അതിവേഗത്തിൽ ഓടിച്ചുപോയ കാര്‍ റോഡരുകിലെ ചെളി മുഴുവന്‍ കുപ്പായത്തില്‍ തെറുപ്പിച്ചിട്ടും അതു ശ്രദ്ധിക്കാതെ ഹോയ് എന്തൊരു സ്പീഡ് എന്ന് അമ്പരപ്പോടെ ആനന്ദിക്കുന്ന ഒരു കഥാപാത്രം അടൂര്‍ ഗോപാലകൃഷ്ണന്റെ കൊടിയേറ്റം സിനിമയിലുണ്ട്. ഹോയ് എന്തൊരു നിഷ്‌കളങ്കത, അല്ലെങ്കില്‍ മണ്ടത്തരം. രണ്ടു ദിവസമായി കേരളം, തകര്‍ന്നു വീഴുന്ന മരട് ഫ്‌ളാറ്റുകള്‍ നോക്കി ഈ കഥാപാത്രത്തെപ്പോലെ ആനന്ദിക്കുന്നതാണ് കണ്ടത്.
പത്തും പതിനെട്ടും തട്ടുകളില്‍ കായലോരത്ത് അങ്ങനെ തലയുയര്‍ത്തി നിന്നതാണ് ആ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍.(ഫ്‌ളാറ്റ് സമുച്ചയത്തെ വെറുതെ ഫ്‌ളാറ്റ് എന്നു പത്രങ്ങള്‍ കൊച്ചാക്കിപ്പറയുന്നതില്‍ ചില വായനക്കാര്‍ അമര്‍ഷം പ്രകടിപ്പിച്ചതു കണ്ടിരുന്നു. അതു കൊണ്ട് ഫ്‌ളാറ്റ് സമുച്ചയം എന്നുതന്നെ പരത്തിപ്പറയുകയാണ്) എന്തൊരു അഹന്തയിലായിരുന്നു ആ നില്‍പ്പ്. സുപ്രീം കോടതിയല്ല, കേന്ദ്രത്തിന്റെ അപ്പൂപ്പന്‍ വന്നാലും ഒരു കല്ലിളകില്ലെന്നായിരുന്നു ആ നില്‍പ്പിന്റെ അര്‍ത്ഥം. അത് അങ്ങനെയല്ലെന്ന്, ചരിത്രത്തിലാദ്യമായി ജനത്തിനു ബോധ്യമായി. നാലു സമുച്ചയങ്ങളിലെ 343 ഫളാറ്റുകള്‍ തവിടുപൊടിയായി.
ഒന്നും ആര്‍ക്കും നേരാംവണ്ണം ഉണ്ടാക്കാനറിയില്ലെന്ന ചീത്തപ്പേര് ഈ നാട്ടിലേതാണ്ട് എല്ലാവര്‍ക്കും ഉണ്ട്. ആ പേരു മാറിയിട്ടില്ലല്ലോ. ഉണ്ടാക്കിയ പാലം നന്നെ മോശമായതുകൊണ്ട് പൊളിക്കാന്‍ ആളെ തിരക്കുന്നതും മരടിന് അടുത്തു തന്നെ. എന്തായാലും, ഉണ്ടാക്കാനറിയില്ലെങ്കിലും അടിപൊളിയായി പൊളിക്കാന്‍ നമുക്കറിയാമെന്ന് മരട് തെളിയിച്ചു. തൊട്ടടുത്ത് നിന്നു വിറച്ച അങ്കണവാടിക്കു പോലും തെല്ലും പോറലില്ലാതെ സംഗതി എട്ടുനിലയില്‍ പൊട്ടി. ഇനി, ഉണ്ടാക്കാന്‍ മതി വിദേശ കൊളാബറേഷന്‍. പൊളിക്കാന്‍ നമ്മള്‍ വിദഗ്ദ്ധര്‍തന്നെ.
