങ്ങിയാല്‍ അവറ്റകളെ പൊടിയിട്ട്‌ നോക്കിയാല്‍ കാണില്ല, എല്ലാവനും പരിധിക്ക്‌ പുറത്തേക്ക്‌ കടന്നുകളയും. അപ്പോഴാണ്‌ , ഇരുപതുകൊല്ലം മുമ്പ്‌ പാര്‍ട്ടി വിട്ടവനെയൊക്കെ ചിലപ്പോള്‍ എണ്ണം തികയ്‌ക്കാന്‍ വേണ്ടി കൊല്ലേണ്ടി വരുന്നത്‌. അവര്‍ക്ക്‌ ആ ബുദ്ധിമുട്ടില്ല. എവിടെ നോക്കിയാലും സി.പി.എം.കാരനെക്കാണും.

കോടതിക്ക്‌ ഇതൊന്നും മനസ്സിലായിട്ടില്ല. ‘ മാധ്യമങ്ങളില്‍ വന്നതും ചെകിട്ടില്‍ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുള്ളവരുടെ വാക്കുകളും മാത്രം കേട്ടാണ്‌’ കോടതി അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത്‌. അങ്ങനെചെയ്യാന്‍ കോടതിക്ക്‌ ആരധികാരം നല്‍കി ? തെറ്റും ശരി യും ന്യായവും അന്യായവും നീതിയും അനീതിയും നിയമവും നിയമവിരുദ്ധവും ഒന്നും നോക്കാതെ അഭിപ്രായം പറയാന്‍ ജഡ്‌ജിമാരെന്താ നേതാക്കന്മാരാണോ ?

ജസ്റ്റിസ്‌ പറഞ്ഞതില്‍ അബദ്ധങ്ങള്‍ വേറെയുമുണ്ട്‌. പാര്‍ട്ടിനേതാക്കള്‍ അക്രമങ്ങളില്‍ നിന്ന്‌ രക്ഷപ്പെടുന്നുവെന്നതാണ്‌ അതിലൊന്ന്‌. പി.ജയരാജന്റെയും ഇ.പി.ജയരാജന്റെയും കാര്യം പിണറായി പറഞ്ഞല്ലോ. വിസ്‌താരഭയം കൊണ്ടാണ്‌ മറ്റ്‌ സംഭവങ്ങളോരോന്ന്‌ വിവരിക്കാതിരുന്നത്‌. പ്രവര്‍ത്തകരെയേ കൊല്ലാവൂ നേതാക്കളെ കൊല്ലരുത്‌ എന്നൊരു തീരുമാനം പാര്‍ട്ടിയെടുത്തിട്ടില്ല. പാര്‍ട്ടി വിട്ട എം.വി.രാഘവനെ ശരിപ്പെടുത്താന്‍ എത്ര കിണഞ്ഞുശ്രമിച്ചതാണ്‌. തലേലെഴുത്ത്‌ കൊണ്ട്‌ മാത്രമല്ലേ രക്ഷപ്പെട്ടുപോയത്‌ ? കോണ്‍ഗ്രസ്‌ നേതാവ്‌ കെ.സുധാകരനെ ശരിപ്പെടുത്താന്‍ എത്ര ബോംബ്‌ എറിഞ്ഞതാണ്‌. ചില്ലറ പിശകുകൊണ്ടല്ലേ അതെല്ലാം വേസ്റ്റായത്‌. കെ.ടി.ജയകൃഷ്‌ണന്‍ നേതാവ്‌ തന്നെയായിരുന്നല്ലോ. സദാസമയം പോലീസ്‌കാവലും ഉണ്ടായിരുന്നു. എന്നിട്ടും രക്ഷപ്പെട്ടില്ല. വേറെ പലരുടെ കാര്യത്തിലും ആഗ്രഹിക്കാഞ്ഞിട്ടല്ല. കുഴപ്പം പൊട്ടിപ്പുറപ്പെട്ടാല്‍ ഒറ്റയെണ്ണത്തിനെ തലശ്ശേരിയിലും പരിസരത്തും കാണില്ല. കണ്ടാലല്ലേ ഒരു കൈ നോക്കാന്‍ പറ്റൂ. വരുമ്പോള്‍ നേതാക്കള്‍ക്ക്‌ ചുറ്റും ഒരു പട പോലീസും ഗുണ്ടകളുമാണ്‌. ഊക്കനൊരു ബോംബിട്ട്‌ എല്ലാറ്റിനേയും ഒന്നിച്ച്‌ തട്ടുന്നത്‌ പരിധിക്ക്‌ പുറത്ത്‌ കടക്കലായിപ്പോകില്ലേ? അവരുടെ നേതാക്കളെ ഞങ്ങള്‍ കൊല്ലാത്തത്‌ ഞങ്ങളുടെ നേതാക്കളെ അവര്‍ കൊല്ലും എന്ന ഭയം കൊണ്ടാണെന്ന ദുസ്സൂചന കോടതിയുടെ പരാമര്‍ശത്തിലുണ്ട്‌. അങ്ങനത്തെപ്പേടിയൊന്നുമില്ല. അവന്മാരൊന്നിനും മടിക്കില്ല എന്നറിയാവുന്നതുകൊണ്ടാണ്‌ തോക്ക്‌ നേരത്തെ കരുതിയത്‌.

