തനിച്ച് ഭൂരിപക്ഷമില്ലാത്ത ഒരു പാര്‍ട്ടിക്ക് മന്ത്രിസഭയുണ്ടാക്കാന്‍ അവസരം കൊടുത്ത ശേഷം ഭൂരിപക്ഷം തെളിയിക്കാന്‍ ഒന്നര മാസം കൊടുക്കുന്ന ഗവര്‍ണര്‍ പണ്ടുണ്ടായിരുന്നോ? അധികമൊന്നും കാണില്ല. ചിലപ്പോള്‍ കണ്ടെന്നും വരാം. കോണ്‍ഗ്രസ് കാലത്ത് അങ്ങനെ ചെയ്തില്ലേ ഇങ്ങനെ ചെയ്തില്ലേ എന്നു ബി.ജെ.പി ക്കാര്‍ക്ക് ചോദിക്കാന്‍ പാകത്തില്‍ കോണ്‍ഗ്രസ്സുകാരും ചെയ്തിട്ടുണ്ട് ഏതാണ്ട് എല്ലാ അതിക്രമങ്ങളും. ഒരു വലിയ വ്യത്യാസം ഇരുവരും തമ്മിലുണ്ടായിരുന്നു. കോണ്‍ഗ്രസ്സുകാര്‍ പൊതുവെ ഇരുട്ടിന്റെ മറവിലാണ് തെറ്റുചെയ്യാറുള്ളത്. ചെയ്യുന്നത് മോശമാണ് എന്ന ബോധത്തോടെ. ഇന്ന് അതൊന്നുമില്ല. ബി.ജെ.പിക്കാര്‍ ചാനല്‍ ക്യാമറ മുന്നില്‍ ഉണ്ട് എന്ന് ഉറപ്പുവരുത്തിയിട്ടേ കേട്ടാല്‍ ഞെട്ടുന്ന അക്രമങ്ങളും അതിക്രമങ്ങളും ചെയ്യാറുള്ളൂ.
ഞാന്‍ ഗവര്‍ണറാണ്, എനിക്ക് പാര്‍ട്ടിയില്ല എന്ന് നമ്മുടെ നാട്ടുകാരന്‍ പി.എസ് ശ്രീധരന്‍ പിള്ള പൊതുചടങ്ങുകളില്‍ പറയുന്നത് കേട്ടിട്ടുണ്ട്. അദ്ദേഹത്തിന് ഭരണഘടന വായിച്ചറിവുള്ളതു കൊണ്ട് ഉണ്ടായ തെറ്റിദ്ധാരണയായണ് അത്. ഗവര്‍ണര്‍മാര്‍ പാര്‍ട്ടി നേതാക്കളുടെ നിലവാരത്തില്‍ നിന്നു കൊണ്ടു വേണം കാര്യങ്ങള്‍ കാണാനും പ്രസംഗിക്കാനും എന്നതാണ് പുതിയ ഭരണഘടനാവ്യാഖ്യാനം. അല്ലായിരുന്നെങ്കില്‍, മാന്യനായ നമ്മുടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, പൗരത്വഭേദഗതിയെ പിന്താങ്ങി ഈ വിധം പ്രസംഗപ്രചാരണം നടത്തുമായിരുന്നുവോ? ആദര്‍ശങ്ങളില്‍ ഉറച്ചുനിന്ന് പണ്ട് മന്ത്രിപദവി വലിച്ചെറിഞ്ഞ ആളാണ് ആരിഫ് എന്ന് പഴയ ആളുകള്‍ മറന്നുകാണില്ല. ഷാ ബാനോ കേസ് വിധിക്കു ശേഷം മുസ്ലിം യാഥാസ്ഥിതികരെ പിന്തുണയ്ക്കുന്ന നിലപാട് രാജീവ് ഗാന്ധി സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ച് മന്ത്രിസ്ഥാനം വെടിഞ്ഞ ആളാണ്. പഴയ പ്രതാപമൊന്നും പറഞ്ഞിട്ടു കാര്യമില്ല. അയല്‍രാജ്യത്ത് പീഡനമനുഭവിക്കുന്ന എല്ലാവര്‍ക്കും ഇന്ത്യയില്‍ വരാം, മുസ്ലിങ്ങള്‍ മാത്രം വരേണ്ട എന്ന മോദി സര്‍ക്കാര്‍ തീരുമാനം ഗാന്ധിജിയും നെഹ്‌റുവും പറഞ്ഞതു തന്നെയാണ് എന്നു പറയാന്‍ ചില്ലറ തൊലിക്കട്ടിയൊന്നും പോരല്ലോ. അതില്‍ റെക്കോഡ് ഉള്ള അമിത് ഷാ പോലും അങ്ങനെ പറഞ്ഞിട്ടില്ല. കുത്സിതബുദ്ധിയുടെ ക്രെഡിറ്റ് അമിത് ഷാ മറ്റാര്‍ക്കും വിട്ടുകൊടുക്കില്ല.
ഗവര്‍ണര്‍മാരെ നിയമിക്കുന്നതും നിയന്ത്രിക്കുന്നതും മാത്രമല്ല, ഇപ്പോള്‍ രാജ്യം ഭരിക്കുന്നതുതന്നെയും അമിത് ഷാ ആണല്ലോ. നെടുനെടുങ്കന്‍ പ്രസംഗങ്ങളും വിദേശപര്യടനവും മുടങ്ങാതെ നടത്തുക എന്ന ചുമതലയേ ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉള്ളൂ. സംസ്ഥാനം ഏതു പാര്‍ട്ടി ഭരിച്ചാലും അവിടെ അമിത് നിയമിത ഗവര്‍ണര്‍ ആയിരിക്കും കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പ്രധാനമന്ത്രിക്കും മേലെയുള്ള സുപര്‍ ഗവര്‍ണര്‍ ജനറല്‍ ആയി എല്ലാവരും അമിത് ഷായെ അംഗീകരിക്കുകയും ചെയ്താല്‍ സംഗതി കിടിലനാവും.