മരട് പഞ്ചായത്ത് ബോര്‍ഡ് മുതല്‍ (പേര് മുന്‍സിപ്പാലിറ്റി എന്നു മാറ്റിയതില്‍ കാര്യമൊന്നുമില്ല. ഇപ്പോള്‍ ഏതാണ്ട് എല്ലാ പഞ്ചായത്തും മുന്‍സിപ്പാലിറ്റിയാണ്). സംസ്ഥാനസര്‍ക്കാര്‍ വരെ നെഞ്ചുവിരിച്ചു നില്‍ക്കുന്നുണ്ട്. തങ്ങളുടെ കേമത്തമാണ് നിങ്ങള്‍ ടെലിവിഷനില്‍ കണ്ടത് എന്നവര്‍ പറയാതെ പറയുന്നുണ്ട്. ചിലര്‍ മീശ പിരിക്കുന്നുമുണ്ട്. 16 വര്‍ഷം മുമ്പൊരു സപ്തംബര്‍ പതിനൊന്നിന് അമേരിക്കയില്‍ ഇരട്ട ഗോപുരങ്ങള്‍ വിമാനമിടിച്ച് തകര്‍ത്ത സംഭവം ആളുകള്‍ ഓര്‍ത്തുകാണണം. അതും ഏതാണ്ട് ഇതു പോലെ ആയിരുന്നു എന്നു പറയുന്നതിന് വേറെ അര്‍ത്ഥം ചമച്ച് ഈയുള്ളവനെ രാജ്യദ്രോഹക്കേസ്സില്‍ പെടുത്തുകയൊന്നും ചെയ്യരുത്. വേറെ ദുരുദ്ദേശ്യമൊന്നുമില്ല. ആ പൊളി അത്ര ശാസ്ത്രീയമൊന്നുമായിരുന്നില്ല. മരടിലേതാണ് ശാസ്ത്രീയമായ പൊളി. ആ ലോകവാര്‍ത്ത പിറ്റേന്നു റിപ്പോര്‍ട്ട് ചെയ്ത പത്രങ്ങള്‍ പലതും അമേരിക്ക കത്തുന്നു എന്നാണ് എട്ടുകോളത്തില്‍ പൊലിപ്പിച്ചത്. അത്ര അതിശയോക്തി ഇത്തവണ ഉണ്ടായില്ല. മരട് തകര്‍ന്നു എന്നൊന്നും ആരും എഴുതിയില്ല. 343 ഫ്‌ളാറ്റുകള്‍ തകര്‍ത്തു എന്നെഴുതുന്നതിനു പകരം വളരെ നാല് ഫ്‌ളാറ്റ് തകര്‍ത്തു എന്നെഴുതിയ വിനീതന്മാരാണ് അധികമുള്ളത്.
സുപ്രിം കോടതിയിലെ ഒരു ജസ്റ്റിസ് വാശിയോടെ, പൊളിക്കാന്‍ പറഞ്ഞാല്‍ പൊളിച്ചേ തീരൂ എന്ന് ആക്രോശിച്ചതു കൊണ്ടാണ് സംഗതി നടന്നത്. മറ്റനവധി കേസ്സുകളില്‍ കാണിച്ചിട്ടുള്ള ഉദാരതയൊന്നും ഈ കേസ്സില്‍ ഉണ്ടായില്ല. രോഗത്തേക്കാള്‍ അപകടകരമാണ് ചികിത്സ എന്ന് പലരും ചൂണ്ടിക്കാട്ടാന്‍ ശ്രമിച്ചതാണ്. പരിസ്ഥിതി സംരക്ഷിക്കാന്‍ ഫ്‌ളാറ്റ് പൊളിച്ചിട്ട് ഉള്ള പരിസ്ഥിതിയും കേടാവുമോ എന്ന ആശങ്ക ഉയര്‍ന്നതുമാണ്. വിദഗ്ദ്ധരുടെ പരിശോധനയും കാര്യമായൊന്നും ഉണ്ടായില്ല. ആയിരക്കണക്കിന് ടണ്‍ കോണ്‍ക്രീറ്റ് മാലിന്യം അവിടെ ഇപ്പോള്‍ കുന്നുകുന്നായി കിടക്കുന്നുണ്ട്. അതെല്ലാം നിശ്ചിതസമയത്ത് നീക്കം ചെയ്യും എന്നു അധികൃതര്‍ ഉറപ്പുച്ചു പറയുന്നുണ്ട്. എങ്ങോട്ട്? ആര്‍ക്കുമറിയില്ല. ഏത് നിര്‍ഭാഗ്യവാന്മാരുടെ അയലത്താണ് അത് കൊണ്ടുപോയിടാന്‍ പോകുന്നത് എന്നു ഇപ്പോള്‍ വെളിവാക്കില്ല. ഏതെങ്കിലും ഒരു പ്രദേശത്ത് കൊണ്ടിടും എന്നു തീര്‍ച്ച. അവിടത്തുകാര്‍ നാളെ ഇതിനെതിരെ സമരവുമായി ഇറങ്ങിയേക്കാം. ആ വാര്‍ത്ത ചാനലലുകളിലോ പത്രങ്ങളുടെ ഒന്നാം പേജിലോ ഉണ്ടാവില്ല എന്നുറപ്പാണ്.
