ജാതിയും മതവും ചോദിക്കുന്ന വാര്‍ത്തകള്‍

എൻ.പി.രാജേന്ദ്രൻ

നാഗരാജു കോപ്പുല എന്ന പേര് അധികമാളുകള്‍ കേട്ടിരിക്കാനിടയില്ല. ഒരു ഇംഗ്ലീഷ് പത്രത്തില്‍ ജോലി ചെയ്ത ഈ ദലിത് പത്രപ്രവര്‍ത്തകന് ഒരു പ്രത്യേകതയുണ്ട്. അദ്ദേഹം ഇംഗ്ലീഷ് പത്രത്തില്‍ ജേണലിസ്റ്റ് ആയ അപൂര്‍വം ദലിത് യുവാക്കളിലൊരാളാണ്. ആദ്യത്തെ ദലിത് ഇംഗഌഷ് പത്രപ്രവര്‍ത്തകന്‍ എന്നുപോലും ചിലരെല്ലാം അവകാശപ്പെടുന്നുണ്ട്. പക്ഷേ, അത് ചോദ്യം ചെയ്യപ്പെട്ടേക്കാം. അതവിടെ നില്‍ക്കട്ടെ. നാഗരാജു ഒരു പാട് ചോദ്യങ്ങള്‍ അവശേഷിപ്പിച്ചുകൊണ്ട് ഇക്കഴിഞ്ഞ ഏപ്രിലില്‍ മരണമടഞ്ഞു. മരണശേഷം പലരും ചോദിച്ചു….നാഗരാജുവിനെ കൊന്നത് ക്യാന്‍സറോ ജാതിവിവേചനമോ ?

നാഗരാജു

ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിലെ നല്ല പത്രപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു നാഗരാജു. ആന്ധ്രപ്രദേശിലെ ഖമ്മം ജില്ലയിലെ ഭദ്രാചലത്തിടുത്ത് സരപാക ഗ്രാമത്തില്‍ നിന്നുള്ള ഈ യുവാവിന്റെ പത്രപ്രവര്‍ത്തന കഴിവുകളെയും സംഭാവനകളെയും അദ്ദേഹം പ്രവര്‍ത്തിച്ച പത്രം പുകഴ്ത്തി, മരണാനന്തരം. നാഗരാജു ദരിദ്ര കുടുംബത്തില്‍ നിന്നാണ് വന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ല. നിര്‍മാണത്തൊഴിലാളിയായും ഐസ് ക്രീം വില്പ്പനക്കാരനായും പ്രവര്‍ത്തിച്ചാണ് വിദ്യാഭ്യാസം നേടിയത്. ചിത്രരചനയിലും മിടുക്കനായ അദ്ദേഹം കടകളുടെ ബോര്‍ഡ് എഴുതിയും പണമുണ്ടാക്കി. അസാമാന്യമായ ഇച്ഛാശക്തിയും ലക്ഷ്യബോധവും ഉള്ളതുകൊണ്ടുമാത്രമാണ് അദ്ദേഹത്തിന് ബംഗളൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജേണലിസത്തില്‍ പോയി പഠിക്കാനായത്.

നാഗരാജുവിനോളം വിദ്യാഭ്യാസവും അറിവും കഴിവും ഉള്ള ഒരു ദലിത് യുവാവ് പത്രപ്രവര്‍ത്തനത്തിലേക്കുതന്നെ വരണമെന്നില്ല. സുഖജീവിതം ഉറപ്പ് നല്‍കുന്ന സര്‍ക്കാര്‍ ജോലി കിട്ടാന്‍ ഒരു പ്രയാസവുമില്ല. പിരിയുന്നതുവരെ തൊഴിലും വര്‍ഷംതോറും വര്‍ദ്ധിക്കുന്ന ശമ്പളവും സുരക്ഷിതം. പിരിഞ്ഞാല്‍ മരണം വരെ പെന്‍ഷനും. അതും അനന്തമായി വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. പക്ഷേ, നാഗരാജു തിരഞ്ഞെടുത്തത് പത്രപ്രവര്‍ത്തനമാണ്. ആ ‘തെറ്റായ ‘ തീരുമാനത്തിന് നാഗരാജു വലിയ വില കൊടുത്തു. അദ്ദേഹത്തിന് പത്രസ്ഥാപനത്തില്‍ കരാര്‍ നിയമനമേ ലഭിച്ചുള്ളൂ. ജാതിവിവേചനം അദ്ദേഹം അനുഭവിച്ചിരുന്നുവെന്ന് ചില സഹപ്രവര്‍ത്തകര്‍തന്നെ ആരോപിച്ചിരുന്നു. എന്നിട്ടും അദ്ദേഹം പിടിച്ചുനിന്നു. രോഗബാധിതനായപ്പോള്‍ സ്ഥിതി ഗുരുതരമായി. ജോലി നഷ്ടപ്പെട്ടു. ശരിയായ ചികിത്സ പോലും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. അര്‍ബുദരോഗത്തിനല്ല, രോഗനിര്‍ണയം തെറ്റിയതിനാല്‍ ക്ഷയരോഗത്തിനുള്ള ചികിത്സയാണ് ആസ്പത്രിയില്‍നിന്ന് ലഭിച്ചത്.
എല്ലാം അദ്ദേഹത്തിന് നിര്‍ഭാഗ്യം എന്ന് പറഞ്ഞൊഴിയാന്‍ നമുക്ക് കഴിയുമോ ?

