വെച്ചൂച്ചിറ മധുവിന്റെ സംഭവബഹുലമായ ജീവിതകഥ

എൻ.പി.രാജേന്ദ്രൻ

വെച്ചൂച്ചിറ മധു എന്ന പ്രശസ്തനായ പത്രപ്രവര്‍ത്തകനും ഞാനും മാതൃഭൂമിയില്‍ ഏതാണ്ട് ഒരേ കാലത്താണ് പ്രവര്‍ത്തിച്ചത്. ആത്മകഥ എഴുതുമ്പോള്‍ വിളിച്ചിരുന്നു. ചില സംഭവങ്ങളുടെ വിശദാംശങ്ങളെക്കുറിച്ച് ഓര്‍മ പുതുക്കുകയും ചെയ്തിരുന്നു. പുസ്തകത്തിന്റെ പ്രകാശനം ഏപ്രിലില്‍ നടന്നു. ചെറുയ പുസ്തകമൊന്നുമല്ല-336 പേജു വരും കൃതി.

സംഭവബഹുലമാണ് അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തനകാലം, എല്ലാ അര്‍ത്ഥത്തിലും. അതുകൊണ്ടുതന്നെ വായിക്കാന്‍ നല്ല കൗതുകം ഉണ്ടായിരുന്നു. മാതൃഭൂമിയുമായോ കേരള രാഷ്ട്രീയവുമായോ സമകാലിക പത്രപ്രവര്‍ത്തനമായോ ബന്ധമുള്ള ആര്‍ക്കും ഈ പുസ്തകം വായിക്കാതെ വിടാന്‍ പറ്റില്ല. അത്രയേറെ വിവരങ്ങള്‍, പലതും വിവാദപരമായവ …. ഈ പുസ്തകത്തിലുണ്ട്. സത്യത്തിന്റെ സാക്ഷി എന്നാണ് പുസ്തകത്തിന്റെ പേര്. എഴുതിയതെല്ലാം 99 ശതമാനം സത്യമാണെന്നും എന്നാല്‍ എല്ലാ സത്യങ്ങളും എഴുതിക്കാണില്ലെന്നും മധു ഗ്രന്ഥാവസാനം എഴുതിയിട്ടുണ്ട്.

ഞങ്ങള്‍ പത്തിലേറെപ്പേര്‍ ഏതാണ്ട് ഒരേ കാലത്താണ് മാതൃഭൂമിയില്‍ ചേര്‍ന്നത് എന്നു പറഞ്ഞല്ലോ. ഞങ്ങളുടെ കൂട്ടത്തില്‍ വ്യത്യസ്തമായ ശൈലിയുള്ള ഒരു പത്രപ്രവര്‍ത്തകനാണ് മധു. അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കുറെ സംഭവങ്ങങ്ങള്‍ മികച്ച പത്രപ്രവര്‍ത്തക മാതൃകകളായിരുന്നു. പക്ഷേ, കുറെയെണ്ണം വിവാദങ്ങളും എതിരഭിപ്രായങ്ങളും ആക്ഷേപങ്ങളും നിറഞ്ഞതായിരുന്നു. അതുകൊണ്ടുതന്നെ, ഈ കൃതി പത്രപ്രവര്‍ത്തന ബന്ധമുള്ള എല്ലാവരിലും താല്പര്യമുണര്‍ത്തും. ഇപ്പോള്‍ വിരമിക്കുന്ന തലമുറയില്‍ പെട്ടവര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാകും. പലരും അതൃപ്തരാകും, ചിലരിലെങ്കിലും ക്ഷോഭമുണര്‍ത്തും…..ശത്രുത തന്നെയും ഉണര്‍ത്തും.

