ദേശീയ പത്രദിനത്തില്‍ ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍

എൻ.പി.രാജേന്ദ്രൻ
നവംബര്‍ പതിനാറിന് രാജ്യം ദേശീയ പത്രദിനം ആചരിക്കുകയാണ്. 1956 ല്‍ ഈ ദിവസം നാഷനല്‍ പ്രസ് കൗണ്‍സില്‍  രൂപവല്‍ക്കരിച്ചതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് ഈ ദിനം പത്രദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. കൗണ്‍സില്‍ ഇത് ആചരിക്കുന്നതിനുപുറമെ ദിനാചരണം ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനസര്‍ക്കാറുകള്‍ക്ക് കത്തയക്കാറുണ്ട്. സംസ്ഥാനസര്‍ക്കാറുകള്‍ അത് പൊതുസമ്പര്‍ക്ക വകുപ്പുകള്‍ക്ക് കൈമാറും. എവിടെയെങ്കിലും ഒരു യോഗമോ സെമിനാറോ നടക്കും. പിന്നെ അത് മറക്കും. അതാണ് തുടര്‍ന്നുവരുന്ന രീതി.ഈ വര്‍ഷവും പ്രസ് കൗണ്‍സില്‍ സംസ്ഥാന ചീഫ് സിക്രട്ടറിമാര്‍ക്ക് ഇങ്ങനെ ഒരു നിര്‍ദ്ദേശം അയച്ചിട്ടുണ്ട്. ചില വര്‍ഷങ്ങളില്‍ ആചരണത്തിന് എന്തെങ്കിലും വിഷയവും നിര്‍ദ്ദേശിക്കാറുണ്ട്. ഈ വര്‍ഷത്തെ വിഷയം  “പൊതുകാര്യങ്ങളില്‍ സുതാര്യത- പത്രങ്ങളുടെ പങ്ക് ‘ എന്നതാണ്.

രണ്ട് കാര്യങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട് എന്ന് തോന്നുന്നു. പ്രസ് കൗണ്‍സില്‍ എന്ന സ്ഥാപനം ഇത്തരം കാര്യങ്ങളില്‍ വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് എത്രത്തോളം ഫലപ്രദമാണ് എന്നതാണ് അതില്‍ ഒന്ന്. ദിനാചരണത്തിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിന് കൗണ്‍സില്‍ സ്വീകരിച്ചിട്ടുള്ള രീതിതന്നെ എത്രമാത്രം ഉദ്യോഗസ്ഥാശ്രിതമാണ് എന്നത് ആശങ്കയുളവാക്കുന്നുണ്ട്. ഇന്ത്യയൊട്ടാകെ പത്രമാധ്യമങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന, പത്രസ്വാതന്ത്ര്യും ഉയര്‍ത്തിപ്പിടിക്കുന്ന, മാധ്യമപ്രവര്‍ത്തകരുടെയും പൊതു സമൂഹത്തിന്റെയും ഏറെ സ്ഥാപനങ്ങളും സംഘടനകളും ഉണ്ട്. അവയുമായി എന്തെങ്കിലും രീതിയില്‍ ചേര്‍ന്നുനില്‍ക്കാനോ പത്രസ്വാതന്ത്ര്യത്തെ നമ്മുടെ ജനാധിപത്യപ്രക്രിയയുടെ അനിവാര്യഘടകമായി ഉയര്‍ത്തിപ്പിടിക്കാനോ പ്രസ് കൗണ്‍സില്‍ അധിപര്‍ക്ക് അര്‍ദ്ധ മനസ്സുപോലുമില്ല. ഈ ലേഖകന്‍ ചെയര്‍മാന്‍ ചുമതല ഏറ്റ ശേഷം മൂന്നാം വര്‍ഷമാണ് കേരള പ്രസ് അക്കാദമി ദിനം ആചരിക്കുന്നത്. അതിന് മുമ്പ് ആചരിച്ചതായി അറിയില്ല. മൂന്നുവര്‍ഷവും അക്കാദമി പ്രസ് ഡെ ആചരിക്കാന്‍ പ്രസ് കാണ്‍സില്‍ അധികാരികളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടുണ്ട്. ഔദ്യോഗിക സ്വഭാവവും ഉത്തരവാദപ്പെട്ട മാധ്യമഘടകങ്ങളുടെ പങ്കാളിത്തവും ആധികാരികതയും ഉള്ള സ്ഥാപനമാണ് എന്ന് ബോധ്യപ്പെടുത്തിയിട്ടുപോലും പ്രസ് അക്കാദമി പോലുള്ള സ്ഥാപനങ്ങളെ ഈ യത്‌നത്തില്‍ കൂട്ടുചേര്‍ക്കാന്‍ കൗണ്‍സില്‍ ശ്രമിച്ചതേയില്ല. എന്ന് മാത്രമല്ല, ഇക്കാര്യം സംബന്ധിച്ച് അയച്ച മെയില്‍ സന്ദേശങ്ങള്‍ക്ക്് മറുപടി അയക്കാന്‍ പോലും അവര്‍ ഈ മൂന്നുവര്‍ഷവും തയ്യാറായിട്ടില്ല. ഒരു പ്രത്യേകയിനം ‘ ജുഡീഷ്യല്‍ ബ്യൂറോക്രസി ‘ ആയി മാറുകയാണ് പ്രസ് കൗണ്‍സില്‍ എന്ന് കരുതാന്‍  ഞങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ല. എന്തുകൊണ്ടാണ് ഈ ദിനാചരണം സര്‍ക്കാര്‍ ചടങ്ങുമാത്രമായി പരിമിതപ്പെടുന്നത്, എന്തുകൊണ്ടാണ് അത് ജനങ്ങളില്‍ എത്താത്തത്, എന്തുകൊണ്ടാണ് അത് വെറും കാട്ടിക്കൂട്ടല്‍ മാത്രമായി മാറുന്നത് എന്നതിനും വേറെ അന്യേഷണം ആവശ്യമില്ല.

