പെയ്‌‌തൊഴിഞ്ഞ സമരം; ഇന്നും പെയ്യുന്ന മരം

എൻ.പി.രാജേന്ദ്രൻ

വിമോചനസമരത്തിന്റെയും പിരിച്ചുവിടലിന്റെയും ശരിതെറ്റുകളെക്കുറിച്ച്‌ അനേകം ചോദ്യങ്ങള്‍ അന്നുതൊട്ടിന്നോളം ഉന്നയിക്കപ്പെട്ടിട്ടുണ്ട്‌. ഇന്നും രാഷ്‌ട്രീയവിദ്യാര്‍ഥികള്‍ ഈ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം തേടുന്നു, ഇപ്പോഴും ആ ചരിത്രസംഭവത്തെക്കുറിച്ച്‌ പഠനഗ്രന്ഥങ്ങളും ലേഖനസമാഹാരങ്ങളും ഇറങ്ങുന്നു. ഇതാ പള്ളി മുതല്‍ പാര്‍ട്ടി വരെ യും ആ തരത്തിലുള്ള തിരിഞ്ഞുനോട്ടമാണ്‌.

ഇത്‌ വ്യത്യസ്‌തമായ ഒരു കൃതിയാണ്‌. രണ്ടുപക്ഷത്തുള്ളവരുടെയും ലേഖനങ്ങള്‍ ഈ സമാഹാരത്തിലുണ്ട്‌. ആഴത്തില്‍ പഠിച്ചവരുടെ സ്വതന്ത്രങ്ങളായ നിരീക്ഷണങ്ങളുമുണ്ട്‌. ബി.ആര്‍.പി.ഭാസ്‌കറും ഡോ.എം.ജി.എസ്‌ നാരായണനും എം.എ.ജോണും വിമോചനസമരം നേരില്‍ കണ്ടവരാണ്‌. മറ്റുപത്ത്‌ ലേഖകരില്‍ മോചനസമരം ഒരാമുഖം എന്ന പുസ്‌തകമെഴുതിയ ജോണ്‍ കച്ചിറമറ്റവും കമ്യൂണിസ്‌റ്റ്‌ ഭരണവും വിമോചനസമരവും എന്ന പുസ്‌തകം രചിച്ച അഡ്വ.എ.ജയശങ്കറും ഈ വിഷയം ആഴത്തില്‍ പഠിച്ചവരാണ്‌. കെ.വേണുവും രാജന്‍ ഗുരുക്കളും സിവിക്‌ ചന്ദ്രനും ജെ.രഘുവും കേരളരാഷ്‌ട്രീയത്തിന്റെ അകവും പുറവും കണ്ട നിരീക്ഷകരും ചിന്തകരുമാണ്‌. ന്യൂനപക്ഷവര്‍ഗീയതയെ വിമോചനസമരവുമായി ബന്ധിപ്പിക്കുകയാണ്‌ ജി.കെ.സുരേഷ്‌ ബാബു. ഡോ.എം.ഗംഗാധരന്റെ അവതാരിക ഉള്‍പ്പെടെ എല്ലാം കാമ്പുള്ള നിരീക്ഷണങ്ങള്‍.

വെറും 49 ദിവസം മാത്രം നീണ്ട (70 ദിവസമെന്നും ഇതേ പുസ്‌തകത്തിലുണ്ട്‌) സമരം എങ്ങനെയാണ്‌ ഇത്രയും പ്രാധാന്യം നേടിയത്‌ ? ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു മന്ത്രിസഭയെ താഴെയിറക്കാന്‍ രാജ്യത്ത്‌ നടന്ന ആദ്യത്തെ വിമോചനസമരവും ആദ്യത്തെ പിരിച്ചുവിടലും ഇതായിരുന്നു എന്നത്‌ പാധാന്യമുള്ള കാര്യം തന്നെ. അമ്പത്തൊമ്പതിന്‌ ശേഷവും ഏറെ സംസ്ഥാനങ്ങളില്‍ വിമോചനസമരങ്ങള്‍ നടന്നിട്ടുണ്ട്‌, ആ പേരിലല്ലായിരിക്കാമെന്നുമാത്രം. എത്രയോ സംസ്ഥാനമന്ത്രിസഭകളെ കേന്ദ്രം പിരിച്ചുവിട്ടിട്ടുണ്ട്‌. 1969 ലെ പിരിച്ചുവിടലിനേക്കാളും അന്യായങ്ങളും ജനാധിപത്യവിരുദ്ധങ്ങളുമായിരുന്നു അവയേറെയും. എന്നിട്ടും 1959 ചരിത്രത്തില്‍ ഉയര്‍ന്നുനില്‍ക്കുന്നു.

