സ്യൂട്ട്‌കേസ്‌ ബോംബ്‌ മുതല്‍ പൈപ്പ്‌ ബോംബ്‌ വരെ

ഇന്ദ്രൻ

ഹവാലാ ബോംബുകളില്‍ ചിലത്‌ ഇനിയും പൊട്ടാന്‍ ബാക്കിയുണ്ടെന്നാണ്‌ കേള്‍ക്കുന്നത്‌. ഇതിനകമുണ്ടായ ബോംബ്‌ സ്ഫോടനത്തിന്റെ ഫലമായി തലപോയവരെത്ര, കൈ പോയവരെത്ര, കസേര പോയവരെത്ര എന്നീ കണക്കുകള്‍ ദില്ലി പോലീസ്‌ ശേഖരിച്ചുവരികയാണ്‌. മാനം പോയവര്‍ ആരെങ്കിലുമുണ്ടോ എന്നു വിളിച്ചു ചോദിച്ചിട്ട്‌ ഇതുവരെയായി മറുപടിയൊന്നും കിട്ടിയിട്ടില്ല. അതുള്ളവര്‍ നേരത്തെ തന്നെ ദില്ലിയിലാരും ഉണ്ടായിരുന്നില്ലെന്നാണ്‌ പറയപ്പെടുന്നത്‌.

എ.ഐ.സി.സി. ഓഫീസ്‌, സംഘപരിവാര്‍ ആസ്ഥാനം, ജന്തര്‍മന്തര്‍ റോഡ്‌ എന്നിവിടങ്ങളിലാണ്‌ ഏറെ നാശനഷ്ടങ്ങളുണ്ടായതെന്ന്‌ അംശം അധികാരി അറിയിച്ചിട്ടുണ്ട്‌. എ.ഐ.സി.സി. ആസ്ഥാനത്ത്‌ പരിക്കേറ്റു വീണവരെയും തല പോയവരെയും നീക്കം ചെയ്യാനുള്ള രക്ഷാപ്രവര്‍ത്തനങ്ങളുടെ കടുത്ത ബഹളമാണ്‌. കസേര തെറിച്ചവരും അവരുടെ ബന്ധുക്കളും ശിങ്കിടികളും സ്വന്തം നെഞ്ചത്ത്‌ ആഞ്ഞടിച്ച്‌ നിലവിളിച്ച്‌ നടക്കുന്ന കാഴ്ച കണ്ണില്‍ച്ചോരയുള്ള ആര്‍ക്കും കണ്ടുനില്‍ക്കാനാവില്ല. ഇതിനകം പരിക്കൊന്നും പറ്റിയിട്ടില്ലാത്തവര്‍ അടുത്ത സ്ഫോടനത്തിനു മുന്‍പ്‌ കൈയില്‍ കിട്ടിയതെല്ലാം പെറുക്കിക്കൂട്ടി കുഞ്ഞുകുട്ടി കെട്ട്യോളുമാരെയും വിളിച്ച്‌ സ്ഥലം കാലിയാക്കാനൊരുങ്ങുകയാണ്‌. ഇതിനിടെ പുര കത്തുമ്പോള്‍ ബീഡിക്ക്‌ തീ കൊളുത്തുക എന്ന ചിരപുരാതനമായ തത്വം മുറുകെ പിടിക്കുന്നതിനു വേണ്ടി ചിലര്‍ ബീഡി തപ്പാന്‍ തുടങ്ങിയിട്ടുണ്ട്‌. കേരളത്തില്‍ നിന്നുള്ള റാവുവിനേക്കാള്‍ മൂപ്പുള്ള നേതാവാണ്‌ ഈ കാര്യത്തിലും ഫസ്റ്റ്‌ എന്നാണ്‌ കേള്‍ക്കുന്നത്‌. ആസ്ഥാനവാതില്‍ അകത്തുനിന്ന്‌ അടച്ച്‌ കുറ്റിയിട്ടിരിക്കുകയാണ്‌. പ്രത്യക്ഷത്തില്‍ കേടുപാടൊന്നും കാണാനില്ല. എന്നാല്‍ മോന്തായം പൊട്ടിത്തെറിയുടെ ആഘാതത്തില്‍ തെറിച്ചു പോയിട്ടുണ്ട്‌. മുറിക്കകത്ത്‌ ഒരാള്‍ ചലനരഹിതനായി, ഇതികര്‍ത്തവ്യതാമൂഢനായി ഇരിക്കുന്നുണ്ടെന്നാണ്‌ വിമാനത്തില്‍ നിരീക്ഷണം നടത്തിയവര്‍ പറയുന്നത്‌. ഇത്‌ ജീവനുള്ള ആളാണോ പ്രതിമയാണോ എന്നു വ്യക്തമല്ല. എ.ഐ.സി.സി. പ്രസിഡണ്ടിന്റെ മുറിയത്രെ അത്‌.

