നമ്മുടെ ‘കറുത്തവരും’ നമ്മുടെ മാധ്യമങ്ങളും

എൻ.പി.രാജേന്ദ്രൻ

അമേരിക്കയിലെ തെരുവില്‍ ഒരു കറുത്തവനെ വെള്ള പൊലീസുകാരന്‍ കഴുത്തു ചവിട്ടിഞെരിച്ചു കൊന്നത് അവിടെ വന്‍പ്രക്ഷോഭമായി ആളിക്കത്തി. കറുത്തവര്‍ തങ്ങള്‍ക്കെതിരായി നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ചൂഷണത്തിനും മര്‍ദ്ദനത്തിനും വിവേചനത്തിനുമെതിരെ രോഷത്തോടെ ആഞ്ഞടിച്ചു. അതോടൊപ്പം, അമേരിക്കന്‍ മാധ്യമരംഗത്ത് മറ്റൊരു വിഷയം കൂടി ചര്‍ച്ച ചെയ്യപ്പെട്ടു. യു.എസ് മാധ്യമങ്ങളിലെങ്കിലും കറുത്തവര്‍ക്ക് അര്‍ഹിക്കുന്ന പ്രാതിനിധ്യം ലഭിച്ചിട്ടുണ്ടോ? തുല്യതാബോധത്തോടെ അവിടെ പത്രപ്രവര്‍ത്തനം നടത്താന്‍ അവര്‍ക്ക് കഴിയുന്നുണ്ടോ? കറുത്തവരുടെ വികാരങ്ങള്‍ മാധ്യമങ്ങളില്‍ പ്രതിഫലിക്കുന്നുണ്ടോ?

ഇപ്പോഴുണ്ടായ ക്രൂര കൊലപാതകം മാത്രമല്ല ചര്‍ച്ചയ്ക്ക് കാരണമായത്. അവിടെ കുറെ കാലമായി ഇതൊരു പഠനവിഷയവും ചര്‍ച്ചാവിഷയവുമാണ്. ഇന്ത്യയിലെ ‘കറുത്ത’വരുടെ ന്യൂസ്റൂം പ്രാതിനിധ്യത്തെക്കുറിച്ച് ഇവിടെയധികം ചര്‍ച്ച നടക്കാറില്ല. അപൂര്‍വമായി ചില പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ടെന്നു മാത്രം. അമേരിക്കയില്‍ അങ്ങനെയല്ല. എല്ലാ പ്രധാന മാധ്യമങ്ങളിലും ഈ വിഷയം ഒളിച്ചുവെക്കുകയല്ല, കാലാകാലം വിലയിരുത്തുകയാണ് ചെയ്യുന്നത്. വെള്ളക്കാരല്ലാത്തവര്‍ വേണ്ടത്ര ഉണ്ടോ എന്നത്  ഒരു നയപ്രശ്നം തന്നെയാണ് അവര്‍ക്ക്. അതൊരു മാര്‍ക്കറ്റിങ് പ്രശ്നം കൂടിയാണ്. മുന്‍പ് ‘എ.എസ്.എന്‍.ഇ (അമേരിക്കന്‍ സൊസൈറ്റി ഓഫ് ന്യൂസ്് എഡിറ്റേഴ്സ്) ന്യൂസ്റൂം ഡൈവേഴ്സിറ്റി സര്‍വെ’ എന്ന പേരില്‍ ആയിരുന്നു ന്യൂസ് റൂമുകളിലെ വെള്ളക്കാരല്ലാത്തവരുടെ പ്രാതിനിധ്യത്തെക്കുറിച്ച് പഠനം നടത്താറുള്ളത്. 2019-ല്‍ നടന്ന സര്‍വെയില്‍ 21.9 ശതമാനം ന്യൂസ് റൂം തസ്തികകളില്‍ കറുത്തവര്‍  ഉണ്ടെന്നാണ് കണ്ടെത്തിയത്.  ഇതു കറുത്തവരെക്കുറിച്ച് മാത്രമുള്ള സര്‍വെ അല്ല. വനിതാപ്രാതിനിധ്യവും പരിശോധിക്കും. അച്ചടി, ദൃശ്യ, നവമാധ്യമങ്ങളുടെ ന്യൂസ് റൂമുകളില്‍ 41.6 ശതമാനം വനിതകളുണ്ട്.

