തലശ്ശേരി കറന്റ് ബുക്സ് ശാഖയുടെ മുന്നിലൂടെയാണ് ശാരദാകൃഷ്ണയ്യര്‍ സ്മാരക ഹാളിലേക്ക് നടന്നുപോയത്. ഓ.പി.രാജ്മോഹന്റെ ചരമവാര്‍ഷികച്ചടങ്ങാണ് ഹാളില്‍.ബുക്സ്റ്റാളില്‍ കയറിനോക്കണമോ ? ഒപ്പമുണ്ടായിരുന്ന എന്റെ സഹോദരി ഉഷ ചോദിച്ചപ്പോള്‍ ഒരു നിമിഷം ആലോചിച്ചു നിന്നുപോയി.കണ്ണാടിച്ചില്ലുകളിലൂടെ അകത്തേക്ക് ഒന്നു കണ്ണോടിക്കുകയും ചെയ്തു.വേണ്ട,കയറേണ്ട.ആരോ പിടിച്ചുവലിക്കുമ്പോലെ മനസ്സൊരു നിമിഷം കൊണ്ട് എന്നെ മുന്നോട്ട് നടത്തിച്ചു.അപ്പോള്‍ ഓര്‍ത്തു.ഇല്ല,രാജ് മോഹന്‍ പോയതിന് ശേഷം ഞാന്‍ തലശ്ശേരിയിലെ പുസ്തകശാലയില്‍ കയറിയിട്ടില്ല.കയറരുത് എന്ന് തീരുമാനമൊന്നുമെടുത്തിട്ടില്ല. കയറാന്‍ അവസരമുണ്ടായിട്ടില്ലെന്നേ ഉള്ളൂ.കുറെ വര്‍ഷങ്ങളായി അപൂര്‍വമായേ തലശ്ശേരിയിലെത്താറുള്ളൂ. വരുമ്പോഴും പുസ്തകക്കടയില്‍ കയറാനൊന്നും സമയം കിട്ടാറില്ല. എപ്പോഴാണ് ഒടുവില്‍ വന്നത്?. ഓര്‍ത്തുനോക്കി. ഒന്നു രണ്ടു വര്‍ഷം മുമ്പാണ്. രാജ് മോഹന്റെ ആരോഗ്യനില അന്വേഷിക്കാന്‍ വേണ്ടിയാണ് കയറിനോക്കിയത്. ക്ഷീണം കാരണം അദ്ദേഹമന്ന് ജോലിക്ക് വന്നിരുന്നില്ല.
കറന്റ് ബുക്സും രാജനും…എന്റെ ജീവിതത്തില്‍ നിര്‍ണായകസ്വാധീനമുണ്ടാക്കിയതാണ് രണ്ടും. അതുകൊണ്ട് തന്നെ ഓര്‍മകള്‍ കുറച്ചൊന്നുമല്ല മനസ്സില്‍ അലയടിച്ചുയരുന്നത്.അറുപതുകളുടെ അവസാനമാണ് ഈ പുസ്തകക്കട തലശ്ശേരിയില്‍ പ്രത്യക്ഷപ്പെട്ടതെന്നാണ് ഓര്‍മ.പുസ്തകക്കടയെന്നാല്‍ അക്കാലം വരെ പാഠപുസ്തകങ്ങളോ പുരാണങ്ങളോ മാത്രം വില്‍ക്കുന്ന കടകള്‍ മാത്രമായിരുന്നു. അതുകൊണ്ടുതന്നെ കറന്റ് ബുക്സിന്റെ വരവൊരു വലിയ സംഭവം തന്നെയായിരുന്നു.കഥയും നോവലും വില്‍ക്കുന്ന ആദ്യത്തെ കട. കറന്റ് ബുക്സില്‍ രാജ്മോഹന്‍ ഒരു ബാലനായാണ് ജോലിക്ക് ചേര്‍ന്നിട്ടുണ്ടാവുക.ഞാനന്ന് ഹൈസ്കൂളില്‍ എത്തിയിട്ടേ ഉള്ളൂ.രാജന് ഹൈസ്കൂളിനപ്പുറം പഠിക്കാന്‍ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. ദരിദ്രമായ കുടുംബപശ്ചാത്തലം തന്നെ കാരണം.അതൊരു വലിയ നിര്‍ഭാഗ്യമാണെന്ന് പറയുമ്പോള്‍ തന്നെ അതിലെ ഭാഗ്യം കൂടി പറയാതെ പറ്റില്ല. രാജനെ ആരാണ് പുസ്തകക്കടയില്‍ ജോലിയില്‍ ചേര്‍ത്തിരിക്കുക എന്നെനിക്കറിയില്ല. എന്നാല്‍ ഒന്നെനിക്ക് പറയാന്‍ കഴിയും.ഇതിലും നല്ലൊരു കാര്യം ആരും രാജനോട് ജീവിതത്തില്‍ചെയ്തിരിക്കാനിടയില്ല. കുറച്ചുകൂടി പഠിച്ചിരുന്നുവെങ്കില്‍ രാജന്‍ ഒരു പക്ഷെ വഴി തെറ്റി വല്ല കമ്പനിയിലോ ക്ലാര്‍ക്കോ മറ്റോ ആകുമായിരുന്നു. എങ്കില്‍, നമ്മള്‍ അറിയുന്ന രാജനെ അന്നേ നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ടാകുമായിരുന്നില്ലേ?
