ഇത് പത്രസ്വാതന്ത്ര്യ ലംഘനം തന്നെയാണ്

എൻ.പി.രാജേന്ദ്രൻ

ഈ കുറിപ്പ് എഴുതുമ്പോള്‍ ദേശാഭിമാനി ലേഖകന്‍ കെ.എം.മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യുകയോ അദ്ദേഹത്തെ പ്രതിയാക്കി കേസ്സെടുക്കുകയെങ്കിലുമോ ചെയ്തിട്ടില്ല. സി.ആര്‍.പി.സി.യിലെ സെക്ഷന്‍ 160 പ്രകാരം വിളിച്ചുവരുത്തുകയേ ചെയ്തിട്ടുള്ളൂ. എന്തിനാണ് വിളിച്ചുവരുത്തുന്നത് ? ഒരു കുറ്റകൃത്യം സംബന്ധിച്ച് ഈ വ്യക്തിക്ക് വിവരമുണ്ടാകാന്‍ ഇടയുണ്ട്. ആ വിവരം അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്ക് നല്‍കാന്‍ ആണ് ആളിനെ വിളിച്ചുവരുത്തുന്നത്. ഇത് ചോദ്യം ചെയ്യല്‍ പോലുമല്ല. വിവരം തിരക്കല്‍ മാത്രമാണ്.

സംഗതി ഇങ്ങനെയിരിക്കെ, കെ.എം.മോഹന്‍ദാസിനെ വിളിച്ചുവരുത്തിയത് ഒരു സാധാരണ നടപടിക്രമം മാത്രമല്ലേ, എന്തിനാണ് അതിന്റെ പേരില്‍ ബഹളം വെക്കുന്നത് എന്ന് ചോദ്യം ഉയരാം. മോഹന്‍ദാസ്സിനെതിരെ കേസ്സെടുത്തിട്ടില്ലെന്നും അദ്ദേഹം പ്രതിയല്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞതും ഇതിനോട് ചേര്‍ത്ത് വായിക്കാം. ഇങ്ങനെയൊക്കെയാണെങ്കിലും മാധ്യമപ്രവര്‍ത്തന സ്വാതന്ത്ര്യത്തെ കുറിച്ച് തെല്ലെങ്കിലും വേവലാതിയുള്ള ആര്‍ക്കും ഇതിനെ അവഗണിക്കാനാവില്ലതന്നെ. കാരണം, ഇത് വാര്‍ത്ത എഴുതിയതിന്റെ പേരിലുള്ള പീഡനം തന്നെയാണ്. മാധ്യമസ്വാതന്ത്ര്യത്തെ അതിന്റെ പൂര്‍ണ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്ന ആര്‍ക്കും ഇത്തരമൊരു നടപടിയെ ന്യായീകരിക്കാന്‍ കഴിയില്ല.

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ്സിന്റെ പല അനന്തര സംഭവങ്ങളില്‍ ഒന്നാണ് ഇത്. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്മാര്‍ പത്രപ്രവര്‍ത്തകര്‍ക്ക് കേസ് അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നു എന്ന് തെളിയിക്കാന്‍ വേണ്ടിയാണ് മോഹന്‍ദാസ് പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍വിളികളുടെ വിശദാംശങ്ങള്‍ വാര്‍ത്തയാക്കിയത്്. പോലീസ് ഔഫീസറെ ആരെല്ലാം വിളിച്ചു, ഓഫീസര്‍ ആരെയെല്ലാം വിളിച്ചു എന്നേ വാര്‍ത്തയില്‍ കൊടുത്തിട്ടുള്ളൂ. ഫോണില്‍ എന്തെല്ലാമാണ് സംസാരിച്ചത് എന്ന് വാര്‍ത്തയിലില്ല. ടെലഫോണ്‍ വിളികളുടെ വിവരങ്ങളാണ് അദ്ദേഹം ചോര്‍ത്തിയത്, ഉള്ളടക്കമല്ല. അതുകൊണ്ടുതന്നെ ഫോണ്‍ ചോര്‍ത്തി എന്ന വാദത്തിലോ അങ്ങനെ ചെയ്തുവെന്ന് കേസ്സെടുക്കുന്നതിലോ ഒട്ടും ന്യായമില്ലതന്നെ.