ആളെണ്ണം മാത്രമല്ല നോക്കാറുള്ളത്. വ്യത്യസ്ത ജനവിഭാഗങ്ങളുടെ വികാരം വ്രണപ്പെടുന്ന വാര്‍ത്തകളും പരാമര്‍ശങ്ങളും ഉണ്ടാകരുത് എന്നത് ഒരു പൊതുനയം തന്നെയാണ്. ഇതു മതവികാരത്തിന്റെ മാത്രം പ്രശ്നമല്ല. വെള്ളക്കാര്‍ക്ക് വലിയ ഭൂരിപക്ഷമുള്ള നാട്ടില്‍- 75 ശതമാനം വെള്ളക്കാരാണ്- വെള്ളക്കാരല്ലാത്തവരുടെ കൂടി പിന്തുണ എല്ലാ കാര്യത്തിലും ആവശ്യമാണ് എന്നവര്‍ക്കു ബോധ്യമുണ്ട്. പക്ഷേ, ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭം കുറെയെല്ലാം വംശീയവൈരം കൂടി ഉദ്പാദിപ്പിച്ചിട്ടുണ്ട് എന്ന് ആരും സമ്മതിക്കും. ഈയിടെ വാര്‍ത്താമാധ്യമത്തില്‍ കറുത്തവരെ നോവിക്കുന്ന പരാമര്‍ശങ്ങളും പ്രയോഗങ്ങളുമുണ്ടായി. ഇത് വര്‍ണ്ണവെറി മനോഭാവത്തിന്റെ സ്വാധീനത്തെക്കുറിച്ച് ഒരു ചിത്രം നല്‍കുന്നു. ഒരു വാര്‍ത്തയുടെ തലക്കെട്ടു പോലും വിവേചനം ധ്വനിപ്പിക്കുന്നതായിക്കൂടാ. അറിഞ്ഞോ അറിയാതെയോ ഇതിനു വിപരീതമായി സംഭവിക്കുന്നുണ്ട്. ഒരു തലവാചകം ഈയിടെ വിവാദമായത് ശ്രദ്ധേയമാണ്. കറുത്തവര്‍ക്കിടയിലെ അസ്വാസ്ഥ്യങ്ങള്‍ കാരണം പല  പ്രവര്‍ത്തനങ്ങളും മുടങ്ങിയല്ലോ. പലേടത്തും കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങളും മുടങ്ങി. ഇതിനെക്കുറിച്ചുള്ള വാര്‍ത്തയ്ക്ക്  ഫിലഡെല്‍ഫിയ ഇന്‍ക്വയറര്‍ പത്രം കൊടുത്ത തലക്കെട്ട് ഇങ്ങനെ-‘പ്രധാനമാണ്,  കെട്ടിടം പണിയും’. പ്രത്യക്ഷത്തില്‍ ഈ തലക്കെട്ടിനു കുഴപ്പമൊന്നുമില്ല. രാജ്യം മുഴുവന്‍ ഇരമ്പുന്ന പ്രക്ഷോഭത്തിന്റെ മുദ്രാവാചകം ‘പ്രധാനമാണ്, കറുത്തവന്റെ ജീവനും’ എന്നതാണ്. ഇതിന്റെ ഒരു പരിഹാസരൂപമല്ലേ പ്രധാനമാണ് കെട്ടിടം പണിയും എന്നത്?  വായനക്കാര്‍, പ്രത്യേകിച്ച് കറുത്തവര്‍, അങ്ങനെ ചിന്തിച്ചാല്‍ കുറ്റം പറയാനാവില്ലതന്നെ. വിവാദമായി. സ്ഥാപനത്തിലെ എക്സിക്യട്ടീവ് എഡിറ്റര്‍ ഉള്‍പ്പെടെ അമ്പതോളം സ്റ്റാഫ് അംഗങ്ങള്‍ ജോലിയില്‍നിന്നു മാറി നിന്നാണ് പ്രതിഷേധം പ്രകടിപ്പിച്ചത്.