വാര്‍ത്തകള്‍ വായിച്ച്‌ കോടതി നിലപാടെടുക്കുന്നത്‌ ഭരണഘടനാവിരുദ്ധമാണ്‌. ശരിയായ നടപടിക്രമം പറഞ്ഞുതരാം. നിവൃത്തിയുള്ളേടത്തോളം ജഡ്‌ജിമാര്‍ പത്രം വായിക്കുകയോ ടി.വി. കാണുകയോ ചെയ്യരുത്‌. ബി.ബി.സി. യോ സി.എന്‍.എനോ ഫാഷന്‍ ടി.വി.യോ കാണുന്നതില്‍ തെറ്റില്ല. ഇവിടത്തെ മീഡിയ സിന്‍ഡിക്കേറ്റില്‍ പെട്ട ഒരെണ്ണവും കാണരുത്‌. റിമോട്ട്‌ കണ്‍ട്രോള്‍ സദാകൈയില്‍ വേണം. പത്രങ്ങളുടെ കാര്യവും ഇങ്ങനെത്തന്നെ. വായിക്കാവുന്ന ഒരു പത്രമേ ഉള്ളൂ, പേര്‌ പറയാതെ അതുമനസ്സിലാക്കാനുള്ള ബുദ്ധി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്കെല്ലാം ഉണ്ട്‌. ജസ്റ്റിസുമാരും അത്‌ ക്രമേണയെങ്കിലും ആര്‍ജിച്ചെടുക്കണം. സാവകാശം മതി, ഞങ്ങളിവിടെ കുറേക്കാലം ഉണ്ടാകും. ഇത്തരം കേസ്‌ വരുമ്പോള്‍ സര്‍ക്കാറിന്‌ നോട്ടീസ്‌ അയക്കണം. സര്‍ക്കാറിന്‌ പറയാനുള്ളത്‌ കോടതിയില്‍ വന്ന്‌ തത്ത പറയുന്നത്‌ പോലെ ആവര്‍ത്തിക്കാന്‍ ചില സ്‌പെഷല്‍ വക്കീലന്മാരെ ശമ്പളം കൊടുത്ത്‌ നിറുത്തിയിട്ടുണ്ട്‌. നേരത്തെ ഹര്‍ത്താല്‍ കേസ്സിലൊക്കെ ഇവരുടെ പ്രതിഭാശേഷി നിങ്ങള്‍ കണ്ടതല്ലേ. ഹര്‍ത്താല്‍ ജനങ്ങള്‍ക്ക്‌ ദ്രോഹകരമല്ലേ എന്ന്‌ ചോദിച്ചാല്‍, ഇല്ല ഒരു ദ്രോഹവുമില്ല, ജനങ്ങള്‍ ഹര്‍ത്താല്‍ദിവസം അത്യാഹ്ലാദത്തിലാണ്‌ വീട്ടില്‍ ഉണ്ടുറങ്ങിക്കിടക്കുക എന്നും ആരും ആരേയും റോഡില്‍ തടയാറില്ല എന്നും ചിലര്‍ വാഹനമെടുക്കാതെ സ്വയം കഷ്ടപ്പെട്ട നടന്നുപോകുന്നതാണ്‌ എന്നും സര്‍ക്കാര്‍ വക്കീല്‍ കോടതിയെ ധരിപ്പിക്കുകയുണ്ടായി. അതുപോലെ, തലശ്ശേരിയില്‍ ഏഴുപേരെ വെട്ടിക്കൊന്നില്ലേ എന്ന്‌ ചോദിച്ചാല്‍, ഇല്ല യുവര്‍ഓണര്‍ അവരെല്ലാം ആഭ്യന്തരവകുപ്പിന്‌ പേരുദോഷം ഉണ്ടാക്കാന്‍ സ്വയം വെട്ടിമരിച്ചതാണ്‌ എന്നുമറുപടിപറയാന്‍ ആളെ ഏല്‌പ്പിക്കും. അവരുടെ വാദത്തിനനുസരിച്ച്‌ വേണം ഹൈക്കോടതി വിധിപറയാന്‍.

