എം.എല്‍.എ. പെന്‍ഷന്‍ കശപിശ

ഇന്ദ്രൻ

നമ്മുടെ ബഹുമാനപ്പെട്ട ജസ്റ്റിസ്‌ വി. ആര്‍. കൃഷ്ണയ്യരും അതിലേറെ ബഹുമാനപ്പെട്ട സഖി കെ. ആര്‍. ഗൗരിയമ്മയും തമ്മില്‍ ഒരു കശപിശ ആംഗല പത്രത്തിലെ കോളത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്‌. (സഖി എന്ന്‌ പ്രയോഗിച്ചത്‌ അറിഞ്ഞുകൊണ്ടുതന്നെയാണ്‌. സ്ത്രീകളെ സഖാവ്‌ എന്ന്‌ അഭിസംബോധന ചെയ്യുന്നത്‌ പുരുഷമേധാവിത്വ മനോഭാവത്തിന്റെ ലക്ഷണമാണ്‌. മെയില്‍ ഷോവിനിസം. യേത്‌?)

കശപിശയുടെ കാര്യം പറയാം. സുപ്രീം കോടതിയില്‍ നിന്ന്‌ വന്നതില്‍ പിന്നെ ജ. കൃഷ്ണയ്യര്‍ കേരളീയരുടേയും മൊത്തത്തില്‍ ഭാരതീയരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാനും അഴിമതി, വര്‍ഗീയത തുടങ്ങിയ സകലമാന ദുര്‍നടപ്പുകളും ഇല്ലായ്മ ചെയ്യാനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുകയാണല്ലോ. സെമിനാറുകളില്‍ പ്രസംഗിക്കുക, സംയുക്ത പ്രസ്താവനകളില്‍ ഒപ്പുവെയ്ക്കുക, പത്രാധിപ പരിഷകള്‍ക്ക്‌ കത്തെഴുതുക, സായാഹ്ന ധര്‍ണകള്‍ ഉദ്ഘാടിക്കുക എന്നിവയാണല്ലോ ഇതിനുള്ള മാര്‍ഗങ്ങള്‍. ബഹുമാനപ്പെട്ട ജ. കൃഷ്ണയ്യര്‍ ഇനിയേത്‌ പ്രശ്നത്തിലാണ്‌ ധാര്‍മിക രോഷം പ്രകടിപ്പിക്കേണ്ടത്‌ എന്ന്‌ അന്വേഷിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ അസ്സല്‍ ഒരു വിഷയം ശ്രദ്ധയില്‍പ്പെട്ടത്‌-എം.എല്‍.എ. പെന്‍ഷന്‍.

ജനങ്ങളെ സേവിക്കുന്നതിന്‌ നിയോഗിക്കപ്പെട്ട രാഷ്ട്രീയക്കാര്‍ നിയമസഭയില്‍ കയറിയിരുന്ന്‌ പെന്‍ഷനും മറ്റനവധി ആനുകൂല്യങ്ങളും പോക്കറ്റിലാക്കാനുള്ള പ്രമേയങ്ങള്‍ രണ്ടുകൈയും പൊക്കി പാസ്സാക്കിയെടുക്കുന്ന സമ്പ്രദായത്തോട്‌ എം.എല്‍.എ. മാര്‍ക്കും അവരുടെ ഭാര്യമാര്‍ക്കും ഒഴിച്ച്‌ എല്ലാവര്‍ക്കും കടുത്ത എതിര്‍പ്പാണ്‌. അന്യന്‌ രണ്ടു മുക്കാല്‌ കിട്ടുന്നത്‌ നമുക്ക്‌ സഹിക്കില്ല. അസൂയ എന്നാണിതിന്റെ പേര്‌. അതവിടെ നില്‍ക്കട്ടെ. ജ. കൃഷ്ണയ്യര്‍ക്ക്‌ ശക്തമായ ധാര്‍മികരോഷമുണര്‍ന്നു. കക്ഷി റിട്ട. ജസ്റ്റിസ്‌ ആണല്ലോ. വകുപ്പും ഉപവകുപ്പും പറയാതെ വാദിക്കാന്‍ പറ്റില്ല. ഭരണഘടനയുടെ തടിയന്‍ വാല്യങ്ങള്‍ നോക്കിയപ്പോള്‍ എം.എല്‍.എ. പെന്‍ഷന്‍ 14, 21 വകുപ്പുകള്‍ക്ക്‌ വിരുദ്ധമാണെന്ന്‌ അദ്ദേഹം കണ്ടുപിടിച്ചു. പണ്ടാണെങ്കില്‍ സ്റ്റെനോഗ്രാഫറെ വിളിച്ച്‌ ഒരു ജഡ്ജ്‌മെന്റ്‌ ഉടനെ ഡിക്ടേറ്റ്‌ ചെയ്താല്‍ മതിയായിരുന്നു. പെന്‍ഷന്‍ അതോടെ ഗോപിയാകും. ഇന്നത്‌ വയ്യ. പിന്നെ ചെയ്യാവുന്നത്‌ പത്രാധിപര്‍ക്ക്‌ എഴുതുകയാണ്‌. നായനാരെപ്പോലെ കൃഷ്ണയ്യര്‍ക്കും ആംഗല പത്രങ്ങളാണ്‌ പഥ്യം. വര്‍ഗീയച്ചുവയുള്ള പേരാണെങ്കിലും അസ്സല്‍ മതേതരവാദിയായ പത്രം തന്നെ ആയിക്കോട്ടെ എന്നുവെച്ചു.

