പുലിറ്റ്സര്‍ അവാര്‍ഡ് ഏറ്റവും വിലമതിക്കപ്പെടുന്ന പത്രപ്രവര്‍ത്തക പുരസ്കാരം ആണ് എന്നാണ് കരുതപ്പെടുന്നത്. ജോസഫ് പുലിറ്റ്സര്‍ എന്ന പത്ര ഉടമ മരണപത്രത്തില്‍ എഴുതി നീക്കിവെച്ച വലിയ തുകകൊണ്ട് 1917 മുതല്‍ നല്‍കപ്പെടുന്ന പുരസ്കാരം. ഏറ്റവും ‘പൈങ്കിളി’ എന്ന് വിളിക്കാവുന്ന തരം പത്രപ്രവര്‍ത്തനത്തിന് അമേരിക്കയില്‍ തുടക്കംകുറിച്ച ആളാണ് പുലിറ്റ്സര്‍ എന്നൊക്കെ കുറ്റപ്പെടുത്താമെങ്കിലും അവാര്‍ഡ് കേമംതന്നെയാണ്. ഈ അടുത്ത ദിവസം അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ നടാലീ കൗല ഹൗഫ് എന്ന മുപ്പത്തൊന്നുകാരി ആദ്യം ഞെട്ടുകയും പിന്നെ ഹര്‍ഷോന്മാദയാവുകയും നിമിഷങ്ങള്‍ക്കകം ഒപ്പമുണ്ടായിരുന്നവരെയെല്ലാം അമ്പരപ്പിച്ചുകൊണ്ട് പൊട്ടിക്കരയുകയു ം ചെയ്തു. കാരണമുണ്ട്.
പൊതുസേവന പത്രപ്രവര്‍ത്തനത്തിനുള്ള ഈ വര്‍ഷത്തെ പുലിറ്റ്സര്‍ സമ്മാനം പ്രഖ്യാപിക്കപ്പെട്ടത് നടാലീ കൗല ഫൗഫിന് ആണ്. ദ പോസ്റ്റ് ആന്‍ഡ് കൊറിയര്‍ എന്ന സൗത് കരോലൈന പത്രത്തില്‍ ഏഴ് ലക്കമായി എഴുതിയ വാര്‍ത്താപരമ്പരയാണ് ബഹുമതിക്ക് അര്‍ഹമായത്. നാട്ടില്‍ പകര്‍ച്ചവ്യാധി പോലെ പടരുന്ന ഗാര്‍ഹികപീഡനത്തെക്കുറിച്ചുള്ള അന്വേഷണ പരമ്പര ആയിരുന്നു അത്. ഒരു ദശകത്തിനിടയില്‍ സൗത് കരോലൈനയില്‍ മുന്നൂറിലേറെ ഭാര്യമാര്‍ക്ക് വെടിയേല്‍ക്കുകയോ കുത്തേല്‍ക്കുകയോ മറ്റുതരത്തില്‍ ഗുരുതരമായി ആക്രമിക്കപ്പെടുകയോ ചെയ്തിട്ടുണ്ട് എന്ന് തെളിയിക്കുന്ന പരമ്പര കോളിളക്കമുണ്ടാക്കി. ഗാര്‍ഹികപീഡനം തടയുന്നതിനുള്ള നിയമനിര്‍മാണം നടത്താന്‍ ഗവണ്‍മെന്‍റിനെ നിര്‍ബന്ധിതമാക്കി ഈ പരമ്പര സൃഷ്ടിച്ച വികാരം.
എങ്കില്‍പിന്നെ, പുരസ്കാരം ലഭിച്ച ലേഖിക എന്തിനാണ് പൊട്ടിക്കരഞ്ഞത്? പുരസ്കാരം പ്രഖ്യാപിക്കുമ്പോള്‍ അവര്‍ പത്രപ്രവര്‍ത്തനരംഗത്തേ ഉണ്ടായിരുന്നില്ല. രണ്ടു വര്‍ഷത്തില്‍താഴെ മാത്രം സേവന പരിചയം ഉണ്ടായിരുന്ന നടാലീ വാര്‍ത്താപരമ്പര പ്രസിദ്ധപ്പെടുത്തുന്ന ഘട്ടത്തില്‍തന്നെ പത്രപ്രവര്‍ത്തനം ഉപേക്ഷിച്ച് ചാള്‍സ്റ്റണ്‍ കൗണ്ടിയിലെ സര്‍ക്കാറിന്‍െറ മീഡിയ റിലേഷന്‍സ് കോഓഡിനേറ്റര്‍ ആയിക്കഴിഞ്ഞിരുന്നു. റിപ്പോര്‍ട്ടര്‍ ആയി തുടര്‍ന്നിരുന്നുവെങ്കില്‍ ഒരുപക്ഷേ, വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ കഴിയുമായിരുന്നു അവര്‍ക്ക്. പിന്നെ എന്തിന് മാധ്യമരംഗം ഉപേക്ഷിച്ചു? ലളിതം -പത്രപ്രവര്‍ത്തക എന്ന നിലയിലെ വരുമാനം കഷ്ടിച്ച് വാടക കൊടുക്കാനും ഭക്ഷണം കഴിക്കാനുമേ തികയൂ. വേറെ വഴിയില്ലാഞ്ഞിട്ടാണ് പി.ആര്‍ പണി സ്വീകരിച്ചത്.