സംഘപരിവാര്‍ ആസ്ഥാനത്തെ വെപ്രാളം വിവരണാതീതമാണ്‌. പക്ഷേ, തങ്ങള്‍ക്ക്‌ സ്ഫോടനത്തില്‍ ഒരു ചുക്കും സംഭവിച്ചിട്ടില്ലെന്ന്‌ വരുത്താനുള്ള പല നാടകങ്ങളും അവിടെ അരങ്ങേറുന്നുണ്ട്‌. തെങ്ങില്‍ നിന്ന്‌ വീണിട്ടും ഒന്നും പറ്റിയിട്ടില്ല, പക്ഷേ, തല കാണുന്നില്ല എന്നു പറഞ്ഞതുപോലെ ലാല്‍കിഷന്‍ അഡ്വാനി എന്ന ഭാവി പ്രധാനമന്ത്രിയുടെ യശസ്സ്‌ പട്ടില്‍പ്പൊതിഞ്ഞ്‌ പച്ചോലയില്‍ കിടത്തിയ നിലയിലാണുള്ളത്‌. സംഭവം മുന്‍കൂട്ടിക്കണ്ട്‌ അഡ്വാനിജിയെ മാറ്റി വാജ്‌പേയിയെ മുന്നില്‍ നിര്‍ത്തിയത്‌ സംഘപരിവാര്‍ മസ്തിഷ്കത്തിന്റെ അപാരമായ ദീര്‍ഘവീക്ഷണമാണെന്ന്‌ ആസ്ഥാനത്തെ ബൗദ്ധിക്‌ പ്രമുഖ്‌ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

പ്രതിപക്ഷ ഭരണപക്ഷകേമ്പിലേക്ക്‌ കല്ല്‌, പടക്കം, ആസിഡ്‌ ബള്‍ബ്‌, ബോംബ്‌ എന്നിവ എറിയുകയാണ്‌ ജനാധിപത്യത്തിലെ ഏറ്റവും ആരോഗ്യകരമായ കീഴ്‌വഴക്കം. ഭരണപക്ഷം മുഖ്യ പ്രതിപക്ഷത്തിനു നേരെ അതു ചെയ്യുന്നത്‌ തീര്‍ത്തും ജനാധിപത്യവിരുദ്ധമാണെന്ന്‌ പാര്‍ട്ടി ആക്ഷേപിക്കുന്നു. ഇത്തരമൊരു സ്ഥിതിവിശേഷം മുന്‍പൊന്നുമുണ്ടായിട്ടില്ലാത്തതുകൊണ്ട്‌ എന്തുചെയ്യണമെന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ അട്ടര്‍ കണ്‍ഫ്യൂഷന്‍ ഉണ്ട്‌. ഗുജറാത്തില്‍ വഗേല ബോംബ്‌ പൊട്ടിയപ്പോള്‍ മാത്രമേ ഇതിനുമുന്‍പ്‌ ഇത്ര കണ്‍ഫ്യൂഷന്‍ ഉണ്ടായിട്ടുള്ളു. ആ ക്ഷീണം തീരും മുന്‍പാണ്‌ ഈ അടി. ഇത്‌ കുറച്ച്‌ കടുപ്പമായിപ്പോയി റാവുജീ. കയ്യറപ്പ്‌ ലവശേഷം ഇല്ലാതിരുന്ന ഇന്ദിരാഗാന്ധികൂടി ഇതുപോലൊരു ക്രൂരത കാട്ടിയിട്ടില്ല.