റിപ്പോര്‍ട്ടിങ്ങിലെ വിവേചനം

കറുത്തവരുടെ പ്രക്ഷോഭം കറുത്ത വര്‍ഗക്കാരായ റിപ്പോര്‍ട്ടര്‍മാര്‍ കവര്‍ ചെയ്യുന്നതില്‍ തെറ്റുണ്ടോ? അതു പാടില്ലെന്ന് ഒരു തൊഴില്‍ ധാര്‍മികനിയമവും വ്യവസ്ഥ ചെയ്തിട്ടില്ല. പക്ഷേ, പലേടത്തും ഈ വിവേചനം നിലനില്‍ക്കുന്നു. പെന്‍സില്‍വനിയയിലെ പിറ്റ്സ്ബര്‍ഗ് പോസ്റ്റ് ഗസറ്റ് പത്രത്തില്‍ കറുത്ത വര്‍ഗ്ഗക്കാരനായ റിപ്പോര്‍ട്ടറെ കറുത്തവരുടെ പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്നു വിലക്കി. ഇതിനെത്തുടര്‍ന്ന് അദ്ദേഹവും ഒരു സഹപ്രവര്‍ത്തകനും രാജിവെച്ചിറങ്ങിപ്പോയി. മറ്റു പല പ്രമുഖ പത്രങ്ങളിലും കറുത്ത പത്രപ്രവര്‍ത്തകരെ ജോലിയില്‍ നിന്നു മാറ്റിനിര്‍ത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇത് ഇപ്പോഴത്തെ പ്രക്ഷോഭങ്ങളുടെ റിപ്പോര്‍ട്ടിങ്ങില്‍ മാത്രമുള്ള വിവേചനമല്ല. ന്യൂസ്റൂമിലെ വര്‍ണ്ണവിവേചനത്തിന് കാലപ്പഴക്കമുണ്ട്.  ന്യൂയോര്‍ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ്, ലോസ് ആഞ്ജലസ് ടൈസ്് തുടങ്ങിയ പ്രമുഖ പത്രങ്ങളിലും കറുത്ത പത്രപ്രവര്‍ത്തകര്‍ നേരിടുന്ന അവഗണനയെക്കുറിച്ചും വിവേചനത്തെക്കുറിച്ചും പരാതി ഉയര്‍ന്നു വരാറുണ്ട്.

വെളുത്ത പുരുഷന്മാരല്ലാത്ത റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഗൗരവമുള്ള പൊതുവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരം നിഷേധിക്കുന്ന പ്രവണത പല വലിയ പത്രങ്ങളില്‍പോലുമുണ്ട്. കറുത്തവരുടെ സംഘടനകളുടെയോ സമരങ്ങളുടെയോ വാര്‍ത്തകള്‍ മാത്രം എഴുതാനാണ് ചിലേടങ്ങളില്‍ അവരെ നിയോഗിക്കുന്നത്. ഇതെല്ലാം വര്‍ണ്ണവിവേചനവും വംശീയ അവഹേളനവും തന്നെ. ഇതില്‍ മനംനൊന്ത് ജോലി ഉപേക്ഷിച്ചവര്‍ മാത്രമല്ല, ആത്മഹത്യ ചെയ്തവരും ഉണ്ടെന്ന് പല റിപ്പോര്‍ട്ടുകളിലും കാണുന്നുണ്ട്. പത്രഉടമ മനുഷ്യസ്നേഹിയും നല്ല സാമൂഹ്യബോധമുള്ള ആളും ആയാല്‍പ്പോലും ന്യൂസ് റൂമുകളിലെ വിവേചനമോ നിയമനങ്ങളിലെ അസമത്വമോ അവസാനിക്കണമെന്നില്ല. ഇത്തരമൊരു സംഭവം അടുത്തിടെ ലോസ് ആഞ്ജലസ് ടൈംസില്‍ ഉണ്ടായി. ഇവിടെ സ്റ്റാഫ് അംഗങ്ങളിലെ വംശീയ പ്രാതിനിധ്യക്കുറവിനു പുറമെ ന്യൂസ്‌കവറേജിലും വേതന വ്യവസ്ഥകളിലും വിവേചനം ഉണ്ടായി. ഇതില്‍ പ്രതിഷേധിച്ച് എക്സി. എഡിറ്ററുടെ നേതൃത്വത്തില്‍ കറുത്ത വിഭാഗക്കാരായ ജേണലിസ്റ്റുകള്‍ പത്രം ഉടമയ്ക്കു തുറന്ന കത്തെഴുതി. താങ്കളില്‍ നിന്ന് ഇതു പ്രതീക്ഷിച്ചതല്ല എന്ന മട്ടിലുള്ള ഒരു പ്രതിഷേധക്കത്തിന് പ്രത്യേകം കാരണമുണ്ട്. പ്രശസ്ത ഭിഷഗ്വരനും വൈദ്യശാസ്ത്ര ഗവേഷകനും ഹൃദയമാറ്റ ശസ്ത്രക്രിയ വിദഗ്ദ്ധനുമായ പാട്രിക് സൂണ്‍-ഷിയോങ് എന്ന അതിസമ്പന്നന്‍ ആണ് ലോസ് ആഞ്ജലസ് ടൈംസ് പത്രത്തിന്റെ പുതിയ ഉടമ.  സമ്പാദ്യത്തിന്റെ പകുതി മനുഷ്യസ്നേഹപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെച്ചിട്ടുള്ള ആഫ്രിക്കന്‍ വംശജനാണ് ഇദ്ദേഹം!

