തീവ്രവാദമെന്നത് ആപേക്ഷികവും ആത്മനിഷ്‌ഠവുമായ ഒരു വിശേഷണമാണ്. മതത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും മേഖലകളില്‍ ഒരുപാട് നിലപാടുകളെ ഓരോകാലത്ത് തീവ്രവാദമായി ലേബളടിച്ചിരുന്നു എന്നുകാണാനാകും. സ്വാതന്ത്ര്യസമരകാലത്ത് ബാലഗംഗാധരതിലകിനെയും പിന്നീട് സുഭാഷ് ചന്ദ്ര ബോസിനെയും സോഷ്യലിസ്‌ററുകളെയുമെല്ലാം തീവ്രവാദികള്‍ എന്ന് മുദ്രയടിച്ചിരുന്നു. തീവ്രവാദികളായി മാറ്റിനിര്‍ത്തപ്പെട്ട ഭഗത് സിങ്ങും കൂട്ടുകാരും പിന്നീട് ഭീകരപ്രവര്‍ത്തനത്തിലേക്ക് തന്നെയാണ് തിരിഞ്ഞത്. ബോസും സോഷ്യലിസ്റ്റുകളും ചില ഘട്ടങ്ങളിലെങ്കിലും സായുധ-അക്രമാസക്ത പോരാട്ടങ്ങള്‍ക്ക് തുനിയുകയുമുണ്ടായി. എല്ലാതീവ്രവാദങ്ങളും ഭീകരപ്രവര്‍ത്തനമായി മാറണമെന്നില്ല. മാറിയാലും അവ ആ രൂപത്തില്‍ എക്കാലവും തുടരണമെന്നുമില്ല. സമാധാനപരമായ മുഖ്യധാരാ രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് തിരിച്ചുവരാനുള്ള അവസരം അവര്‍ക്കെപ്പോഴും നല്‌കേണ്ടതുണ്ട്.
തീവ്രവാദത്തില്‍ നിന്ന് ഒരുപാടകലമുണ്ട് നാം ഇന്നറിയുന്ന തരത്തിലുള്ള ഭീകരപ്രവര്‍ത്തനത്തിന്. ജനാധിപത്യവ്യവസ്ഥയും അതിന്റെ സ്ഥാപനങ്ങളും ശക്തമായി നിലനില്‌ക്കുന്ന രാജ്യങ്ങളില്‍ ഭീകരപ്രവര്‍ത്തനത്തിന് പ്രസക്തിയേ ഇല്ല. ഇന്ത്യയില്‍ പതിനാല് കോടിയോളം മുസ്‌ലിങ്ങളുണ്ട്. ജനാധിപത്യപാര്‍ട്ടികളില്‍ ബഹുഭൂരിപക്ഷവും ന്യൂനപക്ഷതാല്‌പര്യങ്ങള്‍ സംരംക്ഷിക്കുന്നവയാണ്. ഭൂരിപക്ഷവര്‍ഗീയപാര്‍ട്ടികള്‍ക്കുപോലും ന്യൂനപക്ഷവിഭാഗങ്ങളെ തീര്‍ത്തും അവഗണിക്കാനാവില്ല. ജനാധിപത്യമാര്‍ഗത്തിലൂടെത്തന്നെ തങ്ങളുടെ താല്‌പര്യങ്ങള്‍ സംരക്ഷിക്കാന്‍ ന്യൂനപക്ഷങ്ങള്‍ക്ക് കഴിയുമെന്ന് അറുപതുവര്‍ഷത്തിനിടയില്‍ ഒരു പാട് തവണ തെളിയിക്കപ്പെട്ടിട്ടുണ്ട്. അമര്‍ഷപ്രകടനത്തിനുള്ള താല്‌ക്കാലികമായ രീതിയായി ചിലര്‍ ഭീകരപ്രവര്‍ത്തനത്തിന്റെ മാര്‍ഗം സ്വീകരിക്കുന്നതായി കാണുന്നു. വൈകാരികമായ പ്രതികരണമാണത്. അത് മതവിരുദ്ധമാണ്,മാത്രവുമല്ല ആരെ സംരക്ഷിക്കാനാണോ അത് ഉദ്ദേശിച്ചിരിക്കുന്നത് ആ ജനവിഭാഗത്തിന് തന്നെ അത് അത്യന്തം ഹാനികരമായി മാറുകയും ചെയ്യും.
ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും മുസ്‌ലിം .യുവതയുടെ വിശ്വാസം നേടാന്‍ കഴിഞ്ഞിട്ടില്ലെന്നത് ഭീകരവാദത്തിന് നല്ല വളക്കൂറുള്ള മണ്ണുണ്ടാക്കുന്നുണ്ട്. രാഷ്ട്രവിഭജനത്തിന്റെയും തുടര്‍ച്ചയായി ഉണ്ടായ വര്‍ഗീയകലാപങ്ങളുടെയും ഫലമായി മുതിര്‍ന്ന മുസ്‌ലിം തലമുറ കുറെയെല്ലാം കുറ്റബോധം മനസ്സിന്റെ ഉപബോധതലങ്ങളില്‍ കൊണ്ടുനടന്നിരുന്നു. പുതിയ തലമുറയ്‌ക്ക് അതിന്റെ ആവശ്യമില്ല. അവര്‍ ജനിച്ചുവളര്‍ന്ന മണ്ണാണിത്. അവര്‍ക്ക് മറ്റാരെയും പോലെ ഈ മണ്ണില്‍ അവകാശങ്ങളുണ്ട്. സാമ്രാജ്യത്വശക്തികള്‍ക്കൊപ്പം നിന്ന് ഭൂരിപക്ഷവര്‍ഗീയത അഴിച്ചുവിടുന്ന അക്രമങ്ങളും കൂട്ടക്കൊലകളും അവരിലൊരു വിഭാഗത്തെ ഭീകരരുടെ പറ്റങ്ങളിലേക്ക് ആട്ടിത്തെളിച്ചിട്ടുണ്ടെന്നത് സത്യമാണ്.
ഭീകരവാദികളെയെല്ലാം ഒറ്റയടിക്ക് രാജ്യദ്രോഹികളെന്ന് മുദ്രകുത്തുന്നത് ശരിയാവില്ല. വിദേശരാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് പണംപറ്റി രാജ്യത്ത് സ്‌ഫോടനങ്ങളും കൂട്ടക്കൊലകളും നടത്തുന്ന കുറെ ഭീകരസംഘടനകളുണ്ട്. അവര്‍ക്ക് ഒരു തരത്തിലുള്ള രാഷ്‌ട്രീയ അജന്‍ഡയുമില്ല. കൂലിക്കൊലയാളികളാണ് അവര്‍. പോലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് അടിച്ചമര്‍ത്തുകയല്ലാതെ വേറെ വഴിയില്ല. രാഷ്ടീയഅജന്‍ഡയുള്ള തീവ്രവാദി-ഭീകരവാദി സംഘങ്ങളില്‍നിന്ന് ഇവരെ വേര്‍തിരിച്ച് കാണുകയാണ് നല്ലതെന്ന് തോന്നുന്നു.
കേരളമുള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും മതതീവ്രവാദം അമിതസ്വാധീനം നേടിയിരുന്നില്ല എന്നതുകൊണ്ട് മതസംഘടനകള്‍ കാര്യമായൊന്നും ഇതിനെതിരെ ചെറുത്തുനില്‌പ് നടത്തിയിട്ടില്ല. തീവ്രവാദത്തിന് എല്ലാകാലത്തും മതസംഘടനകളില്‍ നല്ലൊരു വിഭാഗത്തിന്റെ പിന്‍ബലം ഉണ്ടാകാറുണ്ട്. അല്ലെങ്കില്‍ തീവ്രവാദം സ്വാധീനം നേടുമ്പോള്‍ മതസംഘടനകള്‍ നിശ്ശബ്ദമാകുകയോ ഒഴിഞ്ഞുമാറുകയോ ചെയ്യുന്നതായും കാണാറുണ്ട്
രാഷ്ടീയപാര്‍ട്ടികള്‍ എന്നാണ് തീവ്രവാദത്തെ കാര്യമായി ചെറുത്തിട്ടുള്ളത് ? അവര്‍ ലാഭനഷ്ട കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഈ വിഷയത്തെ സമീപിക്കാറുള്ളൂ. ഒരുതരം തീവ്രവാദത്തെയും ഒരിക്കല്‍പോലും പിന്തുണച്ചിട്ടില്ലാത്ത ഒരു രാഷ്ട്രീയപാര്‍ട്ടിയെങ്കിലുമുണ്ടോ ?