ഇതിനേക്കാള്‍ വിചിത്രമായിത്തോന്നിയത്‌, പാര്‍ട്ടി ഓഫീസില്‍ നിന്ന്‌ നല്‍കുന്ന ലിസ്റ്റ്‌ അനുസരിച്ചാണ്‌ പോലീസ്‌ കൊലക്കേസ്സുകളില്‍ പ്രതികളെ നിശ്ചയിക്കുന്നതെന്ന ജസ്റ്റിസിന്റെ പരാമര്‍ശമാണ്‌. ഈ വിവരം എവിടെനിന്നാണ്‌ കിട്ടിയത്‌ ? ഞങ്ങള്‍ പാര്‍ട്ടിക്കാരും ഉന്നതപോലീസ്‌ ഉദ്യോഗസ്ഥരും മാത്രം അറിയുന്ന രഹസ്യം ആരാണ്‌ കോടതിക്ക്‌ ചോര്‍ത്തിക്കൊടുത്തത്‌ ? വിഭാഗീയതക്കാര്‍ ഇവിടെയുമുണ്ടോ ? ചിലര്‍ പറയുന്നത്‌ കേട്ടാല്‍തോന്നുക മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിപ്രവര്‍ത്തകനെ കൊന്ന കേസ്സില്‍ പ്രതികളാക്കേണ്ടുന്ന ആര്‍.എസ്‌.എസ്സുകാരുടെ പേരുകള്‍ സി.പി.എം നല്‍കുന്നു എന്നാണ്‌. അങ്ങനെയൊരു ക്രൂരത ഞങ്ങള്‍ ചെയ്യാറില്ല. ആര്‍.എസ്‌. എസ്സുകാരനെക്കൊന്ന കേസ്സില്‍ പിടിക്കേണ്ട സി.പി.എം കാരുടെ പേരുകളാണ്‌ സി.പി.എം ഓഫീസില്‍നിന്ന്‌ നല്‍കാറുള്ളത്‌. പോലീസിനോടും നിയമവാഴ്‌ചയോടും ഇതിലേറെ പ്രതിബദ്ധതയുള്ള പാര്‍ട്ടി ഈ ഭൂമിയില്‍ വേറെ ഏതുണ്ട്‌ ? പിന്നീട്‌ പോലീസ്സും പാര്‍ട്ടിയും കൂട്ടായി ശ്രമിച്ച്‌ തെളിവില്ലാതാക്കുന്നതുകൊണ്ട്‌ ഇവരെ കോടതി വെറുതെവിടും. അതാണ്‌ കീഴ്‌വഴക്കം. കഷ്ടപ്പെട്ട്‌ തെളിവില്ലാതാക്കിയിട്ടും ഇങ്ങനെയുള്ള കുറെ പ്രതികളെ വധശിക്ഷക്ക്‌ വിധിച്ച കോടതിയാണ്‌ യഥാര്‍ഥത്തില്‍ പരിധി ലംഘിച്ചത്‌ എന്ന്‌ വേണം പറയാന്‍. അധികം പറയുന്നില്ല, കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ ചെന്ന്‌ പെടാനൊന്നും വയ്യ.