.പ്രയോഗത്തില്‍ എത്രയെല്ലാം വീഴ്ച്ചകള്‍ ഉണ്ടായാലും വാര്‍ത്താമുറിയിലെ വൈവിദ്ധ്യം എന്ന ആശയം അവര്‍ തത്ത്വത്തിലെങ്കിലും അംഗീകരിച്ചിട്ടുണ്ട്. വാസ്തവത്തില്‍ തത്ത്വത്തില്‍ മാത്രമല്ല പ്രയോഗത്തിലും അതു പൂര്‍ണ്ണതയിലെത്തിക്കാന്‍ ശ്രമിക്കാറുണ്ട്. ന്യൂസ് ഡൈവേഴ്സിറ്റി അവര്‍ നേടാന്‍ ലക്ഷ്യം വെക്കുന്ന അവസ്ഥയാണ്. വര്‍ണ്ണപരം മാത്രമല്ല ഈ വൈവിദ്ധ്യം. ലിംഗവ്യത്യാസം സാമൂഹിക-സാമ്പത്തിക അന്തരം, മതം…ഇവയെല്ലാം വൈവിദ്ധ്യത്തില്‍ പെടുന്നു. ഇവിടം കൊണ്ടും നില്‍ക്കുന്നില്ല. 2020-ല്‍ ന്യൂസ് ലീഡേഴ്സ് അസോസിയേഷന്‍ ന്യൂയോര്‍ക്കില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന വൈവിദ്ധ്യപഠനം കുറെക്കൂടി വിപുലമാണ്. ആണും പെണ്ണും മാത്രമല്ല, ട്രാന്‍ജെന്‍ഡര്‍മാര്‍, സ്വവര്‍ഗപ്രേമികള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പെട്ട എത്രപേര്‍ ന്യൂസ് റൂമുകളില്‍ ഉണ്ട് എന്നും പരിശോധിക്കപ്പെടും.

