മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യസുരക്ഷയ്ക്കു ഭീഷണി

എൻ.പി.രാജേന്ദ്രൻ
ഭരണഘടന വാഗ്ദാനം ചെയ്യുന്ന അഭിപ്രായ പ്രകടനസ്വാതന്ത്ര്യം ഉപയോഗിച്ചതിനു ഒരു പത്രാധിപര്‍ ഒരു വര്‍ഷത്തെ തടവ് അനുഭവിക്കാന്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. മണിപ്പൂര്‍ ഭരിക്കുന്ന ബി.ജെ.പി നിയന്ത്രിത ഭരണത്തെ വിമര്‍ശിച്ചതിന്  പത്രപ്രവര്‍ത്തകന്‍ കിഷോര്‍ചന്ദ്ര വാങ്‌ഖേം നവംബര്‍ 26നു അറസ്റ്റ് ചെയ്യപ്പെട്ടത് ദേശീയ സുരക്ഷാ നിയമം അനുസരിച്ചായിരുന്നു.  സംസ്ഥാനത്തെ ദേശീയ സുരക്ഷാ നിയമ ഉപദേശക ബോര്‍ഡിന്റെ ശുപാര്‍ശ പരിഗണിച്ച് ഡിസംബര്‍ 13നു അദ്ദേഹത്തിനു ശിക്ഷ വിധിച്ചു. തടവിലിടാന്‍ ആവശ്യപ്പെട്ട് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.എന്താണ് അദ്ദേഹം ഉണ്ടാക്കിയ പ്രകോപനം എന്നല്ലേ. ഐ.എസ്.ടി.വി എന്ന ചാനലിന്റെ അവതാരകനും റിപ്പോര്‍ട്ടറുമായ അദ്ദേഹം സാമൂഹ്യമാദ്ധ്യമത്തില്‍ അപ് ലോഡ് ചെയ്ത ഒരു വീഡിയോയില്‍ സംസ്ഥാന സര്‍ക്കാറിനെ കഠിനമായി വിമര്‍ശിച്ചിരുന്നു. ബ്രിട്ടനെതിരെ ഝാന്‍സി റാണി നടത്തിയ പോരാട്ടത്തെ മണിപ്പൂര്‍ സ്വാതന്ത്ര്യസമരവുമായി കൂട്ടിച്ചേര്‍ത്ത് പ്രകീര്‍ത്തിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചതിനെ വിമര്‍ശിച്ചു എന്നതായിരുന്നു അദ്ദേഹം ചെയ്ത കുറ്റം. പ്രാദേശിക ഭാഷയില്‍ അവതരിപ്പിച്ച പരിപാടിയില്‍ ഗവണ്മെന്റിനെയും ആര്‍.എസ്.എസ്സിനെയും കുറച്ചേറെ കഠിനമായ ഭാഷയില്‍ വിമര്‍ശിച്ചു എന്നതു ശരിയാണ്. ഇതില്‍ പ്രകോപിതരായ സര്‍ക്കാര്‍ അധികാരികള്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് ഉടന്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. പ്രാദേശിക കോടതി ഒട്ടും വൈകാതെ അദ്ദേഹത്തെ ജാമ്യത്തില്‍ വിടുകയും ചെയ്തു. ‘ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ആള്‍ക്കെതിരെ തെരുവുഭാഷയില്‍ അഭിപ്രായം പറയുക മാത്രമാണ് പത്രപ്രവര്‍ത്തകന്‍ ചെയ്തത്’ എന്നാണ് മജിസ്‌ട്രേറ്റ് വിധിച്ചത്. ഇത്തരം വിമര്‍ശനങ്ങള്‍ ജനങ്ങള്‍ക്കിടിയില്‍ വിദ്വേഷമുണ്ടാക്കുമെന്നോ സമൂഹത്തെ അപകടപ്പെടുത്തമെന്നോ അക്രമത്തിനു പ്രേരണയാകുമെന്നോ കരുതാന്‍ കഴിയില്ല. ഒരു വ്യക്തിയുടെ അഭിപ്രായപ്രകടനം മാത്രമാണ് അത്. അതിനുള്ള സ്വാതന്ത്ര്യം ആ ആള്‍ക്ക് നിയമം അനുവദിക്കുന്നുണ്ട് എന്നും പറഞ്ഞാണ് അദ്ദേഹത്തെ കോടതി മോചിപ്പിച്ചത്. പക്ഷേ, സര്‍ക്കാര്‍ പിറ്റേന്നു തന്നെ അദ്ദേഹത്തെ രാജ്യ സുരക്ഷാനിയമപ്രകാരം അറസ്റ്റ് ചെയ്തു.

അതിനിടെ മറ്റൊന്നു കൂടി സംഭവിച്ചു. ഐ.എസ്.ടി.വി എന്ന സ്ഥാപനം കിഷോര്‍ചന്ദ്രയെ പിരിച്ചുവിട്ടു. മണിപ്പൂര്‍ വര്‍ക്കിങ് ജേണലിസ്റ്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കൂടിയാണ് ചാനലിന്റെ എഡിറ്റര്‍ ബ്രോജേന്ദ്ര നിന്‍ഗോബം. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ചാനലില്‍ വന്ന ഒരു വിമര്‍ശനത്തിനു മുഖ്യമന്ത്രിയോട് മാപ്പു പറഞ്ഞ ആളാണ് ഈ എഡിറ്റര്‍.

