ഗൗരിയമ്മയും അബ്ദുള്ളക്കുട്ടിയും – രണ്ട് കാലത്തിന്റെ പ്രതീകങ്ങള്‍

എൻ.പി.രാജേന്ദ്രൻ

ആത്മകഥകള്‍ തിരിഞ്ഞുനോട്ടങ്ങളാണ്. തോണിയില്‍ പോകുന്നവര്‍ അക്കരെയെത്താനാകുമ്പോള്‍ പിന്നിട്ട ഇക്കര നോക്കുക പതിവില്ല. ജീവിതയാത്രയില്‍ പക്ഷേ ഇക്കരയിലേക്ക് നോക്കിയാണ് നാമെല്ലാം ഊര്‍ജവും ധൈര്യവും സംഭരിക്കാറുളളത്. ഗൗരിയമ്മ വളരെ നിസംഗയായി ഇക്കരയിലേക്ക് ദീര്‍ഘമായി നോക്കുകയാണെന്ന് പറയാം. അബ്ദുള്ളക്കുട്ടിയുടേത് തീക്ഷ്ണമായ കണ്ണുപായിക്കലാണ്. അത് നിസംഗമായ തിരിഞ്ഞുനോട്ടമല്ല. ഭൂതത്തേക്കാള്‍ അത് നോക്കുന്നത് വര്‍ത്തമാനത്തിലേക്കും ഭാവിയിലേക്കുമാണ്. ജീവിച്ചുതീര്‍ക്കാനുള്ള വലിയ കാലം മുന്നിലുണ്ട്. അതിന് വേണ്ടി ഭൂതത്തില്‍നിന്ന് ഊര്‍ജവും ധൈര്യവും വികാരവും വലിച്ചൂറ്റിയെടുക്കുയാണ് അ്‌ദ്ദേഹം.

രണ്ട് ആത്മകഥകളും തമ്മില്‍ ധ്രുവങ്ങളുടെ അന്തരമുണ്ട്. ഒരു നൂറ്റാണ്ട് മുമ്പ് തീര്‍ത്തും അവികസിതമായ ചേര്‍ത്തല പ്രദേശത്ത് ജനിച്ചുവളര്‍ന്ന പെണ്‍കുട്ടികളില്‍ ഒരു കെ.ആര്‍.ഗൗരിയമ്മയേ ഉണ്ടായിട്ടുള്ളൂ. മറ്റുപെണ്‍മക്കള്‍ അടുക്കളകളില്‍ ജീവിതം പുകച്ചുതീര്‍ക്കുകയാണ് ചെയ്തിരിക്കുക. പിന്‍നിരയിലുള്ള സമൂഹവിഭാഗത്തില്‍ ജനിച്ച ഒരു പെണ്‍കുട്ടി എഴുതാനും വായിക്കാനും പഠിക്കുന്നതുപോലും അത്ര എളുപ്പമല്ലാതിരുന്ന കാലത്ത് എറണാകുളത്ത് പോയി ബിരുദവും നിയമബിരുദവും നേടുക, പോലീസ് കമ്യൂണിസ്റ്റ് അനുഭാവികളെപ്പോലും വേട്ടയാടുന്ന കാലത്ത് കമ്യൂണിസ്റ്റ് പ്രവര്‍ത്തകയാകുക, യുവതികള്‍ കടയില്‍ചെന്ന് സാധനം വാങ്ങുന്നതുപോലും അപൂര്‍വമായ കാലത്ത് കയര്‍തൊഴിലാളികളുടെ യൂണിയന്‍ നേതാവാകുക, മുപ്പതുതികയും മുമ്പ് നിയമസഭയിലേക്ക് മത്സരിക്കുക….കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നതിന്റെ അടുത്തുവരെ എത്തുക- സംഭവബഹുലമായ ഒരു മുഴുവന്‍ ജീവിതമാണിത്. മറിച്ച് അബ്ദുള്ളക്കുട്ടി രാഷ്ട്രീയം തുടങ്ങിയിട്ടേ ഉള്ളൂ. ഏതാനും പടവുകള്‍ കയറിയപ്പോള്‍ താഴേക്കിറങ്ങി ഏണിപ്പടി മാറ്റിയെന്നുമാത്രം. ഇനിയും ഒരു ജീവിതം മുഴുവന്‍ ബാക്കിയുണ്ട്. പിന്നിട്ട കാലത്തെ തള്ളിപ്പറയുമ്പോഴും അത് വ്യര്‍ഥകാലമല്ലെന്ന ബോധമുണ്ട്. അതൊരു വിലയേറിയ മൂലധനംതന്നെയാണെന്ന് വര്‍ത്തമാനവും ഭാവിയും തെളിയിക്കും.