എറിഞ്ഞ ബോംബ്‌ റാവുജിതന്നെ തിരിച്ചെടുക്കണമെന്നാണ്‌ പാര്‍ട്ടി നേതൃത്വം ഏറ്റവും ഒടുവില്‍ ആവശ്യപ്പെട്ടിട്ടുള്ളത്‌. ഈ ആവശ്യം ശരിയായില്ലെന്നും ആയെന്നുമെല്ലാം അഭിപ്രായങ്ങള്‍ പാര്‍ട്ടിയിലുണ്ട്‌. ഇത്രയും കാലം ആരാന്റെ അമ്മയ്ക്ക്‌ പ്രാന്ത്‌ പിടിക്കുന്നത്‌ കണ്ട്‌ രസിച്ചിട്ടേയുള്ളൂ. ഈ പണ്ടാരം ഇങ്ങോട്ടു വരുമെന്ന്‌ ആരും കണ്ടിരുന്നില്ല. അഡ്വാനി മിസ്റ്റര്‍ ക്ലീന്‍ ആയതുകൊണ്ട്‌ അദ്ദേഹത്തിനെതിരെയുള്ള സി.ബി.ഐ.യുടെ കള്ളബോംബ്‌ പിന്‍വലിക്കണമെന്നാണ്‌ പാര്‍ട്ടി എക്സിക്യൂട്ടീവിന്റെ ആവശ്യം. അഡ്വാനിജിയേക്കാള്‍ മിസ്റ്റര്‍ ക്ലീന്‍ ആണ്‌ റാവുജി എന്നാണ്‌ ഗാഡ്ഗില്‍ വക്താവ്‌ പറഞ്ഞത്‌. എങ്കില്‍ ഇരുകൂട്ടര്‍ക്കും യോജിച്ച്‌ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്‌. റാവുജിക്കെതിരെ ഇതുവരെ എറിഞ്ഞ ബോംബുകളെല്ലാം അഡ്വാനിജി പിന്‍വലിക്കുക. ഹര്‍ഷദ്‌ മേത്തയുടെ സ്യൂട്ട്‌കേസ്‌ ബോംബു മുതല്‍ ജയിനിന്റെ പൈപ്പ്‌ ബോംബ്‌ വരെ എല്ലാം അതില്‍പെടും. പൊട്ടാതെ പോയ ടെലിഫോണ്‍ ബോംബ്‌, നനഞ്ഞ്‌ ‘ശൂ’ ആയിപ്പോയ പഞ്ചസാര ബോംബ്‌ എന്നിങ്ങനെ പലതുമുണ്ടല്ലോ. അവയെല്ലാം പിന്‍വലിച്ചാല്‍ ഹവാലാ ബോംബും പിന്‍വലിക്കാന്‍ വിരോധമുണ്ടാവില്ല. കോടതി സമ്മതിക്കുമോ എന്നത്‌ വേറെ കാര്യം.

ഇക്കാലത്തിനിടയില്‍ ഒരു അഴിമതിക്കേസും പിന്‍വലിക്കണമന്നെ്‌ ഇന്ത്യയിലൊരു പാര്‍ട്ടിയും ആവശ്യപ്പെട്ടിട്ടില്ല. കാര്യം ശരിതന്നെ. മറ്റുള്ളവര്‍ക്കെതിരെ ആരോപിക്കുംപോലെയാണോ നമ്മുടെ നേതാവിനെതിരെ ആരോപിക്കുന്നത്‌? അത്‌ അനുവദിച്ചുകൂടാ. സത്യം കോടതി തീരുമാനിക്കട്ടെ എന്ന്‌ വിട്ടുകൊടുത്താല്‍ അധ്വാന ഇനി പാര്‍ലമെന്റ്‌ കാണില്ല. കേസ്‌ എത്ര പതിറ്റാണ്ട്‌ കാലത്തേക്കും നീട്ടിക്കൊണ്ടുപോകാന്‍ കഴിഞ്ഞേക്കും. അധ്വാനിജി പ്രതിയായതുകൊണ്ട്‌ കേസ്‌ അടുത്ത തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ തീര്‍ക്കണമെന്ന്‌ വാശിപിടിക്കുന്നതില്‍ കാര്യമില്ലല്ലോ. രാജീവ്ഗാന്ധിയെ കൊന്ന കേസുകൂടി ഇനിയും തീര്‍ന്നിട്ടില്ല. കൈയടി വാങ്ങാന്‍വേണ്ടി രാജിവെക്കും മുമ്പ്‌ ആലോചിക്കേണ്ടതായിരുന്നു. രാജിവെച്ചത്‌ കൊള്ളാം. കേസ്‌ തീരുംവരെ മത്സരിക്കില്ലെന്ന്‌ പറഞ്ഞത്‌ അപാരബുദ്ധിയായിപ്പോയി.