ഇങ്ങനെയുള്ള വിവരം ശേഖരിക്കാനും പ്രസിദ്ധപ്പെടുത്താനും മാധ്യമസ്ഥാപനത്തിനും മാധ്യമപ്രവര്‍ത്തകനും സ്വാതന്ത്ര്യമുണ്ട്്. അത് ഉപയോഗപ്പെടുത്തിയതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകന്‍ പീഡിപ്പിക്കപ്പെട്ടുകൂടാ. വാര്‍ത്തയെഴുതിയതിന്റെ പേരിലല്ല, ടെലിഫോണ്‍ സ്വകാര്യതകള്‍ ചോര്‍ത്തിയതിന്റെ പേരിലാണ് കേസ് എന്നും മറ്റുമുള്ള തൊടുന്യായങ്ങള്‍ ഉയരുന്നുണ്ടെന്ന് അറിയായ്കയല്ല. മാധ്യമപ്രവര്‍ത്തകന്‍ ജനങ്ങളുടെ അറിയാനുള്ള അവകാശം നിറവേറ്റുമ്പോള്‍ ചില്ലറ നിയമലംഘനങ്ങള്‍ ഉണ്ടായിക്കൂടെന്നില്ല. ഒളിവില്‍ പോയ ഒരു തീവ്രവാദി നേതാവിനെ കണ്ട് അഭിമുഖസംഭാഷണം നടത്തിയ ഒരു പത്രപ്രവര്‍ത്തകനെതിരെ വേണമെങ്കില്‍ കേസ്സെടുക്കാം. സൂക്ഷ്മമായ അര്‍ത്ഥത്തില്‍ പത്രപ്രവര്‍ത്തകന്റെ നടപടി നിയമലംഘനംതന്നെയായിരിക്കാം. പക്ഷേ, മാധ്യമധര്‍മത്തെ കുറിച്ച് ബോധമുള്ള സര്‍ക്കാറുകള്‍ ഇത്തരം കാര്യങ്ങളുടെ പേരില്‍ പത്രപ്രവര്‍ത്തകനെ പിടിച്ച് ജയിലിലിടാറില്ല. നിയമലംഘനങ്ങള്‍ വ്യക്തിയുടെ സ്വകാര്യത പോലുള്ള അവകാശങ്ങളുടെ ലംഘനമാവുകയാണെങ്കില്‍ അതിനെതിരെ നടപടിയെടുക്കാം. ഇവിടെ അത്തരമൊരു പരാതിയില്ല.

സമീപകാലത്തുണ്ടായ ഇ മെയില്‍ ചോര്‍ത്തല്‍ വിവാദം ഓര്‍ക്കേണ്ടതുണ്ട്. വാസ്തവത്തില്‍ അതിലും ചോര്‍ത്തലുണ്ടായിരിന്നില്ല. ഒരാളെ ബന്ധപ്പെട്ട ഇ മെയിലുകള്‍ ആരുടേതെല്ലാമായിരുന്നു എന്ന് പോലീസ് അന്വേഷിച്ചത് വലിയ വ്യക്തിസ്വാതന്ത്ര്യലംഘനമായി വ്യാഖ്യാനിക്കപ്പെട്ടു. അതിന് മതപരമായ അനര്‍ത്ഥങ്ങളും കല്പിച്ചു. വിവരങ്ങള്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന രീതിയില്‍ മാധ്യമത്തിന് ചോര്‍ത്തിക്കൊടുത്ത പോലീസ് ഉദ്യോഗസ്ഥനെ പിടികൂടി ജയിലിലടച്ചു. പക്ഷേ, വിവരങ്ങള്‍ ഉപയോഗിച്ച് വാര്‍ത്ത എഴുതിയ ലേഖകനെയോ മാധ്യമം പത്രാധിപരെയോ ജയിലിടക്കുകയുണ്ടായില്ല എന്നോര്‍ക്കണം. ഇക്കാര്യത്തില്‍ ഉണ്ടായ വിവേകം മോഹന്‍ദാസ് കേസ്സിലും ഉണ്ടായേ തീരൂ.