നാഗരാജുവിന്റെ മരണം വലിയൊരു സാമൂഹിക-മാധ്യമ-രാഷ്ട്രീയ പ്രശ്‌നത്തിലേക്ക് ഒരിക്കല്‍ കൂടി ശ്രദ്ധ ക്ഷണിച്ചു. ചരമത്തില്‍ അനുശോചിക്കാന്‍ ചേര്‍ന്ന ഡല്‍ഹി യൂണിയന്‍ ഓഫ് ജേണലിസ്റ്റ്‌സ് യോഗത്തിലും മീഡിയ സ്റ്റഡീസ് ഗ്രൂപ്പ് യോഗത്തിലും മാധ്യമങ്ങളിലെ ദലിത് അസാന്നിദ്ധ്യത്തെ കുറിച്ചും വിവേചനത്തെകുറിച്ചും ഏറെ പരാതികള്‍ ഉയര്‍ന്നുവന്നു. ജനസംഖ്യയുടെ എട്ട് ശതമാനം മാത്രം വരുന്ന ഉന്നതജാതിക്കാരാണ് ഉയര്‍ന്ന മാധ്യമ തസ്തികകളില്‍ 71 ശതമാനം കൈവശം വെക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തനരംഗം പഠിച്ച ചിലര്‍ വെളിപ്പെടുത്തി. മാധ്യമങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്ന തസ്തികകളില്‍ ഇരിക്കുന്ന 300 പേരില്‍ ഒരൊറ്റ ദലിത്-ആദിവാസി പത്രപ്രവര്‍ത്തകനില്ല എന്നും വ്യക്തമാക്കപ്പെട്ടു

ഒരു ജനാധിപത്യസമൂഹത്തെയും ഭരണവ്യവസ്ഥയെയും നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന മേഖലയാണ് മാധ്യമങ്ങളുടേത്. സംവരണത്തിലൂടെയും നീണ്ടുനിന്ന പോരാട്ടത്തിലൂടെയും ദലിത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് ജുഡീഷ്യറി ഉള്‍പ്പെടെയുള്ള ഭരണമേഖലകളില്‍ പ്രാതിനിധ്യം ഉറപ്പാക്കാന്‍ കഴിഞ്ഞു. ജനാധിപത്യസമൂഹത്തിന്റെ നാലുതൂണുകളില്‍ ഒന്ന് എന്ന് വിളിക്കപ്പെടുന്ന മാധ്യമങ്ങളില്‍ ഇത്രയും കാലത്തിന് ശേഷവും അതുണ്ടാകാത്തതിനെ കുറിച്ച് പറയുമ്പോഴൊക്കെ പരിഹാസം നിറഞ്ഞ വിയോജിപ്പ് പലരില്‍ നിന്ന്- മിക്കപ്പോഴും പത്രപ്രവര്‍ത്തരില്‍ നിന്നുതന്നെ- ഉണ്ടാകാറുണ്ട്. ദലിത് യുവാക്കളാരെങ്കിലും പത്രത്തില്‍ വരുമോ ? അവര്‍ക്ക് ഇതിനേക്കാള്‍ നല്ല ശമ്പളവും ജോലിസ്ഥിരതയും സുരക്ഷിതത്ത്വവും നല്ല പെന്‍ഷനും ഉറപ്പുള്ള സര്‍ക്കാര്‍ ജോലി അനായാസം കിട്ടില്ലേ ?  ചോദ്യം അപ്രസക്തമല്ലതന്നെ. കിട്ടും, നല്ല ജോലി കിട്ടും. പക്ഷേ, അത് ദലിത് യുവാക്കള്‍ക്ക് മാത്രം ബാധകമായ കാര്യമല്ല. ആളുകള്‍ പത്രപ്രവര്‍ത്തനത്തിലേക്ക് വന്നത് അത് നല്ല ശമ്പളവും സൗകര്യങ്ങളും ഉള്ള ജോലിയായിരുന്നത് കൊണ്ടല്ല. പലതും ഉപേക്ഷിച്ച് പത്രപ്രവര്‍ത്തനത്തിലേക്ക് കടന്നവരുടെ എണ്ണവും വണ്ണവും ചെറുതല്ല. സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള വേറെ പണിയൊന്നും  കിട്ടാഞ്ഞിട്ടാണോ പത്രാധിപരായത് ? അദ്ദേഹത്തിന്റെ അറിവും യോഗ്യതയും അദ്ദേഹത്തെ തിരുവിതാംകൂര്‍ സര്‍ക്കാറിലെ ഏറ്റവും ഉന്നത് ജോലിക്ക് അര്‍ഹമാക്കുമായിരുന്നു. വിദേശത്ത് പഠിക്കാന്‍ സൗകര്യവും തിരിച്ചുവന്നാല്‍ ഉന്നത സര്‍ക്കാര്‍ ജോലിയും, നേരിട്ട്് വിളിച്ച് കേസരി ബാലകൃഷ്ണപിള്ളക്ക് ഉറപ്പ് നല്‍കിയത് എന്തിനും പോന്ന തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സി.പി. ആയിരുന്നല്ലോ. എനിക്ക് അതൊന്നും വേണ്ട, ദിവാന്‍ഭരണമൊന്ന് അവസാനിച്ചുകിട്ടിയാല്‍ മതിയായിരുന്നു എന്ന് മറുപടി പറഞ്ഞു കേസരി. പിന്നെ പത്രപ്രവര്‍ത്തനം നടത്തി തുലഞ്ഞ് നാടുവിടേണ്ടിവന്നു.