മണിപ്പുര്‍ പത്രപ്രവര്‍ത്തകര്‍ പക്ഷേ, കിഷോര്‍ ചന്ദ്രക്കൊപ്പം ഉറച്ചുനില്‍ക്കുന്നുണ്ട്. അവര്‍ മണിപ്പൂര്‍ നഗരത്തിലും മുഖ്യമന്ത്രിയുടെ വീട്ടിനു മുമ്പിലും പ്രതിഷേധപ്രകടനം നടത്തി. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളില്‍പ്പോലും അഭിപ്രായസ്വാതന്ത്ര്യം മുമ്പൊന്നും കാണാത്ത വിധം നിഷേധിക്കപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍ വടക്കു പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതിന്റെ പ്രത്യക്ഷമായ ഒരു ഉദാഹരണമായി കിഷോര്‍ ചന്ദ്രയുടെ അറസ്റ്റും ശിക്ഷയും മാറിയിരിക്കുന്നു.

ഡെര്‍ സ്പീഗല്‍ പത്രത്തില്‍ ഒരു ജെയ്‌സണ്‍ ബ്ലെയര്‍

അമേരിക്കയില്‍ പത്രപ്രവര്‍ത്തകനായിരുന്ന ജെയ്‌സണ്‍ ബ്ലെയറിനെ മറക്കാന്‍ സമയമായോ എന്നറിയില്ല. 1999 ജുണ്‍ മുതല്‍ ന്യൂയോര്‍ക്ക് ടൈംസ് ലേഖകനായി ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് ചൊടിയും ചുണയുമുള്ള ആ റിപ്പോര്‍ട്ടര്‍. മികച്ച ലേഖകന്‍ എന്നു പേരെടുക്കാന്‍ അധികം സമയമെടുത്തില്ല. പക്ഷേ, 2003 ഓടെ എല്ലാം അവസാനിച്ചു. പല പത്രങ്ങളില്‍ നിന്നു പകര്‍ത്തിയെഴുതിയ റിപ്പോര്‍ട്ടുകള്‍, ഇല്ലാത്ത സംഭവങ്ങള്‍ ഉണ്ടെന്നു വരുത്തിയുള്ള തകര്‍പ്പന്‍ എക്‌സ്‌ക്ലൂസീവുകള്‍, ഒരിക്കലും പോയിട്ടുപോലുമില്ലാത്ത നാടുകളില്‍നിന്നുള്ള തത്സമയ റിപ്പോര്‍ട്ടുകള്‍, കണ്ടിട്ടേ ഇല്ലാത്തവരുമായുള്ള അഭിമുഖങ്ങള്‍…ജെയ്‌സണ്‍ ബ്ലെയര്‍ എല്ലാം ഏറ്റുപറഞ്ഞു. ന്യൂ യോര്‍ക്ക് ടൈംസ് പത്രം ഒന്നാം പേജില്‍തന്നെ തങ്ങളുടെ ഏതെല്ലാം റിപ്പോര്‍ട്ടുകളില്‍ എന്തെല്ലാം തെറ്റുകളാണ് റിപ്പോര്‍്ട്ട് ചെയ്തത് എന്ന് ഒരു ദീര്‍ഘലേഖനത്തിലൂടെ വായനക്കാരെ അറിയിക്കുകയും മാപ്പു പറയുകയും ചെയ്യേണ്ടിവന്നു. എങ്ങനെ ആവരുത് ഒരു ജേണലിസ്റ്റ് എന്ന് ജേണലിസം ക്ലാസ്സുകളില്‍ പഠിപ്പിക്കുന്നത് ജെയ്‌സണ്‍ ബ്ലെയറിന്റെ ഉദാഹരണം വിവരിച്ചുകൊണ്ടാണ്.

വര്‍ഷങ്ങള്‍ക്കു ശേഷം ഇതാ ജര്‍മനിയില്‍നിന്ന് ഒരു സമാന കഥ. ഡെര്‍ സ്്പീഗല്‍ എന്ന പ്രമുഖ ആനുകാലിക പ്രസിദ്ധീകരണത്തിന്റെ ഒരു ലേഖകന്‍ അനേക വര്‍ഷങ്ങളായി പത്രത്തില്‍ കള്ളക്കഥകള്‍ എഴുതുകയായിരുന്നു എന്ന വിവരം പുറത്തറഞ്ഞതോടെ പത്രത്തിലും ജര്‍മന്‍ പത്രപ്രവര്‍ത്തനരംഗത്തുതന്നെയും കോളിളക്കമാണ് ഉണ്ടായത്. ഏഴു വര്‍ഷമായി റിപ്പോര്‍ട്ടറായി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ക്ലാസ് റിലോടിയസ് എന്ന ലേഖകന്റെ അറുപതോളം റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതില്‍ പതിനാലും വ്യാജവാര്‍ത്തകളായിരുന്നു എന്നു ബോദ്ധ്യപ്പെട്ടു. 33 നു കാരനായ  റിലോടിയസ് കുറ്റമേറ്റു പറഞ്ഞ്്  ജാലി രാജിവയ്ക്കുകയാണ് ചെയ്തത്.