ചേര്‍ത്തലയിലെ ആദ്യത്തെ സ്ത്രീവക്കീലും തിരുവിതാംകൂറിലെ ആദ്യ ഈഴവ സ്ത്രീവക്കീലുമാണ് ഗൗരിയമ്മ. ഉജ്വലമായ തുടക്കമാണത്. നാം പക്ഷേ ആ ജീവിതത്തിന്റെ ബാക്കിപത്രം നമ്മെ വല്ലാതെ നിരാശപ്പെടുത്തും. എന്തൊരു ദുരന്തമാണത്. ഗൗരിയമ്മ ആത്മകഥയുടെ ആമുഖത്തില്‍ വേദനയോടെ വിവരിക്കുന്നത് ജീവിതസായാഹ്നത്തില്‍ നേരിടേണ്ടി വരുന്ന അവഗണനയെയും അവജ്ഞയെയും കുറിച്ചാണ്. രാഷ്ട്രീയശത്രുക്കളുടെ കണ്ണില്‍ മാത്രമല്ല, സഹപ്രവര്‍ത്തകരുടെ കണ്ണിലും നിയമസഭയില്‍ ഒരംഗം മാത്രമുള്ള ഈര്‍ക്കില്‍പാര്‍ട്ടിയുടെ നേതാവ്  മാത്രമായി അവര്‍ ചുരുങ്ങിയിരിക്കുന്നു. എത്രയോ കാലമായി നിയമസഭയില്‍ മുന്‍നിരയിലുണ്ടായിരുന്ന സീറ്റ് പിന്‍നിരയിലാക്കിയിരിക്കുന്നു. പെന്‍ഷന്‍തുക സാങ്കേതികകാരണം പറഞ്ഞ് വെട്ടിച്ചുരുക്കിയിരിക്കുന്നു. നിയമസഭയില്‍ ഒരു മിനിട്ട് സംസാരിക്കാനേ അനുമതിയുള്ളൂ. പ്രായമോ സേവനകാലമോ ഒന്നും പരിഗണിക്കാതെ നല്‍കേണ്ട താമസസൗകര്യം പോലും നിഷേധിച്ചിരിക്കുന്നു. വോട്ടര്‍മാരെ ശിക്ഷിക്കാനെന്നോണം തന്റെ നിയോജകമണ്ഡലത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നിഷേധിക്കുന്നു. ‘ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറംതള്ളിയാല്‍ പിന്നെ അവര്‍ ജീവിച്ചിരുന്നുകൂടാ എന്നാണ് ആ പാര്‍ട്ടി സ്വീകരിച്ചിരിക്കുന്ന തത്ത്വം ‘- ആ പരാതികളും പ്രാരബ്ധങ്ങളും വേദനാജനകമാണ്.

ഗൗരിയമ്മയുടെ ആത്മകഥയുടെ 383 പേജുകൡ നാലിലൊന്നിലും രാഷ്ട്രീയക്കാരിയല്ലാത്ത ഗൗരിയമ്മയെ ആണ് കാണാനാവുക. ചേര്‍ത്തലയിലെ ഗ്രാമത്തില്‍ 1919 ല്‍ ജനിച്ചതുമുതല്‍ അഭിഭാഷകയാകുന്നതുവരെ രാഷ്ട്രീയം വലുതായൊന്നും അവരെയോ അവര്‍ രാഷ്ട്രീയത്തെയോ പിന്തുടര്‍ന്നിട്ടില്ലെന്ന് കാണാം. അക്കാലത്തെ പിന്നാക്കവിഭാഗവിദ്യാര്‍ഥികള്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ ഏറെയൊന്നും അനുഭവിക്കേണ്ടി വന്നിട്ടില്ല ഗൗരിയമ്മ. സാമാന്യം സാമ്പത്തികശേഷിയും വിദ്യാഭ്യാസവും ഉല്‍ക്കര്‍ഷേച്ഛുയും ഉള്ള കുടുംബമായതുകൊണ്ടാണ് അവര്‍ക്ക് ദൂരെ പോയി പഠിക്കാനും അഭിഭാഷകവൃത്തിയിലേക്ക കടക്കാനും കഴിഞ്ഞത്. ഇക്കാലത്ത് പോലും അതത്ര എളുപ്പമല്ല. ആത്മകഥയില്‍ ആ കാലഘട്ടത്തിലെ ചേര്‍ത്തല താലൂക്കിലെ സാമൂഹിക-സാമ്പത്തിക അവസ്ഥ വരച്ചുകാട്ടുന്നുണ്ട് ഗൗരിയമ്മ.  സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന ആ പ്രദേശം ക്രമാനുഗതമായി കൈവരിച്ച വളര്‍ച്ചയുടെ ചരിത്രം കൂടിയാണ്.