വര്‍ഗീയവാദികളുടെ കുത്തിത്തിരിപ്പെന്നും പിന്തിരിപ്പന്മാരുടെ ഇളകിയാട്ടമെന്നും സി.ഐ.എ ഇടപെടലെന്നും ഒക്കെ പറയാമായിരിക്കും. പക്ഷേ സ്വാതന്ത്ര്യത്തിന്‌ മുമ്പോ ശേഷമോ കേരളത്തില്‍ നടന്ന ഏറ്റവും വലിയ ജനകീയസമരമാണിതെന്ന്‌ ഡോ.എം.ജി.എസ്‌ എഴുതുമ്പോള്‍ അതുതള്ളാനാവുകയില്ല. അറുപതിനായിരം സ്‌ത്രീകള്‍ ഉള്‍പ്പെടെ 1,49,847 പേരെ ജയിലിടച്ച മറ്റൊരു സമരം കേരളത്തില്‍ ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ ഇത്രയേറെ ഹിംസാത്മകമായി സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ച മറ്റൊരു സന്ദര്‍ഭവും കേരളത്തിലുണ്ടായിട്ടില്ലെന്നതാണ്‌ വാസ്‌തവം. തൊഴിലാളികളുടെ പാര്‍ട്ടി സ്ഥാപിച്ച ആദ്യത്തെ ഭരണം നടത്തിയ ആദ്യത്തെ വെടിവെപ്പ്‌ തൊഴിലാളികള്‍ക്ക്‌ നേരെയായിരുന്നു. ഏഴുവെടിവെപ്പുകള്‍, 19 മരണങ്ങള്‍ എന്ന റെക്കോഡ്‌ തിരുത്താന്‍ പിന്നീടൊരു ബൂര്‍ഷ്വാപാര്‍ട്ടി ഭരണത്തിനുപോലും കഴിഞ്ഞില്ല.( വ്യത്യസ്‌തലേഖനങ്ങളില്‍ വ്യത്യസ്‌ത കണക്കുകള്‍ കാണാം)

ഒരുപാട്‌ വൈരുദ്ധ്യങ്ങളും വിരോധാഭാസങ്ങളും ഈ സംഭവങ്ങളില്‍ അടിയൊഴുക്കുകളായുണ്ട്‌. ഇടതുപക്ഷക്കാര്‍ ഒരു ഭാഗത്തും മുതലാളിത്തവാദികള്‍ മറുവശത്തും നിന്നുള്ള പോരാട്ടമായിരുന്നു വിമോചനസമരമെന്ന ധാരണ പലരിലുമുണ്ട്‌. കമ്യൂണിസ്റ്റുകാരേക്കാള്‍ വലിയ വിപ്ലവകാരികളെന്ന്‌ അവകാശപ്പെട്ടിരുന്ന ആര്‍.എസ്‌.പി.ക്കാരും പലയിനം സോഷ്യലിസ്റ്റുകാരും സമരപക്ഷത്തായിരുന്നു. പല പിന്തിരിപ്പന്‍പത്രങ്ങളും സമരത്തെ എതിര്‍ക്കുകയായിരുന്നു. സവര്‍ക്കര്‍ ഉല്‍പ്പെടെയുള്ള ഹിന്ദുത്വവാദികള്‍ സമരത്തിനും പിരിച്ചുവിടലിനും എതിരായിരുന്നു. ഭരണംതാഴെയിറക്കാന്‍ ഏറെ പ്രയത്‌നിച്ചത്‌ മന്നത്ത്‌ പത്മനാഭനും എന്‍.എസ്‌.എസ്സുമാണെങ്കിലും കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ തിരഞ്ഞെടുപ്പില്‍ ജയിപ്പിക്കുന്നതില്‍ ഇവരൊരു പങ്ക്‌ വഹിച്ചു എന്നതും സത്യംതന്നെ. വര്‍ഗീയതയുടെ ആളിക്കത്തല്‍ ആയിരുന്നു എന്നുപറയുന്ന സമരകാലം മതസൗഹാര്‍ദ്ദത്തിന്റെ സുവര്‍ണകാലമായിരുന്നുവെന്നത്‌ മറ്റൊരു വൈരുദ്ധ്യം.

വിമോചനസമരാനുഭവം കമ്യൂണിസ്റ്റുകാര്‍ പില്‍ക്കാലത്ത്‌ മറക്കാനാണ്‌ ശ്രമിച്ചതെന്ന്‌തോന്നിപ്പോകുന്നു. സമരക്കാരോടുള്ള വിരോധം എട്ടുവര്‍ഷമേ നീണ്ടുനിന്നുള്ളൂ. പിരിച്ചുവിടല്‍ കഴിഞ്ഞ്‌ എട്ടാംവര്‍ഷം ഇ.എം.എസ്‌ വീണ്ടും അധികാരത്തില്‍ വരുമ്പോള്‍ നല്ലൊരു പങ്ക്‌ വിമോചനസമരക്കാര്‍ കൂടെയുണ്ടായിരുന്നു. വിദ്യാഭ്യാസപരിഷ്‌കാരശ്രമങ്ങള്‍ പിന്നോട്ടല്ലാതെ മുന്നോട്ട്‌ പോയില്ല. കാര്‍ഷികപരിഷ്‌കാരത്തിന്‌ പിന്നെയും കാലം കുറെയെടുത്തു. കമ്യൂണിസ്റ്റ്‌ ഭരണം എന്തോ ഭയങ്കര ആപത്താണെന്ന്‌ കരുതിയവര്‍ക്ക്‌ ആ ധാരണ തെറ്റാണെന്ന്‌ പിന്നീട്‌ തോന്നിക്കാണണം. കമ്യൂണിസ്റ്റ്‌ ഭരണമുണ്ടായിട്ടും വിമോചനസമരം കേരളത്തില്‍ പിന്നീടുണ്ടാകാതിരുന്നത്‌ അതുകൊണ്ടാവാം. മുപ്പതുവര്‍ഷം ഭരിച്ചിട്ടും പ.ബംഗാളില്‍ കമ്യൂണിസ്റ്റ്‌ മന്ത്രിസഭയെ കേന്ദ്രം പിരിച്ചുവിട്ടതുമില്ലല്ലോ.

പള്ളിമുതല്‍ പാര്‍ട്ടി വരെ
നിര്‍മല ബുക്‌സ്‌ ചാലക്കുടി
പേജ്‌ 136 വില 65 രൂപ

Leave a Reply

Your email address will not be published. Required fields are marked *

Go Top