അത്രത്തോളം പോകാന്‍ ഇവിടെ ഇപ്പോള്‍ സ്വാതന്ത്ര്യസമരമോ രാജഭരണത്തിനെതിരെ പോരാട്ടവുമൊന്നും നടക്കുന്നില്ലല്ലോ എന്ന് വേണമെങ്കില്‍ ആര്‍ക്കും തിരിച്ചുചോദിക്കാം. ശരിയാണ്. പക്ഷേ, മാധ്യമപ്രവര്‍ത്തനം ഏത് സമൂഹത്തിലും നിര്‍ണായകമാണ്. എല്ലാ ജനവിഭാഗങ്ങള്‍ക്കും നീതി നല്‍കുന്ന ഒരു സംവിധാനമായി ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ സമൂഹത്തിലുള്ളതുപോലുള്ള വൈവിദ്ധ്യവും ബഹുസ്വരതയും മാധ്യമങ്ങളിലും നിലനില്‍ക്കണം. അധികാരത്തില്‍ പങ്കാളിത്തം ഇല്ലാത്ത ജനവിഭാഗങ്ങള്‍ക്ക് അധികാരശക്തികളില്‍ നിന്ന് നീതി ലഭിക്കില്ല.  മാധ്യമം എന്നത് അധികാരത്തിന് നേരെ ഉയരുന്ന ജനശബ്ദമാണ്. ആ ശബ്ദം ഭരണതീരുമാനങ്ങളിലും പ്രതിഫലിക്കും. കുറെ ജനവിഭാഗങ്ങള്‍ക്ക് മാധ്യമശബ്ദത്തില്‍ പ്രാതിനിധ്യമില്ലെങ്കില്‍ അവര്‍ക്ക് അധികാരത്തില്‍ പങ്കാളിത്തമില്ലാതാവും എന്ന അനുഭവത്തില്‍നിന്നാണ് മാധ്യമങ്ങളുടെ വാര്‍ത്താമുറികളിലും ബഹുസ്വരത ഉണ്ടാവണം എന്ന ബോധ്യം ഉണ്ടായത്. ഇല്ലെങ്കില്‍, ബഹുസ്വരതയും സാമൂഹ്യനീതിയും ഉണ്ടാക്കാനുള്ള ജനാധിപത്യപരമായ ശ്രമങ്ങളെപ്പോലും തകര്‍ക്കുന്ന പിന്തിരിപ്പന്‍ ഉപകരണങ്ങളായി മാധ്യമങ്ങള്‍ മാറും. മാറിയ സന്ദര്‍ഭങ്ങള്‍ അനവധിയുണ്ട്.

ദല്‍ഹിയില്‍ ബസ്സില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടപ്പോള്‍ അതിനെതിരെ                 രാജ്യത്തെമ്പാടും ഉയര്‍ന്ന രോഷവും പ്രതിഷേധവും, അതിനെ കുറിച്ച് മാധ്യമങ്ങളില്‍  നടന്ന ചര്‍ച്ചയും ആരും മറക്കില്ല. പെണ്‍കുട്ടി മരിച്ചപ്പോള്‍ ഇന്ത്യയില്‍ മുഴുവന്‍ പത്രങ്ങളിലും അലറുന്ന തലക്കെട്ടോടെ എട്ടുകോളം മെയിന്‍ വാര്‍ത്ത പ്രസിദ്ധീകരിക്കപ്പെട്ടു. ദേശീയ നേതാക്കള്‍ വധിക്കപ്പെടുമ്പോള്‍ ഉണ്ടാകാറുള്ള വലിയ  കവറേജ് അപൂര്‍വങ്ങളില്‍ അപൂര്‍വമായിരുന്നു. അന്ന് അരുന്ധതി റോയിയെപ്പോലുള്ളവര്‍ ചോദിച്ച ഒരു ചോദ്യമുണ്ട്. പീഡിപ്പിക്കപ്പെട്ടത് ഒരു ദലിത് പെണ്‍കുട്ടിയായിരുന്നുവെങ്കില്‍ ഇത്രയും വലിയ പ്രതികരണം ഉണ്ടാകുമായിരുന്നോ എന്നായിരുന്നു അവര്‍ ഉന്നയിച്ച ചോദ്യം. പെണ്‍കുട്ടിയുടെ ജാതി അറിഞ്ഞ ശേഷമാണ് മാധ്യമങ്ങളും പൊതുജനങ്ങളുമെല്ലാം രോഷംകൊണ്ടത് എന്ന അരുന്ധതിയുടെ ഒളിച്ചുവെച്ച ആരോപണം മിതമായി പറഞ്ഞാല്‍ ശുദ്ധ അബദ്ധമാണ്. പക്ഷേ, അധികാരകേന്ദ്രത്തിന്റെ സാമീപ്യം എന്ന മറ്റൊരു ഘടകത്തിന്റെ ആനുകൂല്യം ആ പെണ്‍കുട്ടിയുടെ പ്രശ്‌നത്തില്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ആ സംഭവം ഒരു കൊടുങ്കാറ്റായത്. പീഡിപ്പിച്ച് കൊല്ലപ്പെട്ട ആദ്യത്തെ പെണ്‍കുട്ടിയല്ല അവര്‍. അരുന്ധതിറോയിയെപ്പൊലുള്ളവര്‍ വലിയ ആളുകളാകുന്നതും ഡല്‍ഹി എന്ന ഭരണതലസ്ഥാനത്തെ പൗരന്മാര്‍ എന്ന സൗകര്യം ഉള്ളതിനാലാണ്. ജാര്‍ഖണ്ഡില്‍ ആണ് പെണ്‍കുട്ടി ഈവിധം പീഡിപ്പിക്കപ്പെടുന്നതെങ്കില്‍ ഇത്രയും വാര്‍ത്താപ്രാതിനിധ്യം മാധ്യമങ്ങള്‍ നല്‍കുമായിരുന്നോ എന്ന ചോദ്യമാണ് ഇതിലേറെ യഥാര്‍ത്ഥത്തില്‍ ഉന്നയിക്കപ്പെടേണ്ടിയിരുന്നത്. ബിഹാറിലോ ജാര്‍ഖണ്ഡിലോ പത്തോ അമ്പതോ ദലിതുകള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടപ്പോള്‍ കിട്ടിയതിലേറെ വാര്‍ത്താപ്രാധാന്യം ദേശീയമാധ്യമങ്ങളില്‍ ഈ മൃഗീയ പീഡന സംഭവത്തിന് ലഭിച്ചത് പത്രപ്രവര്‍ത്തന തത്ത്വങ്ങള്‍ നിരത്തി വിശദീകരിക്കുക പ്രയാസമാണ്. ഇത് വാര്‍ത്താമൂല്യ നിര്‍ണയത്തിലെ അനേകം ദുരൂഹതകളില്‍ ഒന്ന് മാത്രമാണ്. അത് മറ്റൊരു വിഷയം.