ഇത്രയും ചെയ്തതിന്‌ ജ. കൃഷ്ണയ്യരെ ആരും കുറ്റം പറയില്ല. പക്ഷേ, അങ്ങേര്‌ ലേഖനത്തില്‍ ഒരു പാര ഒളിപ്പിച്ചുവെച്ചിരുന്നു. ‘കേരളത്തിലെ ഒരു എം.എല്‍.എ. സ്വന്തം നിലയില്‍ ഏഴായിരം രൂപയോളം പെന്‍ഷന്‍ വാങ്ങുന്നതിന്‌ പുറമേ എം.എല്‍.എ. ആയിരുന്ന ഭര്‍ത്താവിന്റെ ഏതാനും ആയിരങ്ങളും വാങ്ങുന്നത്‌ എനിക്ക്‌ നേരിട്ടറിയാം.’ എന്നൊരു വാചകം കാച്ചിവിട്ടു-ആരെക്കുറിച്ചാണ്‌ പ്രയോഗം എന്നറിയാന്‍ കെ.ആര്‍. ഗൗരിയമ്മയ്ക്ക്‌ ബുദ്ധിജീവിയായ കെ. വേണുവിന്റെ സഹായമൊന്നും ആവശ്യമായി വന്നില്ല.

അല്ലെങ്കില്‍ തന്നെ ശുണ്ഠിയുടെ ഹെഡ്ഡാപ്പീസാണ്‌ ഗൗരിയമ്മ. ഇത്രയും കേട്ടിട്ട്‌ മിണ്ടാതിരിക്കാന്‍ അവര്‍ക്ക്‌ പറ്റുമോ? അതേ ആംഗലപത്രത്തില്‍ തന്നെ അവര്‍ നല്ല കടുപ്പത്തില്‍ മറുപടി കൊടുത്തു.