ഇരുപത്തഞ്ച് വര്‍ഷം മുമ്പത്തെ പുസ്തകക്കടയല്ല ഇന്നത്തേത്.അതേ, എഴുപത്തൊമ്പതിലാണ് കറന്റ് ശാഖയിലെ നിത്യസാന്നിദ്ധ്യത്തോട് എനിക്ക് വിടപറയേണ്ടിവന്നത്. ജോലി ആവശ്യാര്‍ത്ഥം താമസം കോഴിക്കോട്ടേക്ക് മാറ്റേണ്ടതായി വന്നതാണ്.ഒരു പതിറ്റാണ്ടോളം എല്ലാ സായാഹ്നങ്ങളിലും ബസ്സിറങ്ങി നേരെ ചെല്ലുന്നത് രാജന്റെ സന്നിധാനത്തിലേക്കായിരുന്നു. ഇന്നത്തെ പുസ്തകക്കടയുടെ സൗന്ദര്യമോ സംവിധാനമോ ഒന്നും അന്നുണ്ടായിരുന്നില്ല.റാക്കുകളില്‍ പുസ്തകങ്ങള്‍ ഇന്നത്തെപ്പോലെ അത്ര അധികമൊന്നുമുണ്ടാകാറില്ല. ഏറെയും മലയാളം പുസ്തകങ്ങള്‍.ഏറണാകുളം മേനോന്‍ എന്ന നാടകരംഗത്ത് അറിയപ്പെട്ടിരുന്ന മേനോന്‍മാഷാണ് മാനേജര്‍. ഏറെസമയവും അദ്ദേഹം മേശപ്പുറത്തെ സ്ക്രിപ്റ്റില്‍ നോക്കിയിരിക്കുകയാണ് പതിവ്. അന്ന് വൈകീട്ടത്തെ നാടകത്തിന് മുമ്പ് തന്റെ ഭാഗം ഹൃദിസ്ഥമാക്കാന്‍ അദ്ദേഹം ബാധ്യസ്തനാണല്ലോ.എം.എസ്.മേനോന്‍സാറിന്റെ ഭാര്യാപിതാവാണ് അദ്ദേഹം. പുസ്തകം അദ്ദേഹത്തിന്റെ രണ്ടാം പരിഗണനമാത്രമായിരുന്നു.ആദ്യത്തേത് നാടകം തന്നെ. ഒന്നാമത്തേയും രണ്ടാമത്തേയും പരിഗണന പുസ്തകം മാത്രമായിരുന്ന ഓ.പി.രാജ്മോഹന്‍ സെയ്‌ല്സ്മേന്‍ ആയി അവിടെ ഉണ്ടായിരുന്നത് കൊണ്ട് സ്ഥാപനത്തിന് ഒട്ടും ആശങ്കിക്കാന്‍ വകയുണ്ടായിരുന്നില്ല.മാഷ് കര്‍ണനും ഭീഷ്മരും വീഭീഷണനും ഒക്കെയായി നാടകവേദികളില്‍ തിളങ്ങി.പുസ്തകക്കച്ചവടം രാജന്‍ നടത്തിപ്പോന്നു. മാഷെക്കുറിച്ച് അന്ന് ഞങ്ങള്‍ ആവര്‍ത്തിച്ച് പറഞ്ഞുചിരിക്കാറുള്ള ഒരു തമാശ ,മാഷ് എവിടെയോ എന്നോ കര്‍ണന്റെ വേഷമുമായി സ്റ്റേജിലേക്ക് കണ്ണട വെച്ചുനടന്നുചെന്നുവെന്നതായിരുന്നു. ഓരോരുത്തരുടേയും ഭാവന പോലെ ശേഷഭാഗം പൂരിപ്പിക്കാറാണ് പതിവ്.
