സി.ഐ.എ എന്ന് കേട്ടാല്‍ തിളയ്‌ക്കണം ചോര ഞരമ്പുകളില്‍ എന്നാരെങ്കിലും ശ്ലോകമോ മുദ്രാവാക്യമോ എഴുതിയിട്ടുണ്ടോ എന്നറിയില്ല. എഴുതിയാലും ഇല്ലെങ്കിലും, ചോര തിളയ്‌പ്പിക്കുന്നതിനുള്ള മരുന്ന് ഓരോ ഡോസ് ഇവിടെ ആളുകള്‍ നിശ്ചിതസമയത്ത് മുടക്കം കൂടാതെ നല്‍കിവരുന്നുണ്ട്. അതിനി ലോകത്ത് സി.ഐ.എ.യും കേരളത്തില്‍ സി.പി.എമ്മും ഉള്ള കാലംമുഴുവന്‍ തുടരുകയും ചെയ്യും.
പ്രകോപനമെന്ത് എന്നറിയില്ല കേരളത്തില്‍ മന്ത്രിമുഖ്യന്മാരില്‍ ഒരാള്‍ ഇവിടത്തെ കൃത്യാന്തരബാഹുല്യങ്ങള്‍ക്കിടയില്‍ അമേരിക്കയിലേക്ക് കുതിക്കുകയും സി.ഐ.എ.യുടെ കടുംകൈകളെ കുറിച്ച് ഗവേഷണങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്‌തു. ആദ്യമന്ത്രിസഭയുടെ അമ്പതാം വാര്‍ഷികം പ്രമാണിച്ചായിരിക്കുമോ എന്നറിയില്ല. കണ്ടെത്തിയ വിവരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെ അട്ടിമറിക്കാന്‍ സി.ഐ.എ.ക്കാറന്മാര്‍ വിമോചനസമരക്കാര്‍ക്ക് ഡോളര്‍ കൊടുത്തുവെന്ന് തെളിഞ്ഞിരിക്കുന്നു. പാട്രിക് മൊയ്‌നിഹാന്‍ എന്ന പഴയ യു.എസ് അംബാസ്സഡര്‍ ഇരുപത്തൊമ്പത് വര്‍ഷം മുമ്പ് വെളിപ്പെടുത്തിയത് സത്യമായിരുന്നു എന്നതിന് തെളിവ് കിട്ടുക ചെറിയകാര്യമല്ല. വായനക്കാര്‍ ഞെട്ടിയാലും ശരി ഇല്ലെങ്കിലും ശരി, പാര്‍ട്ടിക്കാര്‍ ഞെട്ടി. പാര്‍ട്ടിക്കാരുടെ ഞെട്ടല്‍ പാര്‍ട്ടിമാധ്യമങ്ങളില്‍ പ്രതിധ്വനിച്ചു. പാര്‍ട്ടിസൈദ്ധാന്തികവാരിക ആദ്യം, പാര്‍ട്ടിചാനല്‍ രണ്ടാമത്, പാര്‍ട്ടി മുഖപത്രം മൂന്നാമത് എന്ന ക്രമത്തിലായിലുന്നു ഞെട്ടല്‍. രണ്ടുനാള്‍ കൊണ്ട്‌് സംഗതി കെട്ടടങ്ങുകയും ചെയ്‌തു. ഇനി പത്തോ ഇരുപതോ കൊല്ലം കഴിഞ്ഞ് മറ്റാരെങ്കിലും പുസ്‌തകമെഴുതുന്നതുവരെ പാര്‍ട്ടി ഞെട്ടുന്നതല്ല. അതിനിടയില്‍ ആര്‍ക്ക് വേണമെങ്കിലും ആരോപണം ആവര്‍ത്തിക്കാവുന്നതാണ്, അതിന് തടസ്സമില്ല.