നമ്മള്‍ ദരിദ്രവാസികളായ നികുതിദായകര്‍ ഓരോരോ വിവരങ്ങള്‍ അറിയുന്നത്‌ ഇങ്ങനെ മഹാരഥന്മാര്‍ തമ്മില്‍ കശപിശയുണ്ടാകുമ്പോഴാണല്ലോ. കിണറ്റിന്‍കരയില്‍ ലഹളപൊട്ടിപ്പുറപ്പെടുമ്പോഴാണല്ലോ അയല്‍പക്കങ്ങളിലെ സ്ത്രീപുരുഷ രത്നങ്ങളുടെ ടോപ്പ്‌ സീക്രട്ടുകള്‍ പുറത്തേക്ക്‌ ചാടുക. എം.എല്‍.എ. പെന്‍ഷന്‍ വാങ്ങുന്നവരുടെ കൂട്ടത്തില്‍ ഗൗരിയമ്മ മാത്രമല്ല, സാക്ഷാല്‍ റിട്ട. ജസ്റ്റിസ്‌ വി.ആര്‍. കൃഷ്ണയ്യരുമുണ്ട്‌! കേരളത്തിലെ ആദ്യത്തെ നിയമസഭയില്‍ അംഗമായിരുന്നുവല്ലോ കൃഷ്ണയ്യര്‍. ‘തീര്‍ത്തും ഭരണഘടനാവിരുദ്ധവും അന്യായവുമായ പെന്‍ഷന്‍ കേരളത്തിലെ പിന്തിരിപ്പന്‍ സര്‍ക്കാര്‍ ആദര്‍ശവാനായ കൃഷ്ണയ്യര്‍ജിയുടെ മേല്‍ അടിച്ചേല്‍പിച്ചു എന്നാവും നിങ്ങളുടെ വിചാരം? അല്ലേയല്ല. കൃഷ്ണയ്യര്‍ജിക്ക്‌ സുപ്രീംകോടതി ജഡ്ജി എന്ന നിലയില്‍ പെന്‍ഷന്‍ കിട്ടുന്നതുകൊണ്ട്‌ എം.എല്‍.എ. പെന്‍ഷന്‌ അര്‍ഹതയില്ലെന്നായിരുന്നു കേരള ഗവണ്‍മെന്റിന്റെ അറുപിന്തിരിപ്പന്‍ നിലപാട്‌. കൃഷ്ണയ്യര്‍ജി വിടുമോ? തീര്‍ത്തും ഭരണഘടനാവിരുദ്ധവും അന്യായവുമായ എം.എല്‍.എ. പെന്‍ഷന്‍ തനിക്ക്‌ നിഷേധിക്കുന്നത്‌ തീര്‍ത്തും ഭരണഘടനാ വിരുദ്ധവും അന്യായവുമാണെന്ന്‌ കൃഷ്ണയ്യര്‍ സ്പീക്കര്‍ക്കെഴുതി. അങ്ങനെ അദ്ദേഹത്തിനും അനുവദിച്ചിട്ടുണ്ട്‌ പെന്‍ഷന്‍. ഒള്ളത്‌ ഒള്ളതുപോലെ പറയണമല്ലോ. അദ്ദേഹം പെന്‍ഷന്‍ തുക കൈകൊണ്ട്‌ തൊടുമെന്നല്ലാതെ പോക്കറ്റിലിടില്ല. പാവപ്പെട്ടവര്‍ക്ക്‌ കൊടുക്കുകയേ ഉള്ളൂ.

ഗൗരിയമ്മ പറയുന്നതും അതുതന്നെ. പെന്‍ഷന്‍ തുക താനും ചെലവാക്കുന്നത്‌ നാട്ടുകാര്‍ക്കുവേണ്ടിയാണ്‌. തീര്‍ത്തും ഭരണഘടനാവിരുദ്ധവും അന്യായവുമായ പെന്‍ഷന്‍ കൃഷ്ണയ്യര്‍ എന്തിന്‌ അടിപിടി കൂടി വാങ്ങി? സര്‍ക്കാര്‍ കൈയില്‍ വെക്കട്ടെ എന്നു വിചാരിച്ചാല്‍ പോരായിരുന്നോ? പെന്‍ഷന്‌ പരിധി വെക്കണമെന്ന കൃഷ്ണയ്യരുടെ വാദം കൊള്ളാം. പരിധി എന്തിന്‌ എം.എല്‍.എ. പെന്‍ഷനു മാത്രമാക്കണം? ജഡ്ജിമാരുടെ പെന്‍ഷനും രാഷ്ട്രപതിയുടെ പെന്‍ഷനും പരിധിവേണ്ടേ എന്നാണ്‌ ഗൗരിയമ്മയുടെ ചോദ്യം.

ഗൗരിയമ്മ ചൂടായതില്‍ അവരെ കുറ്റംപറയേണ്ട. നിങ്ങളാണെങ്കിലും ചൂടാകും. ഗൗരിയമ്മയും കൃഷ്ണയ്യരെപ്പോലെ വക്കീല്‍പരീക്ഷ പാസ്സായതാണ്‌. രണ്ടുപേരും 57-ല്‍ മത്സരിച്ച്‌ നിയമസഭയിലെത്തിയതാണ്‌. ഇ.എം.എസ്സിന്റെ ആദ്യത്തെ മന്ത്രിസഭയില്‍ രണ്ടുപേരുമുണ്ടായിരുന്നു. പാര്‍ട്ടി പിളര്‍ന്നശേഷം ’65-ല്‍ നടന്ന തിരഞ്ഞെടുപ്പിലും ഗൗരിയമ്മ ജയിച്ചു. കൃഷ്ണയ്യര്‍ തലശ്ശേരിയില്‍ മത്സരിച്ച്‌ കെട്ടിവെച്ച കാശ്‌ പോയപ്പോള്‍ രാഷ്ട്രീയം മതിയാക്കി കോടതിയിലേക്ക്‌ പോയി. അന്ന്‌ ജനങ്ങള്‍ തിരസ്കരിച്ചതുകൊണ്ടാണ്‌ കൃഷ്ണയ്യര്‍ പിന്നീട്‌ ജഡ്ജിയും സുപ്രീംകോടതി ജസ്റ്റിസുമെല്ലാം ആയി റിട്ടയര്‍ ചെയ്തശേഷം ‘തികച്ചും ഭരണഘടനാനുസൃതവും ന്യായവും പരിധിയില്ലാത്തതു’മായ പെന്‍ഷന്‍ വാങ്ങുന്നത്‌. ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ തിരസ്കരിച്ചിരുന്നുവെങ്കില്‍ ഗൗരിയമ്മയ്ക്കും അതാവാമായിരുന്നു. ജനസേവനംകൊണ്ട്‌ കാശുണ്ടാക്കിയിട്ടില്ല. അവസാനം വയസ്സുകാലത്ത്‌ പെന്‍ഷന്‍ വാങ്ങുമ്പോള്‍ അത്‌ ‘ഭരണഘടനാവിരുദ്ധവും അന്യായവും’. എങ്ങനെയുണ്ട്‌ ന്യായവും നീതിയും? ഈ നാടു നന്നാവുന്ന ഒരു ലക്ഷണവുമില്ല കൂട്ടരെ.