ഇത്രയും അനധികൃത കെട്ടിടങ്ങള്‍ കെട്ടിയുയര്‍ത്തിയതിന് ആരെയെങ്കിലും ശിക്ഷിച്ചോ? നിയമവിരുദ്ധമായി അനുമതി നല്‍കിയതിന് ആരെയെങ്കിലും സസ്‌പെന്റ് ചെയ്‌തോ? ഒരു യുക്തിയുമില്ലാതെ ഇഷ്ടംപോലെ നടപടികള്‍ സ്റ്റേ ചെയ്ത് കെട്ടിടം പണി സുഗമമാക്കിക്കൊടുത്ത നീതിന്യായത്തിന് എന്താണ് ന്യായം എന്നു വിശദീകരണം കിട്ടിയോ? ഒരു കോടി രൂപ വരെ മുടക്കി ഫ്‌ളാറ്റ് വാങ്ങിയവര്‍ക്കുണ്ടായ നഷ്ടം ആരാണ് നികത്താന്‍ പോകുന്നത്? സാമ്പത്തികമായി തകര്‍ന്ന് ആത്മഹത്യയുടെ വക്കിലെത്തിയവരെ സഹായിക്കുന്ന കാര്യം ആലോചിക്കുന്നെങ്കിലുമുണ്ടോ? ബാങ്കുകളില്‍ നിന്നു വാങ്ങിയ 200 കോടി ഭവനവായ്പ ആരാണ് തിരിച്ചടക്കുക? ഇനിയും ഉണ്ട് ചോദ്യങ്ങള്‍. പൊളിച്ച ഫ്‌ളാറ്റുകളുടെ പൊടിപടലങ്ങള്‍ അപ്രത്യക്ഷമായതു പോലെ ഈ ചോദ്യങ്ങളും ക്രമേണ അപ്രത്യക്ഷമാവുമോ സാറേ?
ശബരിമല നിലപാടു തറ
ശബരിമല വേറെ ലെവലിലുള്ള കേസ് ആണ്്. അഞ്ചംഗബഞ്ച് അഞ്ചില്‍ നാലു ഭൂരിപക്ഷത്തോടെ വിധിച്ച കേസ് ഇതാ അതിലും വലിയ ബഞ്ച് തലങ്ങും വിലങ്ങും പുനപരിശോധിക്കുകയാണ്. വിധിയെന്താവുമെന്നു നമുക്കറിയില്ല. പക്ഷേ, പഴയവിധി സ്റ്റേ ചെയ്തിട്ടില്ലെങ്കിലും ചെയ്തതുപോലെ കണക്കാക്കണമെന്ന് മലകയറാന്‍ സംരക്ഷണം ചോദിച്ചുചെന്ന വനിതയോട് കോടതി പറഞ്ഞിട്ടുണ്ട്. എല്ലാം അസാധാരണം, അഭൂതപൂര്‍വം, അത്ഭുതകരം.