പാട്രിക് മൊയ്‌നിഹാന്‍ പറഞ്ഞത് സത്യമാവാനിടയില്ല എന്ന തോന്നലൊന്നും കേരളത്തിലാര്‍ക്കും ഉണ്ടായിരുന്നില്ല. പണം വാങ്ങിയവര്‍ക്ക് സംഭവം വിശ്വസിക്കാന്‍ മൊയ്‌നിഹാന്റെ തെളിവ് വേണ്ടല്ലോ. കമ്യൂണിസ്റ്റുകാര്‍ക്കും വേണ്ട തെളിവ്. ആരുവാങ്ങി എത്രവാങ്ങി എങ്ങനെ ചെലവഴിച്ചു എന്നൊക്കെയേ അറിയേണ്ടിയിരുന്നുള്ളൂ. എന്നിട്ടും, എല്‍സ്‌വര്‍ത്ത് ബങ്കര്‍ എന്ന വേറൊരു പഴയ യു.എസ്. അംബാസ്സഡറുടെ ജീവചരിത്രകൃതി വായിച്ച് മന്ത്രിയും സഖാക്കളും ആവേശഭരിതരായതിന്റെ രഹസ്യം അറിവായിട്ടില്ല. നാലുകൊല്ലം മുമ്പിറങ്ങിയ പുസ്‌തകം വായിക്കാന്‍ വിമാനക്കൂലി ചെലവിട്ട് അങ്ങോട്ട് പോകേണ്ടിയിരുന്നോ എന്നും ചില സംശയാലുക്കള്‍ ചോദിക്കുന്നുണ്ട്.
ബങ്കര്‍ജീവചരിത്രത്തില്‍ പുതിയ വിവരമൊന്നുമില്ലെന്ന് ധരിക്കരുത്. ഉണ്ട്. നേരത്തെ മൊയ്‌നിഹാന്‍ എഴുതിയിരുന്നത് ഇന്ദിരാഗാന്ധിയാണ് സി.ഐ.എ. ഇടപാട് കൈകാര്യം ചെയ്‌തിരുന്നത് എന്നാണ്. തെറ്റി. അക്കാലത്തെ അംബാസ്സഡര്‍ ഇപ്പറഞ്ഞ ബങ്കര്‍ ആയിരുന്നു. അദ്ദേഹം പറയുന്നത് കാശ്‌ഇടപാട് നടത്തിയത് അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന എസ്.കെ.പാട്ടീല്‍ ആയിരുന്നു എന്നാണ്. കരുണാകരന്‍ മുതല്‍ സോണിയാഗാന്ധി വരെയുള്ള ഇന്ദിരാഗാന്ധിയുടെ ആരാധകര്‍ക്ക് കൈകഴുകാം, എസ്.കെ.പാട്ടീല്‍ പഴയ സിണ്ടിക്കേറ്റ് കോണ്‍ഗ്രസ്സിന്റെ ആളായിരുന്നു.
ഇതൊക്കെയാണെങ്കിലും സി.ഐ.എ ചെയ്യുന്നത് വലിയ സേവനം തന്നെയാണ്. അമ്പത്തേഴില്‍ ഉണ്ടായ മന്ത്രിസഭ വിമോചനസമരം നടന്നില്ലെങ്കിലും അഞ്ചുവര്‍ഷത്തിനപ്പുറമൊന്നും പോകുമായിരുന്നില്ല. അതിന് മുമ്പ് സ്വാഭാവികമരണത്തിനും സാധ്യതയുണ്ടായിരുന്നു. സമരംനടന്നിട്ടും കേന്ദ്രം പിരിച്ചുവിട്ടിട്ടും, സഹതാപതരംഗമൊട്ടുമില്ലാതെ അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോല്‍ക്കുകയാണുണ്ടായത്. അഞ്ചുവര്‍ഷം തികച്ചിരുന്നെങ്കില്‍ സ്ഥിതി കൂടുതല്‍ മോശമാകുമായിരുന്നു. സി.ഐ.എ ഇടപെട്ടതുകൊണ്ട് രക്ഷയായി. ചരിത്രത്തില്‍ സ്ഥാനമുറപ്പായി. ധീരവിയറ്റ്‌നാം കഴിഞ്ഞാലിപ്പോള്‍ രണ്ടാം സ്ഥാനം കേരളത്തിനാണ്. അമേരിക്കന്‍ സാമ്രാജ്യത്വം മറ്റെവിടെയെങ്കിലും ഇത്രതീവ്രമായി ഇടപെട്ടിട്ടുണ്ടോ ? വേണമെങ്കില്‍ കാസ്‌ട്രോവിന്റെ ക്യൂബയെക്കൂടി കൂട്ടിക്കോളിന്‍. സി.ഐ.എവിഡ്ഡിത്തങ്ങളുടെ നീണ്ട പട്ടികയിലാണ് വിയറ്റ്‌നാമും ക്യൂബയും ഇറാഖും പോലെ കേരളത്തിനും സ്ഥാനം.