കോളേജില്‍ ചെന്ന് നേടാന്‍ കഴിയാതിരുന്നത് രാജന്‍ ജീവിതാവസാനം വരെ തൊഴില്‍ ചെയ്തു കൊണ്ട് നേടുകയായിരുന്നു.കറന്റ് ബുക്സില്‍ വില്‍പ്പനക്ക് വരുന്ന എല്ലാ പുസ്തകങ്ങളും രാജന്‍ വായിക്കാറുണ്ട് അക്കാലത്ത്. പില്‍ക്കാലത്ത് ഒരു പക്ഷെ അതിന് കഴിഞ്ഞിട്ടുണ്ടാകുമായിരിക്കില്ല. പുസ്തകങ്ങളുടെ എണ്ണം അത്രയും ഏറി,രാജന്റെ ചുമതലകളും ഏറി. പുസ്തകക്കടയില്‍ കിസ പറയാന്‍ വന്നിരിക്കുന്ന ഞങ്ങളോരോരുത്തരോടും രാജന്‍ വായിച്ച പുസ്തകങ്ങളെ കുറിച്ച് പറഞ്ഞുകൊണ്ടേ ഇരിക്കാറുണ്ട്. പുസ്തകം വാങ്ങാന്‍ വരുന്നവര്‍ പുസ്തകങ്ങളെ കുറിച്ചുള്ള രാജന്റെ അഭിപ്രായം ചോദിക്കാറുണ്ട്. അവരദ്ദേഹത്തിന്റെ അഭിപ്രായം മാനിക്കാറുമുണ്ട്.
കടയുടെ മൂലയില്‍ ഒരു മേശയും മൂന്നോ നാലോ കസേരയും അന്നുണ്ടായിരുന്നു. നിത്യസന്ദര്‍ശകരായ അരഡസന്‍ പേരെങ്കിലും സായാഹ്നങ്ങളില്‍ അവിടെയുണ്ടാകും. വായനയേക്കാളേറെ നടന്നിരുന്നത് ചര്‍ച്ചകളാണ്. സാഹിത്യവും സിനിമയുമാണ് പ്രധാനവിഷയങ്ങള്‍. ഭൂമിക്ക് കീഴിലുള്ള എന്തു ചര്‍ച്ചാവിഷയമാകും. ഒഴിവുസമയമാണെങ്കില്‍ ചിലപ്പോള്‍ രാജനും പങ്കാളിയാവും. എം.എസ്. മേനോന്‍ അന്ന് ഗവ.ബ്രണ്ണന്‍ കോളേജിലാണ് ജോലി ചെയ്തിരുന്നത്. മേനോന്‍ മാസ്റ്ററുടെ വരവുണ്ടെങ്കില്‍ രാജന്‍ മുന്നറിയിപ്പ് നല്‍കും.അപ്പോള്‍ ഞങ്ങള്‍ ജാഗരുകരാകും. വെളുത്ത ഷര്‍ട്ടും മുണ്ടും വെളുത്തമുടിയുമായി അദ്ദേഹം വന്നാല്‍ നിത്യസന്ദര്‍ശകര്‍ മെല്ലെ രംഗം വിടുകയോ ഏതെങ്കിലും മുലയിലേക്കു മാറുകയോ ചെയ്യും. രാജന്റെ താല്‍പര്യം സംരക്ഷിക്കുന്നതിനാണ് ഞങ്ങള്‍ തന്ത്രപരമായ നീക്കങ്ങള്‍ നടത്തിയിരുന്നത്.എം.എസ്. മേനോന് പുസ്തകക്കടയുടമസ്ഥരായ മുണ്ടശ്ശേരി കുടുംബവുമായുള്ള അടുത്ത ബന്ധം കാരണം ഒരു ഉടമസ്ഥന്റെ അധികാരഭാവമാണുണ്ടായിരുന്നത്. പിള്ളേരുടെ നായാട്ടാണ് അവിടെയെന്ന് ആരോ അദ്ദേഹത്തെ ധരിപ്പിച്ചതു പോലെ തോന്നിയിരുന്നു.പലപ്പോഴും എം.എന്‍.വിജയന്‍മാസ്റ്ററും മേനോന്‍മാസ്റ്റര്‍ക്കൊപ്പം എത്തും. ഞങ്ങളകന്നു നില്‍ക്കുകയേ ഉള്ളൂ. ഇരുവരും ബ്രണ്ണന്‍ കോളേജിലെ പ്രഫസര്‍മാര്‍. സാഹിത്യത്തില്‍ ഉയര്‍ന്ന തലത്തില്‍ നിലയുറപ്പിച്ചവര്‍. വല്ലപ്പോഴുമേ ഞങ്ങള്‍ക്കെന്തെങ്കിലും അവരില്‍ നിന്നു വീണു കിട്ടാറുള്ളൂ. അതു പോലും നേരിട്ടല്ല. രാജന് കിട്ടിയത് ഞങ്ങള്‍ക്കുകൂടി പങ്കുവെക്കും.ഇന്നറിയുന്ന രാഷ്ട്രീയചിന്തകനും റിബലുമല്ല അന്നത്തെ വിജയന്‍ മാസ്റ്റര്‍. ചലനത്തിലും ശ്വാസത്തിലും സാഹിത്യമേ ഉള്ളൂ. സൗഹാര്‍ദ്ദത്തിന്റെ നിറഞ്ഞ ചിരി അന്നുമുണ്ട്.