കേസ്സിലെ ഹരജിക്കാരനോ വക്കീലോ ഉന്നയിക്കാത്ത ഒരുപാട്‌ ചോദ്യങ്ങള്‍ക്കാണ്‌ കോടതി മറുപടിപറഞ്ഞിരിക്കുന്നത്‌. സ്‌കൂള്‍ പരീക്ഷയിലെന്ന പോലെ ചോദ്യപ്പേപ്പറിലില്ലാത്ത ചോദ്യത്തിന്‌ ഉത്തരം എഴുതിയാല്‍ മാര്‍ക്ക്‌ കിട്ടില്ല. എന്നല്ല, ചിലപ്പോല്‍ ശിക്ഷ കിട്ടിയേക്കുമെന്നും ഓര്‍ക്കുക. പരിധി ലംഘിക്കേണ്ട എന്ന്‌ കരുതിയതുകൊണ്ട്‌ സഖാവ്‌ പിണറായി പറഞ്ഞില്ല എന്നേ ഉള്ളു-കോടതി പറഞ്ഞതുപലതും മീഡിയസിന്‍ഡിക്കേറ്റും സാഹിത്യസിന്‍ഡിക്കേറ്റും പറയുന്ന കാര്യങ്ങള്‍ത്തന്നെയാണ്‌. മൂന്നുകൂട്ടര്‍ക്കും പാര്‍ട്ടിയെപ്പറ്റി ഒരു ചുക്കും അറിഞ്ഞുകൂടാ.

കോടതി വികാരപരവശമാകുന്നത്‌ ഭരണഘടനാവിരുദ്ധമാണ്‌. ഏഴുനിരപരാധികളെ വെട്ടിക്കൊന്നു, ഇരുപത്തഞ്ചുപേരുടെ കൈവെട്ടി, നൂറുകുഞ്ഞുങ്ങള്‍ അനാഥരായി എന്നെല്ലാം കേട്ടാല്‍ കോടതി നിര്‍വികാരവും നിസ്സംഗവുമായി നിലകൊള്ളണം. എപ്പോള്‍ വികാരം കൊള്ളണം എപ്പോള്‍ നിര്‍വികാരം കൊള്ളണം എന്നെല്ലാമുള്ള വകതിരിവ്‌ ജുഡീഷ്യറിക്കാവശ്യമാണ്‌. ഏഴുപേരെ വെട്ടിക്കൊന്ന ഒരാഴ്‌ചക്കാലം സഖാവ്‌ പിണറായി ഒരക്ഷരം ഉരിയാടാതെ നിസ്സംഗനായതും കൊലപാതകങ്ങള്‍ സംബന്ധിച്ച കോടതിവിധിവന്നപ്പോള്‍ സൂര്യാസ്‌തമയത്തിന്‌ മുമ്പ്‌ വികാരപരവശനായതും കണ്ടില്ലേ ? അതില്‍നിന്നും പഠിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ കോടതിക്ക്‌ അറ്റകൈക്ക്‌ ഒന്നുകൂടി ചെയ്യാം. നമ്മുടെ സാംസ്‌കാരികനായകരോട്‌ ചോദിക്കുക. ഏഴാളെക്കൊല്ലുന്നതാണോ ഹര്‍ത്താല്‍ നടത്തുന്നതാണോ ധാര്‍മികരോഷം ഉയര്‍ത്തേണ്ട കാര്യം എന്നവര്‍ പറഞ്ഞുതരും. അവരും ഒരിക്കലും പരിധിവിടാറില്ല.
************