നടാലീ തനിച്ചല്ല. ഈ വര്‍ഷത്തെ പുലിറ്റ്സര്‍ സമ്മാനജേതാക്കളില്‍ രണ്ടുപേര്‍ ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകരല്ല എന്നത് ഇത്തവണത്തെ അവാര്‍ഡ് പ്രഖ്യാപനത്തിനു ശേഷം അമേരിക്കന്‍ മാധ്യമങ്ങള്‍ ഗൗരവപൂര്‍വം ചര്‍ച്ചചെയ്യുന്നുണ്ട്. ലോക്കല്‍ റിപ്പോര്‍ട്ടിങ്ങിനുള്ള പ്രൈസ് നേടിയത് കാലിഫോര്‍ണിയയിലെ ഡെയ്ലി ബ്രീസ് പത്രത്തില്‍ വിദ്യാഭ്യാസകാര്യ ലേഖകന്‍ റോബ് കുസ്നിയ എഴുതിയ വാര്‍ത്താപരമ്പരയാണ്. പക്ഷേ, പ്രൈസ് പ്രഖ്യാപിക്കുമ്പോഴേക്ക് അദ്ദേഹവും ഉപേക്ഷിച്ചിരിക്കുന്നു മാധ്യമപ്രവര്‍ത്തനം. അദ്ദേഹം സ്വീകരിച്ചതും പി.ആര്‍ ജോലിയാണ്. എന്തുകൊണ്ട് മാധ്യമരംഗം ഇങ്ങനെ ദരിദ്രമാകുന്നു? പ്രതിഭകളെ ആകര്‍ഷിക്കാനോ നിലനിര്‍ത്താനോ കഴിയാതെപോകുന്നത് എന്തുകൊണ്ട്? മാധ്യമങ്ങളുടെ ഗുണനിലവാരത്തെ ഇത് ദോഷകരമായി ബാധിക്കില്ളേ? നിലവാരത്തകര്‍ച്ച ഫോര്‍ത് എസ്റ്റേറ്റ് എന്ന നിലയിലുള്ള അവയുടെ പ്രവര്‍ത്തനക്ഷമതയെയും ജനാധിപത്യത്തത്തെന്നെയും ബാധിക്കില്ളേ?
മാധ്യമമേഖലയിലെ വേതനനിലവാരം താഴേക്കും പബ്ളിക് റിലേഷന്‍സ് മേഖലയിലേത് മേലേക്കും പോകുന്നു എന്നതാണ് ഈ പ്രവണതക്ക് കാരണം എന്ന് എല്ലാവര്‍ക്കും അറിയാം. പ്രചാരവും പരസ്യവരുമാനവും അനുദിനം ഇടിയുന്ന, വിലയും വേതനവുമെല്ലാം വിപണി നിശ്ചയിക്കുന്ന മേഖലയില്‍ ഇതല്ലാതെ മറ്റൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. ഏതാനും വന്‍ നഗരങ്ങളിലൊഴിച്ച് എല്ലായിടത്തും മാധ്യമരംഗത്തെ തൊഴിലവസരങ്ങളും വേതനവും കുറയുന്നു, പബ്ളിക് റിലേഷന്‍സ് മേഖലയില്‍ വേതനം കുതിച്ചുയരുന്നു. മാധ്യമപ്രവര്‍ത്തനം ഒരു കാരണവശാലും പബ്ളിക് റിലേഷന്‍സ് ആവരുത് എന്ന് പറയുമ്പോഴും പബ്ളിക് റിലേഷന്‍സ് സ്ഥാപനങ്ങള്‍ റിക്രൂട്ട് ചെയ്യുന്നത് പത്രപ്രവര്‍ത്തകരെയാണ്.
എല്ലാം വിപണി നിര്‍ണയിക്കട്ടെ എന്ന് പറയുമ്പോള്‍തന്നെ ഇത്തരം വ്യതിയാനങ്ങളെക്കുറിച്ച് ആശങ്കാകുലരാണ് വികസിതരാജ്യങ്ങളിലെ പൊതുസമൂഹം. ഒന്നാം ഭേദഗതിയിലൂടെ പത്രസ്വാതന്ത്ര്യം മൗലികാവകാശമാക്കിയ രാജ്യമാണ് അമേരിക്ക. മാധ്യമസ്വാതന്ത്ര്യത്തിനും മാധ്യമങ്ങള്‍ വഹിക്കുന്ന പങ്കിനും പ്രതികൂല കാലാവസ്ഥയിലും അവര്‍ വലിയ പ്രാധാന്യം കല്‍പിക്കുന്നു. എന്നാല്‍, സാങ്കേതികവികാസം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ക്ക് മുന്നില്‍ അവരും നിസ്സഹായരാണ്.