രാജനൊപ്പം ഞങ്ങളും വളരുകയായിരുന്നു.ഒരര്‍ത്ഥത്തില്‍ രാജന്‍ ഞങ്ങളെ വളര്‍ത്തുകയുമായിരുന്നു. സാഹിത്യത്തിന്റെ ,നിരൂപണത്തിന്റെ ,ചിന്തയുടെ ,സിനിമയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ ഞങ്ങളേയും രാജന്‍ കൈപിടിച്ചുകൊണ്ടുപോകും.വായിച്ചതിലേറെ കേട്ടാണറിഞ്ഞത്.കാമുവും കാഫ്കയുംകിര്‍ക്കെഗാര്‍ഡും കസാന്‍സാക്കിസും സാര്‍ത്രെയും കാക്കനാടനും മുകുന്ദനും നാരായണപ്പിള്ളയുമെല്ലാം അടുത്ത ആളുകളാണെന്ന മട്ടിലായി ഞങ്ങളുടെ സംസാരം. യുണിവേഴ്സിറ്റിയുടെ ഇംഗ്ലീഷ് പോസ്റ്റ് ഗ്രാജ്വേറ്റ് സെന്റര്‍ ബിഷപ്പ് ഹൗസിനടുത്ത് തുടങ്ങിയതോടെ സായാഹ്നങ്ങള്‍ പ്രതിഭാസമ്പന്നങ്ങളായി. എല്ലാവരും രാജന് ഒരു പുസ്തകവില്‍പ്പനക്കാരന് അപ്പുറമുള്ള ആദരവേകി. അന്നത്തെ നിത്യസന്ദര്‍ശകര്‍ പിന്നീട് പല മേഖലകളില്‍ പ്രശസ്തരായി.
പുസ്തകവില്‍പ്പനയിലും വായനയിലും രാജന്‍ ഒതുങ്ങിനിന്നില്ല.സിനിമയായിരുന്നു രാജന്റെ വലിയ താല്‍പര്യം. നാട്ടിലിറങ്ങുന്ന മലയാളം, തമിഴ്, ഹിന്ദി സിനിമകള്‍ കാണുന്നതിനപ്പുറം ഞങ്ങളില്‍ അധികം പേരുടേയും ചിന്തകള്‍ പോയില്ല. വിദ്യാഭ്യാസം കുറഞ്ഞ രാജന്‍ പക്ഷെ ഞങ്ങളേക്കാള്‍ വളരെ ഉയരത്തിലായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തെ കുറിച്ച് തുടങ്ങിയ ആവേശം തുടുത്ത സംസാരം മെല്ലെ പടര്‍ന്ന് പടര്‍ന്ന് സത്യജിത് റേയിലും മൃണാള്‍ സെന്നിലും മറ്റനേകം ചലചിത്രപ്രതിഭകളിലും എത്തി. അതങ്ങനെ ഉയര്‍ന്നുയര്‍ന്നു പോയി. നല്ല സിനിമകള്‍ ,ആര്‍ട് സിനിമകള്‍….ഒന്നും തിയ്യേറ്ററുകളില്‍ വരുന്നില്ല. എങ്ങനെ കാണും ? രാജന്‍ വേഗം പ്രതിവിധി കണ്ടെത്തി. ഫിലിം സൊസൈറ്റി രൂപീകരിക്കുക തന്നെ .തിരുവനന്തപുരത്തെ അത്തരമൊരു സൊസൈറ്റിയെ കുറിച്ച് അന്ന് കേട്ടിരുന്നു. അടൂര്‍ ഗോപാലകൃഷ്ണനും കുളത്തൂര്‍ ഭാസ്കരന്‍ നായരും മറ്റും നേതൃത്വം നല്‍കിപ്പോന്നത്. പിന്നെ ഒന്നുണ്ടായിരുന്നത് കോഴിക്കോട്ട് ചെലവൂര്‍ വേണുവും മറ്റും നടത്തിയിരുന്ന അശ്വിനിയും മാത്രം. രാജന്റെ പരിശ്രമം കൊണ്ടുമാത്രമാണ് തലശ്ശേരിയില്‍ ഫിലിം സൊസൈറ്റി രൂപം കൊണ്ടത്.