ഒരുപാട് പത്രപ്രവര്‍ത്തകരുടെ ആത്മകഥകള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. പൊതുവായനക്കാര്‍ ഇഷ്ടപ്പെടുന്നതാണോ പത്രപ്രവര്‍ത്തക ആത്മകഥകള്‍? സംശയമുണ്ട്. അവസ്മരണീയ ചരിത്രസംഭവങ്ങളുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തുന്നുണ്ടെങ്കില്‍ സ്വാഭാവികമായും അവ വായിക്കപ്പെടും, ചര്‍ച്ച ചെയ്യപ്പെടും. അതല്ലാതെ, അപ്രസക്തരായ സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും അധികൃതരെയും കുറിച്ചുള്ള വിവരങ്ങള്‍ക്ക് എത്ര ആയുസ്സുണ്ടാവും? സംശയമാണ്. എന്റെ ജീവിതത്തില്‍ പ്രധാനമെന്നു എനിക്കു തോന്നിയത് അനന്തരതലമുറയ്ക്ക് ഒട്ടും പ്രാധാന്യമുള്ളതാവില്ല. വായിക്കാന്‍ പോലും താല്പര്യം കണ്ടില്ലെന്നു വരാം. ഞങ്ങളുടെയൊക്കെ ഗുരുക്കന്മാരായിരുന്ന ചിലരെല്ലാം എഴുതിയ ആത്മകഥകള്‍, അക്കാലത്ത് ചില ആനുകാലികളങ്ങളില്‍ തുടര്‍ച്ചയായി  പ്രസിദ്ധീകരിക്കപ്പെട്ട ചിലവ പോലും പുസ്തകരൂപത്തില്‍ ആയതേയില്ല. ആയതുതന്നെ ആരിലും താല്പര്യമുണര്‍ത്തിയതുമില്ല.

വെച്ചൂച്ചിറ മധുവിന്റെ  ആത്മകഥയുടെ ഏറ്റവും നല്ല വശമെന്ത്, മോശം വശമെന്ത് എന്ന രണ്ട് നിരീക്ഷണങ്ങളില്‍ ഈ കുറിപ്പ് ഒതുക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഏറ്റവും നല്ല വശം- മധു പത്രപ്രവര്‍ത്തകനായിരുന്ന 34 വര്‍ഷത്തെ, അദ്ദേഹവുമായി ബന്ധമുള്ളതും അല്ലാത്തതുമായ എണ്ണമറ്റ സംഭവങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ വിവരങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. ദക്ഷിണകേരളവുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളിലും വാര്‍ത്തകളിലും കഥാപാത്രമായോ നിരീക്ഷകനായോ ലേഖകനായോ മധുവിന് നല്ല ബന്ധമുണ്ട്. അതിലെ പങ്കാളികളെയെല്ലാം അദ്ദേഹം ഓര്‍ക്കുന്നു. 55 ചെറിയ അധ്യായങ്ങളിലാണ് പുസ്തകം രചിച്ചിട്ടുള്ളത്. നിരവധി ലോക്‌സഭ-നിയമസഭ തിരഞ്ഞെടുപ്പുകള്‍, നിരവധി വധക്കേസ്സുകള്‍, മലനട വെടിക്കെട്ടപകടവും കല്ലുവാതുക്കല്‍ ദുരന്തവും പെരുമണ്‍ തീവണ്ടിയപകടവും പോലുള്ള ചരിത്രസംഭവങ്ങള്‍… ഇവയെക്കുറിച്ചെല്ലാമുള്ള വിവരങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. നാളെ പത്രപ്രവര്‍ത്തകര്‍ക്കും ചരിത്രഗവേഷകര്‍ക്കും മറ്റ് എഴുത്തുകാര്‍ക്കും ആശ്രയിക്കാവുന്ന ആധികാരിക വിവരങ്ങള്‍ അടങ്ങിയതാണ് ഈ വിവരണങ്ങളെല്ലാം.

കുറെ റിപ്പോര്‍്ട്ടുകളെഴുതുക, അവയ്ക്ക് ബൈലൈന്‍ ഉറപ്പുവരുത്തുക, പറ്റിയാല്‍ അവാര്‍ഡ് നേടുക… ഇങ്ങനെയൊരു പരിമിത അജന്‍ഡയില്‍ പ്രവര്‍ത്തിച്ച ആളല്ല മധു. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍, നാടിന്റെ വികസനത്തില്‍ അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. അങ്ങനെ പടുത്തുയര്‍ത്തപ്പെട്ട സ്ഥാപനങ്ങളും സൗകര്യങ്ങളും അദ്ദേഹത്തിന്റെ സേവനത്തിന്റെ സ്മാരകമായി കൊല്ലം, പാലക്കാട്, കോട്ടയം…ജില്ലകളിലും തലസ്ഥാനത്തും ഏക്കാലത്തെയും സ്്മാരകങ്ങളായി ഉയര്‍ന്നു നില്‍ക്കുകയും ചെയ്യും. ഒരു പൊതുപ്രവര്‍ത്തകനേക്കാളേറെ പൊതുകാര്യങ്ങളില്‍ ഇടപെട്ടിട്ടുണ്ട്. അയ്യായിരം വേദികളില്‍ പ്രസംഗിച്ച് കയ്യടി നേടിയിട്ടുണ്ട് എന്നദ്ദേഹം എഴുതിയിട്ടുണ്ട്.