ഗൗരിയമ്മയെ ഗൗരിയമ്മയാക്കിയത് ആരാണ് ? ആത്മകഥയിലൂടെ അവര്‍ സംശയലേശമില്ലാതെ ആ ചോദ്യത്തിന് ഉത്തരം നല്‍കുന്നുണ്ട്. അച്ഛനാണ് മരണം വരെ മകള്‍ക്ക് വഴികാട്ടിയത്. തിരുവിതാംകൂറിലെ ആദ്യത്തെ ഈഴവ ബി.എ.കാരിയുടെ പേര് മകള്‍ക്കിടുമ്പോള്‍ ദീര്‍ഘവീക്ഷണത്തോടെ അദ്ദേഹം ഒരു സന്ദേശം നല്‍കുകയായിരുന്നു. കൂട്ടുകാരോട് പോലും കാട്ടാത്ത അടുപ്പം അച്ഛനുമായി അവര്‍ക്കുണ്ടായിരുന്നു. അനുസരണയും അച്ചടക്കവുമുള്ള മകള്‍.  നല്ല വിദ്യാര്‍ഥിനി. കലാവാസനയുള്ള മിടുക്കി. ആദ്യമായി പ്രേമലേഖനം കിട്ടിയപ്പോള്‍ ഒരേസമയം ആനന്ദിക്കുകയും അമ്പരക്കുകയും ചെയ്ത യുവതി. രാഷ്ട്രീയത്തോട് ഗൗരിയമ്മ ആദ്യമൊന്നും ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നില്ല. മകന്‍ കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്നതില്‍ അച്ഛന് അതൃപ്തിയുണ്ടായിരുന്നു. വീട്ടില്‍ കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ വരികയും പോകുകയും ചെയ്യുന്നത് അദ്ദേഹത്തെ ആശങ്കയിലാഴ്ത്തി. അച്ഛന്റെ ജീവിതകാലത്ത് താന്‍ രാഷ്ട്രീയം സ്വീകരിക്കില്ല എന്ന് പ്രതിജ്ഞയെടുത്താണ് ഗൗരിയമ്മ അച്ഛനെ തൃപ്തിപ്പെടുത്തിയത്. അച്ഛന്‍ മരിക്കുമ്പോഴേക്ക് അവര്‍ അഭിഭാഷകയായിക്കഴിഞ്ഞിരുന്നു. ഏതാണ്ട് മുഴുവന്‍ സമയം രാഷ്ട്രീയപ്രവര്‍ത്തകയാകാന്‍ പിന്നെ വലിയ കാലതാമസമുണ്ടായില്ല.