ധാര്‍മികമായി തെറ്റ്  എന്ന വ്യാഖ്യാനിക്കാവുന്ന വാര്‍ത്ത എഴുതാനും പത്രപ്രവര്‍ത്തകന് സ്വാതന്ത്ര്യമുണ്ടാവണം. ദേശാഭിമാനി പ്രസിദ്ധപ്പെടുത്തിയ വാര്‍ത്ത കേരളത്തിലെ പത്രസമൂഹത്തിനോ പത്രപ്രവര്‍ത്തന സ്വാതന്ത്ര്യത്തിനോ ഗുണകരമായിരുന്നില്ല. എല്ലാ പത്രപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് വിവരം ശേഖരിച്ചാണ് വാര്‍ത്തയെഴുതാറുള്ളത്. വാര്‍ത്ത പോലീസിനോട് ചോദിച്ചെഴുതി എന്നതൊരിക്കലും തെറ്റോ കുറ്റമോ ആയിക്കൂടാത്തതാണ്. പോലീസ് ഉദ്യോഗസ്ഥരെ പത്തും നൂറുംതവണ വിളിച്ചാണ് ഓരോ ലേഖകനും ടി.പി.ചന്ദ്രശേഖരന്‍ കൊലക്കേസ് അന്വഷണം റിപ്പോര്‍ട്ട് ചെയ്തത് എന്നത്  അവര്‍ക്കെതിരായ വലിയ കുറ്റമായി ഉന്നയിക്കപ്പെട്ടു. മാധ്യമതാല്‍പര്യത്തേക്കാള്‍ പലര്‍ക്കും പ്രധാനം രാഷ്ട്രീയതാല്‍പര്യമാണെന്നത് മനസ്സിലാക്കാനാവും. പക്ഷേ, സര്‍ക്കാറിന് അതാവാന്‍ പറ്റില്ല. സര്‍ക്കാറിന് പ്രധാനം സമൂഹതാല്‍പര്യമാവണം. പത്രപ്രവര്‍ത്തകര്‍ക്കെതിരെ വാര്‍ത്തയെഴുതാനും പത്രത്തിന് സ്വാതന്ത്ര്യം വേണം. ദേശാഭിമാനിയുടെ ആ സ്വാതന്ത്ര്യവും പത്രസമൂഹം ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്.

ഈ പ്രശ്‌നത്തില്‍ ഏറ്റവും ശക്തമായ ശബ്ദമുയര്‍ത്തിയത് ദേശാഭിമാനി പത്രവും സി.പി.എമ്മും ആണെന്നത് സ്വാഭാവികം മാത്രം. മാധ്യമസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നംതന്നെയാണ് ശരിയായും അവര്‍ ഉയര്‍ത്തിപ്പിടിച്ചത്. പക്ഷേ, ചന്ദ്രശേഖരന്‍ കൊലക്കേസ് റിപ്പോര്‍ട്ടിങ്ങുമായി ബന്ധപ്പെട്ട്്് ഉണ്ടായ ഗുരുതരമായ മാധ്യമസ്വാതന്ത്ര്യവിരുദ്ധനീക്കത്തെ കുറിച്ച് ഈ സന്ദര്‍ഭത്തില്‍ നാം ഓര്‍ക്കേണ്ടതുണ്ട്. കേസ്സന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ വാര്‍ത്തയാക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ തടയണമെന്ന വിചിത്രമായ ആവശ്യമാണ് സി.പി.എം കോടതിയില്‍ ഉയര്‍ത്തിയത്. പ്രതികളുടെ മൊഴികള്‍ ഉള്‍പ്പെടെ, കേസ് സംബന്ധിച്ച സത്യസന്ധമായ വിവരങ്ങള്‍ ജനങ്ങള്‍ അറിയേണ്ടതുണ്ട്. അത് പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നുതന്നെയാണ് മാധ്യമപ്രവര്‍ത്തകര്‍ ശേഖരിക്കേണ്ടത്. കേസ് അന്വേഷണ വാര്‍ത്തകള്‍ സമ്പൂര്‍ണമായി നിരോധിക്കുന്നത് മാധ്യമസ്വാതന്ത്ര്യത്തിന്റെയും ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്റെയും നീതിനിര്‍വഹണത്തിന്റെയും കഴുത്തുഞെരിക്കുന്നതായി മാറും.  പ്രസ്തുത കേസ്സില്‍ നിന്ന് ഈ ഘട്ടത്തിലെങ്കിലും പിന്തിരിയുകയാണ് മാധ്യമസ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്ന സി.പി.എം. ചെയ്യേണ്ടത്. താല്‍ക്കാലിക നേട്ടങ്ങള്‍ക്കുവേണ്ടി അടിസ്ഥാന തത്ത്വങ്ങള്‍ വിസ്മരിച്ചുകൂടാ.

Leave a Reply

Go Top