തലശ്ശേരിയില്‍ സര്‍വകക്ഷിയോഗം ചേര്‍ന്ന്‌്‌്‌ കൊല്ലല്‍പ്പരിപാടി തത്‌ക്കാലം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിട്ടുണ്ടത്രെ. കൊല്ലുന്നത്‌ നിര്‍ത്തി എന്ന്‌ പറഞ്ഞത്‌ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സംസ്ഥാനനേതാക്കളുമാണ്‌. തലശ്ശേരിയിലെ നേതാക്കളൊന്നുമല്ല. അവരെയൊന്നും യോഗത്തിന്റെ നാലയലത്ത്‌ കണ്ടുതുമില്ല. സംസ്ഥാനനേതാക്കള്‍ പറഞ്ഞാല്‍ കൊല്ലല്‍ നില്‍ക്കുമായിരുന്നെങ്കില്‍ കാല്‍നൂറ്റാണ്ട്‌ മുമ്പേ നില്‍ക്കേണ്ടതായിരുന്നു. സര്‍വകക്ഷി എന്നൊക്കെ ഒരു ഭംഗിക്ക്‌ പറയുന്നതാണ്‌. രണ്ടുകൊലയാളികക്ഷികളാണ്‌ കൊല്ലല്‍ തുടങ്ങുന്നതും മടുക്കുമ്പോള്‍ നിര്‍ത്തുന്നതും. സമാധാനയോഗത്തിന്‌ ആ രണ്ടുകക്ഷികളെ വിളിച്ചാല്‍മതി. എങ്കിലും നാട്ടിലൊരു നല്ല കാര്യം നടക്കുമ്പോള്‍ നാലാളെ വിളിക്കുന്നത്‌ ഒരു മര്യാദയായതുകൊണ്ടുമാത്രമാണ്‌ മറ്റുകക്ഷികളെയും വിളിക്കുന്നത്‌. കൊല്ലാന്‍ കഴിവില്ല എന്നതുപോകട്ടെ കൊല്ലുന്നത്‌ കണ്ടുനില്‍ക്കാന്‍തന്നെ ശേഷിയില്ലാത്തവയാണ്‌ ആ കക്ഷികളില്‍ മിക്കതും.

മുപ്പത്‌ കൊല്ലത്തിനിടയില്‍ ഇത്‌ എത്രാം തവണയാണ്‌ സര്‍വകക്ഷിയോഗം ചേരുന്നത്‌ എന്നതുസംബന്ധിച്ച്‌ കൃത്യമായ വിവരമുണ്ടാക്കുകയാണ്‌ ആദ്യം വേണ്ടത്‌. തലശ്ശേരി ആര്‍.ഡി.ഓ ഓഫീസിലെ ഫയലുകള്‍ തപ്പിനോക്കിയാല്‍ കണക്ക്‌ കിട്ടിയേക്കൂം. നാല്‍പ്പതുകൊല്ലമായി ഈ അനുഷ്‌ഠാനം തുടങ്ങിയിട്ട്‌. എത്രാമത്തെ സര്‍വകക്ഷിയോഗമാണ്‌ കഴിഞ്ഞത്‌ എന്നറിയാന്‍ പറ്റിയാല്‍ സര്‍വകക്ഷിയോഗത്തിന്റെ സില്‍വര്‍ ജുബിലിയോ ഗോള്‍ഡന്‍ ജുബിലിയോ മറ്റോ ആഘോഷിക്കാന്‍ സമയമായോ എന്നറിയാമായിരുന്നു. അതിനുള്ള അവസരം പാഴാക്കരുത്‌. വിപുലമായി സ്വാഗതസംഘം രൂപവല്‍ക്കരിച്ച്‌ ആഘോഷപരിപാടികള്‍ക്ക്‌ രൂപം നല്‍കണം. സര്‍വകക്ഷി സമാധാനകൂട്ടയോട്ടം, സിനിമാറ്റിക്‌ ഡാന്‍സ്‌, ബി.ജെ.പി-സി.പി.എം കൈകൊട്ടിക്കളി തുടങ്ങിയ പരിപാടികള്‍ വേണം. ഒന്നുവിട്ടുപോയി…മാധ്യമസെമിനാര്‍ ഇല്ലാതെ പറ്റില്ല. ഉല്‍സവാനന്തരം വെടിക്കെട്ടുണ്ടാകും എന്ന്‌ പഴയ കാല അമ്പലനോട്ടീസുകളില്‍ പറഞ്ഞിരുന്നത്‌ ഇപ്പോള്‍ ഉത്സവാനന്തരം മാധ്യമസെമിനാര്‍ ഉണ്ടായിരിക്കും എന്ന്‌ മാറിയിട്ടുണ്ടല്ലോ. അതൊഴിവാക്കരുത്‌. ഇരുപത്തഞ്ച്‌ തികയാന്‍ ഒന്നോ രണ്ടോ കുറവാണെങ്കില്‍ ആറുമാസം ഇടവിട്ട്‌ ഓരോ കൊലസീരിയലും തുടര്‍ന്ന്‌ സര്‍വകക്ഷിസര്‍വാണിയും നടത്താവുന്നതുമാണ്‌.

Leave a Reply

Your email address will not be published. Required fields are marked *

Go Top