മാധ്യമ വേതന-സേവന വ്യവസ്ഥകള്‍ നിയമംമൂലം സംരക്ഷിച്ചിട്ടുള്ള അത്യപൂര്‍വം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കുറയുന്ന പ്രചാരത്തിന്‍െറയും വരുമാനത്തിന്‍െറയും പ്രതിസന്ധികള്‍ ബാധിച്ചുതുടങ്ങിയിട്ടില്ളെങ്കിലും ഇന്ത്യയും പുതിയ പ്രവണതകളില്‍നിന്ന് മോചിതമല്ല. വര്‍ക്കിങ് ജേണലിസ്റ്റ് ആക്ടും വേജ് ബോര്‍ഡുകളും ഇക്കാര്യത്തില്‍ കുറെയെല്ലാം സംരക്ഷണം നല്‍കിയിരുന്നു. അപ്പോള്‍പോലും നിയമബാധ്യതയില്‍നിന്ന് ഒഴിഞ്ഞുമാറുന്ന സ്ഥാപനങ്ങളെ നിര്‍ബന്ധിക്കാന്‍ വ്യവസ്ഥകള്‍ ഉണ്ടായിരുന്നില്ല, ഉള്ളവ വളരെ ദുര്‍ബലങ്ങളുമായിരുന്നു.
ഏറ്റവും ഒടുവിലത്തെ വേജ്ബോര്‍ഡ് ശിപാര്‍ശകളുടെ കാര്യത്തിലുണ്ടായ സുപ്രീംകോടതി വിധി ജീവനക്കാര്‍ക്ക് അനുകൂലമായിരുന്നെങ്കിലും അതിന്‍െറ പരിണിത ഫലം വിപരീതമായി മാറി. ശമ്പളക്കാര്യത്തില്‍ വേജ്ബോര്‍ഡ് ശിപാര്‍ശ നടപ്പാക്കുന്നു എന്നുറപ്പുവരുത്താനുള്ള നിയമപരമായ ബാധ്യതകളില്‍നിന്ന് വന്‍കിട മാധ്യമങ്ങളൊക്കെ ഒഴിഞ്ഞുമാറിക്കഴിഞ്ഞു. കരാര്‍ നിയമനങ്ങള്‍ വ്യാപകമാക്കുകയും പത്രപ്രവര്‍ത്തനപരമായ ചുമതലകള്‍ പോലും വര്‍ക്കിങ് ജേണലിസ്റ്റ് ആക്ടിന്‍െറ പരിധിക്ക് പുറത്തുകടത്തുകയും ചെയ്യുന്നതോടെ മാധ്യമങ്ങളും മറ്റേതൊരു വ്യവസായം പോലെയായി. ഇത് ചിലരുടെ ശമ്പളപ്രശ്നം മാത്രമല്ല. ഇരുപതോ മുപ്പതോ വര്‍ഷംമുമ്പ് കോളജ് അധ്യാപക ജോലി ഉപേക്ഷിച്ചു പോലും മാധ്യമസ്ഥാപനങ്ങളിലേക്ക് വന്നവര്‍ ധാരാളമുണ്ടായിരുന്നു. ഇന്ന് പത്തും പന്ത്രണ്ടും വര്‍ഷത്തെ സേവനത്തിനു ശേഷംപോലും നല്ല കഴിവുള്ളവര്‍ പോലും സര്‍ക്കാര്‍ ഓഫിസുകളിലെ സാധാരണ ജോലികളിലേക്ക് പോകുംവിധം അനാകര്‍ഷകമായിക്കൊണ്ടിരിക്കുന്നു മാധ്യമരംഗം. അല്ലാത്തപ്പോള്‍പോലും നിലവാരത്തകര്‍ച്ചയും വിശ്വാസത്തകര്‍ച്ചയും നേരിട്ടിരുന്നു മാധ്യമവ്യവസായം. വ്യവസായത്തിന്‍െറ ലാഭനഷ്ടങ്ങളെ ഇതൊന്നും ഇപ്പോഴും ബാധിച്ചിട്ടില്ലായിരിക്കാം. പക്ഷേ, എപ്പോള്‍വേണമെങ്കിലും ബാധിച്ചുതുടങ്ങാം. അമേരിക്കന്‍ മാധ്യമങ്ങള്‍ എത്തിയേടത്ത് എത്രയുംവേഗം എത്താനാണോ നാം വെമ്പല്‍കൊള്ളേണ്ടത്; അതല്ല അത് കഴിയുന്നത്ര വൈകിക്കാനോ?
(Published on Tue, 05/05/2015)