ജാതി വാര്‍ത്തയെ സ്വാധീനിക്കുന്നില്ല എന്നല്ല സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ജാതി ബോധം വാര്‍ത്തയുടെ പ്രാധാന്യനിര്‍ണയത്തില്‍ മുഖ്യ പങ്ക് വഹിക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. മിക്ക പത്രങ്ങളിലെയും വാര്‍ത്തകളില്‍ ഒരു ജനവിഭാഗമെന്ന നിലയില്‍ ദലിതുകളും ആദിവാസികളും കടന്നുവരുന്നത് അവര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളിലെ ഇരകള്‍ എന്ന നിലയില്‍ മാത്രമാണ്. പക്ഷേ, ഇതുപോലും മറ്റ് ആക്രമണവാര്‍ത്തകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ തീരെ അപ്രധാനമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളത്. 1997 ല്‍ ബിഹാര്‍ ലക്ഷ്മണ്‍പൂര്‍ ഗ്രാമത്തില്‍ 58 ദലിതുകള്‍ ക്രൂരമായി കൂട്ടക്കൊല  ചെയ്യപ്പെട്ട സംഭവം ഈയിടെ വീണ്ടും ചര്‍ച്ചാവിഷയമായി. കോബ്രപോസ്റ്റ് എന്ന ന്യൂസ് പോര്‍ട്ടല്‍ ഒരു സ്റ്റിങ്ങ് ഓപ്പറേഷനിലൂടെ അന്നത്തെ കുട്ടക്കൊലയില്‍ പല രീതിയില്‍ പങ്കാളികളായിരുന്നു മുരളി മനോഹര്‍ ജോഷി ഉള്‍പ്പെടെയുള്ള ബി.ജെ.പി.നേതാക്കളും മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള പഴയ കാല സോഷ്യലിസ്റ്റുകളും എന്നുള്ള വെളിപ്പെടുത്തലുകളാണ് ചര്‍ച്ചാവിഷയമാണ്. പഴയ കൂട്ടക്കൊലയ്ക്കാകട്ടെ,  ഇപ്പോഴത്തെ വെളിപ്പെടുത്തലിനാവട്ടെ ഒട്ടും വാര്‍ത്താപ്രാധാന്യം ലഭിക്കുകയുണ്ടായില്ല. മാധ്യമപ്രവര്‍ത്തനത്തിലെ ജാതിബോധം അല്ലാതെ മറ്റെന്താണ് കാരണം ?

ജാതി മാത്രമല്ല, മതവും ലിംഗവും രാഷ്ട്രീയവും  പ്രാദേശികതയും മറ്റനേകം വ്യക്തിഗത ഘടകങ്ങളും വാര്‍ത്താപ്രാധാന്യം നിര്‍ണയിക്കുന്നുണ്ട്. വാര്‍ത്താപ്രവര്‍ത്തനത്തിലെ പ്രൊഫഷനലിസത്തെ കുറിച്ച് ആ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അവകാശവാദങ്ങള്‍ ഉന്നയിക്കാറുണ്ടെങ്കിലും വാര്‍ത്ത എന്നത് വ്യക്തിയുടെ അഭിപ്രായം പോലെ വലിയ തോതില്‍ ആത്മനിഷ്ഠമാണ്, വ്യക്തിപരമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. വാര്‍ത്ത വസ്തുനിഷ്ഠമാകണം എന്ന് പഠിപ്പിക്കുമ്പോള്‍തന്നെ വാര്‍ത്ത ഒരു പരിധിക്കപ്പുറം വസ്തുനിഷ്ഠമാവില്ല എന്ന് നമുക്കറിയാം. ഒരു സ്ത്രീ പോലും ഇല്ലാത്ത ന്യൂസ്‌റും സ്ത്രീസൗഹൃദമാവില്ല, അവരുടെ വാര്‍ത്തകള്‍  സ്ത്രീപക്ഷം ഉള്‍ക്കൊള്ളുതാവില്ല എന്ന് പറയുന്നത് ഈ അടിസ്ഥാനത്തില്‍ തന്നെയാണ്. ഇതൊക്കെ സംഭവിക്കുന്നത് ദലിതരോടോ സ്ത്രീകളോടോ ശത്രുതയുള്ളതുകൊണ്ടുതന്നെയാവണം എന്നില്ല. ബോധപൂര്‍വം അല്ല, ബോധമില്ലാത്തതുകൊണ്ടും ആവാം അങ്ങിനെ ചെയ്യുന്നത്.