കോടതി നിലപാട് മാറ്റിയാല്‍ ആരും അത്ഭുതപ്പെടുകയില്ല. കാരണം, അതിനേക്കാള്‍ വലിയ വാശിയോടെ വനിതാപ്രവേശനത്തിന്റെ കാടിളക്കിയ കേരള സര്‍ക്കാര്‍ നിലപാട് മാറ്റിയിരിക്കുന്നു. ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയിരിക്കുന്നു. യുവതികള്‍ക്കും മല കയറാന്‍ അനുമതി നല്‍കുന്നത് ഒരു ചരിത്രസംഭവവും നവോത്ഥാനവും വിപ്ലവവും മറ്റും മറ്റുമായിരിക്കുമെന്നുമുള്ള നിലപാട് ഇപ്പോള്‍ ഇല്ല. യുവതികള്‍ക്ക് വേണ്ടി വിപ്ലവകരമായ നിലപാട് ഒരിക്കല്‍ എടുത്തതിന്റെ ഫലം വോട്ടെണ്ണിയപ്പോള്‍ കണ്ടു. മതിലുണ്ടാക്കാന്‍ വന്നരുടെ വോട്ടും പെട്ടിയില്‍ വീണില്ല. മരടിലെ ഫ്‌ളാറ്റുകള്‍ വീണതു പോലെയാണ് ലോക്‌സഭയിലേക്കുള്ള ഇടതു സ്ഥാനാര്‍ത്ഥികളും വീണത്. വോട്ടു കളയുന്ന ഒരു കളിയും ജനാധിപത്യത്തില്‍ സാധ്യമല്ല. അവര്‍ക്കു വേണ്ടാത്തതു നമുക്കും വേണ്ട.
പഴയ കാലത്തെ യുക്തിയും ന്യായവും ഒന്നുമല്ല ഇനിയുള്ള കാലത്തേത് എന്നു നാം കുറേശ്ശെയായി മനസ്സിലാക്കിവരുന്നുണ്ട്. പൗരത്വ വിഷയത്തില്‍, ആദ്യം ക്രമസമാധാനം പാലിക്ക് എന്നിട്ടാകാം കേസ് പരിഗണിക്കുന്നത് എന്നു സുപ്രിംകോടതി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകളിലുള്ളത്. ക്രമസമാധാനം സുപ്രിം കോടതി ഏറ്റെടുത്തോ എന്നു ചോദിക്കരുത്. അതങ്ങനെയാണ്. കഴിഞ്ഞ വര്‍ഷം വനിതാപ്രവേശനം നടന്നപ്പോള്‍ കേരളത്തിലെ ക്രമസമാധാനത്തിന്റെ അവസ്ഥ എന്തായിരുന്നു, ഇത്തവണ അതില്ലാത്തതുകൊണ്ടുള്ള സുഖകരമായ അവസ്ഥ എങ്ങനെയുണ്ട് എന്നെല്ലാം ഇനി കോടതി പരിഗണിക്കുമായിരിക്കുമല്ലേ? നിയമത്തിന്റെയും ന്യായത്തിന്റെയും നീതിയുടെയുമെല്ലാം അര്‍ത്ഥവ്യാഖ്യാനത്തിന് അനന്തസാധ്യതകളാണ് ഉള്ളത്. കാത്തിരുന്നു കണ്ടോളൂ…
മുനയമ്പ്
കേരള ബി.ജെ.പി പ്രധാനമന്ത്രിക്ക് പത്തു ലക്ഷം അഭിനന്ദനക്കത്തുകള്‍ അയക്കും: വാര്‍ത്ത
പൗരത്വപ്രശ്‌നത്തിലെ നിലപാടിനെ അഭിനന്ദിക്കാനാണ് കത്തെഴുതുന്നത്. പാര്‍ട്ടി ദുര്‍ബലമായ കേരളത്തില്‍ നിന്ന് പത്തു ലക്ഷം എന്നാണു റെയ്്റ്റ് എങ്കില്‍ ദേശീയത്തില്‍ സംഗതി അനേക കോടികള്‍ കവിയും. കാല്‍കാശ് ചെലവില്ലാതെ വാട്‌സ്ആപ്പില്‍ മെസേജ് അയച്ച് ഒപ്പിക്കാനാണ് ഭാവമെങ്കില്‍ നിങ്ങള്‍ ഗുണം പിടിക്കില്ല. മോദിജിയുടെ പേജും വാട്‌സ്ആപ്പ് സെര്‍വറും അലങ്കോലമാകും. അഞ്ചു രൂപ പോസ്റ്റ് ഒട്ടിച്ച് തപ്പാലിലയച്ചാല്‍ പോസ്റ്റല്‍ വകുപ്പിന് ഗുണമാവും. പ്രധാനമന്ത്രിയുടെ ഓഫീസിന് അതെല്ലാം വാങ്ങിക്കെട്ടി എണ്ണമെടുക്കുക എന്ന പണി കൊടുക്കുകയുമാകാം. എന്തെങ്കിലും പ്രയോജനം വേണ്ടേ എന്തുകാര്യത്തിനും?