കേരളത്തില്‍ കമ്യൂണിസ്റ്റ് മന്ത്രിസഭ വന്നാല്‍ അഞ്ചോ പത്തോ വര്‍ഷം കൊണ്ട് ഇന്ത്യ മുഴുവന്‍ ചുകപ്പാകും എന്നാരോ പറഞ്ഞത് കേട്ട് ഭയന്നാണ് സി.ഐ.എ കടുംകൈയ്‌ക്ക് ഇറങ്ങിപ്പുറപ്പെട്ടത്. ഭാഗ്യവശാല്‍, ചില്വാനം ചെലവിടാനല്ലാതെ മറ്റൊന്നിനും ഒരുമ്പെട്ടില്ല. ആദിവാസികളുടെയും സുനാമി ദുരിതബാധിതരുടെയും ഫോട്ടോ കൊണ്ടുപോയിക്കാട്ടി സംഭാവന വാങ്ങുന്നത് പോലെ വിമോചനസമരജാഥയുടെ പടം കാട്ടിയും കാശ് കുറെ പോക്കറ്റിലാക്കിയിരിക്കണം. മുപ്പതുകൊല്ലമായി ബംഗാളില്‍ ഇതേകൂട്ടര്‍ ഭരിക്കുന്നു. ഇനിയും ഒരു മുപ്പതുകൊല്ലം ഭരിച്ചാലും സി.ഐ.എ.ക്ക് വിരോധം കാണില്ല. വേണമെങ്കില്‍ അതിന് പത്ത് ഡോളര്‍ മുടക്കാനും തയ്യാറായേക്കും. അതുവേറെ കാര്യം. എങ്കിലും സി.ഐ.എ.യുടെ പഴയ ഇടപെടല്‍ വിവരിക്കുന്നതിന്റെ രസവും ലഹരിയുമൊന്നുവേറെതന്നെ. ചെറുപ്പമായിരുന്ന കാലത്ത് അമ്പലപ്പറമ്പില്‍ നാലുതെമ്മാടികളെ അടിച്ചുവീഴ്‌ത്തിയ കഥ വയസ്സുകാലത്ത് ചെറുമക്കളോട് വിവരിക്കുന്നതുപോലെത്തന്നെ. പഴകുന്നതിനനുസരിച്ച് ഈ വീഞ്ഞിന്റെ ലഹരി കൂടുകയേ ഉള്ളൂ, എങ്കിലും വീഞ്ഞിന്റെ കുപ്പി പുതിയതായിക്കോട്ടെ.
************************
ഒരു പണമിടപാട് സ്ഥാപനത്തെ – പണമിരിട്ടിപ്പ് സ്ഥാപനം എന്നും പറയും – കേസ്സില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഒരുകോടി രൂപ കോഴവാങ്ങിയതിനാണത്രെ നേര് നേരത്തെ അറിയിക്കുന്ന പത്രത്തിലെ ഉദ്യോഗസ്ഥനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. നേരോ ? സംഗതി നേരുതന്നെ. പാര്‍ട്ടിപ്പത്രത്തിലുണ്ട് വാര്‍ത്ത.
പത്രത്തില്‍ നേരിന്റെ വിശദാംശങ്ങളൊന്നുമില്ല. അപകീര്‍ത്തികരമായ സാമ്പത്തികഇടപാട് നടത്തിയതിനാണ് പുറത്താക്കിയത് എന്നേ അതിലുള്ളൂ. പ്രസ്‌തുത ഉദ്യോഗസ്‌തന്‍ ഉന്നതനേതാക്കളുടെ സന്തതസഹചാരിയാണത്രെ. മിടുക്കന്‍.
പണമിടപാടുകാരൊന്നും പത്രക്കാരെപ്പോലെ പാര്‍ട്ടിയെപ്പറ്റി ഒരുചുക്കും അറിഞ്ഞുകൂടാത്തവരാകില്ല. ആണെങ്കില്‍ അവര്‍ പണമിടപാടുകാരാകില്ലല്ലോ. കേസ്സില്‍നിന്ന് രക്ഷിക്കാന്‍ ഒരുകോടി തരണമെന്ന്‌് ആരോ പറഞ്ഞപ്പോള്‍, ‘എങ്കില്‍ ഇതാ പിടിക്കിന്‍ ഒരു കോടിരൂപ ‘ എന്ന്‌് പറഞ്ഞ് കാശ് എടുത്തുകൊടുക്കുമോ ഏതെങ്കിലും പണമിടപാടുകാരന്‍ ! ഇല്ലില്ല. പാര്‍ട്ടിയുടെ പണമിടപാടുകള്‍ക്കുമുണ്ട്‌് ചില നടപടിക്രമങ്ങളെല്ലാം. അപകീര്‍ത്തികരമായ സാമ്പത്തികഇടപാടിനെപ്പറ്റി പാര്‍ട്ടി ചിന്തിക്കപോലുമില്ല. ഇടപാട് പാടില്ലെന്നല്ല, അപകീര്‍ത്തി പാടില്ല എന്നര്‍ഥം.
