ദ് ടെലഗ്രാഫ് തലക്കെട്ട് വിപ്ലവം

എൻ.പി.രാജേന്ദ്രൻ

തെരഞ്ഞെടുപ്പു നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ മൂന്നും ബി.ജെ.പി ക്കു നഷ്ടപ്പട്ട വാര്‍ത്ത അറിയിക്കുന്ന ദിവസം ദ് ടെലഗ്രാഫ് പത്രത്തിന്റെ മുഖ്യതലവാചകം ഇങ്ങനെ-ചക്രവര്‍ത്തിയുടെ മൂക്ക് ഇടിച്ചുപൊളിച്ചു-(എംപറേഴ്‌സ് നോസ് സ്മാഷ്ഡ്). അരികില്‍, മൂക്ക് നഷ്ടപ്പെട്ട ഒരു കൂറ്റന്‍ പ്രതിമയുടെ വലിയ ഫോട്ടോ. പ്രതിമ ജോര്‍ജ് അഞ്ചാമന്‍ ചക്രവര്‍ത്തിയുടേതാണ്. ഡല്‍ഹി കോറണേഷന്‍ പാര്‍ക്കിലെ ഈ പ്രതിമയുടെ മൂക്ക് തകര്‍ക്കപ്പെട്ട ചിത്രം അയച്ചത് പി.ടി.ഐ ആണ്. അതിനു യഥാര്‍ത്ഥത്തില്‍ നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധമില്ല. ചിത്രത്തിന്റെ അടിക്കുറിപ്പില്‍ മോദിയുടെ പരാജയത്തെക്കുറിച്ച് ഒരു പരാമര്‍ശം പോലുമില്ല. പക്ഷേ, പത്രം വായിക്കുന്ന എല്ലാവര്‍ക്കും മനസ്സിലാവും നരേന്ദ്ര മോദിയുടെ മൂക്കാണ് ശത്രുക്കള്‍ ചെത്തിക്കളഞ്ഞത് എന്ന്!

ഇത് ദ് ടെലഗ്രാഫ് പത്രത്തിന്റെ കുസൃതിയും ആക്ഷേപഹാസ്യവും നിറഞ്ഞ പുത്തന്‍ വാര്‍ത്താശൈലിയാണ്. ഒന്നാം പേജിലെ കൂറ്റന്‍ തലക്കെട്ടുകള്‍ വായിച്ചാല്‍ ആളുകള്‍ക്ക് ഞെട്ടണമോ ചിരിക്കണമോ എന്നു മനസ്സിലാകില്ല. പത്രാധിപര്‍ ആര്‍.രാജഗോപാലാണ് ഇതിന്റെ പിന്നില്‍ എന്ന് എല്ലാവര്‍ക്കും അറിയാം.  മലയാളിയാണ് ആര്‍.രാജഗോപാല്‍ എന്നതിനു ഈ കുസൃതികളുമായി ബന്ധമുണ്ടോ എന്നറിയില്ല. റാഫേല്‍ വിവാദം സംബന്ധിച്ച് സുപ്രിം കോടതി വിധിയില്‍ ‘ചെയ്യാറുണ്ട’് എന്നെഴുതിയത് കോടതി ‘ചെയ്തിട്ടുണ്ട’് എന്നു വായിച്ചതിനെ പരിഹസിച്ച് ഒന്നാം പേജിലെ മുഖ്യവാര്‍ത്തയുടെ  തലക്കെട്ട് ‘ HAS BEEN IS WAS IS ‘ എന്നാണ്!

മാസങ്ങള്‍ക്ക്ു മുമ്പ് കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം പത്രത്തിന്റെ മുഖ്യതലക്കെട്ട് ‘വീരപ്പന്‍ ടെസ്റ്റ് ടുഡെ’ എന്നായിരുന്നു. ഇതിന് കര്‍ണാടകയിലെ ബി.ജെ.പി-കോണ്‍ഗ്രസ്-ജനതാ ദള്‍ തെരഞ്ഞെടുപ്പു യുദ്ധവുമായി എന്തു ബന്ധം എന്നാരും അമ്പരന്നു പോകും. വീരപ്പന്‍ പൊലീസുകാരെ തട്ടിക്കൊണ്ടു പോയിരുന്നതു പോലെ പാര്‍ട്ടികള്‍ വോട്ടര്‍മാരെ തട്ടിക്കൊണ്ടുപോകുന്നു എന്നാണ് പത്രം വിളിച്ചുപറയാന്‍ ശ്രമിച്ചത്.