ദലിത് പ്രാതിനിധ്യം

ഇന്ത്യയിലെ ന്യൂസ് ഡസ്‌കുകളില്‍ എത്ര ശതമാനം ദലിത് പത്രപ്രവര്‍ത്തകരുണ്ട് എന്ന ചോദ്യത്തിന് ആരും ഇതുവരെ ഉത്തരം പറഞ്ഞിട്ടില്ല. 1992-ല്‍ കന്നഡക്കാരനായ ഗവേഷകന്‍ റോബിന്‍ ജഫ്റി ഇവിടെ വന്ന് ഈ ചോദ്യം ചോദിക്കുന്നതുവരെ അധികമാരും അങ്ങനെ ചിന്തിച്ചതുമില്ല. അദ്ദേഹം ചോദ്യം ഉന്നയിച്ചതേ ഉള്ളൂ, കൃത്യമായ ഉത്തരം അന്നു ലഭ്യമായിരുന്നില്ല. ഇന്ത്യയിലെത്ര ദലിത് അധ്യാപകരുണ്ടെന്നോ എത്ര ദലിത് അഭിഭാഷകരുണ്ടെന്നോ ദലിത് കഥാകൃത്തുക്കളുണ്ടെന്നോ ചോദിക്കുന്നതുപോലെ മറ്റൊരു ചോദ്യം മാത്രമായി ഇതിനെ കണ്ടുകൂടാ. തീര്‍ച്ചയായും ഈ സ്ഥിതിവിവരക്കണക്കുകളെല്ലാം ദലിത് അവസ്ഥയെക്കുറിച്ചൊരു ശരിയായ ചിത്രം നല്‍കും എന്നത് സത്യമാണ്. പക്ഷേ, രാജ്യത്തിന്റെ ഭരണസംവിധാനങ്ങളിലെല്ലാം ദലിതുകളെ സംവരണം നല്‍കി നിയമിക്കുന്നത് അവരുടെ തൊഴിലില്ലായ്മ പരിഹരിക്കാനോ സാമ്പത്തികനില മെച്ചപ്പെടുത്താനോ വേണ്ടി മാത്രമല്ലല്ലോ. രാജ്യത്തിന്റെ ഭരണസംവിധാനത്തില്‍, അധികാരത്തില്‍ അവര്‍ക്ക് പങ്കാളിത്തം നല്‍കുന്നതിനാണ്. ഇതേ അനിവാര്യത ഫോര്‍ത്ത് എസ്റ്റേറ്റ് എന്നു വിളിക്കുന്ന മാധ്യമങ്ങളുടെ കാര്യത്തിലും ഉണ്ട്. ഡല്‍ഹിയിലെ അക്രഡിറ്റഡ് പത്രപ്രവര്‍ത്തകരില്‍ ഒരാള്‍ പോലും ദലിതനല്ല എന്ന് അന്വേഷണ നിഗമനമായി ബി.എന്‍ ഉണ്ണ്യാല്‍ എന്ന മാധ്യമഗവേഷകന്‍ വെളിപ്പെടുത്തിയത് 1996-ലാണ്.

അമേരിക്കയിലെ കറുത്തവരുടെ മാധ്യമ പ്രാതിനിധ്യപ്രശ്നവും നമ്മുടെ മാധ്യമങ്ങളിലെ ദലിത് പ്രാതിനിധ്യപ്രശ്നവും തമ്മിലുള്ള പ്രധാനവ്യത്യാസം അവര്‍ ആ പ്രശ്നം തിരിച്ചറിയുകയും അതു പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തുകയും ചെയ്യുമ്പോള്‍ നാം ഇങ്ങനെയൊരു പ്രശ്നം ഉണ്ടെന്ന് അംഗീകരിക്കുക പോലും ചെയ്യുന്നില്ല എന്നതാണ്. പത്ര ഉടമസ്ഥ സംഘടനകളോ പത്രാധിപ സംഘടനകളോ പ്രസ് കൗണ്‍സില്‍ പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളോ ഒന്നും ഇക്കാര്യത്തെക്കുറിച്ച് ഒരു വാക്കുപോലും ഉച്ചരിച്ചിട്ടില്ല എന്ന് ഓര്‍ക്കേണ്ടതുണ്ട്. ദലിത് പ്രാതിനിധ്യത്തിനു  മാത്രമുള്ള പ്രശ്നമല്ല ഇത്. വനിതകളെ ന്യൂസ് റൂമുകളില്‍ പ്രവേശിപ്പിക്കാന്‍ പോലും മടിച്ചിരുന്ന കാലം വളരെയൊന്നും അകലെയല്ല. ഇന്നും അച്ചടി മാധ്യമങ്ങളുടെ സ്ഥിതി വ്യത്യസ്തമല്ല. ദൃശ്യമാധ്യമങ്ങള്‍ ഈ പ്രശ്നം പരിഹരിച്ചത് അതു ദൃശ്യസൗന്ദര്യത്തിന്റെ കൂടി പ്രശ്നമായിരുന്നത് കൊണ്ടാകാം. ന്യൂനപക്ഷ പ്രാതിനിധ്യം-പ്രത്യേകിച്ച് മുസ്ലിം പ്രാതിനിധ്യം-ഇപ്പോഴും ഒരു പ്രശ്നമായി നിലനില്‍ക്കുന്നു. എന്തുകൊണ്ട് മുസ്ലിങ്ങള്‍ വേണ്ടത്ര ഇല്ല, ക്രിസ്ത്യാനികള്‍ ഉണ്ട് എന്ന ചോദ്യം പ്രസക്തമാണ്. വിദ്യാഭ്യാസവും മറ്റു ചില സാംസ്‌കാരിക പ്രശ്നങ്ങളും സൃഷ്ടിച്ച പിന്നോക്കാവസ്ഥ ഒരു കാരണമായിരിക്കാം.