തീവ്രവാദത്തിന് ചെവികൊടുക്കാത്തവരാണ് ബഹുഭൂരിപക്ഷം മതവിശ്വാസികളും എന്നത് ശരിതന്നെ. പക്ഷേ മതം മുഖ്യമുദ്രാവാക്യമായി അല്ലെങ്കില്‍ ഏകമുദ്രാവാക്യമായി ഉയര്‍ത്തിപ്പിടിച്ച് കൂട്ടക്കൊലകള്‍ നടത്തുന്നവരെ മറ്റെന്ത് പേരിലാണ് വിശേഷിപ്പിക്കേണ്ടത് ? വിശേഷണമല്ല പ്രശ്‌നം. ഇക്കൂട്ടരെ മതത്തില്‍ നിന്ന് പുറത്താക്കാന്‍ കഴിയുമോ ? ഇത്തരം ആളുകളെ ഒറ്റപ്പെടുത്താനെങ്കിലും കഴിയുമോ ? അതൊന്നും ചെയ്യാന്‍ കഴിയാത്തപ്പോള്‍ മതനാമം ഭീകരനാമങ്ങള്‍ക്കൊപ്പം പരാമര്‍ശിക്കപ്പെടുന്നതില്‍ പരിഭവിച്ചിട്ട് കാര്യമില്ല. ഭൂരിപക്ഷം മതവിശ്വാസികള്‍ ഈ ഭീകരരെ തള്ളിപ്പറയാന്‍ തയ്യാറാവുകയാണെങ്കില്‍ ഇതൊരു പ്രശ്‌നമേ അല്ലാതാവും. സിഖ് ഭീകരപ്രവര്‍ത്തനത്തിന്റെ അന്ത്യം അങ്ങനെയാണ് ഉണ്ടായത്.
മാധ്യമങ്ങള്‍ എന്തിനെയാണ് ഈ വിധം കൊണ്ടാടിയിട്ടില്ലാത്തത് ? ഭീകരപ്രവര്‍ത്തനത്തിനെതിരെ ജനവികാരമുണ്ടാക്കാനെങ്കിലും ഇത് സഹായിക്കുന്നുണ്ട്. ഇതിലേക്ക് കൂടുതല്‍ ആളുകള്‍ ആകര്‍ഷിക്കപ്പെടാതിരിക്കാന്‍ ഇത് പ്രയോജനപ്പെടുന്നില്ലേ ? പ്രശ്‌നങ്ങള്‍ ഏത് അടിസ്ഥാനത്തിലാണ് സങ്കീര്‍ണമാകുന്നത് ? പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയാണോ വേണ്ടത്, അതാണോ മാധ്യമധര്‍മം ? വസ്‌തുനിഷ്‌ഠവും സത്യസന്ധവുമാണ് റിപ്പോര്‍ട്ടിങ്ങ് എങ്കില്‍ അത് കുറച്ചേറിപ്പോയാലും ഒരു ദോഷവുമുണ്ടാകില്ല. ഇനി സത്യസന്ധമല്ലേ, വസ്‌തുനിഷ്‌ഠമോ സദുദ്ദേശപരമോ അല്ലേ …എങ്കില്‍ അത് വ്യത്യസ്‌തമായ പ്രശ്‌നമാണ്. അത് പ്രത്യേകം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ജനങ്ങളില്‍ വര്‍ഗീയമായ ചേരിതിരിവുണ്ടാക്കുന്ന വിധത്തില്‍ റിപ്പോര്‍ട്ടിങ് നടത്തരുത് എന്നതാണ് ഇക്കാര്യത്തില്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത്
അങ്ങനെയൊരു ആരോപണം കേട്ടു. തെളിവൊന്നും ആരും ഹാജരാക്കിക്കണ്ടില്ല. തിരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന പൊട്ടിത്തെറികള്‍ സംഘപരിവാര്‍ പക്ഷത്ത് പൊട്ടിച്ചിരിയാണ് സൃഷ്ടിക്കുന്നതെന്ന് തോന്നിയാല്‍ തെറ്റില്ല. അതുകൊണ്ടുമാത്രം സ്‌ഫോടനങ്ങള്‍ അവര്‍ സൃഷ്ടിക്കുന്നതാണ് എന്ന് വിശ്വസിക്കാന്‍ എനിക്കാവില്ല. ഒരുപാട് തരം രഹസ്യഅജന്‍ഡകള്‍ ഒരു പാട് സംഘടനകള്‍ക്കും ഔദ്യോഗികസ്ഥാപനങ്ങള്‍ക്കും ഏജന്‍സികള്‍ക്കും ഉണ്ടാകും. നമ്മുടെ ലാഭനഷ്ട ന്യായങ്ങള്‍ നമ്മുടെ പരിമിതബുദ്ധിക്കകത്തേ പ്രവര്‍ത്തിക്കുകയുള്ളൂ. ഭീകരരുടെ ബുദ്ധിയും ഭീകരമായിരിക്കാം. സംഘപരിവാര്‍ അധികാരത്തില്‍വരുന്നതാണ് ഇന്ത്യയുടെ ശിഥിലീകരണത്തിന് സഹായിക്കുക എന്ന് കരുതുന്ന ഭീകരര്‍പോലും ഉണ്ടാകാം. അത് കുറെ ശരിയാണ് താനും.