ഈ ബോധമില്ലായ്മ മാധ്യമങ്ങളില്‍ മാത്രമല്ല പൊതുസമൂഹത്തില്‍തന്നെ ഇപ്പോഴും നില നില്‍ക്കുന്നു എന്നതാണ് സത്യം. ഫോര്‍ത്ത് എസ്റ്റേറ്റില്‍ എല്ലാ ജനവിഭാഗത്തിനും പ്രാതിനിധ്യം ഇല്ല എന്നത് ഒരു പ്രശ്‌നമായി ഉയര്‍ത്തപ്പെട്ടിട്ടുതന്നെ അധികം കാലമായിട്ടില്ല. രാഷ്ട്രീയരംഗത്തും സാമൂഹ്യരംഗത്തും ജാതിക്കെതിരായ ചിന്ത എന്നോ ഉയര്‍ന്നുവന്നിട്ടുണ്ട്. ഭരണവേദികളിലെ സവര്‍ണാധിപത്യത്തെക്കുറിച്ച് മുമ്പേ ചര്‍ച്ച നടക്കാറുണ്ട്. പക്ഷേ, മുഖ്യധാരാ മാധ്യമങ്ങള്‍, പുരോഗമന രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങള്‍ എന്നിവയിലും ഉയര്‍ന്ന ജാതിക്കാരുടെ ജനസംഖ്യാനുപാതത്തില്‍ കവിഞ്ഞ സാന്നിദ്ധ്യവും അതിന്റെ സ്വാധീനവും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല. വിദേശിയായ ഒരു ഗവേഷകന്‍ വേണ്ടിവന്നു ഒരു പക്ഷേ ആദ്യമായിത്തന്നെ ഇന്ത്യന്‍ മാധ്യമസ്ഥാപനങ്ങളിലെ ദലിത് അസാന്നിദ്ധ്യത്തെ കുറിച്ച് ചൂണ്ടിക്കാട്ടാന്‍. മാധ്യമം, ഇന്ത്യാചരിത്രം, ജാതി തുടങ്ങിയ വിഷയങ്ങള്‍ കാല്‍നൂറ്റാണ്ടെങ്കിലുമായി പഠിച്ചുകൊണ്ടിരിക്കുന്ന കനഡക്കാരനായ ഗവേഷകന്‍ റോബിന്‍ ജെഫ്‌റിയാണ് 1992 ല്‍ ഇന്ത്യയില്‍ വന്നപ്പോള്‍ അക്കാര്യം ഒരു പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടിയത്. അതൊരു നിരീക്ഷണം മാത്രമായിരുന്നു. ബി.എന്‍.ഉണ്യാല്‍ എന്ന മാധ്യമഗവേഷകന്‍ അധികം വൈകാതെ ഇതേ കാര്യം ഒരു സമഗ്രപഠനത്തിലൂടെ ആവര്‍ത്തിച്ച് ഉന്നയിച്ചു. ഡല്‍ഹിയിലെ അക്രഡിറ്റഡ് ജേണലിസ്റ്റുകളുടെ കൂട്ടത്തില്‍ ഒരാള്‍പോലും ദലിതനല്ല എന്നായിരുന്നു 1996 ല്‍ അദ്ദേഹം കണ്ടെത്തിയത്. 2006 ല്‍ കൂടുതല്‍ ഗവേഷണങ്ങളും ചര്‍ച്ചകളും ഉണ്ടായി. പിന്നീട് ദ ഹിന്ദുവിന്റെ എഡിറ്ററായ സിദ്ധാര്‍ത്ഥ് വരദരാജന്‍, ജേണലിസം അദ്ധ്യാപകനും കോളമിസ്റ്റുമായ ജെ.സുബ്രഹ്മണ്യം, മാധ്യമഗവേഷകരായ കെന്നത്ത് ജെ.കൂപ്പര്‍, യോഗേന്ദ്ര യാദവ്  തുടങ്ങിയവര്‍ ഇതില്‍ പെടുന്നു. അക്കാദമിക മേഖലകളില്‍ പരിമിതപ്പെട്ടു ഇതുസംബന്ധമായ ചര്‍ച്ചകള്‍. മറ്റു സകലരെയും പ്രതിക്കൂട്ടില്‍ കയറ്റുമെങ്കിലും മാധ്യമങ്ങള്‍ പൊതുവെ മാധ്യമങ്ങളെ പ്രതിക്കൂട്ടില്‍ കയറ്റുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാറില്ല. മാധ്യമങ്ങള്‍ മനുവാദികളാണ് എന്ന് പറയാന്‍ കാന്‍ഷിറാമിനെപ്പോലെ അപൂര്‍വം പേരേ അന്നുണ്ടായിരുന്നുള്ളൂ. 2011 ല്‍ ഡല്‍ഹിയില്‍ നടന്ന രാജേന്ദ്രമാത്തൂര്‍ സ്മാരക പ്രഭാഷണത്തിന്റെ വിഷയം മാധ്യമമേഖലയിലെ ദലിത് അപ്രാതിനിധ്യമായിരുന്നു. പ്രഭാഷകന്‍ റോബിന്‍ ജെഫ്‌റി. പതിനഞ്ച് വര്‍ഷം മുമ്പ് കണ്ടതില്‍നിന്ന് ഒട്ടും മാറിയിട്ടില്ല ഇന്ത്യയിലെ ദലിത് അപ്രാതിനിധ്യം എന്നദ്ദേഹം വസ്തുതകള്‍ നിരത്തി ഓര്‍മപ്പെടുത്തി.

1990ന് ശേഷം ഇന്ത്യന്‍ മാധ്യമങ്ങള്‍ അതിവേഗതയില്‍ വളര്‍ന്നിട്ടുണ്ട്. 2000മാണ്ടില്‍ ആണ് റോബിന്‍ ജെഫ്‌റി ‘ഇന്ത്യാസ് ന്യൂസ് പേപ്പര്‍ റവല്യൂഷന്‍’ എന്ന ഗ്രന്ഥം എഴുതിയത്. എഴുപതുകള്‍ മുതല്‍ ഇന്ത്യയില്‍ വരുന്ന ഗവേഷകനാണ് ജെഫ്‌റി. തിരുവിതാംകൂറിലെ നായര്‍ ആധിപത്യത്തിന്റെ തളര്‍ച്ചയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗ്രന്ഥം പുറത്തുവരുന്നത് 1976ലാണ്. 2000മാണ്ടിന് ശേഷം മാധ്യമരംഗത്ത്, വന്‍ വിപഌവമാണ് നടന്നത്. ആഗോളവല്‍ക്കരണത്തിന്റെ അകമ്പടിയോടെ നടന്ന ആ വിപഌവത്തിന് ശേഷ വുമുള്ള ദലിത് ദയനീയതയുടെ പ്രതീകമാണ് അന്തരിച്ച ദലിത് മാധ്യമപ്രവര്‍ത്തകന്‍ നാഗരാജു കോപ്പുല.