ധാരണയായതിന്റെ മൂന്നിലൊന്ന് തുക മാത്രമാണ് കൈമാറിയതെന്നും ഭരണത്തിലെ ഉയര്‍ന്നവരൊന്നും സംഗതി അറിഞ്ഞില്ലെന്നും കരയില്‍ വര്‍ത്തമാനമുണ്ട.് നേരറിയില്ല. ഇപ്പോള്‍ അടിയന്തിരമായി നടപടിയെടുത്തത് തിങ്കളാഴ്‌ച തുടങ്ങുന്ന കേന്ദ്രക്കമ്മിറ്റിയില്‍ മുഖം രക്ഷിക്കാനാണെന്നും ശത്രൂക്കള്‍ പറഞ്ഞുനടക്കുന്നുണ്ട്. അതിന്റെ നേരും അറിയില്ല.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതിയെത്തിയിരുന്നെങ്കില്‍ അതുനേരെ പോകുക വിജിലന്‍സിലേക്കാണ്, എ.കെ.ജി സെന്ററിലേക്കല്ല. സര്‍ക്കാര്‍ ശിപായി പത്തുരൂപ വാങ്ങിയെന്ന് പരാതിപറഞ്ഞാലും ചാടിവീഴുക വിജിലന്‍സാണ്. ഇവിടെ കേസ് ഒരുകോടിയുടേതാണ്. എഫ് ഐ ആര്‍ ഇല്ല, അന്വേഷണമില്ല, അറസ്റ്റില്ല. മന്ത്രിയാപ്പീസിലും വിമാനത്തിലും നടന്ന പുറത്തുപറയാന്‍ കൊള്ളാത്ത ഇടപാടുകള്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് വിട്ട കീഴ്‌വഴക്കമുണ്ട് കേരളത്തില്‍. ഒരുകോടിയെന്നത് അന്തസ്സായി പുറത്തുപറയാവുന്ന തുകയല്ലേ ? ജുൃഡീഷ്യല്‍ അന്വേഷണമായാലോ. വൈ നോട്ട് കോംറേഡ്‌സ് ?
***************************
അമ്പതുവര്‍ഷം മുമ്പത്തെ സി.ഐ.എ ഇടപെടലിനെക്കുറിച്ച് രഹസ്യവിവരം ശേഖരിക്കാന്‍ സി.ഐ.ഡി ആയിപ്പോയ മന്ത്രി അടുത്ത കാലത്തെ ഇടപെടലുകളെക്കുറിച്ച് എന്തെങ്കിലും വിവരം ശേഖരിച്ചുവോ എന്ന് പാര്‍ട്ടിപത്രത്തിലൊന്നും കണ്ടില്ല. പാര്‍ട്ടി നടപ്പാക്കിയ ജനകീയാസൂത്രണം സാമ്രാജ്യത്വക്കാരുടെ ഇടപാടായിരുന്നുവെന്നും കേരളത്തിലെ ഒരു ഇടതുപക്ഷധനതത്ത്വശാസ്‌ത്രജ്ഞനാണ് സി.ഐ.എ. യുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നതെന്നും ആരോപിച്ചത് പാര്‍ട്ടിയുടെ പല തട്ടുകളിലും ഉണ്ടായിരുന്ന ചിലരാണ്. ആസൂത്രണത്തിനും വേണ്ടിയും മറ്റും ശേഖരിച്ച വിവരങ്ങള്‍ സി.ഐ.എ.യ്‌ക്ക് കൈമാറിയെന്നുവരെ ആക്ഷേപമുയര്‍ത്തിയിരുന്നു. യു.എസ്സില്‍ നിന്ന് വന്ന റിച്ചാര്‍ഡ് ഫ്രാന്‍കി എന്ന ഗവേഷകന്‍ ചാരനാണ് എന്ന് പറഞ്ഞതും സഖാക്കള്‍ത്തന്നെ. ‘ ചാരന്മാര്‍ മാഷായും നര്‍ത്തകനായും പാട്ടുകാരനായും’ വരുമെന്ന് പറഞ്ഞത് എം.