*** *** ***

സാധാരണ മനുഷ്യര്‍ക്ക്‌ വയസ്സാകുമ്പോള്‍ ദൈവവിശ്വാസം കൂടുകയാണ്‌ പതിവ്‌. തീരെ ഇല്ലാത്തവര്‍ക്ക്‌ കുറേശ്ശെ ഉണ്ടാവുകയും ചെയ്യും (ഗൗരിയമ്മയെ കുറിച്ചല്ല പറയുന്നത്‌). പക്ഷേ, ബാല്‍താക്കറെ സാധാരണ മനുഷ്യനല്ലല്ലോ. അദ്ദേഹത്തിന്‌ ദൈവത്തിലുള്ള വിശ്വാസം തീരെ നഷ്ടപ്പെട്ടുവെന്ന്‌ അദ്ദേഹം തന്നെയാണ്‌ പറഞ്ഞത്‌. സ്നേഹമയിയും ദയാനിധിയുമായിരുന്ന ഭാര്യയുടെ നിര്യാണത്തോടെയാണ്‌ അദ്ദേഹത്തിന്‌ ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടത്‌. താക്കറെക്ക്‌ ഇപ്പോഴല്ലേ ദൈവവിശ്വാസം നഷ്ടപ്പെട്ടിട്ടുള്ളൂ? ബോംബെയില്‍ ഭര്‍ത്താവിനെയും ഭാര്യയേയും മകനേയും മകളേയും അച്ഛനേയും അമ്മയേയും കണ്‍മുമ്പില്‍വെച്ച്‌ വെട്ടിനുറുക്കിക്കൊല്ലുന്നത്‌ കാണേണ്ടിവന്ന ആയിരങ്ങള്‍ക്ക്‌ ദൈവവിശ്വാസം നഷ്ടപ്പെട്ടിട്ട്‌ കാലം കുറച്ചായി. തന്റെ രോമത്തിന്‌ കേടുപറ്റിയാല്‍ അതിനുത്തരവാദിയായവന്റെ സമുദായത്തെ മുഴുവന്‍ ഉന്മൂലനം ചെയ്യുമെന്ന്‌ താക്കറെജി പ്രഖ്യാപിച്ചത്‌, ഈ പ്രക്രിയയില്‍ തന്നെ സഹായിക്കാന്‍ വാളും കഠാരിയുമായി ദൈവവും കൂടെ വരുമെന്ന വിശ്വാസത്തിലായിരുന്നു. മറ്റൊരു മോഹവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയുടെ ഹിറ്റ്‌ലറാകണമെന്ന്‌. ഇന്ത്യയുടെ ഹിറ്റ്‌ലറാകുന്നത്‌, ആ ചങ്ങാതി ജര്‍മനിയില്‍ ചെയ്തത്‌ ഇന്ത്യയില്‍ ചെയ്യാന്‍ വേണ്ടിയാണല്ലോ. ലോകം കണ്ടതില്‍ വെച്ചേറ്റവും വലിയ കൊലയാളിയായ ഹിറ്റ്‌ലറുടെ റിക്കാര്‍ഡ്‌ ഭേദിക്കാന്‍ ദൈവം തന്നെ സഹായിക്കുമെന്നായിരുന്നു താക്കറെയുടെ വിശ്വാസം. ഇനിയിപ്പോള്‍ ദൈവത്തെ കാത്തുനിന്നിട്ട്‌ കാര്യമില്ല; ചെകുത്താനെ കിട്ടുമോ എന്ന്‌ നോക്കാം.