പത്രം സൃഷ്ടിക്കപ്പെടുന്ന അടുക്കളയാണ് ന്യൂസ് റൂമുകള്‍. അവിടത്തെ പാചകക്കാരുടെ രുചി പരിഗണനകള്‍ തീര്‍ച്ചയായും അവിടെ വേവിച്ചെടുക്കുന്ന വാര്‍ത്തകളില്‍ ഉണ്ടാകും. തീര്‍ച്ചയായും ചില പ്രത്യേകതരം രുചികള്‍ ഇഷ്ടപ്പെടുന്നവരെ ലക്ഷ്യം വെച്ചാവും അവര്‍ എന്തും പാകം ചെയ്യുന്നതും. അതുകൊണ്ടുതന്നെ ഇംഗഌഷ് പത്രങ്ങള്‍ നഗരങ്ങളിലെ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മധ്യവര്‍ഗ താല്പര്യങ്ങള്‍ക്കനുസൃതമായാണ് വിഷയങ്ങളും നിലപാടുകളും സ്വീകരിക്കുന്നത് എന്നും കാണാം. ഇതേ വര്‍ഗം തന്നെയാണ് ഭാഷാ മാധ്യമങ്ങളിലും പത്രനിര്‍മാണം നടത്തുന്നത്. പക്ഷേ, ഇപ്പോള്‍ രണ്ടിടത്തും വായനക്കാരുടെ വിദ്യാഭ്യാസപരവും വര്‍ഗപരവും ജാതിപരവുമായ സ്വഭാവം അതിവേഗം മാറുകയാണ്. മാധ്യമങ്ങള്‍ വായിക്കുന്ന പിന്നാക്ക ജാതിക്കാരുടെ എണ്ണം വളരെ വര്‍ദ്ധിച്ചിരിക്കുന്നു. അതിന്റെ പ്രതിഫലനം പത്രനയങ്ങളില്‍ ഉണ്ടാവുന്നില്ലെങ്കില്‍ അത് പത്രത്തിന്റെ പ്രചാരത്തെ ബാധിക്കും എന്ന് പത്രാധിപന്മാരെയും പത്രഉടമകളെയും ബോധ്യപ്പെടുത്തുന്ന സംഭവങ്ങള്‍ സമീപകാലത്തുണ്ടായി.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പട്ടേല്‍ ജാതിക്കാരുടെ സംവരണ സമരത്തിനിടയില്‍ ശ്രദ്ധേയമായ ഒരു സംഭവമുണ്ടായി. ലോക്മത് എന്ന വലിയ പ്രചാരമുള്ള മറാത്തി പത്രം പ്രക്ഷോഭത്തിന് എതിരായ നിലപാടാണ് സ്വീകരിച്ചിരുന്നത്. പട്ടേല്‍ വിഭാഗക്കാര്‍ നാഗ്പൂരില്‍ നടന്ന വന്‍ റാലിയില്‍ ലോക്മത് പത്രം കത്തിച്ചുകൊണ്ട് പത്രനിലപാടിനെ ചോദ്യം ചെയ്തു. സംഘടിതമായി അവര്‍ പത്രബഹിഷ്‌കരണം പ്രഖ്യാപിച്ചു. പിറ്റേ പത്രം ഒന്നാം പേജില്‍ പ്രഖ്യാപിച്ചു-‘ പട്ടേല്‍വിഭാഗക്കാര്‍ക്ക് സംവരണം നല്‍കുന്നതിന് ഞങ്ങളെതിരല്ല’ !. രണ്ടായിരുത്തി ആറ് ആദ്യം ഡല്‍ഹിയില്‍ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നടന്ന ഒരു മാസം നീണ്ട സംവരണ വിരുദ്ധ സമരവുമായി ഇതിനെ താരതമ്യപ്പെടുത്തുന്നത് നന്നായിരിക്കും. പിന്നാക്ക ജാതിക്കാരെ അവഹേളിക്കുന്ന മുദ്രാവാക്യങ്ങള്‍ പോലും സംവരണവിരുദ്ധ സമരക്കാര്‍ ഉയര്‍ത്തിയെങ്കിലും അതിലൊന്നും ആരും ഒരു തെറ്റും കണ്ടില്ല എന്ന് സിദ്ധാര്‍ത്ഥ് വരദരാജന്‍ തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ഒട്ടും ഒളിച്ചുവെക്കാതുള്ളതായിരുന്നു സമരക്കാര്‍ക്കുള്ള മാധ്യമപിന്തുണ.

മുന്‍കാലത്ത് നടന്ന എല്ലാ സംവരണവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കും സമൃദ്ധമായ മാധ്യമ പിന്തുണ ഉണ്ടായിരുന്നു. സമൂഹത്തോട് ചെയ്യുന്ന ഏറ്റവും കുറ്റമാണ് സംവരണം എന്ന് സമരക്കാരും മാധ്യമങ്ങളും ഒരുപോലെ വാദിച്ചു. അന്ന് സംവരണത്തിന് അനുകൂലമായി ആരും വന്‍ റാലികള്‍ നടത്തിയില്ല. പത്രങ്ങള്‍ക്ക് ദലിതുകള്‍ക്കിടയില്‍, മറ്റ് യഥാര്‍ത്ഥ പിന്നാക്കക്കാര്‍ക്കിടയില്‍ സ്വാധീനമില്ല എന്നതുകൊണ്ടുതന്നെയാണ് മാധ്യമങ്ങള്‍ ഒരേ നിലപാട് സ്വീകരിച്ചത്. ഇന്ന് പട്ടേല്‍മാരെ അവര്‍ ഭയപ്പെട്ടത് പട്ടേല്‍മാര്‍ പിന്നോക്കാവസ്ഥ മറികടന്ന, മാധ്യമങ്ങളെയും സര്‍ക്കാറിനെയും വിരട്ടാന്‍ കഴിയുന്ന ഒരു വിഭാഗമായി വളര്‍ന്നുകഴിഞ്ഞതുകൊണ്ടാണ്. ബാങ്ക് നിക്ഷേപം പിന്‍വലിക്കുമെന്ന് സര്‍ക്കാറിനെ ഭയപ്പെടുത്താന്‍ കഴിയുന്ന ഒരു വിഭാഗം സംവരണം അര്‍ഹിക്കുന്ന തരം പിന്നില്‍ നില്‍ക്കുന്ന വിഭാഗമാണോ എന്നത് ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല.