ക്രിമിനല്‍ കേസില്‍ പ്രതിയായാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ലെന്ന്‌ വല്ല നിയമവുമുണ്ടോ? ഒരു നിയമവുമില്ല. മത്സരിക്കുക മാത്രമല്ല, പ്രധാനമന്ത്രിയാവുകപോലും ചെയ്യാം. വി.പി.സിംഹിനെ കുടുക്കാന്‍ സെന്റ്‌ ക്വിറ്റ്‌സ്‌ കള്ളരേഖയുണ്ടാക്കിയതിന്‌ സി.ബി.ഐ ചാര്‍ജ്ഷീറ്റില്‍ പ്രതിയാണ്‌ ഇന്ത്യന്‍ പ്രധാനമന്ത്രി. കേസ്‌ ഇപ്പോഴും കോടതിയിലാണ്‌. അതാകൊണ്ട്‌ ബി.ജെ.പി ക്കു വേണമെങ്കില്‍ മാത്രം കേസ്സെല്ലാം രാജിയാക്കാം. കോണ്‍ഗ്രസ്സിന്‌ ഹവാലാ കൊണ്ടൊന്നും ഒരു ക്ഷീണവുമുണ്ടാകില്ല. നല്ല പേര്‌ ആദ്യമുണ്ടെങ്കിലല്ലേ ആരോപണം കൊണ്ട്‌ പേര്‌ ചീത്തയാകൂ. തറയില്‍ കിടക്കുന്നവന്‌ ഉറക്കത്തില്‍ താഴെ വീണേക്കുമെന്ന ഭയം വേണ്ടല്ലോ.

ഹവാലാ ബോംബ്‌ വീണ മൂന്നാമത്തെ കേന്ദ്രത്തില്‍ ആര്‍ക്കും ഒട്ടും പരിഭ്രാന്തിയില്ല. പതിവുപോലെ ‘നരസിംഹറാവു രാജിവെക്കണം’ എന്ന പ്രഭാതഗീതം അവിടെനിന്നുയര്‍ന്നുകേള്‍ക്കുന്നുണ്ട്‌. ഹവാലാ ഡയറിയില്‍ പാര്‍ട്ടി പ്രസിഡണ്ട്‌ ബൊമ്മെയുടെ പേരുണ്ട്‌ എങ്കിലും അദ്ദേഹം പാര്‍ട്ടി അധ്യക്ഷസ്ഥാനമോ രാജ്യസഭാംഗത്വമോ രാജിവെക്കേണ്ടതില്ല. ആരിഫ്ഖാന്‍, വി.സി. ശുക്ല, യശ്വന്ത്‌ സിന്‍ഹ, ദേവിലാല്‍ തുടങ്ങി ഹവാലാ ബോംബ്‌ കേസിലേക്ക്‌ ഏറ്റവും കൂടുതല്‍ പ്രമാണിമാരെ സംഭാവന ചെയ്ത പാര്‍ട്ടിയുടെ തലവനെന്ന നിലയില്‍ പ്രത്യേക പരിഗണന ബൊമ്മെക്ക്‌ ലഭിക്കും.