ഏഴേകാല്‍ ലക്ഷം പേര്‍ വാങ്ങുന്ന് പ്രിന്റ് എഡിഷനും അറുപതു ലക്ഷത്തിലേറെപ്പേര്‍ വായിക്കുന്ന ഓണ്‍ലൈന്‍ എഡിഷനും ഉള്ള പ്രസിദ്ധീകരണത്തിന് പുതിയ വിവാദം വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. ഡെര്‍ സ്്പീഗല്‍ വായനക്കാരോട് മാപ്പ് പ്രസിദ്ധീകരിച്ചു. പത്രപ്രവര്‍ത്തക സമൂഹത്തില്‍ ഈ സംഭവം ഉണ്ടാക്കിയത് ചെറിയ ആഘാതമൊന്നുമായിരുന്നില്ല. പത്രം ഒന്നും മറച്ചുവച്ചില്ല. ജെയ്‌സണ്‍ ബ്ലെയര്‍ വിഷയത്തില്‍ ന്യൂയോര്‍ക്ക് ടൈംസ് ചെയ്തതു പോലെ ഡെര്‍ സ്പീഗല്‍ പത്രം 23 പേജ് നീണ്ട ഒരു വിശദീകരണറിപ്പോര്‍ട്ടാണ് പ്രസിദ്ധപ്പെടുത്തിയത്.

നമ്മുടെ നാട്ടില്‍ ഇങ്ങനെയാരും വ്യാജവാര്‍ത്തകള്‍ എഴുതാറില്ല, എഴുതിയാല്‍ തന്നെ ആരും കണ്ടുപിടിക്കാറില്ല, കണ്ടുപിടിച്ചാല്‍തന്നെ ആരും പുറത്തുപറയാറില്ല, പുറത്തുപറഞ്ഞാല്‍ തന്നെ അതൊന്നും ഒരു പത്രവും പ്രസിദ്ധീകരിക്കുകയില്ല. ആരെങ്കിലും, പസിദ്ധീകരിച്ചാല്‍ തന്നെ അതാണ് വ്യാജവാര്‍ത്ത എന്നു എല്ലാവരും ചേര്‍ന്നു സ്ഥാപിക്കുകയും ചെയ്യും!

ആത്മഹത്യ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യാം?

പഴക്കമുള്ള ചോദ്യമാണ്. പക്ഷേ, എന്തിന് ചോദിക്കണം എന്നാവും നമ്മുടെ മനസ്സില്‍ വരുന്ന ചോദ്യം. ലോകത്തില്‍ പല രാജ്യങ്ങളും അങ്ങനെയല്ല കാര്യങ്ങളെ കാണുന്നത്. കൊട്ടിഘോഷിക്കാനുള്ളതല്ല ആത്മഹത്യ എന്നാണ് സാംസ്‌കാരികമായി വളര്‍ന്നിട്ടുള്ള സമൂഹങ്ങളെല്ലാം വിചാരിക്കുന്നത്. പല രാജ്യങ്ങളിലെയും, പല മാദ്ധ്യമങ്ങളിലെയും റിപ്പോര്‍ട്ടിങ്ങ് ധാര്‍മിക സംഹിതകളിലെല്ലാം ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നമ്മുടെ പ്രസ് കൗണ്‍സിലിനു തുല്യമായ ബ്രിട്ടനിലെ മാദ്ധ്യമ റഗുലേറ്റര്‍ സ്ഥാപനമായ ഇന്‍ഡിപെന്‍ഡന്‍ഡ്പ്രസ് സ്റ്റാന്‍ഡേഡ്‌സ് ഒര്‍ഗനൈസേഷന്‍- ഐ.പി.എസ്.ഓ- ഇക്കാര്യത്തില്‍ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി രംഗത്തു വന്നിട്ടുണ്ട്. ആത്മഹത്യ ചെയ്ത രീതി വിവരിക്കുകയേ വേണ്ട എന്നാണ് പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുള്ളത്. കാരണം, ഈ വിവരണമാണ് മിക്കപ്പോഴും അതേ പ്രായക്കാരായ മറ്റുള്ളവരെ സ്വാധീനിക്കുകയും ആത്മഹത്യയിലേക്കു നയിക്കുകയും ചെയ്യുന്നത് എന്ന പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്.

എന്തെങ്കിലും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കോ അവഗണനകള്‍ക്കോ നീതിനിഷേധത്തിനോ ഉള്ള പ്രതിക്രിയയാണ് ആത്മഹതത്യ എന്ന  മട്ടില്‍ വിഷയം അവതരിപ്പിക്കുന്നതും ആത്മഹത്യകളെ പ്രകീര്‍ത്തിക്കുന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും സാമൂഹ്യമായ വലിയ ദോഷമാണ് ഉണ്ടാക്കുക എന്ന റിപ്പാര്‍ട്ട് വിശദീകരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Go Top