സംവരണം ഉള്‍പ്പെടെ അനേകം ആനുകൂല്യങ്ങളും പദ്ധതികളും നടപ്പാക്കിയിട്ടും ദലിതര്‍ ഇപ്പോഴും ദലിതരായി നിലകൊള്ളുന്നു എന്നതുകൊണ്ടുതന്നെയാണ് ദലിത് പ്രശ്‌നം മാധ്യമങ്ങള്‍ അവഗണിക്കുന്നത്. കേരളം പോലുള്ള ഇത്രയേറെ സാക്ഷരതയും വളര്‍ച്ചയും ഉള്ള സംസ്ഥാനങ്ങളില്‍ പോലും ആദിവാസി-ദലിത് പ്രശ്‌നങ്ങള്‍ വേണ്ടത്ര മാധ്യമങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാത്തത് അവര്‍ ഇപ്പോഴും മാധ്യമ ഉപഭോക്താക്കളായിട്ടില്ല എന്നതുകൊണ്ടുതന്നെയാണ്. ഇത് ദലിതുകളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. സംഘടിത ശക്തികളെ മാത്രം പ്രീണിപ്പിക്കുന്ന മാര്‍ക്കറ്റിങ്ങ് നയത്തിന്റെ അടിമകളാണ് മിക്ക മാധ്യമങ്ങളും. പ്രചാരത്തെയോ പരസ്യ വരുമാനത്തെയോ സ്വാധീനിക്കാന്‍ കഴിവുള്ള ശക്തികളെയും വ്യക്തികളെയും അവര്‍ അളവറ്റ നിലയില്‍ പ്രീണിപ്പിക്കും. ആദിവാസികള്‍ പത്രം വാങ്ങാറില്ലല്ലോ, പിന്നെയെന്തിന് അവര്‍ക്ക് വേണ്ടി ന്യൂസ്പ്രിന്റ് കളയണം എന്ന വാദം ഇനിയും എത്ര കാലം മുഴങ്ങും എന്നതാണ് പ്രശ്‌നം. വായനക്കാരുടെ പുതിയ വിഭാഗങ്ങളെ പത്രത്തോടടുപ്പിക്കാനായെങ്കിലും ദലിത് ആദിവാസി പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കേണ്ടതുണ്ട്. ന്യൂസ് റൂം നിയമനങ്ങളില്‍ സംവരണം വേണം എന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. പൂര്‍ണമായി യോഗ്യത മാത്രം മാനദണ്ഡമാക്കി നിയമനം നടത്തേണ്ട മേഖല തന്നെയാണ് ഇത്. പക്ഷേ, സമൂഹത്തിലെ ഒരു വിഭാഗമാളുകള്‍ക്ക് പ്രാതിനിധ്യമില്ലാത്ത അവസ്ഥ എന്ന അയോഗ്യതയോളം വലുതാകില്ല എന്തെങ്കിലും ചെറിയ അയോഗ്യതകളുള്ള ഏതാനും വ്യക്തികള്‍ എന്ന് കരുതുന്നവരും കുറവല്ല. ദലിത്, ആദിവാസി, മുസ്ലിം, മറ്റ് പിന്നാക്കജാതി വിഭാഗങ്ങള്‍ മാധ്യമപ്രവര്‍ത്തകരാകുന്നത് മാധ്യമത്തിന്റെയും സമൂഹത്തിന്റെയും വളര്‍ച്ചയ്ക്ക് അനിവാര്യമാണെന്ന് ബോധം ഉണ്ടായാല്‍ ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടേക്കും. ഭാഷാസ്വാധീനക്കുറവാണ് മിക്കവാറും പിന്നോക്ക-ദലിത് ഉേേദ്യാഗാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നം എന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതുപരിഹരിക്കേണ്ടത് ഉദ്യോഗാര്‍ത്ഥിയുടെ മാത്രം പ്രശ്‌നമായി കാണാതെ മാധ്യമസമൂഹം കൂട്ടായി പരിഹാരനടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. അറിവും അഭിരുചിയും താല്പര്യവും ഉള്ളവരെ തിരഞ്ഞുപിടിച്ച് മാധ്യമങ്ങളിലെത്തിക്കാന്‍ മാധ്യമനടത്തിപ്പുകാര്‍തന്നെ ശ്രമിക്കേണ്ടതുണ്ട്. ഇതൊരു നഷ്ടക്കച്ചവടമാകില്ല അവര്‍ക്കും സമൂഹത്തിനും.

വനിതകള്‍ക്ക് പ്രവേശനമില്ലായിരുന്നു പല പത്രങ്ങളുടെയും ന്യൂസ് ഡസ്‌കുകളില്‍ അടുത്ത കാലം വരെ. മറ്റ് സംസ്ഥാനങ്ങളിലെ പല ഭാഷാപത്രങ്ങളിലും ഇപ്പോഴും ഈ നില പിന്നിട്ടിട്ടില്ല. മലയാള മാധ്യമങ്ങള്‍ ഈ പരിവര്‍ത്തനഘട്ടം പിന്നിട്ടത് കുറെയെല്ലാം ബോധപൂര്‍വമായ നടപടികളിലൂടെയാണ്. സ്ത്രീകളെ രാത്രി ജോലിയുള്ള ന്യൂസ് റൂമുകളില്‍ പ്രവേശിപ്പിച്ചാല്‍ വലിയ പ്രശ്‌നമാകും എന്ന് ഭയന്നവരാണ് പല മാധ്യമഉടമകളും. ക്രമേണെ അത് മാറിവന്നു. പല ചാനല്‍ ഡസ്‌കുകളിലും വനിതകളേ ഉള്ളൂ എന്ന സ്ഥിതി പോലും ഉണ്ടായിക്കഴിഞ്ഞു.

റോബിന്‍ ജെഫ്‌റി

മുസ്ലിം പ്രാതിനിധ്യവും പരിതാപകരമാണെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. ദേശീയപത്രങ്ങളിലെ ഉയര്‍ന്ന തസ്തികളില്‍ നാല് ശതമാനം മാത്രമാണ് മുസ്ലിങ്ങള്‍. ജനസംഖ്യയില്‍ 13.4 ശതമാനമുള്ള ഒരു ജനവിഭാഗമാണ് ഇതെന്നോര്‍ക്കണം.
ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഉള്ള ഏക മത-ജാതി വിഭാഗം ക്രിസ്ത്യാനികളാണ്. 2.3 ശതമാനം മാത്രമുള്ള മതവിഭാഗമാണെങ്കിലും നാല് ശതമാനത്തോളം വരും അവരുടെ മാധ്യമ പ്രതിനിധ്യം. വിവേചനത്തിന് ഒരിക്കലും അവര്‍ ഇരകളായിരുന്നിട്ടില്ല. വിദ്യാഭ്യാസത്തിന് നല്‍കിയ പരമപ്രാധാന്യമാകാം ഇവരെ ഈ പുരോഗതിയിലേക്ക് നയിച്ചത്.