ഇത്തരം അമ്പരപ്പിക്കുന്ന  തലവാചകങ്ങള്‍ പത്രത്തിന്റെ ശൈലിയായി മാറിയത് പത്രത്തിന്റെ സ്ഥാപകനും മുഖ്യപത്രാധിപരുമായിരുന്ന അവീക് സര്‍്ക്കാര്‍ 2016-ല്‍ സ്ഥാനമൊഴിഞ്ഞ ശേഷമാണ്. ഉടമകളുടെ പുതുതലമുറ പത്രം നടത്തിത്തുടങ്ങിയ സമയമായിരുന്നു അത്. സാമ്പത്തികമായി സുഖകരമല്ല പത്രത്തിന്റ പോക്ക് എന്നറിഞ്ഞ് ജേണലിസ്റ്റുകള്‍ ഉള്‍പ്പെടെ 700 ജീവനക്കാരെ ഒറ്റ ദിവസം പിരിച്ചുവിടാന്‍ ധൈര്യം കാട്ടിയ സമയവും ആയിരുന്നു അത്.

ടെലഗ്രാഫ് പത്രം വെറുമൊരു അന്തിപ്പത്രമല്ല. ടാബ്ലോയ്ഡ് എന്നു വിളിക്കാവുന്ന രൂപവും അതിനില്ല. 1922-ല്‍ സ്ഥാപിതമായ, അന്തസ്സുള്ള അനന്ദ് ബസാര്‍ പത്രികയുടെ തറവാട്ടില്‍ നിന്ന് 1982-ല്‍ തുടങ്ങിയതാണ് ഈ ഇംഗ്ലീഷ് പത്രം. നൂറു വര്‍ഷം പഴക്കമുള്ള ദ് സ്റ്റേറ്റസ്മാന്‍ പത്രത്തെ പത്തു വര്‍ഷം കൊണ്ട് പിന്നിലാക്കിയത് പുതുമയുള്ള വാര്‍ത്തയും ആകര്‍ഷക ഡിസൈനും ഉപയോഗപ്പെടുത്തിത്തന്നെയാണ്. എം.ജെ അക്ബര്‍ ഇന്നു കുപ്രസിദ്ധനാണെങ്കിലും ദ് സണ്‍ഡെ ആഴ്ചപ്പതിപ്പും തുടര്‍ന്ന് ദ് ടെലഗ്രാഫ് പത്രവും വഴിയാണ് അദ്ദേഹം മികച്ച പത്രാധിപര്‍ എന്ന കീര്‍ത്തി നേടിയത്. ഇപ്പോഴും വടക്കു കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും പ്രധാന പത്രമാണ് അത്. ദ് ടെലഗ്രാഫ് തലവാചക വിപ്ലവത്തിലൂടെ വിപണിയെ ലക്ഷ്യം വയ്ക്കുന്നുണ്ടെങ്കിലും, ദ് ടെലഗ്രാഫ് ഇപ്പോഴും പത്രപ്രവര്‍ത്തനത്തിന്റെ പോരാട്ട തത്ത്വങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുണ്ട്. പ.ബംഗാളിലെ മമത ബാനര്‍ജി ഭരണത്തിനും കേന്ദ്രത്തിലെ നരേന്ദ്ര മോദി ഭരണത്തിനും അപ്രിയം മാത്രമല്ല ശത്രുത തന്നെ ഉളവാക്കുന്ന രൂക്ഷ വിമര്‍ശനങ്ങള്‍ നടത്തുന്നതില്‍ പത്രം ഒട്ടും മടി കാണിക്കാറില്ല. പൊതുവെയുള്ള വാര്‍ത്താവതരണ ശൈലിയും ഗൗരവമുള്ളതായി തുടരുന്നു.

(2018 ഡിസ.22ന് തത്സമയം പത്രത്തില്‍ പ്രസിദ്ധപ്പെടുത്തിയത്)

Leave a Reply

Your email address will not be published. Required fields are marked *

Go Top