എന്‍.വിജയന്‍ ആണ്. സംസ്ഥാനത്തെ പാര്‍ട്ടിഘടകങ്ങളില്‍ മുഴുവന്‍ കൃത്യം നാലുവര്‍ഷം മാത്രം മുമ്പ് ് ഇതായിരുന്നു ചര്‍ച്ച. സി.പി.എം പോളിറ്റ് ബ്യൂറോ സി.ഐ.ഡി കളെ വിട്ട് റിച്ചാര്‍ഡ് ഫ്രാന്‍കി എന്ന ഗവേഷകന്റെ തല്‍സ്വരൂപം എന്ത് എന്ന് അന്വേഷിച്ചിരുന്നു. ഫ്രാന്‍കി നല്ലൊരു ഇടതുപക്ഷക്കാരന്‍തന്നെ എന്ന വിവരമാണ് അന്ന് ലഭിച്ചത്. സി.പി.എമ്മിന് സി.ഐ.എ.യില്‍ നിന്ന് രഹസ്യം ചോര്‍ത്താനുള്ള സംവിധാനമൊന്നുമില്ല. സി.പി.എമ്മിലെ രഹസ്യം മാധ്യമസിണ്ടിക്കേറ്റുകാര്‍ ചോര്‍ത്തും പോലെ അനായാസമല്ലല്ലോ അത്. എന്തായാലും യു.എസ്സിലും സി.ഐ.എ.യിലും സംസ്ഥാനമന്ത്രിയ്‌ക്കുള്ളത്ര വാര്‍ത്താഉറവിടങ്ങള്‍ പോളിറ്റ് ബ്യൂറോവിന് ഉണ്ടാവാനിടയില്ല.
സി.ഐ.എ രഹസ്യങ്ങള്‍ അനാവരണം ചെയ്‌തുകൊണ്ട് പാര്‍ട്ടി സൈദ്ധാന്തികപ്രസിദ്ധീകരണത്തില്‍ ഡോ.ടി.എം.തോമസ് ഐസക് എന്ന ഇന്‍വെസ്‌റ്റിഗേറ്റീവ് ജേണലിസ്‌റ്റ് എഴുതിയ ലേഖനത്തില്‍ സഖാവ് ഇ.എം.എസ്സിനുണ്ടായിരുന്ന ഒരു തെറ്റിദ്ധാരണയും തിരുത്തുന്നുണ്ട്. രഹസ്യസോഴ്‌സുകളില്‍ നിന്ന് കിട്ടിയ വിവരമായിരുന്നിരിക്കണം. തന്റെ നേതൃത്വത്തില്‍ അമ്പത്തേഴില്‍ അധികാരത്തില്‍ വന്നതാണ് തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരുന്ന ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ എന്ന തെറ്റിദ്ധാരണ ഇ.എം.എസ് തിരുത്തിയിട്ടുണ്ട്. കേരളത്തിലല്ല. ബ്രിട്ടിഷ് ഗയാനയില്‍ ഛെഡ്ഡീ ജഗന്റെ നേതൃത്വത്തില്‍ 53ല്‍ വന്നതാണ് ആദ്യത്തേതെന്ന് അദ്ദേഹം പലേടത്തും എഴുതിയിട്ടുണ്ട്. തിരുത്തല്‍വാദിയെന്ന് വിളിക്കപ്പെട്ടാലും വിരോധമില്ല, തിരുത്തണം ആ ധാരണ. ഇ.എം.എസ് എഴുതിയത് തെറ്റാണ് ഇറ്റലിയിലെ കൊച്ചുരാജ്യമായ സാന്‍മരീനോയില്‍ 1945 ലാണ് ആദ്യമായി കമ്യൂണിസ്റ്റുകാര്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരുന്നത്. ഇ.എം.എസ്സുപോലും കേട്ടിട്ടില്ലാത്ത എന്തെല്ലാം വിവരങ്ങളാണ് കമ്യുണിസ്റ്റുകാരെക്കുറിച്ച് അമേരിക്കക്കാര്‍ ശേഖരിച്ചുവെച്ചിരിക്കുന്നത്. ഭയങ്കരന്മാര് തന്നെ.