തീര്‍ച്ചയായും നിരപരാധികളെ വേട്ടയാടുന്നത് ഭരണകൂടത്തിന്റെ വിശ്വാസ്യതയെ തകര്‍ക്കും. അത് ഭീകരര്‍ക്ക് തന്നെയാണ് ആത്യന്തികമായ പ്രയോജനപ്പെടുക.
സര്‍ക്കാര്‍ സംവിധാനം വളരെ കാര്യക്ഷമമാണ് എന്ന് ഞാന്‍ കരുതുന്നില്ല. രാജ്യത്ത് എന്തെല്ലാം നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. കള്ളക്കടത്തും അധോലോകവും മാഫിയ പ്രവര്‍ത്തനവും സമാന്തരഭരണവും എന്തെല്ലാം എന്തെല്ലാം….നമ്മുടേതിനേക്കാള്‍ പതിന്മടങ്ങ് കാര്യക്ഷമമായ യു.എസ് ഭരണത്തിന് കീഴില്‍പ്പോലും എന്തെല്ലാം നടക്കുന്നു.
സാമ്രാജ്യത്തിന് എതിരെ മുസ്‌ലിം സംഘടനകള്‍ പലേടത്തും സായുധവും അല്ലാത്തതുമായ ചെറുത്തുനില്‌പ്പ് നടത്തുന്നുണ്ട്. അതെല്ലാം തെറ്റാണെന്ന് പറയാന്‍ പറ്റില്ല. ഭീകരപ്രവര്‍ത്തനത്തെക്കുറിച്ചുള്ള ആക്ഷേപവും മുഴുവന്‍ കളവല്ല. ഭീകരപ്രവര്‍ത്തനത്തെയും ചില സാഹചര്യങ്ങളില്‍ ന്യായീകരിക്കാം. സാമ്രാജ്യ ത്വത്തിന്റെ പട്ടാളം നേരിട്ട് വന്ന് ജനാഭിപ്രായത്തെ അടിച്ചമര്‍ത്തുന്ന ഇറാഖിലും അഫ്‌ഘാനിസ്ഥാനിലും ജനങ്ങള്‍ ആയുധമെടുക്കുന്നതിനെ ന്യായീകരിക്കുന്നതില്‍ എന്ത് അത്ഭുതം ? എന്നാല്‍ ഇത് ജനവിരുദ്ധവും അത്യന്തം ഫാസിസ്റ്റുമായ തലത്തിലേക്ക് നീങ്ങുന്നതിനെ ന്യായീകരിക്കാനുമാവില്ല.
ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വഴി തന്നെയാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍സഹായകമാവുക. അക്രമവും ഭീകരപ്രവര്‍ത്തനവും ജനങ്ങള്‍ക്ക് ഉണ്ടാക്കുന്ന ദുരിതങ്ങള്‍ തലമുറകള്‍ക്കപ്പുറം നീണ്ടുനില്‌ക്കുന്നതാണ്. വിജയിക്കുന്നവര്‍ക്ക് പോലും തോല്‍വിയായിരുന്നു ഭേദം എന്ന് തോന്നിക്കുന്ന അനുഭവമാണ്‌് ഭീകരപ്രവര്‍ത്തനമുണ്ടാക്കുക. ഒരുപാട് ജനതകള്‍ അതനുഭവിച്ചിട്ടുണ്ട്. വര്‍ഗീയതയ്‌ക്ക് മറുപടി മറ്റൊരു വര്‍ഗീയതയല്ല. ഒരിനം ഭീകരതയ്‌ക്ക് മറുപടി മറ്റൊരിനം ഭീകരതയല്ലതന്നെ. മതത്തെ അതിന്റെ എല്ലാ നന്മകളോടും കൂടിമാത്രം ജനമധ്യത്തിലെത്തിക്കാന്‍ മതസംഘടനകള്‍ക്കും പ്രവര്‍ത്തകര്‍ക്കും കഴിഞ്ഞാല്‍മാത്രമേ മതത്തിന്റെ പേരില്‍നടക്കുന്ന ഈ പ്രവണതകള്‍ അവസാനിപ്പിക്കാനാവൂ. അതിനുള്ള വഴികള്‍ മതവിശ്വാസികള്‍തന്നെ കണ്ടെത്തണം.