എന്തുകൊണ്ടോ അതിന് കേനനൂര്‍ ഫിലിം സൊസൈറ്റി എന്നാണ് പേരിട്ടിരുന്നത്. ധാരാളം ചലചിത്രപ്രേമികളുടെ കൂട്ടായ്മയായി അതുമാറി. പൂനാ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് പടങ്ങള്‍ അയച്ചുതരും. പല പല എംബസ്സികള്‍ക്ക് കത്തെഴുതും. എവിടെ നിന്നെല്ലാമോ ഫിലിമകളുടെ കാനുകള്‍ വന്നു കൊണ്ടിരുന്നു. സിനിമ വരുത്തലല്ല, പ്രദര്‍ശിപ്പിക്കലായിരുന്നു പ്രയാസം. പ്രോജക്റ്ററിന്ന് വേണ്ടിയുള്ള പരക്കം പാച്ചില്‍, ഹാള്‍ കണ്ടെത്താനുള്ള നെട്ടോട്ടം. ഒരു സിനിമ കണ്ടുതീരാന്‍ ഇതുരണ്ടും പോരാ.പടച്ചവന്റെ കൃപ നിര്‍ബന്ധം. എപ്പോഴാണ് കറന്റ് പോകുക എന്നാര്‍ക്കറിയാം, പോജക്റ്റര്‍ കേടാവില്ല എന്ന് എന്താണുറപ്പ്. പ്രാര്‍ത്ഥനയോടെയെന്ന വണ്ണം രാജന്‍ തീരാത്ത ടെന്‍ഷനുമായി ഷണ്മുഖംസ് കോളേജ് ഹാളിലെ ഇരുണ്ട മൂലയില്‍ നില്‍പ്പുണ്ടാവും. തീര്‍ന്നാലേ തീര്‍ന്നു എന്നു പറയാനൊക്കൂ.പല ഗഡുക്കളായാണ് ചില സിനിമകള്‍ കണ്ടുതീരാറുള്ളത്.സിനിമയേക്കാള്‍ പ്രധാനം, പ്രദര്‍ശനം തുടങ്ങും മുമ്പ് രാജന്‍ സദസ്സിന് മുമ്പാകെ സിനിമയെ പരിചയപ്പെടുത്തിക്കൊണ്ട് നടത്തിയ പ്രഭാഷണങ്ങളായിരുന്നു.ആഴത്തിലുള്ള പഠനത്തിന്റെ ആശയസമ്പന്നത ഓരോ ചെറു പ്രഭാഷണത്തിലുമുണ്ടായിരുന്നു.എഴുപതുകളില്‍ തലശ്ശേരിയിലെ കുറെ ചെറുപ്പക്കാരെങ്കിലും കുറോസോവയേയും ബര്‍ഗ്മാനേയും ഗൊദാര്‍ദിനേയും ഐസന്‍സ്റ്റീനേയുമൊക്കെ പരിചയപ്പെട്ടത് ഈ ഫിലിം സൊസൈറ്റി വഴിയായിരുന്നു. സിനിമ ഒരു കമ്പമായി കുറെപ്പേരില്‍ വളര്‍ന്നുപന്തലിച്ചു. അരവിന്ദന്റെ കാഞ്ചനസീത കാണാന്‍ രാജനും വിജയകുമാറിനും(ഉണ്ണി ) ശശിധരനുംമറ്റുമൊപ്പം കോഴിക്കോടേക്ക് ഓടിയത് ഇപ്പോഴുമോര്‍ക്കുന്നു.കറന്റ് ബുക്സ് സ്റ്റാളിന് പിറകിലെ പുസ്തകഗോഡൗണ്‍ ആയി ഉപയോഗിച്ചിരുന്ന കുടുസ്സുമുറിയായിരുന്നു ഫിലിം സൊസൈറ്റിയുടെ ഓഫീസ്.ശശിയും ഉണ്ണിയും രത്നാകരനും ബാലന്‍ മാസ്റ്ററും രവീന്ദ്രനും രാമചന്ദ്രനും എം.പി.രാധാകൃഷനുമെല്ലാം സദാ രാജന് കൂട്ടായി .