ആത്മകഥയില്‍ രാഷ്ട്രീയമായ വെളിപ്പെടുത്തലുകളോ വിവാദസാധ്യതയുള്ള പരാമര്‍ശങ്ങളോ അധികമില്ല. ടി.വി.തോമസ് രാഷ്ട്രീയപ്രവര്‍ത്തകനായി ചേര്‍ത്തലയിലെത്തുന്നതുമുതലുള്ള കുറെ സംഭവങ്ങളാണ് രാഷ്ട്രീയപരാമര്‍ശങ്ങളുള്ളത്. ടി.വി.യോട് വളര്‍ന്നുവന്ന സ്‌നേഹവും ആദരവും ആരാധനയും .ഏറെ പ്രകടമാണ് ഈ പേജുകളില്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുന്നതിനുമുമ്പ് തന്നെ അവര്‍ തൊഴിലാളി സംഘടനപ്രവര്‍ത്തനത്തിലൂടെ പി.കൃഷ്ണപ്പിള്ളയും ടി.വി.യും ഉള്‍പ്പെടുന്ന സമുന്നത് നേതാക്കളുമായി അടുന്ന സൗഹൃദം പുലര്‍ത്തിയിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം തിരുവിതാംകൂറില്‍ നടന്ന ആദ്യതിരഞ്ഞെടപ്പില്‍ സ്ഥാനാര്‍ഥിയായി ഗൗരിയെ നിശ്ചയിച്ചിരിക്കുന്നു എന്ന് പി.കൃഷ്ണപ്പിള്ള അറിയിച്ചപ്പോള്‍ അലറിക്കരഞ്ഞാണ് താനതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചതെന്ന് ഗൗരിയമ്മ ഓര്‍ക്കുന്നുണ്ട്. എങ്കിലും ഒടുവില്‍ അവരുടെയെല്ലാം സ്‌നേഹത്തിനും സമ്മര്‍ദ്ദത്തിനും വഴങ്ങേണ്ടിവന്നു. ആ തിരഞ്ഞെടുപ്പിലവര്‍ തോല്‍ക്കുകയായിരുന്നു.

തന്നെകുറിച്ചുള്ള ഒരു പാട് ഇല്ലാക്കഥകള്‍ ഈ ആത്മകഥയിലൂടെ ഗൗരിയമ്മ നിരസിക്കുന്നുണ്ട്. പുന്നപ്ര വയലാര്‍ സമരത്തിലെ ധീരനായികയാണ് ഗൗരിയമ്മ എന്നത് അതിലൊന്നുമാത്രം. താനതില്‍ പങ്കെടുത്തിട്ടേയില്ല എന്നവര്‍ വ്യക്തമാക്കുന്നു. ടി.വി.യുമായി കോളേജ് കാലത്തേ പ്രേമമായിരുന്നുവെന്ന മട്ടിലുള്ള കഥകളും ഭാവന മാത്രം. ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ അതികഠിനയായി പീഡിപ്പിക്കപ്പെട്ടതിന്റെ കഥകള്‍ക്കും വസ്തുതകളുമായി ബന്ധമൊന്നുമില്ല. അര്‍ഹിക്കുന്നതിലും കൂടുതല്‍ ബഹുമാനവും പരിഗണനയുമാണ് തനിക്ക് പോലീസില്‍ നിന്നും ജയില്‍ ജീവനക്കാരില്‍ നിന്നും ലഭിച്ചതെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു.

ആത്മകഥയുടെ അടുത്ത ഭാഗം വൈകാതെ വായനക്കാരില്‍ എത്തുമെന്ന് ഉറപ്പുനല്‍കിയാണ് ഗൗരിയമ്മ ഈ ഗ്രന്ഥം അവസാനിപ്പിക്കുന്നത്.

രാഷ്ട്രീയത്തിന്റെ ഏറ്റവും ഉല്‍കൃഷ്ടമായ അനുഭവങ്ങളും സംഭാവനകളും ഉണ്ടായ കാലഘട്ടമാണ് ഗൗരിയമ്മയുടെ ഈ വിവരണത്തില്‍ ഉള്‍ക്കൊള്ളുന്നത്. അപചയത്തിന്റെ കാലം വരുന്നേ ഉള്ളൂ. അവരുടെ ജീവിതത്തിലെ ഏറ്റവും സംഘര്‍ഷാത്മകമായ കാലവും വരുന്നേ ഉള്ളൂ. അബ്ദുളളക്കുട്ടിയുടേത് തീര്‍ത്തും വ്യത്യസ്തമാണ്. ആത്മകഥയെ കുറിച്ച് ചിന്തിക്കാനുള്ള കാലമേ ആയിട്ടില്ല അദ്ദേഹത്തിന്. ചുരുങ്ങിയ കാലം, അതിവേഗത്തിലുള്ള ഉയര്‍ച്ച. അപ്രതീക്ഷിതമായ വഴിമാറി യാത്ര. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. പലതും തുറന്നുകാട്ടലുകള്‍, വിശദീകരണങ്ങള്‍. പ്രത്യയശാസ്ത്രമല്ല, പ്രാദേശികപ്രവര്‍ത്തകരുടെ സ്‌നേഹമാണ് തന്നെ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിച്ചതെന്ന് പറയുന്നുണ്ട് ആമുഖത്തില്‍. പക്ഷേ, പ്രദേശികനേതാക്കളുടെ കാര്‍ക്കശ്യത്തിന്റെയും സ്വാര്‍ത്ഥതയുടെയും അല്പത്വത്തിന്റെയും ക്രൂരമായ അവഗണനയുടെയും മനുഷ്യത്വമില്ലായ്മയുടെയും കഥകളാണ് ആത്മകഥ  വെളിവാക്കുന്നത് ഇതാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയത് എന്ന് വ്യക്തം.