ആത്മകഥയില്‍ വെച്ചുച്ചിറ മധു ആദ്യാവസാനം നിറഞ്ഞുനില്‍ക്കുന്നു. അദ്ദേഹത്തിന്റെ ജന്മം മുതലുള്ള ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ സംഭവങ്ങളും ഇതിലുണ്ട്്. സാരമില്ല, ഏതില്‍നിന്നും എന്തെങ്കിലും അറിവുകള്‍ നമുക്കു ലഭിച്ചേക്കാം. വീട്ടില്‍ സാധനം പൊതിഞ്ഞു കൊണ്ടുവന്ന പത്രക്കടലാസ്സില്‍നിന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡി വെടിയേറ്റു മരിച്ച വിവരം, സംഭവംനടന്ന് ആറുമാസം കഴിഞ്ഞ് അറിഞ്ഞത് എന്നു എഴുതുമ്പോള്‍ ആ കാലഘട്ടത്തില്‍ ഇടുക്കിയിലെ ഒരു മലമ്പ്രദേശത്തു ജീവിക്കുന്നവരുടെ വിവരലഭ്യതയുടെ അവസ്ഥ മനസ്സിലാകുമല്ലോ. അതാണ് ആ കാലം.

അത്തരം വിവരങ്ങള്‍ക്ക് എക്കാലവും പ്രാധാന്യം ഉണ്ടായേക്കാം. പക്ഷേ, ഒപ്പം ജോലി ചെയ്ത നിരവധി പേരെക്കുറിച്ചുള്ള വിവരങ്ങള്‍-മിക്കതും മോശം വിവരങ്ങള്‍- ക്ക്് ചെലവഴിച്ചത് കുറച്ചു പേജുകളൊന്നുമല്ല. ചെയ്യാന്‍ പാടില്ലാത്ത പലതും പത്രമാനേജ്‌മെന്റിനു വേണ്ടി ചെയ്തുകൊടുത്തിട്ടുണ്ട്. പക്ഷേ, ഒടുവില്‍ അവരില്‍ ചിലര്‍തന്നെ ഏറെ ദ്രോഹിക്കുകയും ചെയ്തു. സുദീര്‍ഘമായ പരാമര്‍ശിക്കപ്പെട്ട പലരും അപ്രധാനവ്യക്തികളാണ്. ഭാവിയില്‍ ഈ പുസ്തകം വായിക്കുന്നവര്‍ക്ക് അവരെക്കുറിച്ച് ഒരറിവും ഉണ്ടാവുകയില്ല. 34 വര്‍ഷത്തെ മാതൃഭൂമി ജീവിതത്തിത്തിനിടയില്‍ ഇത്രയേറെ ശത്രക്കളെ ഉണ്ടാക്കാന്‍ എങ്ങനെ കഴിഞ്ഞു എന്ന് ആരും അത്ഭുതപ്പെടും. ഒരാശ്വാസമേയുള്ളൂ, ശത്രുക്കളുടെ പല മടങ്ങ് മിത്രങ്ങളും നന്ദിയോടെ ഓര്‍ക്കുന്നവരും ഉണ്ടാകും. ശത്രുക്കളും മിത്രങ്ങളും ഇല്ലാത്ത ജീവിതത്തേക്കാള്‍ അര്‍ത്ഥപൂര്‍ണമാവാം ഇത്.

സത്യത്തിന്റെ സാക്ഷി
വില 390 രൂപ
രചന ബുക്‌സ് 
266 ശ്രീനഗര്‍, കൊല്ലം.
9447416577

One thought on “വെച്ചൂച്ചിറ മധുവിന്റെ സംഭവബഹുലമായ ജീവിതകഥ

Leave a Reply

Your email address will not be published. Required fields are marked *

Go Top