രാജന്‍ അവിടെ നിന്നും എത്രയോ മുന്നോട്ട് പോയി മലയാളത്തിലെ മികച്ച ചലചിത്രനിരൂപകനുംഗ്രന്ഥകാരനുമായി.വളര്‍ച്ചയുടെ പടവുകളിലും രാജന്‍ രാജനായി തന്നെ നിലകൊണ്ടു. അധികമൊന്നും പറയില്ല. പറയുമ്പോള്‍ തീവ്രതയോടെ പറയും.എല്ലാവരോടും ഒരേ സൗഹൃദത്തോടെ പെരുമാറും.ബൗദ്ധികരംഗത്ത് ഉയര്‍ന്നുപോയപ്പോഴും സിനിമയും സാഹിത്യവുമായി ബന്ധമില്ലാത്ത ചിരകാലസുഹൃത്തുക്കള്‍ കൊഴിഞ്ഞുപോകാതെ അവസാനത്തോളം തുടര്‍ന്നു.
എഴുപതിന്റെ ഒടുവില്‍ തലശ്ശേരി വിടേണ്ടി വന്ന എനിക്ക് രാജനെ വല്ലപ്പോഴുമേ കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ.നാട്ടില്‍ വരുമ്പോഴൊക്കെ പുതുക്കുന്ന സൗഹൃദത്തിന് അവസാനകാലത്തുണ്ടായ പുതുജീവന്‍ എന്നില്‍ വേദനയാണ് അവശേഷിപ്പിച്ചത്.കോഴിക്കോട് ചികിത്സക്കായി വന്നപ്പോഴൊക്കെ പി.വി.എസ് ആസ്പത്രിയില്‍ ചെന്ന് ചില്ലറ സഹായങ്ങള്‍ ചെയ്യുവാന്‍ അവസരം കിട്ടിയപ്പോള്‍ സന്തോഷം തോന്നിയിരുന്നു.രാജനെ ആദ്യതവണ കൊണ്ടു വന്നപ്പോള്‍ ഹറൂണ്‍റഷീദ് മാസ്റ്റര്‍ പറഞ്ഞതനുസരിച്ച, രാജന്റെ ഡോക്ടറുമായി സംസാരിച്ചപ്പോള്‍ രാജന്‍ രോഗത്തെ മറികടക്കും എന്ന പ്രതീക്ഷയാണ് ഉണ്ടായത്. നിര്‍ഭാഗ്യവശാല്‍ അതല്ല സംഭവിച്ചത്.
എന്താണ് ഒരാള്‍ക്ക് ജീവിതത്തില്‍ അവശേഷിപ്പിച്ച് പോകാന്‍ കഴിയുക ? സ്വത്തും സമ്പാദ്യവുംവലുതായി കാണുന്നവരാണ് അധികം പേരും. അവരുടെ കണ്ണില്‍ രാജന്‍ ജീവിതം കൊണ്ട് ഒന്നും നേടിയിട്ടുണ്ടാവില്ല.രാജന്റെ ചരമവാര്‍ഷികയോഗത്തില്‍ സംബന്ധിച്ചപ്പോള്‍ ,രാജനെ ഓര്‍ക്കാന്‍ വേണ്ടി മാത്രം എത്തിയ ആള്‍ക്കൂട്ടത്തെ കണ്ടപ്പോള്‍ എനിക്ക് ബോധ്യപ്പെട്ടു. നമ്മള്‍ക്ക് പലര്‍ക്കും ജീവിതം കൊണ്ട് നേടാന്‍ കഴിയാത്ത അമൂല്യമായ സ്നേഹാദരങ്ങള്‍ രാജന്‍ ഭൂമിയിലെ ഹ്രസ്വസാന്നിദ്ധ്യം കൊണ്ട് നേടിയിട്ടുണ്ട്. അത് ആശ്വാസകരമാണ്, സന്തോഷം നല്‍കുന്നതാണ്.