ലക്ഷക്കണക്കിന് ജനങ്ങളുടെ പ്രതിനിധിയായി രാജ്യത്തിന്റെ പരമോന്നത ഭരണസംവിധാനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാലും നിങ്ങള്‍ പാര്‍ട്ടിയില്‍ താഴെക്കിട അധ:കൃതന്‍ മാത്രം. ജില്ലാ സിക്രട്ടറി പാര്‍ലമെന്റംഗത്തോട് എടാ പോടാ വിളിക്കും. എം.പി. ഫണ്ട് ഏതെങ്കിലും വികസനാവശ്യത്തിന് ചെലവഴിക്കാന്‍ ജില്ലാ സിക്രട്ടറിയുടെ അനുമതി വേണം. സ്വന്തം സഹോദരന്റെ കുട്ടിക്ക് കേന്ദ്രീയവിദ്യാലയത്തില്‍ പ്രവേശനം കിട്ടാന്‍ ജില്ലാ സിക്രട്ടറി അനുവദിക്കണം. ഒരു കട തുടങ്ങാന്‍ പാര്‍ട്ടി അനുമതി നല്‍കണം. ജനപ്രതിനിധികള്‍ പാര്‍ട്ടിയുടെ കറവപ്പശുക്കള്‍. മതത്തിലേക്കും മതവിശ്വാസത്തിലേക്കും മടങ്ങുന്നത് പ്രത്യയശാസ്ത്രത്തിലും പാര്‍ട്ടിയിലുമുള്ള വിശ്വാസം കെട്ടതുകൊണ്ടാണ്. അല്ലാതെ മറിച്ചല്ല. പാര്‍ട്ടിയെകുറിച്ച് വലിയ മതിപ്പില്ലാത്തവരെപ്പോലും അമ്പരപ്പിക്കുന്ന കഥകള്‍.

അബ്ദുള്ളക്കുട്ടിയും ഗൗരിയമ്മയും ആവര്‍ത്തിച്ചുപറയുന്നുണ്ട് തങ്ങള്‍ എഴുത്തുകാരല്ല എന്ന്. സ്വന്തം ജീവിതകഥ രക്തത്തില്‍ മുക്കി എഴുതാന്‍ ആരും എഴുത്തുകാരാകേണ്ട കാര്യമില്ല. വിദ്യാഭ്യാസം പോലും വേണ്ടത്രയില്ലാത്ത എത്ര  സാധാരണക്കാര്‍ എഴുതിയിരിക്കുന്നു ആത്മകഥ. ഈ ആത്മകഥകളും അങ്ങനെതന്നെയാണ് രചിക്കപ്പെട്ടത്. ഒരേ പാര്‍ട്ടിയിലെ അനുഭവങ്ങളാണ് ഇരുവരെയും എഴുത്തുകാരാക്കിയത്. അബ്ദുള്ളക്കുട്ടി പറയാനുള്ള പാര്‍ട്ടികഥകള്‍ പറഞ്ഞുകഴിഞ്ഞു. ഗൗരിയമ്മയില്‍നിന്ന് ഇനിയും ഏറെ കേള്‍ക്കാനുണ്ട്.

(About Biographies of the leaders-written for Mathrubhumi books journal)

Leave a Reply

Your email address will not be published. Required fields are marked *

Go Top