ദ് ഹൂട്ട് ഓണ്‍ ലൈന്‍ മാദ്ധ്യമം പ്രസിദ്ധീകരണം നിര്‍ത്തുന്നു

എൻ.പി.രാജേന്ദ്രൻ

രാജ്യത്തെ ഏറ്റവും പ്രമുഖ മാദ്ധ്യമ പഠന വിമര്‍ശന മാദ്ധ്യമമായ ദ് ഹൂട്ട്.ഒആര്‍ജി യുടെ പ്രവര്‍ത്തനം നിലച്ചിരിക്കുന്നു. പതിനേഴ് വര്‍ഷത്തെ ശ്രദ്ധേയമായ പ്രവര്‍ത്തനത്തിനു ശേഷമാണ് ദ് ഹൂട് വെബ്‌സൈറ്റ് നിശ്ചലമായിരിക്കുന്നത്.

പ്രമുഖ പത്രപ്രവര്‍ത്തകയായ സെവന്തി നൈനാനാണ് എഡിറ്റര്‍. സ്ഥാപനത്തിന്റെ പതിനേഴ് വര്‍ഷത്തെ അനുഭവങ്ങള്‍ വിവരിക്കുന്ന എഡിറ്ററുടെ ലേഖനം ഓഗസ്ത് ലക്കത്തില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. അതിനു ശേഷം പുതുതായി ഒന്നും ചേര്‍ത്തിട്ടില്ല.
പതിനേഴ് വര്‍ഷമായി ഏതാണ്ട് ഏകയായാണ് ഈ പ്രസിദ്ധീകരണം നടത്തി വരുന്നത്. പലരുടെയും സഹായം തേടി. പ്രതീക്ഷിച്ച സഹായമൊന്നും ലഭിച്ചില്ല. തളര്‍ന്നിരിക്കുന്നു- സെവന്തി നൈനാന്‍ തത്സമയം എഡിറ്റര്‍ക്ക് അയച്ച ഇ മെയില്‍ സന്ദേശത്തില്‍ അറിയിച്ചു.

ഇക്കണോമിക് ആന്റ് പൊളിറ്റിക്കള്‍ വീക്ക്‌ലി എഡിറ്ററായിരുന്ന പ്രമുഖ പത്രപ്രവര്‍ത്തകന്‍ പരന്‍ജോയ് ഗുഹ താകുര്‍ത്ത പ്രസിദ്ധീകരണം ഏറ്റെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട് എന്നും അവര്‍ അറിയിച്ചു. തീരുമാനമായിട്ടില്ല.

സെവന്തി നൈനാന്‍

1974 മുതല്‍ പത്രപ്രവര്‍ത്തകയാണ് സെവന്തി നൈനാന്‍. ഇന്ത്യന്‍ എക്‌സ്പ്രസ്സിലും ഹിന്ദുസ്ഥാന്‍ ടൈംസിലും ദ് ഹിന്ദുവിലും പത്രപ്രവര്‍ത്തകയായിരുന്നു അവര്‍. അതിനു ശേഷമാണ് സ്വതന്ത്ര മാധ്യമമായ ദ് ഹൂട്ടിന് ജന്മം നല്‍കിയത്. പത്രപ്രവര്‍ത്തന മേഖലയിലെ പ്രശ്‌നങ്ങളും പത്രപ്രവര്‍ത്തനനിയമങ്ങളും വാര്‍ത്താവലോകനങ്ങളും എല്ലാം നിരന്തരം പ്രസിദ്ധീകരിച്ചുപോന്നിട്ടുണ്ട്. പതിനേഴു വര്‍ഷം മുമ്പ് ഇന്റര്‍നെറ്റിന്റെ തുടക്കകാലത്തുതന്നെയാണ് ഈ ഇന്റര്‍നെറ്റ് പ്രസിദ്ധീകരണം ശക്തമായ സാന്നിദ്ധ്യമുറപ്പിച്ചത്.

മാദ്ധ്യമരംഗത്തുണ്ടായ നല്ലതും ചീത്തയുമായ എല്ലാ പ്രവണതകളെക്കുറിച്ചും ദ് ഹൂട്ട് വിലയിരുത്തല്‍ നടത്തിയിട്ടുണ്ട്. വിവാദമായ തെഹല്‍ക്ക പ്രൈവറ്റ് ട്രീറ്റികള്‍, തെഹല്‍്ക്ക സ്റ്റിങ് ഓപറേഷന്‍, പെയ്ഡ് ന്യുസ്, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളര്‍ച്ച, എഡിറ്റര്‍ പദവിയുടെ മൂല്യശോഷണം, ചാനല്‍ പ്രതിഭാസങ്ങള്‍ തുടങ്ങിയയെല്ലാം ദ്ഹൂട്ട് വിലയിരുത്തുകയും വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

മികച്ച വനിതാ പത്രപ്രവര്‍ത്തകര്‍ക്കുള്ള ചമേലി ദേവി പുരസ്‌കാരം സ്ഥാപിച്ചത് ദ് ഹൂട്ടിന്റെ മാതൃസ്ഥാപനമായ മീഡിയ ഫൗണ്ടേഷനാണ്.
മാദ്ധ്യമവിമര്‍ശനത്തിന്റെ ശരിതെറ്റ് വിവേചനത്തിന്റെയും പ്രസക്തി അനുദിനം വര്‍ദ്ധിക്കുന്ന കാലത്ത് ഇതുപോലൊരു സ്ഥാപനം ഇല്ലാതാകുന്നത് ഏറെ ദുഃഖകരമാണ്. സൈറ്റിന്റെ ആര്‍ക്കൈവ്‌സ് നിലനിര്‍ത്തിയിട്ടുണ്ട്.
സന്ദര്‍ശിക്കുക: www.thehoot.org

Leave a Reply

Your email address will not be published. Required fields are marked *

Go Top