*** *** ***

പരിയാരം മെഡിക്കല്‍കോളേജ്‌ എന്ന പൊതിക്കാതേങ്ങ കൊണ്ട്‌ എന്ത്‌ ചെയ്യണമെന്ന്‌ ഇടതുപക്ഷ കുറുക്കന്മാര്‍ ഇനിയും തീരുമാനിച്ച മട്ടുകാണുന്നില്ല. സമരം അതിവിദഗ്‌ധമായി ഒരരുക്കാക്കിയ സ്ഥിതിക്ക്‌ ഇനിയെങ്കിലും സാവകാശം ആലോചിച്ച്‌ ഒരു ലൈനെടുത്തുകൂടെ? ഇടതുമുന്നണി കണ്ണൂരില്‍ മുഖ്യമന്ത്രി എ.കെ. ആന്റണിക്ക്‌ നല്‍കിയ നിവേദനത്തില്‍ ‘ലാസ്റ്റ്‌ ബട്ട്‌ നോട്ട്‌ ലീസ്റ്റ്‌’ തത്ത്വപ്രകാരം അവസാനമായി എഴുതിയ ഡിമാന്റ്‌ വായിച്ചപ്പോഴാണ്‌ ഈ സംശയം തോന്നിയത്‌. പരിയാരം മെഡിക്കല്‍കോളേജ്‌ സഹകരണമേഖലയിലാക്കുകയും ടി.ബി. സാനിട്ടോറിയം പുനഃസ്ഥാപിക്കുകയും വേണമെന്നതാണ്‌ ഡിമാന്റ്‌. ഇങ്ങനെയായാല്‍ പറ്റില്ല സഖാക്കളെ. എന്തെങ്കിലും ഒരു ഡിമാന്റില്‍ ഉറച്ചുനില്‍ക്കണം. പരിയാരത്ത്‌ സാനിട്ടോറിയം വേണ്ട, ഭൂമി കര്‍ഷകത്തൊഴിലാളികള്‍ക്ക്‌ പതിച്ചുനല്‍കണം എന്ന്‌ പണ്ട്‌ പറഞ്ഞത്‌ പോകട്ടെ, അത്‌ പഴയ കേസ്‌. മെഡിക്കല്‍കോളേജിനകത്ത്‌ ഇനി എങ്ങനെയാണ്‌ ക്ഷയരോഗ സാനിട്ടോറിയം ഫിറ്റ്‌ ചെയ്യുക? അതുംപോട്ടെ, പരിയാരത്തുള്ള മെഡിക്കല്‍കോളേജ്‌ സഹകരണമേഖലയിലാക്കുകയാണോ അതല്ല സര്‍ക്കാര്‍ ഏറ്റെടുക്കുകയാണോ വേണ്ടത്‌? അഞ്ച്‌ മാസത്തിനകം ഇടതുമുന്നണി അധികാരത്തിലെത്തുമെന്നും പിറ്റേന്ന്‌ കോളേജ്‌ ഏറ്റെടുക്കുമെന്നും ഉറപ്പായ സ്ഥിതിക്ക്‌ ഇപ്പോള്‍ കോളേജ്‌ സഹകരണമേഖലയിലാക്കണമെന്ന്‌ ആവശ്യപ്പെടുന്നത്‌ പിശകല്ലേ? അതൊക്കെപ്പോട്ടെ. കേരളത്തില്‍ ഇനിയൊരു മെഡിക്കല്‍കോളേജ്‌ തന്നെ ആവശ്യമുണ്ടോ? ആലപ്പുഴയിലും തൃശ്ശൂരിലും കാലിത്തൊഴുത്തുപോലെ കുറെയില്ലേ? മെഡിക്കല്‍ കോളേജ്‌ ആവശ്യത്തിലേറെയായി എന്നല്ലേ നമ്മുടെ ആസ്ഥാന ബുദ്ധിജീവികള്‍ പറഞ്ഞത്‌? എന്താണ്‌ ഇടതുമുന്നണി ലൈന്‍? എന്തെങ്കിലുമൊന്ന്‌ ഉറപ്പിച്ചങ്ങ്‌ തീരുമാനിക്കണം. കോണ്‍ഗ്രസുകാരുടെ ചേലില്‍ ഓരോ ദിവസവും ഓരോന്ന്‌ പറയരുത്‌.

Leave a Reply

Your email address will not be published. Required fields are marked *

Go Top