നാഗരാജു കോപ്പുല എന്നൊരു പത്രപ്രവര്‍ത്തകന്റെ പേര് ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവാം. ഇംഗ്ളീഷ് പത്രത്തില്‍ ജോലി ചെയ്തിരുന്ന ദലിത് യുവാവായിരുന്നു അദ്ദേഹം. അപൂര്‍വം ദലിത് ജേണലിസ്റ്റുകളില്‍ ഒരാള്‍. വളരെ കഷ്ടപ്പെട്ട് പഠിക്കുകയും വേറെ സര്‍ക്കാര്‍ ജോലികള്‍ കിട്ടുമായിരുന്നിട്ടും അതെല്ലാം വേണ്ടെന്നുവെച്ച് പത്രപ്രവര്‍ത്തകനാവുകയും ചെയ്ത യുവാവ്. പത്രങ്ങള്‍ അദ്ദേഹത്തിന് ഒരു സ്ഥിരം നിയമനം നല്‍കാന്‍ കൂട്ടാക്കിയില്ല. നല്ല ജേണലിസ്റ്റായിരുന്നു അദ്ദേഹമെന്ന കാര്യത്തില്‍ പത്രാധിപന്മാര്‍ക്ക് ഭിന്നാഭിപ്രായം ഉണ്ടായിരുന്നില്ല. നല്ല പ്രായത്തില്‍തന്നെ അര്‍ബുദ രോഗം അദ്ദേഹത്തെ കടന്നാക്രമിച്ചു. അദ്ദേഹത്തിന് ജോലിയില്ലാതായി. പണിയും പണവും ഇല്ലാതെ, ചികിത്സിക്കാന്‍ കഴിയാതെ അദ്ദേഹം ആത്മഹത്യ ചെയ്യുകയാണ് ഉണ്ടായത്. തുടര്‍ന്ന് രാജ്യത്തുടനീളം പത്രസ്ഥാപനങ്ങളിലെ ദലിത് അസാന്നിദ്ധ്യത്തെക്കുറിച്ച് ഒരുപാട് ചര്‍ച്ചകളുണ്ടായി. ജനസംഖ്യയുടെ എട്ടു ശതമാനം മാത്രം വരുന്ന ഉയര്‍ന്ന ജാതിക്കാരാണ് ഉയര്‍ന്ന മാധ്യമ തസ്തികകളുടെ 71 ശതമാനവും കൈവശം വെച്ചിരിക്കുന്നതെന്ന കണക്കും അന്ന് പലരും പറയുന്നുണ്ടായിരുന്നു.  2015 ഏപ്രിലിലാണ് നാഗരാജു കോപ്പുല മരിച്ചത്. അഞ്ചുവര്‍ഷം കൊണ്ട് ആ പേരു തന്നെ നാം മറന്നിരിക്കുന്നു.

(പാഠഭേദം 2020 ആഗസ്ത് ലക്കത്തില്‍ പ്രസിദ്ധപ്പെടുത്തിയത്.)

Leave a Reply

Go Top