അതു ചെന്നിത്തലയ്ക്കു തിരിയില്ല
പൗരത്വപ്രശ്‌നത്തില്‍ ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ്സും സമരം ചെയ്യുന്ന വിവരം കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിഞ്ഞത് ചാനലില്‍ വാര്‍ത്ത കണ്ടാണോ അതല്ല അതിനു മുമ്പു ലേഖകരില്‍ ആരോ ഫോണ്‍ ചെയ്തപ്പോഴാണോ എന്നെല്ലാം എത്രനേരം വേണമെങ്കിലും ചര്‍ച്ച ചെയ്യാം. കോണ്‍ഗ്രസ്സില്‍ എന്ത് എങ്ങനെ സംഭവിച്ചാലും അത്ഭുതമില്ല. അതു പണ്ടേ അങ്ങനെയാണ്. ഇനി അതിനെച്ചൊല്ലി തര്‍ക്കം, യോഗബഹിഷ്‌കരണം, ആക്ഷേപം, ചാനല്‍ചര്‍ച്ച എന്നിത്യാദി നടപടിക്രമങ്ങള്‍ കുറച്ചുകാലം നടക്കും. തത്കാലം പിളരുന്നതല്ല. സി.പി.എമ്മുകാര്‍ ആ പൂതി മനസ്സില്‍ വച്ചാല്‍ മതി.
ഇത്ര കാലമായിട്ടും രമേശ് ചെന്നിത്തലയ്ക്ക് തിരിയാത്ത ചില സംഗതികളുമുണ്ട്. അതിലൊന്ന്, തെക്കന്‍ കേരളമല്ല വടക്കന്‍ കേരളം എന്നുള്ളതാണ്. വടകരക്കപ്പുറവും ഇപ്പുറവും പാര്‍ട്ടി നയം വേറെയായി കാണണം. മാര്‍ക്‌സിസ്റ്റ് വിരോധത്തിന്റെ എരിവുള്ള അച്ചാറു കൂട്ടിയ കഞ്ഞിയാണ് കോണ്‍ഗ്രസ്സുകാര്‍ നാദാപുരം തൊട്ടു മേലോട്ടുള്ള പ്രദേശങ്ങളില്‍ മൂന്നു നേരവും കഴിക്കുന്നത്. ഇത് ചെന്നിന്നലയ്‌ക്കോ ഉമ്മന്‍ ചാണ്ടിക്കു പോലുമോ മനസ്സിലാവില്ല.
അതേയതേ…ഡല്‍ഹിയിലും മഹാരാഷ്ട്രയിലും മറ്റും സീതാറാം യച്ചൂരിയൂടെ ചുമലില്‍ കൈയിട്ടുതന്നെയാണ് രാഹുല്‍ ഗാന്ധി നടക്കുന്നത്. ഇനിയും നടക്കും. നാളെ കോണ്‍ഗ്രസ്സിന്റെ കൂട്ടുമന്ത്രിസഭയില്‍ യച്ചൂരി മന്ത്രിയായെങ്കിലോ എന്നു ചോദിക്കേണ്ട. അതിലും കണ്ണൂരുകാര്‍ക്ക് വിരോധമില്ല. പക്ഷേ, പശ്്ചിമഘട്ടത്തിനിപ്പുറം കളി മാറും. കോണ്‍ഗ്രസ്സുകാര്‍ വഴിനടക്കാന്‍തന്നെ ഭയപ്പെടുന്ന വടക്കന്‍ മണ്ഡലങ്ങളില്‍ എഴു വട്ടം മുല്ലപ്പള്ളി ലോക്‌സഭയിലെത്തിയത്് ഈ വ്യത്യാസം അറിഞ്ഞാവുമല്ലോ. സി.പി.എം-കോണ്‍ഗ്രസ് സമരം വരുന്നതോടെ ഈ ഫോര്‍മുല പാളീസ്സാവും.
ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സും സി.പി.എമ്മും ചുമലില്‍ കൈയിട്ടു നടക്കുന്നത് കാണണേ എന്ന പ്രാര്‍ത്ഥനയിലാണ് ബി.ജെ.പി ക്കാര്‍. എങ്കിലേ സി.പി.എംവിരുദ്ധ കോണ്‍ഗ്രസ്സുകാരുടെ വോട്ട് കൊടുങ്കാറ്റില്‍ വാഴക്കൂട്ടം ചായുമ്പോലെ ബി.ജെ.പിയിലേക്കു ചാഞ്ഞുവീഴൂ. വെറുതെ പൊല്ലാപ്പിനൊന്നും പോകേണ്ട പ്രതിപക്ഷനേതാവേ…
മുനയമ്പ്
പിണറായിയും യദ്യൂരപ്പയും തമ്മില്‍ വ്യത്യാസമില്ല: ചെന്നിത്തല
സത്യം. പക്ഷേ, ചെന്നിത്തലയും മുല്ലപ്പള്ളിയും തമ്മില്‍ വ്യത്യാസമുണ്ട്!
(സുപ്രഭാതം പത്രം 2019 ഡിസം.24)