ദില്ലി എ.കെ.ജി ഭവനിലും അജയ്ഘോഷ്‌ ഭവനിലും സഖാക്കള്‍ വലിയ ആഘോഷത്തിലാണ്‌. ബോംബിന്റെ ഒരു കഷണംപോലും അങ്ങോട്ടുതെറിച്ചില്ലെന്നതാണ്‌ അവരുടെ തുള്ളിച്ചാട്ടത്തിന്‌ കാരണം. തങ്ങള്‍ മാത്രമാണ്‌ ഇന്ത്യയിലെ ക്ലീന്‍ ക്ലീന്‍ പാര്‍ട്ടികളെന്ന്‌ അവര്‍ അവകാശപ്പെടുന്നു. ജെയിന്‍ സഹോദരന്മാര്‍ സ്യൂട്ട്‌കേസില്‍ പണവുമായി വന്നപ്പോള്‍ അവര്‍ പട്ടിയെ അഴിച്ചുവിട്ടു. അതാണ്‌ സംഭവിച്ചത്‌. ഹവാലപ്പണം ഞങ്ങള്‍ക്ക്‌ വേണ്ടേവേണ്ട എന്ന്‌ സഖാക്കള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു എന്നാണ്‌ റിപ്പോര്‍ട്ട്‌. മറിച്ചൊരു അഭിപ്രായവും രാഷ്ട്രീയവൃത്തങ്ങളില്‍ കേള്‍ക്കുന്നുണ്ട്‌. രാഷ്ട്രീയക്കാര്‍ക്ക്‌ കള്ളപ്പണക്കാര്‍ കാശുകൊടുക്കുന്നത്‌ ഇന്ത്യന്‍ ജനാധിപത്യം എങ്ങനെയെങ്കിലും ഒന്നു പച്ചപിടിച്ചോട്ടെ എന്നു വിചാരിച്ചിട്ടൊന്നുമല്ലല്ലോ. ഇന്ന്‌ അധികാരത്തിലുള്ളവര്‍ക്കും നാളെ അധികാരത്തില്‍ വരാനിടയുള്ളവര്‍ക്കും ആണ്‌ മുതലാളിമാരും കള്ളക്കടത്തുകാരും കുഴല്‍പ്പണക്കാരുമെല്ലാം കാശ്‌ കൊടുക്കുക. സ്വര്‍ഗത്തില്‍ പോകാന്‍ വേണ്ടി വെറുതെ വഴിയില്‍ കാണുന്ന ദരിദ്രവാസികള്‍ക്കെല്ലാം കാശ്‌ കൊടുക്കേണ്ട കാര്യമില്ല. അതിനുള്ള ചാര്‍ജ്‌ എല്ലാവരും അമ്പലത്തിലും, പള്ളിയിലും നേരിട്ടടച്ച്‌ ശീട്ടാക്കുകയാണല്ലോ പതിവ്‌. ഇന്നോ നാളെയോ മറ്റന്നാളോ അധികാരത്തില്‍ വരാന്‍ ഇടയില്ലെന്ന്‌ തോന്നിയതുകൊണ്ടാവണം ജെയിന്‍കൂട്ടര്‍ ഇടതു- വലത്‌ (സോറി വലത്‌ എന്ന്‌ പറയാന്‍ പാടില്ലാത്തതാണ്‌) കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്ക്‌ അഞ്ചുകാശ്‌ കൊടുക്കാതിരുന്നത്‌. ജെയിന്‍ സഹോദരന്മാരെ ബുദ്ധിശൂന്യരെന്ന്‌ വിളിക്കാനാവില്ല. ഇത്‌ കടുത്ത കമ്മ്യൂണിസ്റ്റ്‌ വിരുദ്ധമൂരാച്ചികള്‍ നടത്തുന്ന ദുഷ്പ്രചരണമാണെന്ന കാര്യത്തില്‍ സംശയിക്കേണ്ട.