പ്രസ് കൗണ്‍സില്‍ എന്ന സ്ഥാപനം തന്നെ ഈ കാലഘട്ടത്തിനൊപ്പം വളരാതെ, അതുരൂപവല്‍ക്കരിച്ച 1966 ലോ അത് പുനര്‍ജനിച്ച 1977 ലോ ഇപ്പാഴും നില്‍ക്കുകയാണ് എന്ന ദുരവസ്ഥയിലേക്ക് കൂടി ഈ ദിനാചരണത്തിലെ മാന്ദ്യം വിരല്‍ ചൂണ്ടുകയാണ്. പ്രസ് കൗണ്‍സില്‍ മാറിയ മാധ്യമ അന്തരീക്ഷത്തില്‍ നിന്ന് കാതങ്ങള്‍ അകലെ നില്‍ക്കുകയാണ്. അതിപ്പോഴും പ്രസ് കൗണ്‍സിലാണ്, ഇപ്പോഴും ആചരിക്കുന്നത് പ്രസ് ഡെ ആണ്. മീഡിയ കൗണ്‍സിലോ  മീഡിയ ഡെയോ ആയിട്ടില്ല. പത്രം എന്നത് മാത്രമായിരുന്നു മാധ്യമം പ്രസ് കൗണ്‍സില്‍ ജന്മവും പുര്‍ജന്മവും എടുത്ത കാലത്ത്.  ഇന്ന് ഇന്ത്യയില്‍ മുഖ്യമാധ്യമം പത്രമല്ല എന്നത് പത്രപ്രവര്‍ത്തകര്‍പോലും വേണ്ടത്ര ഗൗരവത്തോടെ അംഗീകരിച്ചിട്ടില്ല. 2014 ആയപ്പോഴേക്ക് ഇന്ത്യയില്‍ പതിനഞ്ചുകോടി വീടുകളില്‍ ടെലിവിഷന്‍ വാര്‍ത്ത എത്തുന്നുണ്ട്. നിരക്ഷരിലേക്കും ഇന്ന് വാര്‍ത്തയെത്തുന്നത് ടെലിവിഷന്‍ വഴിയാണ്. ഇതിനേക്കാള്‍ വളരെ പിന്നില്‍ നില്‍ക്കുന്നു പത്രങ്ങള്‍. വളര്‍ച്ച നിലച്ചിട്ടില്ല എന്ന് ആശ്വസിക്കാമെന്നുമാത്രം. മാധ്യമം എന്നാല്‍ ചാനല്‍ എന്നായിട്ടുണ്ട് ഇപ്പോള്‍, ചാനലുകളും ഇന്റര്‍നെറ്റും ആയിരിക്കും നാളെ മാധ്യമം. കാലംപോയതറിയാതെ, പ്രസ് കൗണ്‍സില്‍ പത്രങ്ങള്‍ക്ക് വേണ്ടി മാത്രമുള്ള ഒരു  നിഷ്പ്രയോജന സംവിധാനമായി ഒതുങ്ങിക്കൂടുന്നു. ഒരു കാര്യത്തിലും അധികാരമില്ല, പൊതുസമൂഹവുമായോ, മാധ്യമസമൂഹവുമായിപ്പോലുമോ ഒരു ബന്ധവുമില്ല. സര്‍ക്കാറുകളോട് എന്തെങ്കിലും ആവശ്യപ്പെടുന്നത് നിഷ്പ്രയോജനമാണ് എന്ന് ബോധ്യം വന്നതുകൊണ്ടാവണം കൗണ്‍സിലിന് കുറ്റക്കാരെ ശിക്ഷിക്കാനുള്ള അധികാരം വേണമെന്നോ ഇലക്രോണിക് മാധ്യമത്തെക്കൂടി അതിന്റെ അധികാരപരിധിയില്‍ പെടുത്തണമെന്നോ ആവശ്യപ്പെടുക കൂടി ചെയ്യുന്നില്ല പ്രസ് കൗണ്‍സില്‍ ഇപ്പോള്‍.