അപുര്‍വമായി ചില  വാര്‍ത്താപത്രങ്ങള്‍ പുതിയ കാലത്തിന്റെ വാണിജ്യ സാധ്യതകളെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ട് എന്നും കാണാം. ആന്ധ്ര പ്രദേശിലെ തെലുങ്ക് പത്രങ്ങളായ ആന്ധ്ര ജ്യോതിയും വാര്‍ത്തയും കുറച്ചുകാലമായി അവരുടെ പംക്തിഎഴുത്തുകാരായി ചില ദലിത് എഴുത്തുകാരെ ഉള്‍പ്പെടുത്തിയത് ഈ നയമാറ്റത്തിന്റെ ഭാഗമായിട്ടായിരുന്നു. ദലിത് സാഹിത്യപ്രസ്ഥാനങ്ങളുടെ വാര്‍ത്തകള്‍ക്ക്  അവര്‍ നല്ല കവറേജ് ഈയിടെയായി നല്‍കുന്നതായി അവിടെ നിന്നുള്ള ഗവേഷകയായ ജി.മമത എഴുതിയ പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എവിടെയെല്ലാം ദലിത് വിഭാഗക്കാര്‍ ധീരമായി അവരുടെ ശബ്ദം ഉയര്‍ത്തിയോ അവിടെയെല്ലാം അവര്‍ക്ക് ഇടം ലഭിച്ചിട്ടുണ്ട്്. ഇവര്‍ക്കിടയില്‍ വളര്‍ന്നുവരുന്ന മധ്യവര്‍ഗത്തിന് വിപണിയില്‍ ഉള്ള സ്വാധീനത്തെയെങ്കിലും മാധ്യമങ്ങള്‍ക്ക്  അവഗണിക്കാന്‍ കഴിയില്ലല്ലോ.

സാമ്പത്തികശേഷിയുള്ള രക്ഷിതാക്കള്‍ നല്ല ഇംഗഌഷില്‍ സംസാരിക്കാന്‍ മക്കള്‍ക്ക് പരിശീലനം നല്‍കുമ്പോള്‍ മാത്രം ഉണ്ടാകുന്ന ഒന്നല്ല പത്രപ്രവര്‍ത്തനയോഗ്യത എന്ന് തിരിച്ചറിയുകയാണ് പ്രധാനം. ഏത് പിന്നോക്കവിഭാഗക്കാരനിലും ഉണ്ടാകാം അന്തര്‍ലീനമായ കഴിവുകള്‍. അത് കണ്ടെത്തി വളര്‍ത്തുക കുറച്ച് പണച്ചെലവും കാലതാമസവും ഉണ്ടാക്കിയേക്കാം. മാധ്യമങ്ങളും സമൂഹവും അല്ലേ ഈ ഉത്തരവാദിത്തം ഏല്‍ക്കേണ്ടത്? രാജ്യത്തിന്റെ ബഹുസ്വരതക്കെതിരെ ഉയര്‍ന്നുവന്ന ഭീഷണികളെ കുറിച്ചുള്ള വേവലാതികള്‍ക്കിടയിലും മറക്കപ്പെടേണ്ടതല്ല ഈ അനീതി.
ഇല്ല. മഹാഭൂരിപക്ഷത്തിന്റെ അഭിപ്രായങ്ങളെ സ്വാധീനിക്കാന്‍ ഇതൊന്നും പര്യാപ്തമല്ല
എന്നറിയാം. ധാരാളം മുന്‍ അനുഭവങ്ങളുണ്ട്. ‘ഉന്നതജാതിക്കാര്‍ നിറഞ്ഞ മാധ്യമങ്ങള്‍ ജനാധിപത്യത്തിന് നന്നല്ല’ എന്ന തലക്കെട്ടില്‍ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ നിഖില്‍ വാഗ്ലെ എഴുതിയ ലേഖനത്തിന്റെ ട്വിറ്റര്‍ ലിങ്കില്‍ എഴുതപ്പെട്ട കമെന്റുകളില്‍ ഒരെണ്ണം പോലും അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനോട് യോജിപ്പു പ്രകടിപ്പിക്കുന്നതായിരുന്നില്ല. പുച്ഛവും പരിഹാസവുമായിരുന്നു മുഖ്യഭാവം. തീര്‍ച്ചയായും ഗൗഡസാരസ്വത ബ്രാഹ്മണനായ വാഗ്ലെ അത് അര്‍ഹിക്കുന്നുണ്ടല്ലോ !

അവലംബം:
1.Journalist-Nagaraju-Passes-Away – http://www.newindianexpress.com/states/telangana  /2015/04/13/
2.http://www.sundarayya.org/sites/default/files/papers/Caste%20and%20Media_final%20paper_mamatha.pdf
3.http://www.newslaundry.com/2015/04/27/the-life-and-death-of-a-dalit-journalist/#.
4.Caste matters in India –  Sidharth Varadarajan The Hindu 3June 2006
5. http://www.thehindu.com/todays-paper/tp-national/upper-castes-dominate-national-media-says-survey-in-delhi/article3115113.ece
6.പത്രപ്രവര്‍ത്തകാ നിന്റെ ജാതിയെന്ത്…? വി.എസ്.സനോജ് മീഡിയ മാസിക ഒക്‌റ്റോബര്‍ 2012
7.ന്യൂസ്‌റൂമുകള്‍ സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നുണ്ടോ ? മാധ്യമപക്ഷം പംക്തി. മാധ്യമം ദിനപത്രം 2015 മെയ് 19 വേേു://www.madhyamam.com/archives/news/354502/150519
8. https://twitter.com/waglenikhil/status/641672296730488832

(പച്ചക്കുതിര മാസികയുടെ 2015 ഡിസംബര്‍ ലക്കത്തില്‍ പ്രസിദ്ധപ്പെടുത്തിയത്)

Leave a Reply

Your email address will not be published. Required fields are marked *

Go Top