ഹവാലാ സ്ഫോടനപരമ്പരയുടെ ആഘാതത്തില്‍ നിന്ന്‌ ഇന്ത്യന്‍ ജനാധിപത്യത്തെ രക്ഷപ്പെടുത്തുവാന്‍ ഇനി എന്തുചെയ്യണം എന്ന്‌ നേതൃത്വങ്ങള്‍ ആലോചന തുടങ്ങിയിട്ടുണ്ട്‌. പലര്‍ക്കും പല അഭിപ്രായങ്ങളാണുള്ളത്‌. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക്‌ തിരഞ്ഞെടുപ്പുചെലവും പ്രവര്‍ത്തനഫണ്ടും കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്ന്‌ ചില ബുദ്ധിജീവികള്‍ പറഞ്ഞു. പറഞ്ഞത്‌ ബുദ്ധിജീവികളായതുകൊണ്ട്‌ വിഡ്ഢിത്തമാകാനേ തരമുള്ളു. രാഷ്ട്രീയ പാര്‍ട്ടികളുടെ ചെലവുമുഴുവന്‍ ഗവണ്‍മെന്റ്‌ വഹിക്കാന്‍ തുടങ്ങിയാല്‍, ഉദ്യോഗസ്ഥന്മാര്‍ക്ക്‌ ശമ്പളം കൊടുക്കാന്‍ ക്ലിന്റനോട്‌ പറയേണ്ടിവരും. ഒരുമാസം നേതാക്കളുടെ വിമാനടിക്കറ്റിനും തീറ്റയ്ക്കും തന്നെ വേണ്ടിവരും നികുതിപിരിക്കുന്ന കാശ്‌ മുഴുവന്‍. നടക്കുന്ന കാര്യം വല്ലതും പറയിന്‍ ബുദ്ധിജീവികളേ, ഗൗരവപൂര്‍വ്വം ഉയര്‍ന്നുവന്നിട്ടുള്ള ഒരഭിപ്രായം ഹവാലാ എന്നോ ‘ഹ’ എന്നു പോലുമോ ഇനി ആരം മിണ്ടരുതെന്നാണ്‌. കെട്ടിടത്തോളം സര്‍വ്വസമ്മതനായ ഒരു കാഴ്ചപ്പാട്‌ ഇതു മാത്രമാണ്‌. കൈക്കൂലി, അഴിമതി, ഹവാലാ തുടങ്ങിയവയൊന്നും യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയക്കാരുടെ കുഴപ്പമല്ല. അതെല്ലാം ഇന്നത്തെ വ്യവസ്ഥിതിയുടെ ഫലങ്ങളാണ്‌. പോരാത്തതിന്‌ അവ ആഗോളപ്രതിഭാസങ്ങളുമാണ്‌. ഒരു കാര്യം എല്ലാവരും കുടുമവെക്കമ്പോ, ഒരുത്തന്‍ കുടുമ മുറിച്ചാല്‍ അവന്‌ അടി യഥേഷ്ടം കിട്ടും. മറിച്ചായാല്‍ കുടുമവെക്കുന്നവനാണ്‌ അടികൊടുക്കുക. അതുകൊണ്ട്‌ എല്ലാവരുടെയും കാല്‌ മന്തായ സ്ഥിതിക്ക്‌ ഇനി പരസ്പരമൊന്നും മിണ്ടണ്ട. മന്തിന്റെ തൂക്കത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ അവഗണിക്കാം. സര്‍ക്കാര്‍ അടിയന്തിരമായി നടപടിയെടുക്കേണ്ട മറ്റൊരു കാര്യമുണ്ട്‌. വ്യവസായികള്‍, ഹവാലാ ഇടപാടുകാര്‍, കള്ളപ്പണക്കാര്‍, കള്ളക്കടത്തുകാര്‍ തുടങ്ങിയവര്‍ ഡയറി കൈവശം വെക്കുകയോ എഴുതുകയോ ചെയ്യുന്നത്‌ കര്‍ശനമായി വിലക്കിയേ തീരൂ. ഇനി പാര്‍ലമെന്റ്‌ കൂടാന്‍ വിഷമമുണ്ടെങ്കില്‍ ഇതിനായി ഒരു ഓര്‍ഡിനന്‍സ്‌ ഇറക്കാവുന്നതാണ്‌. ഡയറിയെഴുത്തുപോലെ ജനാധിപത്യവിരുദ്ധമായ മറ്റൊരു നടപടിയില്ല എന്നതിന്‌ ഇനി തെളിവു വേറെ വേണമോ?

Leave a Reply

Your email address will not be published. Required fields are marked *

Go Top