മാധ്യമരംഗത്ത് സ്ത്രീ പ്രാതിനിധ്യം ഇപ്പോഴും തുച്ഛം

എൻ.പി.രാജേന്ദ്രൻ

മാധ്യമരംഗത്ത് വനിതാസാന്നിദ്ധ്യവും വനിതാപ്രശ്‌നങ്ങള്‍ സംബന്ധിച്ച കവറേജും തുച്ഛമായി തുടരുന്നു.

വനിതകളുമായി ബന്ധപ്പെട്ട് വളരെ തെറ്റായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നതെന്നും ഇതുസംബന്ധിച്ച് നടന്ന പഠനം വ്യക്തമാക്കുന്നു.

ആധുനിക കാലത്തിന്റെ മാധ്യമമെന്ന് അവകാശവാദമുള്ള ഓണ്‍ലൈന്‍ രംഗത്തും സ്ത്രീവിരുദ്ധത, പരമ്പരാഗത മാധ്യമരംഗത്തിലെന്ന പോലെ തുടരുന്നുണ്ടെന്ന് പഠനം കണ്ടെത്തുന്നു.
108 രാജ്യങ്ങളില്‍ നിന്ന് ആയിരം വാര്‍ത്താ സ്ഥാപനങ്ങളുടെ 17 795 വാര്‍ത്തകളും 38000 വാര്‍ത്താവിഷയങ്ങളും വിലയിരുത്തി ഗ്ലോബല്‍ മീഡിയാ മോണിട്ടറിങ് പ്രോജക്റ്റ് ആണ് ഈ നിഗമനങ്ങളില്‍ എത്തിയത്.

15 വര്‍ഷം മുമ്പ് തുടങ്ങിയതാണ് പഠനം. അന്ന് 28 ശതമാനമായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലെ വനിതാപ്രാതിനിധ്യം. ഇപ്പോഴത് 37 ശതമാനമായിട്ടുണ്ട്. ഇത് വികസിത രാജ്യങ്ങളിലെ കണക്കാണ്. എന്നാല്‍ അഞ്ച് വര്‍ഷത്തിനിടയില്‍ കാര്യമായ പുരോഗതിയൊന്നും കാണാനില്ല. 2005 ലാണ് ഒടുവിലത്തെ റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
ടെലിവിഷനിലാണ് വനിതാപ്രാതിനിധ്യം കൂടുതല്‍-44 ശതമാനം. പത്രങ്ങളിലാണ് കുറവ്- 33 ശതമാനം. വാര്‍ത്തയിലെ വിഷയങ്ങളില്‍ 76 ശതമാനത്തിലെയും വിഷയം പുരുഷസംബന്ധിയാണ്. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ 24 ശതമാനം വാര്‍ത്തകളില്‍ മാത്രവും. 2005 ന് ശേഷം സ്ത്രീസംബന്ധമായ വിഷയങ്ങളില്‍ ഉണ്ടായത്് മൂന്നുശതമാനം വര്‍ദ്ധന മാത്രം. ഓണ്‍ ലൈന്‍ മീഡിയയില്‍ ലിംഗവിവേചനം പരമ്പരാഗത മാധ്യമങ്ങളിലുള്ളതിനേക്കാള്‍ പ്രകടവും കേന്ദ്രീകൃതവുമാണെന്ന് പഠനം കണ്ടെത്തി.
പഠനത്തിന്റെ ചില നിഗമനങ്ങള്‍

* 46 ശതമാനം വാര്‍ത്തകള്‍ സ്ത്രീകളെ കുറിച്ചുള്ള വിവേചന ധാരണകള്‍ ശക്തിപ്പെടുത്തുന്നവയാണ്്. (Reinforced gender stereo types)
* 13 ശതമാനം വാര്‍ത്തകള്‍ സ്ത്രീ സംബന്ധമായ വിഷയങ്ങളില്‍ കേന്ദ്രീകരിച്ചിരുന്നു
* വീട്ടിന് പുറത്തുള്ള തൊഴില്‍മേഖലകളിലെ സ്ത്രീ സാന്നിദ്ധ്യത്തിന് ആനുപാതികമായിരുന്നില്ല വാര്‍ത്തകളിലെ അവരുടെ സാന്നിദ്ധ്യം
* അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ വിളിക്കപ്പെടുന്ന വിദഗ്ദ്ധരില്‍ അഞ്ചിലൊന്നുമാത്രമാണ് സ്ത്രീ.
*എല്ലാ മേഖലകളില്‍ പുരുഷ റിപ്പോര്‍ട്ടര്‍മാര്‍ സ്ത്രീകളേക്കാള്‍ കൂടുതലായി തുടരുന്നു. എന്നാല്‍ ശാസ്ത്രം, ആരോഗ്യം എന്നീ മേഖലകളില്‍ മാത്രം സ്ത്രീകള്‍ എഴുതുന്ന റിപ്പോര്‍ട്ടുകളുടെ എണ്ണം 2000ന് ശേഷം പുരുഷന്മാരുടെ റിപ്പോര്‍ട്ടുകളേക്കാള്‍ വര്‍ദ്ധിച്ചിട്ടുണ്ട്.

കടപ്പാട് : www.journalism.co.uk

Leave a Reply

Your email address will not be published. Required fields are marked *

Go Top