ഇതൊക്കെയാണെങ്കിലും, പൊതുസമൂഹം ചര്‍ച്ച ചെയ്യേണ്ട ഒരു സുപ്രധാന വിഷയം തന്നെയാണ് ഈ വര്‍ഷത്തെ പത്രദിന ചര്‍ച്ചാവിഷയം. പൊതുകാര്യങ്ങളില്‍ സുതാര്യത ജനാധിപത്രവ്യവസ്ഥ ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനമാണ്. വളരെ ഫലപ്രദമായ ഒരു വിവരാവകാശനിയമം നടപ്പാക്കിയ രാജ്യമായിട്ടുകൂടി ഇന്ത്യ ഇപ്പോഴും ഇതുനേടിയിട്ടില്ല. ഒട്ടേറെ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും ഭരണസംവിധാനത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചമെത്തിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തുന്നുണ്ട്. ചര്‍ച്ചാവിഷയം ചര്‍ച്ച  ചെയ്തുതന്നെ ജനങ്ങള്‍ നിഗമനങ്ങളിലെത്തട്ടെ. പ്രസ് കൗണ്‍സില്‍ ചര്‍ച്ച ചെയ്യാനിടയില്ലാത്ത ഒരു കാര്യം മാത്രം സൂചിപ്പിക്കട്ടെ.

സര്‍ക്കാര്‍ ഓഫീസുകളും സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും വിവരാവകാശത്തിന്റെ പരിധിയില്‍ വരുന്നുണ്ട്.  അതില്‍നിന്ന് പുറത്തുകടക്കാന്‍ എല്ലാവരും ശ്രമിക്കുന്നു, നിയമം നടപ്പാക്കാന്‍ ബാധ്യതപ്പെട്ടവര്‍തന്നെ നിയമത്തിന്റെ പുറത്തുകടക്കാന്‍ ശ്രമിക്കുന്നു തുടങ്ങിയ വൈരുദ്ധ്യങ്ങള്‍ നില നില്‍ക്കുന്നു.  അതും ചര്‍ച്ച ചെയ്യുന്നില്ല. പക്ഷേ, ജനാധിപത്യത്തിന്റെ നെട്ടെല്ലുകളായ രണ്ട് സംവിധാനങ്ങള്‍, രണ്ട് സ്ഥാപനങ്ങള്‍ എത്രത്തോളം സുതാര്യമാണ് എന്ന ഒരു ചോദ്യമെങ്കിലും മുന്നോട്ടുവെക്കാതിരിക്കുന്നത് സുതാര്യത എന്ന ആദര്‍ശത്തെത്തന്നെ അവഹേളിക്കലായിരിക്കും. ജനാധിപത്യവ്യവസ്ഥയുടെ നെട്ടെല്ലാണ് രാഷ്ട്രീയപാര്‍ട്ടികള്‍.  ജനാധിപത്യത്തിന്റെ നെടുംതൂണാണ് മാധ്യമങ്ങള്‍. രാഷ്ട്രീയപാര്‍ട്ടികള്‍ സുതാര്യതക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിക്കഴിഞ്ഞു. അവര്‍ അതൊരിക്കലും അംഗീകരിക്കാന്‍ പോകുന്നില്ല. ഫോര്‍ത്ത് എസ്റ്റേറ്റ് എന്നൊക്കെ പറയുമെങ്കിലും  സുതാര്യതയെ മാധ്യമങ്ങള്‍ പല്ലും നഖവും ഉപയോഗിച്ചെതിര്‍ക്കും, തകര്‍ക്കും. മറ്റേതൊരു സ്വകാര്യവ്യവസായത്തെയും പോലെയൊരു വ്യവസായം മാത്രമാണ് മാധ്യമങ്ങള്‍ എന്ന് പറയുന്നവര്‍ മാധ്യമങ്ങള്‍ക്ക് അകത്തും പുറത്തുമുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ പോലെ അല്ലെങ്കിലും പരിമിതമായ തോതിലുള്ള സുതാര്യതയെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കും ബാധകമാക്കേണ്ടതല്ലേ ?  ഉത്തരമില്ലെങ്കിലും ശരി, നാമിത് ചര്‍ച്ച ചെയ്ത് തുടങ്ങുകയെങ്കിലും ചെയ്യേണ്ട കാലമായില്ലേ ?

2 thoughts on “ദേശീയ പത്രദിനത്തില്‍ ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍

  1. മാധ്യമ പ്രവര്‍ത്തനം വെറുമൊരു ജോലിയാണോ, അതിലുപരി സാമൂഹിക വിപ്‌ളവത്തിനുള്ള മാര്‍ഗമാണോ എന്നൊക്കെയുള്ള പുതിയകാലത്തെ ആശയക്കുഴപ്പം ചര്‍ച്ച ചെയ്യേണ്ടതല്ലെ? പ്രഫഷണല്‍ എന്ന വാക്കിന്‌ മനഃസാക്ഷിക്കു വിരുദ്ധമായ ജോലി എന്ന അര്‍ഥം ഇപ്പോള്‍ത്തന്നെ വന്നുകഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Go Top